17 April Wednesday

പുതിയ പാലം, പുതിയ കാലം ; മേൽപ്പാലം ജോർ

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022


കൊച്ചി
പാലാരിവട്ടം പുതിയ മേൽപ്പാലം ജോർ എന്ന്‌ ഡോ. ജോ ജോസഫ്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി തിരക്കേറിയ ബൈപാസ്‌ ജങ്ഷനിലെത്തിയതാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. പാലത്തിനടിയിലൂടെ മറുവശം കടക്കുമ്പോഴാണ്‌ ഒരുവർഷംമുമ്പ്‌ ഗതാഗതത്തിന്‌ തുറന്ന പുതിയ മേൽപ്പാലത്തെക്കുറിച്ച്‌ ഡോ. ജോ ജോസഫിന്റെ കമന്റ്‌.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും സജീവ ചർച്ചയാണ്‌ ഒന്നാം പിറന്നാൾ പിന്നിട്ട  പാലാരിവട്ടം പുതിയ മേൽപ്പാലം. യുഡിഎഫ്‌ ഭരണകാലത്തെ അഴിമതിയുടെ സ്‌മാരകമായിരുന്ന പഴയപാലം പൊളിച്ചാണ്‌ നൂറുവർഷത്തെ ആയുസ്സോടെ പുതിയപാലം നിർമിച്ചത്‌.  വികസന മുദ്രാവാക്യമുയർത്തി എൽഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ ഉത്തരം മുട്ടുകയാണ്‌ യുഡിഎഫിന്‌.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത്‌ സംസ്ഥാനത്താകെ ചർച്ചയായിരുന്നു പാലാരിവട്ടം അഴിമതി. നിർമാണം പൂർത്തിയായി ഗതാഗതത്തിന്‌ തുറന്ന്‌ രണ്ടുവർഷവും ആറുമാസവും പിന്നിട്ടപ്പോഴാണ്‌ ആദ്യപാലം തകർന്നത്‌. 2014 സെപ്‌തംബറിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ്‌ പാലം നിർമാണം ഉദ്‌ഘാടനം ചെയ്‌തത്‌. 400 ദിനം 100 പാലം എന്ന അതിവേഗ പദ്ധതിയിൽ.

2016ൽ അപ്രോച്ച്‌ റോഡ്‌ പൂർത്തിയാക്കി എൽഡിഎഫ്‌ സർക്കാർ പാലം തുറന്നു. പരക്കെ വിള്ളലും ബലക്ഷയവും കണ്ടെത്തിയതിനെ തുടർന്ന്‌ 2019 ജൂൺ ഒന്നിന്‌ പാലം അടച്ചു. മദ്രാസ്‌ ഐഐടിയുടെ പരിശോധനയിൽ ഗുരുതര നിർമാണ വീഴ്‌ചകളാണ്‌ കണ്ടെത്തിയത്‌. ആവശ്യത്തിന്‌ സിമന്റും കമ്പിയും ഉപയോഗിച്ചില്ലെന്നും കോൺക്രീറ്റിന്‌ ഗുണനിലവാരമുണ്ടായിരുന്നില്ലെന്നതും ഉൾപ്പെടെ.

അറ്റകുറ്റപ്പണികൾ മതിയാകില്ലെന്ന്‌ ഡിഎംആർസിയും വിധിയെഴുതി. ബലക്ഷയം നീക്കി പുതിയ പാലം നിർമിക്കുമെന്ന്‌ സർക്കാർ പ്രഖ്യാപിച്ചു. അതിനെതിരെയും യുഡിഎഫ്‌ രംഗത്തുവന്നത്‌ പാലാരിവട്ടത്തെ ഗതാഗതപ്രതിസന്ധിയും പൊതുജനങ്ങളുടെ ബുദ്ധിമുട്ടും വർധിപ്പിച്ചു. പാലം പൊളിക്കുന്നതിനെതിരെ ചില യുഡിഎഫ്‌ അനുകൂല സംഘടനകൾ കോടതിയിലെത്തി. കേസും കൂട്ടവുമായി പാഴായിപ്പോയത്‌ 16 മാസവും 22 ദിവസവും. ഒടുവിൽ സുപ്രീംകോടതിയിൽനിന്ന്‌ അനുകൂല വിധി നേടി സർക്കാർ പഴയപാലം പൊളിച്ചു. പുതിയ പാലത്തിന്റെ നിർമാണം ഡിഎംആർസിയെയും ഊരാളുങ്കൽ സൊസൈറ്റിയെയും ഏൽപ്പിച്ചു. 10 മാസം വേണ്ടിവരുമെന്നുകരുതിയ പുനർനിർമാണം അഞ്ചുമാസവും 10 ദിവസവുംമാത്രമെടുത്ത്‌ പൂർത്തിയാക്കി. ചെലവ്‌ 18. 5 കോടി. യുഡിഎഫ്‌ അഴിമതിയുടെ ഭാഗമായി പാലാരിവട്ടത്ത്‌ ആകെ ചെലവായത്‌ 59.5 കോടി രൂപ. പാലത്തിന്റെ പുനർനിർമാണത്തിന്‌ ചെലവായ പണം കരാറുകാരനിൽനിന്ന്‌ തിരിച്ചുപിടിക്കാനുള്ള നിയമനടപടികൾ തുടരുന്നു.

അഴിമതിക്കേസിൽ പൊതുമരാമത്തുമന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞാണ്‌  അഞ്ചാംപ്രതി. അതിന്റെ പേരിലാണ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കളമശേരിയിൽ അദ്ദേഹത്തിന്‌ സീറ്റ്‌ നിഷേധിച്ചത്‌. പകരം മകൻ സ്ഥാനാർഥിയായെങ്കിലും പാലാരിവട്ടം അഴിമതിയിൽ തടഞ്ഞുതന്നെ വീണു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top