19 April Friday

കേരളം കടക്കെണിയിലേയ്ക്കോ...? ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

ഡോ. ടി എം തോമസ് ഐസക്Updated: Friday Jul 8, 2022

റിസര്‍വ് ബാങ്ക് മാസികയിലെ സംസ്ഥാനങ്ങളുടെ കടത്തെ സംബന്ധിച്ച ലേഖനം വീണ്ടും കേരളത്തിന്റെ കടക്കെണിയെക്കുറിച്ചുള്ള ആശങ്കകളെ ഊതിവീര്‍പ്പിച്ചിരിക്കുകയാണ്. ചില സാമ്പത്തിക വിദഗ്ധര്‍ നമ്മള്‍ കടക്കെണിയിലേക്കാണെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. പത്രങ്ങള്‍ പലതും മുഖപ്രസംഗങ്ങള്‍ തന്നെ എഴുതി. ഇത്തരമൊരു ചര്‍ച്ച വളര്‍ത്തിയെടുക്കുന്നത് അത്ര നിഷ്കളങ്കമായ ഒരു അഭ്യാസമല്ല. സംസ്ഥാന അധികാരങ്ങളുടെമേല്‍ കടുത്ത കൂച്ചുവിലങ്ങിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നത്.

കോവിഡുകാലത്തെ കടം

റിസര്‍വ് ബാങ്ക് മാസികയിലെ ലേഖനത്തിന്റെ തുടക്കം കേരളത്തിന്റെ കടം ജിഡിപി തോത് 37 ശതമാനമായി ഉയര്‍ന്നതായാണ്. പഞ്ചാബും രാജസ്ഥാനും മാത്രമേയുള്ളൂ കേരളത്തിന്റെ മുന്നില്‍. 2020-21/2022-23 വര്‍ഷങ്ങളാണ് മാസിക പരിഗണിക്കുന്നത്. അതായത് കോവിഡുകാലം.

കോവിഡുകാലത്ത് ദേശീയ വരുമാനം ഇടിഞ്ഞു. ജനങ്ങളുടെ വാങ്ങല്‍ കഴിവ് തകര്‍ന്നു. ഇക്കാലത്ത് സര്‍ക്കാരും ചെലവ് ചുരുക്കിയാല്‍ സാമ്പത്തിക തകര്‍ച്ച അതിരൂക്ഷമാകും. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന വായ്പാ പരിധി 3 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി ഉയര്‍ത്തിയത്. 2021-22ലും വായ്പാ പരിധി ഉയര്‍ത്തി അനുവദിച്ചു. ഈ അനുവദനീയ വായ്പയാണ് കേരള സര്‍ക്കാര്‍ എടുത്തു ചെലവഴിച്ചത്.

കോവിഡുകാലത്ത് ദേശീയ വരുമാനം ഇടിഞ്ഞു. ജനങ്ങളുടെ വാങ്ങല്‍ കഴിവ് തകര്‍ന്നു. ഇക്കാലത്ത് സര്‍ക്കാരും ചെലവ് ചുരുക്കിയാല്‍ സാമ്പത്തിക തകര്‍ച്ച അതിരൂക്ഷമാകും. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന വായ്പാ പരിധി 3 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി ഉയര്‍ത്തിയത്. 2021-22ലും വായ്പാ പരിധി ഉയര്‍ത്തി അനുവദിച്ചു. ഈ അനുവദനീയ വായ്പയാണ് കേരള സര്‍ക്കാര്‍ എടുത്തു ചെലവഴിച്ചത്. അങ്ങനെ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന വായ്പാ തുക ഉയര്‍ന്നു. അതേസമയം ദേശീയ വരുമാനം കേവലമായിട്ടു തന്നെ ഇടിഞ്ഞു. കേരളത്തില്‍ 9ശതമാനമാണ് വരുമാനം ഇടിഞ്ഞത്. സ്വാഭാവികമായും കടവും ജിഡിപിയുമായിട്ടുള്ള തോത് ഉയരും. ഇതില്‍ ഭയപ്പെടാനൊന്നുമില്ല. കാരണം വരും വര്‍ഷങ്ങളില്‍ വായ്പയെടുക്കുന്ന തോത് 5 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി താഴും. അതേസമയം, സംസ്ഥാന ജിഡിപി വളര്‍ച്ച പഴയ നിലയിലേക്ക് ഉയരും. കടം ജിഡിപി തോത് താഴും.

