29 March Friday

റിപ്പബ്ലിക്കിന്റെ ആരോഗ്യം പ്രധാനം-ഡോ. സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നു

ഡോ. സെബാസ്റ്റ്യന്‍ പോള്‍Updated: Friday Jan 27, 2023

ജനാധിപത്യത്തിന്റെ കളിത്തൊട്ടിലായി അറിയപ്പെടുന്നത് ആതന്‍സാണെങ്കിലും ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യയാണെന്ന അവകാശവാദം കേട്ടുതുടങ്ങിയിട്ടുണ്ട്. വിമാനവും പുഷ്പകവിമാനവും തമ്മിലുള്ള ബന്ധംപോലും ചാതുര്‍വര്‍ണ്യവും ജനാധിപത്യവും തമ്മിലില്ല. ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയത്തിനു ലോകം റോമിനോട് കടപ്പെട്ടിരിക്കുന്നു. പക്ഷേ റോമന്‍ റിപ്പബ്ലിക്കിനു ദീര്‍ഘായുസുണ്ടായില്ല. റിപ്പബ്ലിക് എന്ന പദം പ്ലേറ്റോയുടെ സൃഷ്ടിയാണ്. എന്നാല്‍ പ്ലേറ്റോയുടെ റിപ്പബ്ലിക്കില്‍നിന്ന് വ്യത്യസ്തമാണ് ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യ റിപ്പബ്ലിക്.

ജനങ്ങളില്‍ നിക്ഷിപ്തമായ അധികാരം ക്രമപ്രകാരമുള്ള തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരില്‍ ഏല്‍പ്പിക്കപ്പെടുന്നുവെന്നതു മാത്രമല്ല ഈ വ്യത്യസ്തതയ്ക്കു നിദാനം. അധികാരം പിന്തുടര്‍ച്ചയായി ജന്മാവകാശമെന്നപോലെ ലഭിക്കുന്നതിനു പകരം തിരഞ്ഞെടുപ്പിലൂടെ അധികാരിയെ കണ്ടെത്തുന്നുവെന്നത് പ്രധാനപ്പെട്ട ഘടകം തന്നെയാണ്.

റിപ്പബ്ലിക്കന്‍ സംവിധാനത്തില്‍ എലിസബത്തിന്റെ മകന്‍ പിന്തുടര്‍ച്ചയിലൂടെ രാജാവാകുന്നില്ല. എന്നാല്‍ റിപ്പബ്ലിക് സാങ്കേതികമായ കേവലാവസ്ഥയില്‍നിന്നുയര്‍ന്ന് ജനാധിപത്യ റിപ്പബ്ലിക്കാവുന്നത് മറ്റു ചില കാര്യങ്ങളെക്കൂടി അടിസ്ഥാനമാക്കിയാണ്. ഭരണസംവിധാനത്തെ സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് എന്നു വിശേഷിപ്പിക്കുന്ന നമ്മുടെ ഭരണഘടന അതിന്റെ സ്ഥാപനത്തെ ന്യായീകരിക്കുന്നത് ജനങ്ങളുടെ പേരിലും ജനങ്ങള്‍ക്കുവേണ്ടിയുമാണ്. 'ഇന്ത്യയിലെ ജനങ്ങളായ നമ്മള്‍' എന്ന തുടക്കം കേവലം ആലങ്കാരികമല്ല. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തയാറാക്കിയ ജനങ്ങളുടെ ഭരണഘടനയാണ് നമ്മുടേത്.

ഭരണഘടനയുടെ സംരക്ഷണച്ചുമതല കോടതിക്കുണ്ടെന്ന തിരിച്ചറിവിലാണ് കേശവാനന്ദ ഭാരതി കേസിലെ ചരിത്രപ്രധാനമായ വിധി എഴുതപ്പെട്ടത്. സത്തയും അടിസ്ഥാനഘടനയും മൗലികഭാവവും നിലനിര്‍ത്തിക്കൊണ്ടുവേണം ഭരണഘടനയുടെ ഭേദഗതിയും നവീകരണവും നടക്കേണ്ടതെന്ന് കോടതി പറഞ്ഞു. സത്തയെന്തെന്നറിയാവുന്നത് കോടതിക്കാണ്. അതിലുംമേലേയാണ് മൗലികാവകാശങ്ങള്‍. അവയുടെ സംരക്ഷണത്തിനുവേണ്ടിയുള്ളതാണ് അനുഛേദം 32. ഭരണഘടനയുടെ ആത്മാവും ജീവനുമാണ് ഈ അനുഛേദമെന്ന് അംബേദ്കര്‍ പറഞ്ഞു.

