29 March Friday

മാര്‍ക്സും അംബേദ്കറും-ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

ഡോ. ടി.എം. തോമസ് ഐസക്Updated: Monday Aug 1, 2022

അംബേദ്കര്‍ ജാതി നിര്‍മാര്‍ജനത്തെ സാമൂഹ്യവിശകലനത്തിലും പ്രയോഗത്തിലും കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചു. അതേസമയം മാര്‍ക്സിസ്റ്റ് ചിന്തകര്‍ക്ക് വര്‍ഗവൈരുധ്യവും വര്‍ഗസമരവുമാണ് സാമൂഹ്യമാറ്റത്തിന്റെ പ്രേരകബലം. വര്‍ഗസമരത്തിലൂടെ സാമൂഹ്യവ്യവസ്ഥയില്‍ മാറ്റം വരുമ്പോള്‍ ജാതിയുടെ അടിത്തറയും തകരും.അംബേദ്കര്‍ ഈ സമീപനത്തെ സാമ്പത്തിക നിര്‍ണയ വാദമെന്നു വിളിച്ചു വിമര്‍ശിച്ചു.

അടിത്തറയും മേല്‍പ്പുരയും

മാര്‍ക്സിന്റെ സാമൂഹ്യ പരികല്‍പ്പനയില്‍ രണ്ട് അടിസ്ഥാന ആശയങ്ങളാണ് സാമ്പത്തിക അടിത്തറയും സാമൂഹ്യമേല്‍പ്പുരയും. ഇതു രണ്ടും ചേരുന്നതാണ് ഒരു സാമൂഹ്യവ്യവസ്ഥ.മേല്‍പ്പുര അടിത്തറയെ ആശ്രയിച്ചു നില്‍ക്കുന്നു. അടിത്തറയില്‍ വരുന്ന മാറ്റം മേല്‍പ്പുരയിലും പ്രതിഫലിക്കും.A Contribution to the Critque of Political Economy-എന്ന ഗ്രന്ഥത്തിന്റെ മുഖവുരയാണ്പലരും ഇതിനായി ഉദ്ധരിക്കുക. പക്ഷേ മാര്‍ക്സ് തന്നെ പിന്നീട് അടിത്തറമേല്‍പ്പുര ബന്ധത്തെ യാന്ത്രികമായി വിശദീകരിക്കുന്നതിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. സാമ്പത്തികാടിത്തറയുടെ പ്രാഥമികതയില്‍ ഊന്നുക മാത്രമാണ് താന്‍ ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനപ്പുറമുള്ള സാമ്പത്തിക നിര്‍ണയ വിശകലനം മാര്‍ക്സിന് അന്യമാണ് എന്നുള്ളതിന്റെ നല്ല ഉദാഹരണങ്ങളാണ് അന്നത്തെ സമകാലീന യൂറോപ്യന്‍ സംഭവവികാസങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍.

മാര്‍ക്സിന്റെ മരണത്തിനുശേഷം എംഗല്‍സ് ഇത് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. ''ചില ചെറുപ്പക്കാര്‍ സാമ്പത്തിക ഘടകത്തിന് അനര്‍ഹമായ പ്രാധാന്യം നല്‍കാന്‍ തുടങ്ങിയിട്ടുള്ളതിന്റെ ഭാഗീകമായ ഉത്തരവാദിത്വം മാര്‍ക്സിനും എനിക്കും തന്നെയാണ് സാമ്പത്തിക ഘടകത്തിന്റെ പ്രാധാന്യമെന്ന തത്ത്വത്തെ തന്നെ നിഷേധിക്കുന്ന എതിരാളികള്‍ക്ക് മറുപടി നല്‍കുമ്പോള്‍ ആ തത്ത്വത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ടത് ആവശ്യമായിരുന്നു. അതിനുള്ള ധൃതിയില്‍ സാമ്പത്തികേതര ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് ചൂണ്ടിക്കാണിക്കാന്‍ ഞങ്ങള്‍ക്ക് സമയമുണ്ടായിരുന്നില്ല.''

