29 March Friday

ജിഎസ്ടി നികുതി വര്‍ദ്ധനവിന് കേന്ദ്രമന്ത്രിയുടെ ന്യായീകരണം- ഡോ. ടി എം തോമസ് ഐസക് എഴുതുന്നു

ഡോ. ടി എം തോമസ് ഐസക്Updated: Saturday Aug 6, 2022

ജി.എസ്ടി നികുതി വര്‍ദ്ധിപ്പിച്ചതു സംബന്ധിച്ച് നിര്‍മ്മല സീതാരാമന്റെ 14 ട്വീറ്റുകളുടെ ഒരു പരമ്പര ഉണ്ടായിരുന്നു. ഭക്ഷ്യധാന്യങ്ങള്‍, അവയുടെ പൊടികള്‍, തൈര് തുടങ്ങിയ 11 ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ ലിസ്റ്റ് നല്‍കിയിട്ട് അവര്‍ പ്രഖ്യാപിക്കുന്നത് ഇതാണ്: ''താഴെപ്പറയുന്ന ലിസ്റ്റിലെ ഇനങ്ങള്‍ മുന്‍കൂര്‍ ലേബല്‍ ചെയ്യാതെയോ, പാക്ക് ചെയ്യാതെയോ ചില്ലറയായി വിറ്റാല്‍ അവയുടെ മേല്‍ ജി.എസ്.ടി നികുതി ബാധകമാവില്ല''.

കേന്ദ്ര ധനമന്ത്രിയുടെ മിടുക്ക്

കേന്ദ്ര ധനമന്ത്രിയുടെ 'സാമര്‍ത്ഥ്യം' സമ്മതിച്ചേതീരൂ. നികുതി വര്‍ദ്ധിപ്പിച്ചത് എന്തോ വലിയ ആനുകൂല്യം നല്‍കിയെന്ന മട്ടിലാണ് അവതരിപ്പിക്കുന്നത്. മുന്‍പുണ്ടായിരുന്ന സ്ഥിതി എന്തായിരുന്നു? മേല്‍പ്പറഞ്ഞവ ചില്ലറയായി തൂക്കി വിറ്റാലും പ്ലാസ്റ്റിക് കവറിലാക്കി ലേബലോടുകൂടിയോ ഇല്ലാതെയോ വിറ്റാലും നികുതി കൊടുക്കേണ്ടതില്ലായിരുന്നു. ബ്രാന്‍ഡ് ചെയ്ത പാക്കറ്റുകളില്‍ വിറ്റാല്‍ മാത്രമേ 5 ശതമാനം നികുതി ബാധകമാകുമായിരുന്നുള്ളൂ. രജിസ്റ്റേര്‍ഡ് ബ്രാന്‍ഡ് അല്ലാതെ വെറും പേരാണെങ്കിലോ പേരൊന്നും ഇല്ലെങ്കിലോ നികുതി കൊടുക്കേണ്ടതില്ല. പക്ഷേ ഇനി മേല്‍ ലേബല്‍ ഉണ്ടെങ്കില്‍ നികുതി കൊടുക്കണം. മുന്‍കൂറായി പ്ലാസ്റ്റിക് ബാഗുകളിലാക്കി തൂക്കി സീല്‍ ചെയ്തുവച്ചാലും നികുതി കൊടുക്കണം. ഇതൊന്നും ചെയ്യാതെ ഉപഭോക്താവിനു മുന്നില്‍വച്ച് തൂക്കി പൊതിഞ്ഞു നല്‍കുന്നതിനു നികുതി കൊടുക്കേണ്ടതില്ല. എന്തൊരു ഔദാര്യം!

ഉദാഹരണത്തിന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഉല്‍പ്പന്നങ്ങള്‍ എല്ലാം പ്ലാസ്റ്റിക് കവറില്‍ അരക്കിലോ, ഒരുകിലോ പാക്ക് ചെയ്താണു വില്‍ക്കുന്നത്. ഇതുകൊണ്ടുള്ള ഗുണം പലതാണ്. ഒന്ന്, തൂക്കം കൃത്യമായിട്ട് ഉണ്ടാകും. രണ്ട്, സാധനങ്ങള്‍ വാങ്ങാന്‍ എളുപ്പമാണ്. എന്നാല്‍ പുതിയ നിയമം വന്നതോടെ ഇതിനും നികുതി വേണം.

