23 April Tuesday

നഷ്ടപ്പെടാന്‍ ഒരു ലോകം കാല്‍ച്ചങ്ങലകളോ ആഭരണങ്ങള്‍-ഡോ.എൻ പി ചന്ദ്രശേഖരന്റെ പംക്തി ആറാം ഭാഗം

ഡോ.എൻ പി ചന്ദ്രശേഖരന്‍Updated: Saturday Jul 23, 2022

ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുമ്പുള്ള പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രക്കാഴ്ചകളാണ് കഴിഞ്ഞ ലക്കങ്ങളില്‍ കണ്ടത്. സ്വാതന്ത്ര്യപ്രാപ്തിയോടെ ഇന്ത്യന്‍ പത്രപ്രവര്‍ത്തനം പുതിയ യുഗത്തിലേയ്ക്കു കടന്നു. ദേശീയപ്രസ്ഥാനം അതിന്റേതായ പത്രപ്രവര്‍ത്തനമാതൃകയും മുന്നോട്ടുവച്ചിരുന്നു. പരസ്യം വാങ്ങാതെ പത്രം നടത്തണം എന്ന  ഗാന്ധിജിയുടെ സങ്കല്‍പമടക്കം ചേര്‍ന്നതാണ് ആ മാതൃക.

പിന്‍തുണയ്ക്കുമ്പോള്‍പ്പോലും കോണ്‍ഗ്രസ്സിനെ എതിര്‍ക്കേണ്ടിടത്ത് എതിര്‍ത്ത ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഡെക്കാന്‍ ഹെറാള്‍ഡിന്റെ പത്രപ്രവര്‍ത്തനശൈലി നേരത്തേ ചൂണ്ടിക്കാണിച്ചിരുന്നു. പത്രപ്രവര്‍ത്തനം പൊതുപ്രവര്‍ത്തനത്തിന്റെതന്നെ മറ്റൊരു രംഗമാവുക, പത്രങ്ങള്‍ നാടിനെ മുന്നോട്ടുനയിക്കുന്ന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, ലാഭം പോലുള്ള വാണിജ്യഘടകങ്ങള്‍ക്കു കീഴ്പ്പെടാതിരിക്കുക, ആവശ്യമെങ്കില്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു പൊരുതാനും കഷ്ടനഷ്ടങ്ങള്‍ ഏറ്റുവാങ്ങാനും തയ്യാറാവുക എന്നിവയൊക്കെ ഉള്‍ച്ചേര്‍ന്നതായിരുന്നു ആ മാതൃക.

രാജ്യം 1947 ആഗസ്റ്റ് 15ന് സ്വതന്ത്രമായപ്പോള്‍ ദേശീയപ്രസ്ഥാനം വിവിധകാലത്ത്, വിവിധ പത്രങ്ങളിലൂടെയും പത്രാധിപരിലൂടെയും പത്രപ്രവര്‍ത്തകരിലൂടെയും മുന്നോട്ടുവച്ച ആ മാതൃക സാക്ഷാത്കരിക്കുന്ന പത്രനയം രാജ്യത്തിനുതന്നെയും കൈക്കൊള്ളാനുള്ള സാഹചര്യമാണ് വന്നുചേര്‍ന്നത്.

അതിനുള്ള കളമൊരുക്കിക്കൊണ്ട് വിദേശപത്രമുടമകള്‍ രാജ്യം വിട്ടു. അവരുടെ പത്രങ്ങള്‍ ഇന്ത്യക്കാരിലേയ്ക്കുവന്നു. നിയതാര്‍ത്ഥത്തില്‍ ഇന്ത്യക്കാര്‍ ഇന്ത്യക്കാര്‍ക്കുവേണ്ടി നടത്തുന്ന ഇന്ത്യന്‍ പ്രസ് ഉദയംകൊണ്ടു. അതിനുമുപരിയായി ഇന്ത്യന്‍ പത്രങ്ങളോട് സംഘര്‍ഷാത്മകമായ നയങ്ങള്‍ കൈക്കൊണ്ടിരുന്ന വെള്ളക്കാര്‍ നാടുവിട്ടു. ഇന്ത്യ ഇന്ത്യക്കാരുടെ ഭരണത്തിലായി.

