13 August Saturday

അഗ്നിപഥിന്റെ സാമ്പത്തിക മാനങ്ങള്‍...ഡോ. ടി എം തോമസ് ഐസക്എഴുതുന്നു

ഡോ. ടി.എം. തോമസ് ഐസക്Updated: Friday Jul 1, 2022


ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയുടെ കാലത്താണ് ഇന്ത്യാ രാജ്യം. തൊഴിലില്ലായ്മയുടെ കണക്ക് എടുക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ 3 ശതമാനത്തില്‍ താഴെയായിരുന്നു. അതാണ് 2017-18ല്‍ 6.55 ശതമാനമായി ഉയര്‍ന്നത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇക്കണോമിയുടെ ഏറ്റവും അവസാനത്തെ കണക്കു പ്രകാരം തൊഴിലില്ലായ്മ നിരക്ക് 7.4 ശതമാനം ആയി ഉയര്‍ന്നിരിക്കുന്നു.

ഇതിനു കാരണം മോഡി ഭരണത്തിനു കീഴില്‍ രാജ്യത്ത് തൊഴില്‍രഹിത വളര്‍ച്ച എന്ന പ്രതിഭാസം രൂപംകൊണ്ടതാണ്. 2009-10 മുതല്‍ 2017-18 പ്രതിവര്‍ഷം 0.03 ശതമാനം വീതമാണ് തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചത്. ഇതൊക്കെ കഴിഞ്ഞ ആഴ്ചത്തെ സാമ്പത്തിക കുറിപ്പുകളില്‍ എഴുതിയപ്പോള്‍ അശ്വനിപാതം പോലെ തൊഴിലില്ലാത്തവരുടെ പ്രക്ഷോഭം ഇന്ത്യയെ ഗ്രസിക്കാന്‍ പോവുകയാണെന്ന ഒരു ഊഹംപോലും ഉണ്ടായിരുന്നില്ല.

സമരത്തിന്റെ പ്രഭവകേന്ദ്രം ബീഹാര്‍

ബീഹാറില്‍ നിന്ന് ആരംഭിച്ച അഗ്നിപഥ് വിരുദ്ധ സമരം യുപി, ഹരിയാന തുടങ്ങിയ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യമാസകലം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ജനുവരി മാസത്തില്‍ റെയില്‍വേ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ബീഹാറില്‍ ഇതുപോലൊരു പ്രക്ഷോഭം നടന്നതാണ്. 35000 റെയില്‍വേ വേക്കന്‍സികള്‍ക്കുവേണ്ടി 1.25 കോടി ആളുകളാണ് അപേക്ഷിച്ചത്. ഇത്രയും ആളുകള്‍ അപേക്ഷിച്ചപ്പോള്‍ സെലക്ഷന്റെ മാനദണ്ഡങ്ങള്‍ ഉയര്‍ത്തി എന്നായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ വിമര്‍ശനം. കോളേജ് ഡിഗ്രി ഇല്ലാത്തവര്‍ക്ക് തൊഴില്‍ കിട്ടാന്‍ പ്രയാസം. കൂനിന്മേൽ കുരുപോലെ റെയില്‍വേ ആദ്യ പരീക്ഷ കഴിഞ്ഞ് രണ്ടാമതൊരു പരീക്ഷകൂടി നടത്താന്‍ തീരുമാനിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ട്രെയിനുകള്‍ തീവച്ചു. കലാപമായി.

ബീഹാറില്‍ 17.7 ശതമാനമാണ് തൊഴിലില്ലായ്മ. 15-19 വയസ് പ്രായക്കാരായ തൊഴില്‍ അന്വേഷകരില്‍ 73 ശതമാനത്തിന് തൊഴിലില്ല. 19-24 വയസുകാരെ എടുത്താല്‍ തൊഴിലില്ലായ്മ 38 ശതമാനമാണ്. ഇന്ത്യയില്‍ യുവജനങ്ങളുടെ തൊഴിലില്ലായ്മ ഏറ്റവും ഭീകരമായിട്ടുള്ളത് ബീഹാറിലാണ്. ബീഹാറില്‍ 16നും 60നും വയസ്സിനിടയില്‍ ജോലി ചെയ്യുന്നവരുടെ ശതമാനം 31 മാത്രമാണ്.

