03 December Sunday

അച്ഛൻ അമ്മ ഔട്ട്‌

ദിനേശ്‌ വർമ ckdvarma@gmail.comUpdated: Sunday Sep 24, 2023

‘‘സാങ്കേതിക വിദ്യയോടൊപ്പം സഞ്ചരിക്കുകയല്ലാതെ മറ്റുമാർഗം മനുഷ്യർക്കില്ലയെന്നത്‌ ഒരു യാഥാർഥ്യമാണ്‌. പക്ഷേ, അതിനെ തിരിച്ചറിഞ്ഞ്‌  ഉപയോഗിക്കാൻ പറ്റിയില്ലെങ്കിൽ കുരുക്കിലാകുന്നത്‌ കുട്ടികളാകും എന്ന ധാരണ നമുക്ക് പലർക്കുമില്ല. എല്ലാ കാര്യങ്ങൾക്കും ഇന്റർനെറ്റിനെ ആശ്രയിക്കുന്ന ശീലം സുദൃഢമായിക്കഴിഞ്ഞു’’

അവളുടെ മുറിവുകൾ ഓരോന്നായി ഉമ്മ എണ്ണിനോക്കി, 84 വരകൾ! എല്ലാം ബ്ലേഡുകൊണ്ട്‌ വരച്ച്‌ രക്തം നീളത്തിൽ പൊടിഞ്ഞയിടങ്ങൾ. ആ രക്തവിടവുകളിലൂടെയാണ്‌ മാരക മയക്കുമരുന്നുകൾ ആഞ്ഞുതറച്ച്‌ ബോധം മറച്ചുകൊണ്ടിരുന്നത്‌. ഒന്നല്ല എത്രയോ വട്ടം !!! മയക്കുമരുന്നിന്റെ ആഴത്തിലുള്ള കുരുക്കിൽ നിന്നുണർന്ന ആ കൗമാരക്കാരിയായ വിദ്യാർഥിനിയുടെ വീഡിയോ വൈറലായിരുന്നു. സംഭവിച്ചതെല്ലാം നിഷ്കളങ്കഭാഷയിൽ അവൾ മനസ്സുതുറന്നു പറഞ്ഞു; ഇൻസ്റ്റ ‘ഡ്രഗ്‌ ഗ്രൂപ്പ്‌’ വഴി വന്ന കൂട്ടുകെട്ടുകളെക്കുറിച്ചാണ്‌ ആദ്യം വിശദമാക്കിയത്‌. ക്രമേണ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകൾ പരിചയപ്പെടാമെന്ന അഭ്യർഥന അവരിൽനിന്ന്‌ വരുന്നു. സമൂഹത്തിൽനിന്ന്‌ കണ്ടും കേട്ടും പഠിച്ചവയിൽനിന്നുള്ള സാമാന്യബോധത്തിൽ അവൾ അതേനിമിഷം തന്നെ അഭ്യർഥന തള്ളിക്കളഞ്ഞു. എന്നാൽ, ഒരുദിവസം സംഗതികൾ ആകെ കുഴഞ്ഞുമറിഞ്ഞു. വീട്ടിൽ ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കെ ഉമ്മ അത്‌ വാങ്ങിവച്ചു. അക്ഷരാർഥത്തിൽ താൻ തകർന്നുപോയി എന്ന്‌ അവൾ വിശ്വസിച്ചു. സ്മാർട്ട്‌ ഫോൺ കയ്യിലില്ലാതെ ജീവിക്കുന്നത്‌ സഹിക്കാൻ പറ്റാത്ത അവസ്ഥ വന്നു ചേർന്നു. ഉമ്മയോട്‌ കടുത്ത അമർഷം. ഒറ്റപ്പെടലും സമ്മർദവും താങ്ങാനായില്ല. ഇൻസ്റ്റ ഗ്രൂപ്പ്‌ കൂട്ടുകാരുടെ ‘ഓഫർ’ ഓർത്തു. അങ്ങോട്ട്‌ ചെന്ന്‌ ഗ്രൂപ്പിന്റെ അടിമയായി, തുടർന്ന്‌ കാരിയറായി മാറി. മയക്കുമരുന്ന്‌ സാധനങ്ങൾ പറയുന്ന സ്ഥലത്ത്‌ എത്തിക്കുക, കമീഷൻ വാങ്ങുക, വീണ്ടും ആവശ്യത്തിന്‌ മയക്കുമരുന്ന്‌ ഉപയോഗിക്കുക. മറഞ്ഞുപോയ ദിനരാത്രങ്ങളുടെ പരമ്പരകളിൽ നിലാവോർമകൾ പോലുമില്ലാതായത്‌ അവൾ തിരിച്ചറിഞ്ഞു. കുടുംബക്കാരും പൊലീസും ആരോഗ്യവിദഗ്ധരും നടത്തിയ ശ്രമത്തിനൊടുവിൽ മോചനം... 