ആഗോള കടം കോവിഡുകാലത്ത്

ഇതുതന്നെയാണ് ലോകത്തെമ്പാടും നടക്കുന്നത്. ഐഎംഎഫിന്റെ കണക്കു പ്രകാരം ആഗോള കടം 226 ലക്ഷം കോടി ഡോളറായിട്ടുണ്ട്. ഇത് ആഗോള ജിഡിപിയുടെ 256 ശതമാനമാണ്. കോവിഡു കാലത്ത് 28 ശതമാന പോയിന്റാണ് ഉയര്‍ന്നത്. ഈ കണക്കില്‍ സര്‍ക്കാരുകളുടെ മാത്രമല്ല, സ്വകാര്യ വ്യക്തികളുടെയും സ്ഥാനങ്ങളുടെയും കടവും ഉള്‍പ്പെടും.

സര്‍ക്കാരുകളുടെ കടം മാത്രമെടുത്താല്‍ ആഗോള വരുമാനത്തിന്റെ 99 ശതമാനം വരും. വികസിത രാജ്യങ്ങളില്‍ ഇത് 124 ശതമാനം വരും. 2008ലെ കുഴപ്പത്തിനു മുമ്പ് ഇത് 70 ശതമാനം മാത്രമായിരുന്നു. ഇന്ത്യ അടക്കമുള്ള എമര്‍ജിംഗ് രാജ്യങ്ങളുടെ കടം അവരുടെ ദേശീയ വരുമാനത്തിന്റെ 65 ശതമാനം വരും. ഇതാണ് അവസ്ഥ. അപ്പോഴാണ് കേരളത്തിന്റെ കടഭാരം സംസ്ഥാന ജിഡിപിയുടെ 37 ശതമാനം വന്നൂവെന്നു പറഞ്ഞ് ഭീതിപരത്തുന്നത്.

സര്‍ക്കാരുകളുടെ കടം മാത്രമെടുത്താല്‍ ആഗോള വരുമാനത്തിന്റെ 99 ശതമാനം വരും. വികസിത രാജ്യങ്ങളില്‍ ഇത് 124 ശതമാനം വരും. 2008ലെ കുഴപ്പത്തിനു മുമ്പ് ഇത് 70 ശതമാനം മാത്രമായിരുന്നു. ഇന്ത്യ അടക്കമുള്ള എമര്‍ജിംഗ് രാജ്യങ്ങളുടെ കടം അവരുടെ ദേശീയ വരുമാനത്തിന്റെ 65 ശതമാനം വരും. ഇതാണ് അവസ്ഥ. അപ്പോഴാണ് കേരളത്തിന്റെ കടഭാരം സംസ്ഥാന ജിഡിപിയുടെ 37 ശതമാനം വന്നൂവെന്നു പറഞ്ഞ് ഭീതിപരത്തുന്നത്.

കേരളവും മറ്റു സംസ്ഥാനങ്ങളും

കേരളവും മറ്റു പല സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം ഇതാണ്: ഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ വായ്പാ അവകാശം ഉപയോഗിച്ചില്ല. എടുത്ത വായ്പയില്‍ ഏതാണ്ട് 1.5 ലക്ഷം കോടി രൂപ ചെലവാക്കാതെ കേന്ദ്ര സര്‍ക്കാരിനുതന്നെ മടക്കിക്കൊടുത്തു (ഇന്ത്യാ സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിച്ചു). കേരളമാവട്ടെ അനുവദിച്ച വായ്പ പൂര്‍ണ്ണമായി എടുക്കുകയും ജനങ്ങള്‍ക്കു സഹായം നല്‍കുകയും ചെയ്തു.

കേരള സര്‍ക്കാരിന്റെ വിമര്‍ശകര്‍ നല്‍കുന്ന ഉപദേശം എന്താണ്?

കോവിഡു കാലത്ത് വായ്പയെടുത്ത് ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കിയത് തെറ്റായിപ്പോയി എന്നാണോ? അതോ മറ്റു സംസ്ഥാനങ്ങളെപ്പോലെ വായ്പ എടുത്താലും റവന്യു കമ്മി കൂടുമെന്നു പേടിച്ച് ചെലവാക്കാതെ കേന്ദ്രസര്‍ക്കാരിന്റെ കടപ്പത്രങ്ങളില്‍ ചുരുങ്ങിയ പലിശയ്ക്കു നിക്ഷേപിക്കണമായിരുന്നോ?

