24 April Wednesday

‘എന്റെ ഉപ്പും ചോറും ഈ പത്രമാണ്‌ ’

പ്രത്യേക ലേഖകൻUpdated: Saturday Sep 25, 2021


കണ്ണൂർ> ‘‘ദേശാഭിമാനി ഏജൻസിയുള്ളതിനാലാണ്‌ കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞത്‌.  വീടിരിക്കുന്ന ഏഴ്‌ സെന്റ്‌ ദേശാഭിമാനിയിലെ നിക്ഷേപത്തുക കൊണ്ട്‌ വാങ്ങിയതാണ്‌.  എന്റെ ജീവിതം ഈ പത്രത്തിന്‌ കടപ്പെട്ടതാണ്‌’’.  നവ മാധ്യമങ്ങളിൽ വൈറലായ  കെഎസ്‌ഇബി റിട്ട. ഓവർസിയർ  കെ രമേശന്റെ  കുറിപ്പിലെ ഹൃദയംതൊടുന്ന വാചകം  ദേശാഭിമാനിയെ പൂർണമായി അടയാളപ്പെടുത്തുന്നു.

 1998ലാണ്‌ കുടുംബം പുലർത്താൻ പാടുപെട്ടിരുന്ന കാലത്ത്‌  രമേശൻ ദേശാഭിമാനി ഇരിട്ടി ഏജന്റാവുന്നത്‌.   ഇരിട്ടി ഏരിയാ ലേഖകൻ മനോഹരൻ കൈതപ്രത്തിന്റെ   നിർദേശപ്രകാരമാണ്‌  ദൗത്യം ഏറ്റെടുത്തത്‌. ഏജൻസിയെടുത്ത്‌  പ്രതിസന്ധിയായ  ഉദാഹരണങ്ങൾ കൺമുന്നിലുള്ളപ്പോൾ ധൈര്യം പകർന്നതും  സാമ്പത്തിക കാര്യങ്ങൾ നിർവഹിച്ചതും  മനോഹരനാണ്‌.   
 പുതുതായി ഏജൻസി തുടങ്ങാനുള്ള  10,000 രൂപ ഡിപ്പോസിറ്റിന്‌ എസ്‌ബിടിയിൽനിന്ന്‌  വായ്‌പ തരപ്പെടുത്തി.  കോപ്പിയുടെ എണ്ണത്തിന്‌ അനുസരിച്ച്‌ ഡിപ്പോസിറ്റ്‌ നൽകാൻ മറ്റൊരാളിൽനിന്ന് പണം കടം വാങ്ങി. കൂടുതൽ വരിക്കാരെ ചേർക്കാനും സഹായിച്ചു.

180 കോപ്പിയുമായുള്ള ഏജൻസി നടത്തിപ്പ് പിടിപ്പത്‌ പണിയായിരുന്നു. എടക്കാനം, ചെറുവോട്, വള്ള്യാട്, നേരംപോക്ക്, ഇരിട്ടി , പഴയ പാലം, കീഴൂർ കുന്ന്, കൂളിച്ചെമ്പ്ര, കീഴൂർ, പയഞ്ചേരിമുക്ക്, പയഞ്ചേരി, വികാസ്, അത്തി, പായം മുക്ക്,  പെരുമ്പറമ്പ്  എന്നിങ്ങനെ വിപുലമായിരുന്നു  വിതരണ മേഖല.  പത്രത്തിന്റെ കാശ് വാങ്ങാൻ ദിവസവും കുളിച്ചെമ്പ്ര വരെ നടന്നുപോയിട്ടുണ്ട്‌. ബസിനു പോയാൽ കമീഷൻ തുക അതിന്‌  തികയാത്തതിനാലാണ്‌ നടത്തം. 

ഒരിക്കലും സർക്കുലേഷൻ കുറഞ്ഞില്ല.  എല്ലാമാസവും പത്തിനകം  ബില്ലടച്ചതിനാൽ ദേശാഭിമാനിയിൽനിന്ന്‌  നാല്‌  ശതമാനം ഇൻസന്റീവും ലഭിച്ചു. കെഎസ്‌ഇബിയിൽ ജോലി ലഭിച്ച് ഏജൻസി കൈമാറേണ്ടി വന്നതുവരെ എല്ലാ മാസവും  ഇൻസന്റീവ് വാങ്ങിയിട്ടുണ്ട്.

ഏതു കാലാവസ്ഥയിലും രാവിലെ ആറിനകം വരിക്കാർക്ക് പത്രം എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.  ആർഎസ്‌എസ്‌ പ്രവർത്തകൻ  കൊല്ലപ്പെട്ട ഒരു ദിവസം മാത്രമെ പത്രവിതരണം മുടങ്ങിയിട്ടുള്ളൂ. ഏജൻസി നടത്തിയ കാലങ്ങളിലെല്ലാം ലോക്കൽ കമ്മിറ്റി ഓഫീസിലടക്കം മൂന്നു പത്രങ്ങൾ വരിസംഖ്യ വാങ്ങാതെ വിതരണം നടത്താൻ കഴിഞ്ഞതും രമേശൻ  അഭിമാനത്തോടെ ഓർക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top