ഉമ്മ ഫോൺ വാങ്ങിവച്ചത്‌ മറ്റൊന്നിനുമായിരുന്നില്ല, 24 മണിക്കൂറും ‘ഗെയിം’ കളിച്ചുകൊണ്ടിരുന്നതിനാണ്‌. അതും സാധാരണ ഗെയിം ഒന്നുമല്ല, മറ്റുള്ളവരുടെ വാട്സാപ് ഗ്രൂപ്പുകളടക്കം രാസബോംബിങ്ങിൽ നശിപ്പിക്കൽ, നിരന്തരമായ ഹാക്കിങ്‌...! ഞെട്ടിക്കുന്ന കളികളിലേക്ക്‌ അവൾ കടന്നത്‌ അറിഞ്ഞപ്പോഴാണ്‌ ഉമ്മ ഫോൺ വാങ്ങി വച്ചത്‌. വീട്ടിൽ പരാതിവരെ എത്തിയിരുന്നു.

ചില സൈബർ സങ്കടങ്ങൾ

കോഴിക്കോട്‌ നഗരത്തിലെ തിരുത്തിയാട്‌ പൊൽപായ മനയിൽ ഫ്രെയിമുകളിൽ ഒതുങ്ങാത്ത ഗതകാലസ്മൃതികളുടെ കറുപ്പുവെളുപ്പ്‌ ചിത്രങ്ങൾ പൊടിപിടിക്കാതെ ഉണർന്നിരിക്കുന്ന സ്വീകരണമുറി. ബംഗാളിൽ നിന്നെത്തിയതെന്ന്‌ തോന്നും, പക്ഷെ പറമ്പിൽനിന്ന് തന്നെ പറിച്ചെടുത്തതാണ്, തളിർവെറ്റിലയിൽ കേരളീയ ശൈലിയിലുള്ള മുറുക്കാൻ തൊടുത്തുകൊണ്ട്‌ ഡോ. വിനോദ്‌ ഭട്ടതിരിപ്പാട്‌ ചാരുകസേരയിലുണ്ട്‌. അനവധി സൈബർ കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കാൻ സഹായിച്ച ലാപ്‌ടോപ് അടുത്തുതന്നെയുണ്ട്‌. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നും പൊലീസും വിവിധ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും പതിവായി തേടിയെത്തുന്ന വീട്‌. സോഫ്ട്‌വെയർ കുറ്റകൃത്യത്തിന്റെ തെളിവുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്‌ അമേരിക്കയിലുള്ള പ്രസാധകരാണ്‌ എന്നുമാത്രം അറിഞ്ഞാൽ മതി ആള്‌ ഏത്‌ തരക്കാരനാണെന്ന്‌ മനസ്സിലാക്കാൻ. ഏഷ്യ, യൂറോപ്പ്‌, അമേരിക്കൻ രാജ്യങ്ങളിൽ വിവിധ സൈബർ സാങ്കേതിക സമിതികളിൽ അംഗമാണ്. 148 സോഫ്ട്‌വെയർ പ്രോജക്റ്റുകളുടെ ഭാഗമായിരുന്നു. അടുത്തകാലംവരെ കേരള പൊലീസിന്റെ സൈബർ ഉപദേശകനായിരുന്നു ഭട്ടതിരിപ്പാട്‌. 

കുറച്ചുനാൾ മുമ്പ്‌ ഡൽഹിയിൽനിന്ന്‌ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ കോഴിക്കോട്‌ വിമാനമിറങ്ങി തിരുത്തിയാട്‌ വന്നിരുന്നു. അവർ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഇതൾവിരിക്കാനാവാത്ത ചില രഹസ്യങ്ങൾക്കായി മറ്റൊരു രാജ്യത്തെ പ്രമുഖന്റെ കംപ്യൂട്ടർ ‘ഹാക്ക്‌’ ചെയ്യണം, അതായിരുന്നു വരവിന്റെ ഉദ്ദേശ്യം. ‘എത്തിക്കൽ ഹാക്കിങ്‌’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന തുരപ്പൻ പണി.

