26 April Friday

മറച്ചാലും മറക്കാനാവില്ല- ഡോ. സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നു

ഡോ. സെബാസ്റ്റ്യന്‍ പോള്‍Updated: Wednesday Feb 8, 2023

ചരിത്രം നിരന്തരമായ പുനര്‍വായനയ്‌ക്കും പുനഃപരിശോധനയ്‌ക്കും വിധേയമാണ്. ചരിത്രകാരര്‍ മാത്രമല്ല സാധാരണ ജനങ്ങളും ഈ പ്രക്രിയയില്‍ പങ്കാളികളാണ്. ജനങ്ങള്‍ക്കുവേണ്ടി മാധ്യമങ്ങള്‍ ഏറ്റെടുക്കുന്ന ജോലിയാണിത്. സിനിമ ഒരു മാധ്യമമായതിനാല്‍ ഫീച്ചര്‍ ഫിലിമിന്റെ രൂപത്തിലും ഡോക്യുമെന്ററിയുടെ രൂപത്തിലും ഈ പ്രവര്‍ത്തനം നടക്കുന്നു. വ്യവഹാരത്തിന് സംഭവിക്കുന്നതുപോലെ ഗവേഷണത്തിന് കാലഹരണദോഷമില്ലാത്തതിനാല്‍ പണ്ടൊരിക്കല്‍ സംഭവിച്ചത് എന്ന ദോഷം ചരിത്രനിര്‍മിതിയില്‍ ആരോപിക്കാനാവില്ല. ഭൂതകാലത്തിന്റെ വിലയിരുത്തല്‍ വര്‍ത്തമാനകാലത്തിന്റെ കര്‍ത്തവ്യമാണ്.

ശശി തരൂര്‍ കണ്ടതുപോലെ 2002 പണ്ടുപണ്ടെങ്ങോ ഉദിച്ചസ്തമിച്ച വര്‍ഷമല്ല. നാസികളുടെ ജൂതഹത്യ യൂറോപ്പിന് മറക്കാന്‍ കഴിയാത്തതുപോലെ നമ്മുടെ സ്മൃതിയില്‍ മായാത്ത വ്രണവും മങ്ങാത്ത വേദനയുമായി അത് അവശേഷിക്കുന്നു. ഗുജറാത്തിലെ സമാനതയില്ലാത്ത വംശഹത്യയുടെ അന്വേഷണവും വിചാരണയും സുപ്രീം കോടതി അവസാനിപ്പിച്ചെങ്കിലും ചരിത്രത്തിന് അത് അവസാനവാക്കല്ല. ചരിത്രം ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്തുകൊണ്ടേയിരിക്കും. വെളിപ്പെടുന്നത് വാര്‍ത്തയാകും.

ലോകത്തിന് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയാത്ത നൃശംസതയാണ് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കേ ഗുജറാത്തില്‍ സംഭവിച്ചത്. നയതന്ത്രചാലുകള്‍ ഉപയോഗിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളാണ് ഇന്ത്യ; ദ മോദി ക്വസ്റ്റ്യന്‍ എന്ന പേരില്‍  ഡോക്യുമെന്ററി രൂപത്തില്‍ ബിബിസി  അവതരിപ്പിച്ചത്.

മോദി ഇപ്പോള്‍ പ്രധാനമന്ത്രിയാണെന്നതും കേസ് സുപ്രീം കോടതി തീര്‍പ്പാക്കിയതാണെന്നതും ബിബിസിക്ക് തടസമായില്ല. അത്തരം കാര്യങ്ങളെ അടിസ്ഥാനമാക്കി സ്വയം നിയന്ത്രിതമാകുന്ന മാധ്യമസ്ഥാപനമല്ല ബിബിസി. വ്യക്തമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിബിസി ഗവണ്‍മെന്റില്‍നിന്ന് ധനസഹായം സ്വീകരിക്കുന്നുണ്ട്.

