29 March Friday

അപകീർത്തി എന്ന കൊളോണിയൽ നിയമം-ഡോ. സെബാസ്റ്റ്യൻ പോൾ എഴുതുന്നു

ഡോ. സെബാസ്റ്റ്യൻ പോൾUpdated: Saturday Apr 22, 2023


അയോഗ്യത കൽപ്പിച്ച് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയിലും അതിലേക്ക് നയിച്ച നടപടികളിലും ഭരണഘടനാപരവും നിയമപരവുമായ പ്രശ്നങ്ങൾ പലതുണ്ട്. രാഹുൽഗാന്ധിയുടെ കോലാർ പ്രസംഗത്തിലെ മോദി പരാമർശങ്ങൾ സൂറത്തിലെ ബിജെപി നേതാവ് പൂർണേശ് മോദിക്ക് അപകീർത്തികരമായെന്ന കോടതിയുടെ സംശയാസ്പദമായ വിധി വാദത്തിനുവേണ്ടി അംഗീകരിച്ചാൽത്തന്നെ രണ്ടുവർഷത്തെ തടവുശിക്ഷ ന്യായീകരിക്കാനാകുമോ എന്ന ചോദ്യമുണ്ട്. അപകീർത്തിക്കേസിൽ ഇങ്ങനെയുള്ള ശിക്ഷ അഭൂതപൂർവമാണ്. ശിക്ഷാനിയമത്തിൽ നിർദേശിക്കപ്പെടുന്ന ശിക്ഷ പൂർണതയിൽ നൽകാനുള്ളതല്ല.

നരേന്ദ്രമോദി

നരേന്ദ്രമോദി

സാഹചര്യവും കുറ്റത്തിന്റെ ഗൗരവവും കണക്കിലെടുത്ത് ഉചിതമായ ശിക്ഷ നിശ്ചയിക്കുന്നതിനുള്ള വിവേചനാധികാരം കോടതിക്കുണ്ട്. കൊലക്കുറ്റം തെളിഞ്ഞാലും അത്യപൂർവമായ കേസുകളിൽ മാത്രമാണ് വധശിക്ഷ നൽകുന്നത്. സുപ്രീംകോടതിവരെ നീളാവുന്ന നിയമപ്രക്രിയയുടെ ഏതെങ്കിലും ഘട്ടത്തിൽ പൂർണമായും വിമുക്തനാക്കപ്പെടാവുന്ന കുറ്റത്തിന്റെ പേരിലാണ് രാഹുൽ ഗാന്ധിക്ക് പാർലമെന്ററി പ്രവർത്തനത്തിൽനിന്ന് എട്ടുവർഷത്തെ നിർബന്ധിതവിടുതൽ നൽകിയത്. രാഹുലിന്റെ പ്രസംഗത്തിൽ മോദി എന്ന പേര് പരാമർശിച്ചതാണ് പ്രശ്നമെങ്കിൽ അത് മൂന്ന് മോദിമാരെ മാത്രം ബാധിക്കുന്ന വിഷയമാണ്.

എല്ലാ മോദിമാരും കള്ളന്മാരാണെന്നല്ല, കള്ളന്മാർക്കെല്ലാം മോദി എന്ന പേര് എങ്ങനെ ഉണ്ടാകുന്നുവെന്നാണ് നരേന്ദ്ര, നീരവ്, ലളിത് എന്നീ മോദിമാരെ ഉദ്ദേശിച്ച് രാഹുൽ ആശ്ചര്യപ്പെട്ടത്. മൂന്നുമോദിമാരും കേസിനുപോയില്ല. രണ്ട് മോദിമാർ ഇന്ത്യയിലേക്ക് വരാൻതന്നെ കഴിയാത്ത അവസ്ഥയിൽ പ്രവാസികളായി കഴിയുന്നവരാണ്. 

രാഷ്ട്രീയപ്രവർത്തകർക്ക് പൊതുയോഗവും പ്രസംഗവും ഒഴിവാക്കാൻ കഴിയാത്തതിനാൽ രാഹുൽ ഗാന്ധിക്കുസംഭവിച്ച അപകടം ആർക്കും എപ്പോഴും ഉണ്ടാകാം. നർമോക്തികളും അതിശയോക്തികളും പ്രസംഗങ്ങളുടെ, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പ്രസംഗങ്ങളുടെ, ഭാഗമാണ്.  പ്രസംഗിച്ചില്ലെങ്കിൽത്തന്നെ രണ്ടുവർഷം തടവുശിക്ഷ നൽകാവുന്ന നിരവധി കുറ്റങ്ങൾ ശിക്ഷാനിയമത്തിലുണ്ട്.

