27 April Saturday

വിലക്കുകളാണ് ചിറകുകളായത്

പി കെ സജിത്‌Updated: Saturday Aug 27, 2022



കോഴിക്കോട്‌
1943 മാർച്ച്‌ 29. സ്ഥലം കണ്ണൂർ സെൻട്രൽ ജയിൽ. പുലർച്ചെ നാലുമണി. ദിഗന്തങ്ങൾ  പൊട്ടുമാറുച്ചത്തിൽ ജയിൽ ഭിത്തികളെ തുളച്ച്‌ ‘ഇങ്ക്വിലാബ്‌’ മുഴങ്ങി. ‘സാമ്രാജ്യത്വം നശിക്കട്ടെ, ബ്രിട്ടീഷ്‌ ഭരണം തുലയട്ടെ, ജന്മിത്തം നശിക്കട്ടെ’. ജയിലറകൾക്കുള്ളിൽനിന്ന്‌ മറ്റു സഖാക്കൾ ഏറ്റുവിളിച്ചു. പുലർവെട്ടം വീഴുംമുമ്പേ ബ്രിട്ടീഷ്‌ ഭരണകൂടം നാലുധീരരെ കൊലമരത്തിലേക്ക്‌ കൊണ്ടുപോയി.  

നാടിനുവേണ്ടി മരിക്കുന്നുവെന്ന സന്തോഷത്തോടെ അവർ കഴുമരത്തിലേക്ക്‌ നടന്നുനീങ്ങി. കയ്യൂർ സമരസഖാക്കളായ മഠത്തിൽ അപ്പു, ചിരുകണ്ഠൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ എന്നിവർ. ‘ഞങ്ങളുടെ ജീവൻ നാടിന്‌ ഉഴിഞ്ഞുവെച്ചതാണ്‌. അവർക്കായി മരിക്കുന്നതിൽ ഞങ്ങൾക്ക്‌ വിഷമമില്ല. സ്വാതന്ത്ര്യം നേടിയെടുക്കാൻ ഞങ്ങളുടെ സ്ഥാനത്ത്‌ പുതിയ സഖാക്കൾ വരും. അവരെ ആശ്വസിപ്പിക്കണം. വിഷമിക്കാനൊന്നുമില്ലെന്ന്‌ അവരോട്‌ പറയണം’–-തലേന്നാൾ ജയിലിൽ സന്ദർശിച്ച കമ്യൂണിസ്‌റ്റ്‌ പാർടി നേതാക്കളായ പി സി ജോഷിയോടും പി സുന്ദരയ്യയോടും പി കൃഷ്‌ണപിള്ളയോടും ആ ധീരർ പറഞ്ഞു.

പിന്നാലെ ‘തൂക്കുമരത്തിന്റെ വിളി’ എന്ന ശീർഷകത്തിൽ ദേശാഭിമാനി മുഖപ്രസംഗമെഴുതി. ബ്രിട്ടീഷ്‌ സായ്‌പ്പൻമാർക്ക്‌ കലികയറി. ആയിരം രൂപ പിഴയായി കെട്ടിവയ്‌ക്കണമെന്ന്‌ മദിരാശി ഗവൺമെന്റ്‌ കൽപ്പന അയച്ചു. പിന്നീട്‌  നിരോധനം, കണ്ടുകെട്ടൽ, സെൻസർഷിപ്പ്‌, പിഴ അങ്ങനെയുള്ള ശിക്ഷാവിധികൾ സ്വാതന്ത്ര്യലബ്‌ധിക്കുശേഷവും തുടർന്നു. പത്രം നിലനിർത്തുവാനും സർക്കാർ ചുമത്തിയ പിഴയൊടുക്കാനും ജാമ്യത്തുക കെട്ടിവയ്‌ക്കാനും കേസ്‌ വാദിക്കാനും ദേശാഭിമാനിയെ സ്‌നേഹിക്കുന്ന ജനത കഴിവിനപ്പുറം സംഭാവന നൽകി.

1942 സെപ്‌തംബർ ആറുമുതൽ 1946 ജനുവരി 18 വരെയുള്ള കാലയളവിൽ കൊച്ചി ഗവൺമെന്റ്‌ ഒരുതവണയും തിരുവിതാംകൂർ ഗവൺമെന്റ്‌ രണ്ടുതവണയും ദേശാഭിമാനി നിരോധിച്ചു. ‘1921ന്റെ ആഹ്വാനവും താക്കീതും’ എന്ന കമ്യൂണിസ്‌റ്റ്‌ പാർടിയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചതിന്‌ 1000 രൂപ പിഴ ചുമത്തി. 1947 ഫെബ്രുവരിയിൽ കൊച്ചി ഗവൺമെന്റ്‌ പുറപ്പെടുവിച്ച ഓർഡിനൻസ്‌ ഇങ്ങനെയായിരുന്നു. ‘ദേശാഭിമാനി കൊച്ചിയിലേക്ക്‌ കടത്തുന്നതും വിൽക്കുന്നതും പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു. രാജ്യദ്രോഹപരമായ വാർത്ത പ്രചരിപ്പിക്കുന്നതിൽ ദേശാഭിമാനി ഏർപ്പെട്ടിരിക്കുക
യാണ്‌.
അത്‌ രാജ്യത്തിൽ അക്രമവും വർഗവിദ്വേഷവും ഉളവാക്കും. അസത്യവാർത്തകൾ പ്രചരിപ്പിച്ച്‌ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള സൗഹൃദം തകരാറാക്കും. 1947 ഫെബ്രുവരി ഒന്നാം തീയതി മുതൽക്കുള്ള ദേശാഭിമാനിയുടെ ലക്കങ്ങൾ കൈവശംവെച്ചിട്ടുള്ളവർ ഉടൻതന്നെ അടുത്ത പൊലീസ്‌ സ്‌റ്റേഷനിൽ ഏൽപ്പിക്കേണ്ടതാണ്‌’.

1947 മെയ്‌ 11 മുതൽ നാലുപേജായി വർധിപ്പിച്ച പത്രം ജൂൺ 20ന്‌ താൽക്കാലികമായി നിർത്തി. ആഗസ്‌ത്‌ 23 മുതൽ വീണ്ടും പ്രസിദ്ധീകരണമാരംഭിച്ചു. തിരുവിതാംകൂറിലും കൊച്ചിയിലും വീണ്ടും വിതരണംചെയ്യാൻ തുടങ്ങി. എങ്കിലും 1949ൽ പാർടി നിരോധനം പിൻവലിച്ചശേഷം മാത്രമാണ്‌ പത്രം പുനഃപ്രസിദ്ധീകരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top