കുത്തക പ്രീണനം

നികുതി വര്‍ദ്ധനവിന് നിര്‍മ്മലാ സീതാരാമന്‍ പറയുന്ന കാരണം വിചിത്രമാണ്.

പല കമ്പനികളും ബ്രാന്‍ഡ് വേണ്ടെന്നുവച്ച് വില്‍ക്കുന്നതുകൊണ്ട് നികുതി ചോരുന്നു. ബ്രാന്‍ഡ് വേണ്ടെന്ന് ഏതെങ്കിലുമൊരു വലിയ വ്യാപാര സ്ഥാപനം ഒരിക്കലും തീരുമാനിക്കില്ല. കാരണം അത്രയേറെ പരസ്യവും മറ്റും നല്‍കി ബ്രാന്‍ഡ് സ്ഥാപിച്ച് എടുത്തിട്ടുള്ളതാണ്. കുടുംബശ്രീയോ ചെറുകിട കച്ചവടക്കാരോ ബേക്കറികളോ മറ്റോ തങ്ങളുടെ ബ്രാന്‍ഡിനു രജിസ്ട്രേഷന്‍ വേണ്ടെന്നുവച്ചുകാണും. ഇതിനെയാണ് പര്‍വതീകരിച്ചു വലിയ പ്രശ്നമാക്കുന്നത്.

ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന സംവിധാനത്തിലും നികുതി ചോരാമല്ലോ. ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത് 25 കിലോയില്‍ താഴെയുള്ള ചെറുപായ്ക്കറ്റുകളില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെമേല്‍ നികുതി ചുമത്തിയാല്‍ മതി എന്നാണ്. എന്നുവച്ചാല്‍ വലിയ ഡ്രമ്മിലും ചാക്കിലുമെല്ലാം വില്‍ക്കുന്നവയുടെമേല്‍ നികുതി ഇല്ല. ഇത്തരത്തില്‍ വലിയ പായ്ക്കറ്റുകളില്‍ വരുന്ന അരിയും ഗോതമ്പുമെല്ലാം പിന്നീട് ചില്ലറയായി തൂക്കി വില്‍ക്കുകയാണല്ലോ പതിവ്. ഈ ചില്ലറ വില്‍പ്പനയുടെമേല്‍ നികുതി വരാതിരിക്കാനാണ് 25 കിലോ എന്ന പരിധി തീരുമാനിച്ചതെന്നാണു വിശദീകരണം.

പക്ഷേ ബ്രാന്‍ഡഡ് ധാന്യങ്ങളും ധാന്യപ്പൊടികളും വില്‍ക്കുന്ന കുത്തക കമ്പനികള്‍ അവരുടെ ചാക്കുകള്‍ക്കുമേല്‍ 25 കിലോ എന്നത് 26 കിലോ എന്നു തിരുത്തി എഴുതി നികുതിയില്‍ നിന്നും ഒഴിവാവുകയാണ്. നേരത്തേ ബ്രാന്‍ഡ് ഉണ്ടെങ്കില്‍ എത്ര കിലോ പായ്ക്കറ്റാണെങ്കിലും നികുതി നല്‍കണമായിരുന്നു. ഈ പുതിയ സംവിധാനമാണ് നികുതി വെട്ടിപ്പിനിടയാക്കാന്‍ പോകുന്നത്.

നിര്‍മ്മല സീതാരാമന്‍ കുത്തക കമ്പനികളുടെ വക്കാലത്ത് എടുത്തിരിക്കുകയാണ്. നേരത്തേ ബ്രാന്‍ഡുള്ള വന്‍കിടക്കാര്‍ക്ക് നികുതിയില്‍ നിന്ന് ഒഴിവാകാന്‍ പറ്റുമായിരുന്നില്ല. അതേസമയം ചെറുകിടക്കാര്‍ ബ്രാന്‍ഡ് വേണ്ടെന്നുവച്ച് പേരില്ലാതെ പായ്ക്കറ്റുകളിലാക്കി വില്‍ക്കുമായിരുന്നു. ഈ വിവേചനത്തെക്കുറിച്ച് വന്‍കിട കമ്പനികള്‍ കേന്ദ്രത്തിന് പരാതി നല്‍കിയെന്നാണ് ട്വീറ്റില്‍ അവര്‍ പറയുന്നത്.