ഉത്തർപ്രദേശ് നിയമസഭയിലെ അംഗത്വം അബ്ദുല്ല അസം ഖാന്‌ നഷ്ടപ്പെട്ടത് അദ്ദേഹവും പിതാവായ അസം ഖാനും ഹൈവേയിൽ കുത്തിയിരിപ്പുസമരം നടത്തിയതിന് രണ്ടു വർഷത്തെ തടവിന്‌ ശിക്ഷിക്കപ്പെട്ടതുകൊണ്ടാണ്. അപകീർത്തി ക്രിമിനൽ കുറ്റമായിരിക്കുന്ന കൊ േളാണിയൽ നിയമവും രണ്ടുവർഷത്തെ തടവ്  ജനപ്രതിനിധികളെ ആറു വർഷത്തേക്ക് അയോഗ്യരാക്കുന്ന ഇന്ത്യൻ ജനപ്രാതിനിധ്യ നിയമവും ചേർന്ന് ജനാധിപത്യത്തിൽ അവശ്യം വേണ്ടതായ ഭയരഹിതഭാഷണത്തെ ഭയചകിതമാക്കുന്നു.

1860ൽ നിർമിക്കപ്പെട്ട ഇന്ത്യൻ അപകീർത്തി നിയമം ബ്രിട്ടീഷ് നിയമത്തേക്കാൾ ദുർഗ്രഹമാക്കിയത് അത് ആർക്കെതിരെയും പ്രയോഗിക്കുന്നതിനുവേണ്ടിയാണ്. സ്റ്റിങ് ഓപ്പറേഷന്റെ ഭാഗമായി സമർപ്പിക്കപ്പെട്ട വ്യാജ പരാതിയിൽ രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും എതിരെ വാറണ്ടയച്ച മജിസ്ട്രേറ്റ് അഹമ്മദബാദിലുണ്ടായി.

അപകീർത്തിയാണോ എന്ന് കൃത്യമായി പറയാൻ കഴിയാത്ത നിർദോഷമായ പരാമർശത്തിന്റെ പേരിൽ പാർലമെന്റംഗത്തെ അയോഗ്യനാക്കുംവിധം പരമാവധി ശിക്ഷ നൽകിയ മജിസ്ട്രേറ്റ് സൂറത്തിലുണ്ടായി. ഇത്തരത്തിലുള്ള മജിസ്ട്രേറ്റുമാർക്ക് ക്ഷാമമില്ലാത്ത രാജ്യത്ത് പാർലമെന്ററി ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തുംവിധം അപകീർത്തി ക്രിമിനൽ കുറ്റമായി നിലനിർത്തുന്നത് അപകടമാണ്.

അപകീർത്തിക്കേസിൽ സത്യം നിയമത്തിന് സ്വീകാര്യമായ പ്രതിരോധമാണെങ്കിലും സത്യത്തോടൊപ്പം പൊതുനന്മകൂടി സ്ഥാപിച്ചെങ്കിലേ കോടതിക്ക് സ്വീകാര്യമാകൂ. കനത്ത നഷ്ടപരിഹാരം ഈടാക്കാവുന്ന സിവിൽ സ്വഭാവംകൂടി സമാന്തരമായി അപകീർത്തിക്കുള്ളതിനാൽ വ്യവസ്ഥകൾ ദുർവഹമാകുന്നു.

സംസാരസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന അപകീർത്തിയുടെ ക്രിമിനൽ സ്വഭാവം നീക്കണമെന്ന ആവശ്യം 2016ൽ സുപ്രീംകോടതി നിരാകരിച്ചു. സുബ്രഹ്മണ്യൻ സ്വാമി, അരവിന്ദ് കെജ്രിവാൾ എന്നിവർക്കൊപ്പം ഹർജിക്കാരുടെ കൂട്ടത്തിൽ രാഹുൽ ഗാന്ധിയും ഉണ്ടായിരുന്നു. ഭരണഘടനാബെഞ്ചിനു വിടാമായിരുന്ന വിഷയത്തിൽ ദീപക് മിശ്രയും പി സി പന്തും ചേർന്ന ബെഞ്ച് അത്ര അവധാനതയില്ലാതെ തീരുമാനമെടുത്തു എന്ന വിമർശം ഉണ്ടായി.

