12 August Friday

ഇന്ത്യന്‍ ഭാഷാപത്രപ്രവര്‍ത്തനത്തിന്റെ പിതാവ്...ഡോ.എൻ പി ചന്ദ്രശേഖരന്റെ പംക്തി നാലാം ഭാഗം

ഡോ. എന്‍. പി. ചന്ദ്രശേഖരന്‍Updated: Saturday Jul 2, 2022

രാജാറാം മോഹന്‍റോയ്

ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ പഴന്താളുകളിലെ ഒരുജ്വലാധ്യായത്തിലെ വെട്ടിത്തിളങ്ങുന്ന പേരാണ് രാജാ റാം മോഹന്‍ റോയ്യുടേത്. പത്രസ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷ് രാജാവിനും രാജകീയസമിതിക്കും റോയ് കൊടുത്ത പരാതിയെ ചരിത്രം വിളിക്കുന്നത് 'ഇന്ത്യയിലെ ആരിയോപേജിറ്റിക്ക' എന്നാണ്.

ആരിയോപേജിറ്റിക്ക ഇംഗ്ലീഷ് കവി ജോണ്‍ മില്‍റ്റണ്‍ എഴുതിയ ഗ്രന്ഥമാണ്. ബ്രിട്ടനില്‍ അച്ചടിച്ചു പുറത്തിറക്കുന്ന എല്ലാ വസ്തുക്കള്‍ക്കും 1643ല്‍ പാര്‍ലമെന്റ് ലൈസന്‍സിംഗ് ഏര്‍പ്പെടുത്തി. അതിനെതിരേ 1644ലാണ് മില്‍ട്ടണ്‍ ഈ പുസ്തകം പുറത്തിറക്കിയത്.

ആരിയോപേജിറ്റിക്കോസ് എന്ന പേരില്‍ യവനചിന്തകന്‍ ഐസോക്രറ്റീസിന്റെ ഒരു പ്രഭാഷണമുണ്ട്. ഏതന്‍സിലെ ഒരു കുന്നാണ് ആരിയോപേഗസ്. അവിടെയായിരുന്നത്രേ പ്രാചീനകാലത്ത് യവനനീതിസഭകള്‍ സമ്മേളിച്ചിരുന്നത്. ആ സഭകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഐസോക്രറ്റീസ് പ്രഭാഷണരൂപത്തില്‍ എഴുതിയ പുസ്തകമാണ് ആരിയോപേജിറ്റിക്കോസ്. ആ പേരു പിന്‍തുടര്‍ന്നാണ് തന്റെ പുസ്തകത്തിന് മില്‍ട്ടണ്‍ പേരിട്ടത്.

'ആരിയോപേജിറ്റിക്ക: അനുമതിയില്ലാത്ത അച്ചടിയെപ്പറ്റി ഇംഗ്ലണ്ടിലെ പാര്‍ലമെന്റിനോടുള്ള മിസ്റ്റര്‍ ജോണ്‍ മില്‍ട്ടന്റെ പ്രസംഗം' എന്നതാണ് പുസ്തകത്തിന്റെ മുഴുവന്‍ പേര്. മില്‍ട്ടണ്‍ പാര്‍ലമെന്റ് അംഗമായിരുന്നില്ല. പാര്‍ലമെന്റിനോട് നടത്തിയതായി സങ്കല്‍പിച്ച് എഴുതി പ്രസിദ്ധീകരിച്ച പ്രസംഗമാണിത്.

ഈ പുസ്തകത്തില്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടിയാണ് മില്‍ട്ടണ്‍ സംസാരിക്കുന്നത്. ആവിഷ്കാരസ്വാതന്ത്ര്യത്തെ താത്ത്വികമായി ന്യായീകരിക്കുന്നു ഈ പ്രബന്ധം. പത്രസ്വാതന്ത്ര്യത്തിനായി മുഴങ്ങിയ എക്കാലത്തെയും വലിയ ശബ്ദമായാണ് ചരിത്രം ഇതിനെ കാണുന്നത്. പത്രസ്വാതന്ത്ര്യത്തിന്റെ ആഗോളചരിത്രത്തില്‍ ഈ പുസ്തകത്തിനുള്ള സ്ഥാനമാണ് ഇന്ത്യന്‍ പത്രചരിത്രത്തില്‍ റോയ്യുടെ പരാതിക്കുള്ളത്.