ആവേശത്തോടെയാണ് ഇന്ത്യന്‍പത്രമണ്ഡലം ഈ ചരിത്രമുഹൂര്‍ത്തത്തെ നോക്കിക്കണ്ടത്. 'പത്രങ്ങളും ഭരണകൂടവും തമ്മിലുണ്ടായിരുന്ന സംഘര്‍ഷം ഒറ്റ രാത്രികൊണ്ട് ഇല്ലാതായി' എന്നാണ് ദേവ്ദാസ് ഗാന്ധി പറഞ്ഞത്. ഐനക്ക് എന്നറിയപ്പെടുന്ന ഓള്‍ ഇന്ത്യാ ന്യൂസ് പേപ്പേഴ്സ് എഡിറ്റേഴ്സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായിരുന്നു അദ്ദേഹം.

ഈ ആവേശത്തോടെയാണ് സ്വാതന്ത്ര്യപ്രാപ്തിക്കു പിന്നാലേ ഇന്ത്യന്‍ പത്രങ്ങള്‍ പ്രവര്‍ത്തിച്ചതും. വിഭജനകാലത്തെ ഇന്ത്യന്‍ പത്രങ്ങളുടെ പ്രവര്‍ത്തനം,വിശേഷിച്ച് വര്‍ഗീയലഹളകളുടെ റിപ്പോര്‍ട്ടിങ്, മാതൃകാപരമായിരുന്നു എന്ന് പത്രചരിത്രം അഭിമാനത്തോടെ ചൂണ്ടിക്കാണിക്കാറുണ്ട്.

പത്രങ്ങള്‍ക്കായി ഐനക്ക് 1947ല്‍ പുറത്തിറക്കിയ പെരുമാറ്റച്ചട്ടം ഇന്നും സ്വയം സംസാരിക്കും. എല്ലാ അഭിപ്രായപ്രകടനങ്ങളിലും ആത്മനിയന്ത്രണം, അക്രമത്തെ പ്രോത്സാഹിപ്പിക്കാതിരിക്കല്‍, കലാപവാര്‍ത്തകള്‍ വസ്തുനിഷ്ഠമായ വിധത്തില്‍മാത്രം, സമാധാനത്തിനായുള്ള വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം, ചിത്രങ്ങളും കാര്‍ട്ടൂണുകളും കവിതകളുമൊക്കെ കരുതലോടെ, ലഹളകളിലെ മരണസംഖ്യയും സമുദായപ്പേരുകളും തലക്കെട്ടില്‍ പറയാതിരിക്കല്‍, മരണസംഖ്യകള്‍ പറയുന്നത് ഉറവിടം ഉദ്ധരിച്ചുമാത്രം, രാഷ്ട്രസുരക്ഷിതത്വത്തെ ബാധിക്കുന്നവ പറയാതിരിക്കല്‍ എന്നിവയൊക്കെ ഉള്‍ക്കൊണ്ടതായിരുന്നു ആ പെരുമാറ്റച്ചട്ടം.

എന്നാല്‍, ഇന്ത്യന്‍ പ്രസ്സിന് അങ്ങനെയൊരു മാറ്റം സംഭവിച്ചില്ല. ഒരു വശത്ത് രാഷ്ട്രനയവും മറു വശത്ത് പത്രങ്ങളുടെ വ്യവസായവത്കരണവും പത്രങ്ങളെ മറ്റൊരു തരത്തില്‍ മാറ്റി മറിച്ചു.  ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിവരെയുള്ള പത്രപ്രവര്‍ത്തനചരിത്രം മുന്നോട്ടുവയ്ക്കുന്നതായി നാം കണ്ട ആ ആഹ്വാനത്തില്‍ വില്യം ബോള്‍ട്സിന്റെ അച്ചടിക്കാത്ത പത്രം മുതല്‍ രാജാ റാം മോഹന്‍ റോയിയുടെ സംബാദ് കൗമുദിവരെ പകര്‍ന്നുതരുന്ന മൂല്യങ്ങളാണ് നമ്മുടെ മാധ്യമങ്ങളെ വഴിനടത്തേണ്ടത് എന്ന സങ്കല്‍പത്തില്‍  വേരുറച്ച പത്രപ്രവര്‍ത്തനശൈലി പതുക്കെപ്പതുക്കെ പുറംപോക്കുകളിലേയ്ക്ക് ഒതുങ്ങി. ആ ശൈലിക്കു വിരുദ്ധമായി രൂപപ്പെട്ട പത്രപ്രവര്‍ത്തനാഭാസത്തിന്റെ മാതൃക, ജനങ്ങളെ കൈവിട്ട് അധികാരികളുടെ പ്രീതി പിടിച്ചു പറ്റുന്ന പത്രപ്രവര്‍ത്തനശൈലി മേല്‍ക്കൈ നേടി.