യുഎസും യുകെയും മുതൽ ശ്രീലങ്കവരെ അപകീർത്തി ക്രിമിനൽ കുറ്റമല്ലാതാക്കിയ കാലത്താണ് ഇന്ത്യൻ സുപ്രീംകോടതിയുടെ പുരോഗമനപരമല്ലാത്ത നിലപാടുണ്ടായത്. ജനാധിപത്യത്തിന്റെ പ്രാണവായുവായ സംസാരസ്വാതന്ത്ര്യവും വ്യക്തിയുടെ അന്തസ്സിന്റെ ഭാഗമായ സദ്കീർത്തിയും തമ്മിലുള്ള തുലനത്തിൽ സംസാരസ്വാതന്ത്ര്യം പരിമിതമായി. നഷ്ടമാകുന്ന കീർത്തിക്ക് സിവിൽ നിയമപ്രകാരം പരിഹാരം കാണാമെന്നിരിക്കേ അപകീർത്തിയുടെ ക്രിമിനൽ സ്വഭാവം ഒഴിവാക്കണമെന്ന ആവശ്യം ന്യായമാണ്.

ഹെൻറി എട്ടാമന്റെ സ്റ്റാർ ചേംബർ കോടതിയിൽ അധികാരത്തോടുള്ള അനാദരവ് തടയുന്നതിനാണ് അപകീർത്തി എന്ന ക്രിമിനൽ കുറ്റമുണ്ടായത്. അധികാരത്തോടുള്ള അനാദരവ് ബ്രിട്ടീഷ് നിർമിതിയായ ഇന്ത്യൻ ശിക്ഷാനിയമത്തിൽ രാജ്യദ്രോഹമാണ്. നമ്മുടെ നിയമവ്യവസ്ഥ ഭരണഘടനാനുസൃതമാകണമെങ്കിൽ രാജ്യദ്രോഹം, മതനിന്ദ, അപകീർത്തി എന്നീ പുരാതന കുറ്റങ്ങൾ ശിക്ഷാനിയമത്തിൽനിന്ന് നീക്കം ചെയ്യണം.

തൊട്ടതിനും പിടിച്ചതിനും അപകീർത്തിക്കേസ് കൊടുക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന കേരളത്തിലെ കോൺഗ്രസുകാർക്ക് രാഹുൽ ഗാന്ധിയുടെ അനുഭവത്തിൽനിന്ന് പാഠങ്ങൾ പഠിക്കാനുണ്ട്. ശിക്ഷ ഭയന്ന് സംസാരം പരിമിതപ്പെടുത്തുന്നതിനുള്ള നിയമമാണ് അപകീർത്തിയെ സംബന്ധിച്ചുള്ളത്.  

2019ൽ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ മുപ്പതുശതമാനം അഴിമതി, ബലാത്സംഗം, കൊലപാതകം തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരായിരുന്നു. പാർലമെന്റിന്റെ സംശുദ്ധി നിലനിർത്തുന്നതിന്‌ അയോഗ്യതാനിയമം അനിവാര്യമാണെന്ന് ഈ കണക്കിെൻറ അടിസ്ഥാനത്തിൽ തോന്നിയേക്കാം. വിദ്വേഷത്തിന്റെ വിഷം വമിക്കുന്ന ഗുരുതരമായ പ്രസ്താവനകൾ നിയമത്തിന്റെ പരിശോധനയ്ക്ക്‌ വിധേയമാകാതെ പോകുമ്പോൾ വാക്യഘടനയിലെ ആലോചനക്കുറവ് സംശയാസ്പദമായ അപകീർത്തിയായി രാഹുൽ ഗാന്ധിയെ കുടുക്കിയിരിക്കുന്നു. വിമർശനത്തോടൊപ്പം നർമവും കുറ്റമാകുന്ന ഇന്ത്യൻ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്ക്‌ ലഭിച്ച ന്യായീകരണമില്ലാത്ത ശിക്ഷ സംശയത്തിനുകാരണമാകുന്നു.

ജനാധിപത്യത്തിന്റെ ആഗോളസൂചികയിൽ അപമാനകരമായി താഴെ നിൽക്കുന്ന ഇന്ത്യയുടെ അധോഗതിക്ക് ഇത്തരം നടപടികൾ ഇനിയും കാരണമാകും. തെരഞ്ഞെടുപ്പല്ല അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ അളവാണ് ജനാധിപത്യത്തിന്റെ മേന്മ നിശ്ചയിക്കുന്നത്.