അറിയാതെ അവര്‍ പറഞ്ഞുവയ്ക്കുന്നത് വന്‍കിട കമ്പനികളെ സഹായിക്കാനാണ് പുതിയ നിലപാടെന്നാണ്.

പുതിയ ജി.എസ്.ടി നിരക്കുഘടന കുത്തക കമ്പനികളെ സഹായിക്കാന്‍ വേണ്ടിയുള്ള കേന്ദ്രത്തിന്റെ ആസൂത്രിതമായ നീക്കമാണ്. ബ്രാന്‍ഡ് ചെയ്ത് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ 26 കിലോ പായ്ക്കറ്റിലാക്കിയാല്‍ നികുതി വെട്ടിപ്പ് നടത്താം. വലിയ നികുതി ചോര്‍ച്ചയിലേക്കാണ് ഇതു നയിക്കുക.

പുതിയതായി 5% നികുതി വരുന്നവ

ഭക്ഷ്യവസ്തുക്കളെന്ന നിലയില്‍ പാല്‍, തൈര്, മോര്, അരി, ഗോതമ്പ്, ല ി, മീന്‍, ശര്‍ക്കര, തേന്‍, മാംസം, ബാര്‍ലി, ഓട്സ്, പപ്പടം, അരിപ്പൊടി, ഗോതമ്പ് പൊടി തുടങ്ങിയവയുടെ മേല്‍ നികുതി ഉണ്ടായിരുന്നില്ല. ഇനിമേല്‍ അവ പായ്ക്കറ്റുകളിലാക്കിയാണ് വില്‍ക്കുന്നതെങ്കില്‍ 5 ശതമാനം നികുതി നല്‍കണം.

നികുതി 5%ത്തില്‍ നിന്ന് 12% ആകുന്നവ

സോളാര്‍ വാട്ടര്‍ ഹീറ്റര്‍, തുകല്‍,  തുകല്‍ ഉല്‍പ്പന്നങ്ങള്‍, അച്ചടിച്ച മാപ്പുകളും ചാര്‍ട്ടുകളും, ആയിരം രൂപവരെയുള്ള ഹോട്ടല്‍മുറി, കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ ഭൂമിയുമായി ബന്ധപ്പെട്ട കരാറുകള്‍ക്കും ഉപകരാറുകള്‍ക്കും അയ്യായിരത്തില്‍ കൂടുതല്‍ ദിവസവാടകയുള്ള ആശുപത്രി മുറികള്‍ എന്നിവയുടെ നികുതി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി.

നികുതി 12%ത്തില്‍ നിന്നും 18% ആകുന്നവ

ചെക്ക് ബുക്ക്, എല്‍ഇഡി വിളക്കുകള്‍, പെന്‍സില്‍ ഷാര്‍പ്പനര്‍, ബ്ലേഡുകള്‍, തവികള്‍, ഫോര്‍ക്കുകള്‍, ലാഡലുകള്‍, സ്കിമ്മറുകള്‍, കേക്ക് സെര്‍വറുകള്‍, മഷി, എഴുതാനും വരയ്ക്കാനുമുള്ള മഷി, കത്തികള്‍, ബ്ലേഡുകള്‍, ഫിക്ചറും അവയുടെ മെറ്റല്‍ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡും, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍, സൈക്കിള്‍ പമ്പുകള്‍, ഡയറി മെഷിനറികള്‍, വൃത്തിയാക്കാനും തരംതിരിക്കാനും വിത്ത് തരംതിരിക്കാനും ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍; മില്ലിങ് യന്ത്രങ്ങള്‍, വായുവില്‍ പ്രവര്‍ത്തിക്കുന്ന ആട്ട ചക്കിയും വെറ്റ് ഗ്രൈന്‍ഡറും, സൈക്കിള്‍ പമ്പ് എന്നീ ഉല്‍പ്പന്നങ്ങളുടെ നികുതി 12 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി.