അംബേദ്കറുടെ വിമര്‍ശനത്തില്‍ ശരിയുടെ വശമുണ്ട്. കാരണം ഇന്ത്യയിലെ ജാതി പ്രശ്നത്തെ വളരെ യാന്ത്രികമായി സമീപിച്ചിട്ടുള്ള മാര്‍ക്സിസ്റ്റുകാരുണ്ട്. അവര്‍ ജാതിയേയും ജാതി ചിന്തയേയും മേല്‍പ്പുരയുടെ ഭാഗമായിട്ടാണു കണ്ടത്. മുതലാളിത്ത സാമ്പത്തിക അടിത്തറ തകര്‍ക്കുമ്പോള്‍ സ്വാഭാവികമായും ജാതിക്കും അന്ത്യം ഉണ്ടാകുമെന്ന അതിലളിതയുക്തി മാര്‍ക്സിസ്റ്റ് ചിന്തയ്ക്കു യോജിച്ചതല്ല.

ജാതിയും ഉല്‍പ്പാദന ബന്ധങ്ങളും

അംബേദ്കറെ സംബന്ധിച്ചിടത്തോളം ജാതി സാമ്പത്തിക അടിത്തറയുടെ ഭാഗമാണ്.  ജാതിബന്ധങ്ങളെ ഉല്‍പ്പാദനബന്ധങ്ങളായിട്ടാണ് കാണുന്നത്. മുതലാളിത്തപൂര്‍വ സമൂഹത്തില്‍ ഇതു ശരിയാണുതാനും. ഇന്ത്യയില്‍ വര്‍ഗവിഭജനം രൂപംകൊണ്ടത് ജാതിയുടെ രൂപത്തിലാണ്.

 

അംബേദ്കറെ സംബന്ധിച്ചിടത്തോളം ജാതി സാമ്പത്തിക അടിത്തറയുടെ ഭാഗമാണ്.  ജാതിബന്ധങ്ങളെ ഉല്‍പ്പാദനബന്ധങ്ങളായിട്ടാണ് കാണുന്നത്. മുതലാളിത്തപൂര്‍വ സമൂഹത്തില്‍ ഇതു ശരിയാണുതാനും. ഇന്ത്യയില്‍ വര്‍ഗവിഭജനം രൂപംകൊണ്ടത് ജാതിയുടെ രൂപത്തിലാണ്. ഇന്ത്യയിലെ സാമൂഹ്യവ്യവസ്ഥ ക്ലാസിക്കല്‍ യൂറോപ്യന്‍ ജന്മിവ്യവസ്ഥയില്‍ നിന്നും വളരെ വ്യത്യസ്തമായ ഒന്നാണെന്ന് മാര്‍ക്സ് തന്നെ നിരീക്ഷിച്ചിട്ടുണ്ട്. ഏഷ്യാറ്റിക് ഉല്‍പ്പാദന വ്യവസ്ഥ എന്നൊരു സങ്കല്‍പ്പനം പോലും മാര്‍ക്സ് മുന്നോട്ടുവച്ചിട്ടുണ്ട്. ഒന്നാം സ്വാതന്ത്ര്യസമരത്തെക്കുറിച്ച് മാര്‍ക്സ് എഴുതിയ ലേഖനങ്ങളില്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥയും അതു സൃഷ്ടിച്ച ജഡത്വവും എങ്ങനെയാണ് കൊളോണിയല്‍ മേധാവിത്വത്തിനു വഴിതെളിയിച്ചതെന്നു സൂചിപ്പിക്കുന്നുണ്ട്.

പല കാരണങ്ങള്‍കൊണ്ട് വര്‍ഗസമൂഹ ചരിത്രത്തിലെന്നപോലെ ചലനാത്മകത ജാതി സാമൂഹ്യചരിത്രത്തില്‍ കാണാനാവില്ല. കാരണം സാധാരണ വര്‍ഗവിഭജനത്തില്‍ നിന്നും വ്യത്യസ്തമായി ജാതി ശ്രേണീബദ്ധമാണ്. ഏത് ജാതി എടുത്താലും മുകളിലും താഴെയും ചില വിഭാഗം ഉണ്ടാകും. ഓരോ ജാതിക്കുള്ളിലും ചേരിതിരിവുകളുണ്ട്. മാത്രമല്ല, വര്‍ണജാതിവ്യവസ്ഥ  നിലവിലുണ്ടായിരുന്ന ഹിന്ദുമതത്തിന്റെ ഭാഗമാണ്. മനുസ്മൃതി വിമര്‍ശനത്തിന് അംബേദ്കര്‍ ചിന്തകളില്‍ സുപ്രധാനമായ സ്ഥാനമുണ്ട്. ഹിന്ദുമതത്തെ തിരസ്കരിച്ച് ബുദ്ധമതത്തെ സ്വീകരിക്കുന്നതിലേക്കും അദ്ദേഹം എത്തി.

