19 April Friday
ഇന്ന്‌ ലോക പ്രമേഹ ദിനം

ജീവിതശൈലി മാറ്റണം; 
പ്രമേഹം തടയാം

സ്വന്തം ലേഖികUpdated: Sunday Nov 14, 2021

തിരുവനന്തപുരം > സംസ്ഥാനത്ത്‌ പ്രായപൂർത്തിയായവരിൽ 23 ശതമാനത്തിലധികവും പ്രമേഹബാധിതർ. നഗരമേഖലയിൽ 24.7ഉം ഗ്രാമപ്രദേശങ്ങളിൽ 23ഉം ശതമാനംപേർ പ്രമേഹരോഗികളാണ്‌.  18 ശതമാനംപേർ രോഗസാധ്യതയുള്ളവരാണ്‌ (പ്രീ ഡയബെറ്റിക്‌). ഇതിൽ 42 ശതമാനവും  പ്രമേഹബാധിതരായേക്കും. 45നു മുകളിലുള്ളവർ, കുടുംബാംഗങ്ങൾ പ്രമേഹബാധിതരായിട്ടുള്ളവർ, അമിതവണ്ണമുള്ളവർ, വയറിൽ കൊഴുപ്പ്‌ അടിഞ്ഞവർ എന്നിവരിലാണ്‌ രോഗസാധ്യത കൂടുതൽ.  പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡയബെറ്റിസിലും തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും നടത്തിയ പഠനത്തിലാണ്‌ കണ്ടെത്തൽ.

‘നഗര, ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്ത്‌ 40–45 ശതമാനം പേരിലും ഉയർന്ന രക്തസമ്മർദമുണ്ട്‌. ശരീരത്തിൽ അമിത കൊഴുപ്പുള്ളവരും കൂടുതൽ. ജീവിതശൈലിയും ആഹാരരീതിയും മാറ്റിയാൽ ഒരുപരിധിവരെ പ്രമേഹത്തെ തടയാം’–- ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡയബെറ്റെസ്‌ ഡയറക്ടറും സിഇഒയുമായ ഡോ. പി കെ ജബ്ബാർ പറഞ്ഞു.

കോവിഡും 
പ്രമേഹവും

ആഗ്നേയഗ്രന്ഥിയിൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന പ്രത്യേക കോശങ്ങളെ നശിപ്പിക്കാൻ കോവിഡിനാകും. ഇത്‌ രോഗികളിൽ പ്രമേഹബാധയുണ്ടാക്കും. കോവിഡ്‌ ചികിത്സയ്ക്കിടെ പ്രമേഹബാധയുണ്ടാവുകയും ഇൻസുലിൻ കുത്തിവയ്ക്കേണ്ടിവരികയും ചെയ്തവർ അനേകം. സംസ്ഥാനത്തെ കോവിഡ്‌ മരണങ്ങളിൽ വലിയ ശതമാനം പ്രമേഹബാധിതരായിരുന്നു.

ഇൻസുലിന്റെ 
100 വർഷം

ടൊറന്റോ സർവകലാശാലയിലെ സർ ഫ്രെഡറിക്‌ ജി ബാന്റിങ്‌, ചാൾസ്‌ എച്ച്‌ ബെസ്റ്റ്‌, ജോൺ മക്‌ലിയോഡ്‌ എന്നിവർ 1921ലാണ്‌ പ്രമേഹബാധിതരുടെ ജീവൻ രക്ഷിക്കുന്ന ഇൻസുലിൻ കണ്ടുപിടിച്ചത്‌. 2021ൽ നൂറുവർഷം പിന്നിടുമ്പോൾ ലോകത്താകമാനം 10 കോടിപേർ ഇൻസുലിൻ ഉപയോഗിക്കുന്നു.

രജിസ്ട്രി തയ്യാറാക്കും

തിരുവനന്തപുരം > സംസ്ഥാനത്ത്‌ ജീവിതശൈലീരോഗ രജിസ്ട്രി തയ്യാറാക്കാൻ ആരോഗ്യവകുപ്പ്‌. ആശാ പ്രവർത്തകർ വീടുകൾ സന്ദർശിച്ച് 30നു മുകളിൽ പ്രായമുള്ളവരുടെ ജീവിതശൈലീരോഗങ്ങൾ, അവയിലേക്ക് നയിക്കുന്ന അപകടസൂചകങ്ങൾ എന്നിവ ശേഖരിക്കും. വിവര സമാഹരണത്തിനായി മൊബൈൽ ആപ്ലിക്കേഷൻ ഇ–- ഹെൽത്തിന്റെ സഹായത്തോടെ തയ്യാറാക്കും. പഞ്ചായത്ത്, ജില്ല, സംസ്ഥാന തലങ്ങളിൽ വിവരങ്ങൾ ക്രോഡീകരിച്ചാണ്‌ രജിസ്ട്രിയെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു.

ജീവിതശൈലീരോഗങ്ങളുടെ വ്യാപനം കണ്ടെത്താനും അവബോധം സൃഷ്ടിക്കാനും രോഗമുള്ളവർക്ക് വിദഗ്ധ ചികിത്സ നൽകാനും ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച സമഗ്ര ജീവിതശൈലീരോഗ ക്യാമ്പയിന്റെ ഭാഗമായാണ് സർവേ. പ്രമേഹം, രക്താതിമർദം, സിഒപിഡി തുടങ്ങിയവയുടെയും അർബുദത്തിന്റെയും നിർണയമാണ് ലക്ഷ്യമിടുന്നത്‌.

‘പ്രമേഹ പരിരക്ഷയ്ക്കുള്ള പ്രാപ്യത ഇപ്പോഴല്ലെങ്കിൽ എപ്പോൾ' എന്നതാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം. ജീവനക്കാർക്കുള്ള പരിശീലനം ചൊവ്വാഴ്ച ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top