29 March Friday

അംബേദ്‌കറും മാര്‍ക്‌സിസവും കേരളത്തിന്റെ അനുഭവവും...; കെ രാധാകൃഷ്‌ണന്‍ എഴുതുന്നു

കെ രാധാകൃഷ്‌ണന്‍Updated: Wednesday Aug 3, 2022

ഇന്ത്യയുടെ ഭരണഘടനാ ശില്‌പിയായ ഡോ. ബി.ആര്‍. അംബേദ്കറെപ്പോലെ മാര്‍ക്സിന്റെയും എംഗല്‍സിന്റെയും കൃതികള്‍ ആഴത്തിലും വ്യാപ്‌തിയിലും പഠിച്ചിട്ടുള്ളവര്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ നായകരില്‍ വിരളമായിരിക്കും. ഇടതുപക്ഷ ആശയഗതിക്കാരായ ദേശീയ നേതാക്കളും സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് നേതാക്കളും മാത്രമല്ല, മാര്‍ക്‌സിസത്തെക്കുറിച്ച് പഠിക്കേണ്ടതെന്ന അഭിപ്രായക്കാരനായിരുന്നു അംബേദ്കര്‍.

1943 സെപ്തംബര്‍ 8 മുതല്‍ 17 വരെ നടന്ന അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സിന്റെ സമാപന സമ്മേളനത്തില്‍ 'അധ്വാനിക്കുന്നവരുടെ പാര്‍ലമെന്ററി ജനാധിപത്യം' എന്ന വിഷയം സംബന്ധിച്ച് നടത്തിയ പ്രഭാഷണത്തില്‍ 'അധ്വാനിക്കുന്ന വര്‍ഗങ്ങളിലെ എല്ലാവരും അവഗാഹം നേടേണ്ടതായ' ഒരു സാമൂഹികശാസ്ത്ര ഗ്രന്ഥമായി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ അദ്ദേഹം വിശേഷിപ്പിച്ചു.

താന്‍ ജനിച്ചുവളര്‍ന്ന നാട്ടിലെ ജാതി വ്യവസ്ഥയുടെ ചൂഷണത്തിന്റെയും അസ്പൃശ്യതയുടെയും ഭീകര മുഖം നേരിട്ടറിയാവുന്ന ധിഷണാശാലിയായിരുന്നു അദ്ദേഹം. ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ തൊഴിലുടമ-തൊഴിലാളി ബന്ധങ്ങളും, അധികാരനീതിന്യായ സങ്കല്പങ്ങളും മാര്‍ക്സും എംഗല്‍സും വിലയിരുത്തിയ യൂറോപ്യന്‍ നാടുകളിലെ മുതലാളിത്ത വ്യവസ്ഥയേക്കാള്‍ രാഷ്ട്രീയ സാമ്പത്തിക സാമൂഹിക രംഗങ്ങളിലാകെ ആഴത്തില്‍ തലമുറകളായി വേരോടിയതാണ്. യൂറോപ്പിലെ തന്റെ ഉന്നത പഠനകാലത്ത് അദ്ദേഹം മുതലാളിത്തത്തിന്റെ അടിച്ചമര്‍ത്തല്‍ ത്വരയോടു കൂടിയ മുതലാളിത്ത ചൂഷണത്തിന്റെ വിവിധ വശങ്ങളെ അടുത്ത് കണ്ടറിയാന്‍ ഇടയായി.

ഇന്ത്യയിലെ പൊതുസമൂഹത്തിേല്‍ വര്‍ണാശ്രമ വ്യവസ്ഥ എങ്ങനെയാണ് ആഴ്ന്നിറങ്ങിയിരിക്കുന്നതെന്ന് ശാസ്ത്രീയമായി പഠിക്കാന്‍ മാര്‍ക്സിസം അദ്ദേഹത്തിന് സഹായകമായിട്ടുണ്ട്. ഇന്ത്യയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ജാതിഘടന തട സ്സമാണെന്നും ആപത്കരമാണെന്നും കാറല്‍ മാര്‍ക്സ് നേരത്തേ തന്നെ വിലയിരുത്തിയിട്ടുണ്ട്. മാര്‍ക്സും അംബേദ്കറും ഇന്ത്യയില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയെക്കുറിച്ച് ഏറെക്കുറേ സമാനമായ അഭിപ്രായമുള്ളവരായിരുന്നു.

