19 April Friday

ഇന്ത്യാ ചരിത്രത്തില്‍ എഴുന്നുനില്‍ക്കുന്ന പത്രസങ്കല്‍പ്പം... ഡോ. എൻ പി ചന്ദ്രശേഖരന്റെ പംക്തി അഞ്ചാം ഭാഗം

ഡോ.എൻ പി ചന്ദ്രശേഖരന്‍Updated: Friday Jul 8, 2022

ചാള്‍സ് മെറ്റ്കാഫ്

സ്‌പന്ദിക്കുന്ന അച്ചുകൂടങ്ങള്‍ എന്ന പംക്തിയുടെ അഞ്ചാം ലക്കമാണിത്. കഴിഞ്ഞ നാലു ലക്കങ്ങളിലായി ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ നാലു മൂഖ്യസ്രോതസ്സുകളെ പരിചയപ്പെടുത്തി. വില്യം ബോള്‍ട്സിന്റെ അച്ചടിക്കാത്ത പത്രംമുതല്‍ രാജാ റാം മോഹന്‍ റോയിയുടെ സംബാദ് കൗമുദിവരെ പകര്‍ന്നുതരുന്ന മൂല്യങ്ങളാണ് നമ്മുടെ മാധ്യമങ്ങളെ വഴിനടത്തേണ്ടത് എന്ന ആഹ്വാനംമാത്രമല്ല ഈ ഉദാഹരണങ്ങളില്‍ക്കണ്ടത്.

ആ മൂല്യങ്ങള്‍ക്കെതിരായ ആശയങ്ങള്‍ നയിച്ച പത്രങ്ങളും ഇവിടെയുണ്ടായിരുന്നുവെന്നും നമ്മുടെ പാരമ്പര്യത്തില്‍ ഉണ്ടായിരിക്കേത്തന്നെ അവ നല്ല മാധ്യമമാതൃകകളല്ല എന്നുമുള്ള മുന്നറിയിപ്പുകൂടിയാണ്. ആദ്യകാലപത്രങ്ങളുടെ സമയത്തുമാത്രമല്ല പിന്നീടിങ്ങോട്ടും അതു തന്നെയാണ് പത്രരംഗത്തെ സ്ഥിതി.

വ്യവസ്ഥിതി ഏതുതന്നെയായാലും വിവേകശാലികള്‍ക്കു പ്രകാശം പരത്താനാകുമെന്ന് 1835-36 കാലത്ത് ഗവര്‍ണര്‍ ജനറലായ ചാള്‍സ് മെറ്റ്കാഫ് തെളിയിക്കുന്നുണ്ട്. അദ്ദേഹം ഇംഗ്ലീഷുകാരുടെ പത്രങ്ങള്‍ക്കും നാട്ടുഭാഷാപത്രങ്ങള്‍ക്കും ഒരേ നിയമങ്ങള്‍ നടപ്പാക്കി. പത്രങ്ങള്‍ക്ക് ലൈസന്‍സ് തുടര്‍ന്നുകൊണ്ടുതന്നെ പരിമിതമെങ്കിലും അന്നത്തെ നിലയ്ക്ക് ചരിത്രപ്രധാനം എന്നുതന്നെ പറയാവുന്നവിധം പ്രവര്‍ത്തനസ്വാതന്ത്ര്യവും അനുവദിച്ചു. അതുകൊണ്ടുതന്നെ, ഇന്ത്യന്‍ പത്രപ്രവര്‍ത്തനചരിത്രത്തില്‍ അദ്ദേഹം പത്രങ്ങളുടെ വിമോചകന്‍ എന്നറിയപ്പെട്ടു.

ഈ നയത്തെത്തുടര്‍ന്ന് ഇംഗ്ലീഷുകാരുടെ അതൃപ്തിക്കിരയായ അദ്ദേഹത്തെ ഈസ്റ്റ് ഇന്ത്യ കമ്പനി, പദവിയില്‍നിന്നു നീക്കി. ആദ്യം മദിരാശിയിലേയ്ക്കും പിന്നീട് വടക്കുകിഴക്കന്‍ പ്രവിശ്യയിലേയ്ക്കും മാറ്റി. മനസ്സുമടുത്ത അദ്ദേഹം 1838ല്‍ രാജിവച്ച് നാട്ടിലേയ്ക്കു മടങ്ങുകയും ചെയ്തു. എന്നിട്ടും, അധികാരികള്‍ അദ്ദേഹത്തെ ജമെയ്ക്കയിലേയ്ക്കും കാനഡയിലേയ്ക്കും അയച്ചു.

