18 April Thursday

കുടുംബശ്രീ എങ്ങനെ വ്യത്യസ്‌തമായിരിക്കുന്നു?...ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

ഡോ. ടി എം തോമസ് ഐസക്Updated: Friday Jul 15, 2022

ലോകത്തെമ്പാടും സൂക്ഷ്‌മ വായ്‌പാ പദ്ധതിയുടെ ഭാഗമായുള്ള വനിതാ സ്വയംസഹായ സംഘങ്ങളുണ്ട്. സ്വയംസഹായ സംഘങ്ങള്‍ വഴി സൂക്ഷ്മ വായ്പകള്‍ നല്‍കിയാല്‍ ബാങ്കുകള്‍ക്കു തിരിച്ചടവ് ഉറപ്പാണ്. ബംഗ്ലാദേശീയ ഗ്രാമീണ്‍ ബാങ്കിന്റെ വിജയകഥയ്‌ക്കുശേഷം ലോകബാങ്ക് തന്നെ മൈക്രോ ക്രെഡിറ്റിനെ മൂന്നാം ലോക രാജ്യങ്ങളിലെല്ലാം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

1997ല്‍ ലോകബാങ്ക് മൈക്രോ ക്രെഡിറ്റ് സമിറ്റ് വാഷിങ്ടണില്‍ വിളിച്ചു ചേര്‍ത്ത് ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ ഒറ്റമൂലിയായി ലഘുസമ്പാദ്യ വായ്പാ പദ്ധതിയെ പ്രഖ്യാപിച്ചു.

ലോകബാങ്കിന്റെ കാഴ്ചപ്പാട്

ലോകബാങ്കിന്റെ കാഴ്ചപ്പാടില്‍ പാവങ്ങള്‍ക്കു പണം എത്തിച്ചുകൊടുത്താല്‍ മതി. ദാരിദ്ര്യത്തില്‍ നിന്നും കരകയറുന്നതിനുള്ള മാര്‍ഗങ്ങള്‍ അവര്‍ കണ്ടെത്തിക്കൊള്ളും. ഇങ്ങനെ എല്ലാവര്‍ക്കും വായ്പ നല്‍കാന്‍ ഭീമമായ തുക വേണ്ടിവരും. അത് അന്തര്‍ദേശീയ ഫിനാന്‍സ് ഏജന്‍സികളില്‍ നിന്നും ലഭ്യമാക്കാനാവും. സ്വയംസഹായങ്ങള്‍ വഴിയാണ് വായ്പയെങ്കില്‍ അവര്‍ക്കു തിരിച്ചടവിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലല്ലോ. പലിശനിരക്കല്ല, വായ്പ ലഭിക്കലാണു പ്രധാനം എന്നൊരു സിദ്ധാന്തവുംകൂടി ലോകബാങ്ക് മുന്നോട്ടുവച്ചു. അങ്ങനെ ദാരിദ്ര്യനിര്‍മാര്‍ജനത്തെ, അന്തര്‍ദേശീയ മൂലധനത്തിനു ലാഭകരമായ ഒരു ഏര്‍പ്പാടായി ലോകബാങ്ക് മാറ്റി.

വിവിധ രാജ്യങ്ങളിലെ സ്വയംസഹായ സംവിധാനങ്ങളെ പഠിച്ച് അവയുടെ ഏറ്റവും നല്ല ചിട്ടകളുടെ മാതൃകാ പാക്കേജുകളും ലോകബാങ്ക് തയ്യാറാക്കി. ഇതിലേറ്റവും പ്രധാനം സന്നദ്ധസംഘടനകളുടെ പങ്കു സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ്. സര്‍ക്കാര്‍ നേരിട്ട് സ്വയംസഹായ മേഖലയില്‍ ഇടപെടാന്‍ പാടില്ല. സര്‍ക്കാരിന്റെ ചുമതല, ഫണ്ടുകള്‍ സന്നദ്ധസംഘടനകള്‍ക്ക് എത്തിച്ചുകൊടുക്കലാണ്.

ഇത്തരത്തിലുള്ള സ്വയംപര്യാപ്തവും ലാഭകരവുമായ മൈക്രോ ഫിനാന്‍സ് സംവിധാനം കാലുറയ്ക്കണമെങ്കില്‍ സമാന്തരമായ സബ്സിഡിയോടുകൂടിയ മറ്റു സ്കീമുകള്‍ പാടില്ല. ഇങ്ങനെ പോകുന്നു ലോകബാങ്ക് സമീപനം. പാവപ്പെട്ടവരെ മുഖ്യധാരയില്‍ നിന്നും അകറ്റുന്നതിനും ആശയപരമായി അവരെ നിരായുധരാക്കുന്നതിനും ആഗോളവല്‍ക്കരണ പ്രക്രിയയ്ക്ക് അനുപൂരകമായി അവരെ ഒരുക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.