കുറ്റവും ശിക്ഷയും പൊരുത്തപ്പെടണം. ആരോപിതമായ കുറ്റത്തിെൻറ ഗൗരവത്തേക്കാൾ കവിഞ്ഞ ശിക്ഷയാണ് വ്യക്തമായ ദുരുദ്ദേശ്യം ആരോപിക്കാൻ കഴിയുന്ന രീതിയിൽ രാഹുൽ ഗാന്ധിക്ക് നൽകിയത്. അയോഗ്യത ജനപ്രതിനിധികൾക്ക്‌ മാത്രമാണെങ്കിൽ കൂടുതൽ കടുത്ത ശിക്ഷ സാധാരണക്കാർ അനുഭവിക്കുന്നുണ്ട്. എം എഫ് ഹുസൈനും ഖുശ്ബുവും അനാവശ്യമായി

എം എഫ്‌  ഹുസൈൻ

എം എഫ്‌ ഹുസൈൻ

അപകീർത്തിക്കേസുകളിൽഅകപ്പെട്ടവരാണ്.

യുവതികളുടെ കന്യകാത്വം സംബന്ധിച്ച് ഇന്ത്യാ ടുഡേയിലെ അഭിമുഖത്തിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ തമിഴ്നാട്ടിലെ പല കോടതികളിലായി 23 കേസുകളാണ് ഖുശ്ബുവിനെതിരെ ഉണ്ടായത്. അഭിഭാഷകർക്ക് അഹിതകരമായ പരാമർശത്തിന്റെ പേരിൽ നെയ്യാറ്റിൻകര മുതൽ തളിപ്പറമ്പ് വരെ അഞ്ചു കോടതികളിൽ അപകീർത്തിക്കേസിന് വിധേയനായ ആളാണ് ഞാൻ. അന്തിമവിധിയേക്കാൾ പ്രതിയെന്ന നിലയിൽ കോടതികൾ കയറിയിറങ്ങുന്ന അവസ്ഥയാണ് ദുർവഹമാകുന്നത്. വിചാരണയ്ക്കുശേഷമുള്ള വിധിയല്ല, വിചാരണതന്നെയാണ് ശിക്ഷ.അനുച്ഛേദം 499 ശിക്ഷാനിയമത്തിൽനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച രാഹുൽ ഗാന്ധിക്ക് അദ്ദേഹത്തിന്റെ പാർടി അധികാരത്തിലിരുന്നപ്പോൾ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

അദ്ദേഹത്തിെൻറ പിതാവ് പ്രധാനമന്ത്രിയായിരുന്നപ്പോൾ അപകീർത്തി നിയമത്തിന്റെ കാർക്കശ്യം വർധിപ്പിക്കാൻ നീക്കമുണ്ടായി. ബോഫോഴ്സിന്റെ പേരിൽ ചക്രവ്യൂഹത്തിലായ രാജീവ് ഗാന്ധി സ്വയം പ്രതിരോധിക്കുന്നതിനും പത്രങ്ങളെ നിശ്ശബ്ദമാക്കുന്നതിനും കണ്ടെത്തിയ മാർഗമായിരുന്നു അത്. പ്രസ് കൗൺസിലിന്റേതുൾപ്പെടെ എതിർപ്പ്  ശക്തമായപ്പോൾ ലോക്സഭ പാസാക്കിയ ബിൽ ആയിരുന്നിട്ടും അത്

ഖുശ്‌ബു

ഖുശ്‌ബു

പിൻവലിക്കപ്പെട്ടു.

സ്വകാര്യതയെ ഹനിക്കുന്ന രാജീവ് ഗാന്ധിയുടെ കുപ്രസിദ്ധമായ തപാൽ ബില്ലിനും ഇതേ ഗതിയാണുണ്ടായത്. പിന്നാലെ വരുന്നവർ മാത്രമല്ല, കുഴിക്കുന്നവരും ചിലപ്പോൾ കുഴിയിൽ വീഴും. അയോഗ്യതയ്ക്ക്‌ കാരണമാകുന്ന വിധി തൽക്ഷണം പ്രാബല്യത്തിലാകുന്നത് തടയാനുള്ള ഓർഡിനൻസ് 2013ൽ ലോക്സഭയിൽ കീറിയെറിഞ്ഞ ആളാണ് രാഹുൽ ഗാന്ധി. അന്ന് അത് നിയമമായിരുന്നെങ്കിൽ രാഹുൽ ഗാന്ധിക്ക് ഈ ഗതി ഉണ്ടാകുമായിരുന്നില്ല. ലാലു പ്രസാദ് യാദവിന്‌ സംഭവിച്ച അയോഗ്യത തടയാൻ ഉദ്ദേശിക്കപ്പെട്ട നിയമം ആദർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധി തടസ്സപ്പെടുത്തുകയായിരുന്നു.

