19 April Friday

സർവകലാശാല എന്ന ജീവലോകം- ഡോ. എം വി നാരായണനുമായി അഭിമുഖം

ഡോ. എം വി നാരായണൻ/ ഡോ. കെ എം അനിൽUpdated: Thursday May 19, 2022

ഡോ. എം വി നാരായണൻ- ഫോട്ടോ: ബിജു ഇബ്രാഹിം


സമഗ്രമായ ഒരു വിദ്യാഭ്യാസ സാഹചര്യം മഹാരാജാസിലുണ്ടായിരുന്നു. വാസ്തവത്തിൽ മൂന്നുവർഷം മാത്രമേ അവിടെ പഠിച്ചിട്ടുള്ളൂ. പക്ഷേ ആ മൂന്നു വർഷങ്ങൾ എന്നെ ഞാനാക്കിയ മൂന്നു വർഷങ്ങളാണ്. അതിനുമുമ്പ് സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് വായിക്കുവാനും ലൈബ്രറി ഉപയോഗപ്പെടുത്താനും മറ്റും അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അതൊന്നും നിഷേധിക്കുകയല്ല. പക്ഷേ മഹാരാജാസിലെ പഠനകാലം പ്രത്യേകരീതിയിലുള്ള ഒരു അനുഭവമായിരുന്നു.

കലാനിരൂപകൻ, സാഹിത്യവിമർശകൻ, അധ്യാപകൻ എന്നീ നിലകളിലെല്ലാം ഡോ. എം വി നാരായണൻ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി സർവകലാശാലകളിൽ അദ്ദേഹം അധ്യാപകനായിരുന്നിട്ടുണ്ട്. ക്ലാസിക്കൽ കലകളെ സമകാല സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ അപഗ്രഥിക്കാൻ ശേഷിയുള്ള അപൂർവം നിരൂപകരിലൊരാളാണ് ഡോ. നാരായണൻ. ഉന്നത വിദ്യാഭ്യാസമേഖലയെക്കുറിച്ച് ഉന്നതമായ വീക്ഷണമുള്ള അക്കാദമീഷ്യൻ കൂടിയാണ് അദ്ദേഹം. കാലിക്കറ്റ് സർവകലാശാലയിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ഡോ. എം വി നാരായണൻ 2022 മാർച്ച് മാസത്തിൽ വിരമിക്കാനിരിക്കുകയായിരുന്നു. ആ പശ്ചാത്തലത്തിലാണ് ഈ അഭിമുഖം നടത്തിയത്. എന്നാൽ അതിനിടെ അദ്ദേഹം കാലടി സംസ്‌കൃത സർവകലാശാലാ വൈസ് ചാൻസലറായി നിയമിതനായി.

ഡോ. കെ എം അനിലും ഡോ. എം വി നാരായണനും - ഫോട്ടോ: ബിജു ഇബ്രാഹിം

ഡോ. കെ എം അനിലും ഡോ. എം വി നാരായണനും - ഫോട്ടോ: ബിജു ഇബ്രാഹിം

?   മാഷ് വിദ്യാർഥിയായിരുന്ന കാലം മുതൽ ഇതുവരെയുള്ള ജീവിതം പഠിക്കലും പഠിപ്പിക്കലുമായിരുന്നല്ലോ. തിരിഞ്ഞുനോക്കുമ്പോൾ, സർവകലാശാലയെപ്പറ്റിയുള്ള നമ്മുടെ സങ്കൽപവും അതിന് സംഭവിച്ചു കൊണ്ടിരിക്കുന്ന പരിണാമവും സാമാന്യമായ ഒരു ഇന്ത്യൻ പശ്ചാത്തലത്തിൽ മാഷ് എങ്ങനെയാണ് വിലയിരുത്തുന്നത്.

ജനാധിപത്യം: ജൈവവും യാന്ത്രികതയും

=   ജീവിതകാലം മുഴുവനും പഠിക്കലും പഠിപ്പിക്കലും മാത്രമാണെന്നു പറയാൻ കഴിയില്ല. അതിനിടയിൽ ചെറിയൊരു കാലം പത്രപ്രവർത്തന രംഗത്ത് ഉണ്ടായിരുന്നു. കഷ്ടി ഒരു കൊല്ലത്തോളം ഇന്ത്യൻ എക്‌സ്‌പ്രസിൽ ജോലി ചെയ്തിരുന്നു. പരിണാമത്തെപ്പറ്റി പറയുകയാണെങ്കിൽ ജീവിതത്തിന്റെ ഏതൊരു മേഖലയിലുമുണ്ടാവുന്നതുപോലെ വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങളുണ്ടായിട്ടുണ്ട്. പല മാറ്റങ്ങളും അനിവാര്യമാണ്. കാരണം കാലം മാറുന്നതിനനുസരിച്ച് ആവശ്യങ്ങൾ മാറും. എന്താണ് വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം? അത് ഏതു തരത്തിലാണ് വ്യക്തിയെ രൂപപ്പെടുത്തുന്നത്? അതിന് എപ്രകാരമാണ് ശിക്ഷണം നൽകേണ്ടത്? എത്തരത്തിലുള്ള തയ്യാറെടുപ്പുകളാണ് നമുക്ക് ആവശ്യം? എന്നതെല്ലാം കാലം മാറുന്നതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും.

അത് തികച്ചും സ്വാഭാവികമായൊരു പ്രക്രിയയാണ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി സംഭവിച്ച ഒരു കാര്യം ഉന്നത വിദ്യാഭ്യാസമേഖല വളരെ ക്യാപ്പിറ്റൽ ഇന്റൻസീവ് ആയിട്ടുള്ള ഒരു മേഖലയായി പരിണമിച്ചതാണ്. ഞാൻ വിദ്യാർഥിയായിരിക്കുന്ന സമയത്തും ക്യാപ്പിറ്റൽ ഇന്റൻസീവ് ആയിട്ടുള്ള ഒരു സാമൂഹ്യവ്യവസ്ഥ നിലനിന്നിരുന്നു. പക്ഷെ അത് ഇന്നത്തെപോലെ ദൃശ്യമായിരുന്നില്ല. ഇത്തരമൊരു വ്യവസ്ഥയിലേക്കുള്ള പരിണാമം നമ്മുടെ ബോധമണ്ഡലത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. അധ്യാപകവിദ്യാർഥീ ബന്ധങ്ങളിലും എന്താണ് വിദ്യാഭ്യാസം എന്ന സങ്കൽപത്തിലുമെല്ലാം അത് സ്‌പഷ്ടമാണ്. ഈ  മാറ്റങ്ങളുടെയെല്ലാം അടിസ്ഥാനം പ്രധാനമായും രണ്ടു കാര്യങ്ങളാണ്. ഒന്ന്, ജോലിക്ക് വേണ്ടിയാണ് വിദ്യാഭ്യാസം എന്ന കാഴ്ചപ്പാടാണ്. ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലിയിലേക്ക് നയിക്കുന്ന വിദ്യാഭ്യാസരീതികൾ ഏതാണോ അവയെ തെരഞ്ഞെടുക്കുവാനാണ് എല്ലാവർക്കും താൽപര്യം.

ഡോ. എം വി നാരായണൻ

ഡോ. എം വി നാരായണൻ

കേരളത്തിലേക്കു വന്നാൽ, ഒരുകാലത്ത് ചെറുപ്പക്കാരെല്ലാം  എഞ്ചിനീയറിങ്, മെഡിസിൻ എന്നിങ്ങനെയുള്ള പ്രൊഫഷണൽ മേഖലയാണ് തെരഞ്ഞെടുത്തിരുന്നത്. അതിന്റെ ദുരന്തഫലം ഇന്ന് നമ്മൾ അനുഭവിക്കുന്നുണ്ട്. വിഷയത്തെപ്പറ്റി വേണ്ടത്ര ഗ്രാഹ്യമില്ലാത്ത അശിക്ഷിതരായിട്ടുള്ള ധാരാളം എഞ്ചിനീയർമാർ നമുക്കു ചുറ്റുമുണ്ട്. യഥാർഥത്തിൽ പ്രൊഫഷണലിസം/ പ്രൊഫഷണൽ വിദ്യാഭ്യാസം എന്നത് വളരെ കൃത്യമായ ഒരു സാമ്പത്തിക വ്യവസ്ഥയുമായി ബന്ധപ്പെട്ടു നിൽക്കുന്നതാണ്. ഇത് മുതലാളിത്ത വ്യവസ്ഥയുടെ ഒരു പ്രത്യേക ഘട്ടത്തിൽ സംഭവിക്കുന്ന മാറ്റമാണ്. അവിടെ ആളുകൾ പ്രാവീണ്യമുള്ളവരും നൈപുണ്യമുള്ളവരുമാണ്. വികസിച്ചുവരുന്ന സമ്പദ്‌  വ്യവസ്ഥയിൽ ഇന്ന വ്യവസായം ഇന്ന കച്ചവടം എന്നിങ്ങനെ നിങ്ങളെ കൊള്ളിക്കുവാൻ പറ്റും.അതാണല്ലോ പ്രൊഫഷണൽസ്.ഒരർഥത്തിൽ പ്രായോഗികതയുടെ ഒരു സ്വഭാവം നമ്മുടെ വിദ്യാഭ്യാസ രംഗത്ത് വന്നിട്ടുണ്ട്.

അത് ഗുണകരമാണോ എന്നുചോദിച്ചാൽ വലിയൊരളവിൽ ഗുണകരം തന്നെയാണ്. കാരണം ഇന്ത്യ പോലുള്ള രാജ്യത്ത് ജോലി വളരെ പ്രധാനമാണ്. ജീവിതസന്ധാരണം സാധ്യമാവുക എന്നതും പ്രധാനപ്പെട്ടതാണ്. പക്ഷേ അതിനൊരു മറുവശമുണ്ട്, ആ മറുവശം പലപ്പോഴും ഉണ്ടാവുന്നത് ഫങ്ഷണൽ രീതിയുടെ അടിസ്ഥാനത്തിലാണ്. ഈ സമീപനത്തിൽ നിങ്ങൾ ഒരു വ്യക്തി എന്നുള്ള നിലയ്‌ക്ക്‌, ഒരു സാമൂഹികജീവി എന്ന നിലയ്‌ക്ക്, ഒരു പൗരനെന്ന നിലയ്‌ക്ക്‌, ഒരു സമൂഹത്തിൽ പങ്കാളിയാവേണ്ടുന്ന, സമൂഹത്തിൽ ഇടപെടാൻ കെൽപ്പുള്ള ഒരു സബ്ജക്ട് എന്ന നിലയ്‌ക്ക് ആളുകളെ തയ്യാറെടുപ്പിക്കുന്നതിൽ ഉന്നതവിദ്യാഭ്യാസം  വലിയ പങ്കുവഹിക്കുന്നുണ്ട്.

വ്യക്തിയുടെ ജീവിതസന്ധാരണം എന്നതിലുപരി വിദ്യാഭ്യാസത്തിന് സാമൂഹികമായ ചുമതലകളും കടമകളുമുണ്ട്. വ്യക്തികളെ പാകപ്പെടുത്തിയെടുക്കുകയാണ്  വിദ്യാഭ്യാസം ചെയ്യുന്നത്. അതിനുവേണ്ട ധാരണകളും വ്യവസ്ഥകളും രൂപപ്പെടുത്തിയെടുക്കുന്നതിൽ  ഉന്നതവിദ്യാഭ്യാസം വളരെ പിന്നോട്ടുപോയിട്ടുണ്ട്. മറ്റൊരു പ്രധാനപ്പെട്ട വസ്തുത, വിദ്യാഭ്യാസമേഖല വലിയ രീതിയിൽ കച്ചവടവൽക്കരിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്‌. നേരത്തെ സൂചിപ്പിച്ച മുതലാളിത്ത വ്യവസ്ഥയുടെ തുടർച്ച തന്നെയാണ് ഇതും. കച്ചവടവൽക്കരിക്കപ്പെടുക എന്നു പറഞ്ഞാൽ കച്ചവടത്തിനും വ്യവസായത്തിനും അനുസൃതമായ പഠനമേഖലകൾ വികസിപ്പിക്കുക, അതിനുതക്ക പരിശീലനം നൽകുക എന്നാണ് ഉദ്ദേശിക്കുന്നത്.

വികസിതമായ മുതലാളിത്തരാജ്യങ്ങളിൽ മിക്ക സർവകലാശാലകളും സ്വകാര്യ മേഖലയ്‌ക്ക്‌ കീഴിലാണ്. പക്ഷേ ഇത്തരം സർവകലാശാലകളുടെ സ്വഭാവം പരിശോധിച്ചാൽ അവ ലാഭമുണ്ടാക്കാനുള്ള കച്ചവടസ്ഥാപനങ്ങൾ എന്ന നിലയ്‌ക്കല്ല പ്രവർത്തിക്കുന്നത്. ഫിലാന്ത്രോപ്പിക് ആയി പൊതുതാൽപര്യത്തിന്റെ മൂല്യങ്ങൾ നിലനിർത്തിക്കൊണ്ട് കുറേപ്പേർ ചേർന്ന് മൂലധനമുണ്ടാക്കി ഒരു സർവകലാശാല സ്ഥാപിക്കാം എന്ന നിലയ്‌ക്കാണ് അവ സ്ഥാപിക്കപ്പെടുന്നത്. അത് ഒരുപക്ഷേ മുതലാളിത്തത്തിന്റെ തുടർച്ചയായിരിക്കാം. ഒരുപക്ഷേ റബ്ബർ വ്യവസായം വാഹന വ്യവസായം പോലുള്ളവയിൽ നിന്ന്    കിട്ടുന്ന ലാഭം കൊണ്ടായിരിക്കാം അത് ചെയ്യുന്നത്. ഗവേഷണത്തിന്റെ കാര്യത്തിലെല്ലാം അങ്ങനെയാണ് ചെയ്യുന്നത്. പക്ഷേ അപ്പോഴും സർവകലാശാല / വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ലാഭമുണ്ടാക്കുക എന്നതല്ല അവർ ഉദ്ദേശിക്കുന്നത്.

ലാഭമുണ്ടാക്കുക എന്ന കാഴ്‌ചപ്പാട് വരുന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഘടന തന്നെ മാറുന്നുണ്ട്. മാത്രമല്ല അക്കാദമികമായ  തലങ്ങൾ തൊട്ട് ആര് പഠിപ്പിക്കുന്നു? എന്ത് പഠിപ്പിക്കുന്നു? ഏതു തരം വിഷയമാണ് പഠിപ്പിക്കുന്നത്? ഏതു രീതിയിലാണ് പഠിപ്പിക്കുന്നത്? കുട്ടികളുടെ ഫീസ് എങ്ങനെയാണ് നിർണയിക്കപ്പെടുന്നത്? എന്നിവയിലെല്ലാം മാറ്റം സംഭവിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം ഒരു വ്യക്തിയെ സാമൂഹ്യജീവിയാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് പലപ്പോഴും നമ്മൾ കാണുന്ന മാത്സര്യങ്ങളുണ്ടാകുന്നത്. മത്സരബുദ്ധി വേണ്ട എന്നല്ല പറയുന്നത്, പക്ഷേ അത് അങ്ങേയറ്റമെത്തുമ്പോൾ കുട്ടികളിലും അധ്യാപകരിലും മാതാപിതാക്കളിലുമെല്ലാം വലിയ സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഒന്നാം റാങ്കുണ്ടോ? രണ്ടാം റാങ്കുണ്ടോ? എന്നിങ്ങനെയുള്ള  ചോദ്യങ്ങൾ കുട്ടികൾ നിരന്തരം നേരിടേണ്ടിവരുന്നുണ്ട്.

മഹാരാജാസ്‌ കോളേജ്‌

മഹാരാജാസ്‌ കോളേജ്‌

വ്യക്തിവികാസം എന്നതിൽ നിന്നു മാറി   തന്നിലേക്കുതന്നെ ചുരുങ്ങുന്ന, മറ്റെല്ലാവരെയും ശത്രുക്കളായി കാണുന്ന, തൊട്ടടുത്തിരിക്കുന്നയാളുടെ ഉത്തരം തെറ്റിക്കാൻ ശ്രമിക്കുന്ന രീതിയിലുള്ള, തികച്ചും സാമൂഹ്യവിരുദ്ധമായ കാഴ്ചപ്പാടാണ് പലപ്പോഴും വിദ്യാഭ്യാസം മുന്നോട്ടുവെക്കുന്നത്. ഇത് വിദ്യാർഥികളുടെ പ്രശ്നമല്ല. വ്യവസ്ഥ മാറുന്നതിന്റെ ഭാഗമാണ്. അധ്യാപകരുടെയിടയിലും ഈ മത്സരബുദ്ധി കാണാം. ആരോഗ്യകരമായ മത്സരങ്ങൾ നല്ലതാണ്. പക്ഷേ പലപ്പോഴും അനാരോഗ്യകരമായ രീതികളിലേക്ക് അത് മാറുകയാണ്.

?  പഠിക്കുന്ന കാലത്ത് ഇത്തരം മത്സരങ്ങളുണ്ടായിരുന്നെങ്കിലും ഇന്നത്തെപ്പോലെ രൂക്ഷമായിരുന്നില്ല അന്നത്തെ കാലം എന്ന് സൂചിപ്പിച്ചുവല്ലോ.മാഷ് മഹാരാജാസിലാണല്ലോ പഠിച്ചത്. ഒരു വിദ്യാർഥിയെന്ന നിലയിൽ ആ കാലത്തെ അധ്യാപന സമ്പ്രദായങ്ങളും ക്യാമ്പസിന്റെ അന്തരീക്ഷവുമെല്ലാം മാഷെ ഒരു സാമൂഹ്യ ജീവിയാക്കി മാറ്റുന്നതിൽ എത്രത്തോളം  പങ്കുവഹിച്ചിട്ടുണ്ട്.

