29 March Friday

പക്ഷികളെ അടുത്തറിയുന്ന ന്യൂറോ സർജൻ

ഹേമലത hemalathajeevan@gmail.comUpdated: Sunday Oct 16, 2022

മനുഷ്യമസ്‌തിഷ്‌കത്തിൽ സംഭവിക്കുന്ന ചെറിയ വ്യതിയാനങ്ങളെ ഉറ്റുനോക്കുന്ന അതേ ജിജ്ഞാസയോടെ പ്രകൃതിയിലെ ചെറുജീവജാലങ്ങളെ പിന്തുടരുകയാണ്‌ ഡോ. ബിജി ബാഹുലേയൻ. എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ സീനിയർ ന്യൂറോ സർജനായ ഡോക്ടറുടെ ഒഴിവുകാല വിനോദമായ ഫോട്ടോഗ്രഫി സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്‌സിനെ സമ്മാനിച്ചിട്ടുണ്ട്‌.

ഡോ. ബിജി ബാഹുലേയൻ

ഡോ. ബിജി ബാഹുലേയൻ

എപ്പിലപ്‌സി സർജറി, സ്‌പൈൻ സർജറി, ന്യൂറോ സർജറി എന്നീ വിഭാഗങ്ങളാണ്‌ ഡോക്ടറുടെ ഔദ്യോഗിക തിരക്കുകൾ.  അതിൽനിന്നുള്ള ഒരു വിട്ടുനിൽക്കലാണ്‌ ഡോ. ബിജിക്ക്‌ പ്രകൃതിനിരീക്ഷണം. ഇതിനായി അവധി ദിനങ്ങളിൽ സർജിക്കൽ ബ്ലേഡ്‌ പിടിക്കുന്ന കൈകളിൽ കാമറയും തൂക്കിയിറങ്ങും.  അഞ്ചു വർഷംമുമ്പാണ്‌ കിളികളെയും ചെറുജീവികളെയും വീക്ഷിച്ച്‌ ഫോട്ടോകൾ എടുക്കാൻ തുടങ്ങിയത്‌. തട്ടേക്കാട്‌, കളമശേരി, മൂന്നാർ, തേക്കടി എന്നിവിടങ്ങൾ കൂടാതെ എറണാകുളത്തിന്റെ പരിസരപ്രദേശങ്ങളായ കടമക്കുടി, കണ്ടക്കടവ്‌, എടവനക്കാട്‌ എന്നിവിടങ്ങളിലും ആലപ്പുഴയിലെ തണ്ണീർത്തടങ്ങളിലുമാണ്‌ സ്ഥിരംയാത്രകൾ. രാവിലെ തുടങ്ങുന്ന യാത്ര വൈകിട്ട്‌ അവസാനിക്കുമ്പോൾ അന്ന്‌ എടുത്ത മിഴിവാർന്ന ഫോട്ടോകൾ എഡിറ്റ്‌ ചെയ്‌ത്‌ ഇൻസ്റ്റഗ്രാം പേജിൽ അപ്‌ലോഡ്‌ ചെയ്യും. പല വർണത്തിലും ഭാവങ്ങളിലുമുള്ള പക്ഷികൾ, തവളകൾ, തുമ്പികൾ, ചിത്രശലഭങ്ങൾ, കൂണുകൾ എന്നിവയുടെ മനോഹര ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ഡോക്ടറുടെ പേജിലെ സ്ഥിരംസന്ദർശകരാണ്‌. ഫോട്ടേകൾ എടുക്കാൻ ചിലപ്പോൾ ദീർഘനേരം കാത്തിരിക്കേണ്ടിവരാറുണ്ട്‌. മടുക്കാത്ത കാത്തിരിപ്പുകളാണ്‌ ഓരോ യാത്രയും സമ്മാനിക്കുന്നത്‌. പക്ഷിനിരീക്ഷകർക്കുപോലും പലപ്പോഴും ശരിക്ക്‌ കാണാൻ സാധിക്കാത്ത കരിന്തലയൻ മരങ്കൊത്തി രണ്ടു തവണ തന്റെ കാമറയുടെ മുന്നിൽ ഫോട്ടോയ്‌ക്ക്‌ പോസ്‌ ചെയ്‌തത്‌ അപൂർവ അനുഭവമായി ഡോക്ടർ സൂക്ഷിച്ചിട്ടുണ്ട്‌. കണ്ടൽക്കാടുകളുമായി ബന്ധപ്പെട്ട മേഖലയിലാണ്‌ ഇവയെ കൂടുതൽ കാണുക. ചെറുമീനുകളെയും ചെറുതവളകളെയും ഭക്ഷണമാക്കുന്ന ഇവ നീർത്തടങ്ങളുടെ മാളങ്ങളിലാണ്‌ കൂടുകെട്ടുന്നത്‌. ഒരു ക്ലിക്കിനായി മിനിറ്റുകൾ മുതൽ മണിക്കൂറുകൾവരെ കാത്തിരുന്നിട്ടുണ്ട്‌. 

ആലപ്പുഴ സ്വദേശിയായ ഡോ. ബിജി ബാഹുലേയൻ ആലപ്പുഴ ടിഡി മെഡിക്കൽ കോളേജിൽനിന്ന്‌ എംബിബിഎസും വെല്ലൂർ മെഡിക്കൽ കോളേജിൽനിന്ന്‌ ന്യൂറോ സർജറിയിൽ ബിരുദാനന്തര ബിരുദവും എടുത്തു. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസിൽ ജോലി ചെയ്‌തു. 15 വർഷമായി എപ്പിലെപ്‌സി സർജനായി വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവർത്തിക്കുന്നു. അമേരിക്കയിൽനിന്ന്‌ നാല്‌ ഫെലോഷിപ്പുകൾ. നിരവധി ജേണലുകളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ന്യൂറോ സർജറി വിഭാഗത്തിൽ ദേശീയ, അന്തർദേശീയ അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്‌. 

ഭാര്യ ഡോ. മഞ്ജുറാണി, വിദ്യാർഥികളായ മക്കൾ വെങ്കിട്‌, ശിവകാമി എന്നിവരോടൊപ്പം കലൂർ സ്‌റ്റേഡിയത്തിന്‌ അടുത്തുള്ള സ്‌കൈലൈൻ ഇമ്പീരിയൽ അപ്പാർട്ട്‌മെന്റിലാണ്‌ താമസം. തന്റെ ഫ്ലാറ്റിലെ കിളിവാതിലുകളിലൂടെ പകർത്തിയ ഷോട്ടുകൾ ഉൾപ്പെടുത്തി ചെറു വീഡിയോ തയ്യാറാക്കിവരികയാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top