അതുപോലെതന്നെ ജാതിശ്രേണിയും സാമ്പത്തികഘടനയും പരസ്പര അനുരോധവും പരസ്പരം ശക്തിപ്പെടുത്തുന്നവയുമാണ്. ഉദാഹരണത്തിന് നമ്മുടെ നാട്ടില്‍ ഏറ്റവും ഉയര്‍ന്ന ജാതിയായ നമ്പൂതിരി ആയിരുന്നു ജന്മിമാര്‍. സവര്‍ണര്‍ ആയിരുന്നു കാണക്കുടിയാന്മാര്‍. അവര്‍ണര്‍ വെറും പാട്ടക്കാര്‍ ആയിരുന്നു. ദളിതര്‍ കര്‍ഷകത്തൊഴിലാളികള്‍ ആയിരുന്നു. അങ്ങനെ സാമ്പത്തികഘടനയും ജാതിഘടനയും പരസ്പരം കെട്ടുപിണഞ്ഞു. ഇതെല്ലാംമൂലം വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ സഹസ്രാബ്ദങ്ങള്‍ ജാതിവ്യവസ്ഥ തുടര്‍ന്നു.

ജാതിയും പുതിയ വര്‍ഗങ്ങളും

എന്നാല്‍ മുതലാളിത്ത വളര്‍ച്ചയോടെ പരമ്പരാഗത ജാതിഘടനയില്‍ നിന്നും വേറിട്ട വര്‍ഗങ്ങള്‍ ഉയര്‍ന്നുവരുന്നു. കര്‍ഷകത്തൊഴിലാളികളുടെ അണികളിലേക്ക് പാപ്പരായ കൃഷിക്കാരും കൈവേലക്കാരും വന്നുചേരുന്നു. അതുപോലെ വ്യവസായ തൊഴിലാളികളില്‍ എല്ലാ ജാതിയില്‍പ്പെട്ടവരും ഉണ്ട്. മുതലാളിമാര്‍ ഏറ്റവും ഉയര്‍ന്ന ജാതിയില്‍ നിന്നും ഉള്ളവരാവണമെന്നില്ല. ഇടത്തരം ജാതികളില്‍ നിന്നും ഈ വിഭാഗം ഉയര്‍ന്നുവരാം. എല്ലാ ജാതികളിലും ഇടത്തരക്കാരും രൂപംകൊള്ളാം. ഈ സംഭവവികാസത്തെ അംബേദ്കര്‍ പ്രായേണ അവഗണിക്കുകയാണ്. മാര്‍ക്സിസ്റ്റുകാരാവട്ടെ ജാതി-മതങ്ങള്‍ക്കതീതമായിട്ട് അധ്വാനിക്കുന്ന വര്‍ഗങ്ങളെ സംഘടിപ്പിക്കാനും ശ്രമിക്കുന്നു.

അംബേദ്കര്‍ രാഷ്ട്രീയം

ഈ പുതിയ വര്‍ഗപ്രസ്ഥാനങ്ങളോടോ അവയുടെ രാഷ്ട്രീയത്തോടോ അല്ല തന്റെ ദളിത് പ്രസ്ഥാനത്തെ ബന്ധപ്പെടുത്തുന്നതിന് അംബേദ്കര്‍ ശ്രമിച്ചത്. കാരണം ആശയപരമായി അദ്ദേഹം ഒരു ലിബറല്‍ ഡെമോക്രാറ്റ് ആയിരുന്നു. നിയമപരവും നൈതികവുമായ മാര്‍ഗങ്ങളിലൂടെ ദളിത് പ്രശ്നം പരിഹരിക്കുന്നതിനാണ് അദ്ദേഹം പരിശ്രമിച്ചത്.മതനിരപേക്ഷവും ജനാധിപത്യപരവുമായ ഒരു ഭരണഘടനയിലാണ് ഇതിനുള്ള പോംവഴി അംബേദ്കര്‍ കണ്ടത്.