ജുഡീഷ്യല്‍ റിവ്യൂ

റിപ്പബ്ലിക്കിനൊപ്പം സുപ്രീം കോടതിയും ഏഴു ദശകം പിന്നിട്ടിരിക്കുന്നു. ജുഡീഷ്യല്‍ റിവ്യൂ എന്ന സവിശേഷമായ അധികാരം സുപ്രീം കോടതിയെ സവിശേഷമാക്കുന്നു. എക്സിക്യൂട്ടീവും ലെജിസ്ലേച്ചറും ഭരണഘടനയ്ക്കു വിധേയമായാണോ പ്രവര്‍ത്തിക്കുന്നത് എന്ന പരിശോധനയാണ് ജുഡീഷ്യല്‍ റിവ്യൂ. തിരുത്തുന്നതിനും വിലക്കുന്നതിനും കോടതിക്ക് അധികാരമുണ്ട്. ജനഹിതത്തിനുമേലെ കോടതിയുടെ അധികാരം പ്രയോഗിക്കാമോ എന്ന ചോദ്യമുണ്ട്.

പാര്‍ലമെന്റോ കോടതിയോ വലുതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കേശവാനന്ദ ഭാരതി കേസില്‍ സുപ്രീം കോടതി നല്‍കിയത്. പാര്‍ലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാം. അത് ബേസിക് സ്ട്രക്ചറിനെ ബാധിച്ചാല്‍ കോടതി ഇടപെടും എന്നായിരുന്നു ഉത്തരം. ബേസിക് സ്ട്രക്ചര്‍ എന്നാല്‍ എന്ത് എന്ന ചോദ്യത്തിനു ഉത്തരം പറയേണ്ടത് ജഡ്ജിമാരാണ്.

ജഡ്ജിമാരുടെ നിയമനത്തിനുവേണ്ടി ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിക്കുന്നതിനുള്ള നിയമം സുപ്രീം കോടതി അസാധുവാക്കിയത് ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. കൊളീജിയത്തിനു പകരം നിയമത്താല്‍ നിര്‍മിക്കപ്പെട്ട സംവിധാനം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യമെന്ന ഭരണഘടനാതത്വത്തെ ബാധിക്കുന്നതാകയാല്‍ ഭരണഘടനാവിരുദ്ധമാണെന്ന് കോടതി കണ്ടു.

പാര്‍ലമെന്റ് മാത്രമല്ല ഭൂരിപക്ഷം നിയമസഭകളും അംഗീകരിച്ച ഭരണഘടനാഭേദഗതി സുപ്രീം കോടതി അസാധുവാക്കി. ഇക്കണ്ട കാലമത്രയും ഭരണഘടനയെ വ്യാഖ്യാനിച്ചിട്ടും ജഡ്ജിമാരെ നിയമിക്കുന്നത് എങ്ങനെയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അഭിപ്രായപ്രകടന സ്വാതന്ത്ര്യം

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രം പഠിക്കുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന് പ്രാമുഖ്യമുണ്ടായ അവസ്ഥ തെളിയും. പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് പരാമര്‍ശമില്ലാത്ത ഭരണഘടനയിലെ അനുഛേദം 19(1)(എ) സര്‍ഗാത്മകമായി വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ പുതുലോകങ്ങള്‍ തുറക്കപ്പെട്ടു.

ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കമ്പനിയുടെ പേരില്‍ അറിയപ്പെടുന്ന കോര്‍പറേറ്റ് കേസിലാണ് പത്രസ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന പ്രസിദ്ധമായ വിധിയുണ്ടായത്. ഭരണഘടന നല്‍കുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യം പൗരര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരു കോര്‍പറേറ്റ് സ്ഥാപനത്തിനുവേണ്ടിയാണ് ഏറ്റവും പ്രസിദ്ധമായ വിധി സുപ്രീം കോടതി നല്‍കിയത്.

വാര്‍ത്തയും മാധ്യമപ്രവര്‍ത്തകരും

വിനീതനും സാധുവുമായ ഒരു മനുഷ്യനുവേണ്ടി ഭരണകൂടത്തിനും കോര്‍പറേറ്റുകള്‍ക്കും എതിരെ നില്‍ക്കുമ്പോഴാണ് സുപ്രീം കോടതി ഭരണഘടനയുടെ ജീവശ്വാസം ഉള്‍ക്കൊള്ളുന്ന ജനാധിപത്യസ്ഥാപനമാകുന്നത്.

സിദ്ധിഖ് കാപ്പൻ

സിദ്ധിഖ് കാപ്പൻ

വാര്‍ത്ത ഉണ്ടായിടത്ത് മാധ്യമപ്രവര്‍ത്തകന് എന്തുകാര്യമെന്ന് കോടതി ചോദിച്ചു. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യം എന്നു ചോദിക്കാം. എന്നാല്‍ മാധ്യമപ്രവര്‍ത്തകനോട് ആ ചോദ്യം ഉണ്ടാകാന്‍ പാടില്ലായിരുന്നു.

സിദ്ധിഖ് കാപ്പനെ നുഴഞ്ഞുകയറ്റക്കാരനായ തീവ്രവാദിയായി ചിത്രീകരിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കിയപ്പോള്‍ മാധ്യമപ്രവര്‍ത്തകന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് കോടതി ഒന്നും പറഞ്ഞില്ല. ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന വിഷയത്തില്‍ ഭരണഘടനയ്ക്ക് പൗരത്വം ഉള്‍പ്പെടെ സാങ്കേതികതയുടെ പരിമിതിയില്ല. മാനവികതയുടെ ദര്‍ശനവും സന്ദേശവും ഉള്‍ക്കൊള്ളുന്ന ഭരണഘടനയില്‍ അത്തരം പരിമിതികള്‍ ഉണ്ടാകാന്‍ പാടില്ല.

സപ്തതി പിന്നിട്ട റിപ്പബ്ലിക്കിന്റെ ആയുരാരോഗ്യം നിയമവാഴ്ചയില്‍ അധിഷ്ഠിതമാണ്. നിയമവാഴ്ചയുടെ ആരോഗ്യം കോടതിയുടെ ആര്‍ജവത്തെ ആശ്രയിച്ചിരിക്കുന്നു. എക്സിക്യൂട്ടീവുമായി ജുഡീഷ്യറി സദാ സംഘര്‍ഷത്തിലാകണമെന്നില്ല. എക്സിക്യൂട്ടീവിനെ തിരുത്തുകയും നിയന്ത്രിക്കുകയും ചെയ്യുകയെന്ന ഉത്തരവാദിത്തമാണ് ജുഡീഷ്യറിക്കുള്ളത്.

അധികാരത്തിന്റെ അലംഘനീയമായ അതിരുകള്‍ ഭരണഘടനയില്‍ നിര്‍ണയിച്ചിട്ടുള്ളത് കൈയേറ്റങ്ങള്‍ ഒഴിവാക്കാനാണ്. എന്നാല്‍ മൂന്ന് ഭരണവിഭാഗങ്ങള്‍ തമ്മില്‍ രോധ-പ്രതിരോധങ്ങള്‍ നടക്കുന്നുണ്ട്.

