19 April Friday

വിട പറഞ്ഞത്‌ മലയാളം റേഡിയോപ്രക്ഷേപണ ചരിത്രത്തിലെ മുഖ്യകണ്ണി

ഡി പ്രദീപ്‌കുമാർUpdated: Saturday Sep 25, 2021

തിക്കോടിയൻ, ഉറൂബ് എന്നിവർക്കൊപ്പം പി പുരുഷോത്തമൻ നായർ (നടുവിൽ)

മലയാളം റേഡിയോപ്രക്ഷേപണത്തിന്റെ വികാസപരിണാമങ്ങളിൽ ചരിത്രപരമായ പങ്കുവഹിച്ച വരിഷ്ഠ പ്രക്ഷേപകനാണ് ശനിയാഴ്‌ച അന്തരിച്ച പി പുരുഷോത്തമൻ നായർ. മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ ആരംഭകാലത്തെക്കുറിച്ച് നേർസാക്ഷ്യം പറയാൻ കഴിഞ്ഞിരുന്ന ഒരാൾ.  ആകാശവാണി കേരളത്തിലെത്തും മുൻപ്,  മദിരാശി നിലയത്തിൽ നിന്നുള്ള നാടകങ്ങളടക്കമുള്ള പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്, അന്ന് അവിടെ നിയമം പഠിക്കാൻ എറണാകുളത്തു നിന്ന് പോയ ഈനായത്തോടുകാരൻ.

1950ൽ കോഴിക്കോട് നിലയം ആരംഭിച്ചപ്പോൾ,  അവിടെ പ്രോഗ്രാം അസിസ്റ്റന്റായി. തുടർന്ന്,  തിരുവനന്തപുരം, ഇൻഡോർ, പോർട്ട് ബ്ലയർ, ഗോവ , ഡൽഹി നിലയങ്ങളിൽ പ്രോഗ്രാം എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് സ്റ്റേഷൻ ഡയറക്ടർ,  സ്റ്റേഷൻ ഡയറക്ടർ തുടങ്ങിയ തസ്തികകളിൽ 33 വർഷം നീണ്ട സംഭവ ബഹുലമായ ഔദ്യോഗികജീവിതം. കഥാകൃത്തും ഗ്രന്ഥകാരനുമായി എഴുത്തിന്റെ ലോകത്തും മായാത്ത വ്യക്തി മുദ്രപതിപ്പിച്ചു, അദ്ദേഹം.

നായത്തോട് സ്വദേശിയും സ്കൂളിൽ അമ്മയുടെ സഹപാഠിയുമായിരുന്ന മഹാകവി ജി. ശങ്കരക്കുറുപ്പ് മഹാരാജാസ് കോളേജിൽ മലയാളം പണ്ഡിറ്റായി ജോലി നോക്കുമ്പോൾ, അദ്ദേഹത്തോടൊപ്പം നഗരത്തിൽ താമസിച്ചുകൊണ്ടായിരുന്നു, പുരുഷോത്തമൻ നായർ അവിടെ ബിരുദത്തിനു പഠിച്ചത്. പിന്നെ, നിയമം പഠിക്കാൻ മദിരാശിയിലെത്തി.

ജി. പി. എസ് നായർ തുടക്കമിട്ട്, കെ. പത്മനാഭൻ നായരുടെ നേതൃത്വത്തിൽ മുന്നേറിയ മദിരാശി ആകാശവാണി നിലയത്തിലെ മലയാളം പരിപാടികളിൽ പങ്കെടുക്കാൻ പുരുഷോത്തമൻ നായർക്ക് അവസരം ലഭിച്ചു:നാടക രചനയും,  അതിൽ ശബ്ദം നൽകലും . ഇത് വലിയ വഴിത്തിരിവായി. നിയമബിരുദം നേടി, കൊച്ചിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തുതുടങ്ങിയപ്പോഴായിരുന്നു, കോഴിക്കോട്ട്‌ കേരളത്തിലെ രണ്ടാമത്തെ ആകാശവാണി നിലയത്തിലേക്ക് പ്രോഗ്രാം അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നത്.  റേഡിയോ ബന്ധം കാരണമായിരിക്കാം നിയമനം ലഭിച്ചു.

1950 മെയ് 17ന് ,  പി. പുരുഷോത്തമൻ നായർ ജോലിയിൽ പ്രവേശിച്ചു.