അയോഗ്യതക്ക് കാരണമാകുന്ന വിധി സ്റ്റേ ചെയ്യുന്നതിന് ശിക്ഷിക്കപ്പെടുന്ന പാർലമെന്റംഗങ്ങൾക്കും നിയമസഭാംഗങ്ങൾക്കും 90 ദിവസത്തെ സാവകാശം നൽകുന്നതായിരുന്നു നിർദിഷ്ട നിയമനിർമാണ നിർദേശം

. നാവിെൻറ പിഴവും വർത്തമാനത്തിലെ പിശകും ഗുരുതരമായ പ്രതിസന്ധിക്ക് കാരണമാകരുത്. ഭവിഷ്യത്തിനെ ഭയക്കാതെ സംസാരിക്കാൻ കഴിയണം. ജീവന്റെയും സ്വത്തിന്റെയും സംരക്ഷണംപോലെ പൊലീസ് സ്റ്റേഷനിലും ക്രിമിനൽ കോടതിയിലും സംരക്ഷിക്കാവുന്നതല്ല സൽപ്പേര്. ആരെങ്കിലും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മാനം പോയെന്ന് ആക്ഷേപമുള്ളവർ മാനത്തിന് വിലയിട്ട് സിവിൽ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. ജനപ്രതിനിധികൾക്ക് ബാധകമായ അയോഗ്യതാനിയമത്തിന്റെ യുക്തിസഹമല്ലാത്ത കാഠിന്യം കുറയ്ക്കുന്നതിനുമാത്രമല്ല സംസാരസ്വാതന്ത്ര്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഇതാവശ്യമാണ്. അമേരിക്കയിൽ അപകീർത്തി ക്രിമിനൽ കുറ്റമല്ലാതായിരിക്കുമ്പോൾ ബ്രിട്ടനിൽ പറയുന്നതല്ല, എഴുതുന്നതുമാത്രമാണ് കുറ്റകരമാകുന്നത്.

തനിക്കെതിരെ അപകീർത്തികരമായ ആരോപണമുന്നയിച്ച സെയ്മൂർ ഹെർഷ് എന്ന അമേരിക്കൻ ഗ്രന്ഥകാരനെ ഇന്ത്യയിൽ ക്രിമിനൽ കേസിൽ കുടുക്കുന്നതിനുപകരം അമേരിക്കയിൽ സിവിൽ നഷ്ടപരിഹാര ഹർജി നൽകുകയാണ് പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായി ചെയ്തത്.

 മൊറാർജി ദേശായി

മൊറാർജി ദേശായി

ഒരു കോടിരൂപ പ്രധാനമന്ത്രിക്ക് കോഴയായി നൽകിയെന്ന് പ്രസ്താവിച്ച ഹർഷദ് മേത്തയ്ക്കെതിരെ സിവിലായോ ക്രിമിനലായോ ഒരു നടപടിയും നരസിംഹ റാവു സ്വീകരിച്ചില്ല. കേസിനു പോകുന്നതിനും പോകാതിരിക്കുന്നതിനും കാരണങ്ങളുണ്ട്. കോടതിവിധിയെത്തുടർന്നുള്ള സ്ഥാനനഷ്ടവും അയോഗ്യതയും നമുക്ക് പരിചയമുള്ള കാര്യങ്ങളാണ്.