ഭാവി കടബാധ്യത ബജറ്റ് കണക്കുകൂട്ടല്‍

2026-27 ആകുമ്പോള്‍ കേരളത്തിന്റെ കടം ജിഡിപിയുടെ എത്ര ശതമാനം വരും? ഇപ്പോള്‍ അവതരിപ്പിക്കുന്ന കേരള ബജറ്റ് പ്രകാരം 2022-23ലായിരിക്കും ഇത് ഏറ്റവും ഉയര്‍ന്ന തോതില്‍ വരിക 37.18. അതുകഴിഞ്ഞാല്‍ കടത്തോത് കുറഞ്ഞുവരും. 2024-25ല്‍ അത് 35.7 ശതമാനമേ വരൂ.
എന്നാല്‍ 2024-25 ആകുമ്പോഴേക്കും അത് 32, 33 ശതമാനമായി താഴുമെന്നാണ് എന്റെ കണക്കുകൂട്ടല്‍. കാരണം ബജറ്റ് രേഖയിലെ അനുമാനം ധനക്കമ്മി 3.5 ശതമാനംവച്ച് തുടരുമെന്നുള്ളതാണ്. ഇതിനുള്ള ഒരു അവകാശവും സംസ്ഥാന സര്‍ക്കാരിന് ഉണ്ടാവില്ല. 3 ശതമാനത്തിന് അപ്പുറം വായ്പയെടുക്കാന്‍ കഴിയുകയില്ല.

ഭാവി കടം റിസര്‍വ് ബാങ്ക് ഗിഫ്റ്റ്

എന്നാല്‍ റിസര്‍വ് ബാങ്കിന്റെ പഠനം പറയുന്നത് രാജസ്ഥാന്‍, കേരളം, ബംഗാള്‍ എന്നിവയുടെ കടം 2026þ27ല്‍ ഈ സംസ്ഥാനങ്ങളുടെ ജിഡിപിയുടെ 35 ശതമാനത്തില്‍ അധികം വരുമെന്നാണ്. ദൗര്‍ഭാഗ്യവശാല്‍ ഈ പ്രൊജക്ഷന്റെ അനുമാനങ്ങള്‍ പഠനത്തില്‍ ലഭ്യമല്ല.
ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ (ഗിഫ്റ്റ്) ആര്‍ബിഐ പഠനത്തിന്റെ ഒരു വിമര്‍ശന പ്രബന്ധം തയ്യാറാക്കുന്നുണ്ട്. അതില്‍ അവര്‍ കേരളത്തിന്റെ കടബാധ്യതയുടെ ഭാവി പ്രവണതകളെ പ്രവചിക്കുന്നുണ്ട്. 2001-22 കാലത്തെ പ്രവണതകളുടെ അടിസ്ഥാനത്തിലാണ് പ്രൊജക്ഷന്‍. കേരളത്തിന്റെ ജിഎസ്ഡിപി കോവിഡിനു മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ താഴ്ന്ന നിലയിലേ വര്‍ദ്ധിക്കുന്നുള്ളൂ. എന്നിരുന്നാല്‍ത്തന്നെയും 3 ശതമാനം വീതം ഓരോ വര്‍ഷവും കടം വാങ്ങിക്കൊണ്ടിരുന്നാല്‍ 2026-27 ആകുമ്പോള്‍ കേരളത്തിന്റെ കടം ജിഡിപിയുടെ 30 ശതമാനമായി കുറയും. ഇതാണ് യാഥാര്‍ത്ഥ്യം.