ഹിന്ദു സാമൂഹിക സമ്പ്രദായം ജനാധിപത്യരഹിതമായത് ആകസ്മികമായല്ലായെന്നും ജനാധിപത്യരഹിതമായിരിക്കാനാണ് അത് രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ളതെന്നും അവയൊക്കെയും ജനാധിപത്യത്തിനെതിരെ ഉയര്‍ത്തിയിട്ടുള്ള വേലിക്കെട്ടുകളാണെന്നുമുള്ള അംബേദ്കറുടെ വിലയിരുത്തല്‍ വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്.

ഹിന്ദു സാമൂഹിക സമ്പ്രദായം ജനാധിപത്യരഹിതമായത് ആകസ്മികമായല്ലായെന്നും ജനാധിപത്യരഹിതമായിരിക്കാനാണ് അത് രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ളതെന്നും അവയൊക്കെയും ജനാധിപത്യത്തിനെതിരെ ഉയര്‍ത്തിയിട്ടുള്ള വേലിക്കെട്ടുകളാണെന്നുമുള്ള അംബേദ്കറുടെ വിലയിരുത്തല്‍ വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. ഇന്ന് രാജ്യത്ത് അധികാരത്തിലുള്ള ബിജെപി നടപ്പിലാക്കുന്ന ഹിന്ദുത്വ അജന്‍ഡ കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ക്ക് പൊതുസമ്പത്ത് ചൂഷണം ചെയ്യാനുളള അവസരം ഉണ്ടാക്കിക്കൊടുക്കുന്നതാണ്.

ലോകത്തിന്റെ സാമൂഹികസാമ്പത്തിക പശ്ചാത്തലത്തെ ഏറ്റവും ശാസ്ത്രീയമായി വിശകലനം ചെയ്തിട്ടുള്ളത് മാര്‍ക്സിസം തന്നെയാണ്. മാര്‍ക്സിയന്‍ ചിന്തകളിലുള്ള അംബേദ്കറുടെ അറിവ് ചൂഷണരഹിതമായ ഒരു സാമൂഹിക വ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് വിശാലമായ മാനം നല്കിയിട്ടുണ്ടാകാം. സാമൂഹിക നീതിയും സാമ്പത്തിക നീതിയും രാഷ്ട്രീയ നീതിയും പരസ്പര പൂരകമാണെന്ന് അദ്ദേഹം വിലയിരുത്തി.

ഇന്ത്യയ്ക്ക് ഭാവിയിലുണ്ടാകേണ്ട ഭരണഘടനയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് 1930, 1931, 1932 വര്‍ഷങ്ങളില്‍ ലണ്ടനില്‍ ചേര്‍ന്ന വട്ടമേശ സമ്മേളനങ്ങളില്‍ ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രതിനിധിയായി ക്ഷണിക്കപ്പെട്ട ഡോ.അംബേദ്കര്‍ ക്രിയാത്മകമായ പങ്കാണ് വഹിച്ചത്. അതിന്റെ പ്ലീനറി യോഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു ''പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വര്‍ഗങ്ങളുടെ പ്രശ്നം രാഷ്ട്രീയ പ്രശ്നമാണെന്നും അതിനെ അത്തരത്തില്‍ കൈകാര്യം ചെയ്യണമെന്നും ബ്രിട്ടീഷുകാരില്‍ നിന്ന് രാഷ്ട്രീയ അധികാരം പോകുന്നത് ഞങ്ങളുടെ നിലനില്പിന്റെമേല്‍ സാമ്പത്തികമായും സാമൂഹികമായും മതപരമായും സ്വാധീനം പ്രയോഗിക്കുന്നവരുടെ കൈകളിലേയ്ക്കാണെന്നും ഞങ്ങള്‍ക്കറിയാം.

