25 April Thursday

ഒക്‌ടോബറിലെ മഴയും അപൂർവതയും

ഡോ. ശംഭു കുടുക്കശേരിUpdated: Sunday Nov 7, 2021


തെക്കുപടിഞ്ഞാറൻ കാലവർഷം പിന്മാറുന്നതിന്‌ തൊട്ടുമുമ്പ്‌ ഉണ്ടായ അപ്രതീക്ഷിത തീവ്രമഴ കേരളത്തിൽ പലഭാഗത്തും കനത്ത നാശം വിതച്ചിരുന്നു. ഒക്ടോബർ ആദ്യം,  രണ്ടര ആഴ്‌ച കാലത്തെ   മഴയുടെ തീവ്രത അപൂർവംകൂടിയാകുകയാണ്‌.

ചക്രവാതച്ചുഴിയും അന്തരീക്ഷമർദ തളർച്ചയും

ദിവസേന മഴമാപിനിയിൽ രേഖപ്പെടുത്തുന്ന  ൨൪ മണിക്കൂറിൽ പെയ്ത മൊത്തം മഴയളവിനെ അടിസ്ഥാനമാക്കി മഴയുടെ തീവ്രതയെ അതിവൃഷ്ടി (Heavy rain 64.5 124.4  മില്ലീമീറ്റർ), അത്യതി വൃഷ്ടി (Very heavy rain 12.45  244.4 മില്ലീ മീറ്റർ) അപാരാത്യതി വൃഷ്ടി (Extremely heavy rain 244.5 മില്ലി മീറ്ററിന്‌ മുകളിൽ) എന്നിങ്ങനെ തരംതിരിക്കാം. കഴിഞ്ഞ മാസം 14,15,16,17 തീയതികളിൽ കേരളത്തലെ 114 മഴമാപിനി (Rain gauge)കളിൽനിന്നും ലഭ്യമായ വിവരം പരിശോധിച്ചാൽ അതിവൃഷ്ടി അടക്കമുള്ള ഗണത്തിനുപരിയായി യഥാക്രമം 1, 0, 3, 57  മഴമാപിനികളിൽ തീവ്രമഴ രേഖപ്പെടുത്തിയതായി കാണാനായി. 17നു തീവ്രമഴ രേഖപ്പെടുത്തിയ 57 മഴമാപിനിയിൽ 40 എണ്ണം അതിവൃഷ്ടിയും 14 എണ്ണം അത്യതിവൃഷ്ടിയും മൂന്നെണ്ണം അപാരാത്യതി വൃഷ്ടിയും രേഖപ്പെടുത്തി.

ഇതുമൂലം കേരളത്തിന്റെ പലയിടത്തും അപ്രതീക്ഷിത അതിപ്രളയമുണ്ടാകുകയും ചെയ്തു. ഇതിനു കാരണമായ അന്തരീക്ഷ പ്രതിഭാസങ്ങളെ  സൂക്ഷ്‌മമായി പഠിക്കേണ്ടതുണ്ട്‌. ഇത്തരം പഠനങ്ങൾക്കേ ശരിയായ കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകാനാവു.   അന്തരീക്ഷത്തിന്റെ അധോമണ്ഡലമായ ട്രോപോസ്‌ഫി യറിന്റെ  സമുദ്രോപരിതലംമുതൽ ഏതാണ്ട് 6 -9 കിലോമീറ്റർ വരെയുള്ള ഭാഗത്ത് കേരളം ഉൾപ്പെട്ട കര–-സമുദ്ര ഭാഗങ്ങളിൽ 13 മുതൽ  ചക്രവാത അന്തരീക്ഷച്ചുഴിയും  അതുമൂലം അന്തരീക്ഷ മർദത്തളർച്ചയും ഉണ്ടായി.

ഉത്തരാർധഗോളത്തിൽ ഘടികാരദിശയ്ക്കു വിപരീതമായി ചുറ്റിവീശുന്ന കാറ്റിന്റെ വ്യൂഹമാണ്‌ ചക്രവാത അന്തരീക്ഷച്ചുഴി. ഇവ മോശം  കാലാവസ്ഥയ്‌ക്ക്‌ കാരണമാകുന്നു. ഘടികാരദിശയിൽ ചുറ്റുന്ന കാറ്റിന്റെ വ്യൂഹമായ  പ്രതിചക്രവാത അന്തരീക്ഷച്ചുഴി പ്രസന്നമായ  കാലാവസ്ഥ സംജാതമാക്കുന്നു.

ചക്രവാതച്ചുഴിയുടെ  സ്ഥിരത, ഉയരത്തിലുള്ള വളർച്ച എന്നിവ ആ പ്രദേശത്തെ അന്തരീക്ഷമർദത്തെ തളർത്തുകയും അത്‌ ന്യൂനമർദമേഖലാ രൂപീകരണത്തിന് വഴിവയ്‌ക്കുകയും ചെയ്യുന്നു. ഇത്തരത്തിലുണ്ടായ ചക്രവാതച്ചുഴിയും അസാധാരണമായ മർദത്തളർച്ചയുമായിരുന്നു കേരളത്തിൽ 16ലെ അസാധാരണ തീവ്രമഴയ്‌ക്ക്‌  കാരണമായത്. (ആന്ധ്രപ്രദേശിനു സമീപം നിലകൊണ്ട അതിതീവ്ര ചക്രവാതച്ചുഴിയും ആ ചുഴിയിലേക്കുള്ള  കാറ്റിന്റെ  ഒഴുക്കിൽ കേരള തീരത്തിനു സമാന്തരമായി ഉടലെടുത്ത കാറ്റിന്റെ പാത്തിയും വർധിച്ച പടിഞ്ഞാറൻ കാറ്റിന്റെ വേഗതയും വ്യാപ്തിയുമാണ്‌ ൨൦൧൮ലെ  മഹാപ്രളയത്തിന്‌ കാരണമായത്‌.)