=  സമഗ്രമായ ഒരു വിദ്യാഭ്യാസ സാഹചര്യം മഹാരാജാസിലുണ്ടായിരുന്നു. വാസ്തവത്തിൽ മൂന്നുവർഷം മാത്രമേ അവിടെ പഠിച്ചിട്ടുള്ളൂ. പക്ഷേ ആ മൂന്നു വർഷങ്ങൾ എന്നെ ഞാനാക്കിയ മൂന്നു വർഷങ്ങളാണ്. അതിനുമുമ്പ് സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് വായിക്കുവാനും ലൈബ്രറി ഉപയോഗപ്പെടുത്താനും മറ്റും അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അതൊന്നും നിഷേധിക്കുകയല്ല. പക്ഷേ മഹാരാജാസിലെ പഠനകാലം പ്രത്യേകരീതിയിലുള്ള ഒരു അനുഭവമായിരുന്നു. അതിനു പ്രധാനകാരണം വളരെ പ്രഗത്ഭരായ അധ്യാപകർ അന്ന് മഹാരാജാസിലുണ്ടായിരുന്നു. ടി കെ ബാലകൃഷ്ണൻ, ടി ആർ, രാധാമണി ടീച്ചർ എന്നിവർ ഇംഗ്ലീഷ് വിഭാഗത്തിലുണ്ടായിരുന്നു. അതേസമയം മലയാളത്തിൽ ലീലാവതി ടീച്ചറും

എം കെ സാനു

എം കെ സാനു

സാനുമാഷുമെല്ലാം ഉണ്ടായിരുന്നു. അപ്പോൾ അധ്യാപന രംഗത്ത് വലിയ വിദഗ്ധരുണ്ടായിരുന്നു. ക്ലാസ്‌ എന്നത് വളരെ ചിട്ടയോടെ പത്തുമണിക്ക് തുടങ്ങുക ഇത്ര മണിക്ക് അവസാനിക്കുക ഇതൊന്നുമായിരുന്നില്ല അന്നത്തെ രീതി.

എനിക്കിപ്പോഴും ഓർമയുണ്ട് ടി ആർ ഉച്ചയ്‌ക്കുശേഷം രണ്ട് മണി മുതൽ നാല് മണി വരെ ഷേക്‌സ്‌പിയറെപ്പറ്റി ക്ലാസെടുക്കും. അന്നു പഠിപ്പിച്ചത് ഇന്നും ഓർമയിലുണ്ട്. നാലുമണിവരെ തുടർച്ചയായാണ് ക്ലാസെടുക്കുക. പക്ഷേ ഒരു ജ്ഞാന വ്യവഹാരത്തിന്റെ  സംസ്‌കാരം അവിടെ നിലനിന്നിരുന്നു. ഇതുപോലെതന്നെ ഒരു സംസ്‌കാരം വിദ്യാർഥികളുടെയിടയിലും  നിലനിന്നിരുന്നു. നിരവധി എഴുത്തുകാരും കലാകാരന്മാരുമുണ്ടായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടും അയ്യപ്പനും അനിയനും രമേശ് വർമയുമെല്ലാം എഴുത്തുകളിലൂടെ  ക്യാംപസിൽ സജീവമായിരുന്നു. ഒരു നിലയ്‌ക്ക്‌ പറഞ്ഞാൽ, വളരെ സജീവവും സൃഷ്ടിപരവുമായ ബൗദ്ധികമണ്ഡലം മഹാരാജാസിലുണ്ടായിരുന്നു. അതോടൊപ്പം തന്നെ വളരെ ശക്തമായ ജനാധിപത്യപരമായ രാഷ്ട്രീയ പാരമ്പര്യവും അന്നുണ്ടായിരുന്നു. പി ടി തോമസ് അന്ന് മഹാരാജാസിലുണ്ടായിരുന്നു. വലിയ തരത്തിൽ രാഷ്ട്രീയ സംവാദങ്ങൾ അവിടെ നടന്നിരുന്നു.

ഇലക്‌ഷനു മുമ്പുള്ള ‘മീറ്റ് ദ കാൻഡിഡേറ്റ്' പോലുള്ള പരിപാടികൾ വലിയ ഉത്സവമായിരുന്നു. അങ്ങോട്ടുമിങ്ങോട്ടുമുള്ള ചോദ്യശരങ്ങളും ഉത്തരങ്ങളും കൂടിച്ചേർന്ന് ഗംഭീരമായ രീതിയിൽ പ്രഭാഷണങ്ങൾ നടന്നിരുന്നു. മനുഷ്യരെ ചിന്തിപ്പിക്കാനും വലിയ സൗഹൃദങ്ങൾ രൂപപ്പെടുത്തിയെടുക്കാനുമുള്ള  സാഹചര്യം അന്നുണ്ടായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ മനസ്സിലാവുന്നത്, വലിയ ശമ്പളമുള്ള ജോലിയെ ലക്ഷ്യം വെച്ചായിരുന്നില്ല ഞാനും എന്റെ  സുഹൃത്തുക്കളും അന്ന് പ്രവർത്തിച്ചിരുന്നത്. ഏതോ ഒരു നിലയ്‌ക്ക്‌ ക്യാംപസിലെ പൊതു അന്തരീക്ഷത്തിൽ ഞങ്ങൾ ഇമ്മേഴ്സ്ഡ് ആയി. ഒഴിവുസമയങ്ങളിലെ പ്രധാന ചർച്ച മാതൃഭൂമിയിൽ വന്ന ഒരു കവിതയെപ്പറ്റിയായിരിക്കും  അല്ലെങ്കിൽ ഹൃദയകുമാരി ടീച്ചർ ആഴ്സ് പോയറ്റിക്കയെപ്പറ്റി സിലബസിന്‌ പുറത്തുനിന്നുകൊണ്ട് സംസാരിക്കുന്നതാവാം. അതിൽ എല്ലാ  വിദ്യാർഥികളുമുണ്ടാവും. അപ്പോൾ എന്താണ് മഹാരാജാസിൽ നടന്നിരുന്നതെന്ന് ചോദിച്ചാൽ,

, അടൂർ

, അടൂർ

നമ്മളറിയാതെ തന്നെ പല രീതിയിൽ നമ്മളെ സമ്പന്നമാക്കുന്ന  ഒരു സംവിധാനം അവിടെയുണ്ടായിരുന്നു. ആസ്വദിച്ചുകൊണ്ട് രസപ്രധാനമായി, ഒരു ജോലിയായി കാണാതെയാണ് ഓരോന്നും ചെയ്തിരുന്നത്.

പരീക്ഷകളെല്ലാം അതാത് സമയങ്ങളിൽ നടക്കും. അത് എഴുതും. എന്നതിൽ കവിഞ്ഞ് റാങ്ക് ലക്ഷ്യം വെച്ചുകൊണ്ട് മത്സരബുദ്ധിയോടെ പഠിച്ച അനുഭവം എന്റെയും സുഹൃത്തുക്കളുടെയും ജീവിതത്തിലുണ്ടായിട്ടില്ല. വളരെ വ്യത്യസ്തമായ ആളുകളുമായി സംസാരിക്കാനും (ഉദാഹരണം: വൈലോപ്പിള്ളി, അടൂർ ഗോപാലകൃഷ്ണൻ, കല്യാണികുട്ടിയമ്മ) പല പല മേഖലകൾ പരിചയപ്പെടാനും അവസരം ലഭിച്ചിരുന്നു. എല്ലാ ചർച്ചകളും പൂർണമായി നമുക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. വൈലോപ്പിള്ളി വന്ന് കവിതയെപ്പറ്റി സംസാരിക്കുമ്പോൾ അത് പൂർണമായും മനസ്സിലായിരുന്നു എന്ന അവകാശവാദമൊന്നുമില്ല.

കല്യാണിക്കുട്ടിയമ്മ

കല്യാണിക്കുട്ടിയമ്മ

പക്ഷേ അതിനുള്ള  ഇടം അന്ന് മഹാരാജാസിലുണ്ടായിരുന്നു. അത് യൂണിവേഴ്സിറ്റി കോളേജിലും മറ്റു പലയിടത്തും അന്നുണ്ടായിരുന്നു. അതുപോലെതന്നെ പ്രധാനപ്പെട്ട ഒന്നാണ് മാഗസിനുകൾ. രാഷ്ട്രീയമായി ഇടപെടുന്നവയായിരുന്നു ഈ മാഗസിനുകളെല്ലാം. എനിക്കിപ്പോഴും ഓർമയുണ്ട്, ഫാസിസത്തെപ്പറ്റി വളരെ വിശദമായ പഠനത്തോടെ ഒരു മാസിക അന്ന് മഹാരാജാസിലുണ്ടായിരുന്നു. അതിൽ ‘അമേരിക്കക്കവിതയിലെ പുതുനാമ്പുകൾ' എന്ന എന്റെ  ഒരു ലേഖനവുമുണ്ടായിരുന്നു. ആ മാസികയിൽ ഫീച്ചറായിട്ട് വന്നത് ഫാസിസം എന്താണ്? എന്നതായിരുന്നു.

?  മാഷ് പറഞ്ഞതിനെ ഹെബർമാസിന്റെ സിസ്റ്റം, ലൈഫ് വേൾഡ് എന്നീ സങ്കല്പങ്ങളുമായി ബന്ധിപ്പിക്കാമെന്ന് തോന്നുന്നു. മാഷുടെ വിദ്യാഭ്യാസ കാലത്ത് മഹാരാജാസ് കോളേജിൽ സിസ്റ്റത്തിന് പുറത്തുള്ള ഒരു ലൈഫ് വേൾഡ് ഉണ്ടായിരുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

വൈലോപ്പിള്ളി

വൈലോപ്പിള്ളി

എന്നാൽ അതേസമയം നമുക്ക് സിസ്റ്റത്തെ മാറ്റിനിർത്താൻ കഴിയില്ല. മാഷ് ആദ്യം സൂചിപ്പിച്ച കാര്യങ്ങളെല്ലാം സിസ്റ്റത്തിനകത്തുവരുന്ന മാറ്റങ്ങളാണ്. അത്തരം മാറ്റങ്ങൾ ലൈഫ് വേൾഡിനെ  അസാധ്യമാക്കുന്ന തരത്തിലേക്ക് വരുന്നുവെന്നാണ് മാഷ് സൂചിപ്പിച്ചത്. എങ്കിലും സംസാരത്തിനകത്ത് മാഷ് ജനാധിപത്യത്തെക്കുറിച്ചും പറയുകയുണ്ടായി. സിസ്റ്റം എത്രമാത്രം സിസ്റ്റമിക്കാണെങ്കിലും അതിനകത്തു നമുക്ക് നിലനിന്നുപോകാൻ കഴിയുന്നത് ജനാധിപത്യമുള്ളതുകൊണ്ടാണല്ലോ. ആ ജനാധിപത്യ സങ്കൽപം  വാസ്തവത്തിൽ നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിനകത്ത് സർവകലാശാല പോലുള്ള സ്ഥാപനങ്ങൾക്കകത്ത് എത്രമാത്രം നിലനിൽക്കുന്നുണ്ട്.

=  അതേപ്പറ്റി പറയുകയാണെങ്കിൽ, മഹാരാജാസിലെ ജനാധിപത്യ സങ്കല്പം കേവലം പ്രതിനിധീകരണവുമായി ബന്ധപ്പെട്ടതായിരുന്നില്ല. അത് അതിനപ്പുറം പോകുന്ന വിമർശനപരമായ സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ്. യഥാർഥത്തിൽ ജനാധിപത്യത്തിന്റെ  അടിസ്ഥാനം അതാണ്. അധികാരമാവട്ടെ, ഹെജിമോണിക്  ആയിട്ടുള്ള ധാരകളാവട്ടെ, പാരമ്പര്യമായി സംശയലേശമെന്യേ അംഗീകരിക്കപ്പെട്ട എന്തിനെയും വിമർശനബുദ്ധിയോടെ നോക്കിക്കാണുന്ന ഒരു സംസ്‌കാരമുണ്ടായിരുന്നു. അത് ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമീപനമാണ്. അത് അവിടെയുണ്ടായിരുന്നു. എനിക്ക് തോന്നുന്നത് ഇത്തരമൊരു സംസ്‌കാരമാണ് സർവകലാശാലകളെയും ഗവേഷണ സ്ഥാപനങ്ങളെയും അവയാക്കിത്തീർക്കുന്നത്. നിങ്ങൾ ജ്ഞാനം പ്രസരിപ്പിക്കാനുള്ള മാധ്യമം മാത്രമല്ല. അറിവ് ഉൽപ്പാദിപ്പിക്കുക കൂടി വേണം.

അങ്ങനെ വന്നാൽ നിലനിൽക്കുന്ന അറിവുമായി സംഘർഷത്തിൽ ഏർപ്പെട്ടുകൊണ്ടുമാത്രമേ നിങ്ങൾക്ക് അത് സാധ്യമാകൂ. ആ സംഘർഷത്തിൽ നിങ്ങൾക്ക് ഭയമോ സംശയമോ കൂടാതെ ചോദ്യങ്ങൾ ചോദിക്കാനുള്ള ഒരു അന്തരീക്ഷമുണ്ടാവും. അനിൽ പറഞ്ഞ സിസ്റ്റത്തിന്റെയും ലൈഫ് വേൾഡിന്റെയും കാര്യം പറയുമ്പോൾ അവിടെയൊരു വൈരുദ്ധ്യം നിലനിൽക്കുന്നുണ്ട്. അന്നത്തെ  ലൈഫ് വേൾഡിൽ ഇത്തരമൊരു ജനാധിപത്യബോധം പ്രധാനമായും പുറത്തുവന്നത് മുകളിൽ സൂചിപ്പിച്ച തരത്തിലുള്ള വിമർശനബുദ്ധിയിലൂടെയാണ്. ചോദ്യം ചോദിക്കുന്നതിലൂടെയാണ്. അത് ഗവേഷണത്തിന്റെ തലത്തിൽ മാത്രമല്ല അധ്യാപനത്തിലുമുണ്ട്. വിദ്യാർഥികളോട് നിങ്ങൾ ചോദ്യങ്ങൾ ചോദിച്ചോളൂ എന്നു പറയുമ്പോൾ ചോദിക്കുന്ന ചോദ്യങ്ങളല്ല. ഉള്ളിൽ നിന്നുവരുന്ന ചോദ്യങ്ങളുടെ ഒരു സ്വഭാവം ഉണ്ടായിരുന്നു. ഇതിന്റെയൊരു തുടർച്ച തന്നെയാണ് അധ്യാപക‐വിദ്യാർഥി ബന്ധങ്ങളെയും രൂപപ്പെടുത്തുന്നത്. അവിടെ എത്തുമ്പോൾ മാറ്റങ്ങളുണ്ടാകുന്നുണ്ട്.പക്ഷേ ഗവേർണൻസ് എടുക്കുമ്പോൾ സർവകലാശാലകളിലെ ഭരണത്തിന്റെയൊക്കെ ഘട്ടത്തിലേക്കെത്തുമ്പോൾ സർവകലാശാലകളിൽ നമ്മൾ കാണുന്നത് പ്രതിനിധാനാത്മക ജനാധിപത്യമാണ്.

മഹാരാജാസ്‌ കോളേജ്‌

മഹാരാജാസ്‌ കോളേജ്‌

പ്രതിനിധാനാത്മകം എന്നുപറഞ്ഞാൽ വിദ്യാർഥികളുടേയോ അധ്യാപകരുടേയോ പൊതുസമൂഹത്തിലെ മറ്റു മേഖലകളിൽ നിന്നുള്ളവരുടേയോ പ്രാതിനിധ്യമാണ്. പക്ഷേ ഈ പ്രാതിനിധ്യം കൊണ്ടുമാത്രം ജനാധിപത്യം ഉണ്ടാവുകയില്ല എന്നുപറയുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്നത്തെ സർവകലാശാലകളുടെ സ്ഥിതി. എന്തിനാണ് സർവകലാശാല? എന്ത് ഉൽപ്പാദിപ്പിക്കാനാണ് സർവകലാശാല? അവയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെന്ത്? എന്ന്  കൃത്യമായി അറിയുന്നതും എന്നിട്ട് ആ ഇരിക്കുന്ന ഇരിപ്പിടത്തെത്തന്നെ സംശയത്തോടുകൂടി നോക്കുന്നതുമായ ഒരവസ്ഥയുണ്ട്. അത്തരത്തിലുള്ള ആളുകൾ സർവകലാശാലകളിൽ വളരെ ചുരുക്കമാണ്. മഹാരാജാസ് കോളേജിൽ ഭരതൻ മാഷ് എന്ന പ്രിൻസിപ്പലുണ്ടായിരുന്നു. അദ്ദേഹം നോൺ കൺഫോമിസ്റ്റ്  ആയ ഒരാളാണ്. ചെരിപ്പിടില്ല. അഞ്ച് എംഎ ഒക്കെയുണ്ട്. പഠിപ്പിക്കലാണ് ജോലി. ഒരു വിദ്യാർഥിയോടും അധ്യാപകനോടും പ്യൂണിനോടും  യാതൊരുവിധ വേർതിരിവുമില്ല.

പിള്ളേർക്കൊപ്പം  മുദ്രാവാക്യം വിളിക്കാൻ തയ്യാറാവുന്ന, അതേസമയം കുട്ടികൾക്ക് അത്രയധികം ബഹുമാനമുള്ള ഒരു പ്രിൻസിപ്പലായിരുന്നു. പല ആൾക്കാരും അദ്ദേഹത്തിന് ഭ്രാന്തുണ്ടോ എന്ന്  കളിയാക്കിയിരുന്നു. അദ്ദേഹത്തിന് വ്യവസ്ഥയ്‌ക്കകത്തു നിൽക്കുന്ന ജനാധിപത്യത്തെക്കുറിച്ച് അത്രമേൽ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ജനാധിപത്യത്തിൽ ജീവിക്കുകയായിരുന്നു. അങ്ങനെയൊരു ഭരതൻ മാഷ് അന്ന് സാധ്യമാണെങ്കിൽ ഇന്ന് അങ്ങനെയൊരു ആൾ സാധ്യമല്ല. ഗവേർണൻസിന്റെ കാര്യം നോക്കുകയാണെങ്കിൽ, ഇന്ന് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് കുറേ നിയമാവലികളാണ്. ഈ നിയമാവലികൾ എന്ത്? എന്തിന്? എന്ന് ചോദിക്കാനുള്ള കെൽപ്പ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഈ നിയമാവലികൾക്കകത്ത് അതിന്റെ കെട്ടുപാടുകളിൽപ്പെട്ട്  അത് വ്യാഖ്യാനിക്കുന്ന ആളുകളാണ് കേമന്മാർ എന്നാണ്  പൊതുധാരണ. മറിച്ച് ഈ നിയമാവലികൾക്കപ്പുറം പോകുന്ന വേറൊരു സമയമുണ്ടോ എന്ന് ചോദിക്കാനുഉള്ള കെൽപ്പ് പോലും അധ്യാപകർക്ക് നഷ്ടമാവുകയാണ്.