രാജ്യത്തിന്റെതന്നെ നയവ്യതിയാനത്തില്‍നിന്ന് ആ കഥ തുടങ്ങുന്നു. ഭരണഘടനയില്‍ പത്രസ്വാതന്ത്ര്യം മൗലികാവകാശമാക്കണമെന്ന ആവശ്യം നമ്മുടെ നാട്ടില്‍ ഉയര്‍ന്നിരുന്നു. അതു നടന്നില്ല. അങ്ങനെ ഒരു സ്വാതന്ത്ര്യം അനുവദിച്ചിരുന്നെങ്കില്‍ അത് ഇന്ത്യന്‍ സാഹചര്യത്തില്‍ പത്രത്തിന്റെ സ്വാതന്ത്ര്യമാകുമോ, പത്രപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യമാകുമോ, അതോ പത്രമുതലാളിമാരുടെ സ്വാതന്ത്ര്യമാകുമോ എന്ന പ്രശ്നം ഉണ്ട്. എങ്കില്‍പ്പോലും ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമായില്ല എന്ന വസ്തുത അവശേഷിക്കുന്നു. പിന്നാലെ അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഭരണഘടനാഭേദഗതി മുതല്‍ പത്ര ഉള്ളടക്കത്തിനുമേല്‍ നിയന്ത്രണം ചെലുത്തുന്ന പ്രസ് (ഒബ്ജക്ഷനബിള്‍ മാറ്റേഴ്സ്) ആക്ടുവരെ (1951) വരികയും ചെയ്തു.

ഇതിനെ ഐനക്കിനുപോലും തള്ളിപ്പറയേണ്ടിവന്നു. അഭിപ്രായപ്രകടനത്തിനുവേണ്ടിയുള്ള സ്വാതന്ത്ര്യം ജന്മാവകാശമാണെന്നും ഇതു ഭരണഘടനവഴി ഉറപ്പാക്കണമെന്നും ഭരണഘടന നിലവില്‍ വന്നതിനു ശേഷം നടന്ന ഐനക്ക് സമ്മേളനത്തില്‍ (1951 ജൂണ്‍ 24) ആവശ്യമുയര്‍ന്നു. ഇന്ത്യന്‍ പത്രപ്രവര്‍ത്തക ഫെഡറേഷനും സമാനമായ ആവശ്യമുയര്‍ത്തി. എന്നാല്‍, പത്രപ്രവര്‍ത്തനത്തിന്റെ കമ്പോളമാതൃകയുമായാണ് സ്വതന്ത്ര ഇന്ത്യ മുന്നോട്ടുപോയത്.

വാണിജ്യകുടുംബങ്ങള്‍ പത്രങ്ങള്‍ നടത്തുക, പത്രമുതലാളിമാര്‍ ഇതരവ്യാപാരങ്ങള്‍ നടത്തുക, ഒരു ഉടമതന്നെ ഒട്ടേറെ പത്രങ്ങളുടെ ഉടമസ്ഥത നേടുക എന്നീ പ്രവണതകള്‍ ഇതിന്റെ ഭാഗമായി ശക്തമായി. പരസ്യദാതാക്കള്‍ പത്രമേഖലയിലെ സമ്മര്‍ദ്ദശക്തികളിലൊന്നായി മാറി. അവരുടെ കച്ചവടതാല്‍പര്യങ്ങള്‍ പത്രങ്ങള്‍ക്കുമേല്‍ കാണാച്ചരടായിമാറി. ഇതിനെല്ലാം നിയമങ്ങള്‍ ചൂട്ടു പിടിക്കുകയും ചെയ്തു. ഭരണകൂടം നോക്കുകുത്തിയായി നിന്നു. ജൂട്ട് പ്രസ് (ചണമുതലാളിമാരുടെ പത്രം) എന്ന നെഹ്റുവിന്റെ പരിഹാസവാക്ക് ദേശീയനാണക്കേടായി ഉയര്‍ന്നു വന്നു.