റോഡുകള്‍, പാലങ്ങള്‍, റെയില്‍വേ, മെട്രോ, മലിനജല സംസ്കരണ പ്ലാന്റ്, ശ്മശാനം, ചരിത്ര സ്മാരകങ്ങള്‍, കനാലുകള്‍, അണക്കെട്ടുകള്‍, പൈപ്പ് ലൈനുകള്‍, ജലവിതരണത്തിനുള്ള പ്ലാന്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ കരാര്‍ എന്നിവയ്ക്കും നികുതി 18 ശതമാനമാക്കി.

പാവങ്ങളെ പിഴിഞ്ഞ് പണക്കാരന് ഇളവ്

ഈ നികുതി വര്‍ദ്ധന വലിയൊരു അനീതിയാണ്. എന്തുകൊണ്ടാണ് നിത്യോപയോഗ സാധനങ്ങളുടെമേല്‍ നികുതി വര്‍ദ്ധിപ്പിക്കുന്നത്? കാരണം ആഡംബര വസ്തുക്കളുടെ മേലുള്ള 28 ശതമാനം നികുതി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പേ കേന്ദ്രസര്‍ക്കാര്‍ മുന്‍കയ്യെടുത്ത് 18 ശതമാനമാക്കി കുറച്ചു.(ചിന്ത വാരികയിൽ നിന്ന്)

ജിഎസ്ടിക്കു മുമ്പ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഈ ആഡംബര വസ്തുക്കളുടെമേല്‍ 30.45 ശതമാനം നികുതി ചുമത്തിയിരുന്നു. അതാണ് 28 ശതമാനമാക്കി കുറച്ചത്. എന്നാല്‍ നോട്ട് നിരോധനം വന്നപ്പോള്‍ ഈ വ്യവസായ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുറഞ്ഞു.

നികുതി കുറച്ചാല്‍ കൂടുതല്‍ വില്‍പ്പനയുണ്ടാകുമെന്ന വ്യവസായികളുടെ സമ്മര്‍ദ്ദത്തിനു കേന്ദ്രസര്‍ക്കാര്‍ വഴങ്ങി. തിരഞ്ഞെടുപ്പിനു മുമ്പു നികുതി വീണ്ടും 18 ശതമാനമായി കുറച്ചു. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് ഇതിനു മുന്‍കൈയെടുത്തത്.

നികുതി കുറച്ചതിന്റെ ഫലമായി ജി.എസ്.ടി വരുമാനം കുത്തനെ കുറഞ്ഞു. ജി.എസ്.ടിക്ക് മുമ്പുള്ള നികുതി വരുമാനത്തില്‍ കുറവുണ്ടാവില്ലായെന്ന് ഉറപ്പുവരുത്തുന്ന നിലയിലായിരുന്നു പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. ഇതിനെയാണ് റവന്യു ന്യൂട്രല്‍ റേറ്റ് എന്നുവിളിക്കുന്നത്. എന്നാല്‍ ഇടക്കാലത്ത് വരുത്തിയ കുറവുമൂലം ജി.എസ്.ടി നിരക്കുകള്‍ റവന്യു ന്യൂട്രല്‍ അല്ലാതായി തീര്‍ന്നു. ഈ അവസ്ഥ പരിഹരിക്കേണ്ടത് അനിവാര്യമായിരുന്നു.

ന്യായമായിട്ടും ചെയ്യേണ്ടത് കുറച്ച നികുതികള്‍ വര്‍ദ്ധിപ്പിക്കുകയാണ്. അങ്ങനെയല്ല കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്ന സാധാരണക്കാരുടെ ഉപഭോഗവസ്തുക്കളുടെമേല്‍ 5 ശതമാനം നികുതി ഏര്‍പ്പെടുത്തുക. 5%, 12%, നികുതി ഉണ്ടായിരുന്ന മറ്റു ചില ഉല്‍പ്പന്നങ്ങളുടെ നിരക്കുകള്‍ യഥാക്രമം 12ഉം 18ഉം ശതമാനമായി ഉയര്‍ത്തുക.

