24 April Wednesday

കോവിഡിന്‌ മരുന്ന്‌ ഒക്ടോബറിൽ ; വാക്‌സിൻ നിർമാണം അവസാനഘട്ടത്തിൽ

പി വി ജീജോUpdated: Tuesday Jun 30, 2020


കോഴിക്കോട്‌
കോവിഡിനുള്ള മരുന്ന്‌ ഒക്ടോബറോടെ വിപണിയിലെത്തും. രാജ്യത്തെ പ്രമുഖ മരുന്നുനിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്‌ കോവിഡ്‌ പ്രതിരോധ ‌ വാക്‌സിൻ നിർമിക്കുന്നത്‌. വാക്‌സിൻ നിർമാണം അന്തിമഘട്ടത്തിലാണെന്ന്‌ പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യ ഡയറക്ടറും  കണ്ണൂർ സ്വദേശിയുമായ പുരുഷോത്തമൻ സി നമ്പ്യാർ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.  ‘ഒക്ടോബറിൽ വാക്‌സിൻ ലഭ്യമാക്കാനാകും. സാധാരണക്കാർക്കടക്കം വാങ്ങിക്കാനാകും വിധം കുറഞ്ഞ വിലയ്ക്കാണ്‌ ‌വിപണിയിലെത്തിക്കുക. വർഷം 150 കോടി ഡോസ് വാക്‌സിൻ നിർമിക്കാൻ സിറത്തിന്‌ ശേഷിയുണ്ട്‌’.

പ്രതീക്ഷയേകി ‌ ആറ്‌ വാക്‌സിനുകൾ
കോവിഡ്‌ തടയാനുള്ള ‌ ആറുതരം വാക്‌സിനുകൾ വികസിപ്പിക്കാനുള്ള പരീക്ഷണത്തിലാണ്‌ സിറം.  ഒന്ന്‌ ഓക്സ്‌ഫോർഡ്‌ യൂണിവേഴ്‌സിറ്റിയുടെ   സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതാണ്‌.  ഇതിന്റെ സെൽ(കോശം)ബാങ്ക്‌‌ കിട്ടി. ഇതുപയോഗിച്ച്‌ മനുഷ്യരിൽ പരീക്ഷണമടക്കം കഴിഞ്ഞു‌. 20 ലക്ഷം ഡോസ്‌ വാക്‌സിൻ നിർമിച്ചു. വാക്‌സിൻ ഫലപ്രദമാകുമെന്ന ഓക്സ്‌ഫോർഡ്‌ ഗവേഷകരുടെ ശുഭപ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് സിറം ഇത്‌ നിർമിക്കുന്നത്. കേന്ദ്രസർക്കാർ അനുമതി കിട്ടിയാൽ ഒക്ടോബറോടെ വിപണിയിലിറക്കാനാകും.  ‌


 

അമേരിക്കൻ ബയോടെക് കമ്പനി കോഡാജെനിക്സ്‌ വികസിപ്പിച്ചതാണ് മറ്റൊരു വാക്‌സിൻ. തദ്ദേശീയമായി സിറം വികസിപ്പിച്ച  വാക്‌സിനുമുണ്ട്‌. അത്‌ സെപ്‌തംബറോടെ വിപണിയിലെത്തിക്കാനുള്ള കഠിനശ്രമത്തിലാണ്‌. ആദ്യ രണ്ടുഘട്ടം വിജയകരമായി പൂർത്തിയാക്കി. മൂന്നാം ദശയിലാണിപ്പോൾ. അടുത്തതും സ്വന്തമായി വികസിപ്പിച്ചതാണ്‌. അതിന്റെയും പ്രാഥമിക പരീക്ഷണം കഴിഞ്ഞ്‌ സെൻട്രൽ ലാബിനയച്ചു. ഈ വിധത്തിൽ നിരവധി തരം വാക്‌സിൻ ഒന്നിച്ച്‌ വിപണിയിലെത്തിക്കും. രണ്ട്‌ വാക്‌സിനും മാറിവരുന്ന  വ്യതിയാനങ്ങൾക്കനുസരിച്ചുള്ളതാണ്‌.  സിംഗിൾഡോസ്‌ വാക്‌സിനാണ്‌  കോവിഡിനായി വികസിപ്പിക്കുന്നത്‌.  ഈ വാക്‌സിന്‌ മൂന്നുവർഷം ശേഷിയുണ്ടാകും. വില സാധാരണ നിലയിൽ 4500 രൂപ വരും‌. 

സിറം ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്‌ ഇന്ത്യ
ലോകത്തെ  ഏറ്റവും വലിയ ബയോ ടെക്‌നോളജി കമ്പനികളിലൊന്നായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിൻ നിർമാണ സ്ഥാപനമാണ്. 1966 -ൽ പുണെയിൽ ആരംഭിച്ച സിറത്തിലെ വാക്‌സിനുകൾ 170ൽ അധികം രാജ്യങ്ങളിൽ ഉപയോഗിക്കുന്നു. 5,000 കോടി രൂപയാണ്‌ വാർഷിക വരുമാനം. പന്നിപ്പനിക്കും  പേ വിഷത്തിനുമെതിരെ മരുന്നുകൾ വികസിപ്പിച്ചിട്ടുണ്ട്‌. അഞ്ചാം പനി,​ മുണ്ടിനീര്,​ റൂബെല്ല,​ ഹെപ്പറ്റൈറ്റിസ്,​ കുട്ടികൾക്കുള്ള ഡിടിപി (ഡിഫ്‌ത്തീരിയ,​ ടെറ്റനസ്,​ വില്ലൻ ചുമ) എന്നിവക്കെതിരായ വാക്‌സിനുകളും ഉൽപ്പാദിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top