24 April Wednesday

കോവിഡ്‌ പരിശോധന കാര്യക്ഷമം

വെബ് ഡെസ്‌ക്‌Updated: Monday Apr 27, 2020


തിരുവനന്തപുരം
സംസ്ഥാനത്തെ കോവിഡ്‌ പരിശോധനാസംവിധാനം കാര്യക്ഷമമാണെന്ന്‌‌ വിദഗ്‌ധ സമിതി ചെയർമാൻ ഡോ. ബി ഇക്‌ബാൽ. ഐസിഎംആർ മാനദണ്ഡമനുസരിച്ചാണ്‌ എല്ലാ സംസ്ഥാനങ്ങളിലും പരിശോധന നടക്കുന്നത്‌. ആയിരത്തിൽ കൂടുതൽ രോഗികളുള്ള സംസ്ഥാനങ്ങളിലെ പരിശോധനാനിരക്ക്‌ കേരളത്തിലേതുമായി ഒത്തുനോക്കുന്നതിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

പതിനാല്‌ ദിവസത്തിനുള്ളിൽ വിദേശയാത്ര നടത്തിയവർ, രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട ശേഷം കോവിഡ്‌ ലക്ഷണങ്ങൾ സ്ഥിരീകരിച്ചവർ, രോഗലക്ഷണമുള്ള ആരോഗ്യപ്രവർത്തകർ, ഗുരുതര ശ്വസനസംബന്ധ രോഗമുള്ളവർ എന്നിവരെയാണ്‌ പരിശോധിക്കുന്നത്‌. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്‌ തുടങ്ങിയ ലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കുന്നു. ഹോട്ട്‌ സ്പോട്ടുകളിലെ ജനസാന്ദ്രത കൂടുതൽ ഉള്ളയിടങ്ങളിലെ (അതിഥിത്തൊഴിലാളി ക്യാമ്പുകൾ ഉൾപ്പെടെ) പൂർണ ഗർഭിണികളെ പ്രസവതീയതിക്ക്‌‌ അഞ്ചുദിവസംമുമ്പ്‌ പരിശോധിക്കുന്നു.

‘തമിഴ്‌നാട്‌‌ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രോഗം വലിയ തോതിൽ വ്യാപിച്ചിട്ടുണ്ട്‌. തമിഴ്‌നാട്ടിൽ ഇതുവരെ 1885 പേർക്ക്‌ രോഗം ബാധിച്ചു. ഒരാഴ്ചയ്‌ക്കുള്ളിൽ 513 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. കേരളത്തിൽ ജനുവരി 30 മുതൽ ഇതുവരെ ആകെ 468 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. കഴിഞ്ഞ ഒരാഴ്ച രോഗം സ്ഥിരീകരിച്ചത്‌ 81 പേർക്കും.’–- വിദഗ്‌ധ സമിതി അംഗം ഡോ. അനൂപ്‌ കുമാർ പറഞ്ഞു.

ആന്റിബോഡി ടെസ്‌റ്റ്‌ കിറ്റുകളുടെ വരവോടെ നിരീക്ഷണ കാലയളവിന്റെ അഞ്ചുമുതൽ 14 വരെ ദിനങ്ങളിലുള്ള എല്ലാവരെയും പരിശോധിക്കാൻ ആരോഗ്യവകുപ്പ്‌‌ തീരുമാനിച്ചിരുന്നു. കിറ്റുകളുടെ ഗുണനിലവാരത്തെക്കുറിച്ച്‌ ആക്ഷേപം ഉയർന്നതിനെ തുടർന്ന്‌ അവയുടെ ഉപയോഗം നിർത്തിവയ്‌ക്കാൻ ഐസിഎംആർ നിർദേശിച്ചു. എന്നാലും, പരിശോധന കൂടുതൽ വ്യാപകമാക്കാനാണ്‌‌ സർക്കാർ തീരുമാനം.

നിരീക്ഷണത്തിലുള്ള എല്ലാവരെയും സ്രവപരിശോധനയ്ക്ക്‌ വിധേയമാക്കും. റീ ഏജന്റുകളുടെ ദൗർലഭ്യം പരിഹരിക്കാൻ നടപടി സ്വീകരിച്ചുവരുന്നു. അതിഥി ത്തൊഴിലാളി ക്യാമ്പുകൾ, ആരോഗ്യപ്രവർത്തകർ, പൊലീസുകാർ തുടങ്ങിയവരിൽ റാപിഡ്‌ പിസിആർ ടെസ്‌റ്റും ആരംഭിച്ചിട്ടുണ്ട്‌. വരുംദിവസങ്ങളിൽ ഇതും കൂടുതൽ വ്യാപകമാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top