19 April Friday

ഇന്ദിരയെ വിറപ്പിച്ച ശൂന്യ കോളം

പി പി സതീഷ്‌ കുമാർUpdated: Monday Aug 29, 2022


കോഴിക്കോട്‌
‘അടിയന്തരാവസ്ഥയ്‌ക്കും സെൻസർഷിപ്പിനും വിധേയമാകേണ്ടിവന്ന 19 മാസക്കാലം ഈ പത്രത്തിന്‌ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, ഗവൺമെന്റ്‌ പരസ്യത്തിന്റെ പ്രലോഭനങ്ങൾക്കോ പ്രതികാര നടപടികളുടെ ഭയം നിമിത്തമോ തൊഴിലാളിവർഗത്തിന്റെയും ജനാധിപത്യ പ്രസ്ഥാനത്തിന്റെയും പതാക ദേശാഭിമാനി ഒരിക്കലും താഴ്‌ത്തിയിട്ടില്ല. പല പരിമിതികൾക്കും വിധേയമായിട്ടാണെങ്കിലും അടിയന്തരാവസ്ഥയ്‌ക്കെതിരായ സമരത്തിൽ ഞങ്ങൾ, ന്യായമായ പങ്കുവഹിച്ചിട്ടുണ്ട്‌. പൗരസ്വാതന്ത്ര്യ പുനഃസ്ഥാപനത്തിൽ ഞങ്ങൾ (ദേശാഭിമാനി) ഞങ്ങളുടെ പങ്ക്‌ നിറവേറ്റും. തൊഴിലാളി വർഗത്തിന്റെയും ജനാധിപത്യ പ്രസ്ഥാനത്തിന്റെയും താൽപ്പര്യങ്ങൾക്കെതിരായി അടിച്ചേൽപ്പിക്കപ്പെട്ട ഒരു പെരുമാറ്റച്ചട്ടവും അനുസരിക്കാൻ ദേശാഭിമാനി ബാധ്യസ്ഥമാകുകയില്ല’–- ഇ എം എസിന്റെ ഈ വരികൾ അടിയന്തരാവസ്ഥയെന്ന ഇരുണ്ടകാലത്തെ അടയാളപ്പെടുത്തുന്നുണ്ട്‌. ഒപ്പം ഭരണകൂടം ജനാധിപത്യത്തെയും മാധ്യമങ്ങളെയും ശ്വാസംമുട്ടിച്ച കാലത്തെ ദേശാഭിമാനിയുടെ കാർക്കശ്യ  നിലപാടും.

അടിയന്തരാവസ്ഥ പിൻവലിക്കുകയാണെന്ന സൂചനയോടെ, ലോക്‌സഭ പിരിച്ചുവിട്ട്‌ തെരഞ്ഞെടുപ്പ്‌ നടത്തുമെന്ന്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിക്കുന്നത്‌ 1977 ജനുവരി 18നാണ്‌. പത്രങ്ങളുടെ സെൻസർഷിപ് പിൻവലിക്കുന്നതിൽ അപ്പോഴും ഇന്ദിര മൗനം പാലിച്ചു. തെരഞ്ഞെടുപ്പ്‌ നടത്തുമെന്ന പ്രഖ്യാപനത്തിന്‌ പിന്നാലെ ജനുവരി 22ന്‌ ഇ എം എസിന്റെ മേൽപ്പറഞ്ഞ മുഖപ്രസംഗവുമായാണ്‌ ദേശാഭിമാനി പുറത്തിറങ്ങിയത്‌.

അടിയന്തരാവസ്ഥയുടെ നാളുകളിലെ ദേശാഭിമാനി പ്രവർത്തനത്തെ പത്രാധിപസമിതി അംഗമായ സി പി അച്യുതൻ രേഖപ്പെടുത്തിയത്‌ ഇങ്ങനെ: പത്രമാപ്പീസുകളിൽ ഏതാണ്ട്‌ ദിവസം മുഴുവനായും ഇടതടവില്ലാതെ ശബ്ദിച്ചുകൊണ്ടിരുന്ന വാർത്താഏജൻസികളുടെ ടെലിപ്രിന്ററുകൾ മണിക്കൂറുകളോളം നിശ്ശബ്‌ദമായി. 1975 ജൂൺ 26 ആയിരുന്നു അന്ന്‌. പത്രമാപ്പീസിലെ ടെലിഫോണുകൾപോലും നേരാംവണ്ണം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. അവ്യക്തമായ ചില ഒച്ചയനക്കങ്ങൾമാത്രം. അൽപ്പനേരത്തിനുശേഷം ടിപിയിൽ പ്രത്യക്ഷപ്പെട്ടത്‌ പ്രസ്‌ ഇൻഫർമേഷൻ ബ്യൂറോയിൽനിന്നുള്ള അറിയിപ്പായിരുന്നു. പിബിഐയുടെ പരിശോധനയ്‌ക്ക്‌ ശേഷമേ ഏത്‌ വാർത്തയും പ്രസിദ്ധീകരിക്കാവൂ–-പിന്നാലെ കേന്ദ്ര സർക്കാരിന്റെ ഡെപ്യൂട്ടി പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറുടെ ഉത്തരവ്‌ പുറത്തിറങ്ങി. അറസ്‌റ്റ്‌ ചെയ്യപ്പെടുന്നവർ ആരൊക്കെയെന്ന്‌ വെളിപ്പെടുത്തരുത്‌. അടിയന്തരാവസ്ഥയെക്കുറിച്ച്‌ മുഖപ്രസംഗങ്ങളോ അഭിപ്രായപ്രകടനങ്ങളോ പാടില്ല.

 

പത്രങ്ങളുടെ വായമൂടിക്കെട്ടിയ പ്രഖ്യാപനത്തെ എങ്ങനെ കൈകാര്യം ചെയ്യണം? പിറ്റേന്ന്‌ മുഖപ്രസംഗ കോളം ഒഴിച്ചിട്ടായിരുന്നു ദേശാഭിമാനി പത്രം പുറത്തിറങ്ങിയത്‌. ആയിരം മുഖപ്രസംഗങ്ങളേക്കാൾ സംവേദനക്ഷമമായിരുന്നു ആ ശൂന്യസ്ഥലം. അടിയന്തരാവസ്ഥയ്‌ക്കെതിരായ ഏറ്റവും മൂർത്തമായ പ്രതിഷേധമായി ‘ഇല്ലാത്ത മുഖപ്രസംഗം’ കത്തിപ്പടർന്നു. അറസ്‌റ്റ്‌ ചെയ്യപ്പെട്ടവരുടെ പേര്‌ പ്രസിദ്ധീകരിക്കുന്നത്‌ വിലക്കിയപ്പോൾ ചിത്രം അച്ചടിച്ച്‌ ദേശാഭിമാനി വിലക്ക്‌ ലംഘിച്ചു. ഇന്ദിരയുടെ ഫാസിസത്തെ പൊളിച്ചുകാട്ടാൻ പിതാവ്‌ നെഹ്‌റുവിന്റെ പ്രസംഗവും കൃതികളും ഉദ്ധരിച്ചു.

എഡിറ്റോറിയൽ കോളം ഒഴിച്ചിട്ടിരിക്കുന്നു

എഡിറ്റോറിയൽ കോളം ഒഴിച്ചിട്ടിരിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top