09 December Saturday

പഠന കോൺഗ്രസുകളും ഭരണ പരിഷ്‌കാരവും : ഒരവലോകനം-ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

ഡോ. ടി എം തോമസ് ഐസക്Updated: Tuesday Sep 5, 2023

സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ചെറുകിട മേഖലകളുടെ ഉല്പാദനക്ഷമത ഉയർത്തുന്നതിനും ഇടതുപക്ഷം ബദലായി കാണുന്നത് ജനാധിപത്യ അധികാരവികേന്ദ്രീകരണത്തെയാണ്. പശ്ചാത്തലസൗകര്യരംഗത്തെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള മാർഗ്ഗം പൊതുസ്ഥാപനങ്ങൾ മുൻകൈയെടുത്തുള്ള നിക്ഷേപമാണ്. ആധുനിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ആസൂത്രിതമായ ഇടപെടലാണു വേണ്ടത്. നവകേരളത്തിനായുള്ള ഇത്തരമൊരു ബദൽ സമീപനം വിജയിക്കണമെങ്കിൽ സർക്കാരിന്റെ ഭാഗത്തുനിന്നും കൂടുതൽ ശക്തവും കാര്യക്ഷമവുമായ ഇടപെടൽ അനിവാര്യമാണ്. അതുകൊണ്ടാണ് കഴിഞ്ഞ നാല് പഠന കോൺഗ്രസുകളിലും ഭരണപരിഷ്കാരം ഒരു പ്രധാനപ്പെട്ട ചർച്ചാവിഷയമായത്.

രാജ്യത്തെ താരതമ്യേന കാര്യക്ഷമവും അഴിമതി കുറഞ്ഞതും പ്രതിബദ്ധതയുള്ളതുമായ ഒന്നാണ് കേരളത്തിന്റെ ഭരണയന്ത്രം. ഇതിന്റെ പിന്നിൽ നീണ്ട നാളത്തെ ചരിത്രമുണ്ട്. വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലുമുള്ള സംവരണ സംവിധാനത്തിലൂടെ പിന്നോക്ക വിഭാഗക്കാർക്ക് ഭരണയന്ത്രത്തിൽസ്ഥാനം ലഭിച്ചു. ഇടതുപക്ഷ സർക്കാരുകളുടെ ഇടപെടലുകളും നിരന്തരമായ ബഹുജന സമ്മർദ്ദവും കേരളത്തിലെ ഇടതുപക്ഷ മനസ്സും ഈയൊരു സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതിനു സഹായിച്ചിട്ടുണ്ട്. ജീവനക്കാരുടെ പ്രസ്ഥാനങ്ങളും ഈ ജനാധിപത്യവല്ക്കരണ പ്രക്രിയയിൽപങ്കാളികളാണ്. കേരളത്തിലെ ഭരണയന്ത്രം ക്ഷേമപ്രവർത്തനങ്ങളും വിദ്യാഭ്യാസാദി സേവനങ്ങളും പ്രദാനം ചെയ്യുന്നതിനും ബന്ധപ്പെട്ട പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും വളരെ കാര്യക്ഷമമായി പ്രവർത്തിച്ചിട്ടുണ്ട്.കേരളത്തിലെ ഭരണസംവിധാനത്തിന് മേൽപ്പറഞ്ഞ നേട്ടങ്ങൾ ഉണ്ടെന്നത് യാഥാർത്ഥ്യമാണെങ്കിലും നിരവധി പോരായ്മകളും അതിനുണ്ട്. അതിന്റെ തെളിവുകളിലൊന്നാണ് അനിശ്ചിതമായി നീണ്ടുപോകുന്ന നിരവധി പദ്ധതികൾ. വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ല. സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണ്. വ്യവസായ പ്രോത്സാഹന ഏജൻസികളുടെ പ്രവർത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകൾ പലപ്പോഴും ജനവിരുദ്ധമാകുന്നു.

ഭരണസംവിധാനത്തിന്റെ ഇത്തരം ദൗർബല്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സ്വകാര്യവല്ക്കരണ അജൻഡകൾ ജനങ്ങളുടെ മനസ്സിൽ അടിച്ചേല്പിക്കാനുള്ള ശ്രമം നടക്കുന്നതെന്നതും തിരിച്ചറിയപ്പെടേണ്ടതുണ്ട്. പൊതുമേഖലയെയും പൊതു സംവിധാനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള പോരാട്ടം വിജയിക്കണമെങ്കിൽ ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയും ജനകീയതയും ഉയർത്തിയേ തീരൂ. നിയോ ലിബറൽ സർക്കാർ ഭരണയന്ത്രത്തിനു ബദലായി ഒരു ജനകീയ ഭരണയന്ത്രത്തിനു രൂപം നൽകാൻ നമുക്കു കഴിയണം.

കാലോചിതമായി നടത്തേണ്ട പരിഷ്കരണങ്ങൾ ഈ രംഗത്ത് ഉണ്ടായിട്ടില്ല എന്നതിന്റെ ഫലമായിട്ടാണ് നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജന സൗഹാർദ്ദപരമല്ലാത്തതുമായ അവസ്ഥ ഉണ്ടായിട്ടുള്ളത്. ഭരണപരിഷ്കരണവുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷ സർക്കാരുകൾ ഇത്തരം പരിശ്രമങ്ങൾ ഓരോ ഘട്ടത്തിലും സ്വീകരിച്ചിരുന്നു എന്നും വലതുപക്ഷ സർക്കാരുകൾ അതിനെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാൻ തയ്യാറായിരുന്നില്ല എന്നും കാണാനാകും.

