29 March Friday

ദിനേശ്‌: അതിജീവനത്തിന്റെ ബ്രാൻഡ്‌ നെയിം

പി സുരേശൻ sureshkayaralam@gmail.comUpdated: Sunday Aug 8, 2021

കണ്ണൂർ താണയിലെ ദിനേശ്‌ ഓഡിറ്റോറിയം

കേരളം വ്യവസായ സൗഹൃദമല്ലെന്ന്‌ ആക്ഷേപിച്ച്‌ അയൽസംസ്ഥാനങ്ങളിൽ കുടിയേറിയ വ്യവസായി ഇതൊന്നു കാണണം. ഉത്തരവാദിത്തത്തോടെയും പ്രതിബദ്ധതയോടെയും സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന  ദിനേശ്‌  ആണ്‌ ഏഷ്യൻ വൻകരയിൽ തന്നെ ഏറ്റവും കൂടുതൽ പേർക്ക്‌ തൊഴിൽനൽകുന്ന സഹകരണ സ്‌ഥാപനം. രാജ്യത്തിനകത്തും പുറത്തും പ്രിയപ്പെട്ട ബ്രാൻഡാണ്‌ ഇന്ന്‌ ദിനേശ്‌

കണ്ണൂർ താണയിലെ ദിനേശ് അപ്പാരൽ ഫാക്‌ടറിയിലെ തൊഴിലാളികൾ വസ്ത്രനിർമാണത്തിൽ

കണ്ണൂർ താണയിലെ ദിനേശ് അപ്പാരൽ ഫാക്‌ടറിയിലെ തൊഴിലാളികൾ വസ്ത്രനിർമാണത്തിൽ

ദിനേശ്‌ ബീഡിയെന്ന ഏക ഓർമയിൽനിന്ന്‌ വൈവിധ്യങ്ങളുടെ വിശാലമായ ആകാശത്തിലേക്ക്‌ വളർന്ന വ്യവസായ ബ്രാൻഡാണ്‌ ഇന്ന്‌ ദിനേശ്‌. തൊഴിൽ നഷ്ടപ്പെട്ടവരുടെ അതിജീവനത്തിനായി തുടങ്ങിയ സഹകരണ സംഘം ഇന്ന്‌ വൻകരയിൽ ഏറ്റവും കൂടുതൽ പേർക്ക്‌ തൊഴിൽ നൽകുന്ന സഹകരണ സംഘം. ഭക്ഷ്യ സംസ്‌കരണം, ഐടി, കുടനിർമാണം, അപ്പാരൽസ്‌, മിനി സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ മേഖലകളിൽ ചുവടുറപ്പിച്ചു. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ന്യായവിലയ്‌ക്ക്‌ ഉപഭോക്താക്കളിൽ എത്തിക്കുകയാണ്‌ ലക്ഷ്യം. ദിനേശിന്റെ വിജയഗാഥ കേരളത്തിൽ വ്യവസായം തുടങ്ങാൻ കഴിയില്ലെന്ന്‌ പറഞ്ഞ്‌ നടക്കുന്നവർക്കുള്ള മറുപടിയാണ്‌. 1968–-69 കാലത്ത്‌ ബീഡിത്തൊഴിലാളികൾക്ക്‌ നിയമാനുസൃത സേവന–- വേതന വ്യവസ്ഥകൾ സംസ്ഥാനത്ത്‌ നടപ്പാക്കിയപ്പോൾ ഉത്തര കേരളത്തിലെ സ്വകാര്യ ബീഡിക്കമ്പനികൾ കർണാടകത്തിലേക്ക്‌ പറിച്ചുനട്ടു. അന്ന്‌ തൊഴിൽരഹിതരായവർ സംസ്ഥാന സർക്കാർ സഹായത്തോടെ 1969ൽ കണ്ണൂർ ആസ്ഥാനമായി കെട്ടിപ്പടുത്ത സ്ഥാപനമാണ്‌ കേരള ദിനേശ്‌ ബീഡിത്തൊഴിലാളി കേന്ദ്ര സഹകരണ സംഘം. പുകയില വിരുദ്ധ പ്രചാരണങ്ങൾ ബീഡി വ്യവസായത്തെ പ്രതിസന്ധിയിലാക്കിയപ്പോഴാണ്‌ തൊഴിലാളികളെ സംരക്ഷിക്കാൻ വൈവിധ്യവൽക്കരണം തുടങ്ങിയത്‌. ഐഎസ്‌ഒ 9001, എസ്‌എ 8000, അഗ്‌മാർക്ക്‌, എച്ച്‌എസിസിപി തുടങ്ങിയവ ഗുണന്മേയ്‌ക്കുള്ള സാക്ഷ്യപത്രങ്ങൾ. ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര വാണിജ്യ പ്രോത്സാഹന സംഘടനയായ അസോസിയേറ്റ്‌ ചേമ്പർ ഓഫ്‌ കൊമേഴ്‌സ്‌ ആൻഡ്‌ ഇൻഡസ്‌ട്രി(അസോച്ചം)യുടെ വ്യാപാര ധാർമികതയ്‌ക്കുള്ള ഫെയർ ആൻഡ്‌ എത്തിക്കൽ ബിസിനസ്‌ അവാർഡ്‌ 2014 മുതൽ അഞ്ച്‌ വർഷം തുടച്ചയായി ലഭിച്ചു.

