26 April Friday

പടർത്തുന്നത് മതവൈരത്തിന്റെ അതിക്രൂര സന്ദേശം; പശു ഒരു രാഷ്‌ട്രീയ മൃഗമാകുമ്പോള്‍

കെ ആര്‍ മായUpdated: Thursday Mar 9, 2023

2014ല്‍ നരേന്ദ്രമോദി അധികാരമേറ്റ് ഒരു വര്‍ഷത്തിനുശേഷം, ഉത്തര്‍പ്രദേശിലെ ദാദ്രിക്കടുത്തുള്ള ബിസാരഗ്രാമത്തില്‍ നിന്നാണ് ഗോ സംരക്ഷണക്കാര്‍ ഒരു മനുഷ്യനെ അടിച്ചുകൊന്ന വാര്‍ത്ത നാം ആദ്യം കേള്‍ക്കുന്നത്. അതൊരു തുടക്കമായിരുന്നു. പിന്നീടിങ്ങോട്ട് സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു.

പശുവിന്‍റെ ഇറച്ചി വീട്ടില്‍ സൂക്ഷിച്ചുവച്ചിരിക്കുന്നു എന്ന അഭ്യൂഹം പരത്തി ഒരു കൂട്ടം ഹിന്ദു തീവ്രവാദികള്‍ അഖ്ലാക്ക് എന്ന 52 കാരന്‍റെ വീട്ടില്‍ കയറി അദ്ദേഹത്തെയും മകനെയും ക്രൂരമായി ആക്രമിച്ചു.

അഖ്‌ലാഖാന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്നവർ

അഖ്‌ലാഖാന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്നവർ

അഖ്ലാക്കിനെ വീട്ടിനുപുറത്തേക്ക് വലിച്ചിഴച്ച് തല്ലിക്കൊന്നു. രാജ്യത്ത് പലയിടങ്ങളിലും അതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ അഖ്ലാഖിനെ അടിച്ചുകൊലപ്പെടുത്തിയത് ശരിയായിരുന്നു എന്നാണ് ഹിന്ദുത്വ തീവ്രവാദികളെ പിന്തുണച്ചുകൊണ്ട് അന്ന് കേന്ദ്രമന്ത്രി കൂടിയായിരുന്ന മഹേഷ് ശര്‍മയുള്‍പ്പെടെ പറഞ്ഞത്.

സംഭവത്തില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ പ്രതി രോഗംമൂലം മരണപ്പെട്ടപ്പോള്‍ ഇപ്പറയുന്ന മന്ത്രി മൃതദേഹത്തില്‍ ദേശീയ പതാക പുതപ്പിച്ചാണ് തന്‍റെ ദേശസ്നേഹം പ്രകടിപ്പിച്ചത്. പച്ചയായ വംശവെറിയുടെ മകുടോദാഹരണമായിരുന്നു അത്.

പശു ജാഗ്രതാ സംഘങ്ങള്‍ക്ക് ആള്‍ക്കൂട്ടക്കൊല നടത്താനുള്ള ലൈസന്‍സ് നല്‍കലായിരുന്നു അഖ്ലാക്ക് സംഭവം.

പിന്നീട് നിരന്തരമെന്നോണം ആള്‍ക്കൂട്ടകൊലകള്‍ അരങ്ങേറി. 2016 മാര്‍ച്ചില്‍ ഝാര്‍ഖണ്ഡില്‍ രണ്ട് കന്നുകാലി കച്ചവടക്കാരെ പശു ജാഗ്രതാസംഘം ആക്രമിച്ച് കൊലപ്പെടുത്തി; മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടിത്തൂക്കി.

2016 ജൂലൈയില്‍ മോദിയുടെ സ്വന്തം ഗുജറാത്തില്‍ ചത്ത പശുവിന്‍റെ തോലുരിച്ചു എന്ന പേരില്‍ നാല് ദളിതരെ തല്ലിച്ചതച്ച് മൃതപ്രായരാക്കി. പശുവിനെ തൊട്ടാല്‍ ഇതായിരിക്കും ഫലം എന്ന് മുന്നറിയിപ്പു നല്‍കാന്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു.

2017ല്‍ ക്ഷീരകര്‍ഷകനായ പെഹ്ലൂഖാനെ രാജസ്താനിലെ ഒരു ദേശീയപാതയില്‍ വച്ചാണ് ഗോരക്ഷക്കാര്‍ അടിച്ചുകൊന്നത്. 2018ല്‍ ഉത്തര്‍പ്രദേശിലെ ഹാംപൂരില്‍ ഒരാളെ അടിച്ചുകൊന്നതും പശുവിന്‍റെ പേരില്‍ത്തന്നെയാണ്. ഇങ്ങനെ പുറത്തറിഞ്ഞതും അറിയാത്തതുമായ നിരവധി സംഭവങ്ങളാണ് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.

