09 December Saturday

ഭാരതം അതായത് ഇന്ത്യ - ഡോ.സെബാസ്റ്റ്യൻ പോൾ എഴുതുന്നു

ഡോ. സെബാസ്റ്റ്യൻ പോൾUpdated: Thursday Sep 21, 2023

പേരിലെന്തിരിക്കുന്നുവെന്ന് ഷേക്സ്പിയര്‍ ചോദിച്ചു. ഏതു പേരിലായാലും റോസിന്റെ സുഗന്ധത്തിന് മാറ്റമുണ്ടാവില്ലെന്ന് അദ്ദേഹം സമാശ്വസിച്ചു. പുനര്‍നാമകരണത്തിലൂടെ ഇന്ത്യ എന്ന ആശയത്തിന്റെ സുഗന്ധം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്തെ തിരിച്ചറിയുന്നതിന് ഭരണഘടനയില്‍ നല്‍കിയിരിക്കുന്ന വിശേഷണം മാത്രമാണ് ഭാരതം. ഇന്ത്യ അതായത് ഭാരതം എന്ന പ്രയോഗം തിരിച്ചറിവിനുള്ള അടയാളപ്പെടുത്തല്‍ മാത്രമാണ്. ഒന്നിനു പകരം മറ്റൊന്ന് എന്ന അനുവാദം ഭരണഘടന നല്‍കിയിട്ടില്ല. ഭരണഘടനയിലുടനീളം ഇന്ത്യ എന്ന പേര് മാത്രമാണ് കാണാന്‍ കഴിയുക. അതാണ് രാഷ്ട്രത്തിന്റെ ഔദ്യോഗികമായ പേര്. ജി–20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ രാഷ്ട്രത്തലവന്മാര്‍ തിരിച്ചുപോയത് ഭാരതത്തില്‍നിന്നാണ്. പേരിട്ടവര്‍ അറിയാതെയുള്ള പേരുമാറ്റമായിരുന്നു അത്. പ്രസിഡന്റ് ഓഫ് ഇന്ത്യ എന്ന ഭരണഘടനാപരമായ സമുന്നത പദവി ഭരണഘടനയറിയാതെ രാഷ്ട്രപതിഭവനിലെ കുശിനിയില്‍ ഭാരതം എന്നു തിരുത്തപ്പെട്ടു.

വിഷ്ണുപുരാണത്തില്‍ പരാമര്‍ശിക്കുന്ന ഭാരതം ഇന്നത്തെ ഇന്ത്യയെ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതായിരുന്നില്ല. ഭരതന്‍ എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നതാരെയെന്ന കാര്യത്തിലും വ്യക്തതയില്ല. മഹാഭാരതത്തോളം പഴക്കമുള്ള ഭാരതവും യവനാഗമനത്തോളം പഴക്കമുള്ള ഇന്ത്യയും നാം മാറിമാറി ഉപയോഗിച്ചു. ഇന്ത്യ എന്ന പേരില്‍ പാക്കിസ്താന്‍ ചരിത്രപരമായി അവകാശവാദം ഉന്നയിച്ചെങ്കിലും നമ്മള്‍ അത് സ്വന്തമായി നിലനിര്‍ത്തി. സിന്ധുനദി നഷ്ടമായെങ്കിലും ആ നദിയില്‍നിന്നുത്ഭവിച്ച ഹിന്ദുവും ഇന്ത്യയും നമ്മുടേതായി. ലോകം നമ്മെ അറിഞ്ഞതും അറിയുന്നതും ഇന്ത്യ എന്ന പേരിലാണ്. ഔദ്യോഗികമായി ഇന്ത്യ എന്ന പേര് സ്വീകരിക്കപ്പെട്ടപ്പോഴും മറ്റ് പേരുകളും നിലനിര്‍ത്തി.