മാര്‍ക്സിസ്റ്റ്, വര്‍ഗപ്രസ്ഥാനങ്ങളാവട്ടെ വര്‍ഗ്ഗസമരത്തെ ജാതി നിര്‍മാര്‍ജന പ്രസ്ഥാനങ്ങളുടെ വിവിധ വകഭേദങ്ങളുമായി ബന്ധപ്പെടുത്തുന്നതിനാണു ശ്രമിച്ചത്. ഈ പരിശ്രമം വേണ്ടത്ര മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ലായെന്നുള്ളതാണ് രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു പല പ്രദേശങ്ങളിലുമുണ്ടായ ദൗര്‍ബല്യങ്ങളില്‍ ഒന്ന്. 1928ലെ ബോംബെ തുണിമില്‍ സമരത്തില്‍ ഫാക്ടറിക്കുള്ളിലെ ജാതിവിവേചനത്തിന് എതിരായിട്ടുള്ള മുദ്രാവാക്യങ്ങള്‍ സമരത്തിന്റെ ഭാഗമാക്കാന്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ വിസമ്മതിച്ചതിനോടുവളരെ രൂക്ഷമായിട്ടാണ് അംബേദ്കര്‍ പ്രതികരിച്ചത്.

എങ്കിലും കമ്യൂണിസത്തോട് പൂര്‍ണമായും വിരോധപരമായ സമീപനമല്ല അംബേദ്കര്‍ സ്വീകരിച്ചിരുന്നത്. നേതൃത്വത്തിലെ ചിലരുടെ സവര്‍ണ ചിന്തകളെ രൂക്ഷമായിത്തന്നെ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ കമ്യൂണിസത്തെ പിന്തിരിപ്പനായോ ദളിത് വിരുദ്ധമായോ അദ്ദേഹം ഒരിക്കലും വിലയിരുത്തിയിട്ടില്ല.

കമ്യൂണിസവും അംബേദ്കറും

താല്‍പ്പര്യമുള്ളവര്‍ക്ക് അധിക വായനയ്ക്കായി ഒരു ഗ്രന്ഥം നിര്‍ദ്ദേശിക്കട്ടെ: Memoirs of a Dalit Communist - The Many Worlds of R.B. More.  450 രൂപ വിലയുള്ള ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുള്ളത് ഡല്‍ഹിയിലെ ലഫ്റ്റ് വേഡ് പ്രസ് ആണ്. ആര്‍.ബി. മോറെ (1903-1972) അംബേദ്കര്‍ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനുമായിരുന്നു. പിന്നീട് അദ്ദേഹം സിപിഐ എമ്മിന്റെ നേതാവായി. ആത്മകഥയ്ക്കു തുടക്കം കുറിക്കാനേ കഴിഞ്ഞുള്ളൂ. അദ്ദേഹത്തിന്റെ മരണശേഷം ഈ ചുമതല ഏറ്റെടുത്തത് മകന്‍ സത്യേന്ദ്രയാണ്. അദ്ദേഹത്തിന്റെ പേരക്കുട്ടി ഇന്നും പാര്‍ട്ടി പ്രവര്‍ത്തകനാണ്. ദളിത് മാര്‍ക്സിസത്തിന്റെ ഒന്നാംതരം ഉദാഹരണമായിട്ടാണ് ഗോപാല്‍ ഗുരുവിനെ പോലുള്ളവര്‍ ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കുന്നത്.

ഇതിനുപുറമെ ആനന്ദ് തെല്‍തുംദെയുടെ പ്രൗഢവും വിശദവുമായ ഒരു മുഖവുരയോടെ അംബേദ്കറുടെ ഇന്ത്യയും കമ്യൂണിസവും എന്ന ഗ്രന്ഥത്തിന്റെ പരിഭാഷ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്ന് അധ്യായങ്ങളുടെ ചില ഭാഗങ്ങള്‍ മാത്രമേ അംബേദ്കറുടെ രേഖാ ശേഖരത്തില്‍ നിന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. എങ്കിലും ഈ ഗ്രന്ഥത്തിന്റെ വിവിധ അധ്യായങ്ങളുടെ രൂപരേഖ ശേഖരത്തില്‍ ഉണ്ടായിരുന്നു. അതിന്റെ പൂര്‍ണരൂപം ഇവിടെ കൊടുക്കുകയാണ്. അംബേദ്കറും മാര്‍ക്സും തമ്മില്‍ യോജിപ്പില്ലാത്ത പല മേഖലകളുമുണ്ട്. യോജിപ്പിന്റേതായ, പ്രത്യേകിച്ച് പ്രയോഗതലത്തില്‍, പല മേഖലകളുമുണ്ട്.