ബീഡിയിൽ തുടക്കം

മലയാളിയുടെ രുചിയിലും ഉടുപ്പിലും കിടപ്പിലും നടപ്പിലും ഒട്ടിച്ചേർന്ന ബ്രാൻഡ്‌ നെയിമാണ്‌ ദിനേശ്‌. ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും അങ്ങനെതന്നെ. കോർപറേറ്റുകൾ അടക്കിവാഴുന്ന വിപണിയിൽ സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾ(എംഎസ്‌എംഇ)ക്ക്‌ ഇടമുണ്ടെന്ന്‌ തെളിയിച്ചു. ഡോ. ടി എം തോമസ്‌ ഐസക്കും റിച്ചാർഡ്‌ ഡബ്ല്യൂ ഫ്രാങ്കിയും പ്യാരേലാൽ രാഘവനും രചിച്ച  ‘ഡമോക്രസി അറ്റ്‌ വർക്ക്‌ ഇൻ ആൻ ഇന്ത്യൻ ഇൻഡസ്‌ട്രിയൽ കോഓപ്പറേറ്റീവ്‌ –-ദി സ്റ്റോറി ഓഫ്‌ കേരള ദിനേശ്‌ ബീഡി’  എന്ന പുസ്‌തകത്തിൽ മുതലാളിത്ത ഉൽപ്പാദന വ്യവസ്ഥയിൽ ദിനേശിന്റെ വളർച്ച എടുത്തുപറയുന്നുണ്ട്‌. എ കെ ജിയുടെയും സി കണ്ണന്റെയും മറ്റും നിരന്തര ഇടപെടലിനെ തുടർന്ന്‌ ബീഡി ആൻഡ്‌ സിഗാർ വർക്കേഴ്‌സ്‌ കൺഡീഷൻ ഓഫ്‌ എംപ്ലോയിമെന്റ്‌ ആക്ട്‌ പാർലമെന്റ്‌ പാസാക്കിയിരുന്നു. 1969ൽ ഈ നിയമം ഇ എം എസ്‌ സർക്കാർ നടപ്പാക്കിയപ്പോൾ കർണാടകം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബീഡിക്കമ്പനികൾ കേരളം വിട്ടു.  12,000 തൊഴിലാളികൾ ഒറ്റ രാത്രിയിൽ വഴിയാധാരമായി. ഇവരെ പുനരധിവസിപ്പിക്കാൻ മുഖ്യമന്ത്രി ഇ എം എസിന്റെ നേതൃത്വത്തിൽ വ്യവസായ മന്ത്രി ടി വി തോമസും തൊഴിൽ മന്ത്രി മത്തായി മാഞ്ഞൂരാനും മുന്നിട്ടിറങ്ങി. അവിഭക്ത കണ്ണൂർ ജില്ലയിൽ 20 പ്രാഥമിക ബീഡിത്തൊഴിലാളി സഹകരണ സംഘം രൂപീകരിച്ചു. കേരള ദിനേശ്‌ ബീഡിത്തൊഴിലാളി കേന്ദ്ര സഹകരണ സംഘം അവയെ നയിച്ചു. 1969 ഫെബ്രുവരി 15ന്‌ പ്രവർത്തനം തുടങ്ങി. പിന്നീട്‌ സംഘങ്ങളുടെ എണ്ണം 22 ആയി. ബീഡിയുടെ ഡിമാന്റ്‌ കുറഞ്ഞതോടെ പ്രതിസന്ധിയിലായ നാലായിരത്തോളം തൊഴിലാളികളും വിവിധ സംരംഭങ്ങളിലായി  ആയിരത്തോളം പേരുമാണ്‌ ഇപ്പോൾ ജോലി ചെയ്യുന്നത്‌. ബീഡിത്തൊഴിലാളികളെയോ അവരുടെ ആശ്രിതരെയോ ആണ്‌ സംരംഭക യൂണിറ്റുകളിൽ നിയമിക്കുന്നത്‌. പ്രൈമറി സംഘങ്ങൾ തെരഞ്ഞെടുക്കുന്ന ഏഴ്‌ അംഗങ്ങളും സർക്കാർ നോമിനിയായ എക്‌സിക്യൂട്ടീവ്‌ ചെയർമാനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മനേജരും ഉൾപ്പെടുന്നതാണ്‌ ഭരണസമിതി. ജി കെ പണിക്കരായിരുന്നു സ്ഥാപക ചെയർമാൻ. സി വി കുഞ്ഞിരാമൻ, സി രാജൻ എന്നിവരും ചെയർമാൻമാരായി പ്രവർത്തിച്ചിട്ടുണ്ട്‌. നിലവിൽ എം കെ ദിനേശ്‌ബാബു ചെയർമാനും കെ പ്രഭാകരൻ സെക്രട്ടറിയുമാണ്‌.