പൊതുമേഖലയില്‍ മൂന്ന് എണ്ണക്കമ്പനികള്‍ ഉണ്ടായപ്പോള്‍ ഇന്ത്യന്‍, ഭാരത്, ഹിന്ദുസ്താന്‍ എന്നിങ്ങനെ പേരുകളുണ്ടായത് വ്യത്യസ്തതകളെ സ്വാംശീകരിക്കുന്നതിനുള്ള നൈസര്‍ഗികമായ ചോദന നിമിത്തമാണ്. ദേശീയഗാനത്തില്‍ ഭാരതമുണ്ട്. ഭാരത ഭാഗ്യ വിധാതാ എന്നാണ് ടഗോര്‍ എഴുതിയത്. രാഷ്ട്രപതി നല്‍കുന്ന പരമോന്നത ബഹുമതിയുടെ പേര് ഭാരത് രത്ന എന്നാണ്. ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തുന്ന ഗസറ്റിന്റെ പേര് ഗസറ്റ് ഓഫ് ഇന്ത്യ ആയിരിക്കുമ്പോള്‍ ഹിന്ദിയില്‍ അത് ഭാരത് കാ രാജ്പത്രയാണ്. ജയ് ഹിന്ദ്, എന്ന അഭിവാദ്യത്തിലൂടെ സുഭാഷ് ചന്ദ്ര ബോസ് പ്രശസ്തമാക്കിയ ഹിന്ദ് അറബിയില്‍ രൂപപ്പെട്ടതാണെങ്കിലും അതിന്റെ പേരില്‍ ആ പദത്തെ തള്ളിപ്പറയാന്‍ കടുത്ത ദേശീയവാദികള്‍പോലും തയാറാവില്ല. വന്ദേ ഭാരതില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഭാരത് അലോസരമുണ്ടാക്കുന്ന പേരല്ല.

വ്യക്തികള്‍ക്കെന്നപോലെ രാജ്യങ്ങള്‍ക്കും ഒന്നിലേറെ പേരുകളുണ്ടാകാം. യുണൈറ്റഡ് കിങ്ഡം എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഭൂപ്രദേശം ഇംഗ്ലണ്ട്, ബ്രിട്ടന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. ആതന്‍സിലൂടെ നടക്കുമ്പോള്‍ ഹെലീനിക് റിപ്പബ്ളിക് എന്ന പേരാണ് കൂടുതലായി കാണാന്‍ കഴിയുക. ഗവണ്‍മെന്റ് നിയന്ത്രണത്തിലുള്ള റെയില്‍വേയുടെ പേര് ഹെലീനിക് റെയില്‍വേയ്സ് ഓര്‍ഗനൈസേഷന്‍ എന്നാണ്.

നരേന്ദ്ര മോദി ആതന്‍സിലെത്തിയപ്പോള്‍ ഗ്രീക്ക് പ്രധാനമന്ത്രിയുമായി ചേര്‍ന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയുടെ ശീര്‍ഷകം ഇന്ത്യ–ഗ്രീസ് സംയുക്ത പ്രസ്താവന എന്നായിരുന്നു. ഭാരത്, ഹെലീനിക് എന്നീ പേരുകള്‍ ഉപയോഗിക്കപ്പെട്ടില്ല. കൊളോണിയല്‍ അധിനിവേശത്തിന്റെ ഓര്‍മ നിലനിര്‍ത്തുന്ന പേരുകള്‍ സ്വാതന്ത്ര്യപ്രാപ്തിയോടെ രാജ്യങ്ങള്‍ ഒഴിവാക്കാറുണ്ട്. ഈസ്റ്റ് പാക്കിസ്താന്‍ എന്ന പേര് ബംഗ്ളദേശ് എന്നായതും സിലോണ്‍ ശ്രീലങ്കയായതും ബര്‍മ മ്യാന്‍മറായതും അയല്‍പക്കത്തെ അനുഭവങ്ങളാണ്. ഇന്ത്യ അടിച്ചേല്‍പ്പിക്കപ്പെട്ട പേരല്ല. സിന്ധു എന്ന പേര് പേര്‍ഷ്യന്‍, ഗ്രീക്ക് ഉച്ചാരണങ്ങളിലൂടെ ഉരുത്തിരിഞ്ഞ് അര്‍ത്ഥവത്തും മനോഹരവുമായ പേരായി മാറുകയായിരുന്നു.