ഒന്ന്

ഒന്നാമത് കേരള പഠന കോൺഗ്രസിന്റെ ചരിത്രപരമായ സംഭാവന ജനകീയാസൂത്രണത്തിനു കളമൊരുക്കിയെന്നതാണ്. ചിലരെങ്കിലും ഇത്തരമൊരു അവകാശവാദം അതിരുകവിഞ്ഞതും പിൻബുദ്ധിയാണെന്നും വിമർശിച്ചിട്ടുണ്ട്. അതുകൊണ്ട് പഠന കോൺഗ്രസ് കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ ഡോ. മൈക്കിൾ തരകനും ഞാനും ചേർന്ന് ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ എഴുതിയ കോൺഗ്രസ് അവലോകനത്തിൽ നിന്ന് ഉദ്ധരിക്കട്ടെ.

“ഭരണത്തിലും വികസന പ്രവർത്തനത്തിലും അധികാരവികേന്ദ്രീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കോൺഗ്രസിൽ ഏതാണ്ട് എല്ലാവരും ഏകാഭിപ്രായക്കാർ ആയിരുന്നു. വികസനപ്രശ്നങ്ങളെക്കുറിച്ചുള്ള സമ്മേളനങ്ങളിൽ ഓരോന്നിലും പുതിയ വികസ നതന്ത്രം നടപ്പാക്കുന്നതിന് ഒരു മുന്നുപാധിയായി അധികാരവികേന്ദ്രീകരണം ചൂണ്ടിക്കാണിക്കപ്പെട്ടു. അധികാരവികേന്ദ്രീകരണത്തിനായി സംസ്ഥാനത്തു നടന്നിട്ടുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്യു വാനും ഒരു പ്രത്യേക സമ്മേളനം ഉണ്ടായിരുന്നു. മറ്റു പല കാര്യങ്ങളിലും മുന്നിലെന്ന് അഭിമാനിക്കാവുന്ന കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇക്കാര്യത്തിൽ വളരെ പിന്നിലാണെന്നു ചൂണ്ടിക്കാട്ടപ്പെട്ടു.

കേരളത്തിലെ അധികാരവികേന്ദ്രീകരണ ചരിത്രം പരാജയപ്പെട്ട പരിശ്രമങ്ങളുടെ നീണ്ട പട്ടികയാണ്. ഇതിൽ ഏറ്റവും അവസാനത്തേതായ ജില്ലാ കൗൺസിൽ എങ്ങനെ ഗളഹസ്തം ചെയ്യപ്പെട്ടുവെന്നതു വിശദമായ ചർച്ചയായി. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ജില്ലാ കൗൺസിലുകളുടെ നേട്ടങ്ങളും ചർച്ചയായി. 73, 74–ാം ഭരണഘടനാ ഭേദഗതി പുതിയൊരു അവസരം സൃഷ്ടിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാണിച്ചു. ഈ ഭരണഘടനാ ഭേദഗതികളുടെ പരിമിതികളും വിമർശനപരമായി വിലയിരുത്തപ്പെട്ടു. കേരളത്തിൽ പാസ്സാക്കിയ നിയമങ്ങളാവട്ടെ കേന്ദ്ര മൂലനിയമത്തിന്റെ അന്തഃസത്തയ്ക്കുപോലും വിരുദ്ധമാണ്. ബദൽ നിർദ്ദേശങ്ങളെല്ലാം സർക്കാർ അവഗണിക്കുകയാണ് ഉണ്ടായതെന്ന് ഡോ. കെ.എൻ. രാജിനെപ്പോലുള്ള പണ്ഡിതർപോ ലും അഭിപ്രായപ്പെട്ടു.

എന്താണ് വേണ്ടത്? കല്യാശ്ശേരിയിൽ ജനകീയ വിഭ വഭൂപട നിർമാണവും അതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ മുൻകൈയെടുത്തുള്ള ആസൂത്രണവും നിർവ്വഹണവും കോൺഗ്രസ് ചർച്ച ചെയ്തു. ഇത്തരമൊരു സമീപനമാണ് കേരളത്തിൽ വേണ്ടതെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. അധികാരവികേന്ദ്രീകരണത്തിനു മുന്നിലുള്ള രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മ, ഉദ്യോഗസ്ഥ മേധാവിത്വം, ജനകീയ പ്രാപ്തിയുടെയും അവബോധ ത്തിന്റെയും അഭാവം ഇവയെല്ലാം എങ്ങനെ മറികടക്കാമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഉണ്ടായില്ല. ജനകീയാസൂത്രണ സമീപനം കൃത്യമായി ഈ വെല്ലുവിളികളെ മറികടക്കാനായിട്ടാണ് ആവിഷ്കരിച്ചത്.