ഇന്ത്യയും കമ്യൂണിസവും

ഭാഗം        1 -കമ്യൂണിസത്തിന്റെ മുന്നുപാധികള്‍
അധ്യായം  1 - കമ്യൂണിസത്തിന്റെ ജന്മനാട്
അധ്യായം  2 - കമ്യൂണിസവും ജനാധിപത്യവും
അധ്യായം  3 - കമ്യൂണിസവും സാമൂഹ്യക്രമവും
ഭാഗം        2 - ഇന്ത്യയും കമ്യൂണിസത്തിന്റെ മുന്നുപാധികളും
അധ്യായം  4 - ഹിന്ദു സാമൂഹ്യക്രമം
അധ്യായം  5 ഹിന്ദു സാമൂഹ്യക്രമത്തിന്റെ അടിത്തറ
അധ്യായം  6 സാമൂഹ്യക്രമത്തില്‍ നിന്ന് കമ്യൂണിസം നേരിടുന്ന പ്രതിബന്ധങ്ങള്‍
ഭാഗം        3 - അപ്പോള്‍ നാം എന്തു ചെയ്യണം?
അധ്യായം  1 - മാര്‍ക്സും യൂറോപ്യന്‍ സാമൂഹ്യക്രമവും
അധ്യായം  2 - മനുവും ഹിന്ദു സാമൂഹ്യക്രമവും

കേരളം: സവര്‍ണജന്മിനാടുവാഴി മേധാവിത്വം

കേരളത്തിന്റെ അനുഭവം വ്യത്യസ്തമാണ്.എസ്.എ. ഡാങ്കയെപ്പോലെ 'പ്രാകൃത കമ്യൂണിസത്തില്‍ നിന്ന് അടിമസമൂഹത്തിലേക്കു'ള്ള പരിവര്‍ത്തനം വേദങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കാനല്ല ഇഎംഎസ് ശ്രമിച്ചത്. കേരളത്തിലെ പ്രാങ് മുതലാളിത്ത വ്യവസ്ഥയെ ഇഎംഎസ് നിര്‍വചിച്ചത് 'സവര്‍ണജന്മിനാടുവാഴിത്ത വ്യവസ്ഥ' എന്നാണ്.നേരത്തേ സൂചിപ്പിച്ചതുപോലെ പരസ്പര അനുരോധമായ മൂന്നു ഘടകങ്ങളുടെ ഒരു സാമൂഹ്യവ്യവസ്ഥയാണിത്. എന്നാല്‍ മുതലാളിത്ത വളര്‍ച്ചയും പുതിയ വര്‍ഗങ്ങളുടെ രൂപീകരണവും സാമൂഹ്യപൊരുത്തക്കേടുകള്‍ക്ക് ഇടയാക്കി.

നിലവിലുണ്ടായിരുന്ന ആചാരങ്ങളെ അനാചാരങ്ങളാക്കി. ഈ പശ്ചാത്തലത്തിലാണ് ദളിത് സമൂഹം മുതല്‍ നമ്പൂതിരി സമൂഹം വരെയുള്ള എല്ലാ സമൂഹങ്ങളിലും സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നത്. ഇടതുപക്ഷം രൂപംകൊണ്ടകാലം മുതല്‍ ഈ സാമൂഹ്യപ്രസ്ഥാനങ്ങളോടു സജീവബന്ധം പുലര്‍ത്തുക മാത്രമല്ല അവയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.ജന്മിത്വത്തിനെതിരായ പോരാട്ടത്തിന്റെ അഭേദ്യഭാഗമായിട്ടാണ് ജാതിക്കെതിരായ കീഴാളരുടെ പ്രസ്ഥാനത്തെയും കണ്ടത്.

