25 April Thursday

"ഇതുപോലൊരു കെയറിങ് ഞാൻ കണ്ടിട്ടില്ല, ജീവിതത്തിൽ ഇതൊരു പാഠം"

പി അനൂപ്‌Updated: Tuesday Mar 31, 2020

റാന്നി
‘‘ഇതുപോലൊരു കെയറിങ് ഞാൻ കണ്ടിട്ടില്ല.  ആരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ ജീവിതത്തിൽ ഇതൊരു പാഠമാണ്.  എവിടെ പോയാലും ഇത് പിന്തുടരാൻ ശ്രമിക്കും’’. കോവിഡ് 19ന്‌  ചികിത്സയിലായിരുന്ന റാന്നി സ്വദേശി റിജോ മോൻസി പറഞ്ഞു.  പരിശോധനാ ഫലം നെഗറ്റീവ് ആയശേഷം ദേശാഭിമാനിയോട്  സംസാരിക്കുകയായിരുന്നു റിജോ.

രോഗം സ്ഥിരീകരിച്ചപ്പോൾ മരണ ഭയമായിരുന്നു. ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും വാക്കുകൾ  ധൈര്യം പകർന്നു.  ഇവരുടെ ആത്മാർഥ പരിചരണമാണ് ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തിയത്. പ്രത്യേകിച്ച് ഡോ. ശരത്ത്‌, ഡോ. നസ്ലീം ഇവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു. മറ്റു രാജ്യങ്ങളിൽ  കാണാത്ത  പ്രവർത്തനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർക്കാർ ചെയ്യുന്നത്. നല്ലൊരു ആരോഗ്യമന്ത്രിയാണ് നമുക്കുള്ളത്. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും ഒത്തൊരുമയും എടുത്തു പറയണം.

സർക്കാർ ആശുപത്രിയെക്കുറിച്ചുള്ള കാഴ്ചപ്പാട്‌ കുടുംബത്തിനും മാറി. ഐത്തലയിലെ ആളുകൾ ക്വാറന്റൈയിനിലായപ്പോൾ രാജു ഏബ്രഹാം എംഎൽഎ വീടുകളിൽ ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു. ഇതെല്ലാം നന്ദിയോടെ ഓർക്കുന്നു. ഞങ്ങളിലൂടെ അടുത്ത ബന്ധുക്കൾക്ക് അല്ലാതെ മറ്റാർക്കും രോഗം പടർന്നില്ലെന്ന ആശ്വാസമുണ്ട്‌. എയർപോർട്ടിൽ വച്ചാകാം രോഗം ഉണ്ടായതെന്ന് സംശയിക്കുന്നു. ഇറ്റലിയിൽ താമസിച്ചിരുന്ന ട്രവിസോ പ്രവിശ്യയിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഞങ്ങൾക്ക് രോഗബാധ ഇല്ലെന്ന വിശ്വാസമായിരുന്നു. എങ്കിലും കുറച്ചുപേർക്ക് ഐസൊലേഷനിൽ ഇരിക്കേണ്ടതുൾപ്പെടെ ബുദ്ധിമുട്ടുകൾ ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നു. അറിഞ്ഞുകൊണ്ട് ആരെയും ഉപദ്രവിക്കാൻ ഒന്നും ചെയ്തിട്ടില്ല. അറിയാതെ ചെയ്ത തെറ്റിന് മാപ്പു ചോദിക്കുന്നു –- റിജോ പറഞ്ഞു.

93 വയസ്സുള്ള അപ്പച്ചന്റെ ആഗ്രഹപ്രകാരമാണ് നാട്ടിലേക്ക് വന്നത്. ആദ്യ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ തങ്ങൾക്കെതിരെ ഉണ്ടായ ജനരോഷത്തിൽ വിഷമമുണ്ട്. ഇപ്പോൾ ആളുകൾക്ക് മനസ്സിലായിട്ടുണ്ട് അറിഞ്ഞുകൊണ്ട് ഒന്നും ചെയ്തിട്ടില്ലെന്ന്. ഇത് ആശ്വാസമാണെന്നും റിജോ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top