കടബാധ്യതയുടെ ഉയര്‍ച്ച താഴ്ചകള്‍

ഗിഫ്റ്റിന്റെ ഇതേ പഠനത്തില്‍ വിവിധ ആധികാരിക പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ കടം ജിഡിപി തോതില്‍ വന്ന മാറ്റങ്ങള്‍ നല്‍കുന്നുണ്ട്. അതാണ് പട്ടിക 1 ല്‍ നല്‍കിയിട്ടുള്ളത്. 1997-98/2003-04 കാലത്ത് ഇത് 31.8 ശതമാനം ആയിരുന്നു. കേരളത്തിന്റെ റാങ്ക് ഏഴാമത്തേത് ആയിരുന്നു. 2004-05/2011-12 കാലത്ത് ഇത് 33.3 ശതമാനം ആയി ഉയര്‍ന്നു. കേരളത്തിന്റെ റാങ്ക് ഏഴായിത്തന്നെ തുടര്‍ന്നു. 2012-13/2015-26 കാലത്ത് ഇത് 31.5 ശതമാനം ആയി കുറഞ്ഞു. റാങ്ക് നാലാമത്തേത് ആയി. 2016-17/2019-20 കാലത്ത് വീണ്ടും 30.83 ശതമാനം ആയി കുറഞ്ഞു. റാങ്ക് ആറാമത്തേതായി.

കോവിഡ് കാലത്ത് ഇത് കുത്തനെ ഉയര്‍ന്നു. 2026-27 ആകുമ്പോഴേക്കും ഇതു വീണ്ടും 30 ശതമാനമായി താഴും. ചുരുക്കത്തില്‍ കടം ജിഡിപി തോത് കൂടുകയും കുറയുകയും ചെയ്യും. ഇനിയുള്ള വര്‍ഷങ്ങളില്‍ കുറയാനാണു പോകുന്നത്.
എന്തുകൊണ്ട് കടം ജിഡിപി തോത് കുറയുമെന്നുള്ളത് ഒന്നുകൂടി വിശദീകരിക്കട്ടെ. കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന സാമ്പത്തിക ഉത്തേജക നടപടികളും കിഫ്ബിയുടെ ഭീമമായ നിക്ഷേപവുംമൂലം കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത വര്‍ദ്ധിക്കും. അതേസമയം ഒരു കാരണവശാലും കേരളത്തിന് ഇനി 3 ശതമാനത്തിന് അപ്പുറം വായ്പയെടുക്കാന്‍ ആവില്ല. ഓഫ് ബജറ്റ് വായ്പയോ ട്രഷറി സേവിംഗ്സ് ബാങ്ക് വഴിയുള്ള വായ്പയോ ഇനി സാധ്യമല്ല. ഈ പശ്ചാത്തലത്തില്‍ കടം ജിഡിപി തോത് കുറയാതെ നിര്‍വാഹമില്ല. കേരളം മാത്രമല്ല ഇന്ത്യയിലെ ഒരു സംസ്ഥാനവും കടക്കെണിയില്‍ചെന്നു വീഴില്ല.

കേന്ദ്രത്തിന്റെ രഹസ്യ അജന്‍ഡ

ധനകാര്യ കമ്മീഷന്‍ നിര്‍ദ്ദേശിച്ച 30 ശതമാനം കടംജിഡിപി താല്‍ക്കാലികമായി അധികരിച്ചത് വലിയ പാതകമൊന്നും അല്ല. ലോകത്തെമ്പാടും ഇതു തന്നെയാണ് അരങ്ങേറിയത്. ഇന്നത്തെ ബഹളത്തിന്റെ ദുരുദ്ദേശ്യം എന്താണെന്നു ചോദിച്ചാല്‍ ഫിനാന്‍സ് കമ്മീഷന്റെ കടം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ബന്ധമായി പാലിക്കേണ്ടവയല്ല. അവ നിര്‍ബന്ധിതമാക്കാനുള്ള കുത്സിത നീക്കം മോദിസര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു. അതുപ്രകാരം കേരളം പോലുള്ള സംസ്ഥാനങ്ങളുടെ വായ്പയെടുക്കാനുള്ള അവകാശങ്ങള്‍ കര്‍ശനമായി പരിമിതപ്പെടുത്തി കടത്തോത് 30 ശതമാനത്തിലേക്കു താഴ്ത്തണം. ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍.കെ. സിങ് അധ്യക്ഷനായുള്ള ധനഉത്തരവാദിത്വ റിവ്യു കമ്മിറ്റി കട-ജിഡിപി തോത് 25 ശതമാനം ആക്കണമെന്നാണു നിര്‍ദ്ദേശിച്ചിരുന്നത്. കടക്കെണിയെക്കുറിച്ചു ഭീതി സൃഷ്ടിച്ച് ഇത്തരം നിബന്ധനകള്‍ സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്.

(ചിന്ത വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top