എന്നാല്‍ അതിനോടൊപ്പം അവര്‍ കെട്ടിപ്പടുത്ത കര്‍ഷക-തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍ സ്വതന്ത്രമായി ജാതിവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. ഈയൊരു സമീപനം സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളിലെ ഉല്‍പ്പതിഷ്ണുക്കളെ ഇടതുപക്ഷത്തേയ്ക്ക് ആകര്‍ഷിച്ചു. സാധുജന പരിപാലന സംഘത്തിന്റെ കുട്ടനാട് ശാഖാ നേതാവ് ശീതങ്കന്‍ തന്റെ സംഘടനയെ കമ്യൂണിസ്റ്റുകാര്‍ രൂപം നല്‍കിയ കര്‍ഷകത്തൊഴിലാളി യൂണിയനില്‍ ലയിപ്പിക്കുകയാണു ചെയ്തത്.

കര്‍ഷകത്തൊഴിലാളി യൂണിയനാവട്ടെ കൂലിക്കുവേണ്ടിയുള്ള സമരങ്ങള്‍ക്കൊപ്പം ഉയര്‍ത്തിയ മുദ്രാവാക്യം പ്രസിദ്ധമാണ്: 'തമ്പ്രാനെന്നു വിളിക്കില്ല, അടിയാനെന്നു പറയില്ല, പാളയില്‍ കഞ്ഞി കുടിക്കില്ല'. കെപിഎംഎസ് പോലുള്ള ദളിത് സംഘടനകളില്‍ കമ്യൂണിസ്റ്റുകാര്‍ തുടര്‍ന്നും പ്രവര്‍ത്തിച്ചു.

സിപിഐ എം പരിപാടി

സിപിഐ എമ്മിന്റെ പാര്‍ട്ടി പരിപാടി ഇന്ത്യയിലെ മുതലാളിത്ത വളര്‍ച്ച പ്രാങ് മുതലാളിത്ത വ്യവസ്ഥയുടെ നാശത്തില്‍ നിന്നല്ല, അതിനുമുകളില്‍ കെട്ടിപ്പടുക്കുന്ന ഒന്നായിട്ടാണു വിലയിരുത്തപ്പെടുന്നത്: ''ജാതീയമര്‍ദനത്തിന്റെയും വിവേചനത്തിന്റെയും പ്രശ്നം സുദീര്‍ഘചരിത്രമുള്ളതും പ്രാങ് മുതലാളിത്ത സാമൂഹ്യവ്യവസ്ഥയില്‍ രൂഢമൂലവുമാണ്. മുതലാളിത്തവികാസത്തിന്റെ കീഴിലുള്ള സമൂഹം നിലവിലുള്ള ജാതിവ്യവസ്ഥയുമായി സന്ധിചെയ്യുകയായിരുന്നു. ഇന്ത്യന്‍ ബൂര്‍ഷ്വാസി തന്നെയും ജാതിവിദ്വേഷങ്ങള്‍ക്ക് വളം വെച്ചുകൊടുക്കുന്നു.

ദളിത് ജനതയില്‍ മഹാഭൂരിപക്ഷവും അധ്വാനിക്കുന്ന വര്‍ഗങ്ങളുടെ ഭാഗമാണ് എന്നതിനാല്‍ ദളിത് പീഡനത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരായ ഐക്യം തൊഴിലാളിവര്‍ഗ ഐക്യത്തിനുള്ള മുന്നുപാധിയാണ്. ജനാധിപത്യ വിപ്ലവത്തിന്റെ സുപ്രധാനഭാഗമാണ് ജാതിവ്യവസ്ഥയ്ക്ക് അറുതിവരുത്തുന്നതിനുള്ള പോരാട്ടം. വര്‍ഗപരമായ ചൂഷണത്തിന് എതിരായ സമരവുമായി ബന്ധപ്പെട്ടതാണ് ജാതീയ അടിച്ചമര്‍ത്തലിനെതിരായ പോരാട്ടം''.