ഞങ്ങളുടെ പ്രശ്നത്തിന്റെ പരിഹാരം കാലത്തിനു വിട്ടുകൊടുക്കാന്‍ പാടില്ല, കാലം അതിന്റെ അത്ഭുതം പ്രവര്‍ത്തിക്കുന്നതിനുവേണ്ടി ഒരുപാട് കാലം ഞങ്ങള്‍ കാത്തിരുന്നു''. വൈദേശികാധിപത്യത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങള്‍ ഇന്ത്യയിലെ തൊഴിലെടുക്കുന്നവരും അധ്വാനിക്കുന്നവരുമായുള്ള എല്ലാ വിഭാഗം ജനങ്ങള്‍ക്കും അനുഭവവേദ്യമാകണമെന്ന് അദ്ദേഹത്തിന് നിഷ്കര്‍ഷ ഉണ്ടായിരുന്നു.

ഇതാണ് ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മ്മാണ പ്രക്രിയയിലെ അദ്ദേഹത്തിന്റെ സജീവമായ ഇടപെടലുകള്‍ സാമൂഹിക നീതിയും സാമ്പത്തിക നീതിയും ഉറപ്പു നല്കുന്ന രാഷ്ട്രീയ വ്യവസ്ഥ എന്ന സങ്കല്പത്തിലേയ്ക്കെത്തിയത്. ഭരണഘടനാ നിര്‍മ്മാണ സഭയിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഇടപെടലുകളും അതിന് തെളിവാണ്.

സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് അംബേദ്കര്‍ വിഭാവനം ചെയ്തത്. ഇതിന് അദ്ദേഹത്തിന് പ്രചോദനമായത് സാര്‍വദേശീയ സംഭവവികാസങ്ങളും വിവിധ രാജ്യങ്ങളിലെ ഭരണഘടനകളുമായിരുന്നു. ചരിത്രപരവും വൈരുദ്ധ്യാധിഷ്ഠിതവുമായ ശാസ്ത്രീയ വിശകലനം ഇന്ത്യന്‍ ഭരണഘടനയുടെ താളുകളില്‍ പ്രകടമാകുന്നുവെങ്കില്‍ ഡോ.അംബേദ്കറില്‍ അന്തര്‍ലീനമായിട്ടുള്ള മാര്‍ക്സിയന്‍ ആശയങ്ങള്‍കൂടി അതിനു കാരണമായിട്ടുണ്ടാകാം.

സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് അംബേദ്കര്‍ വിഭാവനം ചെയ്തത്. ഇതിന് അദ്ദേഹത്തിന് പ്രചോദനമായത് സാര്‍വദേശീയ സംഭവവികാസങ്ങളും വിവിധ രാജ്യങ്ങളിലെ ഭരണഘടനകളുമായിരുന്നു. ചരിത്രപരവും വൈരുദ്ധ്യാധിഷ്ഠിതവുമായ ശാസ്ത്രീയ വിശകലനം ഇന്ത്യന്‍ ഭരണഘടനയുടെ താളുകളില്‍ പ്രകടമാകുന്നുവെങ്കില്‍ ഡോ.അംബേദ്കറില്‍ അന്തര്‍ലീനമായിട്ടുള്ള മാര്‍ക്സിയന്‍ ആശയങ്ങള്‍കൂടി അതിനു കാരണമായിട്ടുണ്ടാകാം.

