24 April Wednesday

നിരീക്ഷണകാലം കഴിഞ്ഞ്‌ പോസിറ്റീവായാലും ഭയം വേണ്ടാ : ഡോ. ബി ഇക്‌ബാൽ

ഡോ. ബി ഇക്‌ബാൽUpdated: Thursday Apr 23, 2020

കോവിഡ് നിരീക്ഷണകാലത്തിന് (ക്വാറന്റൈൻ കാലം) ശേഷവും (14-–-28 ദിവസം) ചിലരിൽ പിസിആർ വൈറൽ ടെസ്റ്റ് പോസിറ്റീവായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. പിസിആർ ടെസ്റ്റിൽ വൈറസിന്റെ ആർഎൻഎ ഘടകമാണ് പരിശോധിക്കുന്നത്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണം പ്രകടിപ്പിക്കുന്നതുവരെയുള്ള കാലമാണ് ഇൻക്യുബേഷൻ പിരീഡ്. ഇത് ഒന്ന് മുതൽ 14 ദിവസം വരെയാകാമെങ്കിലും മിക്കവാറും അഞ്ചോ ആറോ ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. മിക്ക കേസുകളിലും തുടർന്ന് രോഗം എട്ടുദിവസംവരെ നീണ്ടുനിൽക്കാം. ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. ഈ കാലയളവിൽ രോഗിയിൽനിന്ന്‌ മറ്റുള്ളവരിലേക്ക് രോഗം പകരാൻ സാധ്യതയുണ്ട്. കേരളത്തിൽ പലരിലും രോഗകാലത്ത് ലക്ഷണം പ്രകടിപ്പിച്ചതായി കാണുന്നില്ല. ഇവരെയാണ് രോഗലക്ഷണമില്ലാത്ത രോഗികൾ എന്ന് വിളിക്കുന്നത്.

പിസിആർ ടെസ്റ്റ് ഇൻക്യുബേഷൻ പിരീഡിന്റെ അവസാന രണ്ടുദിവസംമുതൽ രോഗലക്ഷണങ്ങൾ അവസാനിക്കുന്നതുവരെയാണ് സാധാരണ ഗതിയിൽ പോസിറ്റീവായിരിക്കുക. ചിലരിൽ ഇത് പിന്നീടും പോസിറ്റീവ് ആകാം. എന്നാൽ, അവർക്ക് രോഗവ്യാപനസാധ്യത ഉണ്ടാകില്ല. മറ്റുള്ളവരിലേക്ക് രോഗം പകരില്ലെന്നർഥം. രോഗശമനശേഷം രോഗിയുടെ ശരീരത്തിൽനിന്ന്‌ രോഗവ്യാപനത്തിനാവശ്യമായ അളവിൽ വൈറസ് പുറത്തേക്ക് വരില്ല. ഈ ഘട്ടത്തിൽ പുറത്തേക്കുവരുന്ന വൈറസ് ഘടകങ്ങളെ വൈറസ് മാലിന്യം എന്ന് ചില വിദഗ്‌ധർ വിളിക്കുന്നുണ്ട്.

പിസിആർ പോസിറ്റീവായ ആൾക്ക് രോഗവ്യാപനസാധ്യതയുണ്ടോ എന്നറിയാൻ മൂന്ന് ടെസ്റ്റുകളിലേതെങ്കിലും ഒന്ന്‌ ചെയ്‌തുനോക്കാവുന്നതാണ്. വൈറസിനെ കൾച്ചർ ചെയ്യുക എന്നതാണ് ആദ്യത്തേത്. വൈറസിനെ കൃത്രിമ മാധ്യമങ്ങളിൽ വളർത്തിയെടുക്കാനാണ് കൾച്ചറിൽ ശ്രമിക്കുന്നത്. ലെവൽ -3 ലബോറട്ടറിയിൽ മാത്രമേ വൈറസ് കൾച്ചർ ചെയ്യാനാകൂ. കേരളത്തിൽ അതിന് സൗകര്യമില്ല. പുണെയിലെ നാഷണൽ വൈറോളജി ലബോറട്ടറിയിൽ അയക്കേണ്ടിവരും. മറ്റൊന്ന് ആന്റിബോഡി ടെസ്റ്റ് ചെയ്യുക എന്നതാണ്. ഐജിഎം ആന്റിബോഡിയുണ്ടെങ്കിൽ രോഗം ഇപ്പോഴുമുണ്ടെന്നും ഐജിജിയും ഐജിഎമ്മും ഉണ്ടെങ്കിൽ ഭേദമായെന്നും കരുതാവുന്നതാണ്.

