20 April Saturday

എഴുത്തിനെ ചുരുക്കിയ വായനയുടെ ധാരാളിത്തം-ഡോക്ടർ പി വി കൃഷ്ണൻ നായരുമായി അഭിമുഖം

ഡോ. പി വി കൃഷ്ണന്‍നായര്‍ / എം ഹരിദാസ്‌Updated: Tuesday Apr 25, 2023

ഡോ. പി വി കൃഷ്‌ണൻ നായർ - ഫോട്ടോ: ഡിവിറ്റ്‌ പോൾ

ജനിച്ച കാസർകോടന്‍ ഗ്രാമത്തിന്റെ പേര് പെരിയ എന്നാണ്. വീടിന്റെ പേരാകട്ടെ പെരിയ വേങ്ങയില്‍ എന്നും. വീട്ടുപേരുതന്നെ നാട്ടുപേരായ അനുഭവം. എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനുമായ ഡോ. പി വി കൃഷ്‌ണൻ നായർ സംസാരിക്കുന്നു

? വടക്കേമലബാറിലെ ബാല്യത്തില്‍നിന്ന് തുടങ്ങാം.

= സ്വാതന്ത്ര്യസമരത്തിന്റെ ആവേശം തിരയടിച്ചിരുന്ന കാലത്താണ് ജനനം. സ്വാതന്ത്ര്യം ലഭിച്ചതുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഓർമ മനസ്സില്‍ പതിഞ്ഞുകിടപ്പുണ്ട്. ജനിച്ച കാസർകോടന്‍ ഗ്രാമത്തിന്റെ പേര് പെരിയ എന്നാണ്. വീടിന്റെ പേരാകട്ടെ പെരിയ വേങ്ങയില്‍ എന്നും. വീട്ടുപേരുതന്നെ നാട്ടുപേരായ അനുഭവം. വേങ്ങയില്‍ എന്ന മൂലകുടുംബത്തില്‍നിന്ന് ഒമ്പത് മക്കള്‍ ഭാഗംവച്ച് പിരിഞ്ഞുണ്ടായതാണ് കുടുംബം എന്നാണ് ചരിത്രം.

ആ കുടുംബകഥയിലെ അതിപ്രശസ്തനായ വ്യക്തി മലയാളത്തിലെ ആദ്യത്തെ കഥാകൃത്ത് വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരാണ്.

വേങ്ങയിൽ  കുഞ്ഞിരാമൻ  നായനാർ

വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

കാരണവന്‍മാരില്‍ ചിലര്‍ നായരെന്നും ചിലര്‍ നായനാര്‍ എന്നും അറിയപ്പെട്ടു. എന്നെക്കുറിച്ചുള്ള ഒരു സാന്ദര്‍ഭിക പരാമര്‍ശത്തില്‍ ‘ഓന്‍ എന്റെ ബന്ധുവാണ് എന്ന് ഇ കെ നായനാര്‍ പറഞ്ഞതായി ഐ വി ദാസ് മാഷ് പറയാറുണ്ട്.

അഞ്ഞൂറുവര്‍ഷംമുമ്പ് തലശേരി താലൂക്കില്‍ കൂത്തുപറമ്പിനുസമീപമുള്ള കോട്ടയം അംശത്തില്‍നിന്ന് വടക്കോട്ടുവന്ന് താമസമുറപ്പിച്ചവരാണ് പെരിയ തറവാട്ടുകാരുടെ പൂർവികര്‍. കേരള സംസ്ഥാന രൂപീകരണംവരെ അവര്‍ സൗത്ത് കനറക്കാരായി തുടര്‍ന്നു. രാജാജിയും പിന്നീട് ഭക്തവത്സലവും രാജ്യഭരണം നടത്തിയ മദ്രാസ് സംസ്ഥാനത്തിലെ പ്രജകളായിരുന്നു ഞങ്ങള്‍. രാജാജി കാസർകോട്‌ പട്ടണത്തില്‍ വന്നപ്പോള്‍ അച്ഛന്റെ കൈയിൽ തൂങ്ങി പ്രസംഗം കേട്ടത് ഓർമയിലുണ്ട്.

ജീവിതത്തില്‍ ആദ്യമായി കേട്ട പ്രസംഗം അതായിരിക്കണം. നല്ല പ്രസംഗങ്ങള്‍ കേള്‍ക്കുന്നതിനുള്ള താല്പര്യം ഇന്നും നിലനില്‍ക്കുന്നു. ആയിരക്കണക്കിന് പ്രസംഗങ്ങള്‍ ഇതിനകം കേട്ടിട്ടുണ്ടാവും. വേദിയിലെന്നപോലെ

ഇ കെ നായനാർ

ഇ കെ നായനാർ

സദസ്സിലിരിക്കാനും ഇഷ്ടമാണ്. കഴിഞ്ഞ മാര്‍ച്ച് 19 ന് സാഹിത്യ അക്കാദമിയില്‍ കോസ്റ്റ്ഫോര്‍ഡ് നടത്തിയ ടി ആർ ചന്ദ്രദത്ത് അനുസ്മരണത്തില്‍ മൂന്നുമണിക്കൂറോളം ഇരുന്ന് എം എ ബേബിയുടേയും സച്ചിദാനന്ദന്റേയും രാജാജി മാത്യുതോമസിന്റേയും പ്രസംഗങ്ങള്‍ കേട്ടു. ചെറുപ്പത്തില്‍ കന്നഡ പ്രസംഗങ്ങളും ധാരാളമായി കേട്ടിട്ടുണ്ട്.

ബാല്യകാലത്തെ മറ്റൊരോർമ തറവാട്ടിലെ വ്യവഹാരപ്രിയരായിരുന്ന കാരണവന്മാര്‍ നടത്തിയിരുന്ന കേസുകളെക്കുറിച്ചാണ്. ഒ ചന്തുമേനോന്‍ ഇന്ദുലേഖയിലും ശാരദയിലും സൂചിപ്പിച്ചപോലെ കോടതി വ്യവഹാരങ്ങള്‍ അക്കാലത്തെ നായര്‍ തറവാടുകളുടെ ശാപമായി മാറിയിരുന്നു.

ഞങ്ങടെ വീട്ടിലെ ചില കേസുകളില്‍ വിധിപറഞ്ഞത് സാക്ഷാല്‍ ചന്തുമേനോന്‍ തന്നെയായിരുന്നു എന്ന്‌ തെളിയിക്കുന്ന രേഖകള്‍ ഉണ്ട്. തെയ്യം, തിറ, പൂരക്കളി, കോല്‍ക്കളി, അക്ഷരശ്ലോകം തുടങ്ങി

ഒ ചന്തുമേനോന്‍

ഒ ചന്തുമേനോന്‍

അനുഷ്ഠാനകലകളിലൂടെയും സാഹിത്യവിനോദങ്ങളിലൂടെയും കെട്ടിപ്പടുത്ത ഐക്യബോധവും, സ്വാതന്ത്ര്യസമരം ചെലുത്തിയ മൂല്യബോധവും പ്രബലമായി നിന്നിരുന്ന സമൂഹത്തിലാണ് എന്റെ ബാല്യം വികസിച്ചത്.

നൂറുകണക്കിന് ഏക്കര്‍ വരുന്ന ഭൂസ്വത്ത്, അഞ്ചാംപുരയും പത്തായപ്പുരയും ഉള്ള വീട്, നിരവധി പശുക്കള്‍ നിരന്നുനില്‍ക്കുന്ന തൊഴുത്ത്, ഇരുനൂറോളം പണിക്കാര്‍... ഇതിന്റെയൊക്കെ നിറവ് അറിഞ്ഞിട്ടുണ്ട്. എന്നാല്‍ സ്വത്തിലും പണത്തിലും ഭ്രമം തോന്നിയിട്ടില്ല. നാട്ടിലെ ആദ്യത്തെ എഴുത്തുപള്ളിക്കൂടം ആരംഭിച്ചത് ഞങ്ങളുടെ തറവാട്ടിലാണ്. കുട്ടികളെ ആദ്യം പൂഴിയിലും പിന്നെ എഴുത്താണികൊണ്ട് ഓലയിലും എഴുതിച്ചാണ് അക്ഷരം പഠിപ്പിച്ചിരുന്നത്.