ഇംഗ്ലിഷില്‍ എഴുതിയ ഭരണഘടനയ്ക്കാണ് കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ളി അംഗീകാരം നല്‍കിയത്. കോണ്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഇന്ത്യ എന്നാണ് അതിനു നല്‍കപ്പെട്ട പേര്. ഹിന്ദിയില്‍ അത് ഭാരത് കാ സംവിധാന്‍ ആയി. അഹിന്ദി പ്രദേശങ്ങളിലെ ജനങ്ങളും ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്രസമൂഹവും ഇന്ത്യ എന്ന പേരാണ് ഉപയോഗിക്കുന്നത്. ഭരണഘടനയനുസരിച്ച് അതാണ് ശരി. ഭരണഘടനയില്‍ മാറ്റം വരുത്തിയാല്‍ അന്താരാഷ്ട്രസമൂഹം പേരുമാറ്റം അംഗീകരിക്കും. ആമുഖത്തിലെ വി ദ പീപ്പിള്‍ ഓഫ് ഇന്ത്യയില്‍നിന്നു തുടങ്ങി അനുഛേദം ഒന്നിലെത്തുമ്പോള്‍ കാണുന്ന ഇന്ത്യ അതായത് ഭാരതം എന്നീ വാക്കുകള്‍ ഭാരതം അതായത് ഇന്ത്യ എന്നു തിരുത്തി മുന്നേറുന്ന വലിയ പരിവര്‍ത്തനമാണ് ഭരണഘടനയില്‍ നടത്തേണ്ടിവരിക.

മാറ്റാന്‍ തുടങ്ങിയാല്‍ മാറ്റാനേ നേരമുണ്ടാകൂ. ഇന്ത്യയെ ഭാരതമാക്കിയാല്‍ തലസ്ഥാനനഗരിയുടെ പേരിലും മാറ്റം ആകാം. ഇന്ദ്രപ്രസ്ഥ എന്ന മഹാഭാരതകാലത്തെ പേര് പുരാണവാദികളുടെ മനസില്‍ തെളിയാതിരിക്കില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ പുരാവസ്തുവായ ചെങ്കോല്‍ പ്രതിഷ്ഠിച്ച് ഭരണം നടത്തുന്ന നരേന്ദ്ര മോദി ഭാരതമെന്നു കേള്‍ക്കുമ്പോള്‍ രാജവാഴ്ചയുടെ വിധുരതയാണ് ആസ്വദിക്കുന്നത്. അജൻഡ വെളിപ്പെടുത്തിയിട്ടില്ലാത്ത സെപ്തംബറിലെ അഞ്ചു ദിവസത്തെ പാര്‍ലമെന്റ് സമ്മേളനത്തില്‍ അപ്രതീക്ഷിതമായത് എന്തെല്ലാമാണ് സംഭവിക്കുകയെന്നു പറയാനാവില്ല.

ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിങ്ങനെ ക്രിമിനല്‍ നിയമങ്ങളുടെ ശീര്‍ഷകത്തില്‍നിന്ന് ഇന്ത്യ എന്ന പേരും ഇംഗ്ലിഷും ഒഴിവാക്കുന്നതിനുള്ള പദ്ധതിക്ക് അമിത് ഷാ തുടക്കമിട്ടു കഴിഞ്ഞു. ഇന്ത്യ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വിശാല പ്രതിപക്ഷ മുന്നണിയോടുള്ള വിദ്വേഷത്തിലും ഭയത്തിലും എവിടെ ഇന്ത്യ എന്നു കണ്ടാലും താറടിക്കുകയെന്നതാണ് ബിജെപി നയം. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിക്കൂടി ഇന്ത്യയെ ഒഴിവാക്കി ഭാരതത്തെ പ്രതിഷ്ഠിക്കുന്നതിനുള്ള പദ്ധതിയെ കാണേണ്ടിവരും. സന്ദര്‍ഭോചിതമായി രണ്ട് പേരുകളും ഉപയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തുകയാണ് അഭികാമ്യമായ കാര്യം.