ചെക്സ് ആന്‍ഡ് ബാലന്‍സ് എന്നാണ് ഭരണഘടനാനിയമത്തില്‍ ഈ പ്രവര്‍ത്തനം അറിയപ്പെടുന്നത്. ഒന്ന് മറ്റൊന്നിനോട് വിധേയത്വം പ്രകടിപ്പിച്ചു തുടങ്ങിയാല്‍ സമതുലനം ഇല്ലാതാകും. സംഘര്‍ഷത്തിലായാലും ഇതുതന്നെ സംഭവിക്കും. കര്‍ഷകരുടെ വിഷയം വന്നപ്പോള്‍ ജുഡീഷ്യറി എക്സിക്യൂട്ടീവിനുവേണ്ടി സംസാരിക്കുന്നുവെന്ന തോന്നല്‍ കര്‍ഷകര്‍ക്കുണ്ടായി. അതുകൊണ്ട് അവര്‍ കോടതിയെ അവിശ്വസിച്ചു. കോടതിയിലുള്ള അവിശ്വാസം റിപ്പബ്ലിക്കിന്റെ ആരോഗ്യത്തിനു ഹാനികരമാണ്.

ജനങ്ങള്‍ സൃഷ്ടിക്കുന്ന റിപ്പബ്ലിക് ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. റോമിലെ പുരാതന തെരുവുകളിലൂടെ നടക്കുമ്പോള്‍  SPQRഎന്ന അക്ഷരങ്ങള്‍ ആലേഖനം ചെയ്ത ശിലകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. Senatus Populusque Romanus എന്നതിന്റെ ചുരുക്കെഴുത്തായിരുന്നു അത്. സെനറ്റും റോമന്‍ ജനതയും എന്നാണ് അര്‍ത്ഥം. ജനങ്ങളുടേതാണ് റിപ്പബ്ലിക്. അവര്‍ക്കുവേണ്ടി അതിനെ സംരക്ഷിക്കാന്‍ സെനറ്റിനു കഴിഞ്ഞില്ല. കൂലിപ്പട്ടാളവുമായെത്തിയ സുള്ളയുടെ മുന്നില്‍ സെനറ്റ് വഴങ്ങി.

സിസെറോയുടെ മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടപ്പോള്‍ റിപ്പബ്ലിക്കിന്റെ വിളക്കുകള്‍ അണഞ്ഞു. റിപ്പബ്ലിക്കിന്റെ പരിചരണം എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഭരണഘടനാപരമായ ആ ഉത്തരവാദിത്വം ജുഡീഷ്യറി നിര്‍വഹിക്കുന്നുണ്ടോ എന്ന പരിശോധന ഇടയ്ക്കിടെ നടത്തുന്നത് നല്ലതാണ്. അടിയന്തരാവസ്ഥയില്‍ പാര്‍ലമെന്റും ജുഡീഷ്യറിയും ഒരുമിച്ച് പരാജയപ്പെട്ടപ്പോള്‍ റിപ്പബ്ലിക്കിന്റെ സംരക്ഷണച്ചുമതല ജനങ്ങള്‍ക്ക് ഏറ്റെടുക്കേണ്ടിവന്ന ചരിത്രവും ഓര്‍മിക്കാവുന്നതാണ്.

ഭരണഘടനയുടെ ആമുഖത്തില്‍ പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കെന്നാണ് ഇന്ത്യയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഓരോ വിശേഷണത്തിനും അര്‍ത്ഥമുണ്ട്. വിശേഷണങ്ങള്‍ ഒന്നുമില്ലെങ്കില്‍ത്തന്നെ മാനവികവും മഹനീയവുമായ ഈ ആശയങ്ങളാണ് റിപ്പബ്ലിക്കിനെ പ്രോജ്വലിപ്പിക്കുന്നത്. അവയ്ക്ക് മകുടം ചാര്‍ത്തിക്കൊണ്ട് നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിങ്ങനെ വ്യക്തിയുടെ അന്തസ്സിനാവശ്യമായ രത്നങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. ഫ്രാന്‍സിലെ വിപ്ളവകാരികള്‍ ചോരയിലെഴുതിയ ആശയങ്ങളാണ് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ. എല്ലാ വിപ്ളവങ്ങള്‍ക്കും അടിസ്ഥാനമായുള്ളത് ഈ ആശയങ്ങളാണ്.