അമരം, ശ്രീരാമോദന്തം, മണിപ്രവാളം, കാളിദാസകൃതികള്‍... വരെ പഠിപ്പിക്കുന്ന സാമ്പ്രദായിക രീതിയാണ് നിലനിന്നിരുന്നത്. എനിക്ക് സ്കൂള്‍ പ്രായം ആകുന്നതിന് ഏതാനും വര്‍ഷം മുമ്പുമാത്രമാണ് നാട്ടില്‍ ഒരു പ്രൈമറി സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. സൗത്ത് കനറ ഡിസ്ട്രിക്‌ട്‌ ബോര്‍ഡിന്റെ കീഴില്‍ അത് ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. എട്ടാം

 ഐ വി ദാസ്

ഐ വി ദാസ്

ക്ലാസില്‍ നടത്തപ്പെട്ടിരുന്ന സര്‍ക്കാരിന്റെ ഇഎസ്എസ്എല്‍സി പരീക്ഷവരെയുള്ള പഠനം അവിടെയായിരുന്നു.

വീട്ടില്‍നിന്ന് എട്ടുമൈല്‍ ദൂരെയുള്ള ബേക്കല്‍ ഫിഷറീസ് സ്കൂളിലായിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം. താമസം ബന്ധുവീടുകളിലായിരുന്നു. ചുരുക്കത്തില്‍ എട്ടാംക്ലാസിലായപ്പോള്‍ വീടുവിട്ടതാണ്. പിന്നെ നാട്ടിലേക്ക് തിരിച്ചുപോയിട്ടില്ല. മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍ മാത്രമാണ് പെരിയയില്‍ ഹൈസ്കൂള്‍ വരുന്നത്. ടൂറിസ്റ്റ് കേന്ദ്രം എന്ന വിശേഷണമൊന്നും ബേക്കലിന് അന്ന്‌ ഉണ്ടായിരുന്നില്ല.

കോട്ടയും കടലും അന്നുമുണ്ടായിരുന്നു എന്നുമാത്രം. സ്കൂളില്‍നിന്ന് ഇടയ്ക്ക് കോട്ട വരെ പോവുക പതിവായിരുന്നു. ബേക്കല്‍ സ്കൂളില്‍ ഇ കെ കൃഷ്ണവര്‍മ്മരാജ, പി കെ കുഞ്ഞിരാമന്‍, എ എസ് ചിദംബരം, എം എച്ച് കേശവന്‍നമ്പൂതിരിപ്പാട്, സി രാഘവന്‍, മാധവന്‍ എമ്പ്രാന്തിരി തുടങ്ങി പ്രഗത്ഭരായ അധ്യാപകരുണ്ടായിരുന്നു. സാഹിത്യവിമര്‍ശകനായ എം ആര്‍ ചന്ദ്രശേഖരന്‍ അന്നവിടെ മലയാളം അധ്യാപകനായിരുന്നു.

കമ്യൂണിസ്‌റ്റ് പാർടിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയതിന് മാതൃഭൂമിയില്‍നിന്ന് പിരിച്ചുവിടപ്പെട്ടപ്പോഴാണ് എം ആര്‍ സി അധ്യാപകനായി അവിടെ എത്തുന്നത്. അദ്ദേഹവുമായുള്ള ദൃഢസൗഹൃദം അന്നാരംഭിച്ചതാണ്.

ബേക്കല്‍

ബേക്കല്‍

വായനാശീലം ശക്തിപ്പെടുന്നത് ഹൈസ്കൂള്‍ കാലത്താണ്. അന്ന് പ്രസംഗത്തിനു പുറമെ കഥാരചനയും ഉണ്ടായിരുന്നു. എല്ലാ ക്ലാസിലും സ്കൂളില്‍ ഒന്നാമനായി വിജയിച്ചു. സ്വാതന്ത്ര്യസമരത്തില്‍നിന്ന് ലഭിച്ച പ്രചോദനത്താല്‍ ഹിന്ദി പഠനവും അന്നേ ആരംഭിച്ചു. ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ നടത്തുന്ന രാഷ്ട്രഭാഷ. വിശാരദ്, പ്രവീണ്‍ തുടങ്ങിയ പരീക്ഷകള്‍ വിജയിച്ച് ഹിന്ദിയില്‍ അറിവ് നേടി. അക്കാലത്തുതന്നെ ‘കേരള വിദ്യാര്‍ത്ഥി' എന്ന മാസികയില്‍ ആദ്യലേഖനം പ്രസിദ്ധീകരിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ ആസക്തിയായിരുന്ന വായന തന്നെയായിരുന്നു ആ പ്രഥമലേഖനത്തിലെ പ്രതിപാദ്യവിഷയം.

കോണ്‍ഗ്രസ്‌, സോഷ്യലിസ്റ്റ് കക്ഷികളുടെ നേതാക്കളായിരുന്ന നെഹ്രു, കേളപ്പന്‍, എ കെ ജി, എം ടി കുമാരന്‍, ഡോ. കെ ബി മേനോന്‍, സി കെ ഗോവിന്ദന്‍നായര്‍, ജയപ്രകാശ് നാരായണന്‍, റാം മനോഹര്‍ ലോഹ്യ, അശോക്മേത്ത, അരങ്ങില്‍ ശ്രീധരന്‍... ഇവരുടെയൊക്കെ പ്രസംഗം ആരാധനയോടെ കേള്‍ക്കുകയുണ്ടായി. അതിലൂടെ ലഭിച്ച മാനസികവികാസം ലോകചരിത്രവും സാമൂഹ്യഘടനയും സംബന്ധിച്ച അറിവ് പകര്‍ന്നുതരുകയുണ്ടായി. ഗാന്ധിസത്തോടുള്ള പക്ഷപാതമെന്നുതന്നെ പറയാവുന്ന ആഭിമുഖ്യം അന്നേ ആരംഭിച്ചിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഹൈസ്കൂള്‍ ജീവിതം അവസാനിച്ച് കോളേജ് പഠനത്തിന് ദേവഗിരി സെന്റ്‌ ജോസഫ് കോളേജിലെത്തുന്നത്.

? എന്തുകൊണ്ടാണ് ദേവഗിരി കോളേജ് തെരഞ്ഞെടുത്തത്.

= അന്നേക്ക്, മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായി മാറിയ എം ആര്‍ സി പറഞ്ഞു ‘പഴക്കമുള്ള കോളേജുകളില്‍ തഴക്കമുള്ള അധ്യാപകര്‍ കാണും’  . മക്കളെല്ലാം വീടുവിട്ട് ദൂരസ്ഥലങ്ങളില്‍ പോയി പഠിക്കണം, ലോകം കാണണം, അറിയണം എന്ന അഭിപ്രായക്കാരനായിരുന്നു അച്ഛന്‍. അതിനാല്‍ എവിടെ വിടാനും അച്ഛന് സമ്മതമായിരുന്നു. പക്ഷേ താരതമ്യേന പുതിയ കോളേജായ ദേവഗിരിയാണ് തെരഞ്ഞെടുത്തത്.

അവിടെ അധ്യാപകനായിരുന്ന സുകുമാര്‍ അഴീക്കോടും ജ്യേഷ്ഠനും തമ്മിലുണ്ടായിരുന്ന അടുപ്പമായിരുന്നു കാരണം. മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍നിന്ന് പിരിഞ്ഞാണ് അഴീക്കോട് ദേവഗിരിയില്‍ എത്തുന്നത്.

സുകുമാർ  അഴീക്കോട്‌

സുകുമാർ അഴീക്കോട്‌

അദ്ദേഹം എന്റെ കൈപിടിച്ചാണ് പ്രിന്‍സിപ്പല്‍ ഫാദര്‍ തിയോഡേഷ്യസിന്റെ മുമ്പാകെ കൊണ്ടുപോയി കോളേജില്‍ ചേര്‍ത്തത്. ദേവഗിരി നാളിതുവരെ അപരിചിതമായിരുന്ന ഒരു ലോകം മുന്നിലെത്തിച്ചു.

ക്രിസ്ത്യാനികള്‍ പേരിനുപോലും ഇല്ലാതെയിരുന്ന ഗ്രാമമായിരുന്നു പെരിയ. ജീവിതത്തില്‍ ശുദ്ധിയും ഉന്നതനിലവാരവും പുലര്‍ത്തിയിരുന്ന അവിടത്തെ വൈദികരെ കണ്ടുശീലിച്ചതുകൊണ്ടാണ് വൈദികരോടുള്ള ആദരവ് ദൃഢമായത്. അത് ലാറ്റിന്‍ ഭാഷാപഠനത്തിലേക്കും നയിച്ചു. ഫാദര്‍ നെസ്റ്ററിന്റെ കീഴിലാണ് ലാറ്റിന്‍ പഠിച്ചത്. ദേവഗിരിക്കാലം കുറെക്കൂടി ലോകബോധം മനസ്സിലെത്തിച്ചു.