കുടുംബശ്രീയുടെ രൂപീകരണം

കേരളത്തില്‍ത്തന്നെ കുടുംബശ്രീയുടെ ഒരു തുടക്കം യൂണിസെഫിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ അര്‍ബന്‍ ബെയ്സ്ഡ് സര്‍വീസസ് ആണല്ലോ. ഇതിന്റെ മാതൃകയില്‍ സാക്ഷരതാ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി മലപ്പുറം ജില്ലയിലാകെ സ്വയംസഹായ സംഘങ്ങള്‍ രൂപീകൃതമായി. ഇതോടൊപ്പം ജനകീയാസൂത്രണത്തിന്റെ ഭാഗമായി അയല്‍ക്കൂട്ടങ്ങളും തൊഴില്‍ഗ്രൂപ്പുകളും സ്വയംസഹായ സംഘങ്ങളും ഉയര്‍ന്നുവന്നു. ഇവയില്‍ നിന്നെല്ലാം അനുഭവ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കുടുംബശ്രീക്കു രൂപം നല്‍കിയത് എങ്ങനെയാണെന്ന് അന്നത്തെ വകുപ്പു മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ വിശദമായ അഭിമുഖം ഈ ലക്കം ചിന്തയോടൊപ്പം ഉള്ളതുകൊണ്ട് ചരിത്രത്തിലേക്കു കടക്കുന്നില്ല.

കുടുംബശ്രീയ്ക്കു സമാനമായ ഒരു സ്വയംസഹായ സംഘ സംവിധാനം ലോകത്തെവിടെയും കാണാനാവില്ല. ഇതര സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും രൂപംകൊണ്ടിട്ടുളള സ്വയം സഹായ സംഘസംവിധാനങ്ങളില്‍ മഹാഭൂരിപക്ഷവും ലോകബാങ്കിന്റെ കാഴ്ചപ്പാടില്‍ രൂപീകരിക്കപ്പെട്ടതാണ്. അതേസമയം ലോകബാങ്കിന്റെ നിര്‍ദ്ദേശങ്ങളെ ബോധപൂര്‍വം തിരസ്കരിച്ചുകൊണ്ട് നമ്മുടെ നാടിന് അനുയോജ്യമായ രീതിയിലാണ് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് കുടുംബശ്രീ ആവിഷ്കരിക്കപ്പെട്ടത്.

അയല്‍ക്കൂട്ടങ്ങള്‍

ഒന്നാമതായി, ജാതി, മത രാഷ്ട്രീയ ഭേദങ്ങള്‍ക്ക് അതീതമായി സംഘടിപ്പിച്ചിട്ടുളള അയല്‍ക്കൂട്ടങ്ങളുടെ ശൃംഖലയാണ് കുടുംബശ്രീ. മറ്റു സ്വയംസഹായ സംഘങ്ങള്‍ ഇഷ്ടക്കാരുടെ കൂട്ടങ്ങളാണ്. അയലത്തുകാരാണെങ്കില്‍ കുടുംബശ്രീയില്‍ നിന്ന് ഒരു കുടുംബത്തെയും ഒഴിവാക്കാനാവില്ല. മാത്രമല്ല സ്വയംസഹായ സംഘമെന്ന പേരില്‍ തന്നെ തെറ്റായ ഒരു ആശയമുണ്ട്:

പാവപ്പെട്ടവരെ സഹായിക്കാന്‍ അവര്‍ അല്ലാതെ വേറെ ആരും ഇല്ല. എന്തുകൊണ്ടാണ് അവര്‍ ദരിദ്രരായിരിക്കുന്നത്? കാരണം സമ്പാദിച്ചില്ല. കിട്ടിയതെല്ലാം ചെലവാക്കിക്കളഞ്ഞു. എന്താണു രക്ഷാമാര്‍ഗ്ഗം? ലഘുസമ്പാദ്യവും അതിന്റെ അടിസ്ഥാനത്തിലുള്ള വായ്പയും. ഇതില്‍പ്പരം അരാഷ്ട്രീയമായ ഒരു കാഴ്ചപ്പാട് വേറെ ഇല്ല.