ജെയിംസ് സില്‍ക്ക് ബക്കിംഗ്ഹാമിന്റെ കല്‍ക്കത്താ ജേര്‍ണലിനെതിരേ തിരിഞ്ഞ ആക്ടിംഗ് ഗവര്‍ണര്‍ ജനറല്‍ ജോണ്‍ ആഡം 1823ല്‍ ഒരു പത്രമാരണ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ബക്കിംഗ്ഹാമിനെ നാടുകടത്തിയതിനു ശേഷം ജോണ്‍ ആഡം ഇന്ത്യയിലെ പത്രങ്ങളെക്കുറിച്ചു പഠിക്കാന്‍ സര്‍ തോമസ് മണ്‍റോയെ ചുമതലപ്പെടുത്തി. പത്രസ്വാതന്ത്ര്യം പരിമിതപ്പെടുത്താനായിരുന്നു മണ്‍റോയുടെ ശുപാര്‍ശ. ഇതു പ്രകാരമായിരുന്നു പത്രമാരണ ഓര്‍ഡിനന്‍സ്. ഈ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് റോയ് അയച്ച പരാതിയാണ് ചരിത്രത്തിലിടംനേടിയത്.

കേവലപത്രപ്രവര്‍ത്തകനായിരുന്നില്ല റോയ് എന്നു നമുക്കറിയാം. മഹാപണ്ഡിതനും എഴുത്തുകാരനും സാമൂഹികപരിഷ്കര്‍ത്താവും നവോത്ഥാനകാരനുമായിരുന്നു അദ്ദേഹം. ഒപ്പം,  ഇന്ത്യന്‍ ഭാഷാപത്രപ്രവര്‍ത്തനത്തിന്റെ പിതാവുമാണ്. ഇന്ത്യന്‍ പത്രലോകത്തിന്റെ സ്ഥാപകരില്‍ ഒരാളാണ് അദ്ദേഹമെന്ന് ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയെ കണ്ടെത്തലില്‍ വിലയിരുന്നുണ്ട്. 1821ല്‍ സംബാദ് (സംവാദ്) കൗമുദി എന്ന ബംഗാളി വാരികയും ബ്രാഹ്മണിക്കല്‍ മാഗസിന്‍ എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണവും അദ്ദേഹം തുടങ്ങുന്നുണ്ട്. പിറ്റേക്കൊല്ലം മാറുത്ത്ഉല്‍അക്ബര്‍ എന്ന പേര്‍ഷ്യന്‍ വാരികയും.

1916ല്‍ ആരംഭിച്ച ബംഗാള്‍ ഗസറ്റിനു പിന്നിലെ ആവേശസ്രോതസ്സും രാജാ റാം മോഹന്‍ റോയ് ആയിരുന്നു. ഇതായിരുന്നു ഇന്ത്യയില്‍ ഒരു ഇന്ത്യക്കാരന്‍ തുടങ്ങിയ ആദ്യത്തെ പത്രം. ഗംഗാധര്‍ ഭട്ടാചാര്യയാണ് ഈ ഇംഗ്ലീഷ് പത്രം തുടങ്ങിയത്. അദ്ദേഹം രാജാ റാം മോഹന്‍ റോയ്യുടെ അനുയായിയായിരുന്നു. ഭര്‍ത്താവു മരിച്ചാല്‍ ഭാര്യ ചിതയില്‍ച്ചാടി മരിക്കുന്ന ദുരാചാരമായ സതിക്കെതിരായ റോയ്യുടെ ലഘുലേഖ പ്രസിദ്ധീകരിച്ചത് ഈ പത്രത്തിലാണ്.

പത്രമാരണ നിയമം സുപ്രിം കോടതിയിലെത്തിയ ഉടനെ രവീന്ദ്രനാഥ ടാഗോറിന്റെ അച്ഛന്റെ അച്ഛനായ  ദ്വാരകാ നാഥ് ടാഗോറിനും മറ്റു മൂന്നു പേര്‍ക്കുമൊപ്പം റോയ് പരാതി നല്‍കുന്നുണ്ട്. പരാതി ജഡ്ജി കൈയോടെ തള്ളുകയായിരുന്നു.  തുടര്‍ന്നാണ് ബ്രിട്ടീഷ് രാജാവിനും രാജകീയസമിതിക്കും (കിംഗ്ഇന്‍കൗണ്‍സില്‍)  റോയ് പരാതി കൊടുക്കുന്നത്. ഇതേ സമയത്ത് നാടുകടത്തപ്പെട്ട് ബ്രിട്ടണിലെത്തിയിരുന്ന ബക്കിംഗ്ഹാം മറ്റൊരു പരാതിയും നല്കി. അതേ സമയം ഇന്ത്യയില്‍ സുപ്രീം കോടതി തീരുമാനത്തിനെതിരേ ദ്വാരകാ നാഥ് ടാഗോറും മറ്റും അപ്പീലും നല്‍കി. ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യത്തിനായി നടന്ന ഏറ്റവും വലിയ ഉദ്യമമായിരുന്നു അത്.

ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രം ഈ പാരമ്പര്യവും ഉള്‍ക്കൊള്ളുന്നുണ്ട് എന്നത് നമ്മള്‍ നിരന്തരം ഓര്‍ക്കേണ്ടതുണ്ട്; വിശേഷിച്ച് ഇന്ത്യന്‍ പൊതുമണ്ഡലത്തില്‍ മിക്ക മാധ്യമങ്ങളും അമാധ്യമങ്ങളാവുകയും യഥാര്‍ത്ഥമാധ്യമപ്രവര്‍ത്തനം ആക്രമിക്കപ്പെടുകയും ദുര്‍ബലമാക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത്. ലാഭത്തിനു വേണ്ടിയുള്ള കച്ചവടമായോ അധികാരത്തിനു സ്തുതിപാടാനോ അല്ല നമ്മുടെ നാട്ടില്‍ പത്രങ്ങള്‍ തുടങ്ങിയത്. നമുക്കു പത്രപ്രവര്‍ത്തനം ആശയപ്രചാരണത്തിനു വേണ്ടിയായിരുന്നു. പുരോഗമനത്തിനു വേണ്ടിയായിരുന്നു. അന്ധവിശ്വാസത്തില്‍നിന്നും അടിമത്തത്തില്‍നിന്നും മാനവികതയിലേയ്ക്കു മാര്‍ച്ചു ചെയ്യാനുള്ള വഴി കണ്ടെത്താന്‍ വേണ്ടിയായിരുന്നു. റോയ്യില്‍നിന്നുള്ള തുടക്കം അത് ഉറപ്പിച്ചു വ്യക്തമാക്കുന്നു.

ഇവിടെ ചില കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഭാഷാ പത്രപ്രവര്‍ത്തനം ആരംഭിച്ചത് റോയ് അല്ല. അദ്ദേഹത്തിന്റെ പത്രം 1821ല്‍ ആരംഭിച്ചെങ്കില്‍ 1818ല്‍ത്തന്നെ ദിഗ് ദര്‍ശന്‍ എന്ന ബംഗാളി പത്രമാസിക ഇറങ്ങുന്നുണ്ട്. ഇത് ബാപ്റ്റിസ്റ്റ് മിഷനാണ് പുറത്തിറക്കിയത്. പത്രാധിപര്‍ ജോണ്‍ ക്ലാര്‍ക്ക് മാര്‍ഷ്മാനായിരുന്നു. അതാണ് ഇന്ത്യയിലെ ആദ്യത്തെ ഭാഷാപത്രം. അതേ വര്‍ഷം തന്നെ ബംഗാളി വാരികയായ സമാചാര്‍ ദര്‍പ്പണും അവര്‍ ആരംഭിച്ചു.

ഈ പത്രങ്ങള്‍ കല്‍ക്കത്തയില്‍നിന്നു തുടങ്ങാന്‍ മിഷന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇംഗ്ലീഷുകാര്‍ അതിന് അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് അന്ന് ഡച്ച് ഭരണത്തിലായിരുന്ന സെറാംപൂരില്‍നിന്ന് അവര്‍ പത്രങ്ങള്‍ ഇറക്കുന്നത്. എന്നാല്‍, പത്രങ്ങളിലെ ഉള്ളടക്കം തങ്ങള്‍ക്ക് എതിരല്ലെന്നു കണ്ടതോടെ  അവയ്ക്ക് ബ്രിട്ടീഷ് അധികാരികളുടെ പിന്തുണ കിട്ടി.

