19 April Friday

ഒടുവിൽ തീരമണഞ്ഞു ; ആനന്ദിനും കൂട്ടുകാർക്കും ആശ്വാസം

പ്രത്യേക ലേഖകൻUpdated: Tuesday Aug 4, 2020


കൊച്ചി
ഞായറാഴ്‌ച കപ്പൽ കൊച്ചിയുടെ തീരമണഞ്ഞപ്പോൾ ആനന്ദിനും കൂട്ടുകാർക്കും ആശ്വാസം. ഏപ്രിലിൽ ‌സിംഗപ്പൂരിൽ ഇറങ്ങേണ്ടതായിരുന്നു മർച്ചന്റ്‌ നേവി ചീഫ്‌ ഓഫീസർ ആനന്ദ്‌ കൂട്ടൂൽ. കോവിഡ്‌ എല്ലാം മാറ്റിമറിച്ചു. തുറമുഖങ്ങളിൽ ‌നാവികർക്ക്‌ ഇറങ്ങാനും കയറാനും വിലക്കായതോടെ പ്രതിസന്ധിയിലായി. ഒടുവിൽ ജോലിക്കാരെ മാറ്റിക്കയറ്റാനായി ദക്ഷിണാഫ്രിക്കയിൽനിന്നുള്ള യാത്ര കൊച്ചിവഴിയാക്കാൻ കമ്പനി തീരുമാനിച്ചതാണ്‌ ഇവർക്ക്‌ തുണയായത്‌. 

കപ്പലിൽ 12 ഇന്ത്യാക്കാരാണ്‌ ഉണ്ടായിരുന്നത്‌. നാട്ടിലിറങ്ങിയതോടെ ഏല്ലാവർക്കും ആശ്വാസം. ഇനി കോവിഡ്‌ ടെസ്‌റ്റ്‌ കഴിഞ്ഞ്‌ വീട്ടിൽ പോകാം. ഒപ്പം ഇറങ്ങിയവരിൽ രണ്ടു മലിയാളികൾകൂടിയുണ്ട്‌. കാക്കനാട്‌ സ്വദേശിയായ ഇലക്‌ട്രിക്കൽ ഓഫീസർ സിനിമോനും പാലാ സ്വദേശിയായ തേഡ്‌ ഓഫീസർ അരുണും. ബാക്കി 10 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്‌. 

ഫെബ്രുവരിയിൽ ഇവരുടെ കപ്പൽ ചൈനീസ്‌ തീരത്തായിരുന്നു. കോവിഡ്‌ രൂക്ഷമായിരുന്ന അവിടെ ചരക്കിറക്കാനാകാതെ ഒരുമാസത്തോളം നങ്കൂരമിടേണ്ടിവന്നു. പിന്നെ ദക്ഷിണാഫ്രിക്കയിലേക്കും ‌തിരിച്ചും യാത്ര.   യാത്രയ്‌ക്കിടെ ഏപ്രിലിൽ സിംഗപ്പൂരിൽ ഇറങ്ങാമായിരുന്നു. പക്ഷേ കോവിഡ്‌മൂലം അവർ ക്രൂ ചേഞ്ച്‌ അനുവദിച്ചില്ല. അടുത്തൊന്നും അനുമതി ലഭിക്കില്ലെന്ന്‌ ഉറപ്പായതോടെ വൻചെലവുവന്നാലും കപ്പലിന്റെ റൂട്ടുമാറ്റി നാവികരെ കൊച്ചിയിൽ എത്തിക്കാൻ കമ്പനി തീരുമാനിച്ചു. മൂന്നുദിവസത്തെ ഈ അധികയാത്രയ്‌ക്ക്‌ 70 ലക്ഷം രൂപയാണ്‌ സ്‌പാർഷിപ്പിങ്‌ ഫ്ലീറ്റ്‌ മാനേജ്മെന്റ്‌ കമ്പനിക്ക്‌ അധികമായി ചെലവാകുന്നത്‌. 

കോവിഡ്‌മൂലം മിക്കവാറും തുറമുഖങ്ങൾ  ക്രൂ ചേഞ്ച്‌ അനുവദിക്കാതായപ്പോൾ കൊച്ചിയും വിഴിഞ്ഞവുമാണ്‌ ഇപ്പോൾ നാവികർക്ക്‌ ആശ്വാസം. കൊച്ചിയിലിപ്പോൾ ദിവസം രണ്ടു കപ്പലെങ്കിലും ക്രൂ ചേഞ്ചിന്‌ എത്തുന്നുണ്ട്‌. പോർട്‌ബ്ലെയറും ക്രൂ ചേഞ്ച്‌ അനുവദിക്കുന്നുണ്ട്‌.

പല കപ്പൽ റൂട്ടുകളിൽനിന്ന്‌ കൊച്ചിയിലും വിഴിഞ്ഞത്തും‌ ക്രൂ ചേഞ്ചിന്‌ എത്താൻ അധികസമയം മാത്രമല്ല, വലിയ ചെലവുംവരും. ഇതിന്‌ പല കമ്പനികളും തയ്യാറാകില്ല. ഇതുമൂലം നാട്ടിലെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന ഒട്ടേറെ നാവികരുണ്ടെന്ന്‌ ആനന്ദ്‌ പറഞ്ഞു. വിശ്രമമില്ലാത്ത ജോലി‌ക്കൊപ്പം കോവിഡ്‌ രൂക്ഷമായ രാജ്യങ്ങളിൽ ചരക്ക്‌ ഇറക്കാനാകാതെ  മാസങ്ങൾ കാത്തുകിടക്കേണ്ടിവരുന്നു. പതിനായിരത്തിലധികം ഇന്ത്യൻ നാവികർ ഇങ്ങനെ അവധി ലഭിക്കാതെ ജോലിയിൽ തുടരുകയാണെന്നും ആനന്ദ്‌ പറയുന്നു. പ്രമുഖ പ്രസാധകൻ സിഐസിസി ജയചന്ദ്രന്റെ മകനാണ്‌ ആനന്ദ്‌ കൂട്ടൂൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top