ഇതില്‍ ഏറ്റവും ഒടുവിലായി നാം കേട്ടതാണ് പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലീം വ്യാപാരികളെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരായ പശു സംരക്ഷക ഗുണ്ടകള്‍ രാജസ്താനിലെ ഭരത്പൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയി ഹരിയാനയിലെ ഗുരുഗ്രാമില്‍വച്ച് ചുട്ടുകൊന്ന സംഭവം.

കൊലചെയ്യപ്പെട്ട നസീറും ജൂനൈതും

കൊലചെയ്യപ്പെട്ട നസീറും ജൂനൈതും

ഈയടുത്തയിടെ ഇന്ത്യസ്പെന്‍ഡ് പുറത്തുവിട്ട കണക്കുപ്രകാരം 2015നു ശേഷം ഗോസംരക്ഷണത്തിന്‍റെ പേരില്‍ 117 അക്രമസംഭവങ്ങളുണ്ടായി എന്നാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഹോളോകോസ്റ്റ് മെമ്മോറിയല്‍ മ്യൂസിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ (വംശഹത്യ തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന സൈമണ്‍സ്ക ജോഡ് സെന്‍റര്‍, ഡിക്കി സെന്‍റര്‍ ഫോര്‍ നാഷണല്‍ അണ്ടര്‍സ്റ്റാന്‍ഡിങ്) സംയുക്തമായി നടത്തിയ പഠനത്തില്‍ കഴിഞ്ഞ 5 വര്‍ഷമായി ഇന്ത്യ ഇത്തരത്തില്‍ അപകടസാധ്യതയുള്ള ആദ്യത്തെ 15 രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണെന്നു വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ ആള്‍ക്കൂട്ടക്കൊലകള്‍ക്ക് ഏറ്റവും സാധ്യത നിലനില്‍ക്കുന്ന ലോകരാജ്യങ്ങളുടെ പട്ടികയില്‍ 20222023ല്‍ ഇന്ത്യ 8ാം സ്ഥാനത്തേക്കുയരും എന്നു പറയുന്നു. 162 രാജ്യങ്ങളെ വിശകലനം ചെയ്തതില്‍ നിന്നെത്തിച്ചേര്‍ന്ന നിഗമനമാണിത്.

പശു രക്ഷയുമായി ബന്ധപ്പെട്ടുമാത്രമല്ല മതഭ്രാന്തും വിദ്വേഷവും ആസൂത്രിതമായി പ്രചരിപ്പിക്കുന്നതിലും ഈ ആള്‍ക്കൂട്ടക്കൊലയെ ഉപയോഗപ്പെടുത്തുന്നതിന്‍റെ ഒരുദാഹരണമാണ് 2019 ജൂണില്‍ ഝാര്‍ഖണ്ഡില്‍ 24 കാരനായ തബ്രെസ് അന്‍സാരിയെ കൊലപ്പെടുത്തിയ സംഭവം.

ബൈക്ക് മോഷ്ടിച്ചു എന്നാരോപിച്ചാണ് ആള്‍ക്കൂട്ടം അക്രമം തുടങ്ങിയതെങ്കിലും ജയ്ശ്രീ റാം, ജയ് ഹനുമാന്‍ എന്നു വിളിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ട് അന്‍സാരിയെ മണിക്കൂറുകളോളം മര്‍ദിച്ചവശനാക്കി പൊലീസിനെക്കൊണ്ട് ലോക്കപ്പിലാക്കി. തൊട്ടടുത്ത ദിവസംതന്നെ അന്‍സാരി മരണപ്പെട്ടു.

2009നും 2013നുമിടയ്ക്ക് ഇന്ത്യയില്‍ ഇത്തരത്തില്‍ 22 കേസുകള്‍ മാത്രമേ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ 2014നു ശേഷം 5 വര്‍ഷത്തിനുള്ളില്‍ പത്തിരട്ടിയിലേറെ വര്‍ധനയുണ്ടായി.

രാജ്യത്ത് വര്‍ധിച്ചുവരുന്ന ഗോരക്ഷാ ജാഗ്രതാ സംഘങ്ങളുടെ നേതൃത്വത്തിലുള്ള ആള്‍ക്കൂട്ടക്കൊലകളുടെ പശ്ചാത്തലത്തില്‍ 2018 ജൂലൈയില്‍ സുപ്രീംകോടതി ഇതുമായി ബന്ധപ്പെട്ട 'പ്രതിരോധ, പരിഹാര, ശിക്ഷാനടപടികള്‍' സംബന്ധിച്ച് ഗവണ്‍മെന്‍റിന് വിശദമായ നിര്‍ദേശങ്ങള്‍ നല്‍കുകയുണ്ടായി.

ആള്‍ക്കൂട്ടക്കൊലകളെ പ്രത്യേക കുറ്റമായി കണ്ട് മതിയായ ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രത്യേക ബില്‍ പാര്‍ലമെന്‍റില്‍ കൊണ്ടുവരണമെന്നും സുപ്രീംകോടതി നിര്‍ദേശിക്കുകയുണ്ടായി; അതോടൊപ്പം ഫാസ്റ്റ്ട്രാക്ക് കോടതികളും സ്ഥാപിക്കണം. അതൊന്നും മോദി ഗവണ്‍മെന്‍റ് മുഖവിലയ്ക്കെടുത്തില്ലെന്നു മാത്രമല്ല 'ഇന്ത്യന്‍ പീനല്‍ കോഡുപ്രകാരം ആള്‍ക്കൂട്ടക്കൊലയെ കുറ്റമായി നിര്‍വചിച്ചിട്ടില്ല' എന്ന കാഴ്ചപ്പാടില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയുമാണ്.