ഡോ. കെ ജി അടിയോടി, പ്രൊഫ. മാത്യു താമരക്കാട്, പ്രൊഫ. ജോസഫ് പുലിക്കുന്നിയില്‍, തായാട്ട് ശങ്കരന്‍,

തായാട്ട് ശങ്കരന്‍

തായാട്ട് ശങ്കരന്‍

വി എ കേശവന്‍നമ്പൂതിരി, പ്രൊഫ. എ ഒ തോമസ് തുടങ്ങി അവിടത്തെ മികച്ച അധ്യാപകര്‍ എന്നില്‍ സ്വാധീനം ചെലുത്തി. മലയാളം, ഇംഗ്ലീഷ്. ഹിന്ദി മൂന്ന് ഭാഷയിലും അക്കാലത്ത് പ്രസംഗിക്കാറുണ്ടായിരുന്നു. മത്സരത്തില്‍ മൂന്നിലും സമ്മാനം കിട്ടിയതും എനിക്കായിരുന്നു.

?മഹാരാജാസില്‍ ചെല്ലുന്നതിനുമുന്നേ അടിസ്ഥാനവിശ്വാസപ്രമാണങ്ങള്‍ രൂപപ്പെട്ടിരുന്നുവല്ലേ.

=  ബേക്കലിലെയും ദേവഗിരിയിലെയും പഠനകാലത്ത് വ്യക്തിത്വത്തിന്റെ അടിസ്ഥാനസ്വഭാവം രൂപപ്പെട്ടിട്ടുണ്ടായിരിക്കണം. അച്ഛന്റെയും അമ്മയുടെയും തറവാടുകളില്‍ ഗാന്ധിയോടുള്ള ആരാധന പ്രബലമായിരുന്നു. അച്ഛന്റെ വീട്ടുകാരായ മേലത്ത് തറവാട്ടുകാര്‍ വലിയ ഗാന്ധിയന്മാരായിരുന്നു.

മഹാരാജാസ്‌ കോളജ്‌

മഹാരാജാസ്‌ കോളജ്‌

കോണ്‍ഗ്രസ്‌ നേതാവായിരുന്ന മേലത്ത് നാരായണന്‍നമ്പ്യാര്‍ കുടുംബാംഗമായിരുന്നു. സി കെ ഗോവിന്ദന്‍നായര്‍, കെ കേളപ്പന്‍, വിദ്വാന്‍ പി കേളുനായര്‍, സുബ്രഹ്മണ്യന്‍ തിരുമുമ്പ്, എ സി, കണ്ണന്‍നായര്‍, കെ മാധവന്‍ തുടങ്ങിയരുമായി അച്ഛനുണ്ടായിരുന്ന സൗഹാർദവും സ്വാധീനിച്ചിട്ടുണ്ട്.

ഗാന്ധിയുടെ ചരമദിനവും ജന്മദിനവും വീട്ടില്‍ വിഷു, ഓണം തുടങ്ങിയ ആണ്ടറുതികളേക്കാള്‍ തീവ്രതയോടെ ആചരിച്ചിരുന്നു. ചെറുപ്പത്തില്‍ ഖദര്‍ ധരിച്ചിരുന്നെങ്കിലും പീന്നീടത് വെള്ളവസ്ത്രം എന്ന ശീലത്തിലേക്കൊതുങ്ങി. കോസ്റ്റ്യൂം സെലക്ഷന്‍ മക്കളുടെ നിയന്ത്രണത്തിലായശേഷമാണ് കളർ ഷര്‍ട്ടുകള്‍ ധരിക്കാന്‍ തുടങ്ങിയത്.

സഹോദരന്‍മാര്‍ പലരും ഗാന്ധിത്തൊപ്പി ധരിച്ചിരുന്നു. പെരിയയിലെ ഗാന്ധി സ്മാരകവായനശാലയില്‍നിന്നാണ് വായനയ്‌ക്ക് തുടക്കം കുറിച്ചത്. എം ആര്‍ സിയും കുറേ പുസ്തകങ്ങള്‍ തന്നു. കവിതകള്‍ മനഃപാഠമാക്കലായിരുന്നു അന്നത്തെ ശീലം. വള്ളത്തോളിന്റെയും ആശാന്റെയും കാവ്യങ്ങള്‍ മിക്കതും ഹൃദിസ്ഥമാണ്. അക്ഷരശ്ലോകമത്സരത്തില്‍ പങ്കെടുക്കാനായി പഠിച്ച ശ്ലോകങ്ങള്‍ അനേകമാണ്.

ദേവഗിരിയില്‍ അഴീക്കോട് മാഷ് നടത്തിയിരുന്ന പ്രസംഗപരിശീലനക്ലാസ് പ്രഭാഷണത്തിന്റെ ബാലപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സഹായകമായി. വിവിധ ഭാഷകള്‍ പഠിക്കുന്നതിലുള്ള താൽപ്പര്യം അതില്‍നിന്നുണ്ടായതാണ്. പിന്നീട് മഹാരാജാസിലെത്തിയപ്പോള്‍ ബംഗാളി പ്രൊഫസറായിരുന്ന നിലീന അബ്രഹാമില്‍നിന്ന് റഷ്യന്‍ഭാഷ എഴുതാനും വായിക്കാനും പഠിക്കുകയുണ്ടായി. ദേവഗിരിയിലുള്ളപ്പോള്‍ ഇംഗ്ലീഷ് പ്രസംഗവും ഹരമായിരുന്നു.

?ദേവഗിരി വിട്ട് ഒരു വര്‍ഷത്തെ ഇടവേളക്കുശേഷമാണല്ലോ മഹാരാജാസില്‍ എത്തുന്നത്. അതൊന്ന് വിശദീകരിക്കാമോ

=  മകന്‍ ഡോക്ടറാകണമെന്ന ആഗ്രഹം അച്ഛനുണ്ടായിരുന്നു. ഏത്‌ വിജ്ഞാനശാഖയേയും ഉള്‍ക്കൊള്ളാന്‍ പാകത്തിലായിരുന്നു അന്നെന്റെ മനസ്സ്. എന്നാല്‍ എംബിബിഎസിന് പ്രവേശനം കിട്ടിയില്ല. കിട്ടിയത് വെറ്ററിനറി സയന്‍സിനാണ്. അങ്ങനെ തൃശൂരിലെ മണ്ണുത്തിയിലെത്തി. തൃശൂരിലെ ദീര്‍ഘവാസത്തിന്റെ കര്‍ട്ടണ്‍ റൈസര്‍ ആയിരുന്നു അത്. തൃശൂര്‍ നഗരത്തില്‍ നടക്കുന്ന സാംസ്കാരിക പരിപാടികളിലെല്ലാം പ്രേക്ഷകനായി പങ്കെടുത്ത് മണ്ണുത്തിയിലെ വെറ്ററിനറി പഠനം തുടര്‍ന്നു.

ജോസഫ്‌  മുണ്ടശ്ശേരി

ജോസഫ്‌ മുണ്ടശ്ശേരി

മുണ്ടശ്ശേരി മാഷുടെ ഷഷ്ടിപൂര്‍ത്തിയാഘോഷ സമ്മേളനത്തിൽവച്ചാണ് പനമ്പിള്ളി, കെ ബാലകൃഷ്ണന്‍, ആറ്റൂര്‍, മാരാര്‍, കുറ്റിപ്പുഴ, എം കൃഷ്ണന്‍നായര്‍ എന്നീ പ്രഗത്ഭരെ ആദ്യമായി കാണുന്നത്. സമാപനസമ്മേളനത്തില്‍ മുണ്ടശ്ശേരിചെയ്ത ഒന്നരമണിക്കൂര്‍നീണ്ട പ്രസംഗം ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.

ഭാഷയോടും സാഹിത്യത്തോടും ഉള്ള താല്പര്യം കൂടിവന്നതോടെ മണ്ണുത്തിയിലെ പഠനം പാതിവഴിയിലുപേക്ഷിച്ചു. സ്നേഹനിധിയായ അച്ഛന്‍ അതിനു സമ്മതവുംനൽകി. അങ്ങനെയാണ് മഹാരാജാസില്‍ എത്തുന്നത്.

?മഹാരാജാസ് അനുഭവം ചുരുക്കി പറയാമോ.