എന്നിട്ടും റോയ് ഇന്ത്യയിലെ ഭാഷാപത്രപ്രവര്‍ത്തനത്തിന്റെ പിതാവായി എണ്ണപ്പെടുന്നത് അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനശൈലിയും അതിന്റെ സാമൂഹികോത്സുഖതയും കൂടി പരിഗണിച്ചാണ്. അദ്ദേഹത്തെ മാതൃകയാക്കി പില്‍ക്കാലത്ത് പത്രപ്രവര്‍ത്തനത്തിലേയ്ക്ക് സാമൂഹികപരിഷ്കര്‍ത്താക്കളും പൊതുപ്രവര്‍ത്തകരും തിരിയുന്നുണ്ട്.

ആ പത്രപ്രവര്‍ത്തനവഴിത്താരയുടെ തുടക്കക്കാരനായി എന്നതുകൊണ്ടാണ് റോയ് ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന് ഒരു നായകബിംബമാകുന്നത്. ആ പരിഗണന റോയ്യെ വ്യക്തിപരമായി ആദരിക്കുന്നതാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അതിലേറെ അദ്ദേഹത്തെ നായകനായി ആദരിക്കുന്നതുകൊണ്ട് ഇന്ത്യന്‍ പത്ര പ്രവര്‍ത്തനം ഉജ്വലമായ ഒരു പാരമ്പര്യത്തിന് അവകാശം നേടുന്നു എന്നതും കാണണം.

പല നവോത്ഥാനകാരന്മാരില്‍ ഒരാള്‍ മാത്രമല്ല റോയ്. ഗോപാലകൃഷ്ണ ഗോഖലെ അദ്ദേഹത്തെ ആധുനിക ഇന്ത്യയുടെ പിതാവ് എന്നു വിളിച്ചിട്ടുണ്ട്. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവായും റോയ് അറിയപ്പെടുന്നു. ജാതിവ്യവസ്ഥയ്ക്കെതിരേ പോരാടുകയും അക്കാലത്ത് നീക്കുപോക്കില്ലാത്ത ആചാരങ്ങളായിക്കണ്ടിരുന്ന സതി, ബാലവിവാഹം, പര്‍ദ, സ്ത്രീധനം, ബഹുഭാര്യാത്വം എന്നിവയ്ക്കെതിരേ വാദിക്കുകയും ചെയ്തയാളാണ്.

ചെറുപ്പത്തിലേ വിവാഹം കഴിക്കുകയും ഭാര്യ മരിച്ചുപോവുകയും ചെയ്ത അനുഭവം അദ്ദേഹത്തിനുണ്ട്. ജ്യേഷ്ഠന്‍ മരിച്ചപ്പോള്‍ ഭാര്യയെ ചിതയിലേയ്ക്കു തള്ളിയിടുന്നതും അദ്ദേഹം കണ്ടിട്ടുണ്ട്. അങ്ങനെ സ്വാനുഭവങ്ങളുടെ കരുത്തോടെയാണ് അദ്ദേഹം നവോത്ഥാനകാരനായത്. ഭര്‍ത്താവു മരിച്ച സ്ത്രീകള്‍ സ്വമേധയാ ചിതയില്‍ ചാടുന്നതാണ്, അവരൊക്കെ പുണ്യവതികളായ സതി മാതാക്കളാവുകയാണ് എന്ന യാഥാസ്ഥിതികരുടെ പ്രചാരണത്തിനെതിരേ ശ്മശാനങ്ങള്‍ സന്ദര്‍ശിച്ച് തെളിവെടുത്തു പോരാടിയ ചരിത്രവും അദ്ദേഹത്തിനുണ്ട്. സതി ആത്മാഹുതിയല്ല സ്വത്തിനുവേണ്ടിയുള്ള  വിധവാഹത്യയാണെന്ന് റോയ് സ്ഥാപിച്ചു.

അദ്ദേഹത്തിന്റെ പ്രചണ്ഡമായ പ്രചാരണങ്ങള്‍ക്കൊടുവിലാണ് 1829ല്‍ ഗവര്‍ണര്‍ ജനറല്‍ വില്യം ബെന്റിക് സതി നിരോധിച്ചത്.  റോയിയെ ഭാഷാപത്രപ്രവര്‍ത്തനത്തിന്റെ പിതാവായി കണ്ടെടുക്കുമ്പോള്‍ ഈ മഹാപാരമ്പര്യവുമായാണ് ഇന്ത്യന്‍ പത്രപ്രവര്‍ത്തനം കണ്ണി ചേര്‍ക്കപ്പെടുന്നത്.