ജമെയ്ക്കയില്‍ കറുത്തവരായ അടിമകളെ വിമോചിതരാക്കാനുള്ള നടപടികള്‍ ലഘൂകരിച്ചതിന്റെ പേരിലും അദ്ദേഹം അനുസ്മരിക്കപ്പെടുന്നു. സാമൂഹികനിലപാടുകള്‍ ഉണ്ടായിരുന്ന, പരിമിതമായ ചരിത്രസാഹചര്യത്തിലും തന്നാലാവും വിധം അതുയര്‍ത്തിപ്പിടിച്ച, അതിന്റെ പേരില്‍ തിരിച്ചടികള്‍ ഏറ്റുവാങ്ങിയ, എന്നിട്ടും തലയുയര്‍ത്തിപ്പിടിച്ചു മുന്നോട്ടുപോയ മെറ്റ്കാഫ് എന്ന ഇംഗ്ലീഷ് ഭരണാധികാരിയുടെകൂടി പാരമ്പര്യം ഇന്ത്യന്‍ പത്രപ്രവര്‍ത്തനം ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നു നി സ്സംശയം പറയാം.

മെറ്റ്കാഫ് ഗവര്‍ണര്‍ ജനറലായിരുന്നത് 1835 മാര്‍ച്ച് 20 മുതല്‍ 1836 മാര്‍ച്ച് നാലുവരെ കഷ്ടിച്ച് ഒരു കൊല്ലംമാത്രമാണ്. പക്ഷേ, അദ്ദേഹത്തിന്റെ നയങ്ങള്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യസമരകാലം വരെ നിലനിന്നു. അതിന്റെ ഫലമായി  അക്കാലത്തെ പത്രങ്ങള്‍ക്ക് പൊതു നിലപാടുകള്‍ കൈക്കൊള്ളാനായി.

മിഷണറിമാരുടെ പത്രങ്ങള്‍മാത്രമാണ്, സ്വാഭാവികമായ കാരണങ്ങളാല്‍ ആ വഴിക്കു നീങ്ങാതിരുന്നത്. പത്രങ്ങള്‍ കൈയാളുന്ന സ്വാതന്ത്ര്യം ധീരരായ കുറേപ്പേരുടെ മനസ്സില്‍നിന്ന് സ്വയംഭൂവായി ഉദിച്ചുയരുന്നതല്ല, ഒട്ടൊക്കെ അത് ഒരു സാഹചര്യത്തിന്റെ സൃഷ്ടിയാണ് എന്നു നമ്മള്‍ ഇവിടെ കാണുന്നു.

ഒന്നാം സ്വാതന്ത്ര്യസമരം ഇന്ത്യന്‍ പത്രമണ്ഡലം നേരിട്ട ആദ്യ അഗ്നിപരീക്ഷയാണെന്നും പറയാം. ബ്രിട്ടീഷുകാര്‍ ആ സമരത്തെ ശിപായിലഹള - കൂലിപ്പട്ടാളക്കാരുടെ ബഹളം ആയാണ് കണ്ടതെന്ന് നമുക്കെല്ലാം അറിയാം. പിന്നീട്, ഇന്ത്യന്‍ ചരിത്രകാരന്മാരാണ് അതിനെ ആദ്യസ്വാതന്ത്ര്യസമരമെന്നു തിരുത്തിവിളിച്ചതെന്നും നമ്മള്‍ പറയും.

എന്നാല്‍, അക്കാലത്തുതന്നെ

ഹിന്ദു പേട്രിയട്ട് എന്ന പത്രം ആ സമരത്തെ 'ഇന്ത്യയിലെ മഹത്തായ വിപ്ലവം' എന്നു വിശേഷിപ്പിച്ചു. ഹിന്ദു പേട്രിയട്ട് പത്രാധിപര്‍ ഹരീഷ് ചന്ദ്ര മുഖര്‍ജി എഴുതിയത്, ''ഈ സമരത്തെ ലഹളയെന്ന് ഇനിയാരും വിശേഷിപ്പിക്കരുത്; ശരിക്കും ഇതൊരു വിപ്ലവമാണ്'' എന്നാണ്. ഇന്ത്യന്‍ പത്രപ്രവര്‍ത്തനം അക്കാലത്ത് കൈയാളിയ രാഷ്ട്രീയവും ചരിത്രപരവുമായ ആധികാരികതയുടെ സൂചകമായി ഇതിനെ കാണാം.