കുട്ടികൾക്കുവേണ്ടിയുള്ള പരിപാടികളുടെ ചുമതലയായിരുന്നു പുരുഷോത്തമൻ നായരെ ഏൽ‌പ്പിച്ചത്.  ശനിയാഴ്ച വൈകീട്ട് 'ബാലലോകം', ഞായറാഴ്ച രാവിലെ 8. 30ന് 'ബാലരംഗം'. പിന്നെ കവിതാപാരായണം,  കഥ,  സ്ത്രീകൾക്കായുള്ള 'മഹിളാലയം' പരിപാടി എന്നിവയുടേയും ചുമതലകൾ . എല്ലാം തത്സമയമാണ്. ഇടയ്ക്കിടെ രൂപകങ്ങൾ, ചിത്രീകരണങ്ങൾ തുടങ്ങിയവയിലെല്ലാം നിലയാംഗങ്ങൾ പങ്കെടുക്കണം.  നാടകപരിപാടികളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. അന്ന് പ്രക്ഷേപണത്തിൽ വലിയ പരീക്ഷണങ്ങൾ നടന്ന കാലമായിരുന്നു. പി. വി. കൃഷ്ണമൂർത്തി സ്റ്റേഷൻ ഡയറക്ടറായിരിക്കേ, നാടകപ്രക്ഷേപണത്തെ സ്റ്റുഡിയോയുടെ പുറത്തേക്ക് കൊണ്ടുപോയി. ടൌൺഹാൾ ഉൾപ്പെയുള്ള പൊതുവേദികളിൽ നാടകം അവതരിപ്പിച്ച്,  അവ തത്സമയം പ്രക്ഷേപണം ചെയ്യാൻ തുടങ്ങി.

മഹാകവി വൈലോപ്പള്ളിയെക്കൊണ്ടു ഒരു കാവ്യനാടകം എഴുതിച്ചുവാങ്ങി;ഋശ്യശൃംഗൻ. കാടിന്റെ അന്തരീക്ഷം സൃഷ്ടിക്കാനായി, പുറത്ത് കോസ്മോപൊളിറ്റൻ ക്ലബ്ബ് ഹാളിൽ അതിനുള്ള പശ്ചാത്തലമൊരുക്കിയായിരുന്നു നാടകം ശബ്ദലേഖനം ചെയ്തത്. ഒരു കിലോവാട്ട് മാത്രം പ്രസരണശേഷിയേ അന്ന് കോഴിക്കോട് നിലയത്തിനുള്ളൂ. അത് ജില്ലയ്ക്കകത്ത് തന്നെ എല്ലായിടത്തും കിട്ടിയിരുന്നില്ല. . വടകരയിൽ നടന്ന സാഹിത്യപരിഷത്ത് സമ്മേളനം കഴിഞ്ഞ്, കോഴിക്കോട്ടെത്തിയ വൈലോപ്പിള്ളിയെ നിലയത്തിൽ കൊണ്ടുപോയി, പുരുഷോത്തമൻ നായർ ആ നാടകം കേൾപ്പിച്ചു. “എനിക്ക് രോമാഞ്ചം വരുന്നു”, മഹാകവി പറഞ്ഞു.

എൻ. വി. കൃഷ്ണവാര്യരെക്കൊണ്ടും അക്കാലത്ത് ആകാശവാണിയിൽ ഒരു കാവ്യനാടകമെഴുതിച്ചു,  പുരുഷോത്തമൻ നായർ.  "ഈഡിപ്പസ്'' എന്ന ആ നാടകത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് അന്ന് വയലിനിസ്റ്റായിരുന്ന ബി. എ.  ചിദംബരനാഥനായിരുന്നു.  
.
“പ്രക്ഷേപണത്തിനു വലിയ ഗ്ലാമറുണ്ടായിരുന്ന കാലമായിരുന്നു, അത്. റേഡിയോ സെറ്റുകൾ തന്നെ വിരളം. അവയ്ക്ക് വലിയ വിലയായിരുന്നു. നഗരങ്ങളിലെ മിക്ക ഹോട്ടലുകളിലും റേഡിയോസെറ്റുകളുണ്ടായിരുന്നു. അവരത് എപ്പോഴും ഉച്ചത്തിൽ വയ്ക്കും. അത് കേൾക്കാൻ ആളുകൾ തടിച്ചുകൂടും. ചിലപ്പോഴൊക്കെ ഗതാഗതതടസമുണ്ടാകും”.