ഡോ. എം വി നാരായണൻ, ടി ഡി രാമകൃഷ്‌ണൻ, ആനന്ദ്‌ -      ഫോട്ടോ: ഹക്‌സർ ആർ കെ

ഡോ. എം വി നാരായണൻ, ടി ഡി രാമകൃഷ്‌ണൻ, ആനന്ദ്‌ - ഫോട്ടോ: ഹക്‌സർ ആർ കെ

വിദ്യാർഥികളിൽ അത് പല രീതിയിൽ നിലനിൽക്കുകയും ചെയ്യുന്നുണ്ട്. എന്താണ് ഈ നിയമാവലികൾ എന്ന് ചോദിച്ചാൽ അവ എല്ലായ്‌പ്പോഴും ഒരു പ്രീഡിറ്റർമിനന്റ്  സാധ്യതയാണ്. ആ നിയമാവലിയിലെ നിയമങ്ങൾ ആവശ്യമുള്ളവയാണ്. പക്ഷേ അവയിലെ നിയമങ്ങൾ എപ്പോഴെങ്കിലും മാറേണ്ടവയും. സവിശേഷമായ സാഹചര്യത്തിൽ ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. അതിനുപകരം ഇത് ബാലികേറാമലയായി കാണുകയും അതിന് അടിപ്പെട്ടുകൊണ്ട് കുറേയാളുകൾ ജീവിതം  എങ്ങനെയെങ്കിലുമൊക്കെ കഴിച്ചുകൂട്ടുകയാണ് ചെയ്യുന്നത്.

ഇന്ന് കോളേജുകളിലും സർവകലാശാലകളിലുമുള്ള അധ്യാപകരും വിദ്യാർഥികളും എത്രമാത്രം സന്തുഷ്ടരാണ്? എത്ര പേർ സംതൃപ്തരാണ്? എനിക്ക് ചെയ്യാൻ താല്പര്യമുള്ള ജോലി, എനിക്കിഷ്ടമുള്ള ജോലി, എനിക്ക് ചെയ്യാൻ കഴിയും ഇതാണ് ഞാൻ ചെയ്യേണ്ടത് എന്ന സംതൃപ്തിയോടു കൂടി ജോലിചെയ്യുന്നവർ എത്രപേർ ഈ മേഖലയിലുണ്ട്.

ഇന്ന് കോളേജുകളിലും സർവകലാശാലകളിലുമുള്ള അധ്യാപകരും വിദ്യാർഥികളും എത്രമാത്രം സന്തുഷ്ടരാണ്? എത്രപേർ സംതൃപ്തരാണ്?എനിക്ക് ചെയ്യാൻ താല്പര്യമുള്ള ജോലി, എനിക്കിഷ്ടമുള്ള ജോലി, എനിക്ക് ചെയ്യാൻ കഴിയും, ഇതാണ് ഞാൻ ചെയ്യേണ്ടത് എന്ന സംതൃപ്തിയോടു കൂടി ജോലിചെയ്യുന്നവർ എത്രപേർ ഈ മേഖലയിലുണ്ട്. ഇത് വളരെ വഴക്കമില്ലാത്തതും മനുഷ്യത്വമില്ലാത്തതുമായ ഒരു ഘടനയായി മാറുകയാണ്. യാന്ത്രികമായ കുറേ കാര്യങ്ങളാണ് എല്ലാവരും ചെയ്തുകൊണ്ടിരിക്കുന്നത്.

?  ക്രിട്ടിക്കൽ സെൻസോട്‌ കൂടിയുള്ള ജനാധിപത്യത്തിന്റെ പ്രാക്ടീസിനെപ്പറ്റിയും പ്രാതിനിധ്യപരമായ കേവലജനാധിപത്യത്തെപ്പറ്റിയും മാഷ് സൂചിപ്പിച്ചല്ലോ. സമകാലത്തു നിന്ന്  നോക്കുമ്പോൾ കൂടുതൽ യാന്ത്രികമായി ജനാധിപത്യത്തെ കാണുന്ന ഒരു രീതിയിലേക്ക് സർവകലാശാലകൾ മാറുന്നു എന്ന് മാഷ് പറയുകയുണ്ടായി. അത്തരമൊരു മാറ്റം വാസ്തവത്തിൽ സർവ്വകലാശാലയുടെ ഭരണക്രമത്തെയോ അതിന്റെ സംവിധാനങ്ങളെയോ മാത്രമല്ല അതിന്റെ അക്കാദമിക സംസ്‌കാരത്തെത്തന്നെ ആഴത്തിൽ സ്വാധീനിക്കുന്നു.‘Elephant  in the room' എന്ന ഒരു രൂപകം മാഷ്‌ ഒരിക്കൽ ഉപയോഗിച്ചത്‌ കേട്ടിട്ടുണ്ട്‌. ജനാധിപത്യത്തെ തകർക്കുന്ന ഒരു വലിയ ആന നമ്മുടെ ആവാസവ്യവസ്ഥയിലുണ്ടെങ്കിലും നാം അതിനെ കാണാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നു. ഇക്കാര്യം വിശദീകരിക്കാമോ.

=  ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം  ബർട്രാൻഡ് റസ്സൽ പറഞ്ഞിട്ടുണ്ട്,

ബർട്രാൻഡ് റസ്സൽ

ബർട്രാൻഡ് റസ്സൽ

‘The most important element in democracy is the minority.’ഭൂരിപക്ഷമാണ് ജനാധിപത്യം എന്നുപറയുമ്പോൾ അത് ഇലക്ട്രൽ ജനാധിപത്യമാണ്. ഇലക്ട്രൽ ജനാധിപത്യത്തിൽ സർക്കാരുകൾ രൂപീകരിക്കുക ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. പക്ഷേ  ജനാധിപത്യം എന്നു പറയുന്ന  ഒരു ജീവിതമാർഗം അതിനകത്തുണ്ട്. അത് പരിശോധിക്കുമ്പോൾ രാഷ്ട്രീയ ജീവിതത്തിനകത്തു മാത്രമല്ല ഇന്റർപേഴ്സണൽ, അതായത് വ്യക്തികൾ തമ്മിലുള്ള ജീവിതത്തിനകത്തും ജനാധിപത്യത്തിന്റെ പ്രവർത്തനമുണ്ട്. ആ ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം പ്രതിപക്ഷമാണ്. ഭരണപക്ഷമല്ല. കാരണം പ്രതിപക്ഷത്തുനിന്നാണ് വിമർശനങ്ങളുണ്ടാവുന്നത്. പ്രതിപക്ഷത്തിന്റെ ജോലി തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും എന്താണ് കുഴപ്പമെന്ന് കണ്ടെത്തുകയുമാണ്.

ആ കണ്ടെത്തലുകളിൽക്കൂടിയുണ്ടാവുന്ന സംവാദങ്ങളിലൂടെയാണ് ജനാധിപത്യം മുന്നോട്ടുപോകുന്നത്. നേർരേഖയിലൂടെയല്ല അത് പോകുന്നത്. ജനാധിപത്യം ഒട്ടും കാര്യക്ഷമമല്ലെന്ന് സൂചിപ്പിച്ചല്ലോ. ശരിയാണ്.  പക്ഷേ ‘That inefficiency is the cost we have to pay to the human’ മനുഷ്യനായിട്ടും ജനാധിപത്യപരമായിട്ടും ജീവിക്കുന്നതിൽ ഈ പ്രാപ്തിക്കുറവിന്റെ ആവശ്യമുണ്ട്. എനിക്ക് ഒരു കാര്യത്തിൽ തീർച്ചകളുള്ളതുകൊണ്ട് യാതൊരു കാര്യവുമില്ല. നിങ്ങളും ഞാനും കൂടി സംവാദത്തിലേർപ്പെട്ട് എന്റെ  തീർച്ചകൾ മാറ്റപ്പെടുന്ന ഒരു സാഹചര്യത്തിലാണ് ജനാധിപത്യം പ്രയോഗിക്കപ്പെടുന്നത്. അത്തരം  പ്രയോഗത്തിൽ ന്യൂനപക്ഷം വളരെ പ്രധാനമാണ്. ആ  അർഥത്തിൽ ന്യൂനപക്ഷമാണ് പ്രതിപക്ഷം. അപ്പോൾ പ്രതിപക്ഷവും  ന്യൂനപക്ഷവും ഏറ്റവും പ്രധാനമാകുമ്പോൾ അതിനെ അംഗീകരിച്ചുകൊണ്ട് ജനാധിപത്യവ്യവസ്ഥയുടെ ഹൃദയഭാഗത്തു തന്നെ അതിനെ സ്ഥാനപ്പെടുത്തുമ്പോൾ മാത്രമേ ജനാധിപത്യം യഥാർഥത്തിൽ സാധ്യമാവുന്നുള്ളൂ.

ന്യൂനപക്ഷങ്ങളുടെ, പ്രതിപക്ഷത്തിന്റെ, വലിയ ആൾശേഷിയില്ലാത്ത അല്ലെങ്കിൽ സാമൂഹിക അധികാരം കുറഞ്ഞവരുടെ, മറ്റു പല രീതികളിലും ശ്രേണികളിൽ താഴെ നിൽക്കുന്നവരുടെ സ്വരങ്ങൾ പലപ്പോഴും നഷ്ടപ്പെടുകയാണ്. അല്ലെങ്കിൽ അവർ നിശ്ശബ്ദരാവുകയാണ് ചെയ്യുന്നത്.

 ന്യൂനപക്ഷങ്ങളുടെ, പ്രതിപക്ഷത്തിന്റെ, വലിയ ആൾശേഷിയില്ലാത്ത അല്ലെങ്കിൽ സാമൂഹിക അധികാരം കുറഞ്ഞവരുടെ, മറ്റു പലരീതികളിലും ശ്രേണികളിൽ താഴെ നിൽക്കുന്നവരുടെ സ്വരങ്ങൾ പലപ്പോഴും നഷ്ടപ്പെടുകയാണ്. അല്ലെങ്കിൽ അവർ നിശ്ശബ്ദരാവുകയാണ് ചെയ്യുന്നത്. എവിടെയെല്ലാം അത്തരം സ്വരങ്ങൾ നിശ്ശബ്ദമാക്കപ്പെടുന്നുവോ അവിടെ ജനാധിപത്യം ദുർബലമാകുന്നു. ഇത് ലോകത്തുടനീളം രാഷ്ട്രീയ മേഖലകളിലും ആഗോളമായ രീതിയിൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ട്. മജോറിറ്റേറിയൻ ആയിട്ടുള്ള ഭരണക്രമങ്ങളുടെ പ്രതിഫലനം നമുക്ക് കാണാനാവും. പലപ്പോഴും ഒരു നിലപാട് ഒരു സമീപനം എന്നത് ആ മേഖലയിൽ ഏതുതരത്തിലുള്ള മൂല്യത്തെയാണ് /ഏതു തരത്തിലുള്ള ഗുണത്തെയാണ്  സഹായിക്കുന്നത്  എന്ന ചോദ്യത്തിനപ്പുറം കൂടുതൽ ആളുകളുടെ പിന്തുണയുണ്ടോ എന്ന്  മാത്രമാണ് നോക്കുന്നത്.

യഥാർഥത്തിൽ കൂടുതൽ ആളുകൾ അവരെ  പിന്താങ്ങുന്നുണ്ടോ? അതോ ഒരു മിഥ്യ മാത്രമാണോ? അതോ ഭയം അതിനകത്തുണ്ടോ? ഹെജിമോണിക് ആണോ? എന്നതെല്ലാം  ആലോചിക്കേണ്ടതുണ്ട്. ഈ രീതിയിൽ നോക്കുമ്പോൾ ആഗോള രാഷ്ട്രീയ വ്യവസ്ഥയിൽ നിന്ന് ഒരു സ്‌കൂളിലെ ഭരണക്രമത്തിൽ എത്തുന്നതുവരെയുള്ള വലിയൊരു സ്‌പെക്ട്രമുണ്ട്. പുറന്തോട് ജനാധിപത്യമാകുമ്പോഴും അകക്കാമ്പ് വളരെ ജനാധിപത്യവിരുദ്ധമാവാം. അവിടെയാണ് നേരത്തേ സൂചിപ്പിച്ച നിയമാവലികൾ ചോദ്യം ചെയ്യുന്നതിന്റെ  പ്രസക്തി.

ഡോ. എം വി നാരായണൻ ഒരു പ്രഭാഷണ വേദിയിൽ

ഡോ. എം വി നാരായണൻ ഒരു പ്രഭാഷണ വേദിയിൽ

?  മാഷ് സൂചിപ്പിച്ചതിലെ  പ്രധാന സംഗതി ജനാധിപത്യമാണ്‌. വ്യക്തിപരമായി മാഷെ ഞാൻ കണ്ടിട്ടുള്ളത് ഇന്ത്യ പോലെ ബഹുസ്വരമായ ഒരു രാജ്യത്തിനകത്ത് വിമർശനാത്മകമായ ജനാധിപത്യ സംസ്‌കാരം പുലരുന്നതിനുവേണ്ടി നിൽക്കുന്ന ഒരാളായിട്ടാണ്. ഈ നിലപാട് സ്വീകരിക്കുന്ന നിരവധി ചിന്തകർ ഇന്ന് ഇന്ത്യയിലുണ്ട്.അമർത്യ സെന്നിനെപ്പോലുള്ളവരെല്ലാം താർക്കികപാരമ്പര്യത്തെപ്പറ്റി പറയുന്നുണ്ട്. സർവകലാശാലക്കകത്തു  മാത്രമല്ല, പൊതുസമൂഹത്തിനകത്തും  അത്തരമൊരു  പാരമ്പര്യത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

=  ഞാൻ നേരത്തെ സൂചിപ്പിച്ച ഭൂരിപക്ഷക്രമത്തിന്റെ മജോറിറ്റേറിയൻ ആയിട്ടുള്ള രീതികളെല്ലാം ഒരുരീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ മോട്ടിവേറ്റഡ് ആയിരിക്കും. ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതി അതിൽ അന്തർലീനമായിക്കിടക്കുന്ന സങ്കല്പം എന്നത് അതിന്റെ നീതിയാണ്. ജന+ ആധിപത്യം എന്ന വാക്കിൽത്തന്നെ എനിക്ക് വൈരുധ്യം തോന്നുന്നുണ്ട്. ഡെമോക്രസിയിൽ  ആധിപത്യമില്ല. മറിച്ച് നീതിപൂർവമായ ക്രമത്തിന്‌ വേണ്ടിയുള്ള നിരന്തരപ്രയാണമാണ് ജനാധിപത്യം. ഒരുപക്ഷേ ഒരിക്കലും പൂർണമായി എത്തിച്ചേരാൻ കഴിയാതെ നിരന്തരമായി പരിവർത്തിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രയാണമാണ് ജനാധിപത്യം. മനുഷ്യൻ എന്താണെന്ന് പുനർനിർണയിച്ചുകൊണ്ട് മനുഷ്യന്റെ അവകാശങ്ങളൈയാക്കെ നിരന്തരം വ്യാവഹാരികമായും  പ്രായോഗികമായും സ്ഥാപിക്കുവാൻ ശ്രമിക്കുന്ന ഒരു ആന്തരിക പ്രവർത്തനം ജനാധിപത്യത്തിനകത്തുണ്ട്.

ഇതിന് നേർവിപരീതമാണ് പൊതുസമൂഹത്തിലെ ഭൂരിപക്ഷം. കഴിഞ്ഞ ഒരു നൂറ്റാണ്ടിനകത്ത് മനുഷ്യരെ സംബന്ധിച്ച് ഏറ്റവും പ്രധാനമായി നമ്മൾ ഉണ്ടാക്കിയിട്ടുള്ള അവകാശമാണ്  The right to be different (വ്യത്യസ്തരാവാനുള്ള അവകാശം). ഒന്നിലേക്ക് ചുരുങ്ങാനല്ല, പലതായി മാറാൻ വേണ്ടിയുള്ള അവകാശമാണിത്. പലമയ്‌ക്കാണ് പ്രാധാന്യം.

വ്യക്തിജീവിതത്തിലാണെങ്കിലും ലൈംഗികജീവിതത്തിലാണെങ്കിലും രാഷ്ട്രീയജീവിതത്തിലാണെങ്കിലും മറ്റൊരു വഴിക്ക് പറഞ്ഞാൽ വിശ്വാസങ്ങളുടെ രീതിയിലാണെങ്കിലുമൊക്കെ വ്യത്യസ്തത  നിലനിർത്താനുള്ള അവകാശത്തെ എല്ലാവരും കൂടുതൽ മനസ്സിലാക്കി വരികയാണ്. ആ   മനസ്സിലാക്കി വരലിന്റെ  മറ്റൊരു രൂപമാണ് മനുഷ്യകേന്ദ്രിതമായ യുക്തിയെത്തന്നെ ചോദ്യം ചെയ്യുന്നത്.

വ്യക്തിജീവിതത്തിലാണെങ്കിലും ലൈംഗികജീവിതത്തിലാണെങ്കിലും രാഷ്ട്രീയജീവിതത്തിലാണെങ്കിലും മറ്റൊരു വഴിക്ക് പറഞ്ഞാൽ വിശ്വാസങ്ങളുടെ രീതിയിലാണെങ്കിലുമൊക്കെ വ്യത്യസ്തത നിലനിർത്താനുള്ള അവകാശത്തെ എല്ലാവരും കൂടുതൽ മനസ്സിലാക്കി വരികയാണ്. ആ മനസ്സിലാക്കി വരലിന്റെ മറ്റൊരു രൂപമാണ് മനുഷ്യകേന്ദ്രിതമായ  യുക്തിയെത്തന്നെ ചോദ്യം ചെയ്യുന്നത്. മനുഷ്യേതര ജീവജാലങ്ങൾക്കും അവകാശങ്ങളുണ്ട്.അവയ്‌ക്കും അവയുടേതായ ജൈവനീതിയുണ്ട്. മനുഷ്യരോടൊപ്പം തന്നെ അവയ്‌ക്ക്‌  ഈ ലോകത്ത് നിലനിൽക്കാനുള്ള സ്വത്വാത്മകമായ അവകാശമുണ്ടെന്ന  ബോധത്തിലേക്ക് നമ്മൾ വരുന്നത് ജനാധിപത്യമെന്ന പ്രക്രിയയിലൂടെയാണ്.