ശബരിമല കേസിലെ വിധിക്കുശേഷം ഭരണഘടനാപരമായ ധാര്‍മികതയെക്കുറിച്ച് ജസ്റ്റിസ് ചന്ദ്രചൂഡ് ജനങ്ങളെ ഓര്‍മിപ്പിച്ചു. മതാതീത റിപ്പബ്ലിക്കില്‍ അനുവര്‍ത്തിക്കപ്പെടേണ്ടതായ ധാര്‍മികത അതാണ്. അതിനാധാരമായ മൂല്യങ്ങളാണ് ആമുഖത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്. മതങ്ങളുടെ സങ്കുചിതവും വിഭാഗീയവുമായ ആത്മീയതയില്‍ അധിഷ്ഠിതമായ ധാര്‍മികതയ്ക്കപ്പുറം മാനവികതയുടെ വിശാലമായ ഭൂമികയില്‍ രചിക്കപ്പെടുന്ന സനാതനമായ ധാര്‍മികതയെക്കുറിച്ചാണ് സുപ്രീം കോടതി പറഞ്ഞത്. മതാതീത റിപ്പബ്ലിക്കിന്റെ വിശുദ്ധഗ്രന്ഥമായി ഭരണഘടന മഹത്വവല്‍ക്കരിക്കപ്പെടുന്നത് ഈ അടിസ്ഥാനത്തിലാണ്. ഭരണഘടനയുടെ ചൈതന്യമാണ് റിപ്പബ്ലിക്കിന്റെ ആത്മീയത.

ഹിന്ദുത്വ റിപ്പബ്ലിക്

ഹിന്ദുത്വ റിപ്പബ്ലിക്കാണ് ബിജെപിയുടെ സ്വപ്നം. ഹിന്ദു റിപ്പബ്ലിക്കാണ് രാഹുല്‍ ഗാന്ധിയുടെ ഭാവനയിലുള്ളത്. രണ്ടും ഒരേ കാരണത്താല്‍ അസ്വീകാര്യമാണ്. രാജ്യത്തിനു നിര്‍ദേശിക്കപ്പെട്ട ഹിന്ദുസ്ഥാന്‍ എന്ന പേര് ഭരണഘടനാ നിര്‍മാണസഭയ്ക്ക് അസ്വീകാര്യമായത് ഇത്തരത്തിലുള്ള അപകടകരമായ ആശയങ്ങള്‍ ഉണ്ടാകുമെന്ന ഭയം നിമിത്തമാണ്.

ഇസ്ളാമിക റിപ്പബ്ലിക്കിന് പാകിസ്ഥാന്‍ എന്ന പേര് ആകാമെങ്കില്‍ ഹിന്ദു റിപ്പബ്ലിക്കിന് ഹിന്ദുസ്ഥാന്‍ എന്ന പേര് അനുയോജ്യമാകും.

ഏറിയാലേഴു വര്‍ഷം എന്നാണ് നമ്മുടെ ഭരണഘടനയുടെ ആയുസ് രാഷ്ട്രമീമാംസാ പണ്ഡിതനായ ഐവര്‍ ജെന്നിങ്സ് നിര്‍ണയിച്ചത്. ജാതകത്തെ അപ്രസക്തമാക്കിക്കൊണ്ട് ഭരണഘടന 73 വര്‍ഷം പൂര്‍ത്തിയാക്കി. അതോടൊപ്പം റിപ്പബ്ലിക്കും. ഐവര്‍ ജെന്നിങ്സ് തയാറാക്കിയ സിലോണ്‍ ഭരണഘടന ശൈശവത്തിലേ മൃതമായി. നമ്മള്‍ നിലനില്‍ക്കുന്നത് നമ്മുടെ സവിശേഷത നിമിത്തമാണ്. മനുസ്മൃതിയിലേക്കുള്ള തിരിച്ചുപോക്ക് നിര്‍ദോഷമായി ആവശ്യപ്പെടുന്നവരുണ്ട്.