പത്രപ്രവര്‍ത്തനത്തിന്റെ ഉദയകാലങ്ങളില്‍ ചെറിയ പത്രങ്ങള്‍ക്ക് ഇടമുണ്ടായിരുന്നു. പ്രചാരത്തിന്റെയോ നിലനിന്ന കാലത്തിന്റെയോ കണക്കിലായിരുന്നില്ല പത്രങ്ങള്‍ ആദരിക്കപ്പെട്ടത്. സ്വദേശാഭിമാനിയും കേസരിയുമൊക്കെ കുറച്ചുകാലം മാത്രം നടന്ന, ചെറിയ പ്രചാരംമാത്രം ഉണ്ടായിരുന്ന പത്രങ്ങളായിരുന്നു.

കൂടുതല്‍ കാലം നടന്ന, അന്നു മുതല്‍ ഇന്നുവരെ നിലനില്‍ക്കുന്ന, പ്രചാരമേറിയ പത്രങ്ങളെ മാറ്റിവച്ചാണ് അവയെ നാം ആദരിക്കുന്നത്. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നടത്തപ്പെട്ടിരുന്ന ചെറു പത്രങ്ങള്‍ക്ക് സ്വതന്ത്ര ഇന്ത്യയില്‍ നിലനില്‍പില്ലാതായി. പത്രപ്രവര്‍ത്തനത്തിന്റെ ഉദയകാലത്ത് ഒരു പത്രം അധികാരികളുടെ വേട്ടയാടലുകളില്‍ അടച്ചുപോയാല്‍ പിന്നാലേ തന്നെ മറ്റൊരു പത്രവുമായി രംഗത്തുവരുന്ന പത്രനടത്തിപ്പുകാരുടെ ഉദാഹരണങ്ങള്‍ ഉണ്ടായിരുന്നു. കേസരി ബാലകൃഷ്ണപിള്ളയൊക്കെ അത്തരം മാതൃകകള്‍ സൃഷ്ടിച്ചവരായിരുന്നു. പത്രപ്രവര്‍ത്തനം വന്‍ മുടക്കുമുതല്‍ വേണ്ട വാണിജ്യസംരംഭമായി മാറിയതോടെ അതിനുള്ള അവസരങ്ങള്‍ ഇല്ലാതായി.

സ്വതന്ത്ര ഇന്ത്യയില്‍ പത്രപ്രവര്‍ത്തനം നേരിട്ട ഏറ്റവും വലിയ ഭീഷണി 1975ലെ അടിയന്തരാവസ്ഥക്കാലത്തായിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം റദ്ദാക്കി. അനഭിലഷണീയമായ ഉള്ളടക്കം തടയുന്ന നിയമം കൊണ്ടുവന്നു. അടിയന്തരാവസ്ഥയ്ക്കെതിരായ ഒരുള്ളടക്കവും ഒരു പ്രസിദ്ധീകരണത്തിലും വന്നുകൂടാ എന്ന നിലയായി. അതു പാലിക്കും എന്നുറപ്പില്ലാത്ത പത്രങ്ങളുടെ ഉള്ളടക്കത്തിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. പ്രസ് കൗണ്‍സിലിനെ ഇല്ലാതാക്കി.

മലയാളത്തില്‍ ദേശാഭിമാനിക്ക് പ്രീ സെന്‍സര്‍ഷിപ്പ് ഉണ്ടായിരുന്നു. പത്രം തയ്യാറാക്കി സെന്‍സര്‍ക്കു മുന്നിലെത്തിച്ച് ഔദ്യോഗികാംഗീകാരംവാങ്ങി മാത്രമേ പത്രം അടിക്കാവൂ എന്നതായിരുന്നു നില. ആ അവസ്ഥയിലും അടിയന്തരാവസ്ഥയെ അനുകൂലിക്കാതെ നിന്നു ദേശാഭിമാനി. പകരം, അതിനെ എതിര്‍ക്കുന്ന പ്രഛന്ന ഇനങ്ങള്‍ ജനങ്ങള്‍ക്കെത്തിച്ചു.