ഫരീദാബാദിൽ ബീഫ് കൈവശം സൂക്ഷിച്ചതിന്റെ പേരിൽ ട്രെയിനിൽ വധിക്കപ്പെട്ട ജുനൈദിന്റെ കുടുംബത്തിന് സിപിഎം 10 ലക്ഷം രൂപ സഹായധനം നൽകിയപ്പോൾ

ഫരീദാബാദിൽ ബീഫ് കൈവശം സൂക്ഷിച്ചതിന്റെ പേരിൽ ട്രെയിനിൽ വധിക്കപ്പെട്ട ജുനൈദിന്റെ കുടുംബത്തിന് സിപിഎം 10 ലക്ഷം രൂപ സഹായധനം നൽകിയപ്പോൾ



മോദി വാഴ്ചയില്‍ നിരന്തരം അരങ്ങേറുന്ന മതവംശീയവിദ്വേഷം ലക്ഷ്യംവച്ചുള്ള ആള്‍ക്കൂട്ടക്കൊലകള്‍, സംസ്കാരത്തില്‍ത്തന്നെ വംശവെറി അലിഞ്ഞുചേര്‍ന്നിട്ടുള്ള അമേരിക്കയില്‍ പ്രത്യേകിച്ച് തെക്കേ അമേരിക്കയില്‍ മധ്യകാലത്ത് അരങ്ങേറിയ, കറുത്ത വര്‍ഗക്കാരെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ വെള്ളവര്‍ണവെറിയന്മാര്‍ നടത്തിയ ഭീകരതയെ ഓര്‍മിപ്പിക്കുന്നതാണ്.

കു ക്ലക്സ് ക്ലാന്‍ എന്നറിയപ്പെട്ട ഈ വര്‍ണവെറിയന്‍ സംഘങ്ങള്‍ നിരായുധരായ കറുത്തവര്‍ഗക്കാര്‍ക്കെതിരെ നടപ്പാക്കിയ ആള്‍ക്കൂട്ടക്കൊല, ഇന്ത്യയില്‍ ഇപ്പോള്‍ അരങ്ങേറുന്ന, ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള ആള്‍ക്കൂട്ടകൊലകളുടെ ക്ലാസിക്കല്‍ രൂപമാണ്.

മുസ്ലീങ്ങളെ അപരരായിക്കണ്ട് അവരെ ഉന്മൂലനം ചെയ്യുക എന്നതു ലക്ഷ്യമിട്ട് ഒരുവശത്ത് സംഘപരിവാര്‍ ഗോരക്ഷക് സംഘങ്ങളെ ഉപയോഗിക്കുമ്പോള്‍ ആര്‍എസ്എസിന്‍റെ രാഷ്ട്രീയോപകരണമായ ബിജെപി ഗവണ്‍മെന്‍റ് പൗരത്വനിയമം പാസാക്കുന്നു.

വംശീയ ഉന്മൂലനത്തിനായി മോദി ഗവണ്‍മെന്‍റ് ഒരേ സമയം ഹിന്ദു തീവ്രവാദികളെയും ഭരണകൂടത്തെയും ഉപയോഗിക്കുകയാണ്.

നമ്മുടെ രാജ്യത്തിന്‍റെ മതനിരപേക്ഷതയും ബഹുസ്വരമായ സാമൂഹികഘടനയും നിലനിര്‍ത്തേണ്ടത് ഭരിക്കുന്ന ഗവണ്‍മെന്‍റിന്‍റെ ഉത്തരവാദിത്തമാണ്. അതിനു നേര്‍വിപരീതമായി ഭരണഘടനയെത്തന്നെ ഉല്ലംഘിക്കുംവിധം ഹിന്ദുതീവ്രവാദികളെയും പശുരക്ഷയുടെ പേരില്‍ ആള്‍ക്കൂട്ട ക്രിമിനലുകളെയും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുകയുമാണ് ബിജെപി ഗവണ്‍മെന്‍റിന്‍റെ ഉത്തരവാദപ്പെട്ടവര്‍ ചെയ്യുന്നത്; അതാണ് പൊതുബോധമെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിക്കുന്നു.

ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയവര്‍ തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നതിനായി ജനാധിപത്യത്തെത്തന്നെ കശാപ്പുചെയ്യുന്നതിനാണ് ഇന്നു രാജ്യം സാക്ഷ്യം വഹിക്കുന്നത്. അതിനെതിരായി പുരോഗമന ശക്തികളുടെയും ജനങ്ങളുടെയും വലിയ ഐക്യം അനിവാര്യമായ സന്ദര്‍ഭമാണിത്.

(ചിന്ത വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top