പക്ഷേ രാഹുൽഗാന്ധിയുടെ കാര്യത്തിൽ അസംബന്ധമെന്നോ അശ്ലീലമെന്നോ വിശേഷിപ്പിക്കാവുന്ന തിടുക്കമുണ്ടായി. വകതിരിവുള്ള ഒരു കോടതി ഒരു പക്ഷേ കുറ്റവിമുക്തനാക്കുമായിരുന്ന കേസിലാണ് രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ടത്. ഒരു മജിസ്ട്രേട്ടിെൻറ അത്യുത്സാഹം രാഷ്ട്രത്തിന്റെ ഗതിവിഗതികളെ ബാധിക്കരുത്.  ജനപ്രതിനിധിയെ സ്ഥാനഭ്രഷ്ടനാക്കുന്നത് അവധാനതയോടെ വേണമെന്ന് ലക്ഷദ്വീപ് എംപിയുടെ കേസിൽ കേരള ഹൈക്കോടതി പറഞ്ഞു. കുറ്റമല്ല ശിക്ഷയാണ് അയോഗ്യതയ്ക്ക് കാരണമാകുന്നത്. കുറ്റക്കാരനെന്നുകണ്ട് രാഹുൽ ഗാന്ധിക്ക് നൽകിയ ശിക്ഷ ശിക്ഷിച്ച കോടതിതന്നെ മുപ്പതു ദിവസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്.

അതുകൊണ്ടാണ് ലക്ഷദ്വീപ് എംപിയെപ്പോലെ രാഹുൽ ഗാന്ധിവിധിപ്രസ്താവം ഉണ്ടായ ഉടൻ ജയിലിലേക്ക് പോകാതിരുന്നത്.
നിലവിൽ പ്രാബല്യത്തിൽ ഇല്ലാത്ത ശിക്ഷയുടെ പേരിലാണ് രാഹുൽഗാന്ധി അയോഗ്യനാക്കപ്പെട്ടത്. പാർലമെന്റ്‌ നിർമിച്ച നിയമപ്രകാരമാണ് റാഹുൽ ഗാന്ധിക്ക് അയോഗ്യതയുണ്ടായത്. വിധിയുടെ അടിസ്ഥാനത്തിൽ അയോഗ്യത സ്വാഭാവികമായോ യാന്ത്രികമായോ ഉണ്ടാകുന്നില്ല.

അധികാരമുള്ളയാൾ അയോഗ്യതയുടെ പ്രഖ്യാപനം നടത്തണം. അയോഗ്യതയെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് രാഷ്ട്രപതിയാണെന്ന് ഭരണഘടനയുടെ അനുച്ഛേദം 103 പറയുന്നു. തെരഞ്ഞെടുപ്പ് കമീഷനുമായി ആലോചിച്ച് രാഷ്ട്രപതി എടുക്കുന്ന തീരുമാനം അന്തിമമാണ്. സെഷൻസ് ജഡ്ജി ഒപ്പിട്ടാലുടൻ വധശിക്ഷ നടപ്പാക്കാൻ കഴിയാത്തതുപോലെ ഇവിടെയും അൽപ്പം സാവകാശം നൽകിയിട്ടുണ്ട്. സ്പീക്കർക്കോ ലോക്സഭാ സെക്രട്ടേറിയറ്റിനോ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. ഇല്ലാത്ത അധികാരമാണ് സ്പീക്കർ പ്രയോഗിച്ചത്. പാർലമെന്റിന്റെ പ്രവർത്തനത്തിൽ കടന്നുകൂടിയിരിക്കുന്ന ഫാസിസ്റ്റ് വൈറസിന്റെ ലക്ഷണമാണിത്. തിടുക്കം അനീതിക്കും നീതിനിഷേധത്തിനും കാരണമാകും.

 രാഹുൽഗാന്ധി സൂറത്ത്‌ കോടതിയിൽ

രാഹുൽഗാന്ധി സൂറത്ത്‌ കോടതിയിൽ

ഒരു റോമൻ ഗവർണർ യേശുവിന് നൽകിയ വധശിക്ഷ മണിക്കൂറുകൾക്കകം നടപ്പാക്കപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വികലമായ വിചാരണയായി യേശുവിന്റെ വിചാരണ മാറി. നീതിക്കും ന്യായത്തിനും വിളിപ്പെട്ട റോമൻ നിയമവ്യവസ്ഥയിൽ അത് സംഭവിക്കാൻ പാടില്ലായിരുന്നു. മരം കണ്ട് കാട് കാണാതെ പോകുന്ന അവസ്ഥ സുപ്രീംകോടതിക്ക് ചിലപ്പോൾ ഉണ്ടാകാറുണ്ട്. തുല്യത എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് ശിക്ഷാവിധിയുണ്ടായാൽ ഉടൻ അയോഗ്യത എന്ന ഉത്തരവ് ലില്ലി തോമസിന്റെ കേസിലുണ്ടായത്.