കേരളത്തിനുമുകളിൽ 15നും 16നും  നിലയുറപ്പിച്ച ചക്രവാതച്ചുഴിയിലേക്ക് വർധിച്ച താപ ആർദ്രതാ വ്യത്യാസമുള്ള വായുപിണ്ഡങ്ങൾ, പേർഷ്യൻ മേഖലയിൽനിന്ന്‌ വടക്കൻ അറബിക്കടൽ വഴിയും ദക്ഷിണാർധഗോളത്തിൽനിന്ന്‌ തെക്കുപടിഞ്ഞാറൻ അറബിക്കടൽ വഴിയും വന്നണഞ്ഞു. ഇതുമൂലമുള്ള സംവഹനപ്രക്രിയ ശക്തിയേറിയ മഴമേഘങ്ങൾക്ക്‌ കാരണമായി.  ഒപ്പം അതി തീവ്രമഴയ്ക്കും.

തെക്കൻ കേരളത്തിൽ 16നു രാവിലെ എട്ടോടെ പരക്കെ പെയ്തുതുടങ്ങിയ മഴയ്ക്കു കാരണമായ മഴമേഘങ്ങൾ 10 കിലോമീറ്റർ  ഉയരത്തിനും മുകളിൽ വളർന്നുപൊങ്ങുകയും രാവിലെ ഒമ്പതരയോടെ മലയോരമേഖലകളിൽ ശക്തിപ്പെടുകയും ചെയ്തു. അതിഘനീഭവിച്ച മഴമേഘങ്ങൾ പകൽ 12 മുതൽ മൂന്നുവരെ അതിതീവ്ര മഴയായി പെയ്തിറങ്ങുകയായിരുന്നു. ഇത്‌ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണമായി.

കാലാവസ്ഥാ പഠനം
ബലൂണുകൾ, ഉപഗ്രഹങ്ങൾ, ഡോപ്ലർ വെതർ റഡാറുകൾ എന്നിവയിൽനിന്നു ലഭിക്കുന്ന കാറ്റിന്റെ വേഗതയിൽനിന്നും ഗതിയിൽനിന്നും ലഭ്യമാകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി  അന്തരീക്ഷ പ്രതിഭാസങ്ങളെപ്പറ്റി കൃത്യമായ പ്രവചന മുന്നറിയിപ്പുകൾ നൽകാനാകും. നിലവിലുള്ള വിവിധയിനം അന്തരീക്ഷമാപിനികളിൽനിന്നുള്ള വിവരങ്ങളുടെ  കൃത്യമായ  ലഭ്യത അന്തരീക്ഷ പ്രതിഭാസപ്രവചന വിശകലങ്ങൾക്ക് അനിവാര്യമാണ്‌. കാലാവസ്ഥാ പഠനത്തിനും മുന്നറിയിപ്പു സംവിധാനങ്ങൾക്കും കാലോചിതമായ പരിഷ്‌കരണവും വേണം.

ഈ മഴ റെക്കോഡ്‌
കണക്ക്‌ പരിശോധിക്കുമ്പോൾ നൂറ്റാണ്ടിലെ റെക്കോഡ്‌ മഴയാണ് ഒക്ടോബറിൽ ലഭിച്ചത്‌. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 1901 മുതലുള്ള കണക്കനുസരിച്ചാണിത്‌.   589.9 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ മാസം ലഭിച്ചത്‌. 99 ഒക്ടോബറിൽ ലഭിച്ച 566 മില്ലിമീറ്റർ ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ഇക്കുറി തെക്കുപടിഞ്ഞാറൻ കാലവർഷ പിന്മാറ്റത്തിനും താമസം നേരിട്ടു. ഒക്ടോബർ ഒന്നു മുതൽ നവംബർ 5 വരെയുള്ള കണക്കനുസരിച്ച്‌ കേരളത്തിൽ 94 ശതമാനം അധിക മഴ ലഭിച്ചു. ഈ കാലയളവിൽ 685.6 മില്ലീമീറ്റർ മഴയാണ്‌ ലഭിച്ചത്‌. പ്രതീക്ഷിച്ചത്‌ 353.2 മില്ലീമീറ്ററും. ഏറ്റവും കൂടുതൽ മഴ ലഭിച്ചത്‌ പത്തനംതിട്ട ജില്ലയിൽ. 1115.9 മില്ലീമീറ്റർ(169 ശതമാനം അധിക മഴ). ഇടുക്കിയിൽ 99 ശതമാനം കൂടുതലായി മഴകിട്ടി. പാലക്കാട്ട്‌ പ്രതീക്ഷിച്ചതിനേക്കാൾ 112 ശതമാനം അധിക മഴ പെയ്‌തു. എല്ലാ ജില്ലകളിലും പ്രതീക്ഷിതമഴയേക്കാൾ കൂടുതൽ മഴയാണ്‌ ലഭിച്ചത്‌.  ഡിസംബർ 31 വരെയുള്ള തുലാവർഷക്കാലത്ത്‌ കേരളത്തിൽ ശരാശരി ലഭിക്കേണ്ട മഴയിൽ ഏറിയപങ്കും ഇപ്പോൾ തന്നെ ലഭിച്ചു എന്നതും കൗതുകകരമാണ്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top