ഈ പ്രക്രിയക്ക്‌ വിരുദ്ധമാണ് ജനാധിപത്യം എന്ന വ്യാജേന വരുന്ന ഭൂരിപക്ഷ ശ്രമങ്ങൾ. സംശയലേശമെന്യേ പറഞ്ഞാൽ ഇത്തരം ഭൂരിപക്ഷശ്രമങ്ങളിലൊക്കെ ഒന്നോ അതിലധികമോ അപരരെ സൃഷ്ടിക്കുന്നതു കാണാം. ശത്രുക്കളായും  വിരോധികളായും ഏതോ നിലയ്‌ക്ക്‌ ഭൂരിപക്ഷക്രമം പ്രതിനിധാനം ചെയ്യുന്നു എന്ന് പറയുന്ന ഒരു മൂല്യവ്യവസ്ഥയ്‌ക്ക്‌ ഭീഷണിയായിട്ടുള്ള അപകടകാരികളെന്ന രീതിയിൽ പറയേണ്ടിവരുന്ന കുറച്ച് വിഭാഗം, ആ വിഭാഗങ്ങളുടെ അവകാശങ്ങൾ ഇല്ലാതാകുകയും അവകാശങ്ങളെ അക്രമമായി പ്രതിനിധാനം ചെയ്യുകയുമാണ് ചെയ്യുന്നത്.

സ്ത്രീകൾക്ക് അവകാശമുണ്ടോ ഇല്ലയോ? എന്ന് ചോദിക്കാൻ ഒരുമ്പെടുന്ന ഒരാൾ നാളെ ദളിതരുടെ  അവകാശങ്ങൾ നിഷേധിക്കും. പിന്നീട് കറുത്തവർഗക്കാരുടെ അവകാശങ്ങൾ നിഷേധിക്കും. ചുരുക്കത്തിൽ ഒരു വിഭാഗത്തിന്റെ അവകാശങ്ങളെ ചോദ്യം ചെയ്യുന്ന സന്ദർഭത്തിൽ മറ്റെല്ലാ വിഭാഗങ്ങളെയും ചോദ്യം ചെയ്യാനുള്ള പൊട്ടൻഷ്യൽ  ലഭിക്കുകയാണ് ചെയ്യുന്നത്. ഇന്ന്  പൊതുസമൂഹത്തിൽ കാണുന്ന പ്രധാനപ്പെട്ട പ്രശ്നം വ്യത്യാസങ്ങളെ അംഗീകരിക്കാത്ത, അവ ഏതോ നിലയ്‌ക്ക്‌ അപഭ്രംശങ്ങളാണ് / അപകടങ്ങളാണ്, നിലനിൽക്കുന്ന വ്യവസ്ഥയ്‌ക്ക്‌ ആപത്കരങ്ങളാണെന്ന് പറയുന്ന ബോധം യാതൊരു വിമർശനവുമില്ലാതെ വളരെയധികം ആളുകൾ സ്വാഭാവികവൽക്കരിക്കുന്നുണ്ട് എന്നതാണ്.

ഡോ. എം വി നാരായണൻ  -   ഫോട്ടോ: ബിജു ഇബ്രാഹിം

ഡോ. എം വി നാരായണൻ - ഫോട്ടോ: ബിജു ഇബ്രാഹിം

?  അധ്യാപക ‐ വിദ്യാർഥീ ബന്ധത്തെപ്പറ്റി പറഞ്ഞപ്പോൾ മാഷ് സൂചിപ്പിച്ച ഒരു കാര്യം വിദ്യാർഥികൾ പുതിയ ആശയങ്ങൾ കണ്ടെത്തുന്നവരും പലമയെ കണ്ടെത്തി അതിനെ എസ്റ്റാബ്ലിഷ് ചെയ്യാൻ ശ്രമിക്കുന്നവരും പഠനത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവരും ആണെന്നാണല്ലോ. എന്തൊക്കെപ്പറഞ്ഞാലും നമ്മൾ പഠിക്കുന്ന കാലത്തുനിന്ന് വ്യത്യസ്തമായി പുതിയ കാലത്തെ കുട്ടികളും അവർ കൊണ്ടുവരുന്ന പ്രമേയങ്ങളും പ്രതീക്ഷ നൽകുന്നുവെന്നും  പറഞ്ഞല്ലോ...

=  അധ്യാപകരിൽ മാത്രമല്ല, പ്രായമായിത്തുടങ്ങിയവരിലും തനിക്കുശേഷം പ്രളയം എന്ന ആശയം പൊതുവിൽ കാണാം. എന്റെയൊരു അനുഭവത്തിനകത്തു നിന്നാണ് ഞാനിതു പറയുന്നത്. പിന്നീട് വരുന്നവരൊക്കെ മോശക്കാരാണ്, ഞങ്ങളെപ്പോലെ വിമർശനബുദ്ധിയുള്ളവരല്ല എന്നുപറയുന്ന ഒരു പോപ്പുലർ മിത്ത് ഉണ്ട്. യഥാർഥത്തിൽ ഇതൊരു മിത്ത് മാത്രമാണ്. നമ്മൾ മനസ്സിലാക്കേണ്ട കാര്യം, നമ്മൾ അവലംബിച്ചതല്ലാത്ത രീതിയിലുള്ള പലതരം ജ്ഞാനമാർഗങ്ങൾ ഇന്നത്തെ ചെറുപ്പക്കാർ തിരിച്ചറിയുന്നുണ്ട്. ഒരുപക്ഷേ നമുക്ക് അതിന്റെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാൻ കഴിയാത്തതായിരിക്കാം. പക്ഷേ കാലങ്ങളായി നോക്കുമ്പോൾ ഒരു തലമുറയുടെ തോളത്ത് ചവിട്ടിനിന്ന് അടുത്ത തലമുറ പോകുന്നത് മറ്റൊരു തലത്തിലേക്കാണ്. അത് മാധ്യമങ്ങളാണെങ്കിലും രീതിശാസ്ത്രമാണെങ്കിലും സാങ്കേതികവിദ്യയാണെങ്കിലും അഭിപ്രായങ്ങൾ രൂപീകരിക്കേണ്ട മാർഗങ്ങളാണെങ്കിലും എല്ലാം വ്യത്യസ്തതയുള്ളതാണ്. ഏതാണ് നല്ലത് തുടങ്ങിയ താരതമ്യങ്ങളിലെല്ലാം പ്രശ്നമുണ്ട്.

നമ്മുടെ സോഷ്യൽ ലൈഫ് എന്നുപറയുന്നത് പ്രധാനമായിട്ടും ഇന്റർപേഴ്സണലായും പുസ്തകങ്ങളിലൂടെയുമാണ് രൂപപ്പെടുന്നത്. അത്തരമൊരു സോഷ്യൽ ലൈഫ് അല്ല ഇന്നത്തെ കുട്ടികളുടേത്. സാങ്കേതികവിദ്യയിലൂടെ ധാരാളം ജ്ഞാനമണ്ഡലങ്ങൾ അവർക്ക് ലഭിക്കുന്നുണ്ട്. അതിലൂടെ അവർ ഗൗരവമായി അവരുടേതായ രീതിയിൽ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. പണ്ടുകാലത്ത് ആവിഷ്‌കാരം  എന്നു പറയുന്നത് ഒരു കവിതയെഴുതുകയോ ലേഖനമെഴുതുകയോ ഒക്കെയാണ്. പക്ഷേ ഇന്ന് പല പല രീതിയിലൂടെ അവർക്ക് ആവിഷ്‌കാരം സാധ്യമാണ്. അപ്പോൾ നമ്മൾ ശീലിച്ചുവന്ന രീതികൾ പിന്തുടരുന്നില്ല എന്നതിനാൽ ഇന്നത്തെ ചെറുപ്പക്കാർ മോശക്കാരാണെന്നുള്ള  ധാരണ ശരിയല്ല.എനിക്ക് തോന്നുന്നത് ക്ലാസുകളിൽ കുട്ടികൾ പാഠങ്ങളുമായല്ല സബ്ജക്ടീവ് ആയാണ് ബന്ധപ്പെടുന്നത്. ആ ഒരു സബ്ജക്ടിവിറ്റിക്കു വേണ്ടിയാണവർ ശക്തിയുണ്ടാക്കുന്നത്.

നമ്മുടെ കാലത്ത് സബ്ജക്ടീവ് ആയിട്ടുള്ള കാര്യങ്ങൾ പറയാൻ വൈക്ലബ്യം ഉണ്ടായിരുന്നുവെങ്കിൽ ഇന്ന്  അത് പറയാനുള്ള ശേഷി കുട്ടികൾ കൈവരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു പോസ്റ്റ്മോഡേൺ കവിത വായിക്കുന്ന കുട്ടി അത് കരീബിയനിലെ ഒരാളെഴുതിയ കവിതയാണ് എന്നതിനപ്പുറം അത് തന്നോട്  എങ്ങനെ ബന്ധപ്പെടുന്നുവെന്ന് ആലോചിക്കുന്നുണ്ട്. നമ്മുടേതെന്ന് നാം കരുതുന്ന ഒരു സാമൂഹികതയുടെ വ്യവഹാരമല്ല പുതിയ കുട്ടികളുടേത്. ഇതുവരെ കാണാത്ത മനുഷ്യരുമായുള്ള ബന്ധം കൂടിയാണത്. അതിന്റെ അപകടം നിലനിൽക്കുമ്പോൾ തന്നെ അത് വളരെ പ്രധാനമാണ്. എനിക്ക് തോന്നുന്ന ഒരു കാര്യം ഇന്നത്തെ ചെറുപ്പക്കാർ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് ആലോചിക്കുമ്പോഴാണ്. പ്രതീക്ഷകളാണ് സമ്മർദ്ദമായി മാറുന്നത്.

വിദ്യാഭ്യാസരീതികൾ നോക്കുകയാണെങ്കിൽ പരീക്ഷയാവട്ടെ അസൈൻമെന്റാവട്ടെ ഇവയെല്ലാം സമ്മർദ്ദത്തിന്റെ തോത് വർധിപ്പിക്കുകയാണ്. നിരന്തരം അവർക്ക് സ്വയം തെളിയിക്കേണ്ടതിന്റെ  ആവശ്യകത വരുന്നുണ്ട്. മറ്റൊരു ഭീകരമായ പ്രശ്നം കഴിവുകളെ വേണ്ടരീതിയിൽ അംഗീകരിക്കുന്ന ഒരു വ്യവസ്ഥ വിദ്യാഭ്യാസത്തിനകത്തില്ല എന്നതാണ്. ഈ തരത്തിൽ നമ്മുടെ തലമുറ അനുഭവിച്ചതിന്റെ എത്രയോ മടങ്ങ് സമ്മർദ്ദം ഇന്നുള്ളവർ അനുഭവിക്കുന്നുണ്ട്. പക്ഷേ അവർ ജ്ഞാനം ഉത്പാദിപ്പിക്കാൻ  കെൽപ്പുള്ളവരുമാണ്.

സംസ്‌കാരപഠനത്തിന്റെ ജനനിബിഡമായ ചത്വരങ്ങൾ

സർവകലാശാലകളുടെ അക്കാദമിക് രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന രണ്ടുകാര്യങ്ങളെപ്പറ്റി മാഷ് സൂചിപ്പിക്കുകയുണ്ടായല്ലോ. ഒന്ന്, വ്യവസ്ഥാപര (systemic) മായി അതിനുണ്ടാകുന്ന തകർച്ചയും മറ്റൊന്ന്, പുതിയ തലമുറ ഈ രംഗത്തേക്ക്‌ കൊണ്ടുവരാൻ ശ്രമിക്കുന്ന നവീനചിന്തകളുടെ പ്രതീക്ഷയും. ഇത്തരത്തിൽ, സർവകലാശാലകളുടെ ഗവേഷണബോധന മേഖലയെ സവിശേഷമായി നോക്കിയാൽ അവയുടെ പ്രബലമായ അടിത്തറയായി മാനവികസാമൂഹ്യശാസ്ത്രവിഷയങ്ങൾ മാറുന്നുണ്ട്. തീർച്ചയായും അവ ജനാധിപത്യപരമായ ഉൾക്കാഴ്ചകളിലേക്കും നവീനമായ സങ്കല്പന രൂപീകരണങ്ങളിലേക്കും സർവകലാശാലകളെ നയിക്കുന്നുമുണ്ട്. അതിൽ പ്രധാനമാണ് സംസ്‌കാരപഠന (Cultural Studies)മെന്ന മേഖല. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഒരാളെന്ന നിലയിൽ സർവകലാശാലകളിലെ മാനവികസാമൂഹ്യശാസ്ത്രവിഷയങ്ങളിൽ അടുത്തകാലത്തുണ്ടായ പുതിയ പ്രവണതകളെ മാഷെങ്ങനെയാണ് നോക്കിക്കാണുന്നത്.

=  ആദ്യമായി സൂചിപ്പിക്കേണ്ട കാര്യം സർവകലാശാലകളുടെ അക്കാദമികാന്തരീക്ഷത്തിൽ  പടിപടിയായി മാനവികസാമൂഹ്യശാസ്ത്രവിഷയങ്ങൾക്ക്‌ പ്രാധാന്യം നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്നതാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ‘ദേശീയ വിദ്യാഭ്യാസ നയം' (National Education Policy - NEP).വിപണിമൂല്യമില്ലാത്ത കോഴ്സുകൾ നിർത്തലാക്കുന്നു. ഇതിന്റെ ഏറ്റവും വലിയ അപകടം നേരിടാൻ പോകുന്നത് മാനവിക സാമൂഹ്യശാസ്ത്രവിഷയങ്ങളാണ്. ‘എന്താണ് ഇത്തരം വിഷയങ്ങളുടെ പ്രായോഗികത?' എന്ന ചോദ്യം തന്നെ വാസ്തവത്തിൽ അപകടമാണ്. മാനവിക സാമൂഹ്യ ശാസ്ത്ര വിഷയങ്ങൾമനുഷ്യ സംസ്‌കാരത്തെപ്പറ്റി ജ്ഞാനമുല്പാദിപ്പിക്കുമ്പോൾ തന്നെ, മനുഷ്യനെ ഒരു സാമൂഹ്യജീവിയാക്കി മാറ്റുന്നതിൽ  വലിയ പങ്ക് വഹിക്കുകയും ചെയ്യുന്നു. അതിലൊരുപക്ഷേ, ഏറ്റവും പ്രാധാന്യം കൈവരുന്നത് ചരിത്രത്തിനും ചരിത്രബോധ്യത്തിനുമാണ്. 

കൗതുകകരമായ ഒരു വസ്തുത, പണ്ട് ഇന്ത്യയിലേയും വിദേശത്തേയും ശാസ്ത്ര ബിരുദാനന്തരബിരുദ കോഴ്സുകളിലെല്ലാം അത്തരം വിഷയങ്ങളുടെ ചരിത്രവും പഠിപ്പിച്ചിരുന്നു എന്നതാണ്. എന്താണ് ഇത് പഠിപ്പിച്ചിരുന്നതുകൊണ്ടുള്ള ഗുണം? ശാസ്ത്രം എന്നത് നിശ്ചിതവും അന്തിമവുമല്ല എന്നും സവിശേഷമായ ചില സാഹചര്യങ്ങളിൽ സവിശേഷമായ ചില ഉപാധികളോടെ സവിശേഷമായ ഉപകരണങ്ങളുടെ അടിസ്ഥാനത്തിൽ നിർമിക്കുന്ന ജ്ഞാനങ്ങളാണെന്നും ആപേക്ഷികമാണെന്നും അവസ്ഥയിലെ ല്ലെന്നുമുള്ള അടിസ്ഥാനപരമായ ബോധമാണ് ശാസ്ത്രത്തിന്റെ ചരിത്രം (History of Science) പഠിക്കുന്നതിലൂടെ സ്വായത്തമാക്കാനാകുന്നത്. മാത്രവുമല്ല, ശാസ്ത്രത്തിന്റെ ചരിത്രപരത (Historicity of Science)  മനസ്സിലാക്കുന്നതിലൂടെ ഇന്ന് ശരിയാണെന്ന് ധരിക്കുന്ന സങ്കല്പങ്ങൾ നാളെ ശരിയാകാതിരിക്കാം എന്ന ധാരണയും കൂടിയാണ് ലഭ്യമാകുന്നത്.

ശാസ്ത്രം കേവലം വസ്തുനിഷ്ഠ യാഥാർഥ്യങ്ങളെ ഉൾക്കൊള്ളുന്നത്‌ മാത്രമാണ് എന്നത് തെറ്റായ ധാരണയാണ്. മറിച്ച് ഏതൊരു ശാസ്ത്രീയ സമീപനത്തിലും അതിന്റെ തത്വചിന്താപരമായ ഘടകമുണ്ടെന്നും ലോകത്തെ ഒരു പ്രത്യേക രീതിയിൽ കാണുന്നതിന്റെ ഫലമായാണ് ഇത്തരമൊരു ശാസ്ത്രമുണ്ടാകുന്നതെന്നുമടക്കമുള്ള ആപേക്ഷികതയുടെ അവബോധം കൂടിയാണ് ശാസ്ത്രത്തിന്റെ തത്വചിന്ത  (Philosophy of Science) എന്ന ആശയം ഉള്ളടക്കം ചെയ്യുന്നത്. മുമ്പ്, ശാസ്ത്രബിരുദാനന്തരബിരുദ കോഴ്സുകളുടെ അവിഭാജ്യഘടകമായിരുന്ന ശാസ്ത്രത്തിന്റെ ചരിത്രപരതയും തത്വചിന്തയും ഇന്ന് തീരെ ഇല്ലാതായിരിക്കുന്നു. ചുരുക്കത്തിൽ, ശാസ്ത്രപഠനം തന്നെ വസ്തുനിഷ്ഠ യാഥാർഥ്യങ്ങളുടേതു മാത്രവും ഭൂതകാലബന്ധങ്ങളില്ലാതെ ശൂന്യതയിൽ നിലനിൽക്കുന്നതുമായി മാറുന്നു. ഉദാഹരണത്തിന്, നാനോടെക്‌നോളജി പഠിക്കുന്ന ഒരു കുട്ടി, എന്താണ് ടെക്‌നോളജിയുടെ ചരിത്രം? എങ്ങനെ നാനോടെക്‌നോളജി ഉണ്ടായി? അത് ഇന്ന് കാണുന്ന സ്ഥാപന സാധ്യതകളിലേക്ക് വളർന്നുവന്ന പ്രക്രിയയെന്തായിരുന്നു എന്നിവയെപ്പറ്റി തീർത്തും അറിവില്ലാത്തവരായിത്തീരുകയാണ് ചെയ്യുന്നത്.