തിക്കോടിയൻ ഉറ്റമിത്രമായിരുന്നു.  അവധൂതനായി എത്തുന്ന മഹാകവി. പി. കുഞ്ഞിരാമൻ നായരുമായും അടുത്ത ബന്ധമുണ്ടായി,  പുരുഷോത്തമൻ നായർക്ക്.  ’കവിയുടെ കാൽ‌പ്പാടുകൾ”എന്ന ആത്മകഥയിൽ മഹാകവി അത് പരാമർശിച്ചിട്ടുണ്ട്. കുത്തഴിഞ്ഞ ജീവിതം നയിച്ച അദ്ദേഹത്തിന്റെ കൈപ്പടയും കുത്തിവരച്ചപോലെയായിരുന്നു. ആകാശവാണിയിൽ അന്ന് സ്വന്തം കവിത അവതരിപ്പിക്കേണ്ടത് 15 മിനിറ്റ് നേരത്തേയ്ക്കാണ്. അതും തൽസമയ പ്രക്ഷേപണം. അവിടെ വന്നിരുന്നു കുത്തിക്കുറിക്കും. ''സമയം തികയ്ക്കാൻ ഒരു ഖണ്ഡകാവ്യം തന്നെ വേണ്ടിവരുമെല്ലോ എന്ന് പരിതപിയ്ക്കും. ആകാശവാണിയിൽ വായിച്ച കവിതയുമായി നേരെ എൻ. വി. കൃഷ്ണവാര്യരെ കാണാൻ പോകും. അത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചുവരുന്നത് വായിക്കുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട്-ദേവന്മാരുടെ ഭാഷയാണ് കവിത എന്നു പറയുന്നത് എത്ര പരമാർത്ഥം”.

പുരുഷോത്തമൻ നായർ, ഡി പ്രദീപ്‌ കുമാർ

പുരുഷോത്തമൻ നായർ, ഡി പ്രദീപ്‌ കുമാർ


ആഴ്ച്ചപ്പതിപ്പിൽ ബാലപംക്തിയുടെ ചുമതല എൻ. വി ഏൽ‌പ്പിച്ചതോടെ 1951 മുതൽ നാലു വർഷത്തോളം പുരുഷോത്തമൻ നായർ ‘കുട്ടേട്ടനാ‘യി. പിൽക്കാലത്ത് കുട്ടേട്ടന്റെ പര്യായമായി മാറിയ കുഞ്ഞുണ്ണിയുടെ ആദ്യ രചന ബാലപംക്തിയിൽ പ്രസിദ്ധീകരിക്കപ്പെട്ടത് ഇക്കാലത്തായിരുന്നു.  പ്രമുഖ പത്രപ്രവർത്തകനായ ടി. വി. ആർ.  ഷേണായിയുടെ ആദ്യ രചനയായ ഒരു കവിതയും ഈ പംക്തിയിൽ വന്നത് ഓർക്കുന്നുണ്ട്.  ബാലപംക്തിയിലെഴുതിയ കുറിപ്പുകൾ സമാഹരിച്ച് രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്-“കുട്ടികളേ, ഇതിലേ, ഇതിലേ”, “വളരൂ വലിയവരാകൂ”.

ഇൻഡോർ നിലയം ആരംഭിച്ചപ്പോൾ 1955-ൽ പുരുഷോത്തമൻ നായരെ അവിടേക്കയച്ചു. സംഗീതത്തിനു വലിയ പ്രാധാന്യമുള്ള ആ നിലയത്തിൽ ആദ്യം ഗ്രാമീണ പരിപാടികളിലും,  തുടർന്ന് സംഗീതവിഭാഗത്തിലുമായിരുന്നു ,  അദ്ദേഹത്തെ നിയമിച്ചത്. ഹിന്ദുസ്ഥാനി സംഗീതത്തെ അടുത്തറിയാനും മഹാരഥന്മാരുമായി പരിചയപ്പെടാനും അവിടെ ജോലിചെയ്ത രണ്ടുവർഷം ഉപകരിച്ചു. അംജദ് അലിഖാന്റെ അച്ഛൻ ഉസ്താദ് ഹാഫിസ് അലിഖാൻ, ബിസ്മില്ലാഖാൻ തുടങ്ങിയവരുടെ പരിപാടികൾ അദ്ദേഹം ശബ്ദലേഖനം ചെയ്തു.

