01 April Wednesday

ആശുപത്രിയിൽ കയറി നിരങ്ങേണ്ട

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

കോവിഡ് കാലത്ത് അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നാണ് സർക്കാർ നിർദേശം. ആവശ്യമെങ്കിൽ ഡോക്ടറെ ഫോണിൽ ബന്ധപ്പെടാനും. ഫോൺ വഴിയുള്ള ചികിത്സ എത്രത്തോളം ഫലം ചെയ്യും?

അത്യാവശ്യമില്ലാത്ത ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്. ഇതൊരു പ്രത്യേക സാഹചര്യമാണ്‌. ലോകമെമ്പാടും കോവിഡ്–- 19 പകർച്ച തടയുക എന്ന ലക്ഷ്യത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ ഒരു പ്രത്യേക സാഹചര്യത്തിൽ ചില പ്രത്യേക രീതികൾ അവലംബിക്കേണ്ടിവരും. കൂടുതൽ ആൾക്കാർക്ക് രോഗബാധ ഉണ്ടാകാതിരിക്കുക എന്നത് പ്രധാനമാണ്.  ടെലിമെഡിസിൻ പോലുള്ള നൂതനസങ്കേതങ്ങൾ ഉപയോഗിക്കുകയാണ് അഭികാമ്യം. പക്ഷേ മരുന്ന്‌ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും പ്രത്യേക ശ്രദ്ധവേണം. ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന്‌ ഉപയോഗിക്കരുത്.

ഇപ്പോഴുള്ള 21 ദിവസം ലോക്ക്ഡൗൺ രോഗം തടയാൻ എത്രത്തോളം പ്രയോജനം ചെയ്യും?
ലോക്ക് ഡൗൺ ഉള്ളതുകൊണ്ട് പൊതുസ്ഥലങ്ങളിലെ ഇടപഴകൽ കുറയും. ഇത് അസുഖവ്യാപനം തടയാൻ സഹായിക്കും. ഇതോടൊപ്പം ലാബ് പരിശോധന വ്യാപകമാക്കി പരമാവധി കേസുകൾ കണ്ടുപിടിക്കണം. രോഗം സ്ഥിരീകരിക്കുന്നവർക്ക് ചികിത്സ നൽകുകയും അവരുടെ ചുറ്റുമുള്ളവരെ നിരീക്ഷിക്കുകയും ചെയ്യണം. തെക്കൻ കൊറിയ പോലുള്ള രാജ്യങ്ങളിൽ ഇത്‌ വിജയകരമായി നടപ്പാക്കി. രണ്ടുമുതൽ 14 ദിവസംവരെ പടരാൻ സാധ്യതയുള്ള അസുഖമാണിത്‌. നിലവിൽ രോഗം പടരുന്നുണ്ടോയെന്ന്‌ മനസ്സിലാക്കാൻ രണ്ടാഴ്ച വരെ സമയമെടുക്കും.  

എല്ലാവരും മാസ്‌ക് ഉപയോഗിക്കണോ?
എല്ലാവരും മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. ഒരു മീറ്ററിൽ കൂടുതൽ ശാരീരിക അകലം പാലിക്കുകയാണ് പ്രധാനം. ചുമയും തുമ്മലും ഉള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറച്ചുപിടിക്കണം. അതിനുപയോഗിക്കുന്ന തുണിയും തൂവാലയും അണുവിമുക്തമാക്കാൻ മറക്കരുത്. മൂന്ന് പാളികളുള്ള സർജിക്കൽ മാസ്കിലെ ഏറ്റവും പുറത്തെ പാളി വെള്ളം ആഗിരണം ചെയ്യാത്തതാണ്. എന്നാൽ, ഇതുപോലും 100 ശതമാനം സുരക്ഷിതത്വം തരുന്നില്ല. ഏറ്റവും മികച്ചത് എൻ 95 മാസ്കാണ്. ഇത് പക്ഷേ എല്ലാവരും ധരിക്കേണ്ടതില്ല. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌.

പലരും മാസ്ക് ധരിച്ചശേഷം കൈകൊണ്ട് പിടിക്കുന്നതും സംസാരിക്കാനായി കഴുത്തിലേക്ക് ഇറക്കി ഇടുന്നതും മൂക്കിന്റെ താഴേക്ക് താഴ്ത്തി വയ്‌ക്കുന്നതുമൊക്കെ കാണാറുണ്ട്. മാസ്കിൽ പറ്റിപ്പിടിച്ചിരിക്കുന്ന തുള്ളികൾ കൈയിൽ പറ്റുകയും പിന്നീട് വായിലോ മൂക്കിലോ കണ്ണിലോ സ്പർശിക്കുന്നതിലൂടെ രോഗം പകരാൻ കാരണമാകുകയും ചെയ്യും.

സാനിറ്റൈസർ, കൈ കഴുകൽ ഇവ  എങ്ങനെ സഹായിക്കുന്നു?
അനാവശ്യമായി കണ്ണിലും മൂക്കിലും ചുണ്ടിലും തൊടുന്നതിലൂടെയാണ്‌ മിക്ക രോഗാണുക്കളും ശരീരത്തിൽ പ്രവേശിക്കുന്നത്‌. വൈറസ് ബാധ ഉള്ളവരുമായി അടുത്ത് ഇടപഴകുമ്പോഴും അവരുടെ ചുമ, തുമ്മൽ എന്നിവയിലൂടെ തെറിക്കുന്ന ചെറുതുള്ളികൾ മൂക്കിലൂടെയും വായിലൂടെയും മറ്റും ശരീരത്തിൽ പ്രവേശിക്കുമ്പോഴും ചുമ, തുമ്മൽ എന്നിവയിലൂടെ തെറിക്കുന്ന തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങളിൽ തൊട്ടശേഷം വായിലോ മൂക്കിലോ കണ്ണിലോ തൊടുമ്പോഴും രോഗം പകരാൻ സാധ്യതയുണ്ട്. ഇത്‌ ഒഴിവാക്കാൻ കൈകൾ വൃത്തിയായി സൂക്ഷിച്ചേ മതിയാകൂ.  ശാരീരിക അകലം പാലിക്കുകയാണ്‌ പ്രധാനം. 

ഡോ. പി എസ്‌ ജിനേഷ്‌, ഇൻഫോ ക്ലിനിക്‌,
സംശയങ്ങൾ ചോദിക്കാം:
dbitvm@gmail.com.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top