ചെറുതോണി
കണ്ണീരുറവ വറ്റാത്ത മുഖത്തോടെ, തീരാനോവിന്റെ ദുഃഖമത്രയും പേറി ഇടുക്കിയുടെ മണ്ണിലേക്ക് അവർ വീണ്ടുമെത്തി. ധീരജിന്റെ ചുടുചോര വീണ് കുതിർന്ന മണ്ണിൽ, അവൻ പാട്ടുമൂളിനടന്ന ക്യാമ്പസ് ഇടനാഴികളിൽ, അവന്റെ ഓർമകൾക്ക് മേൽ, കുത്തേറ്റുവീണ സ്ഥലത്ത് സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തിലെല്ലാം ആ കണ്ണീർത്തുള്ളികൾ വീണ്ടും വീണ്ടും ആർത്തലച്ചുപെയ്‌തു. യൂത്ത് കോൺഗ്രസുകാർ നെഞ്ച്‌കീറി കൊലപ്പെടുത്തിയ ധീരജിന്റെ അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്‌കലയും അനുജൻ അദ്വൈതും സിപിഐ എം സമാഹരിച്ച സഹായനിധി മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങാനായിരുന്നു എത്തിയത്.
എട്ടരമാസം പിന്നിട്ടിട്ടും മായ്‌ക്കാനാകാതെ മനസ്സിലെ നീറ്റലോടെ ധീരജിന്റെ അച്ഛനമ്മമാർ സഹായനിധി വാങ്ങിയ ചടങ്ങ് അത്യന്തം വികാരനിർഭരമായിരുന്നു. വേദിയിൽ വിങ്ങിപ്പൊട്ടിയ മാതാപിതാക്കളെ സഹായനിധി കൈമാറി മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. ‘ക്യാമ്പസിൽ ചിതറിത്തെറിച്ച ചോരത്തുള്ളികൾ ധീരജ്വാലയായി പടരുമെന്ന്’ നൂറുകണക്കിന് കണ്ഠങ്ങളിൽനിന്ന് മുദ്രാവാക്യങ്ങളുയർന്നു. മുദ്രാവാക്യം വിളികൾക്കിടയിൽ മകൻ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ കരുത്തും കരുതലും സ്‌നേഹവായ്‌പും അവർ ഏറ്റുവാങ്ങി.
ഉച്ചയ്‌ക്ക് ശേഷം ഇടുക്കി എൻജിനിയറിങ് കോളേജിലേക്കെത്തി. സഹപാഠികൾക്കൊപ്പമുള്ള ധീരജിന്റെ ഫോട്ടോ പ്രിൻസിപ്പലിന്റെ ചുമതലയുള്ള റീന നായർ കൈമാറി. രക്തസാക്ഷി മണ്ഡപത്തിനടുത്തേക്ക് നീങ്ങിയ രാജേന്ദ്രൻ ‘എന്റെ മകനെ’ എന്ന് നിലവിളിച്ച് മണ്ഡപത്തിൽ തലചേർത്തുനിന്നപ്പോൾ ചുറ്റിലുമുള്ള കണ്ണുകളെല്ലാം ഈറനായി. 2022 ജനുവരി 10നാണ് കോൺഗ്രസ് അക്രമികൾ എസ്‌എഫ്‌ഐ പ്രവർത്തകനായിരുന്ന ധീരജിനെ അരുംകൊല ചെയ്‌തത്. തളിപ്പറമ്പ് തൃച്ഛംബരം സ്വദേശിയാണ് ധീരജ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..