ഉടുപ്പിലെ എടുപ്പ്‌

ഇത്‌ ദിനേശിന്റേതാണോ? ഷർട്ടിന്റെ എടുപ്പും മട്ടും ഭാവവും ഭംഗിയും കണ്ടാൽ ആദ്യം ചോദിക്കുന്ന ചോദ്യമാണിത്‌. മലയാളിക്ക്‌ അത്രയും പ്രിയപ്പെട്ടതാണ്‌ ദിനേശ്‌ വസ്‌ത്രങ്ങൾ. ഉൽപ്പാദനത്തിന്റെ 90 ശതമാനവും കയറ്റുമതി ചെയ്യുകയാണ്‌. ഷർട്ടിനും ബെഡ്‌ ഷീറ്റിനുമാണ്‌ കാര്യമായ ആഭ്യന്തര കച്ചവടമമുള്ളത്‌. 2007ലാണ്‌ ദിനേശ്‌ അപ്പാരൽസ്‌ തുടങ്ങിയത്‌. കണ്ണൂർ താണയിലായിരുന്നു ആദ്യ ഫാക്ടറി. പിന്നീട്‌ കണ്ണൂർ ചാലയിലും കാസർകോട്‌ ചെറുവത്തൂരും യൂണിറ്റ്‌  ആരംഭിച്ചു. നൂറ്‌ ശതമാനം കോട്ടൺ ഉൽപ്പന്നങ്ങളായ ഡി’–- നേശ്‌ ഡ്യൂക്ക്‌ ഷർട്ട്‌, പ്രീമിയം ദോത്തി, വേൾഡ്‌ സോക്കർ ബ്രാന്റിലുള്ള ബർമുഡ, മാസ്‌ക് തുടങ്ങിയവയാണ്‌ പ്രധാന ഉൽപ്പന്നങ്ങൾ. റെഡിമെയ്‌ഡ്‌ ഗാർമെന്റ്‌സ്‌ യൂണിറ്റിൽനിന്ന്‌ റിലയൻസിനും വി സ്റ്റാറിനുമായി വസ്‌ത്രങ്ങൾ നിർമിക്കുന്നു. കേരളത്തിന്‌ അകത്തും പുറത്തുമുള്ള സ്വകാര്യ ഗാർമെന്റ്‌ യൂണിറ്റുകൾക്കായും വസ്‌ത്രമൊരുക്കുന്നുണ്ട്‌. സർക്കാരിന്റെ ഭക്ഷ്യക്കിറ്റിനുള്ള തുണിസഞ്ചിയും ഹാൻവീവിന്‌ മാസ്‌കും ഇവിടെനിന്നുതന്നെ. യുഎഇ, ഇംഗ്ലണ്ട്‌, ഡെൻമാർക്ക്‌, ജർമനി, റഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്‌. കയറ്റുമതിയിലൂടെയുള്ള വാർഷിക വിറ്റുവരവ്‌ അഞ്ച്‌ കോടി രൂപയും ആഭ്യന്തര വിപണിയിലേക്ക്‌ മൂന്ന്‌ കോടിയുമാണെന്ന്‌ അപ്പാരൽസ്‌ ജനറൽ മനേജർ ചുമതലയുള്ള കെ ജിതേഷ്‌ പറഞ്ഞു.