=  മഹാരാജാസ് പുതിയ ലോകത്തിന്റെയും കാലത്തിന്റെയും വാതായനങ്ങള്‍ മലര്‍ക്കെ തുറന്നു കാണിച്ചു. പിന്നീട് ജീവിതസഖിയായി മാറിയ ഇന്ദിരയെ ആദ്യമായി കണ്ടത് അവിടെവച്ചാണ് എന്നത് ഒരു സ്വകാര്യ സന്തോഷം. മലയാളം ബിഎക്ക് ചേരാം എന്ന വിചാരവുമായാണ് മഹാരാജാസില്‍ എത്തിയത്. ഹിന്ദിയിലേക്ക് വഴിതിരിച്ചുവിട്ടത് ഗുപ്തന്‍നായര്‍ സാറാണ്.

ഹിന്ദിയില്‍ ബിരുദവിദ്യാർഥിക്കുവേണ്ടതിലേറെ അറിവ് ഇപ്പൊഴേ ഉള്ളതിനാല്‍ പഠനം എളുപ്പമാകും, മറ്റ് വിഷയങ്ങളില്‍ ശ്രദ്ധിക്കാന്‍ കൂടുതല്‍ സമയം കിട്ടും, ജോലി ലഭിക്കാന്‍ നല്ലത് ഹിന്ദിയുമാണ് എന്നൊക്കെയാണ് സാറ് വാദിച്ചത്. പതിവില്ലാത്തവിധം മലയാളമാണ് രണ്ടാംഭാഷയായി തെരഞ്ഞെടുത്തത്.

മലയാളത്തില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടുന്ന ശാസ്ത്രവിദ്യാർഥിക്കും മാനവികവിഷയങ്ങളിലെ വിദ്യാർഥിക്കും സമ്മാനം ഉണ്ടായിരുന്നു. അത് ആർട്സ് സ്ട്രീമില്‍ എനിക്കും സയന്‍സ് സ്ട്രീമില്‍ രസതന്ത്ര വിദ്യാർഥിനിയായിരുന്ന ഇന്ദിരക്കുമാണ് ലഭിച്ചത്.

ഗുപ്തന്‍നായര്‍ക്കുപുറമേ മലയാള വിഭാഗത്തിലെ സാനു മാഷ്, ലീലാവതി ടീച്ചര്‍

ലീലാവതി ടീച്ചര്‍

ലീലാവതി ടീച്ചര്‍

എന്നിവരുടെയും പ്രൊഫ. ടി വി ഈച്ചരവാര്യര്‍, ഡോ. ഗോവിന്ദഷേണായി, ഡോ. പി വി വിജയന്‍ തുടങ്ങിയവരുടെയും പ്രിയശിഷ്യനായി മാറാന്‍ എനിക്ക് കഴിഞ്ഞു. ഹിന്ദിക്ക് കാര്യമായൊന്നും പഠിക്കേണ്ടതില്ലാതിരുന്നതിനാല്‍ ശ്രദ്ധ മുഴുവന്‍ മലയാളം ഇംഗ്ലീഷ് സാഹിത്യങ്ങളിലായി. കൂടാതെ ഫിലോസഫി, സൈക്കോളജി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ് തുടങ്ങി നാനാവിജ്ഞാനശാഖകളില്‍ ലഭ്യമായ പുസ്തകങ്ങളെല്ലാം തേടിപ്പിടിച്ച് വായിക്കുവാനും അതു ചിന്തയുടെ ഭാഗമാക്കി മാറ്റുവാനും അന്നേ ശ്രമിച്ചു.

ഒരു ഗ്രന്ഥകാരനെ എടുത്ത് അയാളുടെ എല്ലാ പുസ്തകങ്ങളും വായിക്കുക എന്നതായിരുന്നു അന്നത്തെ രീതി.  ലീലാവതി ടീച്ചറുടെ വീട്ടില്‍ പ്രഭാതങ്ങളില്‍ പോയി ശാകുന്തളം നാടകം ഗുരുമുഖത്തുനിന്നുതന്നെ പഠിച്ചു. ക്ലാസ് വിട്ടാല്‍ സാനുമാഷോടൊത്ത് സായാഹ്ന സവാരി പതിവായി. ഗ്രന്ഥങ്ങളും ഗ്രന്ഥകാരന്മാരും തന്നെയായിരുന്നു സംഭാഷണവിഷയം. ഭാഷാസാഹിത്യമണ്ഡലം, ഡിബേറ്റിങ് സൊസൈറ്റി, ഫൈന്‍ ആര്‍ട്സ് ക്ലബ്‌ തുടങ്ങി പ്രവര്‍ത്തനനിരതമാകാന്‍ സഹായിക്കുന്ന ഏറെ വേദികള്‍ കോളേജില്‍ ഉണ്ടായിരുന്നു.

കോളേജിന് അകത്തും പുറത്തുമായി ഒട്ടേറെ സുഹൃത്തുക്കളുണ്ടായിരുന്നു. ടി കെ രാമചന്ദ്രന്‍, കെ സച്ചിദാനന്ദന്‍, തേവരയില്‍ പഠിപ്പിച്ചിരുന്ന ടി ആര്‍, കാനായി കുഞ്ഞിരാമന്‍, എന്‍ എസ് മാധവന്‍, ജി അരവിന്ദന്‍,

ജി അരവിന്ദന്‍

ജി അരവിന്ദന്‍

എ സി കെ രാജ, സി എന്‍ കരുണാകരന്‍, ശ്രീകുമാര്‍ ചങ്ങമ്പുഴ, എം വി ദേവന്‍, സി എന്‍ ശ്രീകണ്ഠന്‍നായര്‍, വിജയകുമാര്‍മേനോന്‍... ആ സംഘത്തില്‍ വലിയൊരു കൂട്ടം സാഹിത്യകാരന്മാരും സഹൃദയരും ഉണ്ടായിരുന്നു. എം ഗോവിന്ദന്റെ സ്വാധീനം അരംഭിച്ചത് സമീക്ഷ മാസികയിലൂടെയാണ്.

കേരളത്തില്‍ വരുമ്പോള്‍ ഗോവിന്ദനെ കാണാറുണ്ട്. എത്രയോ പുസ്തകങ്ങള്‍ അദ്ദേഹം അയച്ചുതന്നിട്ടുണ്ട്. മദിരാശിയില്‍നിന്നുതന്നെ വന്നിരുന്ന കുഞ്ഞികൃഷ്ണന്റെ അന്വേഷണം മാസിക, മുരളീധരന്‍നായരുടെ യുഗരശ്മി, അവയ്ക്കുപുറമെ ഏറെ ലിറ്റില്‍ മാഗസിനുകള്‍. ഇവയെല്ലാം ചേര്‍ന്ന് സാഹിത്യസാംസ്കാരിക ലോകത്തെ പുഷ്കലമാക്കി.

സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാഷ്ട്രീയപ്രവര്‍ത്തനവും ഉണ്ടായിരുന്നു. കോണ്‍ഗ്രസ്‌ കക്ഷിയുടെ വിദ്യാർഥി സംഘടയുടെ സജീവപ്രവര്‍ത്തകനായിരുന്നു അന്ന്. നേരത്തെ സൂചിപ്പിച്ച സുഹൃത്തുക്കളെല്ലാവരും ഇടതുപക്ഷക്കാരോ തീവ്ര ഇടതുപക്ഷക്കാരോ ആയിരുന്നു. എന്നാല്‍ വിദ്യാർഥി രാഷ്ട്രീയത്തില്‍നിന്ന് ലഭിച്ച സുഹൃത്തുക്കള്‍ മറുപക്ഷത്തുനിന്നുള്ളവരായിരുന്നു. അവരില്‍ എ കെ ആന്റണിയും, ഉമ്മന്‍ചാണ്ടിയും വയലാര്‍ രവിയുമൊക്കെ ഉള്‍പ്പെട്ടിരുന്നു. രവിയോടായിരുന്നു കൂടുതല്‍ അടുപ്പം. ആ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നൂറുകണക്കിന് നോട്ടീസുകളും ലഘുലേഖകളും അക്കാലത്ത് എഴുതേണ്ടിവന്നു.