ഇവയാണ് ചണ്ഡീഗഢില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 47þാമത് യോഗം തീരുമാനിച്ചത്.
നികുതി സംബന്ധിച്ച ഡാള്‍ട്ടന്റെ നിയമങ്ങള്‍ (രമിീിെ) പ്രസിദ്ധമാണ്. അതില്‍ പ്രധാനപ്പെട്ട ഒന്ന് നീതി സംബന്ധിച്ചതാണ്. കൂടുതല്‍ വരുമാനം ഉള്ളവരില്‍ നിന്ന് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തണം. കുറവുള്ളവരില്‍ നിന്ന് കുറച്ചും. എന്നാല്‍ ഇന്ത്യയിലെ ജി.എസ്.ടി പണക്കാരന്റെ മേലുള്ള നികുതി കുറയ്ക്കുന്നു. പാവപ്പെട്ടവന്റെ മേലുള്ള നികുതി വര്‍ദ്ധിപ്പിക്കുന്നു.

ഇന്‍പുട്ട് ക്രെഡിറ്റിന്റെ സാങ്കേതിക പ്രശ്നം

ജി.എസ്.ടി നികുതിയുടെ പ്രത്യേകത നികുതിദായകന്‍ പിരിക്കുന്ന നികുതി മുഴുവന്‍ സര്‍ക്കാരിലേക്ക് നല്‍കേണ്ടതില്ലായെന്നതാണ്. അയാളുടെ ഘട്ടത്തില്‍ ഉണ്ടായ മൂല്യവര്‍ദ്ധനയ്ക്കു മാത്രമേ നികുതി ഒടുക്കേണ്ടതുള്ളൂ. ഇതു നടപ്പാക്കാന്‍ പ്രായോഗികമായി സ്വീകരിക്കുന്ന മാര്‍ഗ്ഗം ഇതാണ്. ഒരു ഉല്‍പ്പന്നം വില്‍ക്കുമ്പോള്‍ ഉപഭോക്താവില്‍ നിന്നും ഈടാക്കുന്ന നികുതിയെ ഔട്ട്പുട്ട് ടാക്സ് എന്നാണു വിളിക്കുന്നത്. ഈ ഉല്‍പ്പന്നം വ്യാപാരി വാങ്ങിയപ്പോള്‍ കൊടുത്ത നികുതിയെ ഇന്‍പുട്ട് ടാക്സ് എന്നും. ഔട്ട്പുട്ട് ടാക്സില്‍ നിന്നും ഇന്‍പുട്ട് ടാക്സ് കിഴിച്ച് ശിഷ്ടം വരുന്ന തുക നികുതിയായി നല്‍കിയാല്‍ മതിയാകും.

നിര്‍മ്മല സീതാരാമന്റെ മറ്റൊരു വാദം സംസ്കരിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താതിരുന്നാല്‍ അവ സംസ്കരിക്കുന്ന ഫാക്ടറികള്‍ക്കും മറ്റും ഇന്‍പുട്ട് ക്രെഡിറ്റ് കിട്ടാതെ വരുമെന്നാണ്. കാരണം അവ സംസ്കരിച്ച ഉല്‍പ്പന്നം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ഔട്ട്പുട്ട് ടാക്സില്‍ നിന്നാണല്ലോ ഇന്‍പുട്ട് ടാക്സ് കിഴിച്ചുള്ള ശിഷ്ടം. സര്‍ക്കാരില്‍ നികുതിയായി അടയ്ക്കേണ്ടത്. ഈ പ്രശ്നം പരിഹരിക്കാന്‍വേണ്ടി അവശ്യസാധനങ്ങളുടെമേല്‍ നികുതി ചുമത്തേണ്ടതില്ല. കയറ്റുമതി ഉല്‍പ്പന്നങ്ങളെപ്പോലെ പൂജ്യം നികുതി ഏര്‍പ്പെടുത്തിയാല്‍ മതി.