എം കെ ദിനേശ്‌ബാബു

എം കെ ദിനേശ്‌ബാബു

ഐടിയിലും സൂപ്പർ

ദിനേശ്‌ ഐടി സിസ്റ്റത്തിന്‌ 1999ൽ തുടക്കം. സഹകരണ ബാങ്കുകളുടെ സോഫ്‌റ്റ്‌വെയർ സെലൂഷൻസ്‌, കോർ ബാങ്കിങ്‌, കംപ്യൂട്ടർ പരിശീലനം, ഡാറ്റ സെന്റർ, എടിഎം എന്നിവയാണ്‌ പ്രധാന പ്രവർത്തനങ്ങൾ.  കാസർകോടുമുതൽ മലപ്പുറംവരെയുള്ള സഹകരണ ബാങ്കുകൾക്ക്‌ സോഫ്‌റ്റ്‌വെയറുകൾ നൽകുന്നു. മുപ്പത്‌ സഹകരണ ബാങ്കിന്റെ 200 ബ്രാഞ്ച്‌ പ്രവർത്തിക്കുന്നത്‌ ഈ ഡാറ്റ സെന്ററിലൂടെയാണെന്ന്‌ ചീഫ്‌ ടെക്‌നിക്കൽ ഓഫീസർ ടോമി ജോൺ പറഞ്ഞു.  

കേരളത്തിന്റെ  രുചിക്കൂട്ട്‌

1997ലാണ്‌ ദിനേശ്‌ ഫുഡ്‌സ്‌ തുടങ്ങുന്നത്‌. തേങ്ങയിൽനിന്നുള്ള വിവിധ ഉൽപ്പനങ്ങൾ, അഗ്‌മാർക്ക്‌ കറിപ്പൊടികൾ, കറി മസാലകൾ വിപണിയിലുണ്ട്‌. തേങ്ങാപ്പാലിന്‌ വിദേശ–- ആഭ്യന്തര വിപണിയിൽ വൻ ഡിമാന്റാണ്‌. പ്രതിദിനം 1000 ലിറ്റർ തേങ്ങാപ്പാൽ ഉൽപ്പാദിപ്പിക്കാനുള്ള അത്യന്താധുനിക സജ്ജീകരണങ്ങളുണ്ട്‌. കർഷകരിൽനിന്ന്‌ മാർക്കറ്റ്‌ വിലയേക്കാൾ കൂടുതൽ നൽകിയാണ്‌ തേങ്ങ സംഭരിക്കുന്നത്‌.

നാടിനാകെ കുട ചൂടി

ദിനേശിന്റെ മറ്റൊരു ചുവടുവയ്‌പാണ്‌ 2000ൽ ആരംഭിച്ച കുടനിർമാണം. സ്വകാര്യ കമ്പനികൾ കൈയടക്കിവച്ച ഈ മേഖലയിൽ സഹകരണ രംഗത്തുള്ള ഒരു സ്ഥാപനം ആദ്യമായാണ്‌ കടന്നുകയറുന്നത്‌.