ഭരണഘടനാ നിര്‍മാണസഭയെ പ്രക്ഷുബ്ധമാക്കിയ പ്രക്രിയയായിരുന്നു രാജ്യത്തിന്റെ നാമകരണം. അന്നുവരെ രാജ്യത്തിന് ഒരു പേര് മാത്രമാണുണ്ടായിരുന്നത്. അത് ഇന്ത്യ എന്നായിരുന്നു. അധികാരകൈമാറ്റത്തിന് സാധുത നല്‍കിക്കൊണ്ട് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ച നിയമത്തിന്റെ പേര് ഇന്‍ഡ്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് എന്നായിരുന്നു. ശബ്ദായമാനമായ രംഗങ്ങള്‍ക്കൊടുവിലാണ് ഇന്ത്യ എന്ന പേര് സ്വീകരിക്കപ്പെട്ടത്. വിഘടിതപ്രദേശം പാക്കിസ്താന്‍ എന്നറിയപ്പെടുന്നതുപോലെ ഇന്ത്യയ്ക്ക് ഹിന്ദുസ്താന്‍ എന്ന പേര് നല്‍കണമെന്ന് ആവശ്യമുയര്‍ന്നു. മതരാഷ്ട്രത്തിലേക്ക് വഴുതിപ്പോകാന്‍ സാധ്യതയുള്ള പേര് അസ്വീകാര്യമാണെന്ന നിലപാടില്‍ അംബേദ്കര്‍ ഉറച്ചുനിന്നു. നമ്മള്‍ ഉപേക്ഷിച്ചിരുന്നുവെങ്കില്‍ സിന്ധു ഒഴുകുന്ന നാടെന്ന നിലയില്‍ ഇന്ത്യ എന്ന പേര് പാക്കിസ്താന്‍ കൈക്കലാക്കുമായിരുന്നു. രാഷ്ട്രത്തിന്റെ പേര് ഇന്ത്യ എന്നായതോടെ ഐക്യരാഷ്ട്രസഭയുടെ സ്ഥാപകാംഗം എന്നതുള്‍പ്പെടെയുള്ള അന്താരാഷ്ട്രപദവികള്‍ നമുക്ക് ലഭിച്ചു. കല്പനാലോകത്ത് ഭാരതം എന്ന പേരിന്റെ സാധ്യതകള്‍ അനവധിയാണ്. കവികള്‍ രാജ്യത്തെ പാടിപ്പുകഴ്ത്തുന്നത് ഭാരതം എന്ന പേരിലാണ്. അതിനര്‍ത്ഥം ഭരണഘടനയിലെ സാന്ദര്‍ഭികമായ പരാമര്‍ശിതം മാത്രമായ ഭാരതം എന്ന പേരിലേക്ക് രാജ്യം മാറണമെന്നല്ല.

ഹിന്ദുസ്താന്‍, ഭാരതം എന്നീ ആവശ്യങ്ങള്‍ക്കിടയില്‍ അംബേദ്കര്‍ കണ്ടെത്തിയ സമാശ്വാസം മാത്രമാണ് ഭരണഘടനയിലെ ഭാരതം എന്ന പരാമര്‍ശം. അന്ന് അംബേദ്കര്‍ കണ്ട അപകടങ്ങളിലേക്കാണ് പുനര്‍നാമകരണവാദികള്‍ രാജ്യത്തെ നയിക്കുന്നത്. രാജ്യത്തെ സംബന്ധിക്കുന്നതെല്ലാം ഒന്നിലേക്ക് പരിമിതപ്പെടുത്തുമ്പോള്‍ പേരില്‍ മാത്രം ദ്വന്ദ്വം എന്തിന് എന്ന ചോദ്യമുണ്ടാകാം. ഇരട്ടപ്പേരും വട്ടപ്പേരും ആവശ്യമില്ലാത്ത രീതിയില്‍ സ്വന്തം പേരില്‍ ലബ്ധപ്രതിഷ്ഠ നേടിയ രാജ്യത്തിന് ഇനി മറ്റൊരു പേര് ആവശ്യമില്ല.

(ചിന്ത വാരികയിൽ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top