ഹിന്ദു പേട്രിയട്ട് എന്ന പത്രം ആ സമരത്തെ 'ഇന്ത്യയിലെ മഹത്തായ വിപ്ലവം' എന്നു വിശേഷിപ്പിച്ചു. ഹിന്ദു പേട്രിയട്ട് പത്രാധിപര്‍ ഹരീഷ് ചന്ദ്ര മുഖര്‍ജി എഴുതിയത്, ''ഈ സമരത്തെ ലഹളയെന്ന് ഇനിയാരും വിശേഷിപ്പിക്കരുത്; ശരിക്കും ഇതൊരു വിപ്ലവമാണ്'' എന്നാണ്. ഇന്ത്യന്‍ പത്രപ്രവര്‍ത്തനം അക്കാലത്ത് കൈയാളിയ രാഷ്ട്രീയവും ചരിത്രപരവുമായ ആധികാരികതയുടെ സൂചകമായി ഇതിനെ കാണാം.

സമരവാര്‍ത്തകള്‍ ഒട്ടേറെ പത്രങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ദര്‍ബിന്‍, സുല്‍ത്താന്‍ഉല്‍അക്ബര്‍, സമാചാര്‍ സുധാവര്‍ഷന്‍, ബോംബെ സമാചാര്‍, ഇംഎജംഷെദ്, രാസ്ത ഗോഫ്തര്‍ തുടങ്ങിയ പത്രങ്ങളൊക്കെ ഈ നിലപാടെടുത്തു. ഇതോടെ, മെറ്റ്കാഫിന്റെ പരിഷ്കാരങ്ങള്‍ ഉപേക്ഷിക്കാന്‍തന്നെ ബ്രിട്ടീഷ് അധികാരികള്‍ തീരുമാനിച്ചു. അക്കാലത്ത് ഗവര്‍ണര്‍ ജനറല്‍ കാനിംഗ് പ്രഭുവായിരുന്നു. അദ്ദേഹം നാട്ടുഭാഷാ പത്രനിയമം കൊണ്ടുവന്നു. ഇന്ത്യന്‍ പത്രങ്ങളെ, നാട്ടുഭാഷാപത്രങ്ങളെലക്ഷ്യം വച്ചായിരുന്നു ഇത്. ആ കരിനിയമം അവയെ വരിഞ്ഞുമുറുക്കുകയും ചെയ്തു.

ഒന്നാം സ്വാതന്ത്ര്യസമരം ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയെങ്കിലും അതോടെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ചു. ഇന്ത്യ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി. ഇന്ത്യന്‍ ദേശീയപ്രസ്ഥാനം കരുത്താര്‍ജിച്ച കാലമാണിത്. ഇത് പത്രരംഗത്തും പ്രതിഫലിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിറക്കുന്നത് 1885ലാണ്. കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനം ബോംബെയില്‍ നടക്കുമ്പോള്‍ പല പത്രങ്ങളുടെയും മേധാവികള്‍ അതില്‍ പങ്കെടുത്തിരുന്നു.

ദാദാ ബായ് നവറോജി, മഹാദേവ് ഗോവിന്ദ് റാനഡേ, നരേന്ദ്രനാഥ് സെന്‍ എന്നിവര്‍ ആ നിരയിലുണ്ട്. സമ്മേളനത്തിലെ ആദ്യപ്രമേയം അവതരിപ്പിച്ചത് ഹിന്ദു പത്രാധിപര്‍ ജി. സുബ്രഹ്മണ്യ അയ്യരാണെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയത്താല്‍ നയിക്കപ്പെടുന്നതിനോടൊപ്പം രാഷ്ട്രീയത്തിനു വഴിയചൂണ്ടാനുള്ള ആധികാരികത അന്നേ ഇന്ത്യന്‍ പത്രങ്ങള്‍ ആര്‍ജിച്ചിരുന്നു എന്നര്‍ത്ഥം.