ഉത്തരം കാണേണ്ട പ്രശ്നങ്ങളെയും ഉത്തരം ലഭി ച്ചവയെ കൂടുതൽ മൂർത്തമാക്കുന്നതിനും വേണ്ടി കോൺഗ്രസിന്റെ തുടർച്ചയായി വിഷയാധിഷ്ഠിത സെമിനാറുകൾ നടത്തുന്നതിനു തീരുമാനിച്ചിരുന്നു. അങ്ങനെ ജൻഡർ, വിദ്യാഭ്യാസം, കൃഷി എന്നിവയെക്കുറിച്ച് സെമിനാറുകൾ നടന്നു. അധികാരവികേന്ദ്രീകരണത്തെക്കുറിച്ചുള്ള സെമിനാറിനുള്ള തയ്യാറെടു പ്പുവേളയിലാണ് 1996ലെ തിരഞ്ഞെടുപ്പ് നടന്നതും ഇടതുപക്ഷം അധികാരത്തിലെത്തിയതും. ആ സർക്കാർ അധികാരവികേന്ദ്രീകരണം ഏറ്റവും പ്രധാനപ്പെട്ട ചുമതലയായി പ്രഖ്യാപിച്ചു. അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് ഒരു സെമിനാറിനു പകരം എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ജനകീയാസൂത്രണ സെമിനാറുകൾ നടത്തുന്ന അവസ്ഥയുണ്ടായി.

രണ്ട്

ഇ.കെ. നായനാർ മുഖ്യമന്ത്രിയായുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഭരണപരിഷ്കാരം സംബന്ധിച്ച് രണ്ട് സുപ്രധാന കമ്മിറ്റികളെ നിയോഗിക്കുകയുണ്ടായി. ഒന്ന്, അധികാരവികേന്ദ്രീകരണം സംബന്ധിച്ചുള്ള സത്യബ്രതോ സെൻ അധ്യക്ഷനായുള്ള കമ്മിറ്റി. രണ്ട്, ഇ.കെ. നായനാർ അധ്യക്ഷനായുള്ള മൂന്നാം ഭരണപരിഷ്കാര കമ്മിഷൻ.

ഒന്നാം പഠന കോൺഗ്രസ് നിർദ്ദേശിച്ചതുപോലെ 73ഉം 74ഉം ഭരണഘടനാ ഭേദഗതികളുടെ പശ്ചാത്തല ത്തിൽ കേരളത്തിൽ രൂപംകൊണ്ട് പഞ്ചായത്ത്–മുനി സിപ്പൽ നിയമങ്ങളെ സമൂലമായി പരിഷ്കരിക്കേണ്ടിയി രിക്കുന്നു. അധികാരവും പണവും ഉദ്യോഗസ്ഥരെയും താഴേക്കു വിന്യസിക്കേണ്ടിയിരിക്കുന്നു. ഇതുസംബന്ധി ച്ചാണ് സെൻ കമ്മിറ്റി പഠിച്ചത്.


ഇവരുടെ റിപ്പോർട്ട് വരുമ്പോഴേക്കും അത് നടപ്പാ ക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സൃഷ്ടിക്കേണ്ടിയിരിന്നു. ഇതിന് താഴേത്തട്ടിൽ നിന്നു കക്ഷി രാഷ്ട്രീയ ഭേദമ ന്യേ ഒരു ജനകീയപ്രസ്ഥാനം അധികാരവികേന്ദ്രീക രണത്തിനുവേണ്ടി സൃഷ്ടിക്കുക എന്നതായിരുന്നു മാർഗ്ഗം. അതിനുവേണ്ടിയാണ് അധികാരവികേന്ദ്രീകരണ ത്തെ കേവലം ഭരണപരിഷ്കാരമായി കാണാതെ ഒരു ജനകീയ പ്രസ്ഥാനമായി ആവിഷ്കരിച്ചത്.

ആസൂത്ര ണത്തെ ഇതിനൊരു ഉപാധിയാക്കി മാറ്റി. രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജനകീയ അനൗപചാരിക വിദ്യാഭ്യാസ പദ്ധതിക്കു കേരളം സാക്ഷ്യംവഹിച്ചു. ഈ തന്ത്രത്തിന്റെ വിജയമാണ് ആറ് സർക്കാരുകൾ മാറിമാറി കേരളം ഭരിച്ചിട്ടും അധികാരവികേന്ദ്രീകരണത്തിന്റെ പൊതു ചട്ടക്കൂട് അടിസ്ഥാനപരമായ മാറ്റങ്ങളില്ലാതെ തുടർന്നത്.

താഴെത്തട്ടിലുള്ള സമൂലമായ ഈ അഴിച്ചുപണിക്ക് അനുപൂരകമായി മുകൾത്തട്ടിൽ എന്തെല്ലാം മാറ്റങ്ങൾ വേണമെന്നുള്ളതായിരുന്നു മൂന്നാം ഭരണപരിഷ്കാര കമ്മിഷൻ പരിശോധിക്കേണ്ടിയിരുന്നത്. നാല് വാല്യങ്ങളുള്ള വിശദമായ റിപ്പോർട്ടാണ് കമ്മിഷൻ തയ്യാറാക്കിയത്. എന്നാൽ ഭരണമാറ്റം ഈ നിർദ്ദേശങ്ങൾ പ്രായോഗികമായി നടപ്പാക്കുന്നതിനു പ്രതിബന്ധമായി.

അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാർ ഭരണ സംവിധാനത്തെ കാര്യക്ഷമമാക്കുന്നതിനു പകരം സിവിൽ സർവ്വീസിനെത്തന്നെ ആഗോളവല്ക്കരണ സമീപനത്തിന്റെ പശ്ചാത്തലത്തിൽ വെട്ടിച്ചുരുക്കാനാണു ശ്രമിച്ചത്. ഭരണപരിഷ്കാര കമ്മിഷൻ നിർദ്ദേശങ്ങൾക്കു പകരം എഡിബി സഹായത്തോടെ സർക്കാരിനെ ആധുനികവൽക്കരിക്കാനുള്ള ഒരു പരിപാടിയുമായി (എംജിപി) മുന്നോട്ടു പോയി. സിവിൽ സർവ്വീസിനെ കൂടുതപ്രശ്ന സങ്കീർണ്ണമായ അവസ്ഥയിൽ എത്തിക്കുക എന്നല്ലാതെ മറ്റൊരു നേട്ടവും ഇതുകൊണ്ടുണ്ടായി ല്ല. മാത്രമല്ല, ജനകീയാസൂത്രണം പാതിവഴിയിൽ നിർത്തലാക്കപ്പെട്ടു. അധികാരവികേന്ദ്രീകരണത്തെ വ്യവസ്ഥാപിതമാക്കുന്നതിൽ ഇതുമൂലം വലിയ വീഴ്ച ഉണ്ടായി. സന്നദ്ധപ്രവർത്തകരും മറ്റും ഒഴിവാക്കപ്പെട്ടതോടെ ആസൂത്രണത്തിലെ ജനകീയതയ്ക്കും വലിയ തിരിച്ചടി നേരിട്ടു.

2005 ഡിസംബറിൽ ചേർന്ന രണ്ടാമത് കേരള പഠന കോൺഗ്രസ് മുകളിൽ പറഞ്ഞ സ്ഥിതിവിശേഷത്തെ സമഗ്രമായി വിലയിരുത്തി. രണ്ടാം പഠന കോൺഗ്ര സിലെ ചർച്ചകളെ ജനകീയാസൂത്രണവും മൂന്നാം ഭരണപരിഷ്കാര കമ്മീഷൻ റിപ്പോർട്ടും ഗാഢമായി സ്വാധീനിക്കുകയുണ്ടായി. പൗരാവകാശം, വിവരാവ കാശം, പരാതിപരിഹാരം എന്നിവ കേന്ദ്ര ചർച്ചാവി ഷയമായി. പഠന കോൺഗ്രസ് ചർച്ച ചെയ്ത നൂതന വിഷയം ഭരണരംഗത്തെ വിവരസാങ്കേതികവിദ്യയുടെ ഉപയോഗമായിരുന്നു.

വിവരസാങ്കേതികവിദ്യയുടെ ഉപയോഗം സംബന്ധി ച്ച് രണ്ടു സമീപനങ്ങളുടെ രൂക്ഷമായ ഏറ്റുമുട്ടലിന്റെ വേദിയായി പഠന കോൺഗ്രസ്. ജനകീയാസൂത്രണ ത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്ത് സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ അടിസ്ഥാനത്തിൽ വിവരസാങ്കേതിക വൈദഗ്ധ്യ പോഷണത്തിനും ഭരണനിർവ്വഹണത്തിനും സംരംഭക വികസനത്തിനുമായി ചില പ്രൊജക്ടുകൾ എടുത്തിരുന്നു. ഇതിൽ പ്രവർത്തിച്ചിരുന്നവർ കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രചാരണത്തിൽ പിന്നീട് നിർണായകപങ്കുവഹിച്ചു. അവർ ഇടതുപക്ഷ ബദൽ, സ്വതന്ത്ര സോഫ്റ്റ്വെയറിനെ അടിസ്ഥാനമാക്കിയായിരിക്കണമെന്നു വാദിച്ചു. മറിച്ച്, കാര്യക്ഷമതയ്ക്കും പെട്ടെന്നു ഇ ഗവേണൻസ് നടപ്പാക്കുന്നതിനും മറ്റു സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നതിൽ തെ റ്റില്ലായെന്നും മറുപക്ഷവും വാദിച്ചു. അവസാനം എത്തിച്ചേർന്ന നിലപാട് ഇതായിരുന്നു:

ഇടതുപക്ഷ ബദലിന്റെ അഭേദ്യഭാഗമാണ് വിജ്ഞാന സ്വാതന്ത്ര്യവും സ്വതന്ത്ര സോഫ്റ്റുവെയറും. അതു പ്രോത്സാഹിപ്പിക്കുന്നതിന് ഇടതുപക്ഷ സർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കും. എന്നാൽ ഓരോ മേഖലയിലും നിലവിലുള്ള മൂർത്തമായ സാഹചര്യങ്ങൾ പരിശോധിച്ചുകൊണ്ടുകൂടിയായിരിക്കണം സ്വകാര്യ സോഫ്റ്റുവെയറുകൾ ഉപയോഗപ്പെടുത്തണമോ അതോ സ്വതന്ത്ര സോഫ്റ്റുവെയർ തന്നെ വേണമോയെന്നു തീരുമാനിക്കേണ്ടത്.