ഓഡിറ്റോറിയം

ദിനേശിന്റെ സ്ഥാപക ചെയർമാൻ ജി കെ പണിക്കരുടെ സ്‌മരണയിൽ പടുത്തുയർത്തിയതാണ്‌ 1000 പേർക്ക്‌ ഇരിക്കാൻ സൗകര്യമുള്ള കണ്ണൂർ താണയിലെ ഓഡിറ്റോറിയം. അപ്പാരൽസ്‌ യൂണിറ്റും ഐടി സിസ്‌റ്റവും ഇവിടെയാണ്‌.

ഫാമിലി ഷോപ്പി

ദിനേശ്‌ ഉൽപ്പന്നങ്ങളുടെയും മറ്റ്‌ നിത്യോപയോഗ സാധനങ്ങളുടെയും വിൽപ്പന കേന്ദ്രമായി കണ്ണൂർ തളാപ്പിൽ ദിനേശ്‌ ഫാമിലി ഷോപ്പി തുടങ്ങിയിട്ടുണ്ട്‌. ഇതിന്‌ വാഷിങ്‌ പൗഡർ നിർമാണ യൂണിറ്റ്‌, കഫെ ദിനേശ്‌ റസ്‌റ്റോറന്റ്‌, സൂപ്പർ മാർക്കറ്റ്‌, കാറ്ററിങ്‌ സെന്റർ ആൻഡ്‌ റസ്‌റ്റോറന്റ്‌, സോപ്പ്‌സ്‌ ആൻഡ്‌ ഡിറ്റർജന്റ്‌ യൂണിറ്റ്‌ എന്നിവയും പ്രവർത്തിക്കുന്നു.

കണ്ണൂർ ചാലാടുള്ള ദിനേശ് യൂണിറ്റിലെ തൊഴിലാളികൾ കുട നിർമാണത്തിൽ

കണ്ണൂർ ചാലാടുള്ള ദിനേശ് യൂണിറ്റിലെ തൊഴിലാളികൾ കുട നിർമാണത്തിൽ

പ്രതിസന്ധി തരണം ചെയ്യും

കയറ്റുമതി നിലച്ചത്‌ ഉൾപ്പെടെയുള്ള പ്രതിസന്ധിയുണ്ടെങ്കിലും അത്‌ തരണം ചെയ്യാനുള്ള ഇച്ഛാശക്തി ദിനേശിനുണ്ടെന്ന്‌ ചെയർമാൻ എം കെ ദിനേശ്‌ബാബു. കോവിഡിനെ തുടർന്ന്‌ ഉൽപ്പന്നങ്ങൾ കയറ്റിയയക്കാനാവുന്നില്ല. അടച്ചുപൂട്ടലിന്റെ ഫലമായി ആഭ്യന്തര വിപണിയിലും പ്രയാസമുണ്ട്‌. ബീഡിക്ക്‌ 28 ശതമാനം ജിഎസ്‌ടി ചുമത്തിയതും  പ്രതികൂലമായി ബാധിച്ചു. ഗ്രാമങ്ങൾതോറും മിനി സൂപ്പർ മാർക്കറ്റുകളും ദിനേശ്‌ കഫെ ഹോട്ടലുകളും തുറന്ന്‌ പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമത്തിലാണ്‌. ആരോഗ്യ മേഖലയിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ ആലോചിക്കുന്നുണ്ട്‌. 

കുത്തകകളോടുള്ള പോരാട്ടം 

വൻ കുത്തകകളോട്‌ പോരാടിയാണ്‌ ദിനേശ്‌ ഉൽപ്പന്നങ്ങൾ വിപണിയിൽ സ്വീകാര്യത നേടിയതെന്ന്‌ സെക്രട്ടറി കെ പ്രഭാകരൻ പറഞ്ഞു. സഹകരണ മേഖലയിലെ ഒരു സ്ഥാപനം വിപണിയിൽ ഇങ്ങനെ അടയാളപ്പെടുത്തുന്നത്‌ അപൂർവമാണ്‌. കേരളം വ്യവസായ സൗഹൃദമല്ലെന്ന്‌ പറയുന്നവർക്കുള്ള മറുപടിയാണ്‌ ദിനേശിന്റെ വളർച്ച. ഏത്‌ പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്താണ്‌ സ്ഥാപനത്തിന്റെ മൂലധനമെന്നും പ്രഭാകരൻ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top