ഇത്തരം പഠന രീതികൾ ശാസ്ത്രത്തിനുണ്ടാകേണ്ട വിശകലനപരവും വിമർശനപരവുമായ ക്ഷമതയെയാണ് ഇല്ലാതാക്കുന്നത്. മറിച്ച്, ശാസ്ത്രത്തെ നൈപുണി(Skill) കളുടേത് മാത്രമാക്കി മാറ്റുന്നു. ഏതെങ്കിലും സവിശേഷമായ മേഖലയിൽ അന്വേഷണം നടത്തി, അതിൽ നിന്നുമുള്ള സൂക്ഷ്മ (micro) മായ കണ്ടെത്തലുകളിലേക്ക്‌ എത്തിച്ചേരുന്ന പ്രക്രിയ മാത്രമായി ശാസ്ത്രഗവേഷണം ഇതോടെ മാറിത്തീരുകയാണ്. ഇത്തരം പഠനങ്ങൾ പലപ്പോഴും ശാസ്ത്രപഠനമല്ല; സാങ്കേതിക വിദ്യയുടെ പഠനമാണ്. ശാസ്ത്രമെന്നത് നാം പ്രകൃതിയോടും മനുഷ്യരോടും നിരന്തരമായ ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ ഫലമാണെങ്കിൽ, സങ്കേതികവിദ്യ പലപ്പോഴും അവയുടെ പ്രയോഗവൽക്കരണം(Application)മാത്രമാണ്. ശാസ്ത്രമേഖലയിൽ നിന്നാണ് പറഞ്ഞു തുടങ്ങിയതെങ്കിലും ഈ സമീപനം മാനവികസാമൂഹ്യശാസ്ത്രമേഖലയ്‌ക്കും ബാധകമാണ്.

ഇന്ന് നാം കാണുന്ന ‘Knowledge Economy'മികച്ച ഉദാഹരണമാണ്. അതിനകത്ത് രൂഢമൂലമായിരിക്കുന്ന സങ്കല്പം പ്രായോഗികതയുടേതാണ്.  എങ്ങനെയാണ് സമ്പദ്‌വ്യവസ്ഥ  (Economy)  യിലേക്ക് പരിവർത്തനം ചെയ്യുക എന്നതാണ് ഇവിടെ അന്വേഷിക്കുന്നത്. അതല്ലാതെ, പുതിയ ജ്ഞാനത്തെ ഉല്പാദിപ്പിക്കാനോ പുതിയ രീതിയിൽ ലോകത്തെ നോക്കിക്കാണാനോ ഉള്ള ശ്രമങ്ങൾ അതിലില്ല. ഇതു പൊതുവേ വിദ്യാഭ്യാസത്തിന്റെ തന്നെ അടിസ്ഥാനമായിട്ടുള്ള വിമർശന വിശകലന സാധ്യതകളെ മാറ്റിനിർത്തി ജ്ഞാനത്തെ കേവലം വിവരം (Information) മാത്രമാക്കി മാറ്റുന്നു. ഇന്നാകട്ടെ, ഗൂഗിൾ പോലുള്ള സംവിധാനങ്ങൾ വഴി നമുക്ക് ധാരാളം വിവരങ്ങൾ ലഭ്യമാകുന്നുണ്ട്. എന്നാൽ, അവയിൽ ശരിയും തെറ്റുമേതെന്നും അത്തരം വിവരങ്ങളെ പ്രചോദിപ്പിക്കുന്ന സാമൂഹികചരിത്രബോധ്യങ്ങളേതെല്ലാമാണെന്നുമുള്ള ധാരണകളെ ഗ്രഹിക്കാനുള്ള ശേഷിയാണ് നേരത്തെ സൂചിപ്പിച്ച ബോധനരീതികളിലൂടെ നമുക്ക് നഷ്ടമാകുന്നത്.

ഈ ഒരു രീതി നമുക്ക് മാനവികസാമൂഹ്യശാസ്ത്രവിഷയങ്ങളിലും കാണാം. ഒരു വശത്ത്, ഇത്തരം വിഷയങ്ങൾക്ക്‌ പ്രാധാന്യം കുറഞ്ഞുവരുന്നുണ്ട്. മറുവശത്താകട്ടെ, മാനവികസാമൂഹ്യശാസ്ത്രവിഷയങ്ങൾ കേവലം വസ്തുനിഷ്ഠ വിവരശേഖരണമായി പഠിക്കപ്പെടുകയും ചെയ്യുന്നു. ഇത്, മാനവികസാമൂഹ്യശാസ്ത്രവിഷയങ്ങളുടെ സത്താപരമായ സ്വഭാവത്തെത്തന്നെയും ചോർത്തിക്കളയുകയാണ് ചെയ്യുന്നത്. യഥാർഥത്തിൽ  ഈ രീതി, മുതലാളിത്തമവതരിപ്പിക്കുന്ന നൈപുണി നിർമാണത്തി (Skill Making) ന്റേയും തൊഴിൽ ക്ഷമത(Employability) യുടേയും ഭാഗമാണ്. ഒരു വ്യക്തിയെ തൊഴിലിന് പ്രാപ്തമാക്കുന്നുണ്ടെങ്കിലും വിമർശനബുദ്ധിയുള്ള പൗരനായോ/പൗരിയായോ സാമൂഹിക ജീവിയായോ അയാളെ മാറ്റിത്തീർക്കുന്നില്ല.

മറ്റൊരു കൗതുകകരമായ കാര്യം, ഇന്ന് മുമ്പത്തെക്കാളേറെ മാനവികസാമൂഹ്യ ശാസ്ത്രവിഷയങ്ങൾ പഠിക്കുന്നത് പെൺകുട്ടികളാണ് എന്നതാണ്. ഈ പ്രവണത കേരളത്തിൽ മാത്രമാണോ അതോ ഇന്ത്യയിൽ മുഴുവനുമുണ്ടോയെന്നത് അന്വേഷിക്കേണ്ടതുണ്ടെങ്കിലും ഇത് പ്രസക്തമാണ്. അങ്ങനെവരുമ്പോൾ, ആൺകുട്ടികളെല്ലാം െപ്രാഫഷണൽ കോഴ്സുകൾക്ക്‌ പോകുകയാണെന്ന ഒരു വാദമുണ്ട്. എന്നാൽ, അവിടെയും പകുതിയി ലേറെയും പെൺകുട്ടികളാണുള്ളത്. എങ്കിൽപിന്നെ, ആൺകുട്ടികൾ എന്തുചെയ്യുന്നു എന്ന ചോദ്യത്തെ തൽക്കാലം മാറ്റിനിർത്തി പെൺകുട്ടികളുടെ കാര്യത്തിലേക്ക് വരാം. എന്റെ ധാരണപ്രകാരം പെൺകുട്ടികൾ ഇത്തരം മാനവികവിഷയങ്ങളെ അതിഗൗരവമായി സമീപിക്കുകയും ഒരേസമയം അവരുടെയും സമൂഹത്തിന്റേയും പരിവർത്തനത്തിന് വേണ്ടി ആയുധങ്ങളാക്കുകയും ചെയ്യുന്നുണ്ട്.

പ്രത്യേകിച്ചും ന്യൂനപക്ഷ സമുദായങ്ങളിൽനിന്നും വരുന്നവർ, കീഴാള വിഭാഗങ്ങളിൽ നിന്നും വരുന്നവർ, സ്ത്രീയെന്ന നിലയിൽതന്നെ കീഴാളത അനുഭവിക്കുന്നവർ തുടങ്ങിയവരാണ് ഈ മേഖലയിലേക്ക് പ്രധാനമായും കടന്നുവരുന്നത്. അതാകട്ടെ, അവരെ സംബന്ധിച്ചിടത്തോളം സ്വയം സ്ഥാപനത്തിന്റെ വഴി കൂടിയാണ്. ഇന്ന്, വിമർശനാത്മക വ്യവഹാരം (Critical Discourse)നടത്തിക്കൊണ്ടിരിക്കുന്നത് സ്ത്രീകളും ദളിതരും ഉൾപ്പെടുന്ന ന്യൂനപക്ഷങ്ങളാണ് എന്നതിനാൽ കൂടി ഇത് പ്രസക്തമാകുന്നുണ്ട്.

അതായത്, മാനവികസാമൂഹ്യശാസ്ത്രങ്ങൾക്ക്‌ ഉണ്ടാകുന്ന പരിണാമത്തെ ഒരു രീതിയിൽ മാത്രം നോക്കി കാണാനാകില്ല എന്നാണ് പറഞ്ഞുവന്നത്. മാനവിക വിഷയങ്ങൾ പിന്നോട്ടുപോയി എന്നുപറയുമ്പോഴും പുതിയ തരത്തിലുള്ള സാധ്യതകൾ അവ തുറക്കുന്നുമുണ്ടെന്ന് കാണാനാകും.

?  സർവകലാശാലകൾ ഒരു വ്യവസ്ഥ എന്ന നിലയ്‌ക്ക്‌ പലതരത്തിലുള്ള പ്രതിസന്ധികൾ നേരിടുമ്പോൾ തന്നെ അതിനകത്തുനിന്നും പുതിയ ചില ശക്തികൾ ഉയർന്നുവരുന്നതായി കാണാം. ഇനി അവയുടെ ഗവേഷണബോധന മേഖലകളെ പരിഗണിക്കുകയാണെങ്കിൽ സാങ്കേതികവിദ്യയിൽ മാത്രമായി അത് പരിമിതപ്പെടുമ്പോഴും പുതിയ തലമുറയുടെ വിമോചനമാർഗമായും അതുമാറുന്നു. ഇതുവരെ മാഷ് സൂചിപ്പിച്ച വഴിയിലെല്ലാം പൊതുവായി കാണുന്ന ഒരു കാര്യം, ഇത്തരം വൈരുധ്യങ്ങളാണ്. അങ്ങനെ വരുമ്പോൾ, മാഷ് വ്യാപരിച്ച സംസ്‌കാരപഠനത്തിന്റെ മേഖലയെ സവിശേഷമായി പരിഗണിച്ചാൽ ഇത്തരം രണ്ടുതരം പ്രവണതകൾ അഥവാ എതിരിടുന്ന ശക്തികൾ എന്ന നിലയിൽ കാര്യങ്ങൾ വിശദീകരിക്കാനാകുമോ.

=  തീർച്ചയായും. സാംസ്‌കാരിക വിമർശനത്തിന്റെ ചരിത്രത്തിലേക്ക് കടക്കുന്നില്ലെങ്കിലും ഒന്നുരണ്ട് കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. പലപ്പോഴും ചില പ്രത്യേക വിഭാഗങ്ങളിലേക്ക് മാത്രം ചുരുങ്ങിയിരുന്ന പഠനങ്ങളിൽനിന്നും ആ വിഭാഗങ്ങളുമായി മാത്രം ബന്ധപ്പെട്ടിരുന്ന പാഠങ്ങളിൽനിന്നുമുള്ള ഒരു കുതറിമാറലാണ് സംസ്‌കാരപഠന  (cultural studies)മെന്നു പറയുന്നത്. പാഠങ്ങൾ മാറുക എന്നുപറയുമ്പോൾ, അതുവരെയും പഠനത്തിന് യോഗ്യമായി പരിഗണിക്കപ്പെടാതെയിരുന്ന പല ജീവിതമേഖലകളും പ്രയോഗങ്ങളും വിമർശന വിധേയമാക്കുകയാണ് സംസ്‌കാരപഠനം ചെയ്തതെന്ന്‌ കാണാം. ഇതിന്റെ ഏറ്റവും ഗുണപരമായ മാറ്റം എന്തെന്നാൽ, ആരോ എവിടെയോ എഴുതിയ പാഠത്തെ പഠിക്കുന്നതിന്‌ പകരം അവരവർ നേരിട്ട് ബന്ധപ്പെടുന്ന ഒരു ജീവിത പ്രയോഗത്തെയോ അനുഭവത്തെയോ ദൃശ്യത്തെയോ പഠനവിധേയമാക്കാനായി എന്നതാണ്.

എന്താണ് അതിന്റെ പ്രയോജനം? നാം ദൈനംദിനജീവിതത്തിൽ നിരന്തരം ബന്ധപ്പെടുന്ന കാര്യങ്ങളെ മറ്റൊരു തരത്തിൽ നോക്കിക്കാണാനുള്ള സജ്ജീകരണം കൂടിയാണിത്. ഉദാഹരണത്തിന്, നാം ഒരു പ്രത്യേക ഭാഷ സംസാരിക്കുന്നതും ഒരു പ്രത്യേക രീതിയിൽ വസ്ത്രധാരണം നടത്തുന്നതും നാം ഏർപ്പെടുന്ന അബോധപൂർവമായ വ്യാപാരങ്ങളാണ്. ദൈനംദിന ജീവിതത്തിലെ ഇത്തരം അബോധപൂർവമായ ഘടക ങ്ങളെ ബോധപൂർവമാക്കി മനസ്സിലാക്കാനും നാം ജീവിക്കുന്ന സാഹചര്യത്തെ നമുക്ക് തന്നെ മറ്റൊരുതരത്തിൽ പഠിക്കാൻ സജ്ജീകരിച്ചതും സംസ്‌കാരപഠനമാണ്. ഫാഷൻ, പൊതുനിരത്തുകൾ തുടങ്ങിയവ പഠനയോഗ്യമായ മേഖലകൾ അല്ലായിരുന്നുവെങ്കിൽ സംസ്‌കാരപഠനത്തോടെ അവയ്‌ക്ക്‌ വലിയ പ്രാധാന്യം കൈവന്നിട്ടുണ്ട്.

പഠനത്തിന്റെ കർതൃത്വവും (subject of learning) ലക്ഷ്യവും(objective of learning)തമ്മിൽ സവിശേഷമായ ബന്ധം രൂപപ്പെടുന്നുണ്ടിവിടെ.  ഈ അർഥത്തിൽ, സംസ്‌കാരപഠനം വിദ്യാഭ്യാസത്തിന്റെ വളരെ പ്രാഥമികമായ ഒരുദ്ദേശ്യത്തെ വീണ്ടെടുക്കുകയാണ് ചെയ്യുന്നത്. അടിസ്ഥാനപരമായി നാം നമ്മെയും നമ്മുടെ ലോകത്തെയും മനസ്സിലാക്കുന്ന പ്രക്രിയ യാണല്ലോ വിദ്യാഭ്യാസം. ഈ ധർമമാണ് സംസ്‌കാരപഠനം നിർവഹിക്കുന്നത്. അതായത്, ഒരാൾ സംസാരിക്കുന്ന ഭാഷ അയാൾ വളർന്നുവന്ന സാഹചര്യത്തിന്റെയും അബോധപൂർവമായി അയാൾ സ്വാംശീകരിച്ച മൂല്യവ്യവസ്ഥയുടേയും ഉൽപ്പന്നമാണെങ്കിൽ, ആ മൂല്യവ്യവസ്ഥയിൽ രൂഢമൂലമായിരിക്കുന്ന പ്രത്യയശാസ്ത്രപരവും രാഷ്ട്രീയ വുമായ ഘടകങ്ങളെന്തെല്ലാമാണെന്ന് അയാൾ മനസ്സിലാക്കുന്നതിലൂടെ അയാളുടെ ഭാഷ മാത്രമല്ല മാറുന്നത്, അവരവരുടേയും  ഇതര മനുഷ്യരുടേയും ജീവിതത്തോടുള്ള സമീപനം കൂടിയാണ്. അതൊരു തരം പരിവർത്തനമാണ്. ഇത്തരത്തിൽ, വ്യക്തിയെ സാമൂഹിക ജീവിയാക്കുന്ന ഗുണപരമായ മാറ്റം സംസ്‌കാരപഠനം വഴി സാധ്യമാകുന്നുണ്ട്.

ഇനി എന്റെ അനുഭവമായിച്ചേർത്ത്‌ ഒരു കാര്യം സൂചിപ്പിക്കാം. തീർച്ചയായും സംസ്‌കാരപഠനം അക്കാദമിക വിഷയമാകുന്നതിൽ പല പരിമിതികളുമുണ്ട്. അതിനെ തൽക്കാലം മാറ്റിവെച്ചുകൊണ്ടാണ് ഇവിടെ സംസാരിക്കുന്നത്. സംസ്‌കാരപഠനവുമായി ബന്ധപ്പെട്ട മേഖലകൾ ക്ലാസിൽ പഠിപ്പിക്കുമ്പോൾ കുട്ടികളിൽ വല്ലാത്ത ഉത്സാഹം (excitement) കണ്ടിട്ടുണ്ട്. അതിനുള്ള കാരണവും സംസ്‌കാരപഠനത്തിന്റെ രീതിയാണ്. 

റൊളാങ്  ബാർത്ത്‌

റൊളാങ് ബാർത്ത്‌

ബാർത്തിന്റെ ‘ second level semiotics'എന്ന ലേഖനം വായിക്കുമ്പോൾ കുട്ടികൾ അതിനു കണ്ടെത്തുന്ന ഉദാഹരണങ്ങൾ സ്വന്തം ജീവിതത്തിൽ നിന്നു തന്നെയാണ്. ഇത്തരമൊരു ജൈവബന്ധം രൂപപ്പെടുന്നത് ക്ലാസ്സുകളിൽനിന്നും കാണാനായിട്ടുണ്ട്.
മറ്റൊന്ന്, സംസ്‌കാരപഠനം എന്ന പേരുമായി ബന്ധപ്പെട്ടതാണ്. ഇവിടെ അല്പം ചരിത്രം പറഞ്ഞു പോകേണ്ടതുണ്ട്.