ഹിന്ദുരാഷ്ട്രത്തിന് അനുസൃതമായ ഭരണഘടനയാണ് മനുസ്മൃതി. അഹിന്ദുക്കള്‍ മാത്രമല്ല ഹിന്ദുക്കളില്‍ത്തന്നെ വലിയ വിഭാഗം ഹിന്ദു റിപ്പബ്ലിക്കില്‍ അന്യരും അസ്പൃശ്യരുമാകും. പൗരത്വം മതാധിഷ്ഠിതമാകും. പൗരത്വനിയമ ഭേദഗതി അതിന്റെ തുടക്കം മാത്രമാണ്. മാനവികതയിലും വിശ്വസാഹോദര്യത്തിലും അധിഷ്ഠിതമായ ദേശീയത സങ്കുചിതവും അപകടകരവുമായ മതാധിഷ്ഠിത ദേശീയതയ്ക്കു വഴിമാറും.

ജനാധിപത്യത്തിന്റെ കാതല്‍

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഭരണഘടനയാണ് നമ്മുടേത്. റിപ്പബ്ലിക്കില്‍ ആരും അന്യരല്ല. ചിന്തിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനും ആശയങ്ങള്‍ ആവിഷ്കരിക്കുന്നതിനും ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നു. ഈ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ കാതല്‍. അനുഛേദം 19(1)(എ) നല്‍കുന്ന സ്വാതന്ത്ര്യത്തെ പരിമിതമാക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇന്നുള്ളത്. ജനാധിപത്യത്തിലെ വിമര്‍ശകര്‍ രാജ്യദ്രോഹികളാകുന്നു.

അവരെ ശിക്ഷിക്കുന്നതിന് ശിക്ഷാനിയമത്തില്‍ വകുപ്പുണ്ട്. ശിക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ അവരെ വിചാരണത്തടവുകാരായി അനന്തകാലം തടവിലിടാം. അതിനും വ്യവസ്ഥയുണ്ട്. എന്നാല്‍ കുറ്റകരമായ വിദ്വേഷപ്രസംഗങ്ങള്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നില്ല.

വിദ്വേഷപ്രസംഗം മുസ്ളീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരേയാണ് നടത്തപ്പെടുന്നത്. നിഷ്ക്രിയതയില്‍ ഭരണകക്ഷി വിദ്വേഷപ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ കുറ്റപ്പെടുത്തി. വിദ്വേഷം വമിക്കുന്ന ചാനല്‍ അവതാരകരെ നിയന്ത്രിക്കണമെന്ന് ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. വിദ്വേഷപ്രസംഗം അക്രമാസക്തമാകാന്‍ തയാറാകുന്ന ആള്‍ക്കൂട്ടത്തിന് ഉത്തേജകമാകുന്നു.

വംശഹത്യയ്ക്കുള്ള ആഹ്വാനമാണ് വിദ്വേഷപ്രസംഗം. നിയമവാഴ്ച നിലനില്‍ക്കുന്ന സമൂഹത്തില്‍ അത് അനുവദിക്കാനാവില്ല. നിയമവാഴ്ചയുടെ തകര്‍ച്ച റിപ്പബ്ലിക്കിന്റെ അസ്തിവാരമിളക്കും. നിയമത്തിനു കരുത്ത് നല്‍കി വിദ്വേഷപ്രഭാഷകര്‍ക്ക് ശിക്ഷ ഉറപ്പാക്കണം. വിദ്വേഷത്തിന്റെ വിഷം വമിക്കുന്നത് ഭരിക്കുന്നവരുടെ നയമാകുമ്പോള്‍ കുറ്റവാളികള്‍ നിയമത്തിന്റെ പിടിയില്‍പ്പെടാതെ രക്ഷപ്പെടും. ഇത്തരക്കാരെ സംരക്ഷിക്കുന്നവരാണ് റിപ്പബ്ലിക്കിന്റെ ശത്രുക്കള്‍.

തങ്ങള്‍ കേമരാണെന്ന മനോഭാവം ഉപേക്ഷിച്ച് വിധേയരായി കഴിയണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞത് മുസ്ളീങ്ങളോട് മാത്രമായിട്ടല്ല.