പ്രൊഫ. ടി വി ഈച്ചരവാര്യര്‍

പ്രൊഫ. ടി വി ഈച്ചരവാര്യര്‍

പല മേഖലകളിലുള്ള സുഹൃത്തുക്കള്‍ നിരന്തരം കേറിയിറങ്ങുകയും താമസിക്കുകയും ചെയ്യുന്ന താവളമായിരുന്നു എന്റെ ഹോസ്റ്റല്‍ മുറി. സ്വന്തം മുറിയില്‍ ഇരിക്കാന്‍ ഇടംകിട്ടാതെ കൃഷ്ണന്‍നായര്‍ ചുമര്‍ചാരിനിന്ന് പുസ്തകം വായിക്കുന്ന ചിത്രം ഒരു സുഹൃത്ത് വരച്ചിട്ടുണ്ട്. മെസ് ഫീസിനെക്കാള്‍ കൂടുതലായിരുന്നു പ്രതിമാസ ഗസ്റ്റ് ഫീസെന്നാണ് മറ്റൊരു സുഹൃത്ത് പറയാറുണ്ട്‌. എന്നാല്‍ സുഹൃത്തുക്കളുടെ സമ്പര്‍ക്കം ഞാനേറെ ആസ്വദിച്ചിരുന്നു.

എന്നെ ഞാനാക്കി മാറ്റുന്നതില്‍ അവരുടെ സംഭാവന വലുതാണ്. വ്യത്യസ്ത സ്വഭാവക്കാരായ നിരവധി പേരുമായി കൂട്ടുകൂടിയിട്ടും, അനഭിലഷണീയമായ സ്വഭാവവ്യതിയാനങ്ങളില്‍നിന്ന് രക്ഷപ്പെടാനായത് ഭാഗ്യമായി കാണുന്നു.

പ്രമുഖരായ നിരവധി വ്യക്തികള്‍ പ്രഭാഷകരായി വരാറുള്ള ഒരു സ്ഥലമായിരുന്നു മഹാരാജാസ്. ഗുന്തര്‍ഗ്രാസുപോലും അവിടെ വരികയുണ്ടായിട്ടുണ്ട്. വി കെ കൃഷ്ണമേനോനെ വിളിച്ചുകൊണ്ടുവരുവാന്‍ ഒരിക്കല്‍ നിയോഗമുണ്ടായി. അയ്യപ്പപണിക്കരെ ആദ്യമായി കാണുന്നത് മഹാരാജാസില്‍ വന്നപ്പോഴാണ്. അന്ന് സച്ചിദാനന്ദനും എന്നോടൊപ്പമുണ്ടായിരുന്നു. സച്ചിദാനന്ദന്റെ കവിതകള്‍ താന്‍ ശ്രദ്ധിക്കാറുണ്ടെന്നും അടുത്ത ലക്കം കേരളകവിതയില്‍ അതിനെക്കുറിച്ച് എഴുതുന്നുണ്ടെന്നും പണിക്കര്‍ പറഞ്ഞത്

എ കെ ആന്റണി

എ കെ ആന്റണി

ഇപ്പോഴും ഓര്‍ക്കുന്നു.

? മഹാരാജാസിനോട് ഇത്രമാത്രം ആഭിമുഖ്യമുണ്ടായിട്ടും പിജിക്കും ഗവേഷണത്തിനും തൃക്കാക്കരയിലുള്ള കേരള യൂണിവേഴ്സിറ്റി സെന്റര്‍ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്.

=  മഹാരാജാസ്‌ ഉപേക്ഷിക്കാന്‍ മനസ്സുണ്ടായിരുന്നില്ല എന്നത് സത്യം. എന്നാല്‍ രാഷ്ട്രീയത്തോടകലം പാലിച്ച് വായനയിലും പഠനത്തിലും മുഴുകാന്‍ ആ മാറ്റം ആവശ്യമാണെന്ന് തോന്നലുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ അതിനകം നല്ല വേരോട്ടമുണ്ടായിരുന്നു. 

ഒരു സജീവരാഷ്ട്രീയക്കാരനായി മാറുന്നതിനുള്ള എല്ലാ സാഹചര്യവും അന്നുണ്ടായിരുന്നു. പക്ഷേ തൊഴില്‍ എന്ന മോഹം കുറേക്കൂടി ദൃഢമായി മാറുകയും ചെയ്തു. അങ്ങനെയാണ് പിജി പഠനത്തിന് മഹാരാജാസ് വിട്ട്

ഉമ്മന്‍ചാണ്ടി

ഉമ്മന്‍ചാണ്ടി

തൃക്കാക്കരയില്‍ പോയത്. എറണാകുളം നഗരം വിട്ടുപോകുന്നില്ലല്ലോ, സൗഹൃദങ്ങളെല്ലാം അതേമട്ടില്‍ തുടരാന്‍ കഴിയുമല്ലോ എന്ന ആശ്വാസവുമുണ്ടായിരുന്നു.

? എറണാകുളം ജീവിതകാലത്ത് കേരള കലാപീഠവുമായി ഉറ്റബന്ധമായിരുന്നു എന്ന് കേട്ടിട്ടുണ്ടല്ലോ.

= ശരിയാണ്. എം കെ കെ നായരും എം വി ദേവനും കൂടിയാണ് കച്ചേരിപ്പടിക്കടുത്ത് പുല്ലേപ്പടി കവലയില്‍ കലാരൂപങ്ങളെക്കുറിച്ചുള്ള അധികപഠനത്തിനായി കേരള കലാപീഠം തുടങ്ങിയത്. നേരത്തെ പറഞ്ഞ സുഹൃത്തുക്കളില്‍ പലരും അവിടത്തെ സായാഹ്നസംഗമങ്ങളിലും ഹാജരാകാറുണ്ട്.

സാനുമാഷും അവിടെ സന്ദര്‍ശകനായിരുന്നു. ബോദ്ലയര്‍, ബ്രഹ്റ്റ്, ഇബ്സന്‍, അയനസ്കോ, ലോര്‍ക്കെ തുടങ്ങിയവരിലേക്കൊക്കെ പാലം പണിതുനൽകിയത് സാനു മാഷാണ്. ആന്ദ്രേ ജീദ്, തുടങ്ങിയവരെ പരിചയപ്പെടുത്തിയത് ഗോവിന്ദനാണ്. ചിത്രം വരയും ശില്പവുമൊക്കെയാണ് കലാപീഠത്തിന്റെ ലക്ഷ്യങ്ങള്‍.

വയലാര്‍ രവി

വയലാര്‍ രവി

എങ്കിലും അവിടെവച്ചാണ് പൊളിറ്റിക്‌സ്‌ മുതല്‍ ആന്ത്രോപ്പോളജി വരെയുള്ള വ്യത്യസ്ത വിഷയങ്ങളില്‍ അറിവുനേടിയത്. പിജി കഴിഞ്ഞ് തൃക്കാക്കരതന്നെ ‘നവീനകവിതയുടെ സൗന്ദര്യശാസ്ത്രം' എന്ന വിഷയത്തില്‍ ഗവേഷണമാരംഭിച്ചത് എറണാകുളത്ത് തുടരുന്നതിനുവേണ്ടിയാണ്.

? തൃശൂര്‍ ശ്രീകേരളവർമ കോളേജിലാണല്ലോ അധ്യാപകവൃത്തി ആരംഭിച്ചത്. എറണാകുളത്തുനിന്ന് തൃശൂരിലേക്കുള്ള പറിച്ചുനടല്‍ എങ്ങനെ.

= ധൈഷണികമായി വളക്കൂറുള്ള എറണാകുളം വിട്ട് പോരാന്‍ മടിയുണ്ടായിരുന്നു. എന്നാല്‍ എത്തിപ്പെട്ട കേരളവർമയിലെ അന്തരീക്ഷവും മോശമായിരുന്നില്ല. അധ്യാപകനിയമനത്തിന് യോഗ്യതമാത്രം മാനദണ്ഡമായി സ്വീകരിച്ച കേരളത്തിലെ അപൂർവം കോളേജുകളില്‍ ഒന്നായിരുന്നു കേരളവർമ.

അതിനാല്‍ സംസ്ഥാനത്തിന്റെ വിവിധപ്രദേശങ്ങളില്‍നിന്നെത്തിയ മിടുക്കരായ ഒരുസംഘം യുവതീയൂവാക്കള്‍ അന്നവിടെ അധ്യാപകരായുണ്ടായിരുന്നു. മഹാരാജാസില്‍ പരിചയപ്പെട്ട ഇന്ദിരയും ഞാനും ഒരേ ദിവസമാണ് കേരളവർമയില്‍ ജോയിന്‍ ചെയ്തത്. 1973 ല്‍ ഞങ്ങള്‍ വിവാഹിതരായി. അഭിരുചികള്‍ പരസ്പരം മനസ്സിലാക്കിയതിനെ തുടര്‍ന്നുള്ള ചേര്‍ച്ചയായിരുന്നു അത്. ഗുരുവര്യരായ സാനുമാഷും എം കെ പ്രസാദുമാഷുമാണ് വിവാഹത്തിന് മുന്‍കൈ എടുത്തത്.