സംസ്‌കാരപഠനം എന്ന പേര് വരുന്നതിനു മുമ്പ് തന്നെ സംസ്‌കാരം പഠനവിധേയമാക്കുന്നതിലും വിമർശന വിധേയമാക്കുന്നതിലും വളരെ വ്യക്തമായ രാഷ്ട്രീയോദ്ദേശ്യങ്ങൾ നിലനിന്നിരുന്നു. പാശ്ചാത്യനാടുകളിലും (പ്രത്യേകിച്ചും യൂറോപ്പിൽ) കേരളത്തിലുമൊക്കെ സാംസ്‌കാരികവിമർശനമുണ്ടാകുന്നത് അടിസ്ഥാനപരമായി ഒരു രാഷ്ട്രീയവ്യവഹാരം എന്ന നിലയ്‌ക്കാണ്. രാഷ്ട്രീയമായി തീർത്തും ഇരുളടഞ്ഞതും രാഷ്ട്രീയപ്രയോഗം അസാധ്യമായിരുന്നതുമായ കാലത്താണ് (1940‐ 50 കാലഘട്ടത്തിലെ യൂറോപ്പിലെയും ഇന്ത്യയിലെയും അവസ്ഥ) സംസ്‌കാരികവിമർശം ഉയർന്നു വരുന്നത്. അതിനാൽ തന്നെ, സംസ്‌കാരവിമർശനത്തിന് രാഷ്ട്രീയ സ്വഭാവമുണ്ടെന്നു കാണാം. ആ രാഷ്ട്രീയപരതയുടെ ഏറ്റവും അടിസ്ഥാനപരമായ സവിശേഷത പരിവർത്തനത്തിനും വിമോചനത്തിനും വേണ്ടിയുള്ള വിമർശനമാണിതെന്നതാണ്.

അതോടൊപ്പം, ജ്ഞാനമണ്ഡലത്തിലെ വിഷയങ്ങൾ തമ്മിലുള്ള സ്ഥാപന നിർമിതമായ വേർതിരിവുക (ചരിത്രം,സാഹിത്യം എന്നിങ്ങനെ) ളോടും ചില വിഭാഗങ്ങളുടെ പ്രയോഗങ്ങളെ മാത്രം പഠനവിധേയമായിക്കാണുന്ന അധീശത്വപരമായ (Hegemonic) രീതികളോടുമുള്ള പ്രതികരണം കൂടിയാണ് സംസ്‌കാരപഠനം. ഈ സമീപനമാണ് സംസ്‌കാരപഠനം എന്ന രീതിയിൽ സർവകലാശാലകളിൽ ഇടംപിടിച്ചത്. അന്തർവൈജ്ഞാനികത (Interdisciplinarity)അതിന്റെ ഭാഗമാണ്.

അന്തർവൈജ്ഞാനികത തന്നെ യഥാർഥ്യത്തിൽ നിലനിൽക്കുന്ന വിജ്ഞാനരീതികളോടുള്ള വെല്ലുവിളിയാണ്. പക്ഷേ, ആ വെല്ലുവിളി അതിന്റെ രാഷ്ട്രീയമായ താല്പര്യങ്ങളെ മനസ്സിലാക്കിക്കൊണ്ടുള്ള അന്തർവൈജ്ഞാനികതയാകുമ്പോഴേ അർഥവത്താകുന്നുള്ളൂ. എന്നാൽ ‘Interdisciplinarity for the sake of Interdisciplinarity' എന്ന അവസ്ഥയാണിന്ന്. സാഹിത്യത്തെ സമൂഹപഠന(Sociology) മായും രാഷ്ട്രീയ (Politics) പഠനവുമായുമെല്ലാം കൂട്ടിച്ചേർക്കുന്ന കേവല രീതിശാസ്ത്രമായി അന്തർവൈജ്ഞാനികത നിലനിൽക്കുന്നത് കാണാം. ജനകീയസംസ്‌കാര (Popular Culture) പഠനങ്ങളിലാണെങ്കിലും ഇതര സംസ്‌കാരപഠനങ്ങളിലാണെങ്കിലും ഇത്തരം രീതി കാണുന്നു. ഇതാകട്ടെ, അന്തർവൈജ്ഞാനികത എന്നത് നിലനിൽക്കുന്ന ജ്ഞാനവ്യവഹാര വേർതിരിവുകളുടെ വിമർശനമാണെന്ന ധാരണയെ പാടെ കയ്യൊഴിയുകയും ചെയ്യുന്നു.

മറ്റൊന്ന്,എന്തിനെയാണോ വിമർശിക്കുന്നത് അതുതന്നെ ആഘോഷമാകുന്ന രീതി കണ്ടുവരുന്നുണ്ട്. ‘ജീവിതത്തിൽ ഇനി എനിക്ക് മെഡോണെയെപ്പറ്റി ഒരു പഠനം പോലും വായിക്കാനാകില്ല’ എന്ന സ്റ്റുവർട്ട്‌ ഹാളിന്റെ പ്രസ്താവനയോട് സമാനമാണിത്. അതായത് നാം ജനകീയസംസ്‌കാരത്തെപ്പറ്റി എഴുതുമ്പോൾ, എഴുതുന്നത് തന്നെ ജനകീയസംസ്‌കാരമായി മാറുന്ന അവസ്ഥാവിശേഷമാണിത്. ഒരുതരത്തിലത്, വിമർശനം എന്നതിന്റെ വ്യവഹാരത്തെത്തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്നുണ്ട്. പലപ്പോഴും അത് ഫെറ്റിഷ് (Fetish)  ആകുന്നുണ്ട്. അതോടെ, ഒരു തലകീഴായ ശ്രേഷ്ഠപാരമ്പര്യത്തെ നിർമിച്ചെടുക്കാനുള്ള ശ്രമങ്ങളുണ്ടാവുകയും ചെയ്തു. അതേസമയം, ഇവ രണ്ടും ചേര്ന്നാണ് നിലനിൽക്കുന്നതും. സാംസ്‌കാരികപഠനം ഏറ്റവും മുനയോടുകൂടി പ്രയോഗിച്ചിരിക്കുന്നത് കീഴാള പഠനങ്ങളിലാണ്. അത് പല രീതിയിലും വളരെയധികം സൂക്ഷ്മവുമാണ്.

സാംസ്‌കാരികാനുഭവത്തിന്റെ ഇടങ്ങളിൽ (ഉദാഹരണത്തിന്, ജോലി സ്ഥലം പോലുള്ള സ്ഥൂലമായ ഇടങ്ങളിൽ) എത്തരത്തിൽ സൂക്ഷ്മമായി സാമൂഹിക വിവേചനം നിലനിൽക്കുന്നു, ഭാഷാപരമായും സ്ഥലപരമായും അവ എങ്ങനെ പ്രയോഗിക്കപ്പെടുന്നു തുടങ്ങിയ അന്വേഷണങ്ങൾ മൂർച്ചയേറിയതായി മാറിക്കൊണ്ടിരിക്കുകയാണ്. അത് കീഴാളതയുടേയും പുറത്താക്കപ്പെട്ടവരുടേയും വീക്ഷണത്തിൽ നിന്നും വരുന്ന പഠനങ്ങളാണ്. അതിന് വലിയ പ്രസക്തിയുണ്ട്.
മറ്റൊരു കാര്യം, ഇടക്കാലത്ത് സാംസ്‌കാരികവിമർശനരംഗത്ത് ചരിത്രത്തെ പാടെ കയ്യൊഴിയുകയും സമകാലികത(Contemporary) യെ അപ്പാടെ സ്വീകരിക്കുകയും ചെയ്യുന്ന രീതി പ്രബലമായിരുന്നു. എന്നാൽ ഇന്ന്, സംസ്‌കാരപഠനത്തിൽ ചരിത്രത്തിന് വീണ്ടും പ്രാധാന്യം കൈവന്നിട്ടുണ്ട്. ചരിത്രം എന്നത് കേവലം ‘ഭൂതകാലം' എന്ന അർഥത്തിലല്ല ഇവിടെ പ്രയോഗിക്കുന്നത്. ‘ഇന്നിനെ ഉണ്ടാക്കിത്തീര്ത്തതെന്തോ അതിനെപ്പറ്റി' എന്ന അർഥത്തിലുള്ള ചരിത്രാവബോധമാണത്. ഇത്തരം സമീപനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത് ചെറുപ്പക്കാരാണ് എന്നതും ചെറുതല്ലാത്ത പ്രതീക്ഷ നൽകുന്ന കാര്യമാണ്.

?  സംസ്‌കാരപഠനം സർവകലാശാലകളിൽ പഠനമേഖലയാകുന്നതിനും മുമ്പ് കേരളത്തിലെ ഇരുളടഞ്ഞ രാഷ്ട്രീയപരിസരത്തോടുള്ള പ്രതികരണമായി അത്‌ ഉടലെടുത്തിരുന്നുവെന്ന് മാഷ് സൂചിപ്പിച്ചുവല്ലോ. സംസ്‌കാരപഠനത്തിന്റെ പ്രാദേശിക മാതൃകയെപ്പറ്റി സംക്ഷിപ്തമായി വിവരിക്കാമോ.

കേരളത്തിലെ സാംസ്‌കാരികവിമർശനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്  ‘കലാവിമർശം: മാർക്‌സിസ്റ്റ് മാനദണ്ഡം' എന്ന പുസ്തകത്തിലാണ്. ചിന്ത രവീന്ദ്രൻ എഡിറ്ററാവുകയും ടി കെ രാമചന്ദ്രന്റെ സ്വാധീനം ഉടനീളമുണ്ടായിരുന്നതുമായ പുസ്തകമാണിത്.

ബാലചന്ദ്രൻ  ചുള്ളിക്കാട്‌

ബാലചന്ദ്രൻ ചുള്ളിക്കാട്‌

എന്നാൽ അതിനുമുമ്പു തന്നെ സാംസ്‌കാരിക വിമർശനത്തിന്റെ നാമ്പുകൾ വികസിച്ചു തുടങ്ങിയിരുന്നു. ഇന്ത്യയിലുടനീളമുണ്ടായ തൊഴിലാളിവർഗമുന്നേറ്റം ഇടതുപക്ഷത്തിന് വലിയ തോതിലുള്ള സാധ്യതകൾ തുറന്നു നൽകുകയും അത് ക്രമേണ പിന്നോട്ടടിക്കുകയുമുണ്ടായി. അതേസമയം തന്നെ, യാഥാസ്ഥിതികത വ്യാപകമായ തോതിൽ തിരിച്ചുവരികയും ചെയ്തു. അതിന്റെ വികസിത രൂപമാണ് ഇന്നു നാം കാണുന്നത്. ഈ ഘട്ടത്തിലാണ് ‘കലാവിമർശം' എന്ന പുസ്തകം കടന്നുവരുന്നത്. അതൊരു ചിന്തയുടെ പദ്ധതി കൂടിയാണ്. ഒരു കാര്യം വ്യക്തമാക്കിയാൽ കലാവിമർശത്തിൽലേഖനമെഴുതിയവർക്ക്‌ (ടി കെ രാമചന്ദ്രൻ, രവി, ബാലചന്ദ്രൻ ചുള്ളിക്കാട്, മുരളി, നന്ദകുമാർ എന്നിവരിൽ  ആരായാലും) പല അളവുകളിൽ പാശ്ചാത്യസിദ്ധാന്തങ്ങളെപ്പറ്റി അറിവും അവയുടെ സ്വാധീനവും (Western Marxism), ഫ്രാങ്ക്ഫർട്ട്‌ സ്‌കൂൾ ചിന്തകൾ തുടങ്ങിയവ) ഉണ്ടായിരുന്നുവെങ്കിലും അവയൊന്നും തന്നെ പകർപ്പുകളായിരുന്നില്ല.

ആ അർത്ഥത്തിൽ, ഈ പുസ്തകം കേരളത്തിലെ സവിശേഷമായ സാഹചര്യങ്ങളെ സംബോധന ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കേരളത്തിന്റെ വ്യാവഹാരികവും ആവിഷ്‌കാരപരവുമായ പൊതുമണ്ഡലങ്ങളിൽ ശക്തിയാർജിച്ചുകൊണ്ടിരുന്ന യാഥാസ്ഥിതിക പ്രതിതരംഗ ത്തെ കണ്ടെടുക്കുകയും വിമർശിക്കുകയുമായിരുന്നു അതിന്റെ പ്രധാന താല്പര്യം. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം,

 യാഥാസ്ഥിതികത എന്നത് പഴമയല്ല എന്നതാണ്. മറിച്ച്, അത് പഴമയുടെ ആഘോഷമാണ്. പഴമയെ വളരെ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത് അതിന്റെ ചില അംശങ്ങളെ ആഘോഷിക്കുകയും അവയ്‌ക്ക്‌ പുനരാവിഷ്‌കാരം നൽകുകയും അതിനനുസരിച്ച് സമകാലത്തെ ചിട്ടപ്പെടുത്തിയെടുക്കുകയും ചെയ്യുന്ന ഒരു വീക്ഷണമാണ് യഥാർഥത്തിൽയാഥാസ്ഥിതികത.

യാഥാസ്ഥിതികത എന്നത് പഴമയല്ല എന്നതാണ്. മറിച്ച്, അത് പഴമയുടെ ആഘോഷമാണ്. പഴമയെ വളരെ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത് അതിന്റെ ചില അംശങ്ങളെ ആഘോഷിക്കുകയും അവയ്‌ക്ക്‌ പുനരാവിഷ്‌കാരം നൽകുകയും അതിനനുസരിച്ച് സമകാലത്തെ ചിട്ടപ്പെടുത്തിയെടുക്കുകയും ചെയ്യുന്ന ഒരു വീക്ഷണമാണ് യഥാർഥത്തിൽ  യാഥാസ്ഥിതികത.

ഗൃഹാതുരത്വം (Nostalgia) എന്നുകൂടി പറയാനാകും. അതൊരിക്കലും യഥാർഥ ഭൂതകാലമല്ലല്ലോ. അത് നാം നിർമ്മിച്ചെടുക്കുന്ന ഭൂതമാണ്. പുനരുത്ഥാനവാദ (Revivalism)വും ഏതാണ്ട് സമാനമാണ്. ഇതിലൂടെ നടക്കുന്നതാകട്ടെ, ഒരു മിഥ്യാഭൂതകാലത്തെ പുനരാവഹിച്ച് സമകാലത്ത് സ്ഥാപിക്കുകയും അതിലൂടെ ഒരു പ്രത്യേക അധികാരവ്യവസ്ഥ നിർമിച്ചെടുക്കുകയും അതുവഴി ഒരു വിഭാഗത്തിന് ആധിപത്യം നൽകുകയും ചെയ്യുന്ന പ്രക്രിയയാണ്. ഏറ്റവും പ്രധാനപ്പെട്ട വസ്തുത, കേരളത്തിലിത് രാഷ്ട്രീയവ്യവഹാരമായേ അല്ല അടയാളപ്പെട്ടത് എന്നതാണ്. അത് തികച്ചും സാംസ്‌കാരികമായ വ്യവഹാരമായിരുന്നു.

അതുവരെ ചില വീടുകളുടെ അകത്തളങ്ങളിൽ മാത്രം നടന്നിരുന്ന ഗീതാപുരാണപാരായണങ്ങൾ വലിയ വലിയ പൊതു വേദികളിലേക്ക് കടന്നുവരികയാണുണ്ടായത്. അതോടൊപ്പം തന്നെ ക്ഷേത്രങ്ങളുടെ പുനരുത്ഥാരണം നടക്കുകയും ചെയ്തു. പണ്ടുണ്ടായിരുന്നത് ഒരു ക്ഷേത്രസമൂഹ  (Temple Surrounding Society)മായിരുന്നുവെങ്കിൽ പിന്നീടത് ക്ഷേത്രസംബന്ധിയായ സമൂഹ (Temple Society) മായി മാറി. ഒരർത്ഥത്തിലത്, ഹിന്ദു സമുദായ രൂപീകരണ (Hindu Community Formation) മായിരുന്നു. ഈ പ്രക്രിയ വരുംകാല രാഷ്ട്രീയസംസ്ഥാപനത്തിന്റെ ഡ്രസ് റിഹേഴ്സൽ ആണെന്ന വസ്തുത തിരിച്ചറിയാൻ  ടി കെ രാമചന്ദ്രനെപ്പോലുള്ളവർക്ക്‌ കഴിഞ്ഞു എന്നത് വളരെ പ്രധാനമാണ്. ഇത്തരം വ്യവഹാരങ്ങൾക്കകത്ത് സംഭവിച്ചിരുന്ന മറ്റു ജനവിഭാഗ ങ്ങളുടേയും ജീവിതരീതികളുടേയും വിശ്വാസപ്രമാണങ്ങളുടേയും അപരവൽക്കരണത്തേയും (അപരവൽക്കരണത്തിലൂടെത്തന്നെയാണ് ഇതിന്റെ സാധൂകരണവും സാധ്യമായിരുന്നത്) അബോധപൂർവമായി അത് ഭാഷയിലൂടെ സംവേദനം ചെയ്യപ്പെട്ടിരുന്നതിന്റെയും രീതികളെ ആ പുസ്തകം തിരിച്ചറിഞ്ഞിരുന്നു.

ഇത്രയധികം കേരളത്തിന്റെ ബൌദ്ധികവൃന്ദങ്ങളിൽ വായിക്കപ്പെടുകയും എന്നാൽ ഇത്ര കുറച്ചുമാത്രം അംഗീകരിക്കപ്പെടുകയും ചെയ്ത കൃതി വേറെയുണ്ടാകില്ല. ‘കലാവിമർശം: മാർക്‌സിസ്റ്റ് മാനദണ്ഡം’

എന്ന കൃതിയുടെ പേര് രഹസ്യമാക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്ന ഒരു രീതി നിലനിന്നിരുന്നു. അതേസമയം ധാരാളം ആളുകൾ വിമർശനത്തിനായി ആ കൃതിയുടെ ആശയങ്ങൾ സ്വീകരിച്ചിട്ടുണ്ട് താനും. (കേസരി ബാലകൃഷ്ണപിള്ളയെ അറിയില്ലെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങൾ വ്യാപകമായി ഉപയോഗപ്പെടുത്തിയിരുന്നു എന്ന് പറയാറുണ്ട്. ഇതിനു സമാനമാണിത്).