 ‘‘എത്തിക്കലായാലും മിത്തിക്കലായാലും ഹാക്കിങ്ങിനില്ല!’’ ഭട്ടതിരിപ്പാട്‌ തീർത്ത്‌ പറഞ്ഞു.

ഡോ. വിനോദ്‌ ഭട്ടതിരിപ്പാട്‌

ഡോ. വിനോദ്‌ ഭട്ടതിരിപ്പാട്‌

ദീർഘദൂര യാത്രയും കാത്തിരിപ്പുമടക്കം ബുദ്ധിമുട്ടുകൾ ഏറെ വേണമെന്നതിനാൽ സൈബർ കുറ്റകൃത്യാന്വേഷണവുമായി ബന്ധപ്പെട്ട സഹായ ജോലികൾ പൂർണമായും അവസാനിപ്പിച്ച്‌, പുസ്തകരചനയും മറ്റുമായി കഴിയുന്നു ഇപ്പോൾ. പക്ഷെ, ഇടയ്ക്ക്‌ ചിലരെത്തും. പ്രത്യേകിച്ചും കൗമാരക്കാരായ പെൺകുട്ടികൾ, അവരുടെ അച്ഛനമ്മമാരും ഒപ്പമുണ്ടാകും. അതേക്കുറിച്ചാണ്‌ ഭട്ടതിരിപ്പാടിന്‌ പറയാനുള്ളത്‌; കേരളത്തിലെ കൗമാരക്കാരിൽ നല്ലൊരുവിഭാഗം വന്നുപ്പെട്ടിട്ടുള്ള അപകടത്തെക്കുറിച്ച്‌. 

‘‘കൗമാരക്കാരിയായ ഒരു പെൺകുട്ടി അടുത്തിടെ ഇവിടെ വന്നിരുന്നു. ആ കുട്ടി പറഞ്ഞു; ‘ഞങ്ങള്‌ കുറച്ച്‌ കാലം ഒന്നിച്ച്‌ ജീവിച്ചു, ലൈംഗികബന്ധമുൾപ്പെടെ എല്ലാതരത്തിലുമുള്ള ജീവിതവുമുണ്ടായിരുന്നു. അതത്ര വലിയ കുറ്റമാണോ? തൂക്കിക്കൊല്ലാനൊന്നും നിയമമില്ലല്ലോ. പക്ഷെ, ഞങ്ങൾ തെറ്റിപ്പിരിഞ്ഞു. അവൻ കുറേ പടങ്ങളും വീഡിയോകളുമൊക്കെ എടുത്ത്‌ വച്ചിട്ടുണ്ട്‌. അവന്റെ ഫോണിൽനിന്ന്‌ അതൊന്ന്‌ എടുത്ത്‌ കളയാൻ എന്താവഴി ? ’ മുഖംപൊത്തി കരയുന്ന അമ്മയോടൊപ്പം ഇവിടെ വന്നത്‌ ആ വഴി അറിയാനായിരുന്നു. ചിലത്‌ ഇവിടുന്ന്‌ തന്നെ പരിഹരിക്കും. മറ്റുചിലത്‌ പൊലീസ്‌ വഴികളൊക്കെ പറഞ്ഞുകൊടുത്ത്‌ വിടും.’’ ഇത്തരം ആവശ്യങ്ങളുമായി  ഇവിടെയെത്തുന്നവർ അനവധിയാണ്‌. ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്‌. പക്ഷെ, കുരുക്കുകളിൽ വീണ്‌ ഇനി വരാൻ പറ്റാതെപോയ എത്രയോ പേരുണ്ടാകും, ആത്മഹത്യ ചെയ്തവർ? ആ കൂട്ടത്തിലേക്ക്‌ അധികം പേരെ വിടാതിരിക്കാൻ കടുത്ത ജാഗ്രത വേണമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. 