മണ്ഡലത്തിൽപ്രതിനിധി ഇല്ലാതാവുകയും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരികയും ചെയ്യുന്നതുൾപ്പെടെ ഗുരുതരവും ചെലവേറിയതുമായ അവസ്ഥ സൃഷ്ടിക്കുമ്പോൾ അവധാനതയും ജാഗ്രതയും സൂക്ഷ്മതയും ആവശ്യമുണ്ട്. അതുകൊണ്ടാണ് എല്ലാം സാവധാനത്തിൽ മതിയെന്നു പറയുന്നത്. വിധിക്കൊപ്പം പിറക്കുന്നതാണ് അപ്പീലിനുള്ള അവകാശം. സൂറത്ത് കോടതിയുടെ വിധിക്കെതിരെയുള്ള അപ്പീൽ നടപടികൾ നിലവിലുള്ള ലോക്സഭയുടെ കാലാവധി പൂർത്തിയാകുംമുമ്പ് അവസാനിക്കാൻ സാധ്യതയില്ല.

സെഷൻസ് കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നിങ്ങനെ ഘട്ടങ്ങൾ പലതുണ്ട്. അന്തിമവിധി രാഹുലിന് അനുകൂലമാണെങ്കിൽ നഷ്ടപ്പെട്ടതും അസ്ഥിരപ്പെട്ടതുമായ കാര്യങ്ങൾ പുനഃസ്ഥാപിക്കാൻ കോടതിക്കും ലോക്സഭാ സെക്രട്ടേറിയറ്റിനും കഴിയുമോ? സ്വാതന്ത്ര്യമായാലും പദവിയായാലും നഷ്ടപ്പെടുന്നവന് പറയാനുള്ളത് പറയാൻ അവസരം നൽകാതെയുള്ള ശിക്ഷയും നടപടിയും സ്വാഭാവികനീതിക്ക് നിരക്കുന്നതല്ല. ലക്ഷദ്വീപ് എംപിയെ പുറത്താക്കാൻ കാണിച്ച വ്യഗ്രത തിരിച്ചെടുക്കുന്ന കാര്യത്തിലുണ്ടായില്ല. ഹൈക്കോടതിയുടെ അനുകൂലമായ ഉത്തരവ് ഉണ്ടായിരുന്നിട്ടും പുനഃപ്രവേശത്തിന് രണ്ട് മാസത്തെ കാത്തിരിപ്പിനുശേഷം മുഹമ്മദ് ൈഫസലിന് സുപ്രീംകോടതിയിൽ എത്തേണ്ടിവന്നു. 

ക്രിമിനൽ നീതിനിർവഹണവ്യവസ്ഥയിൽ ഏറ്റവും താഴെയുള്ള പദവി വഹിക്കുന്ന ആളാണ് മജിസ്ട്രേറ്റ്. അദ്ദേഹത്തിന്റെ അപ്പീലിനുവിധേയമായ ശിക്ഷാവിധിയുടെ അടിസ്ഥാനത്തിൽ ജനഹിതം അട്ടിമറിക്കപ്പെടുന്നത് സ്വീകാര്യമായ അവസ്ഥയല്ല. ജനപ്രതിനിധിയെ അയോഗ്യനാക്കി സ്ഥാനഭ്രഷ്ടും വിലക്കും ഏർപ്പെടുത്തുന്നതിനുള്ള ശിക്ഷയുടെ ദൈർഘ്യം രണ്ടു വർഷത്തിൽനിന്ന് പത്തു വർഷമായി ഉയർത്തണം. ന്യായമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ചാർജ് ചെയ്യപ്പെടുന്ന കുറ്റങ്ങൾക്ക് സൂറത്തിലെ എച്ച് എച്ച് വർമയെപ്പോലെ അന്യായമായ ശിക്ഷ വിധിക്കുന്ന മജിസ്ട്രേറ്റുമാരിൽനിന്ന് ജനാധിപത്യത്തെ രക്ഷിക്കുന്നതിന് ജനപ്രാതിനിധ്യനിയമത്തിൽ ഈ മാറ്റം അനിവാര്യമാണ്. ജനാധിപത്യത്തിലെ രാഷ്ട്രീയപ്രവർത്തനം നിശ്ശബ്ദതയിൽ അച്ചടക്കത്തോടെ നടത്താനുള്ളതല്ല.

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top