മൂന്ന്

മൂന്നാമത് കേരള പഠന കോൺഗ്രസ് 2011 ജനുവരി യിലാണ് നടന്നത്. ഭരണപരിഷ്കാര രംഗത്തു വേണ്ടത്ര പുരോഗതി കൈവരിച്ചുവെന്ന് അവകാശപ്പെടാനാ കാത്ത അവസ്ഥയായിരുന്നു. മൂന്നാം ഭരണപരിഷ്കാര കമ്മിഷന്റെ നിർദ്ദേശങ്ങൾ മുൻ ഭരണപരിഷ്കാര കമ്മിഷനുകളുടെ നിർദ്ദേശങ്ങളുടെ കാര്യത്തിലെ ന്നപോലെ പ്രായോ ഗികമായി നടപ്പായില്ല. കാരണങ്ങൾ പലതാണ്. ഭരണപരിഷ്കാര കമ്മിഷൻ നിർദ്ദേശങ്ങൾ പരസ്പരബന്ധിതമാണ്. ഘട്ടംഘട്ടമായുള്ള നടപ്പാക്കൽ ഉദ്ദേശിച്ചഫലം ഉണ്ടാക്കിയില്ല. റിപ്പോർട്ടുകൾ സമർപ്പിച്ചതോടെ കമ്മിഷൻ പ്രവർത്തനവും അവസാനി പ്പിച്ചു. ആവശ്യമായ വിശദീകരണങ്ങൾ നൽകുന്നതിനോ നിർവ്വഹണം പരിശോധിക്കുന്നതിനോ ഉള്ള സംവിധാനങ്ങൾ ഇല്ലാതായി. നിർദ്ദേശങ്ങൾ പ്രായോഗികമായി നടപ്പാക്കുന്നതിനു മുമ്പ് വിശദമായ പരിശോധന ആവശ്യമാണ്. പക്ഷേ, അത് ചുവപ്പുനാടകളിൽപ്പെട്ടു. ഏതാണ്ട് ഇതുതന്നെയാണ് ഒന്നും രണ്ടും ഭരണപരിഷ്കാര കമ്മീഷനുകൾക്കും സംഭവിച്ചത്.

അധികാര വികേന്ദ്രീകരണം വീണ്ടും ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനുള്ള പരിശ്രമവും വിജയിച്ചില്ല. സന്നദ്ധപ്രവർത്തകരെ അപമാനിച്ച് പിരിച്ചുവിട്ട രീതിമൂലം വളരെ ചുരുക്കം പേർ മാത്രമേ പഴയതുപോലെ പ്രവർത്തനരംഗത്തു തിരിച്ചുവരാൻ തയ്യാറായുള്ളൂ. അതേസമയം ഉദ്യോഗസ്ഥ പുനർവിന്യാസം, ചട്ടങ്ങളുടെ രൂപീകരണം തുടങ്ങിയവയിലെല്ലാം ഗണ്യമായ പുരോഗതിയുണ്ടായി.

മൂന്നാം പഠന കോൺഗ്രസ് സവിശേഷമായി ചർച്ച ചെയ്ത ഒരു കാര്യം കുടുംബശ്രീയാണ്. 67 പ്രബന്ധങ്ങൾ കുടുംബശ്രീയെ സംബന്ധിച്ച് അവതരിപ്പിക്കപ്പെട്ടുവെന്നു മാത്രമല്ല പഠന കോൺഗ്രസിന്റെ സമീപന രേഖയിലും ജൻഡറുമായി ബന്ധപ്പെട്ട് കുടുംബശ്രീ പ്രതിപാദിക്കപ്പെട്ടു. ലോകബാങ്കും മറ്റും മുന്നോട്ടുവയ്ക്കുന്ന സ്വയംസഹായസംഘ പ്രസ്ഥാനത്തിൽ നിന്നും അടിസ്ഥാനപരമായിതന്നെ കുടുംബശ്രീ വ്യത്യസ്ത സ്വഭാവത്തോടുകൂടിയതാണ്. മൈക്രോഫിനാൻസ് മാത്രമല്ല, സർക്കാർ പരിപാടികളുടെ നടത്തിപ്പിനുള്ള വേദിയായും സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്കും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഉപാധിയായും കുടുംബശ്രീ പ്രകീർത്തിക്കപ്പെട്ടു. കുടുംബശ്രീയുടെ ബൈലോയിൽ ജനാധിപത്യപരമായ പ്രവർത്തനം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഭേദഗതികൾ നടപ്പാക്കിയ താണ് രണ്ട് പഠന കോൺഗ്രസുകൾക്കിടയിൽ നടന്ന സുപ്രധാനമായ മാറ്റം.

ഭരണപരിഷ്കാരത്തിൽ ഇ ഗവേണൻസിലുണ്ടായ പുരോഗതി വിലയിരുത്തപ്പെട്ടു. കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിൽ ഇഗവേണൻ സിനുള്ള സ്ഥാനം അവിതർക്കിതമാണ്. രണ്ടാം പഠന കോൺഗ്രസ് ചർച്ച ചെയ്ത സ്വതന്ത്ര സോഫ്ട‍്വെയർ നിലപാട് ഐടി നയത്തിന്റെ ഭാഗമായി. International Centre for Free and Open -Source Software (ICFOSS) സ്ഥാപിക്കപ്പെട്ടു. മലയാളം കമ്പ്യൂട്ടിംഗ് സജീവചർച്ചാവിഷയമായതും ഈ കോൺഗ്രസിലാണ്.