? കുടുംബജീവിതമാരംഭിച്ച ശേഷവും പഠനത്തിലും വായനയിലും ഒരു കുറവും ഉണ്ടായില്ല.

=  ഇല്ല എന്നുമാത്രമല്ല അതു വർധിച്ചുവെന്നാണ് പറയേണ്ടത്. രണ്ടുവര്‍ഷത്തിനുള്ളില്‍ മലയാളത്തിലും എംഎ ബിരുദം എടുത്തു. പിന്നെ പൊളിറ്റിക്സ് എംഎയ്ക്ക് രജിസ്റ്റര്‍ ചെയ്ത് പഠനം ആരംഭിച്ചു. അക്കാലത്ത് പിജിക്ക് അവസാനം വര്‍ഷംമാത്രമേ പരീക്ഷയുണ്ടായിരുന്നുള്ളു.

പരീക്ഷാസെന്ററിലേക്ക് പോകുമ്പോള്‍ ചെറിയൊരു അപകടമുണ്ടായി. കാല് ഫ്രാക്ച്ചറായി. അങ്ങനെ പരീക്ഷയെഴുത്ത് മുടങ്ങി. പിന്നെ അതൊട്ടു നടന്നതുമില്ല. ഫിലോസഫി എംഎക്ക്‌ ചേരാന്‍ കാലിക്കറ്റ് സർവകലാശാലയിലെ മലയാളം അധ്യാപകന്‍ വേണുഗോപാലപ്പണിക്കരുമൊത്ത് ശ്രമം നടത്തുകയുണ്ടായി.

അതും മുന്നോട്ടുപോയില്ല. പകരം പണിക്കരുടെകൂടെ റജിസ്റ്റര്‍ചെയ്ത് മലയാളത്തിലെ ലിറ്റില്‍ മാഗസിനുകളെക്കുറിച്ച് ഗവേഷണം ആരംഭിച്ചു. അതും പൂര്‍ത്തിയാക്കിയില്ല. ഹിന്ദിയില്‍ കുറേ വിദ്യാർഥികള്‍ക്ക് ഗവേഷണത്തിന് മാർഗനിർദേശം നല്കാന്‍ കഴിഞ്ഞു എന്ന സംതൃപ്തിയുണ്ട്.

? അധ്യാപക സംഘടനാപ്രവര്‍ത്തനം, എകെപിസിടിഎ യിലെ പങ്കാളിത്തം എന്നിവയെക്കുറിച്ച്.

ഡോ. പി വി കൃഷ്‌ണൻ നായർ

ഡോ. പി വി കൃഷ്‌ണൻ നായർ

=   കേരളവര്‍മ്മയില്‍ പ്രവേശിച്ച ഉടന്‍ തന്നെ എകെപിസിടിഎയില്‍ അംഗത്വമെടുത്തു. കേരളത്തിലെ സ്വകാര്യകോളേജ് അധ്യാപകരുടെ കരുത്തുറ്റ സംഘടനയായിരുന്നു എകെപിസിടിഎ കേരളവർമയിലെ എകെപിസിടിഎ യൂണിറ്റ് എന്ന് പറഞ്ഞാല്‍ മൊത്തം ടീച്ചിങ് സ്റ്റാഫിന്റെ കൂട്ടായ്മയാണെന്ന് പറയേണ്ടി വരും.

ആവേശഭരിതരായ ചെറുപ്പക്കാരുടെ വലിയ സംഘം. ഡയറക്ട് പേമെന്റുമായി ബന്ധപ്പെട്ട സമരങ്ങളിലെല്ലാം സജീവമായി പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ആര്‍ ആര്‍ സി എന്നറിയപ്പെട്ടിരുന്ന ആര്‍ രാമചന്ദ്രന്‍നായരും (എന്‍എസ്എസ് കോളേജ്), എം ആര്‍ സി എന്നറിയപ്പെട്ടിരുന്ന എം ആര്‍ ചന്ദ്രശേഖരനും (പയ്യന്നൂര്‍ കോളേജ്) ചേര്‍ന്നതായിരുന്നു അന്നത്തെ നേതൃത്വം.

എം ആര്‍ സിയുമായി പണ്ടേ അടുത്ത ബന്ധമുണ്ടായിരുന്നല്ലോ. ആര്‍ ആര്‍ സിയുമായും വലിയ സൗഹൃദം ഉടലെടുത്തു. സ്റ്റാഫ് കൗണ്‍സിലുകള്‍, എന്‍എസ്എസ്, എസ്എന്‍ കോളേജിലെ അധ്യാപകരുമായുള്ള സൗഹൃദം, സംസ്ഥാനസമ്മേളനങ്ങള്‍, ചരല്‍ക്കുന്നിലെ ക്യാമ്പുകള്‍, വ്യത്യസ്ത സമരാനുഭവങ്ങള്‍... സുഗന്ധപൂരിതമായ ഒട്ടേറെ ഓർമകള്‍ അതിനെക്കുറിച്ചെല്ലാമുണ്ട്.

പിന്നീട് സംഘടന പിളര്‍ന്നു. വേദനയോടെയാണ് പിരിഞ്ഞുപോന്നത്. എം ആര്‍ സി നയിച്ച ഗ്രൂപ്പിനോടായിരുന്നു ആഭിമുഖ്യം. വ്യക്തിബന്ധങ്ങളില്‍ പോറലുണ്ടാകാതെ ശ്രദ്ധിച്ചു. ആര്‍ ആര്‍ സി മരിച്ചപ്പോള്‍ സെന്റ്‌ തോമസിലെ മുരളിയോടും അലോഷ്യസിലെ നാരായണനോടും, കാളിയത്ത് ദാമോദരനോടുമൊത്ത് ഞാനും ഓടിയെത്തി...

എം ആർ സി ഗ്രൂപ്പില്‍ സജീവമായി പ്രവര്‍ത്തിച്ചു. എം ആര്‍ സി സംഘടന രൂപീകരിച്ചപ്പോള്‍ അതിന്റെ സംസ്ഥാന പ്രസിഡന്റായി. കാലിക്കറ്റ് സർവകലാശാലാ സെനറ്റിലേക്ക്‌  മത്സരിച്ച് ഏറ്റവുമധികം വോട്ട് നേടി വിജയിച്ചു. കാളിയത്ത് ദാമോദരനെപ്പോലെയുള്ള മറുപക്ഷത്തെ പ്രവര്‍ത്തകരോട് ഉള്ള ബന്ധത്തിന്റെ ഊഷ്മളത കുറഞ്ഞില്ല എന്നതായിരുന്നു ആശ്വാസം.

?രാഷ്ടീയപ്രവര്‍ത്തനത്തില്‍നിന്നും പൂർണമായും വിരമിച്ചോ.

= വിദ്യാർഥികാലഘട്ടം മുതലുള്ള ഗാന്ധിസത്തോടുള്ള ആഭിമുഖ്യമാണ് എന്നെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തിച്ചത്. എന്നാല്‍ പ്രായോഗിക രാഷ്ട്രീയത്തിന് മനസ്സ് വഴങ്ങിയില്ല എന്ന് നേരത്തെ പറഞ്ഞല്ലോ.  കെ കരുണാകരനും സി എന്‍ ബാലകൃഷ്ണനും തേറമ്പില്‍ രാമകൃഷ്ണനും മറ്റുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മറുവശത്ത്

എം കെ സാനു

എം കെ സാനു

സാനുമാഷ് സ്ഥാനാർഥിയായപ്പോള്‍ രാഷ്ട്രീയവിശ്വാസം മാറ്റിവച്ച് സജീവമായി രംഗത്തിറങ്ങി. അന്ന് വോട്ട് ചോദിച്ചു വീടുതോറും കയറിയിറങ്ങിയിട്ടുണ്ട്.