വിലക്കയറ്റം കയറുപൊട്ടിക്കും

രാജ്യം വലിയ വിലക്കയറ്റത്തെ നേരിടുമ്പോഴാണ് അവശ്യസാധനങ്ങളുടെമേലുള്ള നികുതി വര്‍ദ്ധനവ്. ചില്ലറ വിലക്കയറ്റം 7 ശതമാനത്തിനു മുകളിലാണ്. മൊത്തവില സൂചികയുടെ വര്‍ദ്ധനവ് 15 ശതമാനത്തിനു മുകളിലാണ്. മൊത്തവില സൂചികയുടെ 24 ശതമാനം ഭക്ഷണസാധനങ്ങള്‍ക്കാണ്. മെയ് മാസത്തില്‍ 12.4 ശതമാനമാണ് ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റമെങ്കില്‍ ജൂണ്‍ മാസത്തില്‍ 16.9 ശതമാനമാണ് ഇവയുടെ വിലകള്‍ ഉയര്‍ന്നത്.

ചുരുക്കത്തില്‍ വിലക്കയറ്റത്തിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് ഭക്ഷ്യവിലകളില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവാണ്. ഇവിടെ 5 ശതമാനം നികുതി വര്‍ദ്ധനവുമൂലം വില വീണ്ടും ഉയരാന്‍ പോവുകയാണ്. വിലക്കയറ്റത്തിന്റെ കാലത്തുതന്നെ നികുതി വര്‍ദ്ധിപ്പിക്കാനുള്ള കേന്ദ്ര ധനമന്ത്രിയുടെ ശാഠ്യം നമ്മളെ അത്ഭുതപ്പെടുത്തും.

കേരളത്തിന്റെ നിലപാട്

ജി.എസ്.ടി കൗണ്‍സിലിലില്‍ കേരളമടക്കം നികുതി വര്‍ദ്ധനവിന് പിന്തുണ നല്‍കിയെന്ന ആരോപണത്തെ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ മറുപടി പറഞ്ഞുകഴിഞ്ഞു. മന്ത്രിമാരുടെ ഉപസമിതിയില്‍ സാധാരണക്കാരന്റെ മേലുള്ള നികുതി വര്‍ദ്ധനയെ എതിര്‍ത്തുകൊണ്ട് കത്തു നല്‍കുകപോലും ചെയ്തു. ജി.എസ്.ടി  കൗണ്‍സിലില്‍ സാധാരണഗതിയില്‍ വോട്ടിംഗ് നടക്കാറില്ല. 

ഈ ന്യായംവച്ച് കേരളവും അത് അംഗീകരിച്ചുവെന്നുള്ള കേന്ദ്രമന്ത്രിയുടെ നിലപാട് ദുര്‍വ്യാഖ്യാനം മാത്രമാണ്. നികുതി വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി തന്നെ പ്രധാനമന്ത്രിക്ക് കത്ത് എഴുതുകയും ചെയ്തിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ആഗസ്ത് 10ാം തീയതി പഞ്ചായത്തടിസ്ഥാനത്തില്‍ വിപുലമായ സായാഹ്ന പ്രതിഷേധധര്‍ണ്ണ നടത്താന്‍ സിപിഐ എം ആഹ്വാനം ചെയ്തിട്ടുള്ളത്.

നികുതി വര്‍ദ്ധനവിനുള്ള നീക്കം തികച്ചും ജനവിരുദ്ധമാണ്. ഇത് നികുതി ചോര്‍ച്ച വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. കുത്തക പ്രീണന നയത്തിന്റെ ഭാഗമാണിത്. ജി.എസ്.ടി റവന്യു വരുമാനം വര്‍ദ്ധിപ്പിക്കണമെങ്കില്‍ സാധാരണക്കാരുടെ അവശ്യസാധനങ്ങളുടെമേല്‍ നികുതി വര്‍ദ്ധിപ്പിക്കകയല്ല, മറിച്ച് ആഡംബര വസ്തുക്കളുടെ മേലുള്ള കുറച്ച നികുതി പുനഃസ്ഥാപിക്കുകയാണ് ചെയ്യേണ്ടത്.

(ചിന്ത വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top