നാല്

2016 ജനുവരിയിൽ ചേർന്ന നാലാം പഠന കോൺ ഗ്രസ് അതുവരെയുള്ള ഭരണപരിഷ്കാര പുരോഗതിയെ വിലയിരുത്തി താഴെപ്പറയുന്ന നിഗമനങ്ങളിൽ എത്തിച്ചേർന്നു. മധ്യതല മാനേജ്മെന്റ് സർവീസ് മെച്ചപ്പെടുത്താനുതകുന്ന അഡ്മിനിസ്ട്രേറ്റീവ് സർവീസ് സ്ഥാപിതമായില്ല. സെക്രട്ടേറിയറ്റിലെ വകുപ്പുതല തട്ടുകൾ പ്രയോഗികമായി കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞില്ല. സെക്രട്ടേറിയറ്റിലെ ആവർത്തികതട്ടുകൾ ഒഴിവാക്കപ്പെടണം എന്ന നിർദേശം പ്രാവർത്തികമായില്ല. അഴിമതി ദുർഭരണ നിയന്ത്രണം പ്രായോഗികമായില്ല. അഴിമതി വ്യാപകവും ദുർഭരണം വ്യവസ്ഥാപിതവുമായി നിലനില്ക്കുന്ന സ്ഥിതിയാണുള്ളത്.

നിർവഹണ ഓഡിറ്റ് പ്രായോഗികമായി ഫലവത്താക്കാനോ തെറ്റു തിരുത്തലും പരാതിപരിഹാരവും നിയമമാക്കാനോ കഴിയുന്നില്ല. ഇ ഗവേണൻസ്, എം ഗവേണൻസ് പരിഷ്കരണങ്ങൾ, തദനുസരണമുള്ള നിയമ നിർമാണം എന്നിവ കാലോചിതമായി നടക്കുന്നില്ല. നിരീക്ഷണഅവലോകന നഷ്ടോത്തരവാദിത്വ സ്ഥാപനങ്ങൾ നിർവഹണ പ്രാപ്തമാകുന്നില്ല. ഈ സ്ഥിതിവിശേഷത്തോടു പ്രതികരിച്ചുകൊണ്ട് പഠന കോൺഗ്രസ് 10 ഇന പരിപാടി മുന്നോട്ടുവച്ചു. ഈ 10 ഇന പരിപാടിയുടെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കിയത്. അതിൽ നല്ലപങ്ക് നടപ്പാ ക്കാൻ സർക്കാരിനു കഴിഞ്ഞു.

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അധ്യക്ഷ നായി നാലാം ഭരണപരിഷ്കാര കമ്മിഷനെ നിയോഗിച്ചു. മുൻ ഭരണപരിഷ്കാര കമ്മീഷനുകളുടെ റി പ്പോർട്ടുകൾ പരിശോധിച്ചുകൊണ്ട് ഭരണരീതികൾ ആധുനികവൽക്കരിക്കാനുള്ള നിർദ്ദേശങ്ങൾ മുന്നോ ട്ടുവയ്ക്കുകയായിരുന്നു മുഖ്യപരിഗണനാവിഷയം. സമയബന്ധിതമായി തന്നെ കമ്മീഷൻ മൂന്ന് റിപ്പോർട്ടുകളും സമർപ്പിച്ചു.


കമ്മീഷൻ നിർദേശിച്ച ഏറ്റവും സുപ്രധാനമായ പരിഷ്കാരം കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് (കെഎസ്) രൂപീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിൽ പി.എസ്.സി വഴി തെരഞ്ഞെടുപ്പു നടത്തുകയും പരിശീലനം നൽകി അവരെ നിയോഗിക്കുകയും ചെയ്തു. മറ്റൊരു സുപ്രധാനമായ പരിഷ്കാരം തദ്ദേശഭരണ വകുപ്പിന് ഏകീകൃത സിവിൽ സർവ്വീസ് രൂപീകരിച്ചതാണ്. ജീവനക്കാരുടെ സേവന മാനദണ്ഡങ്ങളിൽ പലതിലും സമൂലമായ മാറ്റം വരുത്തുന്ന ഈ തീരുമാനം സുദീർഘമായ ചർച്ചകളിലൂടെ അഭിപ്രായ സമന്വയത്തിലെത്തി. ഇതോടെ തദ്ദേശഭരണവുമായി ബന്ധപ്പെട്ട വകുപ്പുകളെല്ലാം ഒറ്റക്കുടക്കീഴിലായി.

വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലാ ണ് ഏറ്റവും വലിയ പുരോഗതി ഉണ്ടായത്. ഇഓഫീ സ് കൂടുതൽ വകുപ്പുകളിൽ നടപ്പാക്കപ്പെട്ടു. ഓൺലൈൻ അപേക്ഷയും ഓൺലൈൻ വഴിയുള്ള അനുമതിയും എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാ ണ്. ഇന്റർ ഓഫീസ് ഇമെയിൽ സംവിധാനം ആരംഭിച്ചു. ഇ ടെണ്ടറിംഗ് സാർവ്വത്രികമാക്കുകയുണ്ടായി.