ഫെഡറല്‍ ഘടനാ കമ്മിറ്റിയുടെ 23þാം സിറ്റിങ്ങില്‍ (1931 സെപ്തംബര്‍ 16) പിറക്കാനിരിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ എന്ന ഫെഡറേഷനെ സംബന്ധിച്ച് അംബേദ്കറുടെ സ്വപ്നങ്ങളുടെ ചില കണികകള്‍ പ്രസരിക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധത്തിന് ഹേതുവായ ഫാസിസത്തിന്റെയും നാസിസത്തിന്റെയും കടുത്ത എതിരാളിയായിരുന്നു അംബേദ്കര്‍. ഇന്നത്തെ ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ഫെഡറല്‍ തത്ത്വങ്ങളുടെപോലും നഗ്നമായ ലംഘനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും ദുരുപയോഗം ചെയ്തുകൊണ്ട് ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുകയും ഭരണഘടനയെത്തന്നെ അപ്രസക്തമാക്കുകയും ചെയ്യുകയാണ്. ബൂര്‍ഷ്വാ ഭരണകൂടം തങ്ങളുടെ താല്പര്യങ്ങളുടെ ആധിപത്യമുറപ്പിക്കാന്‍ ഏതറ്റംവരേയും പോകുമെന്ന ഓര്‍മ്മപ്പെടുത്തല്‍ രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ പ്രസക്തമായി തീര്‍ന്നിരിക്കുകയാണ്.

ഇന്ത്യയില്‍ മാത്രം രൂഢമൂലമായ ജാതിവ്യവസ്ഥയെ ആദര്‍ശവത്കരിക്കാനും നിലനിര്‍ത്താനുമുള്ള എല്ലാ ശ്രമങ്ങളേയും അംബേദ്കര്‍ നിഷ്കരുണം കടന്നാക്രമിച്ചിരുന്നു. ദൈവികതയുടെ ഭാഗമല്ല ജാതീയതയെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു. മനുസ്മൃതിയാണ് ആര്‍എസ്എസ് നേതൃത്വം കൊടുക്കുന്ന സംഘപരിവാര്‍ സംഘടനകളുടെ അടിസ്ഥാന പ്രമാണം. സമത്വം സ്വാതന്ത്ര്യം, സാഹോദര്യം, സംവരണം എന്നിവ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിക്കപ്പെട്ടപ്പോള്‍ മുതല്‍ 'ഇത് ഭാരതസംസ്കാരമല്ലായെന്നും വൈദേശിക ഇറക്കുമതിയാണെന്നും' സംഘപരിവാര്‍ നിരന്തരം പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

അക്കാലത്തെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേയ്ക്ക് ഒരിക്കല്‍പോലും വരാന്‍ സാധിച്ചില്ലായെങ്കിലും ഇന്നാട്ടില്‍ നിലവിലുണ്ടായിരുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ബന്ധങ്ങളുടെ അടിത്തറയെപ്പറ്റി ചരിത്രപരമായ വിജ്ഞാനവും ശാസ്ത്രീയമായ ഉള്‍ക്കാഴ്ചയും കൂട്ടിയിണക്കി കാറള്‍ മാര്‍ക്സിന് ജാതി-ജന്മിനാടുവാഴിത്ത ബ്രിട്ടീഷ് കൊളോണിയല്‍ ഭരണാന്തരീക്ഷത്തെക്കുറിച്ച് വിലയിരുത്താനും നിഗമനങ്ങളിലെത്താനും കഴിഞ്ഞുവെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ഇന്ത്യയില്‍ ചൂഷണാധിഷ്ഠിതമായ വ്യവസ്ഥിതി സമ്പത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല 'വര്‍ണ'ത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്.