സങ്കടംമാറ്റാനൊരു ഗുളിക തരൂ ജിപിട്യേ

 ‘‘സാങ്കേതിക വിദ്യയോടൊപ്പം സഞ്ചരിക്കുകയല്ലാതെ മറ്റുമാർഗം മനുഷ്യർക്കില്ലയെന്നത്‌ ഒരു യാഥാർഥ്യമാണ്‌. പക്ഷേ, അതിനെ തിരിച്ചറിഞ്ഞ്‌ ഉപയോഗിക്കാൻ പറ്റിയില്ലെങ്കിൽ കുരുക്കിലാകുന്നത്‌ കുട്ടികളാകും എന്ന ധാരണ നമുക്ക് പലർക്കുമില്ല. എല്ലാ കാര്യങ്ങൾക്കും ഇന്റർനെറ്റിനെ ആശ്രയിക്കുന്ന ശീലം സുദൃഢമായിക്കഴിഞ്ഞു. പക്ഷേ, എല്ലാം അതിലായാലോ? ഇവിടെ വന്നവരിൽനിന്ന്‌ മനസ്സിലായത്‌, വിവാഹപൂർവ ലൈംഗിക ബന്ധം ഒരു വിനോദമായിക്കഴിഞ്ഞുവെന്നതാണ്‌. ഒരു ഡിബേറ്റിന്‌, അതൊക്കെ വലിയ സംഭവമാണോ എന്ന്‌ ചോദിക്കാം, അവരുടെ സ്വാതന്ത്ര്യമല്ലേ എന്ന തീർപ്പിലുമെത്താം. പക്ഷെ, ജീവിതത്തെക്കുറിച്ച്‌ ഒരു ധാരണയുമില്ലാത്ത കൊച്ചുകുട്ടികളാണ്‌ അവരെന്ന്‌ ഓർക്കുമ്പോൾ സങ്കടം തോന്നും. പല പെൺകുട്ടികളെയും ചൂഷണം ചെയ്യുകയാണ്‌, കച്ചവടത്തിന്‌ വിധേയമാക്കുകയാണ്‌. അങ്ങനെ ട്രാപ്പിലായവരും ഇവിടെ വന്നിട്ടുണ്ട്‌. എന്താണ്‌ അവരുടെ പ്രശ്നം, അന്വേഷിക്കണ്ടേ?’’

അച്ഛനിൽനിന്നും അമ്മയിൽനിന്നും അനുഭവിച്ചറിയേണ്ട ചില കാര്യങ്ങളുണ്ട്‌, അത്‌ കിട്ടാത്തതിന്റെ പ്രശ്നം രൂക്ഷമാണെന്ന്‌ അദ്ദേഹം തറപ്പിച്ച്‌ പറയുന്നു; ‘‘സ്നേഹലാളനകളിലൂടെ പകർന്നുകിട്ടേണ്ട അറിവുകളുണ്ട്‌, ആനന്ദങ്ങളുണ്ട്‌. അച്ഛനുമമ്മയ്ക്കുമൊപ്പം ഇഷ്ടത്തോടെ ചേർന്നിരിക്കുന്നവർ, കെട്ടിപ്പിടിച്ചവർ, ഒപ്പം യാത്ര ചെയ്തവർ എത്രപേരുണ്ടാകും ഇന്നത്തെ കൗമാര യൗവനങ്ങളിൽ? തുച്ഛമായിരിക്കും! കുട്ടികളുടെമാത്രം കുറ്റമല്ല അത്‌. ഇവിടെ വളർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന സംസ്കാരം അതാണ്‌. മാതാപിതാക്കളുമായുള്ള അടുപ്പം സാങ്കേതികം മാത്രമാവുകയും ആവശ്യങ്ങൾക്കെല്ലാം ഡിജിറ്റൽ ലോകത്ത്‌ ഊളിയിടുകയും ചെയ്യുന്ന ശീലമാണ്‌ വ്യാപകമായുള്ളത്‌.