1957ൽ തിരുവനന്തപുരം നിലയത്തിൽ എത്തിയ പുരുഷോത്തമൻ നായർക്ക് നാടകം, ബാലലോകം തുടങ്ങിയ പരിപാടികളുടെ ചുമതലയാണ് ആദ്യം ലഭിച്ചത്.  പിന്നിട് റേഡിയോ ഗ്രാമരംഗത്തിന്റെ ചുമതലയും കിട്ടി. നാടക വിഭാഗം പ്രോഡ്യൂസറായിരുന്ന പി. കേശവദേവിന്റെ പുറത്താക്കലിനും, കെ. പത്മനാഭൻ നായരുടെ കോഴിക്കോട്ടേയ്ക്കുള്ള സ്ഥലംമാറ്റത്തിനും പിന്നാലെയായിരുന്നു, അത്. അന്ന് മഹാകവി ജി;ശങ്കരക്കുറുപ്പ് സാഹിത്യ, പ്രഭാഷണപരിപാടികളുടെ പ്രൊഡ്യൂസറായി അവിടെയുണ്ട്.

നാടകരംഗത്തെ മഹാരഥന്മാരുമായി ഒന്നിച്ചുപ്രവർത്തിക്കാൻ കഴിഞ്ഞ കാലം. ജഗതി എൻ. കെ. അചാരി എഴുതി, അദ്ദേഹവും പി. കെ. വീരരാഘവൻ നായരും ചേർന്ന് ഗ്രാമീണപരിപാടിയിൽ അവതരിപ്പിച്ചിരുന്ന ‘ഗദ്യവും പദ്യവും’ എന്ന ഹാസ്യരൂപകം കേൾക്കാൻ ജനങ്ങൾ റേഡിയോയ്ക്കു മുന്നിൽ കാതോർത്തിരുന്നു. ഗദ്യം ഗോപാലപിള്ളയും പദ്യം പരമേശ്വരൻ പിള്ളയുമായിരുന്നു കഥാപാത്രങ്ങൾ.

1963 ൽ വിദൂരസ്ഥമായ ആന്തമാൻ-നിക്കോബാർ ദ്വീപസമൂഹങ്ങളിലെ പോർട്ട്ബ്ലയറിൽ ആകാശവാണി നിലയം ആരംഭിച്ചപ്പോൾ പി. പുരുഷോത്തമൻ നായരെ അവിടേക്കയച്ചു.  "

1963 ജൂണിലായിരുന്നു പോർട്ട്ബ്ലയർ നിലയം ഉദ്ഘാടനം ചെയ്യപ്പെട്ടത്.  ഏപ്രിലിൽ തന്നെ അവിടെയെത്തി.  ഒൻപതു വർഷം അവിടെ  പ്ര്വർത്തിച്ചു. ആന്തമാനിലേക്ക് നാടുകടത്തപ്പെട്ട സ്വാതന്ത്യസമരസേനാനികളിൽ അവശേഷിച്ചവരെ കണ്ടെത്തി, അവരുടെ ഓർമ്മകൾ ശബ്ദലേഖനം ചെയ്യ്തു സൂക്ഷിച്ചത് പുരുഷോത്തമൻ നായരായിരുന്നുവെന്ന്, പിൽക്കാലത്ത് അവിടെ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന ഡോ. വിജയരാഘവൻ രേഖപ്പെടുത്തിയിട്ടുണ്ട്

1972-ൽ അസിസ്റ്റന്റ് ഡയറക്ടറായി പനാജിയിലും, ഇൻസ്റ്റ്രക്ടറായി ഡൽഹിയിലെ സ്റ്റാഫ് ട്രൈനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിലും, ഡയറക്ടറായി തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ കേന്ദ്രത്തിലും പ്രവർത്തിച്ച ശേഷം, 1977ൽ അദ്ദേഹം പോർട്ട് ബ്ലയർ നിലയത്തിൽ തിരിച്ചെത്തി. 1983 ജൂണിൽ സെലക്ഷൻ ഗ്രേഡ് സ്റ്റേഷൻ ഡയറക്ടറായാണു അദ്ദേഹം വിരമിയ്ക്കുന്നത്.

ആന്തമാനിലെ പൊതുജീവിതത്തിൽ സജീവസാന്നിദ്ധ്യമായിരുന്ന പി. പി. നായർ സർവ്വീസിൽ നിന്ന് വിരമിച്ചശേഷവും അവിടെ താമസിച്ചു. ഭാര്യ പി. എൽ തങ്കമണി അവിടെ സർക്കാർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ദീർഘകാലം ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു.
ദ്വീപ് ജീവിതത്തേയും സംസ്ക്കാരത്തേയും കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള അദ്ദേഹം അതെക്കുറിച്ച് മലയാളം, ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിൽ എഴുതിയിരുന്നു.

(എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ലേഖകൻ ആകാശവാണി മഞ്ചേരി, തൃശൂർ, കോഴിക്കോട് നിലയങ്ങളുടെ മുൻ പ്രോഗ്രാം മേധാവിയാണ്.)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top