സ്വാതന്ത്ര്യത്തിനു വേണ്ടി യത്നിച്ച അക്കാലത്തെ പത്രങ്ങളില്‍ മലയാളിയായ ബാരിസ്റ്റര്‍ ജി പി പിള്ളയുടെ മദ്രാസ് സ്റ്റാന്റേര്‍ഡുമുണ്ടെന്നത് നമുക്ക് അഭിമാനകരമാണ്.

ദേശീയപ്രസ്ഥാനം ആരംഭിച്ചതോടെ ഇന്ത്യന്‍ ജനതയെ എന്നപോലെ ഇന്ത്യന്‍ പത്രങ്ങളെയും രാഷ്ട്രീയം വഴി നടത്തുന്ന കാഴ്ചയാണ് ചരിത്രം കണ്ടത്. ദേശീയരാഷ്ട്രീയനേതാക്കളൊക്കെ പത്രപ്രവര്‍ത്തകരുമായിരുന്നു. മഹാത്മാഗാന്ധിതന്നെയാണ് അവരില്‍ ഏറ്റവും പ്രധാനി. അദ്ദേഹം നാല് ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു.

ദേശീയപ്രസ്ഥാനം ആരംഭിച്ചതോടെ ഇന്ത്യന്‍ ജനതയെ എന്നപോലെ ഇന്ത്യന്‍ പത്രങ്ങളെയും രാഷ്ട്രീയം വഴി നടത്തുന്ന കാഴ്ചയാണ് ചരിത്രം കണ്ടത്. ദേശീയരാഷ്ട്രീയനേതാക്കളൊക്കെ പത്രപ്രവര്‍ത്തകരുമായിരുന്നു. മഹാത്മാഗാന്ധിതന്നെയാണ് അവരില്‍ ഏറ്റവും പ്രധാനി. അദ്ദേഹം നാല് ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു.

ബാലഗംഗാധര തിലകന്‍, ഗോപാലകൃഷ്ണ ഗോഖലെ, ചിത്തരഞ്ജന്‍ ദാസ്, മോത്തിലാല്‍ നെഹ്റു, സുഭാഷ് ചന്ദ്ര ബോസ്, സി. ആര്‍. ദാസ്, ലാലാ ലജ്പത് റായ്, മദന്‍ മോഹന്‍ മാളവ്യ, ജവാഹര്‍ലാല്‍ നെഹ്റു, ടി. പ്രകാശം തുടങ്ങിയവരും ഈ നിരയില്‍ വരുന്നു.

ദേശീയപ്രസ്ഥാനം നവോത്ഥാനപ്രസ്ഥാനവുമായി കൈകോര്‍ത്ത കാലവുമായിരുന്നല്ലോ അത്. നവോത്ഥാനനായകരും പത്രപ്രവര്‍ത്തനത്തില്‍ മുഴുകി. രാജാ റാം മോഹന്‍ റോയ്, ഈശ്വര്‍ചന്ദ്ര വിദ്യാസാഗര്‍, ആനി ബസന്റ്, ഫിറോസ് ഷാ മേത്ത, സുബ്രഹ്മണ്യഭാരതി  തുടങ്ങിയവരെ ഈ നിരയില്‍ കാണാം.

വൈസ്രോയ് മിന്റോ പ്രഭു 1905ല്‍ ഔദ്യോഗികരഹസ്യനിയമം പരിഷ്കരിച്ച് പത്രസ്വാതന്ത്ര്യത്തിനെതിരേ വിനിയോഗിക്കാന്‍ ഒരുങ്ങിയപ്പോള്‍ ഗോഖലെ ഉയര്‍ത്തിയ എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. കേസരി പത്രം നടത്തിയ തിലകന്‍ കോലാപൂര്‍ ദിവാന്‍ മഹാദേവ വാസുദേവ നല്‍കിയ മാനനഷ്ടക്കേസില്‍ തടവുശിക്ഷ ഏറ്റുവാങ്ങി. യുവാക്കളെ രാജ്യദ്രോഹത്തിനു പ്രേരിപ്പിച്ച കേസില്‍ വീണ്ടും അദ്ദേഹം ജയില്‍വാസമനുഭവിച്ചു. മുഖപ്രസംഗത്തിന് നാടുകടത്തല്‍ ശിക്ഷയേറ്റുവാങ്ങിയ പത്രാധിപരുമാണ് അദ്ദേഹം.