ഇതാണ് ബീഹാര്‍ ലഹളകളുടെ പശ്ചാത്തലം. ആദ്യ രണ്ട് ദിവസങ്ങളില്‍ ലഹള ഉണ്ടായ 45 കേന്ദ്രങ്ങള്‍ ശേഖര്‍ ഗുപ്ത മാപ്പ് ചെയ്തപ്പോള്‍ ഒന്നൊഴികെ ബാക്കിയെല്ലാ കേന്ദ്രങ്ങളും ബീഹാര്‍, കിഴക്കന്‍ യുപി, ബുന്ദേല്‍ഖണ്ഡ്, ദക്ഷിണ ഹരിയാന, രാജസ്ഥാനിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണെന്നു കണ്ടെത്തി. ഈ പ്രദേശങ്ങളില്‍ നിന്നാണ് തൊഴില്‍ അന്വേഷിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടിയേറുന്നത്. ഒരു കാര്യം അവിതര്‍ക്കിതമാണ്. പ്രക്ഷോഭത്തിന്റെ രൂക്ഷത തൊഴിലില്ലായ്മയുടെ തീക്ഷ്ണതയെയാണ് വെളിപ്പെടുത്തുന്നത്.


തസ്തിക വെട്ടിക്കുറയ്ക്കല്‍  മോദി നയം

ഈ രൂക്ഷമായ തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിലും മോദിയുടെ ശ്രമം സര്‍ക്കാര്‍ മേഖലയിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനാണ്. 2014ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ നികത്താതെ കിടന്നിരുന്ന സര്‍ക്കാര്‍ ഒഴിവുകള്‍ 4.2 ലക്ഷമായിരുന്നു. 2020 മാര്‍ച്ച് 1 ആയപ്പോള്‍ ഇത് 9 ലക്ഷം ആയി ഉയര്‍ന്നു. ഇപ്പോള്‍ ചുരുങ്ങിയത് 11 ലക്ഷം ഒഴിവുകള്‍ ഉണ്ടാവും. 40 ലക്ഷം അനുവദിക്കപ്പെട്ട തസ്തികകള്‍ ഉള്ളതില്‍ നാലിലൊന്ന് ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ്. ഇത് യാദൃച്ഛികമായി സംഭവിച്ചതല്ല. വളരെ വ്യക്തമായ നയത്തിന്റെ ഫലമാണ്.

2021-22ല്‍ കേന്ദ്രസര്‍ക്കാരിന്റെ റവന്യു കമ്മി ദേശീയവരുമാനത്തിന്റെ 4.37 ശതമാനം ആണ്. ഇത് പൂജ്യം ആക്കി മാറ്റണമെന്നാണ് 25 വര്‍ഷം മുമ്പ് ധനഉത്തരവാദിത്വ നിയമത്തിലൂടെ അനുശാസിച്ചത്. ഇന്നേവരെ ഇന്ത്യാ സര്‍ക്കാരിന് ഈ നിബന്ധന പാലിക്കാനായിട്ടില്ല. ഇതൊരു വലിയ നാണക്കേട് ആയിട്ടാണ് മോദിയുടെ വിദഗ്ധർ കരുതുന്നത്. കമ്മി കുറയ്ക്കണമെങ്കില്‍ ഒന്നുകില്‍ റവന്യു വരുമാനം ഉയര്‍ത്തണം. പക്ഷേ സമ്പന്നര്‍ക്ക് നികുതിയിളവ് നല്‍കുന്ന നയം തുടരുവോളം ഇത് അസാധ്യമാണ്.

അപ്പോള്‍ പിന്നെ കമ്മി കുറയ്ക്കാന്‍ ഒരു മാര്‍ഗമേയുള്ളൂ. ചെലവ് കുറയ്ക്കുക. 2021-22ല്‍ കേന്ദ്ര റവന്യു ചെലവിന്റെ 60.43 ശതമാനം ശമ്പളവും പെന്‍ഷനുമാണ്. ഇതു രണ്ടും കുറയ്ക്കുന്നതിനുള്ള വഴിയായിട്ടാണ് തസ്തിക നികത്താതെ ഇടുന്നത്. അങ്ങനെ പട്ടാളത്തില്‍ 1.3 ലക്ഷം ഒഴിവുകളുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷം റിക്രൂട്ട്മെന്റേ നടന്നിട്ടില്ല. ഈ ഒഴിവുകളിലേക്ക് ഫിസിക്കല്‍ ടെസ്റ്റ് കഴിഞ്ഞ് എഴുത്തു പരീക്ഷയ്ക്കു കാത്തിരിക്കുന്ന ലക്ഷങ്ങളുണ്ട്. അവരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന തീരുമാനമായിപ്പോയി അഗ്നിപഥ്. ഇനിമേല്‍ റെഗുലര്‍ റിക്രൂട്ട്മെന്റ് ഇല്ല.

നാല് വര്‍ഷത്തേയ്ക്കുള്ള കരാര്‍ നിയമന മാത്രം. അവരില്‍ നിന്നും 25 ശതമാനം പേരെ മാത്രമാണ് പിന്നീട് സ്ഥിരപ്പെടുത്തുക. നിയമനം കാത്തിരിക്കുന്നവര്‍ക്ക് ഭ്രാന്ത് പിടിക്കാന്‍ കൂടുതല്‍ എന്തെങ്കിലും വേണോ? വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ ഇപ്പോള്‍ പറയുന്നത് നോ റാങ്ക് നോ പെന്‍ഷന്‍ എന്നാണ്.