തദ്ദേശഭരണ സ്ഥാപനങ്ങള്‍

രണ്ടാമതായി, സര്‍ക്കാര്‍ ഏജന്‍സികളോ സന്നദ്ധ സംഘടനകളോ അല്ല കുടുംബശ്രീയെ സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് അവ രൂപംകൊണ്ടിട്ടുള്ളത്. ബോധപൂര്‍വമാണ് മലപ്പുറത്തേതു പോലെ ബ്ലോക്ക്, ജില്ലാതലത്തിലുള്ള ഫെഡറേറ്റിംഗ് സംവിധാനങ്ങള്‍ വേണ്ടെന്നുവച്ചത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കുടുംബശ്രീക്കു സമാന്തരമായി ജനശ്രീ എന്ന ഒരു സന്നദ്ധസംഘടനാ സംവിധാനത്തെ കൊണ്ടുവരുന്നതിനുള്ള പരിശ്രമത്തെ വലിയൊരു സമരത്തിലൂടെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ എതിര്‍ത്തു തോല്‍പ്പിച്ചത്.

ഏകോപനത്തിനുള്ള വേദി

മൂന്നാമതായി, മൈക്രോ ഫിനാന്‍സിനെ ദാരിദ്ര്യത്തിനുളള ഒറ്റമൂലിയായി കുടുംബശ്രീ കാണുന്നില്ല. മറ്റു ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടികള്‍ക്കു പൂരകമായിട്ടാണ് സൂക്ഷ്മ സമ്പാദ്യവും വായ്പയും പ്രതിഷ്ഠിക്കപ്പെട്ടത്. സര്‍ക്കാരിന്റെ എല്ലാ ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികളും ഏകീകരിക്കാനുളള വേദിയാണ് കുടുംബശ്രീ. അങ്ങനെ കേന്ദ്രþസംസ്ഥാന പ്രാദേശിക സര്‍ക്കാരുകളുടെ ഒരു പ്രധാനപ്പെട്ട നിര്‍വഹണ ഏജന്‍സിയായി കുടുംബശ്രീ മാറി.

വരുമാനദായക പ്രൊജക്ടുകള്‍

നാലാമതായി, വായ്പ നല്‍കുക മാത്രമല്ല, വരുമാനദായക പ്രൊജക്ടുകളും കുടുംബശ്രീ വഴി നടപ്പാക്കുന്നതിന് മുന്‍ഗണന നല്‍കുന്നു. ഗ്രാമീണ്‍ ബാങ്ക് മോഡലില്‍ നിന്ന് കുടുംബശ്രീയെ വേര്‍തിരിക്കുന്ന ഒരു സുപ്രധാന ഘടകമാണിത്. എല്ലാറ്റിലുമുപരി സ്ത്രീശാക്തീകരണത്തിനുളള സുപ്രധാന ഇടപെടലാണ് കുടുംബശ്രീയുടെ ഭാവിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ശ്രീമതി ടീച്ചറുടെ ലേഖനത്തില്‍ പറയുന്നതുപോലെ തൊഴില്‍ സൃഷ്ടി ഏറ്റവും പ്രധാനപ്പെട്ട കടമയായി മാറുന്നു.

ദരിദ്ര കുടുംബങ്ങളുടെ മാത്രമല്ല

അഞ്ചാമതായി, കുടുംബശ്രീയില്‍ കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും അംഗങ്ങളാവാം. ആലപ്പുഴയിലെയും മലപ്പുറത്തെയും അയല്‍ക്കൂട്ടങ്ങളില്‍ ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ളവര്‍ക്കേ അംഗത്വം അനുവദനീയമായിരുന്നുള്ളൂ. നായനാര്‍ സര്‍ക്കാരിനുശേഷം വന്ന യുഡിഎഫ് സര്‍ക്കാര്‍ കുടുംബശ്രീയെ വീണ്ടും ദരിദ്ര കുടുംബങ്ങളുടെ സംഘടനയാക്കി മാറ്റുന്നതിന് ഒരു പരിശ്രമം നടത്തുകയുണ്ടായി.

അതു വിജയിച്ചിരുന്നുവെങ്കില്‍ ദരിദ്രര്‍ക്കും അല്ലാതുള്ളവര്‍ക്കും പ്രത്യേകം സംഘടനകള്‍ ഉണ്ടായേനെ. അതു മാത്രമല്ല, നാട്ടിന്‍പുറങ്ങളിലെ വനിതാ നേതൃത്വം പലപ്പോഴും ദാരിദ്ര്യരേഖയ്ക്കു തൊട്ടുമുകളിലുള്ള വിഭാഗത്തില്‍ നിന്നാണു വരിക. അവരുടെ സേവനം കുടുംബശ്രീക്കു ലഭ്യമാകാതെ വന്നേനെ. ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവര്‍ ദരിദ്രരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുമെന്ന ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല. അതു തടയാന്‍ കൃത്യമായ ചട്ടങ്ങള്‍ ഉണ്ടാക്കിയാല്‍ മതി.