കേരളത്തിലെ എല്ലാ പഞ്ചായത്ത് ഓഫീസുകളും ഐഎസ് സർട്ടിഫിക്കേഷൻ നേടിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി വാർഷിക സർവ്വയലൻസ് ഓഡിറ്റ് നടത്തുന്ന പ്രവർത്തനവും മുന്നോട്ടു പോകുന്നുണ്ട്. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സംയോജിത പ്രാദേശിക ഭരണ മാനേജ്മെന്റ് സമ്പ്രദായം (ILGMS)  നടപ്പാക്കി. ഇതിലൂടെ 250 സേവനങ്ങൾ ഓൺലൈനായി ജനങ്ങൾക്കു ലഭിക്കുന്നു. ആദ്യവർഷം തന്നെ അപേക്ഷ ലഭിച്ച ഒരുലക്ഷത്തിലേറെ ഫയലുകളിൽ 89 ശതമാനവും തീർപ്പാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം പൂർണമായും ഓൺലൈൻ ആക്കുകയും ഓരോ അപേക്ഷയും രണ്ടാഴ്ചയ്ക്കുള്ളിൽ പരിശോധിച്ച് തീർപ്പുകൽപ്പിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു.

സ്വതന്ത്ര സോഫ്റ്റുവെയറിന്റെ അഭിമാനസ്തംഭങ്ങളായി സ്കൂൾ ഡിജിറ്റലൈസേഷനും ഇലക്ട്രിസിറ്റി ബോർഡിലെ കമ്പ്യൂട്ടറൈസേഷനും മാറി. സ്കൂൾ ഡിജിറ്റലൈസേഷൻ നടപ്പാക്കിയ രീതി നിതി ആയോഗിന്റെപോലും പ്രശംസ പിടിച്ചുപറ്റുകയുണ്ടായി.

അഞ്ച്

കഴിഞ്ഞ മൂന്നുപതിറ്റാണ്ടത്തെ ഭരണപരിഷ്കാര പരിശ്രമങ്ങളുടെ നീക്കിബാക്കി എന്താണ്?

അധികാരവികേന്ദ്രീകരണത്തിൽ രാജ്യത്തെ ഏറ്റവും സമഗ്രമായ പരിഷ്കാരം നടപ്പിലാക്കാൻ കഴിഞ്ഞിട്ടു ള്ളത് കേരളത്തിലാണ്. ജനകീയത വീണ്ടെടുക്കുക. പങ്കാളിത്താസൂത്രണ പ്രക്രിയയിൽ നൂതനപദ്ധതി കൾ ആവിഷ്കരിക്കുക, സുതാര്യതയും നഷ്ടോത്തരവാദിത്വവും ഉറപ്പുവരുത്തുക തുടങ്ങിയ മേഖലകളിൽ ഇനിയും നമ്മൾ ഏറെ മുന്നോട്ടുപോകാനുണ്ട്. ഇഗവേണൻ സ് മേഖലയിൽ ഇന്ന് കേരളത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്, പഞ്ചായത്തീരാജ് ഭരണസംവിധാനമാണ്.

വൻകിട പ്രൊജക്ടുകളെല്ലാം കാലാവധിയുടെ രണ്ടും മൂന്നും മടങ്ങ് കടന്ന് നീണ്ടുപോകുന്ന സ്ഥിതിവിശേഷത്തിൽ മാറ്റമുണ്ടായിട്ടുണ്ട്. കൂടുതൽ സമയ ബന്ധിതമായി പ്രൊജക്ടുകൾ പൂർത്തീകരിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ കാര്യക്ഷമത ഇപ്പോഴും ഭൂരിപക്ഷം പ്രൊജക്ടുകളിലേക്കും എത്തിയിട്ടില്ല.

വിദ്യാഭ്യാസ – ആരോഗ്യാദി സേവനങ്ങളുടെ ഗുണ നിലവാരം മെച്ചപ്പെട്ടിട്ടുണ്ട്. ഈ മേഖലകളിലെ പശ്ചാത്തലസൗകര്യ വികസനത്തിന്റെയും കൂടുതൽ ജീവനക്കാരെ നിയോഗിച്ചതിന്റെയും ജനപങ്കാളിത്തവേദികൾ ഫലപ്രദമായി പ്രവർത്തിപ്പിച്ചതിന്റെയും ഫലമാണിത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമൂലമായ അഴിച്ചു പണി ഇപ്പോഴും പ്രായോഗിക പദ്ധതിയായിട്ടില്ല. ഭിന്നശേഷി, വയോജന സൗഹൃദ സംസ്ഥാനമായി കേരളത്തെ എങ്ങനെ മാറ്റാം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എങ്ങനെ കുറയ്ക്കാം എന്നീ വിഷയങ്ങഴും സജീവമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്.

കാർഷിക മേഖലയിലെ വളർച്ച രൂക്ഷമായ മുരടി പ്പിൽ തുടരുകയാണ്. പ്രതികൂലമായ കമ്പോള സ്ഥി തിയാണ്, അതിന്റെ അടിസ്ഥാന കാരണം. ഇതിനെ മറികടക്ക ത്തക്കരീതിയിൽ ഉല്പാദനക്ഷമതയും ഉല്പാദനവും ഉയർത്തുന്നതിനുള്ള പാക്കേജ് ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ല. ഓരോ മേഖലയിലും ഓരോ വിളകളിലും ശരാശരി ഉല്പാദനക്ഷമതയുടെ 35 മടങ്ങ് ഉല്പാദനക്ഷമത കൈവരിക്കുന്ന ഉത്തമ കൃഷിക്കാരുണ്ട്. അവരുടെ ഉത്തമപ്രയോഗങ്ങൾ എങ്ങനെ സാർവ്വത്രികമാക്കാം എന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണ്.