വൈറസ് ആന്റിജൻ ടെസ്റ്റാണ് മറ്റൊരു രീതി. അന്റിജൻ ടെസ്റ്റ് പോസിറ്റീവായാൽ രോഗമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആന്റിജൻ ടെസ്റ്റ് വികസിപ്പിച്ചെടുക്കുന്നതിന്റെ അവസാനഘട്ടത്തിലാണ്. പിസിആർ ടെസ്റ്റ് പോസിറ്റീവ്‌ ആണോയെന്ന് ഉറപ്പ് വരുത്തുന്നതിനായി മറ്റൊരു ലാബിൽക്കൂടി പരിശോധിക്കുന്നതും പരിഗണിക്കാവുന്നതാണ്. ഇന്നത്തെ സ്ഥിതിയിൽ ആന്റിബോഡി കിറ്റ് ലഭ്യമായിക്കഴിഞ്ഞാൽ സംശയമുള്ള കേസുകളിൽ ആന്റിബോഡി ടെസ്റ്റ് ചെയ്ത് നോക്കുന്നതാകും ഉചിതം. ഏതായാലും ഇക്കാര്യത്തിൽ ആശയക്കുഴപ്പവും ആശങ്കയും ആവശ്യമില്ല.


 

നിരീക്ഷണം 42 ദിവസം വേണ്ടിവരുമെന്ന്‌ നിർദേശം 
കോവിഡ്‌–-19 വൈറസിന്റെ ഇൻകുബേഷൻ കാലയളവ്‌ വർധിക്കുന്ന സാഹചര്യത്തിൽ ക്വാറന്റൈൻ സമയവും വർധിപ്പിക്കേണ്ടിവരുമെന്ന്‌ ആരോഗ്യ വിദഗ്‌ധർ. വൈറസ്‌ വാഹകരാകാൻ സാധ്യതയുള്ളവരെ രോഗലക്ഷണങ്ങളില്ലെങ്കിലും 42 ദിവസംവരെ നിരീക്ഷണത്തിൽ വയ്‌ക്കേണ്ടിവരുമെന്നാണ്‌ നിർദേശമുയരുന്നത്‌.
കൊറോണ വൈറസിന്റെ ഇൻകുബേഷൻ കാലയളവ്‌ രണ്ടുമുതൽ 14 ദിവസംവരെയെന്നാണ്‌ ലോകാരോഗ്യസംഘടന നിർണയിച്ചിരുന്നത്‌.   എന്നാൽ വൈറസിന്റെ ഇൻകുബേഷൻ കാലയളവ്‌ വർധിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടതോടെ 28 ദിവസത്തെ നിരീക്ഷണം   മതിയാകാതെ വരികയാണെന്ന്‌ ആരോഗ്യ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.
‘‘28 ദിവസം കഴിഞ്ഞും രോഗം പടരുന്നതിന്റെ ചില സൂചനകളാണ്‌ കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടത്‌.  തീർത്തും പുതിയ വൈറസ്‌. ഇതിന്റെ ആക്രമണം, ഘടനാമാറ്റം, പ്രതികരണം എന്നിവയെക്കുറിച്ചൊന്നും ഇപ്പോഴും ശാസ്‌ത്രലോകത്തിന്‌ വ്യക്തത വന്നിട്ടില്ല. അതിനാൽ നിലവിലുള്ള ധാരണകളിൽ മാറ്റം വേണ്ടിവരും’’–- ദേശീയ ആരോഗ്യ ദൗത്യം ഡിപിഎം ഡോ. കെ വി ലതീഷ്‌ പറഞ്ഞു.  ഈ വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഐസിഎംആറാണ്‌ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും  ഡോ. ലതീഷ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top