വിവിധ സമ്മേളനങ്ങളിലായി പല അഖിലേന്ത്യാ നേതാക്കന്മാരുടേയും ഹിന്ദി, ഇംഗ്ലീഷ് പ്രസംഗങ്ങള്‍ വിവര്‍ത്തനം ചെയ്യേണ്ടിവന്നിട്ടുണ്ട്. രാഷ്ട്രപതിയായിരുന്ന സെയില്‍സിങ്ങിന്റെ പഞ്ചാബി സ്പര്‍ശമുള്ള ഹിന്ദി പ്രസംഗം പരിഭാഷപ്പെടുത്താനും അവസരം കിട്ടി. വിവര്‍ത്തനം ചെയ്യുന്ന ഭാഷയില്‍ കൈയടക്കമുണ്ടല്ലോ എന്ന ചങ്കൂറ്റമായിരുന്നു അതിനു പുറകില്‍. കാലിക്കറ്റ് സർവകലാശാലയുടെ സ്കൂള്‍ ഓഫ് ഡ്രാമ സന്ദര്‍ശിക്കുന്ന വിദേശസാഹിത്യകാരന്മാരുടെ പ്രസംഗങ്ങള്‍ ജി ശങ്കരപ്പിള്ളസാറിന്റെ അഭ്യർഥന സ്വീകരിച്ച് സ്ഥിരമായി മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

ഡ്രാമ സ്കൂളിലേക്കുള്ള അന്നത്തെ യാത്രകള്‍ മിക്കപ്പോഴും സി അച്ചുതമേനോന്റെയും, ജി കുമാരപിള്ളസാറിന്റേയും കൂടെയായിരുന്നു എന്നത് ആഹ്ലാദത്തോടെ ഓര്‍ക്കുന്നു.

? ഏറെ വായിച്ചിട്ടും എഴുത്തിന്റെ ലോകം ചുരുങ്ങിപ്പോയി എന്ന് പലരും പരാതിപ്പെടുന്നുണ്ടല്ലോ.

= ചോദ്യത്തില്‍തന്നെ ഉത്തരമുണ്ടല്ലോ. വായനയുടെ ധാരാളിത്തത്തില്‍ എഴുത്തില്‍ ശ്രദ്ധയൂന്നാന്‍ കഴിഞ്ഞില്ല എന്നത് സത്യം. ഭാരതപര്യടനം അടക്കം ചില കൃതികള്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഭക്തിഭാരതം, ഇന്ത്യൻ സമൂഹം ദര്‍ശനം കല, ഇന്ത്യന്‍ ജനാധിപത്യ സംസ്കാരം എന്നിങ്ങനെ മൂന്നു പുസ്തകങ്ങള്‍ വന്നിട്ടുണ്ട്. താമസിയാതെ നാലെണ്ണം പ്രസിദ്ധീകരിക്കും. ധാരാളമായി ക്ലാസെടുക്കുന്നത് എഴുത്തിലേക്ക് നയിക്കുമെന്ന് സാനു മാഷ് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്റെ അനുഭവം അതിനോട് യോജിക്കുന്നില്ല.

വായനയ്‌ക്ക് കൂടുതല്‍ സമയം ചെലവഴിക്കുമ്പോള്‍ സ്വാഭാവികമായി എഴുത്തിന് കിട്ടുന്ന സമയം കുറയും. ജീവിതത്തിന്റെ ഒമ്പതാം ദശകത്തിലും വായന കൂടിവരികയാണ്. വായനാലമ്പടത്വം എന്നുപറയാമോ എന്നറിയില്ല. ‘പുസ്തകം മരിക്കലല്ല', വായിച്ചു മരിക്കലാണ് എന്റെ ജീവിതത്തില്‍ നടക്കുന്നത്. എങ്കിലും വലിയ വായനക്കാരായ കേസരി ബാലകൃഷ്ണപിള്ള, എം ഗോവിന്ദന്‍, സാനുമാഷ്, പി ജി, എം കൃഷ്ണന്‍നായര്‍ എന്നിവരുടെ മുന്നില്‍ എത്രയോ നിസാരനാണെന്ന് സ്വയം മനസ്ലിലാക്കുന്നു.

സ്വന്തം പുസ്തകം കുറച്ചേ ഉള്ളുവെങ്കിലും ഇരുനൂറ് പുസ്തകത്തിനെങ്കിലും അവതാരിക എഴുതി കൊടുത്തിട്ടുണ്ട്. സുഹൃത്തുക്കളുടെ സ്നേഹത്തിനോടുള്ള ബലഹീനത എന്നേ വിശദീകരിക്കാനാവൂ. സാനുമാഷുടെ ആത്മകഥയായ കർമഗതിക്കും എം വി ദേവന്റെ രചനകളുടെ സമാഹാരമായ ദേവസ്പന്ദനത്തിനും, പവനന്റേയും വി ആര്‍ കൃഷ്ണനെഴുത്തച്ഛന്റേയും കൃതികള്‍ക്കും അവതാരിക എഴുതാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

ആധുനികലോകത്തിന്റെ ശില്പികളില്‍ പ്രധാനികളെന്ന് വിശ്വസിക്കുന്ന ഫ്രോയിഡ്, മാര്‍ക്സ്, ഡാർവിന്‍, ഗാന്ധി, ഐന്‍സ്റ്റീന്‍ എന്നിവരെക്കുറിച്ച് പഠനഗ്രന്ഥം എഴുതണം എന്ന മോഹം ബാക്കിയാണ്.

? കേരളവർമയില്‍നിന്ന് പിരിയുന്നതിനുമുന്നേ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലേക്ക് മാറിയല്ലോ. അവിടത്തെ അനുഭവങ്ങള്‍.

കാലടി ശങ്കരാചാര്യ സർവകലാശാല

കാലടി ശങ്കരാചാര്യ സർവകലാശാല

=  അധ്യാപനത്തിന്റെ അവസാന രണ്ടുവര്‍ഷം ശങ്കരാചാര്യ സർവകലാശാലയിലാണ് ചെലവഴിച്ചത്. ആദ്യം തിരൂരും പിന്നീട് കാലടിയിലും. ഹിന്ദി വിഭാഗത്തിലാണ് ജോലി ചെയ്തതെങ്കിലും മലയാളം എംഎക്കാര്‍ക്കും ക്ലാസെടുത്തു.

ഒരു അഭിലാഷസഫലീകരണം ആയിരുന്നു അതെന്ന് പറയാം. സാനുമാഷ്, ലീലാവതി ടീച്ചര്‍ എന്നീ ഗുരുനാഥരുടേയും പി വി വിജയന്‍മാഷ്, എം എൻ വിജയന്‍മാഷ്, വസന്തന്‍മാഷ് എന്നീ ഗുരുതുല്യരുടേയും സഹപ്രവര്‍ത്തകനാകാന്‍ കഴിഞ്ഞു എന്നതാണ് കാലടിക്കാലത്തിന്റെ സൗഭാഗ്യം.

?കാലടിക്കുശേഷമാണല്ലോ സാഹിത്യ അക്കാദമിക്കാലം. അവിടത്തെ അനുഭവങ്ങള്‍.

=   മൂന്നുവര്‍ഷത്തേക്കാണ് അക്കാദമി സെക്രട്ടറിയായി നിയമിച്ചത്. പിന്നീട് ഒരു ടേം കൂടി നീട്ടിത്തന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം, കോവിലന്‌ എഴുത്തച്ഛന്‍ പുരസ്കാരം നല്കുന്നു എന്നറിയിക്കാന്‍ മന്ത്രി എം എ ബേബിയോടൊപ്പം ഞാനും പോയി. പൂർണമായും ജനാധിപത്യ ശൈലിയില്‍ ലിബറല്‍ വീക്ഷണത്തോടെ എല്ലാ വിഭാഗക്കാരേയും എല്ലാ തലമുറക്കാരേയും ഉള്‍പ്പെടുത്തി പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവാന്‍ കഴിഞ്ഞുവെന്നാണ് വിശ്വാസം.

അക്കാദമി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ശേഷമാണ് ‘ഭക്തിഭാരതത്തി'ന്റെ രചന. അതിന് ഏറെ ഗവേഷണവും പഠനവും വേണ്ടിവന്നിട്ടുണ്ട്. സാഹിത്യപരിഷത്ത്, പബ്ലിക് ലൈബ്രറി എന്നിവയില്‍ സജീവമായത് അപ്പോഴാണ്.

? സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി സ്ഥാനം കൈവന്നപ്പോള്‍ എന്തായിരുന്നു പ്രതികരണം.