ഗ്രാമസഭയുടെ ഉപഘടകങ്ങള്‍

ആറാമതായി, നാടിന്റെ ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടാണ് കുടുംബശ്രീ രൂപംകൊണ്ടത്. നാളെ ഇവയെ ഗ്രാമസഭകളുടെ ഉപഘടകങ്ങളായി വളര്‍ത്തിയെടുക്കണമെന്നതായിരുന്നു കാഴ്ചപ്പാട്. ഗ്രാമസഭ ചേരുംമുമ്പ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ചേര്‍ന്ന് അജന്‍ഡ വിശദമായി ചര്‍ച്ച ചെയ്താല്‍ ഫലപ്രദമായി ഗ്രാമസഭാ ചര്‍ച്ചയില്‍ പങ്കെടുക്കാനാവും. കുടുംബശ്രീ അംഗങ്ങള്‍ അല്ലാത്ത കുടുംബങ്ങളെയും ഇത്തരം യോഗങ്ങളിലേക്ക് ക്ഷണിക്കാവുന്നതേയുള്ളൂ.

സ്ത്രീ ശാക്തീകരണം

ഏഴാമതായി, കുടുംബശ്രീയെ സ്ത്രീ ശാക്തീകരണത്തിനുള്ള ഒരു സുപ്രധാന ഉപാധിയായിട്ടാണു കണ്ടിട്ടുള്ളത്. എന്നുവച്ചാല്‍ ഈ വനിതാ ശൃംഖല കേവലം സാമ്പത്തിക കാര്യങ്ങള്‍ക്കു വേണ്ടിയുള്ള ഒന്നല്ല. സ്ത്രീകളുടെ പ്രായോഗിക ജന്‍ഡര്‍ പ്രശ്നങ്ങള്‍ പരിഹരിക്കുക മാത്രമല്ല തന്ത്രപരമായ ജന്‍ഡര്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ഉപകരണംകൂടിയാണ് കുടുംബശ്രീ.

പരമാവധി സ്വയംഭരണം

എട്ടാമതായി കുടുംബശ്രീ യൂണിറ്റുകള്‍ക്കും സിഡിഎസിനും പരമാവധി സ്വാതന്ത്ര്യം ഉറപ്പുവരുത്തി. 200-11 കാലത്തെ സര്‍ക്കാരാണ് ഇതിനുള്ള നടപടികള്‍ സ്വീകരിച്ചത്. സംഘടനയെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുകയും പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്തു.

ഇതിനായി കുടുംബശ്രീ നിയമാവലി ഭേദഗതി ചെയ്ത് തദ്ദേശഭരണസ്ഥാപനങ്ങള്‍ കുടുംബശ്രീയുടെ ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് നിയന്ത്രിച്ചു. ഭാരവാഹികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനു പകരം തിരഞ്ഞെടുക്കുനതിനുള്ള ചട്ടങ്ങള്‍ക്ക് രൂപംനല്‍കി. അതുപോലെ തന്നെ സ്വയംതൊഴില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘസമീപനവും ശക്തമായ പിന്തുണസംവിധാനവും ഉറപ്പു വരുത്തി. അവകാശ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്ത്രീപദവി പഠനം സാര്‍വത്രികമാക്കി. കുടുംബശ്രീ ഭാരവാഹികള്‍ക്ക് മിഷന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് അവസരങ്ങള്‍ നല്‍കി.
ഈ അന്യാദൃശ്യമായ സവിശേഷതകളോടു കൂടിയ വനിതാ അയല്‍ക്കൂട്ട ശൃംഖല ഇതിനകം കേരളത്തില്‍ വരുത്തിയ മാറ്റങ്ങള്‍ വലുതാണ്. പാവങ്ങള്‍ക്ക് പതിനായിരത്തോളം കോടി രൂപയുടെ ലഘുവായ്പകള്‍ ചുരുങ്ങിയ പലിശയ്ക്കു ലഭ്യമാക്കി. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് ഉയര്‍ത്താന്‍ സഹായിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപങ്കാളിത്തത്തെ സമൃദ്ധമാക്കി. തൊഴിലിടങ്ങളിലും പൊതുരംഗത്തും സ്ത്രീക്ക് ദൃശ്യത നല്‍കി. സ്ത്രീകള്‍ക്ക് ഒരു പുതിയ തന്റേടം നല്‍കി.

(ചിന്ത വാരികയിൽ നിന്ന്)


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top