സങ്കടം വരുമ്പോൾ എങ്ങനെ മറികടക്കണമെന്ന്‌ ഗൂഗിളിനോടും ചാറ്റ്‌ ജിപിടിയോടും പതിവായി ചോദിക്കുന്ന കുട്ടികളുണ്ട്‌. പാട്ട്‌, ധ്യാനം, യോഗ, യാത്ര എന്നിങ്ങനെ പതിവ്‌ ഉത്തരങ്ങളും കിട്ടും. പക്ഷെ, സങ്കടങ്ങളെ കെട്ടഴിച്ച്‌ വിടുമ്പോൾ നെഞ്ചുരുകി തലോടിക്കൊണ്ട്‌ അമ്മ പറയുന്ന ആശ്വാസവാക്കുകളേക്കാൾ വലുതായി എന്ത്‌ മരുന്നുണ്ട്‌ ലോകത്ത്‌? ഗൂഗിളിനും ജിപിടിക്കും അത്‌ പകരാനാകുമോ? നിങ്ങൾ നോക്കിക്കോളൂ വലിയൊരു ശതമാനം ആശ്രയിക്കുന്നത്‌ അവയെ ആണ്‌. അച്ഛനും അമ്മയും വിവരമില്ലാത്തവരുടെ ഗണത്തിലേക്ക്‌ മാറ്റപ്പെടുന്നു. ഇവിടെയാണ്‌ ഒന്നിച്ചും സ്നേഹിച്ചും വളരേണ്ടതിന്റെ പ്രാധാന്യം സ്കൂൾ തലത്തിൽ തന്നെ നിർബന്ധമാക്കേണ്ടതിന്റെ ആവശ്യകതയേറുന്നത്‌. ഇന്റർനെറ്റും കംപ്യൂട്ടറും സ്‌മാർട്ട്‌ഫോണും എങ്ങിനെ ഒരു സോഷ്യൽ സെൻസിൽ ഉപയോഗിക്കണമെന്ന പാഠമാണ്‌ നമുക്കില്ലാതെ പോകുന്നത്‌.’’

പഠിക്കാം പുസ്തകത്തിലൂടെ 

സ്മാർട്ട്‌ഫോൺ അടക്കം ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച്‌ ഡിജിറ്റൽ സാങ്കേതിക വിദ്ഗധനായ ടി വിനോദുമായി ചേർന്ന്‌ കൈപ്പുസ്തകം തയ്യാറാക്കുന്ന തിരക്കിലായിരുന്നു ഭട്ടതിരിപ്പാട്‌. ‘‘ഡിജിറ്റൽ വിപ്ലവത്തോടെ ലഭ്യമായത്‌ വിവരങ്ങളുടേയും സ്രോതസ്സുകളുടേയും ഉപകരണങ്ങളുടേയും വൻ സമ്പത്താണ്‌. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും പഠിക്കാനും വിവരങ്ങൾ സമ്പാദിക്കാനും വളരാനും അവ സഹായകരമാണ്. അതേസമയം, ഈ സാങ്കേതികവിദ്യയുടെ വലിയ അളവിലുള്ള ദുരുപയോഗ സാധ്യതയുമുണ്ട്‌ എന്ന്‌ കാണണം. അതുകൊണ്ട്‌ ഈ സാങ്കേതിക വിദ്യയെക്കുറിച്ചും ഉപകരണങ്ങളെക്കുറിച്ചും അടിസ്ഥാന ധാരണയുണ്ടാക്കുന്നതാണ്‌ സുരക്ഷിതം.’’ പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു.  സൈബർ ദുരുപയോഗങ്ങൾ എന്തൊക്കെ, ഏതെല്ലാം തരത്തിൽ ബാധിക്കുന്നു, സൈബർ സുരക്ഷ എങ്ങനെയൊക്കെ കരസ്ഥമാക്കാം, സുരക്ഷയ്ക്കുള്ള പ്രായോഗിക നടപടികൾ എന്തൊക്കെ, ട്രാപ്പിൽ പെട്ടാൽ ചെയ്യേണ്ടതെന്തൊക്കെ, സൈബർ സംസ്കാരം എങ്ങനെ വളർത്തിയെടുക്കാം തുടങ്ങിയ കാര്യങ്ങളാണ്‌ പുസ്തകം പ്രധാനമായും ചർച്ച ചെയ്യുന്നത്‌. കേരള സർക്കാരിന്റെ ബുക്‌മാർക്ക്‌ താമസിക്കാതെ ഇംഗ്ലീഷിലും മലയാളത്തിലും പുസ്തകം വായനക്കാരിലെത്തിക്കും.

എഫ്‌ബിഐ ഡയറക്ടറായിരുന്ന റോബർട്ട്‌ മുള്ളർ പറഞ്ഞിട്ടുണ്ട്‌; ‘രണ്ട്‌ തരം കമ്പനികളേ ലോകത്തുള്ളു, ഹാക്ക്‌ ചെയ്യപ്പെട്ടവ, ഇനി ഹാക്ക്‌ ചെയ്യപ്പെടാനുള്ളവ.’ കമ്പനിയുടെ സ്ഥാനത്ത്‌ ‘മനുഷ്യർ’ എന്ന്‌ തിരുത്തിയാലും ഇന്ന്‌ അധികപ്പറ്റാവില്ല!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top