വ്യവസായസംരംഭകത്വത്തിൽ ആശാവഹമായ ചല നങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, കോർപ്പറേറ്റ് മൂലധന ത്തെ ഇന്നും വേണ്ടവിധം നമുക്ക് ആകർഷിക്കാനാകുന്നില്ല. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇൻഡക്സിൽ നമ്മൾ ഇപ്പോഴും പിന്നിലാണ്. പ്രോത്സാഹന ഏജൻസികളുടെ പ്രവർത്തനം എങ്ങനെ മെച്ചപ്പെടുത്താം പൊതുമേഖലാ സംരംഭങ്ങളുടെ പ്രവർത്തനം ഒരു രാഷ്ട്രീയ ചക്രത്തിനു വിധേയമാണ്. തുടർഭരണത്തിന്റെ പശ്ചാത്തലത്തിൽ അവയെ എങ്ങനെ സുസ്ഥിര വളർച്ചയുടെ പാതയിലേക്കു നയിക്കാം എന്നത് പ്രധാനമാണ്.

സേവനാവകാശ നിയമം, പൗരാവകാശരേഖ, സോഷ്യൽ ഓഡിറ്റ്, പരാതിപരിഹാര സംവിധാനം, നഷ്ടോത്തരവാദിത്വം ഇവിടെയെല്ലാമുള്ള പുരോഗതി അഭിമാനകരമല്ല. ഈ സ്ഥിതിവിശേഷത്തിൽ എങ്ങനെ മാറ്റം കൊണ്ടുവരാനാകും.

1957ലാണ് ആദ്യത്തെ പൊലീസ് പരിഷ്കാരം നടപ്പാ യത്. പിന്നീട് കോടിയേരി ബാലകൃഷ്ണൻ മന്ത്രിയായ കാലത്താണ് അതുപോലൊരു പൊളിച്ചെഴുത്ത് നടന്നത്. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് കേഡറ്റ് പൊലീസ് തുടങ്ങിയവ ജനങ്ങളെയും പൊലീസിനെ യും ക്രിയാത്മകമായി ബന്ധിപ്പിക്കാനുള്ള പരിശ്രമങ്ങളായിരുന്നു. എന്നാൽ ഇനിയും എത്രയോ മുന്നോട്ടു പോകാനുണ്ട്. റെഗുലേറ്ററി വകുപ്പുകൾ ന്യായവും നീതിയും നിയമവും അനുസരിച്ച് പ്രവർത്തിക്കുമെന്ന് എങ്ങനെ ഉറപ്പുവരുത്താം.

കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറ്റേണ്ട തുണ്ട്. 2009ൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ നിയമ പരിഷ്കാര കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ അതിന്റെയടിസ്ഥാനത്തിൽ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും സമൂലമായി മാറ്റാൻ നടപടിയൊന്നും ഉണ്ടായില്ല. ഇപ്പോൾ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായുള്ള നിയമപരിഷ്കാര കമ്മീഷന്റെ നിർ ദ്ദേശങ്ങൾക്ക് പ്രായോഗികരൂപത്തിലേക്കു നീങ്ങാൻ എന്താണ് നടപടി?

കേരളം അതിവേഗം നഗരവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ നമ്മുടെ സമീപനങ്ങൾ എപ്പോഴും നാട്ടിൻപുറത്തെ അനുഭവങ്ങളിൽ അധിഷ്ഠിതമാണ്. നഗരപ്രശ്നങ്ങളെക്കുറിച്ച് പുതിയൊരു സമീപനം എങ്ങനെ സൃഷ്ടിക്കാം?

ഇതുപോലെ ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട് നീണ്ടനിര പ്രശ്നങ്ങളുണ്ട്. നവകേരളകാലത്തെ ഭരണനിർവ്വഹണം എന്ന സെമിനാറിന്റെ പ്രത്യേകത ഓരോ വകുപ്പിലെയും മൂർത്തമായ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ഭരണത്തിന്റെ മികവും കാര്യക്ഷമതയും ഉയർത്താനുള്ള പൊതുസമീപന ങ്ങൾ ചർച്ച ചെയ്യുന്നുവെന്നതാണ്. ഈ പൊതുസമീ പനങ്ങൾ പ്രഗത്ഭർ വിശദീകരിക്കുന്ന പൊതുസമ്മേള നങ്ങളുമുണ്ട്.

വിവിധ ഭരണപരിഷ്കാര കമ്മീഷനുകൾ, നിയമപരിഷ്കാര കമ്മീഷനുകൾ, ശമ്പളപരിഷ്കരണ കമ്മിഷനുകളുടെ ഭരണപരിഷ്കാര നിർദ്ദേശങ്ങൾ എന്നിവ ഈ പൊതുസമ്മേളനങ്ങളിൽ അവതരിപ്പിക്കപ്പെടും. ഇവയുടെ അടിസ്ഥാനത്തിലായിരിക്കും വിവിധ വകുപ്പുകളിലെ നിലവിലുള്ള ഉദ്യോഗസ്ഥരും മുൻ ഉദ്യോഗസ്ഥരും മാനേജ്മെന്റ് വിദഗ്ധരും ജനപ്രതിനിധികളും സാമൂഹ്യരാഷ്ട്രീയ പ്രവർത്തകരും ഭരണപരിഷ്കാര മേഖലയിലെ താരതമ്യേന മെല്ലെപ്പോക്ക് മറികടക്കാ നുള്ള കാര്യപരിപാടിക്ക് രൂപം നൽകുക.

(ചിന്ത വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top