 യഥാർത്ഥ്യത്തിൽ കേരളത്തിൽ സാംസ്‌കാരിക വിമർശനം ആരംഭിക്കുന്നത് ടി കെ രാമചന്ദ്രനെ പോലുള്ളവരിൽ നിന്നാണെങ്കിലും കേരളത്തിന്റെ അക്കാദമിക് രംഗത്തെത്തിയപ്പോഴേക്കും അത് പാശ്ചാത്യബോധന മാതൃകകൾക്കനുസൃതമായാണ്  ക്രമീകരിക്കപ്പെട്ടത്. ജനകീയസംസ്‌കാരത്തേയും ജനകീയസംഗീതത്തേയും പഠിക്കുന്ന രീതിയിലേക്ക് അവ ചുരുങ്ങി. വാസ്തവത്തിൽ പാശ്ചാത്യസിദ്ധാന്തത്തെ അവലംബിച്ചു പോലുമല്ല, പാശ്ചാത്യ സംസ്‌കാരപഠനങ്ങളുടെ മാതൃക അവലംബിച്ചുകൊണ്ടുള്ള അക്കാദമിക് വ്യവഹാരമാണ് രൂപപ്പെട്ടുവന്നത്.

എന്നാൽ, ‘കലാവിമർശം: മാർക്‌സിസ്റ്റ് മാനദണ്ഡം’  എന്ന പുസ്തകം വന്നതിനുശേഷം വലിയ മാറ്റമുണ്ടായ മേഖലകളാണ് പെണ്ണെഴുത്ത് (Feminism), ദളിത്, വിമത ലൈംഗികത എന്നിവയുമായി ബന്ധപ്പെട്ടവ. ഈ മാറ്റത്തിന്റെ ഫലമായി ഇത്തരം മേഖലകൾക്ക്‌ അക്കാദമിക് രംഗത്തും പ്രാധാന്യം കൈവരികയുണ്ടായി. അക്കാദമിക് രംഗത്ത് നിലനിൽക്കുമ്പോഴും ഇത്തരം വിഷയങ്ങൾ സാമൂഹികമായ പരിവർത്തനങ്ങളുമായി കൊടുക്കൽവാങ്ങലുകൾ നടത്തുന്നതായി മനസ്സിലാക്കാം. അതായത്, സംസ്‌കാരപഠന ത്തെ ഒരിക്കലും ഒന്നായി മാത്രം കാണാനാകില്ല.  ഉണക്ക  (Dry)  അക്കാദമിക വ്യവഹാരങ്ങളായും വളരെ ഉർവ്വരമായ പ്രയോഗങ്ങളായും മാറാനുള്ള സാധ്യത അവയ്‌ക്കുണ്ട്.

?  ‘കലാവിമർശം: മാർക്‌സിസ്റ്റ് മാനദണ്ഡം’ എന്ന പുസ്തകത്തിന്റെ വലിയൊരു പ്രാധാന്യം സാഹിത്യത്തിനു പുറത്ത് ഒരു കാഴ്ച സംസ്‌കാര (Visual Culture)ത്തെ അന്നുതന്നെ അവതരിപ്പിച്ചു (സിനിമ, ചിത്രകല തുടങ്ങിയവ) എന്നതാണ്. എന്നാൽ മാഷ് ഈ പുസ്തകത്തിൽ ഇല്ലാത്ത മറ്റൊരു തരത്തിലുള്ള അവതരണപാരമ്പര്യ (Performance Tradition) ത്തെക്കുറിച്ചാണല്ലോ പഠിച്ചത്.

കൂടിയാട്ടം

കൂടിയാട്ടം

കഥകളി, കൂടിയാട്ടം എന്നീ കലകൾ സവർണ നാടുവാഴിത്ത മൂല്യങ്ങളുടെ ഉല്‌പന്നങ്ങളാണെന്നും അവയിലൊന്നും പഠിക്കാൻ ഇല്ലെന്നുമുള്ള ധാരണ പ്രബലമായിരുന്നുവല്ലോ. ഇത്തരം പഠനങ്ങളുടെ സാമൂഹിക പ്രസക്തിയെപ്പറ്റി വിശദീകരിക്കാമോ.

=  ‘കലാവിമർശം: മാർക്‌സിസ്റ്റ് മാനദണ്ഡം’ എന്ന പുസ്തകത്തില് നിന്നുതന്നെ തുടങ്ങാം. ഈ പുസ്തകത്തിന് ശീർഷകത്തിൽ തന്നെ വലിയ വൈരുധ്യം ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നു. സാഹിത്യത്തിൽ നിന്ന് വിടുതൽ നേടിയെങ്കിലും കലയിലെത്തിക്ക ഴിഞ്ഞിട്ടില്ലാത്ത വിധമാണ് ഇതിന്റെ ശീർഷകം. അതേസമയം, പുസ്തകത്തിലെ ലേഖനങ്ങൾ കലയിൽനിന്നും വിട്ടതായും കാണാം. ടി കെ യുടെ കുറിപ്പുകളിൽ അദ്ദേഹം വളരെ രസകരമായ നിരീക്ഷണങ്ങൾ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. ‘എങ്ങനെയാണ് സാമ്പാറിന്റെ മണം വാസനയും മീൻകറിയുടെ മണം നാറ്റവും ആകുന്നത്?’  ഉദാഹരണമാണ്. രണ്ടും ഭക്ഷണമാണ്. അതേസമയം, വേർതിരിവിന്റെ ജാതീയവും വർഗീയവുമായ ഉപരിവർഗബോധ്യം ആ ഭാഷയ്ക്കകത്തുണ്ട്. അതായത്, പുസ്തകത്തിന്റെ ശീർഷകം കലാവിമർശനമാകുമ്പോൾ തന്നെ അതിനകത്തെ ലേഖനങ്ങൾ ഭൂതകാലവുമായി നിരന്തരം ഇടപാടുണ്ടാക്കാന് ശ്രമിക്കുന്നുണ്ട്. ഭൂതകാലത്തെ എങ്ങനെയാണ് സംബോധന ചെയ്യേണ്ടത് എന്നതിന്റെ മാതൃക കൂടിയാണത്.

എന്റെ പഠനങ്ങളുടെ കാര്യത്തിലും ഭൂതകാലത്തെ എങ്ങനെയാണ് സംബോധന ചെയ്യേണ്ടത് എന്ന ചോദ്യം തന്നെയാണ് പ്രധാനം. കാരണം മൃതമായത്, നഷ്ടമായത്, അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നത് എന്ന അർത്ഥത്തിലല്ല ഞാൻ ഭൂതകാലത്തെ കാണുന്നത്. ഇന്നും നമ്മുടെ സമകാലികതയിൽ തുടർന്നുകൊണ്ടിരിക്കുന്ന അംശം തന്നെയാണത്. നാം അതിനെ എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം.

റെയ്‌മണ്ട്‌  വില്യംസ്‌

റെയ്‌മണ്ട്‌ വില്യംസ്‌

റെയ്‌മണ്ട് വില്യംസ് മൂന്നു തരത്തിലുള്ള സംസ്‌കാരവിശേഷങ്ങളെ പറ്റി പറയുന്നുണ്ട്.

ശിഷ്ടം (Residual) പ്രബലം (Dominant) നവം (Emerging)എന്നിവയാണവ. അതല്ലാതെ സമകാലമെന്നത് ഭൂതകാലത്തിൽനിന്നും ഭാവിയിൽ നിന്നും വെട്ടിമാറ്റപ്പെട്ട ഒന്നല്ല. ആ അർത്ഥത്തിൽ ഭൂതകാലത്തിന്റെ പല അംശങ്ങളും നമ്മളിൽ തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. നാം അവയുമായി നിരന്തരം സംഘർഷത്തിലും സമന്വയത്തിലും സംവാദത്തിലും ഏർപ്പെട്ടുകൊണ്ടേയിരിക്കുന്നുണ്ട്. യഥാർഥത്തിൽ ഞാൻ പതിനെട്ടാം നൂറ്റാണ്ടിനെപ്പറ്റി പഠിക്കുമ്പോൾ കേവലം ആ കാലഘട്ടത്തെപ്പറ്റി മാത്രമല്ല പഠിക്കുന്നത്. അത് സമകാലത്തുനിന്നുകൊണ്ട് നിർവഹിക്കുന്നതിനാൽ സമകാലത്തെക്കുറിച്ച് കൂടുതൽമനസ്സിലാക്കാനാകുമെന്നുമുള്ള അടിസ്ഥാനധാരണ കൂടിയാ ണ് ഇതോടൊപ്പം രൂപപ്പെട്ടുവരുന്നത്.
 മറ്റൊന്ന്, കഥകളികൂടിയാട്ടം എന്നിവ എന്റെ വളർച്ചയുടെ ഘട്ടങ്ങളിൽ ഞാൻ കണ്ടുശീലിച്ച കലാരൂപങ്ങൾ കൂടിയാണ്. അത് ഒരു ഫ്യൂഡൽ കാലത്തിന്റെ പ്രതിരൂപങ്ങൾ അല്ലേ, അത് പഴമയുടേയും പാരമ്പര്യത്തിന്റേയും തുടർച്ചയല്ലേ തുടങ്ങിയ ചോദ്യ ങ്ങൾ കേട്ടിട്ടുണ്ട്.

എന്നാൽ അതവതരിപ്പിക്കുന്ന കലാകാരെല്ലാവരും നമുക്ക് സമമായി തന്നെ ജീവിക്കുന്നവരാണ്. പലപ്പോഴും നിർധനരാണ്. അരങ്ങത്തു ഭീമനായും ശിവനായും ബ്രഹ്മാവായുമൊക്കെ വരുന്ന ആളു തന്നെയാണ് നാട്ടിലെ റേഷൻ കടയിൽ ക്യൂ നിന്ന് അരി വാങ്ങുന്നതും. ഈ ബന്ധം നമുക്ക് എങ്ങനെയാണ് മറക്കാനാവുക? അത്തരത്തിൽ  ആലോചിക്കുമ്പോൾ ഒരു കലാരൂപവും ഏകമുഖമായതല്ല എന്നുകാണാം. അതേസമയം, നാം ഇത്തരം കലാരൂപങ്ങളെ ക്ലാസിക്കൽ ‐ നാടോടി എന്നിങ്ങനെ തരം തിരിക്കുന്നുമുണ്ട്. ഇത്, കൊളോണിയൽ ചിന്തയുടെ സ്വാധീനത്തിലുള്ള വിഭജനമാണ്. അതിനാൽ ക്ലാസിക്കൽ എന്ന വിഭാഗത്തിൽ വരുന്നതെല്ലാം ഉപരിവർഗത്തിന്റെയും നാടോടി എന്ന വിഭാ ഗത്തില് വരുന്നതെല്ലാം താഴ്ന്ന/കീഴാള വിഭാഗത്തിന്റേതും എന്നു വന്നു. അത്തരത്തിലൊരു കാഴ്ച ശരിയല്ലാത്തതാണ്. ഉദാഹരണത്തിന്, തെയ്യം കെട്ടുന്നത് കീഴാള വിഭാഗത്തിലുള്ള മനുഷ്യരാകുമ്പോൾതന്നെ അതിനകത്തുമില്ലേ മേലാള വിഭാഗത്തിന്റെ പ്രത്യയ ശാസ്ത്രപരവും സാമൂഹികവുമായ ദർശനങ്ങൾ.

പലപ്പോഴും ദൈവമാക്കപ്പെടുന്നതു തന്നെ അക്രമത്തിന്റെ ഫലമായാണ്. ഇവയുടെ മധ്യസ്ഥത വഹിക്കുന്ന പ്രക്രിയയാണ് അക്കാലത്ത് ഉണ്ടായിരുന്നത്. ഇത്തരം മധ്യസ്ഥത കഥകളി,കൂടിയാട്ടങ്ങളുടെ രംഗത്തും നടക്കുന്നുണ്ട്. അതിനാൽത്തന്നെ, ഈ രൂപങ്ങളൊന്നും ശൂന്യാകാശത്തിൽ നിൽക്കുന്നവയല്ല. അവ അതാത് കാലങ്ങളുമായുണ്ടാകുന്ന പ്രതിപ്രവർത്തനങ്ങളുടെ ഫലമായി സാമൂഹ്യപാഠങ്ങളായി മാറുന്നുണ്ട്. ഇത്തരം പാഠങ്ങൾ കാണാൻ ശ്രമിക്കുമ്പോൾ മാത്ര മേ ഏത് രീതിയിലാണ് അവ ഇന്നത്തെ അനുഭവങ്ങളുമായി സംവദിക്കുന്നതെന്ന് മനസ്സിലാക്കാനാകൂ. ഒരു ഉദാഹരണം പറയുകയാണെങ്കിൽ, കഥകളി എന്ന കലാരൂപം പൗരാണിക കഥകളെ (രാമായണം, മഹാഭാരതം എന്നിവ) അടിസ്ഥാനമാക്കിയുള്ളതാണ്. പലപ്പോഴും നാം കല്പിച്ചു നൽകാത്ത സ്വഭാവസവിശേഷതകളും സൂക്ഷ്മതകളും അവയിലുണ്ട്. ഇത് അത്രമാത്രം അത്ഭുതകരമാണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ് ഉത്തരം. രാമായണത്തിൽ നമുക്ക് ഉണ്ടായിട്ടുള്ള ഭാഷ്യങ്ങളുടെ ഒരു ശൃംഖല നോക്കിയാൽതന്നെ അത് മനസ്സിലാകും.

ഇരുപതാം നൂറ്റാണ്ടിൽ ശ്രീകണ്ഠൻ നായർ  രാമായണത്തിന്റെ വളരെ ആധുനികമായ ഒരു ഭാഷ്യം ഉണ്ടാക്കിയിട്ടുണ്ട്. ഇങ്ങേയറ്റത്ത് നോക്കുകയാണെങ്കിൽ സാറ ടീച്ചറുടെ ഊരുകാവൽ പോലുള്ള ഒരു വേറിട്ട രാമായണം ഉണ്ടാക്കി. ഇത്തരത്തിൽ ചില പാഠങ്ങളിലേക്ക്‌  നാം തിരിച്ചുപോവുകയും അവ പുനർനിർവചിക്കപ്പെടുകയും/ക്രമീകരിക്കപ്പെടുകയും പുനഃസൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അതു കൊണ്ട് രാമായണം രണ്ടായിരം വർഷങ്ങൾക്ക്‌  മുമ്പ് എഴുതപ്പെട്ട കൃതിയാണ് എന്നതുകൊണ്ട് നാമതിനെ നിരസിക്കുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് ഭാവുകത്വത്തിന്റേയും സാമൂഹികമായ ചിന്തയുടേയും കലയിലൂടെ അനുഭവത്തെ സമീകരിക്കുന്നതിന്റേയും ചരിത്രം തന്നെയാണ്. യഥാർഥത്തില് എഴുത്തച്ഛനിലൂടെയും മറ്റനേകം വഴികളിലൂടെയും സഞ്ചരിച്ച് ശ്രീകണ്‌ഠൻ നായർ വഴി തുടരുകയും ചെയ്ത രാമായണ ഭാഷ്യങ്ങളുടെ ഇങ്ങേത്തലയ്‌ക്കലാണ് സാറ ടീച്ചര് നിൽക്കുന്നത്.

അതിനുശേഷവും രാമായണ ഭാഷ്യങ്ങൾക്ക്‌ തുടർച്ച ഉണ്ടാകുന്നുണ്ട്. അത്തരം ഒരു ചരിത്ര ബോധ്യത്തിൽ നിന്ന് നോക്കുമ്പോൾ കഥകളി ഫ്യൂഡൽ ആണ് തെയ്യം നാടോടിയാണ് എന്നുള്ള വിഭജനങ്ങൾ വളരെ അപക്വമാണെന്ന് കാണാം. അത് വളരെ എളുപ്പവും(Schematic)തിരസ്‌കരണത്തിന്റേതുമായ രാഷ്ട്രീയമാണ്. എങ്ങനെ ഒന്നിനെ തിരസ്‌കരിക്കാം എന്നതാണ് ആലോചിക്കുന്നത്. എന്നാൽ പിന്നെ അതിനെപ്പറ്റി അന്വേഷിക്കേണ്ടതില്ല എന്ന കേവലമായ സൗകര്യമാണ് അതിനുള്ളത്. എന്നാൽ, മറ്റൊരു തരത്തിലത് വിമർശനപരമായ നോട്ടത്തെ അപ്പാടെ റദ്ദ് ചെയ്യുന്നുമുണ്ട്.

ഭൂതകാലത്തെ കേവലം ഭൂതകാലമായോ അതിന്റെ ആഘോഷമായോ മാത്രമല്ല കാണുന്നത്. മറിച്ച്, വിമർശനപരമായാണ് സമീപിക്കുന്നത്. അതുമാത്രമല്ല, ഭൂതകാല പ്രക്രിയകളുടെ സംക്രമണത്തിലൂടെ ഇന്നിനെ ഇന്നാക്കിത്തീർത്ത ഘടകങ്ങൾ എന്തെല്ലാമാണെന്ന് കൂടിയാണ് നാം കണ്ടെത്താന് ശ്രമിക്കുന്നത്. മറ്റൊരു വശത്ത് ഭൂതകാലത്തിൽ നിന്ന് അല്ലാതെ ഭാവിയിൽ നിന്നും നമുക്ക് പഠിക്കാനാവില്ല എന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്. ചരിത്രം ഇല്ലെങ്കില് പിന്നെ മനുഷ്യനും ഇല്ലല്ലോ?

മറ്റൊരുതരത്തിൽ, ശരീരപരമായി ഇതിനെ നോക്കിക്കാണാവുന്നതാണ്. ഉദാഹരണത്തിന്, കഥകളിയുടെ ശരീരം കൃത്യമായ ശ്രേണീബദ്ധസാമൂഹികവ്യവസ്ഥ യ്‌ക്കകത്ത് ജാത്യാലുള്ളതല്ലാത്ത കീഴാളത എങ്ങനെയാണ് നിർമിച്ചെടുക്കുന്നതെന്നത് വളരെ പ്രധാനമാണ്. ഇവിടെ ശരീരത്തെ തന്നെ ഉപകരണമായി കാണുകയാണ്. ആ ഉപകരണത്തെ ഈയൊരു വ്യാകരണവ്യവസ്ഥയ്‌ക്കനുസരിച്ച് അടിച്ചും അതിഭീകരമായി ഭേദ്യം ചെയ്തും വേദനിപ്പിച്ചും ഇത്തരമൊരു ശരീരമാക്കി മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. സൗന്ദര്യത്തിന് അത്തരമൊരു മറുവശം കൂടിയുണ്ട്. ആ ശരീരത്തിനകത്തു നിന്നുമാണ് ഒരു കലാമണ്ഡലം കൃഷ്ണൻനായരോ കലാമണ്ഡലം ഗോപിയോ വളരെ സമകാലികമായ ഒരു അംശം നിർമിച്ചെടുക്കുന്നത്. ഇവിടെ, ഈ ശരീരം എന്നത് പഴയ ശരീരമേയല്ല. എന്നാൽ പുതിയ ശരീരം എന്നത് പഴയ ശരീരത്തിന്റെ അംശങ്ങൾ കൊണ്ടാണ് നിർമിക്കപ്പെടുന്നത് എന്നും കാണാം. ഇത്തരമൊരു ബന്ധങ്ങളുടെ തുടർച്ചയേയാണ് ഞാൻ പഠിക്കാൻ ശ്രമിച്ചത് എന്ന് തോന്നുന്നു. അതിനെപ്പറ്റി ധാരാളം വിമർശനങ്ങളുമുണ്ടായിട്ടുണ്ട്. അതിനെയെല്ലാം ഇതിന്റെ ഭാഗമായി തന്നെയാണ് കാണുന്നത്.