=  അല്പം ആശങ്കയോടെയാണ് ആ സ്ഥാനം ഏറ്റെടുത്തത്. സാഹിത്യംപോലെ എനിക്ക് പരിചിതമായ മേഖലകളല്ല അവിടെ കൈകാര്യം ചെയ്യുന്നത്. സാഹിത്യകാരന്മാരോടുള്ള വ്യക്തിബന്ധങ്ങള്‍ കലാകാരന്മാരോട് അന്നെനിക്കുണ്ടായിരുന്നില്ലതാനും. പക്ഷേ, അക്കാദമി പ്രവര്‍ത്തനത്തില്‍ ഉന്നതമാനദണ്ഡങ്ങള്‍ വച്ചുപുലര്‍ത്തുന്ന അങ്ങേയറ്റം തത്ത്വദീക്ഷ പുലര്‍ത്തുന്ന പ്രസിഡന്റായിരുന്നു സൂര്യ കൃഷ്ണമൂര്‍ത്തി. കലാകാരന്മാരെ പ്രോത്സാഹിപ്പിക്കേണ്ടതും കലകളെ വളര്‍ത്തേണ്ടതും എങ്ങനെ എന്നതിനെക്കുറിച്ച് നല്ല ധാരണയും പാഷനുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം.

ഒരു രൂപപോലും പ്രതിഫലം വാങ്ങിക്കാതെ അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ആദര്‍ശപരത അഭിനന്ദനീയമാണ്. സംഗീതം, നൃത്തരൂപങ്ങള്‍, വാദ്യം തുടങ്ങി വിവിധ കലാരൂപങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനേകംപേരെ അടുത്തറിയാനും ആ പദവി ഉപകരിച്ചു.

ഡോ. പി വി കൃഷ്‌ണൻ നായരും  ഭാര്യ ഇന്ദിരയും

ഡോ. പി വി കൃഷ്‌ണൻ നായരും ഭാര്യ ഇന്ദിരയും

? അധ്യാപനജീവിതത്തില്‍ വിദ്യാർഥികളോടുള്ള സമീപനം എങ്ങനെയായിരുന്നു.

=    വലിയ മനസ്സുള്ള അധ്യാപകരാണ് എനിക്കുണ്ടായിരുന്നത്. വിദ്യാർഥികളെ സ്നേഹിക്കാന്‍ അവരാണ് പഠിപ്പിച്ചത്. വിദ്യാർഥികളുമായി ഒരിക്കലും സംഘര്‍ഷമുണ്ടായിട്ടില്ല. സ്റ്റാഫ് അഡ്‌വൈസര്‍, മാഗസിന്‍ സ്‌റ്റാഫ്‌ എഡിറ്റര്‍ എന്നീ നിലകളില്‍ രാഷ്ട്രീയമായി എതിര്‍ചേരിയിലുള്ള വിദ്യാർഥി സംഘടനകളുടെ പ്രതിനിധികളോടൊപ്പം പ്രവര്‍ത്തിക്കേണ്ടിവന്നപ്പോഴെല്ലാം ഒരു അസ്വാരസ്യവും ഉണ്ടായിട്ടില്ല

. കലവറയില്ലാതെ പരസ്പരം സഹകരിച്ചു. അവരുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍പോലും പങ്കിടാറുണ്ട്. അതിലെല്ലാം ആത്മാർഥമായും പങ്കാളിയായി. തലവേദനയുണ്ടാക്കുന്ന പണിയാണല്ലോ ഹോസ്റ്റല്‍ വാര്‍ഡന്റേത്. അതും ഏറെനാള്‍ കൊണ്ടുനടന്നിട്ടുണ്ട്.

വഴക്കടിക്കേണ്ടിവന്ന സംഭവങ്ങള്‍ ഉണ്ടായില്ല എന്നുതന്നെ പറയാം. വല്ലപ്പോഴും മുഖം കറുപ്പിച്ചു സംസാരിച്ചിട്ടുണ്ടെങ്കില്‍പോലും സത്യം മനസ്സിലാക്കുമ്പോള്‍ അവര്‍ സൗഹാര്‍ദം സ്ഥാപിക്കാന്‍ വരാറുണ്ട്. ഹിന്ദി പഠിച്ചവര്‍ മാത്രമായിരുന്നില്ല എന്റെ വിദ്യാർഥികള്‍. കോളേജിലെ എല്ലാ വിദ്യാർഥികളേയും എന്റെ വിദ്യാർഥികളായി ഞാനും എല്ലാ വിദ്യാർഥികളും അവരുടെ അധ്യാപകനായി എന്നേയും കരുതിയിരുന്നു.

മുന്നില്‍ക്കൂടി കടന്നുപോയ അവരില്‍ അനേകംപേരെ പേരും മുഖച്ഛായയും സഹിതം ഓര്‍ക്കാന്‍ എനിക്കു കഴിയും. അവരില്‍ പലരും ഇപ്പോഴും ലോകത്തിന്റെ നാനാഭാഗത്തുനിന്നും എന്നെ വിളിക്കുകയും വിശേഷങ്ങള്‍ പങ്കിടുകയും പതിവുണ്ട്. അതുതന്നെയല്ലേ ഒരധ്യാപകന്റെ ജന്മസുകൃതം.

? വലിയ വ്യക്തികളുമായി ബന്ധപ്പെട്ടും വലിയ കാര്യങ്ങളില്‍ ഇടപെട്ടും നേടിയ അനുഭവസമ്പത്തിന്റെ ബലത്തില്‍ ജീവിതത്തെക്കുറിച്ച്.

=  നേരത്തെ പറഞ്ഞല്ലോ ഞാന്‍ ഗാന്ധിസത്തില്‍ വിശ്വസിക്കുന്നുവെന്ന്. മഹാരാജാസിൽവച്ച് നടന്ന ഒരു സെമിനാറില്‍ ഗാന്ധിക്കും ഗാന്ധിസത്തിനുംവേണ്ടി ഞാന്‍ വാദിക്കുകയുണ്ടായി. കല്പറ്റ ബാലകൃഷ്ണനാണ് പിന്തുണയായി കൂടെയുണ്ടായിരുന്നത്. സച്ചിദാനന്ദനും ടി കെ രാമചന്ദ്രനും മറ്റും മാര്‍ക്സിനുവേണ്ടിയും വാദിച്ചു. സച്ചിദാനന്ദന്‍ സാർത്രിന്റെയും വക്താവായിരുന്നു.

പുതുതലമുറയിലെ ശ്രദ്ധേയനായ പ്രഭാഷകന്‍ സുനില്‍ പി ഇളയിടം

 സുനില്‍ പി ഇളയിടം

സുനില്‍ പി ഇളയിടം

ഗാന്ധിയുടെ മഹത്വത്തിന്റെ നാനാ അടരുകള്‍ വിടര്‍ത്തിക്കാണിക്കുന്നത് കേട്ടിരിക്കാറുണ്ട്. ഇന്ന് കൂടുതല്‍ പുസ്തകം എഴുതപ്പെട്ടുകൊണ്ടിരിക്കുന്നത് ഗാന്ധിയെക്കുറിച്ചാണ്. തുടങ്ങിയതും ഒടുങ്ങുന്നതും ഗാന്ധിയിലാണെന്ന ചാരിതാർഥ്യം എനിക്കുണ്ട്.

സ്നേഹം, ത്യാഗം, സത്യം തുടങ്ങിയവയാണല്ലോ ഗാന്ധിസത്തിന്റെ അടിസ്ഥാനമൂല്യങ്ങള്‍. ത്യാഗത്തിന്റെയും വിശുദ്ധിയുടെയും സത്യസന്ധതയുടെയും സ്നേഹത്തിന്റെയും മാർഗം ആണ് എപ്പോഴും സ്വീകാര്യം. മാനിപ്പുലേഷന്‍സ് എവിടെയും എത്തിക്കില്ല. കളവെല്ലാം എവിടെയെങ്കിലും പിടിക്കപ്പെടും.

പുരോഗതി എന്ന സങ്കല്പം കാലഗണനയുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല. പഴയ ഗ്രീക്ക് സംസ്കാരത്തെ സാമൂഹ്യമായോ സാമ്പത്തികമായോ ബന്ധപ്പെടുത്തി വിശകലനം ചെയ്യാന്‍ വിഷമമാണെന്ന് മാര്‍ക്സ് പറയുവാന്‍ കാരണമിതാണ്. ധർമബോധമുള്ള മനുഷ്യര്‍ക്കേ ധർമനിരതമായ സമുദായം സൃഷ്ടിക്കാന്‍ കഴിയൂ. ജീവിതത്തിന്റെ ധന്യത നേടുന്നതിലല്ല നൽകുന്നതിലാണ്. അതാണ് ജീവിതം എനിക്കു നൽകിയ പാഠം.

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top