 മഹാത്മാഗാന്ധി

മഹാത്മാഗാന്ധി

ഇന്ത്യ എന്ന പത്രത്തിന്റെ ഉടമ രാജ്യദ്രോഹക്കുറ്റത്തിനു ജയിലിലായപ്പോള്‍ ഫ്രഞ്ചു കോളനിയായ പോണ്ടിച്ചേരിയിലെത്തി പത്രം തുടര്‍ന്നു നടത്തിയ പത്രാധിപരാണ്  സുബ്രഹ്മണ്യഭാരതി. പിന്നാലേ മദിരാശിയിലെത്തിയപ്പോള്‍ അറസ്റ്റിലാവുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്ത ചരിത്രവും അദ്ദേഹത്തിനുണ്ട്. ഗാന്ധിജിയുടെ നവജീവനും യംഗ് ഇന്ത്യയും കണ്ടുകെട്ടല്‍ നടപടി നേരിട്ടിട്ടുണ്ട്.  നെഹ്റുവിന്റെ നാഷനല്‍ ഹെറാള്‍ഡ് കോണ്‍ഗ്രസ്സിനെ പിന്‍തുണയ്ക്കുമ്പോള്‍ത്തന്നെ എതിര്‍ക്കുകയും ചെയ്ത സവിശേഷമായ ചരിത്രമുള്ള പത്രമാണ്.

രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധവാര്‍ത്തകളുടെ തലക്കെട്ടുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയപ്പോള്‍ തലക്കെട്ടുകളില്ലാതെ യുദ്ധവാര്‍ത്തകള്‍ അച്ചടിച്ച പാരമ്പര്യവുമുണ്ട് നാഷണല്‍ ഹെറാള്‍ഡിന്. 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സര്‍ക്കാര്‍ കണ്ടുകെട്ടിയതുമൂലം നിലച്ച പാരമ്പര്യവും  ഈ പത്രത്തിനു സ്വന്തം.

പത്രപ്രവര്‍ത്തനം സ്വാതന്ത്ര്യപൂര്‍വഇന്ത്യയുടെ ചരിത്രത്തില്‍ ഒരു വ്യവസായമായല്ല എഴുന്നുനില്‍ക്കുന്നത്. അത് സാമൂഹികപ്രവര്‍ത്തനവുമായും രാഷ്ട്രീയപ്രവര്‍ത്തനവുമായും കൈകോര്‍ത്ത ഒരു സാമൂഹികതുറയാണ്. ഉല്‍പ്പന്നമികവും ലോകോത്തരനിലവാരവും ലാഭവും പ്രചാരവും ഒന്നുമല്ല, സാമൂഹികപ്രതിബദ്ധതയാണ് ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ യഥാര്‍ത്ഥമാതൃകയായി ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത്.

സാമൂഹികപ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കാന്‍മാത്രമല്ല, അതിനായി പൊരുതാനും കഷ്ടനഷ്ടങ്ങള്‍ ഏറ്റുവാങ്ങാനും മുന്നിട്ടിറങ്ങിയ ചരിത്രംകൂടി സ്വാതന്ത്ര്യപൂര്‍വകാലത്തെ ഇന്ത്യന്‍ പത്രനായകര്‍ക്ക് ഉണ്ടെന്നും ചരിത്രം ഉദ്ഘോഷിക്കുന്നു.

സാമൂഹികപ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കാന്‍മാത്രമല്ല, അതിനായി പൊരുതാനും കഷ്ടനഷ്ടങ്ങള്‍ ഏറ്റുവാങ്ങാനും മുന്നിട്ടിറങ്ങിയ ചരിത്രംകൂടി സ്വാതന്ത്ര്യപൂര്‍വകാലത്തെ ഇന്ത്യന്‍ പത്രനായകര്‍ക്ക് ഉണ്ടെന്നും ചരിത്രം ഉദ്ഘോഷിക്കുന്നു.
ഇന്നത്തെ ഇന്ത്യന്‍ മാധ്യമരംഗത്തെ മനസ്സിലാക്കുന്നതിന് ഈ ഭൂതകാലജ്ഞാനം പശ്ചാത്തലമാകേണ്ടതുണ്ട്.

(ചിന്ത വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top