?  കല എന്നതിനെ ഒരു മാധ്യമമായാണ് പണ്ടു കണ്ടിരുന്നത്. എന്നാൽ അത് മനുഷ്യന്റെ ഉണ്മയാണെന്ന് തിരിച്ചറിയപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാഷ് നേരത്തെ ജീവിക്കാൻ പ്രയാസപ്പെടുന്ന കലാകാരൻമാരെക്കുറിച്ച് പറയുകയുണ്ടായി. പലപ്പോഴും കേരളത്തിലെ ചിത്രകാരർ, ശിൽപ്പികൾഎന്നിവരെ നാം തിരിച്ചറിയുന്നത് പോലുമില്ല. കലയോടുള്ള പൊതുസമീപനം ഇത്തരം മുൻവിധികൾ രൂപപ്പെടുത്തുന്നതില് പ്രധാന പങ്ക് വഹിച്ചതായി കാണാനാകുമോ.

=  കല എപ്പോഴും ലംഘനങ്ങളാണ്. ഉള്ളതിൽ തൃപ്തിയാകാത്തതുകൊണ്ടാണല്ലോ കല ഉണ്ടാകുന്നത്. നിലനിൽക്കുന്നതിനെ അതേപടി പകർത്തിവയ്ക്കുന്നത് കലയാകുന്നുമില്ലല്ലോ. അവിടെയാണ് സർഗാത്മകത(Creativity)യുടെ പ്രാധാന്യം. മാത്രവുമല്ല പല കാഴ്ചകളിലൂടെ ലോകത്തെ അപരിചിതവൽക്കരിക്കുക (Unfamiliarization) യാണ് കല ചെയ്യുന്നത്. അതായത്, നമുക്ക് സ്വതവേ ലഭ്യമല്ലാത്ത പ്രതലങ്ങളെയും വഴികളെയും അനുഭവങ്ങളേയും കല നമുക്ക് ലഭ്യമാക്കിത്തരുന്നു. അതുകൊണ്ട്, കല രണ്ടുതരം പരിവർത്തനങ്ങൾ നടത്തുന്നുണ്ട്. ഒന്ന്, ജീവിതത്തെ പരിവർത്തനപ്പെടുത്തുന്നു. മറ്റൊന്ന്, നമ്മൾതന്നെ പരിവർത്തനപ്പെടുന്നു. അവിടെയാണ് കലയില്ലെങ്കിൽ ജീവിതമില്ലെന്ന് പറയാനാവുന്നത്. കല അവരവരുടെ (ആസ്വാദകരുടേയോ കർത്താക്കളുടേയോ) സ്വന്തം ഉണ്മയുടെ പ്രകാശനമാകുമ്പോൾ തന്നെ ഉണ്മയ്‌ക്കപ്പുറം പോകാനുള്ള ശ്രമം കൂടിയാണ്.

അതായത്, കല എന്നത് ഒരേസമയം ഉണ്മയുടെ നിഷേധവും പുനർ നിർണയനവുമാകുന്നു എന്നർഥം. കല കേവലം ക്രാഫ്റ്റോ ഉള്ളടക്കമോ മാത്രമല്ല. (ക്രാഫ്റ്റും ഉള്ളടക്കവും കലയിലുണ്ടുതാനും). എന്നാൽ രൂപത്തിന് യിൽസവിശേഷമായ പ്രാധാന്യമുണ്ട്. ഉദാഹരണത്തിന്, ഒരു കഥയുടെ ഉള്ളടക്കം ഒന്നാകുമ്പോൾതന്നെ (സംഭവങ്ങളും കഥാപാത്രങ്ങളും കാലികമായ ക്രമവും ഒന്നായിരിക്കാം). അതിനെ പലതരത്തിൽ ആവിഷ്‌കരിക്കാനാകും. എന്നാൽ കഥ മാറുന്നില്ല. ഇത്തരത്തിൽ, രൂപത്തിലാണ് ഒരേസമയം അതിന്റെ കലാപരമായ ആസ്വാദനവും അതേസമയം അതിന്റെ കലാപരമായ വിമോചനവും അടങ്ങിയിരിക്കുന്നത്. എല്ലാ കലയിലും ഉല്ലംഘനത്തിന്റെ അംശമുണ്ട്. വളയത്തിനകത്തു നിൽക്കുമ്പോൾ തന്നെ കല, അതിനെ മറികടക്കാനും ശ്രമിക്കുന്നു.‘Art becomes not a representation or figuring of life but life itself ’എന്നുവരുന്നു. ജീവിതം തന്നെയാണ് കല.

നിലനിൽക്കുന്ന ക്രമത്തിനകത്ത് ജീവിക്കുമ്പോൾതന്നെ ആ ക്രമങ്ങളെ തകർത്തു പുറത്തുചാടാനുള്ള നമ്മുടെ വാഞ്ഛ തന്നെയാണ് പലപ്പോഴും കലയായി മാറുന്നതും. ഈ വീക്ഷണത്തോടെയാണ് ബുദ്ധനും ഗാന്ധിക്കും അംബേദ്കർക്കും നമ്മുടെ ചുറ്റും ജീവിക്കുന്ന പലർക്കും ജീവിതം തന്നെയാണ് കല എന്നുപറയുന്നത്. ക്രമത്തിനോടുള്ള സംഘർഷവും അതിനകത്തു നിന്നുകൊണ്ടു തന്നെ പുറത്തുചാടാനുള്ള ശ്രമവുമാണത്. അങ്ങനെ വരുമ്പോൾ നമുക്ക് ഒരു കലയേയും തിരസ്‌കരിക്കാനാകില്ല. എല്ലാ കലയിലുമുണ്ട് ക്രമത്തിനോട് യോജിക്കുന്ന ഒരു അംശവും അതിനെ കടന്നുപോകുന്ന മറ്റൊരംശവും. അതു രണ്ടും കാണാനുള്ള കണ്ണുകളാണ് കലാ വിമര്ശകര്ക്ക് ആവശ്യം.

?  ക്ലാസിക്കൽ കലകളും മറ്റും പഠിക്കാന് മാഷ് സവിശേഷമായ മാതൃകകൾ നിർമിച്ചിട്ടുണ്ട് എന്നാണ് മനസ്സിലായിട്ടുള്ളത്. മാതൃകകളിലേക്ക് മാഷ് എങ്ങനെയാണ് എത്തിച്ചേർന്നത്.

പ്രധാനമായും എന്റെ വർക്കിൽ മൂന്ന് പരികൽപ്പനകളാണ് വന്നിട്ടുള്ളത്. ഒന്ന്, നേരത്തെ സൂചിപ്പിച്ച ചരിത്രവും സാമൂഹികതയുമാണ്. അത് കേവലം പശ്ചാത്തലമായി നിൽക്കുന്ന സാമൂഹ്യസാഹചര്യമല്ല. എങ്ങനെയാണ് സാമൂഹികത തന്നെ അവതരിപ്പിക്കപ്പെടുന്നത് (Performance)  എന്നത് പ്രധാനമാണ്. അത് മറ്റൊരു ഭാഷയിലായിരിക്കും ഉണ്ടാവുക. അതായത്, ഒരു കലാരൂപത്തിന്റെ സവിശേഷമായ ഭാഷയിൽ എങ്ങനെയാണ് സാമൂഹികമായ ഒരു അനുഭവത്തെ, ചരിത്രഘട്ടത്തെ, ചരിത്രപരമായ കർതൃത്വത്തെ(Subjectivity)ആവിഷ്‌കരിക്കുന്നത് എന്നതാണത്. ഒരേ കാലത്തു തന്നെയുള്ള രണ്ടു വ്യത്യസ്ത രൂപങ്ങളിൽ ഇത്‌ അനുഭവത്തെ രണ്ടു വ്യത്യസ്തമായ രീതികളിലായിരിക്കും ആവിഷ്‌കരിച്ചിട്ടുണ്ടാകുക. ഇത് മനസ്സിലാക്കാൻ രൂപ (Form)  ത്തിൽ എന്താണ് നടക്കുന്നത് എന്ന് നോക്കേണ്ടതുണ്ട്.

കഥകളിയുടെയോ ഓട്ടംതുള്ളലിന്റെയോ രൂപത്തിൽ കാണുന്ന ഒരേ കാലഘട്ടത്തോടുള്ള പ്രതികരണങ്ങളും അവയുടെ ആവിഷ്‌കാരങ്ങളും അതത് രൂപങ്ങളുമായി ബന്ധപ്പെട്ടു വികസിച്ചതാണ്. അവയെ നിർധാരണം ചെയ്യാനുള്ള രീതികൾ എന്താണ്? അതിന് മിക്കവാറും ഞാൻ സ്വീകരിക്കുന്ന രീതി ഒന്നിലേറെ സംഗതികൾ ചേർത്ത്‌ വായിക്കുന്ന രീതി (Frictional Reading) യാണ്. ഇത്തരത്തിൽ ചേർത്തുവായിക്കുമ്പോഴേ അതിനകത്തെ ധാരണകളെ പുറത്തുകൊണ്ടുവ രാനാകൂ.

രണ്ടാമത്തേത് ശരീരമാണ്. അവതരണ കലകളിൽ ഏറ്റവും പ്രധാനമാണ് ശരീരം. കേരളത്തിന്റെ സവിശേഷമായ സാഹചര്യത്തില് ശരീരഘടനയെ ക്രമമാക്കി മാറ്റുകയും ജ്ഞാനോപാധിയാക്കുകയും(Body is the site of knowledge)  ചെയ്തതായി കാണാം. മനസ്സിന് പ്രാമാണികത കൽപ്പിച്ചു നൽകുന്ന പാശ്ചാത്യ കാർട്ടീഷ്യൻ രീതിയിൽ നിന്നും വ്യത്യസ്തമായി ശരീരം തന്നെ അനുഭവത്തിന്റേയും അറിവിന്റേയും പ്രതികരണത്തിന്റേയുമൊക്കെ സ്ഥലിയാക്കി മാറ്റുന്ന രീതിയാണത്. അത് പരമ്പരാഗതമായി ഇവിടെ ഉണ്ടായിരുന്നതുമാണ്. അതിന്റെ സ്വഭാവങ്ങൾ എന്തെന്ന് അന്വേഷിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അതിനെ ആഘോഷിക്കാനല്ല, പ്രത്യേക സാമൂഹികക്രമങ്ങളിൽ ഉണ്ടായി വരുന്നതാണതെന്നും അത്തരം ശരീരസ്ഥതയുടെ സാമൂഹിക സ്വഭാവം എങ്ങനെയാണെന്നും അതിന്നും സാധ്യമാണോ തുടങ്ങിയ അന്വേഷണങ്ങളാണ് അവ.

കഥകളി - ഫോട്ടോ: ഷാജി മുള്ളൂക്കാരൻ

കഥകളി - ഫോട്ടോ: ഷാജി മുള്ളൂക്കാരൻ

ഇത്തരം വഴികളിലൂടെ അന്വേഷിച്ച ഒരു കാര്യം കഥകളിയുടെ രൂപത്തിൽ ശരീരത്തിന് വരുന്ന മാറ്റമെന്താണ് എന്നതാണ്. ഉദാഹരണത്തിന്, നൂറു വർഷങ്ങള്ക്കു മുമ്പ് മധ്യ കേരളത്തിലെ കൃഷിയിടങ്ങളിലെ പാടവരമ്പിലൂടെ നടന്നു കളരിയിൽ പോകുന്ന ഒറ്റമുണ്ടുടുത്ത കുട്ടിയുടെ ശരീരവും (അല്ലാത്ത സമയങ്ങളിൽ ആ ശരീരം ഒരുപക്ഷേ കൃഷിയിടങ്ങളിൽ പണിയെടുക്കുകയും ആകാം) ഇന്ന് ചെരുപ്പ് ധരിക്കുകയും ടാറിട്ട റോഡിലൂടെ നടക്കുകയും ബസ്സിലും കാറിലും ഫ്ലൈറ്റിലുമൊക്കെ പോവുകയും കൂടെ കഥകളി പഠിക്കുകയും ചെയ്യുന്ന ഒരു കുട്ടിയുടെ ശരീരവും തമ്മില് ഭൗതികമായും സാംസ്‌കാരികമായും എന്തുതരം വ്യത്യാസങ്ങളാണ് ഉണ്ടാവുക? അതെങ്ങനെയാണ് കലാരൂപത്തിന്റെ ശരീരത്തില് പ്രതിഫലിക്കുക? ആ പ്രതിഫലനങ്ങൾ ഏതു രീതിയിൽ സാമൂഹിക യാഥാർഥ്യത്തെ സൂചിപ്പിക്കുന്നു തുടങ്ങിയ അന്വേഷണങ്ങളാണവ.

മൂന്നാമത്തേത്, ഇടമാണ്. അത് സാമൂഹികമാണ്. ഇപ്പോൾ നാം സംസാരിക്കുന്നതുതന്നെ സവിശേഷമായ ഒരു ഇടത്തിലാണ്. ഒരുപക്ഷേ മറ്റൊരിടത്തിൽ സമാനമായി സംസാരിക്കാന് ആയിക്കൊള്ളണമെന്നില്ല. എങ്ങനെയാണ് ഇടം എന്നുപറയുന്ന സാമൂഹികമായ ഘടകം അഥവാ അനുഭവം പ്രവര്ത്തിയേയും കാഴ്ചയേയും കലാരൂപത്തെയുമൊക്കെ സ്വാധീനിച്ചത് എന്ന അന്വേഷണമാണിത്. എന്റെ ഒരു സമീപനം സവിശേഷമായി കൂടിയാട്ടത്തെ കേന്ദ്രീകരിച്ചാണ് നടത്തിയിരിക്കുന്നത്. എങ്കിലും പൊതുവേ അവതരണ രൂപങ്ങളിലെല്ലാം സമീപിക്കാവുന്ന ഒരു സൈദ്ധാന്തിക സമീപനമായാണ് അത് വികസിപ്പിക്കാൻ ശ്രമിച്ചത്. അത് ആത്യന്തികമായി മൂന്നു ഘടകങ്ങൾ തമ്മിലുള്ള ബന്ധത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. ഇടം, അവതാരകർ, പ്രേക്ഷകർ എന്നിവയാണവ.

ഒരു പ്രത്യേക ഇടത്തിൽ അവതാരകന്റെ സവിശേഷമായ ഇടപെടൽ മൂലം കാഴ്ചക്കാരന് ചില സവിശേഷ കാഴ്ചവഴികൾ(Ways of Seeing) ഉണ്ടാകുന്നുണ്ട്. അതായത് ഇവ മൂന്നും തമ്മിൽ ഒരു സമതുലിത(Triangular)) ബന്ധമാണുള്ളത്. ഇതിലാകട്ടെ ഒരു ഘടകത്തിന് മാറ്റം സംഭവിച്ചാൽ മറ്റുള്ളവ രണ്ടും മാറും. ഇതിലൂടെ കൂടിയാട്ടത്തിന്റെ രൂപത്തെ വിശകലനം ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. കൂടിയാട്ടത്തിന് മാത്രമല്ല ഏത് അവതരണ കലയ്‌ക്കും ഈ വിശകലന മാതൃക ഉപയോഗിക്കാനാകും. അതിലൂടെ ആ രൂപത്തിന്റെ സവിശേഷതകൾ എന്തെന്ന് കണ്ടെത്താനുമാകും.

?  അക്കാദമിക് മേഖലയിൽ മാഷ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവൃത്തികളെ എങ്ങനെയൊക്കെ മുന്പോട്ടു കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത് എന്നു കൂടി പറഞ്ഞാല് തൽക്കാലം നമുക്ക് കഥ നിർത്താം.

=   ആധുനികത എന്ന ആശയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണമെന്നാണ് കരുതുന്നത്. കഥകളി എങ്ങനെയാണ് ആധുനികതയുടെ പാഠമായി മാറുന്നത്, കഥകളിയുടെ രൂപത്തെ ആധുനികതയുടേതായി പരിഗണിച്ചുകൊണ്ട് അതിനകത്തു വരുന്ന സാമൂഹിക വ്യവസ്ഥ, ദേശീയതയുടെ രൂപീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ആലോചനാവഴികളാണുള്ളത്. ഇതുമായി ബന്ധപ്പെട്ട കുറച്ചു ലേഖനങ്ങൾ പണ്ട് എഴുതിയിട്ടുണ്ട്. അതിന്റെ പിൻബലത്തോടെ ആലോചനകൾ വിപുലപ്പെടുത്തണം എന്നാണ് കരുതുന്നത്. രൂപത്തിന്റെ സാമൂഹ്യചരിത്രം എന്ന വിധത്തിലാണ് ആലോചിക്കുന്നത്. ഭരതനാട്യത്തിന്റെ ബ്രാഹ്മണവൽക്കരണവുമായി ബന്ധപ്പെട്ട് സമാനമായ പഠനങ്ങൾ വന്നിട്ടുണ്ട്. കഥകളി പൊതുമണ്ഡലത്തില് എത്തിയ പ്രക്രിയയെക്കുറിച്ചും പഠിക്കാൻ ഉദ്ദേ ശിക്കുന്നു. കേരളത്തിന്റെ ആധുനികതയിൽ ഇടം ഇങ്ങനെയാണ് ഒരു സംവർഗമായി മാറുന്നതെന്ന ആലോചനകളും മനസ്സിലുണ്ട്. അവസരം കിട്ടിയാല് ചെയ്യാം  .
(തയ്യാറാക്കിയത്: ആര്യ പി കെ, കൃഷ്ണ കെ പി)

(ദേശാഭിമാനി വാരികയിൽ നിന്ന്)




 



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top