മനുഷ്യത്വരഹിതമായ സാമൂഹിക ക്രമങ്ങള്‍ അക്കാലത്ത് മലയാളക്കരയിലും നിലനിന്നിരുന്നു. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി വലിയൊരു വിഭാഗം മനുഷ്യരെ മാറ്റിനിര്‍ത്തിയിരുന്ന ഒരു കാലം. ജനിച്ച മണ്ണില്‍ പണിയെടുക്കുന്ന മനുഷ്യന് അവകാശമില്ലാതിരുന്നൊരു കാലം. ആരാധനാമൂര്‍ത്തികളെപ്പോലും മേലാള, കീഴാള സങ്കല്പങ്ങള്‍ക്ക് വിധേയമാക്കി ഉച്ചനീചത്വങ്ങളുടെ ശ്രേണികളില്‍ തറച്ചിട്ട കാലം. ഈ നാടിനെ നോക്കിയാണ് സ്വാമി വിവേകാനന്ദന്‍ ''ഭ്രാന്താലയം'' എന്ന് വിശേഷിപ്പിച്ചത്. ജാത്യാചാരങ്ങളുടെ അര്‍ത്ഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ മഹാകവി കുമാരനാശാന്‍ ശ്രമിച്ചത്.

''ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി,
ചോദിക്കുന്നു നീര്‍ നാവുവരണ്ടഹോ!''.

ഐക്യകേരളത്തിന്റെ രൂപീകരണത്തിനും മുന്നേ തന്നെ കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഇന്നാട്ടിലെ കര്‍ഷകഭൂവുടമ ബന്ധങ്ങള്‍ പൊളിച്ചെഴുതേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. നവോത്ഥാന നായകരും, ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും പുരോഗമന പ്രസ്ഥാനങ്ങളും കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറ പാകുന്നതിന് നിര്‍ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ഉത്തരവാദിത്ത ഭരണം, പ്രായപൂര്‍ത്തി വോട്ടവകാശം, ഇന്ത്യന്‍ യൂണിയനിലെ സംസ്ഥാന പദവി തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ജനഹൃദയങ്ങളിലേയ്ക്കെത്തിച്ചത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്.

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ആദ്യ ഇ എം എസ് സര്‍ക്കാര്‍  ഭരണഘടനാദത്തമായ അധികാരമുപയോഗിച്ച് തുടക്കം കുറിച്ചതാണ് ഭൂമിയുടെ പുനര്‍വിതരണം. ഏറ്റവും വലിയ ഉത്പാദനോപാധിയായ ഭൂമിയുടെ കേന്ദ്രീകരണം അവസാനിപ്പിച്ച ആദ്യ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇത് ജാതിജന്മിനാടുവാഴിത്തത്തിന്റെ അന്ത്യത്തിന്റെ ആരംഭം കുറിച്ചു. ഭരണകൂടത്തിന്റെ കരങ്ങളെ ചൂഷണാധിഷ്ഠിത വ്യവസ്ഥയുടെ സംരക്ഷകരായി പരിപോഷിപ്പിക്കാതെയും, പണിയെടുക്കുന്നവര്‍ക്കെതിരായി കെട്ടഴിച്ചു വിടാതെയും നിരവധി മേഖലകളില്‍ വ്യത്യസ്തവും കൗതുകകരവുമായ ദീര്‍ഘവീക്ഷണത്തോടു കൂടിയുള്ള വികസന മാതൃകകള്‍ സൃഷ്ടിക്കാന്‍ കേരളത്തിന് കഴിഞ്ഞു.

പിന്നോക്കം നിന്നിരുന്ന ജനതയ്ക്ക് വിദ്യാഭ്യാസത്തിലൂടെ പുരോഗതി നല്കാന്‍ വിദ്യാഭ്യാസ പരിഷ്കരണ ബില്ലും, തുടര്‍ന്ന് പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്ന നടപടികളും സഹായിച്ചു. ലോകത്തിനാകെ മാതൃകയായ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം, സാമൂഹിക സുരക്ഷ, സ്ത്രീ ശാക്തീകരണം, അധികാര വികേന്ദ്രീകരണം, ചരിത്രപരമായ കാരണങ്ങളാല്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാനുള്ള പദ്ധതികള്‍ എന്നിവയെല്ലാം പ്രതിജ്ഞാബദ്ധതയോടെ ഇടതുപക്ഷ സര്‍ക്കാരുകളാണ് നടപ്പിലാക്കിയിട്ടുള്ളത്.

ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കുറയ്ക്കുകയും ആഗോളവല്‍ക്കരണത്തിന്റെയും ഉദാവല്‍ക്കരത്തിന്റെയും കാലത്തുപോലും പണിയെടുക്കുന്ന മനുഷ്യന്റെ ജീവിതത്തെ മുന്നോട്ടുനയിക്കുകയും അശരണര്‍ക്ക് തുണയായി വര്‍ത്തിക്കുകയും ചെയ്യുകയെന്നത് വലിയ വെല്ലുവിളിയാണ്. കോവിഡ് 19 മഹാമാരിയുടെ കാലത്തും അതിനു മുമ്പുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ കാലത്തും ജനകീയ പങ്കാളിത്തത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ലോകം ശ്രദ്ധിച്ചതാണ്. വെല്ലുവിളികളെ അതിജീവിക്കാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കരുത്തുപകരുകയും ജനങ്ങള്‍ സര്‍ക്കാരിന് കരുത്തുപകരുകയും ചെയ്യുന്ന അപൂര്‍വ പ്രതിഭാസമാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടുകൂടി പുതുചരിത്രമായി രേഖപ്പെടുത്തപ്പെട്ടത്.

ലോകത്തിലെ ഏറ്റവും വലിയ ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയുടെ പരമോന്നത ഗ്രന്ഥമാണ് നമ്മുടെ ഭരണഘടന. ഭരണഘടനയേയും ഭരണഘടനാ സ്ഥാപനങ്ങളേയും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളേയും തകര്‍ക്കാനുള്ള ബോധപൂര്‍വവും ആസൂത്രിതവുമായ പരിശ്രമങ്ങളാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ഇന്ത്യന്‍ യൂണിയനിലെ ഒരു സംസ്ഥാന ഗവണ്‍മെന്റിന്റെ അധികാരപരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കില്‍പോലും ഭരണഘടനാദത്തമായ അധികാരാവകാശങ്ങള്‍ ജനാധിപത്യപരമായി ഉപയോഗിച്ചു കൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ജീവിതം മെച്ചപ്പെടുത്താനുമുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.

ലോകത്തിലെ ഏറ്റവും വലിയ ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയുടെ പരമോന്നത ഗ്രന്ഥമാണ് നമ്മുടെ ഭരണഘടന. ഭരണഘടനയേയും ഭരണഘടനാ സ്ഥാപനങ്ങളേയും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളേയും തകര്‍ക്കാനുള്ള ബോധപൂര്‍വവും ആസൂത്രിതവുമായ പരിശ്രമങ്ങളാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ഇന്ത്യന്‍ യൂണിയനിലെ ഒരു സംസ്ഥാന ഗവണ്‍മെന്റിന്റെ അധികാരപരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കില്‍പോലും ഭരണഘടനാദത്തമായ അധികാരാവകാശങ്ങള്‍ ജനാധിപത്യപരമായി ഉപയോഗിച്ചു കൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ജീവിതം മെച്ചപ്പെടുത്താനുമുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.

അതിനു കരുത്തുപകരുന്നത് വിശ്വമാനവികത ഉയര്‍ത്തിപ്പിടിക്കുന്ന മാര്‍ക്സിസ്റ്റ് ദര്‍ശനവും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അംബേദ്കറുടെ ചിന്താ സരണികളുള്‍പ്പെടെയുമാണ്. അംബേദ്കര്‍ സോഷ്യലിസ്റ്റ് പാത ശക്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇന്ത്യയിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ കൂടുതല്‍ മുന്നേറുമായിരുന്നു.

(കെ രാധാകൃഷ്‌ണന്‍ - പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമവും   ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ്‌ മന്ത്രി).

(ചിന്ത വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top