09 August Tuesday

അർബുദ ചികിത്സ ; പുതിയ പ്രതീക്ഷകൾ

ഡോ. അബേഷ്‌ രഘുവരൻUpdated: Sunday Jun 12, 2022


ലോകത്ത്‌ ശാസ്‌ത്രവും ചികിത്സാരംഗവും ഇത്രയേറെ പുരോഗമിച്ചെങ്കിലും ഇന്നും പൂർണമായി പിടിതരാൻ കൂട്ടാക്കാത്ത രോഗമാണ് അർബുദം (Cancer). അർബുദത്തിന്റെ കാരണങ്ങൾ ഇപ്പോഴും പൂർണമായും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ രംഗത്ത്‌ വലിയ തോതിലുള്ള ഗവേഷണങ്ങളും നിരീക്ഷണങ്ങളും പുരോഗമിക്കുകയാണ്‌. ജീവിതശൈലിയും മറ്റു കാരണംകൊണ്ടും അർബുദം സമൂഹത്തിൽ ഒരു വിപത്തായി മാറിക്കഴിഞ്ഞു. ചികിത്സകളിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും സമ്പൂർണമായി അസുഖം ഭേദമാക്കാനുള്ള വഴികൾ തേടിക്കൊണ്ടേയിരിക്കുകയാണ്‌ ശാസ്‌ത്രലോകം.

സമീപ ദിവസങ്ങളിൽ ഈ രംഗത്തുനിന്ന്‌ വരുന്ന വാർത്തകൾ വലിയ പ്രതീക്ഷ നൽകുകയാണ്‌. റെക്ടൽ ക്യാൻസറിനെ പൂർണമായും ചികിത്സിച്ചു ഭേദമാക്കാമെന്ന്‌ അവകാശവാദവുമായി അമേരിക്കയിലെ മാൻഹാട്ടൻ മെമ്മോറിയൽ സ്ലോവാൻ കെറ്ററിങ്‌ ക്യാൻസർ സെന്ററിലെ ഗവേഷകർ. ഡോ. ലൂയിസ് എ ഡയസ് ജൂനിയർ അദ്ദേഹത്തിന്റെ സഹപ്രവർത്തകരുമായി ചേർന്ന് ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനി(The New England Journal of Medicine)ൽ ഈ സുപ്രധാന കണ്ടുപിടിത്തത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. അർബുദംമൂലം ജീവിതവെളിച്ചം കെട്ടെന്ന്‌ കരുതുന്നവർക്ക്‌ വലിയ പ്രത്യാശ നൽകുന്നതാണിത്‌. വിവിധ ശരീരാവയവങ്ങളെ വ്യത്യസ്തങ്ങളായ കാൻസറുകളാണു ബാധിക്കുന്നത്. ഏതെങ്കിലും ഒരുതരം കാൻസറിന് ഫലപ്രദമായ മരുന്ന് കണ്ടെത്തിയാൽ തന്നെ അത് മറ്റ് കാൻസറുകളെ പ്രതിരോധിക്കണമെന്നില്ല. അതുകൊണ്ടു തന്നെ ഈ രംഗത്ത്‌ കൂടുതൽ പഠനങ്ങൾ ഇനിയും തുടരേണ്ടതുണ്ട്‌.

മാജിക് മരുന്ന് -"ഡോസ്റ്റർലിമാബ് - TSR-–-042'
സർജറിയോ മറ്റു സങ്കീർണമായ ചികിത്സാരീതികളോ ഒന്നുമില്ലാതെ വെറും മരുന്നുകൊണ്ടുമാത്രം ക്യാൻസർ പോലൊരു അസുഖത്തെ ഭേദപ്പെടുത്തിയതിനെ മാജിക് മരുന്നെന്ന് വിളിക്കുന്നതിൽ അസ്വാഭാവികതയില്ല. "ജമ്പർലി' എന്ന ബ്രാൻഡ് നെയിമിൽ വിൽക്കപ്പെടുന്ന ഡോസ്റ്റർലിമാബ് (Dostarlimab) ഒരു "മോണോക്ലോണൽ ആന്റിബോഡിയാണ് (Monoclonal Antibody). ഇവ അർബുദ രോഗികളിൽ പൊതുവായി കുറഞ്ഞ ഡോസിൽ ഉപയോഗിക്കാറുണ്ട്. ഇവ രോഗികളിൽ വലിയരീതിയിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്. അതുകൊണ്ട്‌ ഇവയുടെ ഉപയോഗം സർവത്രികമല്ല. "Check Point Inhibitors' എന്നും വിളിക്കുന്ന ഇത്തരം മരുന്നുകൾ ഏകദേശം 20 ശതമാനം രോഗികളിലും പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്. അവയിൽത്തന്നെ അറുപതുശതമാനത്തോളവും കഠിനമായ പ്രശ്നങ്ങളും. എന്നാൽ, ഇവിടെ രോഗത്തെ പൂർണമായും ഭേദമാക്കി എന്നുമാത്രമല്ല, ഒരു രോഗിക്കും ഒരു പാർശ്വഫലവും ഉണ്ടായിട്ടുമില്ല എന്നതാണ് ആശയ്ക്ക് വകനൽകുന്നത്.