പണത്തിന് കണക്ക് ബോധിപ്പിക്കേണ്ടത് പാര്‍ലമെന്റിനോടാണ്. ഇന്ത്യയില്‍ ദൂരദര്‍ശനും ഗവണ്‍മെന്റും തമ്മിലുള്ള അനാശാസ്യമായ ആശ്രിതബന്ധമല്ല ബ്രിട്ടനില്‍ ബിബിസിയും ഗവണ്‍മെന്റും തമ്മിലുള്ളത്. പ്രസാര്‍ ഭാരതിയെ സ്വയംനിര്‍ണയാധികാരമുള്ള സ്വതന്ത്രസ്ഥാപനമാക്കാന്‍ അടിയന്തരാവസ്ഥയ്ക്കുശേഷം ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.

എന്തിനിപ്പോള്‍ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ മാധ്യമസ്ഥാപനം ബാധ്യസ്ഥമല്ല. രഹസ്യമായി സൂക്ഷിച്ചിരുന്ന റിപ്പോര്‍ട്ട് ചോര്‍ന്നോ അല്ലാതെയോ കിട്ടിയപ്പോള്‍ ബിബിസി അത് ഉപയോഗപ്പെടുത്തിയെന്ന് കണക്കാക്കിയാല്‍ മതി. അനഭിമതമായതെന്തും അനവസരത്തിലുള്ളതായി തോന്നാം. ഇക്കൊല്ലം ജി20ന്റെ അധ്യക്ഷസ്ഥാനമാണെങ്കില്‍ അടുത്ത കൊല്ലം തിരഞ്ഞെടുപ്പാകുമായിരുന്നു അനവസരത്തിലുള്ള സംപ്രേഷണം എന്ന ആക്ഷേപത്തിന് കാരണമാകുന്നത്.

ഗുജറാത്ത് വംശീയഹത്യയുടെ ഉത്തരവാദിത്വത്തില്‍നിന്ന് നരേന്ദ്ര മോദിയെ കോടതി മുക്തമാക്കിയെങ്കിലും ചരിത്രം അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടില്ല. ഇത്തരം നൃശംസതയ്ക്ക് ഉത്തരവാദികളായവരുടെ നേരേ ചരിത്രത്തിന്റെ വിരല്‍ ആവര്‍ത്തിച്ച് ചൂണ്ടപ്പെട്ടുകൊണ്ടിരിക്കും. അതിലൊന്നു മാത്രമാണ് ബിബിസിയുടെ ഡോക്യുമെന്ററി. ആ മനുഷ്യന്‍ നീ തന്നെ എന്ന് നാഥാന്‍, പ്രവാചകനെപ്പോലെ ചരിത്രം ആവര്‍ത്തിച്ചു പറയുമ്പോള്‍ നരേന്ദ്ര മോദി അസ്വസ്ഥനാകുന്നത് സ്വാഭാവികം മാത്രം.

വാസ്തവത്തില്‍ അദ്ദേഹം ഇങ്ങനെ അസ്വസ്ഥനാകേണ്ട കാര്യമില്ല. 2002ലെ പാപച്ചുമടുമേന്തിക്കൊണ്ടാണ് മോദി ഗുജറാത്തിലും പിന്നീട് ഡല്‍ഹിയിലും വിജയം മെച്ചപ്പെടുത്തി ആവര്‍ത്തിച്ചത്. മൃതരുടെ ശാപം ചിലപ്പോള്‍ അനുഗ്രഹമാകും. ശ്രദ്ധിക്കാതിരുന്നെങ്കില്‍ ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്ന ഡോക്യുമെന്ററിയെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത് ബിജെപിയുടെ ഔദ്ധത്യമാണ്. വിമര്‍ശനത്തെ നേരിടുന്നതിനുള്ള പ്രാപ്തി ഫാഷിസ്റ്റുകള്‍ക്കില്ല. ദ ഗ്രേറ്റ് ഡിക്ടേറ്ററില്‍ ഹിറ്റ്ലറായി അഭിനയിച്ച ചാര്‍ലി ചാപ്ളിനാണ് ലണ്ടനില്‍ ബോംബിടുന്നതിനുള്ള ഹിറ്റ്ലറുടെ ആക്രോശത്തിനു കാരണമായതെന്ന് കേട്ടിട്ടുണ്ട്. ആ മാനസികാവസ്ഥയിലാണ് ബിജെപി.