റോയിയുടെ പരിശ്രമങ്ങള്‍ സാമൂഹികപരിഷ്കരണരംഗത്ത് ഒതുങ്ങി നിന്നേയുള്ളൂ എന്നു വാദിക്കുന്നവരുണ്ട്. അദ്ദേഹം ബ്രിട്ടീഷുകാര്‍ക്ക് പല കാര്യങ്ങളിലും എതിരായിരുന്നില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടും. എന്നാല്‍, അദ്ദേഹമാണ് ഇന്ത്യന്‍ ജനതയ്ക്ക് ആദ്യമായി രാഷ്ട്രീയസ്വാതന്ത്ര്യത്തിന്റെ സന്ദേശം നല്‍കിയതെന്ന് ബിപിന്‍ ചന്ദ്ര പാലിനെപ്പോലുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

റോയിയുടെ പത്രങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതി നിര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ട്. ചാട്ട വീശി വഴിയുണ്ടാക്കി ആള്‍ക്കൂട്ടത്തെ അകറ്റി യൂറോപ്യന്മാര്‍ റോഡുകളിലൂടെ അതിവേഗം വണ്ടികള്‍ ഓടിക്കുന്നതും പ്രശ്നമാക്കുന്നുണ്ട്. അങ്ങനെ, ദേശീയപ്രസ്ഥാനം ഉദിച്ചുയരുംമുമ്പുതന്നെ ദേശീയകാഴ്ചപ്പാടുകള്‍ ഉള്‍ക്കൊണ്ട നിലപാട് റോയ്യുടെ പത്രങ്ങള്‍ കൈക്കൊണ്ടിരുന്നു.

പത്രപ്രവര്‍ത്തനചരിത്രത്തിന്റെ വായനക്കാര്‍ മനസ്സിലാക്കേണ്ട കാര്യം ഇതാണ്: റോയ് യഥാര്‍ത്ഥപത്രപ്രവര്‍ത്തനത്തിന്റെ ചില മൂല്യങ്ങള്‍ ഇന്ത്യയെ ഓര്‍മിപ്പിക്കുന്ന മുന്‍ഗാമിയാണ്. കൊടുങ്കാറ്റുകളെ മുറിച്ചുകടക്കുന്ന കപ്പിത്താനെപ്പോലെയാണ് അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മതഭ്രാന്തും ചൂഴ്ന്ന ഇന്ത്യന്‍ ആശയമണ്ഡലത്തിലൂടെ അദ്ദേഹം പുരോഗമനത്തിന്റെ പതാകാവാഹകനായി മുന്നോട്ടുവന്നത്. അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനവും സമാനാനുഭവം പങ്കിട്ടിട്ടുണ്ട്.

റോയ്യുടെ സംബാദ് കൗമുദി ആരംഭിച്ചത് ഭാവാനി ചരണ്‍ ബന്ദ്യോപാദ്ധ്യായയുടെ പത്രാധിപത്വത്തിലാണ്. പക്ഷേ, പത്രം മുന്നോട്ടുപോകവേ അദ്ദേഹം റോയ്യെയും പത്രത്തെയും വിട്ടുപോയി. റോയ്യുടെ സാമൂഹികപരിഷ്കരണനിലപാടുകള്‍ തീവ്രമാണ് എന്ന് ആരോപിച്ചായിരുന്നു ആ വഴിപിരിയല്‍.

പിന്നാലേ, ബന്ദ്യോപാദ്ധ്യായ സമാചാര്‍ ചന്ദ്രിക എന്ന ഒരു പത്രം തുടങ്ങി. അതാകട്ടെ, ഹിന്ദുയാഥാസ്ഥിതികരുടെ നാവായി മാറുകയും ചെയ്തു.
 സംബാദ് കൗമുദിയും സമാചാര്‍ ചന്ദ്രികയും പാരമ്പര്യത്തില്‍നിന്ന് ഇന്നും നമ്മളോടു സംസാരിക്കുന്നു. പത്രത്തിന്റെയും അപത്രത്തിന്റെയും പ്രതീകങ്ങളായി.

 രാജാ റാം മോഹന്‍ റോയ്യും ഭവാനി ചരണ്‍ ബന്ദ്യോപാദ്ധ്യായയും ചരിത്രത്തില്‍നിന്നു നമ്മളെ ഉറ്റു നോക്കുന്നു. യഥാര്‍ത്ഥപത്രപ്രവര്‍ത്തനത്തിന്റെയും പത്രപ്രവര്‍ത്തനാഭാസത്തിന്റെയും ബിംബങ്ങളായി.

(ചിന്ത വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top