10 ലക്ഷം തൊഴിലെന്ന പ്രഹസനം

കൗതുകകരമായ കാര്യം ഒന്നരവര്‍ഷംകൊണ്ട് 10 ലക്ഷം തൊഴില്‍ നല്‍കുമെന്ന വമ്പന്‍ പ്രഖ്യാപനത്തോടൊപ്പമാണ് അഗ്നിപഥ് പദ്ധതിയുടെ തീരുമാനവും പുറത്തുവിട്ടത്. അതുകൊണ്ടു പലരും ആദ്യം കരുതിയത് തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സേനയില്‍ ജോലി കൊടുക്കുന്നതിലൂടെ താത്കാലികമായെങ്കിലും സമാശ്വാസം നല്‍കാനുള്ള പദ്ധതി ആണെന്നായിരുന്നു.

എന്നാല്‍ അതിന്റെ പ്രഹസനം മനസിലാക്കാന്‍ ചെറിയൊരു കണക്കൂകൂട്ടല്‍ മതി. സാധാരണഗതിയില്‍ 60,000 പട്ടാളക്കാരെയാണ് ഓരോ വര്‍ഷവും റിക്രൂട്ട് ചെയ്യുക. ഇതിനു പകരം വര്‍ഷംതോറും 45,000 അഗ്നിവീരന്മാരെ നാലു വര്‍ഷത്തേയ്ക്ക് നിയമിക്കുക. ഇവരില്‍ 25 ശതമാനം പേരെ മാത്രമേ സ്ഥിരപ്പെടുത്തുകയുള്ളൂ. എന്നുവച്ചാല്‍ ഈ സ്കീം പ്രകാരം സേനയുടെ എണ്ണം നിരന്തരം കുറഞ്ഞുകൊണ്ടിരിക്കും. 2030 ആകുമ്പോള്‍ പട്ടാളക്കാരുടെ എണ്ണം 25 ശതമാനം കുറഞ്ഞിരിക്കും.

യഥാര്‍ത്ഥത്തില്‍ അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിനുള്ള എതിര്‍പ്പിനു തടയിടാനാണോ 10 ലക്ഷം അതിവേഗ നിയമന പ്രഖ്യാപനം നടത്തിയതെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. 10 ലക്ഷം പേര്‍ക്ക് നിയമനം നല്‍കണമെങ്കില്‍ നിലവിലുള്ള ഒഴിവുകള്‍ മുഴുവന്‍ നികത്തണം. എന്നാല്‍ പ്രതിരോധ മേഖലയില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നില്ലായെന്നു മാത്രമല്ല, ഭാവിയില്‍ ഉണ്ടാകുന്ന 60,000 ഒഴിവുകളില്‍ 45,000 മാത്രമേ നികത്തുകയുമുള്ളൂ. അതും കരാര്‍ അടിസ്ഥാനത്തില്‍. ഇന്ന് അഗ്നിവീര്‍ എങ്കില്‍ നാളെ റെയില്‍വേവീര്‍ ആകാം. മോദിയുടെ 10 ലക്ഷം തൊഴില്‍ പ്രഖ്യാപനം 2014ലെ  വര്‍ഷംതോറും 2 കോടി തൊഴില്‍ പ്രഖ്യാപനം പോലെ തന്നെ തട്ടിപ്പാണ്.

ഇന്ത്യയിലെ പട്ടാളത്തിന്റെ ശരാശരി പ്രായം താഴ്ത്താനുള്ള ഒരു പദ്ധതിയാണ് ഇതെന്നു വ്യാഖ്യാനമുണ്ട്. ഇതിനു വലിയ അടിസ്ഥാനമില്ല. അമേരിക്കന്‍ പട്ടാളത്തിന്റെ ശരാശരി പ്രായം 29ഉം ബ്രിട്ടീഷ് പട്ടാളത്തിന്റേത് 30ഉം ഇന്ത്യന്‍ പട്ടാളത്തിന്റേത് 32ഉം ആണ്. പട്ടാളക്കാരുടെ എണ്ണം കുറച്ച് ആ പണം കൊണ്ട് അത്യാധുനിക യുദ്ധോപകരണങ്ങള്‍ വാങ്ങുകയാണ് ലക്ഷ്യമെന്നാണ് മറ്റൊരു വിശദീകരണം. നോട്ടു നിരോധനം മുതല്‍ മോദി ഇന്ത്യയില്‍ നടപ്പാക്കിയ ഒട്ടേറെ വകതിരിവില്ലാത്ത പരീക്ഷണങ്ങളുണ്ട്. അതുപോലെ ഒന്നാണ് ഇതും.

(ചിന്ത വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top