സമ്പത്തിന്റെ കരുത്തില്‍ ബ്രിട്ടനേക്കാള്‍ മുന്നിലാണ് ഇന്ത്യ എന്ന് ബിജെപി ബ്രിട്ടനെ ഓര്‍മപ്പെടുത്തുന്നുണ്ട്. അതിനൊപ്പം ജനാധിപത്യത്തിന്റെ ശ്രേഷ്ഠതയിലും മേനി പറയാന്‍ നമുക്ക് കഴിയണം. സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നതിന്റെ പേരില്‍ പ്രധാനമന്ത്രിക്ക് പിഴയിടാന്‍ പൊലീസുകാരന് കരുത്ത് നല്‍കുന്ന നിയമവ്യവസ്ഥയാണ് ബ്രിട്ടനിലേത്. പ്രധാനമന്ത്രിക്കെതിരായ വിമര്‍ശം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന അപക്വമായ നിലപാടാണ് ഇന്ത്യയിലുള്ളത്.

നിരോധനം ഒന്നിനും പരിഹാരമല്ല. നിരോധിക്കപ്പെടുന്നത് തഴച്ചുവളരുമെന്നത് ചരിത്രത്തിന്റെ പാഠം. മതങ്ങളുടെയും സംഘടനകളുടെയും ചരിത്രം അതാണ്. വിശ്വാസികളുടെ രക്തത്തിലാണ് പ്രത്യയശാസ്ത്രങ്ങളുടെ വളര്‍ച്ച. നിരോധനത്തിലൂടെയാണ് പുസ്തകവും സിനിമയും ജനപ്രിയമാകുന്നത്.

സാധാരണനിലയില്‍ ബിബിസി ചാനല്‍ കാണാത്ത അസംഖ്യം ആളുകള്‍ ദ മോദി ക്വസ്റ്റ്യന്‍ കണ്ടു. ബിജെപി ഭരിക്കുന്ന ഇടങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ചും പൊലീസിനെ ഉപയോഗിച്ചും പ്രദര്‍ശനം തടസപ്പെടുത്താന്‍ ശ്രമമുണ്ടായി. അടിയന്തരാവസ്ഥയുടെ ആദ്യദിനം ഡല്‍ഹിയില്‍ പത്രങ്ങള്‍ പുറത്തുവരാതിരിക്കാന്‍ വൈദ്യുതി തടസപ്പെടുത്തി.

ഇന്ദിര ഗാന്ധിയുടെ ജനാധിപത്യവിരുദ്ധതന്ത്രങ്ങള്‍തന്നെയാണ് പറഞ്ഞും പറയാതെയും നരേന്ദ്ര മോദി അനുവര്‍ത്തിക്കുന്നത്. നിയന്ത്രണത്തിനും നിരോധനത്തിനും അതീതമായി ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കുമെന്ന് നാം കരുതി. എന്നാല്‍ ഐ ആന്‍ഡ് ബി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ എന്തും തടയാമെന്ന അവസ്ഥയിലാണ് നാം കഴിയുന്നത്. ട്വിറ്റര്‍ നിയന്ത്രണത്തിന് വിധേയമായപ്പോള്‍ ഓണ്‍ലൈനില്‍ ഒന്നും കാണാന്‍ കഴിയാതായി. കാണിക്കുന്നതിനും കാണുന്നതിനുമുള്ള അവകാശമാണ് അനുഛേദം 19(1)(എ) പ്രഖ്യാപിക്കുന്നത്. രണ്ടും ഇവിടെ തടസപ്പെട്ടു.

അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തില്‍ പ്രകടമാകുന്ന ന്യൂനതയാണ് ജനാധിപത്യത്തിന്റെ ശ്രേഷ്ഠതയില്‍ ഇന്ത്യയുടെ അധോഗതിക്ക് കാരണം. ചിന്തയ്ക്കും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം ഉച്ചൈസ്തരം പ്രഖ്യാപിക്കുന്ന ആമുഖത്തിന്റെ രചയിതാവായ ജവഹര്‍ലാലിന്റെ കാലം മുതല്‍ക്കേ അത് പരിമിതപ്പെടുത്തുന്നതിനുള്ള ശ്രമം ആരംഭിച്ചു. സാങ്കേതികവിദ്യയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തിനൊപ്പം നിയന്ത്രണത്തിന്റെ കത്രികപ്പൂട്ടുകളും രൂപംകൊണ്ടു. മനുഷ്യാവകാശപ്രശ്നങ്ങളെ മുന്‍നിര്‍ത്തി ഡോക്യുമെന്ററികള്‍ നിര്‍മിച്ച് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന ആളാണ് ആനന്ദ് പട്വര്‍ദ്ധന്‍.

ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി ദീര്‍ഘമായ നിയമപോരാട്ടങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ദുരഭിമാനക്കൊല പശ്ചാത്തലമാക്കി പ്രിയദര്‍ശന്‍ സംവിധാനംചെയ്ത ആക്രോശ് എന്ന ഹിന്ദി ചിത്രവും നിരോധനത്തിന്റെ പേരില്‍ കോടതി കയറിയിട്ടുണ്ട്. നിരവധിയായ കേസുകളില്‍ കോടതി നല്‍കിയിട്ടുള്ള വിധികളുടെ അടിസ്ഥാനത്തില്‍ നിരോധനത്തിലെ തെറ്റും വ്യര്‍ത്ഥതയും അധികാരികള്‍ മനസിലാക്കേണ്ടതാണ്.

ഒന്നും ചെയ്യാതിരുന്നതിന് നന്ദി പറയുന്ന ചോക്ലേറ്റ് പരസ്യം ടിവിയില്‍ കാണാറുണ്ട്. ചിലപ്പോള്‍ ചിലര്‍ക്ക് ആവശ്യം നിഷ്ക്രിയതയാണ്. നിഷ്ക്രിയതയും ചിലപ്പോള്‍ കുറ്റമാകും. മുഖ്യമന്ത്രിയെന്ന നിലയില്‍ മോദിയുടെ നിഷ്ക്രിയത അവര്‍ണനീയമായ ദുരിതത്തിനു കാരണമായി.

കോടതി പറഞ്ഞൊതുക്കിയതുകൊണ്ട് എല്ലാം ഇല്ലാതാകുന്നില്ല. തീര്‍ത്തിട്ടും തീരാതെ ഭോപ്പാല്‍ ഇപ്പോഴും കോടതിയിലുണ്ട്. അന്വേഷിച്ചവരും കണ്ടെത്തിയവരും കണക്കുതീര്‍ത്ത് പിരിഞ്ഞെങ്കിലും അയോധ്യ ചരിത്രത്തിന്റെ നിലയ്ക്കാത്ത അന്വേഷണമായി അവശേഷിക്കുന്നു.

നൂറു വര്‍ഷങ്ങള്‍ക്കുശേഷം മലബാര്‍ കലാപത്തെ പുതിയ വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കിയ ബിജെപിക്ക് ഇത് മനസിലാകാത്ത കാര്യമല്ല. 1921 എന്ന സിനിമ നിലനില്‍ക്കെത്തന്നെ ആ വര്‍ഷത്തെ അടിസ്ഥാനമാക്കി 2021ല്‍ നാല് സിനിമകളുടെ അറിയിപ്പുണ്ടായി. അതുതന്നെയാണ് ബിബിസി ചെയ്തത്.

നാളെ മറ്റൊരു വെളിപ്പെടുത്തല്‍ മറ്റൊരു വിവരണത്തിന് കാരണമായിക്കൂടെന്നില്ല. മാധ്യമപ്രവര്‍ത്തനം സത്യാന്വേഷണമാകുമ്പോള്‍ അനിവാര്യമായി സംഭവിക്കുന്ന പ്രക്രിയയാണിത്. 2002 നമ്മോടൊപ്പമുള്ള വര്‍ഷമാണ്. അത് പണ്ടെങ്ങോ കലണ്ടറില്‍ കണ്ട വര്‍ഷം മാത്രമായി ശശി തരൂര്‍ ലഘൂകരിക്കരുത്.

(ചിന്ത വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top