സമ്മതിദായകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമാണ്. പക്ഷേ മേന്മയെ അടിസ്ഥാനമാക്കിയുള്ള ഇന്‍ഡെക്സില്‍ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനമില്ല. ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 93 ആണ്. സ്വീഡന്‍ ആണ് ഒന്നാം സ്ഥാനത്ത്. ന്യൂനതയുള്ള ജനാധിപത്യമാണ് ഇന്ത്യയിലേത്.

ജനാധിപത്യപരമായ പ്രക്ഷോഭങ്ങളോടുള്ള ഭരണകൂടത്തിന്റെ നിലപാട്, അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍, മതനിരപേക്ഷതയുടെ നിരാസം എന്നിങ്ങനെ വിവിധങ്ങളായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തലുകള്‍ നടക്കുന്നത്. പത്രസ്വാതന്ത്ര്യത്തിന്റെ ആഗോള ഇന്‍ഡെക്സില്‍ ഇന്ത്യയുടെ സ്ഥാനം 150 ആണ്. വിലയിരുത്തപ്പെട്ട 180 രാജ്യങ്ങളില്‍ നോര്‍വേ ആണ് ഒന്നാം സ്ഥാനത്ത്.

വിശിഷ്ടമായ ഭരണഘടനയെ അടിസ്ഥാനമാക്കി ശ്രേഷ്ഠമായി പ്രവര്‍ത്തിക്കുന്നുവെന്ന് നമ്മള്‍ അഭിമാനിക്കുന്ന നമ്മുടെ റിപ്പബ്ലിക്കിന്റെ അവസ്ഥയാണിത്. നമുക്ക് തോന്നുന്നത് ലോകത്തിനു ബോധ്യമാകുന്നില്ല. അതിവേഗം ഏകാധിപത്യവല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യമാണ് ലോകത്തിന്റെ ദൃഷ്ടിയില്‍ ഇന്ത്യ.

വൈവിധ്യങ്ങളെ അടയാളപ്പെടുത്തുകയും സ്വാംശീകരിക്കുകയും ചെയ്യുന്ന രാഷ്ട്രസിദ്ധാന്തമാണ് ഫെഡറലിസം. തന്നോടൊപ്പമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് പുറംപന്തിയില്‍ ഇടം നല്‍കുന്നതാണ് മോദിയുടെ ഫെഡറലിസം. സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് വകവരുത്താനുള്ള ഇരകള്‍ മാത്രമാണ്. ഇടങ്കോലുമായി കേന്ദ്രം ഗവര്‍ണര്‍മാരെ സംസ്ഥാനങ്ങളിലേക്കയക്കുന്നു. അവര്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ഭരണഘടനാപരമായ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നു.

ബംഗാളിലെ കുത്തിത്തിരിപ്പുകാരന്‍ ഇപ്പോള്‍ രാജ്യസഭയുടെ അധ്യക്ഷനാണ്. പാര്‍ലമെന്റിന്റെ പരമാധികാരം എന്ന സിദ്ധാന്തമുയര്‍ത്തി അദ്ദേഹം കോടതിയുടെ ജുഡീഷ്യല്‍ റിവ്യൂ എന്ന അധികാരത്തെ ചോദ്യം ചെയ്യുന്നു. പാര്‍ലമെന്റിന്റെ പരമാധികാരം എന്ന സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ജുഡീഷ്യറിയുമായി സംഘര്‍ഷത്തിലായ പ്രധാനമന്ത്രിയായിരുന്നു ഇന്ദിര ഗാന്ധി.  കാട് കാണാതെ മരം കണ്ടിറങ്ങുന്നവര്‍ക്ക് ഭരണഘടനയുടെ സമഗ്രവീക്ഷണം ലഭിക്കുന്നില്ല. വികലമായ കാഴ്ചകളും നിലപാടുകളും ഭരണഘടനയുടെ ആരോഗ്യകരമായ നിലനില്പിന് ഹാനികരമാകും.

(ചിന്ത വാരികയിൽ നിന്ന്)



 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top