അടിയന്തരാവസ്ഥയെ എതിര്‍ത്ത് മുഖപ്രസംഗം എഴുതരുത് എന്നതിനാല്‍ മുഖപ്രസംഗസ്ഥലം കാലിയാക്കി പ്രസിദ്ധീകരിച്ചു. അതും വിലക്കിയപ്പോള്‍ അടിയന്തരാവസ്ഥക്കാലം മുഴുവന്‍ ദേശാഭിമാനി മുഖപ്രസംഗങ്ങള്‍ ഒഴിവാക്കി. 

ഇക്കാലത്ത് രാജ്യമാകെ 253 പത്രപ്രവര്‍ത്തകര്‍ അറസ്റ്റിലായി. 43 പത്രപ്രവര്‍ത്തകരുടെയും ആറു ഫോട്ടോഗ്രാഫര്‍മാരുടെയും രണ്ടു കാര്‍ട്ടൂണിസ്റ്റുകളുടെയും അക്രഡിറ്റേഷന്‍ റദ്ദാക്കി. നൂറോളം പ്രസിദ്ധീകരണങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം വിലക്കി. 18 പ്രസിദ്ധീകരണങ്ങള്‍ നിരോധിച്ചു.

ഇതൊക്കെ നടക്കുമ്പോഴും ഇന്ത്യന്‍ പത്രമണ്ഡലം പൊതുവേ അടിയന്തരാവസ്ഥയെ പിന്‍തുണച്ചു. കൂട്ടായി പ്രതിഷേധിക്കുന്ന ഒരു നടപടിയും പത്രരംഗത്തുനിന്ന് ഉണ്ടായില്ല. രണ്ടു നൂറ്റാണ്ടു നീണ്ട വീരചരിത്രത്തിലൂടെ ആര്‍ജിച്ച അന്തസ്സ് പത്രമണ്ഡലം ദുരധികാരത്തിന്റെ കാല്‍ക്കീഴില്‍ അടിയറവച്ചു. നഷ്ടപ്പെടുവാന്‍ ഒരു ലോകമുള്ള ഇന്ത്യന്‍ പ്രസ്സിന് കാല്‍ച്ചങ്ങലകള്‍ ആഭരണങ്ങളായി.

സ്വതന്ത്ര ഇന്ത്യ പിന്‍തുടര്‍ന്ന വാണിജ്യമാതൃകയില്‍ അധിഷ്ഠിതമായ പത്രപ്രവര്‍ത്തനത്തിന്റെ പരാജയം കൂടിയാണ് അടിയന്തരാവസ്ഥക്കാലത്ത് കണ്ടത്. പ്രച്ഛന്നവും കൂടുതല്‍ ഭീകരവുമായ  ഒരു ഫാസിസ്റ്റ്കാലം വീണ്ടും മുന്നില്‍ വരുമ്പോള്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ മുഖ്യധാര കീഴടങ്ങലിന്റെയും വഴങ്ങലിന്റെയും പേടിച്ചുനില്‍ക്കലിന്റെയും വിലയ്ക്കെടുക്കപ്പെടലിന്റെയും പുതിയ അധ്യായങ്ങള്‍ രചിക്കുകയാണ്.

അപ്പോഴും, ദുരധികാരത്തെ എതിര്‍ക്കുന്ന ഒരു ന്യൂനധാര ഇന്ത്യന്‍ പത്രരംഗത്തുണ്ടെന്ന് അടിയന്തരാവസ്ഥ തെളിയിച്ചു. അടിയന്തരാവസ്ഥ തുടങ്ങിയ ദിവസത്തെ ദേശാഭിമാനിയുടെ ഒന്നാം പേജും രാഷ്ട്രപതി കുളിത്തൊട്ടിയില്‍ക്കിടന്ന് ഓര്‍ഡിനന്‍സ് ഒപ്പിടുന്ന അബുവിന്റെ കാര്‍ട്ടൂണും പോലുള്ള ഒറ്റപ്പെട്ട പത്രങ്ങളുടെയും ഏകാകികളുടെയും ചെറുത്തുനില്‍പ്പ് ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ വീരപാരമ്പര്യത്തിന്റെ സത്യസാക്ഷ്യങ്ങളായി ഇന്നും ഓര്‍ക്കാനുണ്ട്.

(ചിന്ത വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top