23 April Tuesday
നോട്ട് നിരോധനത്തിന്‌ നാളെ അഞ്ചാണ്ട്‌

2 ദിനം വരിയിൽ; ഊഴം എത്തുംമുമ്പ് മരണം

ബിമൽ റോയ്‌Updated: Sunday Nov 7, 2021

കാർത്തികേയന്റെ ഭാര്യ ഭാരതി, ചെറുമകൾ അമേയ എന്നിവർ


ഹരിപ്പാട്
ചെറുമകൾ മീനാക്ഷിയുടെ ഉപരിപഠനത്തിന്‌ സൂക്ഷിച്ച 5000 രൂപ അസാധുവാകുമെന്ന വേവലാതിയായിരുന്നു കുമാരപുരം  പോതപ്പള്ളിൽ തെക്കു തകിടിയിൽ കാർത്തികേയന്. കേന്ദ്ര സർക്കാർ അപ്രതീക്ഷിതമായി നോട്ട് നിരോധനം പ്രഖ്യാപിച്ചതോടെ അദ്ദേഹം ധൃതിപ്പെട്ട് ബാങ്കിലേക്കോടി. 2016 നവംബർ 11ന് കൈയിലുണ്ടായിരുന്ന 1000 രൂപയുടെ അഞ്ച്‌ നോട്ടുകൾ മാറ്റിവാങ്ങാൻ ഡാണാപ്പടി  എസ്ബിടി ശാഖയിൽ വരിനിൽക്കുമ്പോൾ 74കാരനായ കാർത്തികേയൻ കുഴഞ്ഞുവീണ് മരിച്ചു. അഞ്ചാണ്ട് പിന്നിടുമ്പോഴും ആ സങ്കടത്തിൽനിന്ന്‌ ഭാര്യ ഭാരതിയും മക്കളും മുക്തരല്ല.

കൂലിപ്പണിക്കാരനായിരുന്നു കാർത്തികേയൻ. കുറഞ്ഞവരുമാനത്തിൽനിന്ന്‌ മിച്ചം പിടിച്ചതായിരുന്നു ആ തുക. ചെറിയ തുകകൾ ബാങ്ക് മാറിക്കൊടുക്കുമെന്നറിഞ്ഞതോടെ നവംബർ 10ന് പണി ഉപേക്ഷിച്ച് ബാങ്കിലെത്തി. വൈകിട്ട്‌ ആറുവരെ കാത്തുനിന്നെങ്കിലും നിരാശനായി മടങ്ങി.
അടുത്തദിവസം  പുലരും മുമ്പേ  പഴയ സൈക്കിളിൽ വീണ്ടും ബാങ്കിലെത്തി. നാനൂറോളം പേർ അപ്പോഴും ദേശീയപാത വരെ വരിയായിരുന്നു. വെയിലേറ്റ് തളർന്ന കാർത്തികേയൻ 11ഓടെ ബാങ്ക് കൗണ്ടറിലെത്തി. രണ്ടാൾ കൂടി മുന്നിലുണ്ടായിരുന്നു. അതിനിടെ കുഴഞ്ഞുവീണു. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

കള്ളപ്പണം കണ്ടെത്താനെന്ന പേരിൽ അടിച്ചേൽപ്പിച്ച നോട്ടുനിരോധനം പാവപ്പെട്ടവരെ തീരാദുരിതത്തിലാക്കിയതല്ലാതെ എന്തുഗുണമുണ്ടാക്കി? ഭാരതിയുടെ ഉള്ളുപൊള്ളിയുള്ള ചോദ്യം. കേന്ദ്ര നയത്തിന്റെ ബലിയാടാണ്‌ തന്റെ ഭർത്താവ്‌. അവർ തിരിഞ്ഞുനോക്കിയില്ല. സംസ്ഥാന സർക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ രണ്ടുലക്ഷം രൂപ അനുവദിച്ചത്‌   ആശ്വാസമായി–- ഭാരതി പറഞ്ഞു.

സുരേഷ്, രഘു, മധു, സതീശ്, ശോഭ എന്നിവരാണ് മക്കൾ.  ഇളയ മകൻ മധുവിനും കുടുംബത്തിനുമൊപ്പമാണ് ഭാരതിയിപ്പോൾ.  2016 നവംബർ എട്ടിനാണ്‌ കേന്ദ്രംഭരിക്കുന്ന ബിജെപി സർക്കാർ നോട്ട്‌ നിരോധിച്ചത്‌. തിങ്കളാഴ്‌ച അഞ്ചുവർഷം പൂർത്തിയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top