ക്യാൻസർ കോശങ്ങളുടെ രോഗപ്രതിരോധത്തെ തടയാൻ കഴിവുള്ള ഭാഗത്തെ തുറന്നുകാട്ടി ശരീരത്തിന്റെ രോഗപ്രതിരോധസംവിധാനത്തിന് അവയെ തിരിച്ചറിയാൻ സഹായിക്കുകയാണ് ഡോസ്റ്റർലിമാബ്ചെയ്യുന്നത്. അതായത് ശരീരത്തിന്റെ സ്വതസിദ്ധമായ പ്രതിരോധസംവിധാനത്തെ അൺലോക്ക് ചെയ്യുന്നു. ഇത്തരത്തിൽ ശരീരത്തിന്റെ പ്രതിരോധസംവിധാനത്തിന് അർബുദ കോശങ്ങളെ തിരിച്ചറിയാൻ കഴിയുന്നതോടെ കാര്യങ്ങൾ എളുപ്പമാകുന്നു. അതോടെ അത് കൃത്യമായി ആ കോശങ്ങളെ നശിപ്പിക്കുന്നു. മൂന്നാഴ്ചയിൽ ഒരിക്കൽ വീതമുള്ള ഡോസ് ആറുമാസത്തേക്കാണ് പരീക്ഷണാർഥം നൽകിയത്‌.

18 പേരിൽ പരീക്ഷണം
ഒരു ഇന്ത്യൻ വംശജയടക്കം പതിനെട്ടുപേരിലാണ് ഡോ. ലൂയിസ് എ ഡയസ് ജൂനിയറും കൂട്ടരും പരീക്ഷണങ്ങൾ നടത്തിയത്. മലാശയത്തിൽ ഉണ്ടാകുന്ന "റെക്ടൽ ക്യാൻസർ' ചികിത്സയ്ക്കായാണ് അവർ ആറുമാസത്തോളം ചികിത്സയും കൃത്യമായ നിരീക്ഷണവും സംഘടിപ്പിച്ചത്. ഇതിന്റെ മുന്നോടിയായി ഡയസും സംഘവും 2017ലും ചില പരീക്ഷണങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഇപ്പോഴാണ്‌ പരീക്ഷണങ്ങൾ ലക്ഷ്യത്തിലെത്തിക്കാനായത്‌.

സാധാരണയായി ഇത്തരം പരീക്ഷണങ്ങൾ നടത്തുന്ന എല്ലാവരിലും ഒരേപോലെ ഫലങ്ങൾ കാണാറില്ല. എന്നാൽ, ഇവിടെ പതിനെട്ടുപേരിലും പ്രതീക്ഷാനിർഭരമായ ഫലങ്ങൾ കാണാനായി. നൂതന പരിശോധനാരീതികളായ എൻഡോസ്കോപ്പി, പോസിട്രോൺ എമിഷൻ ടോമോഗ്രഫി, എംആർഐ തുടങ്ങിയവ ഉപയോഗിച്ച് പരിശോധന നടത്തിയപ്പോൾ ട്യൂമർ പൂർണമായും ഭേദമായെന്ന്‌ കണ്ടതായി ഗവേഷകർ പറയുന്നു.

ഇനിയെന്ത്
പരീക്ഷണം വിജയത്തിലെത്തിയെങ്കിലും അവയുടെ ഉപയോഗം സാർവത്രികമാകാൻ വീണ്ടും കാത്തിരിക്കേണ്ടിവരും. ഇവ കൂടുതൽ ആൾക്കാരിൽ എത്തിക്കണമെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്. മാത്രമല്ല, ഇപ്പോൾ രോഗമുക്തി നേടിയവർ എത്രനാൾ ഇതേ അവസ്ഥയിൽ തുടരുന്നുണ്ടെന്നും നിരീക്ഷിക്കണം. വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾ ആവശ്യമുണ്ടിതിന്‌. മരുന്നിന്റെ വിലയാണ് മറ്റൊരു പ്രതിബന്ധം. ഒരു ഡോസിന് ഇപ്പോൾ കണക്കാക്കിയിരിക്കുന്ന വില 11,000 അമേരിക്കൻ ഡോളറാണ് (ഏകദേശം 8.53 ലക്ഷം രൂപ). ഇത്‌ സാധാരണക്കാരായ രോഗികൾക്ക് താങ്ങാനാകില്ല. ഇതൊരു ചെറിയ ചുവടുവയ്പാണ്. എന്നാൽ, ഇത് ലോകത്തിന്‌ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top