മാത്രമല്ല ജാതിവിവേചനത്തിന് എതിരായി രാജ്യത്ത് അംബേദ്കര്‍ പ്രസ്ഥാനങ്ങള്‍ പോലുള്ളവ നടത്തുന്ന പോരാട്ടത്തിന്റെ ജനാധിപത്യ ഉള്ളടക്കത്തെ ഇപ്രകാരം വിലയിരുത്തുന്നു: ''സമൂഹത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നു എന്ന നിലയില്‍ ദളിതരുടെ മുന്നേറ്റത്തിന് ജനാധിപത്യപരമായ ഉള്ളടക്കമുണ്ട്. ജാതി അടിസ്ഥാനത്തില്‍ വിഭജിതമായ സമൂഹത്തില്‍ പിന്നാക്ക ജാതിക്കാരും അവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു''. എന്നാല്‍ അതോടൊപ്പം ''സങ്കുചിത ലക്ഷ്യത്തോടെ ജാതീയ വിഭജനങ്ങള്‍ സ്ഥായിയായി നിലനിര്‍ത്തുന്നതിനും ഈ അധഃസ്ഥിത വിഭാഗങ്ങളെ പൊതുജനാധിപത്യ പ്രസ്ഥാനത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്നതിനും ജാതിവികാരം മാത്രം ഇളക്കിവിടുന്ന  നീക്കങ്ങള്‍ക്കും'' എതിരെ ജാഗ്രതപ്പെടുത്തുകയും ചെയ്യുന്നു.

കേരളത്തിന്റെ അനുഭവം

കേരളത്തിലെ വ്യത്യസ്ത അനുഭവത്തെക്കുറിച്ചു സൂചിപ്പിച്ചു കഴിഞ്ഞു. ഇന്നിപ്പോള്‍ പാര്‍ട്ടിയുമായി നേരിട്ടു ബന്ധമുള്ള വിശാല സമുദായാടിസ്ഥാനത്തിലുള്ള രണ്ടു സംഘടനകളേ നിലവിലുള്ളൂ. പട്ടികജാതി ക്ഷേമ സമിതിയും (പികെഎസ്) ആദിവാസി ക്ഷേമ സമിതിയും (എകെഎസ്). സമുദായ ആചാരങ്ങള്‍ക്കോ കര്‍മങ്ങള്‍ക്കോ വേണ്ടിയുള്ളവയല്ല ഈ സംഘടനകള്‍. ഭരണഘടനാപരമായി ഈ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട പല ആനുകൂല്യങ്ങളും അവ ഉറപ്പുവരുത്തുന്നതിനും ഇന്നും തുടരുന്ന ജാതിവിവേചനങ്ങള്‍ക്ക് എതിരായി ശക്തമായി പ്രതികരിക്കുന്നതിനും വേണ്ടിയിട്ടാണ് ഇവ രൂപീകരിക്കപ്പെട്ടിട്ടുള്ളത്.

മറ്റു സമുദായങ്ങളില്‍ നിന്നും വ്യത്യസ്തമായി ദളിത് സമൂഹങ്ങളില്‍ വളരെ ദുര്‍ബലമായ ചേരിതിരിവേ ഉണ്ടായിട്ടുള്ളൂ. സംവരണാനുകൂല്യത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും മറ്റും ചേര്‍ന്നവരൊഴിച്ചാല്‍ മഹാഭൂരിപക്ഷവും ഉപജീവനതൊഴിലുകളില്‍ ഏര്‍പ്പെടുന്നവരാണ്.

ക്രിയാത്മകമായ നയസമീപനം കൈക്കൊണ്ടതിന്റെ ഫലമായി കേരളത്തിലെ ദളിതരില്‍ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തോടൊപ്പമാണ്. 2004 മുതല്‍ 2021 വരെയുള്ള കാലയളവിലെ എട്ട് പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടിന്റെ ശരാശരി എടുത്താല്‍ 63 ശതമാനം ദളിതരും എല്‍ഡിഎഫിനാണ് വോട്ട് ചെയ്തത്. യുഡിഎഫിന് 21 ശതമാനമേ പിന്തുണയുള്ളൂ. ബിജെപിക്ക് 13 ശതമാനവും. അംബേദ്കര്‍ ചിന്തകളേക്കാള്‍ മാര്‍ക്സിസം ആണ് കേരളത്തിലെ ദളിത് സമൂഹങ്ങളില്‍ സ്വാധീനം ചെലുത്തുന്ന ആശയഗതി എന്നതിന്റെ തെളിവാണിത്.

(ചിന്ത വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top