26 April Friday

ക്വാറന്റൈനോ.. ജയിലെത്ര കണ്ടതാ...

റഷീദ‌് ആനപ്പുറംUpdated: Wednesday Mar 18, 2020

തിരുവനന്തപുരം
ക്വാറന്റൈൻ എന്ന വാക്ക്‌ നമ്മൾ മലയാളികൾക്ക്‌ പുതിയതാണെങ്കിലും ജയിൽ വകുപ്പിന്‌ അതത്ര പുതിയതല്ല. വർഷങ്ങൾക്കുമുമ്പുതന്നെ പുതുതായി വരുന്ന തടവുകാരെ ജയിലുകളിൽ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കുമായിരുന്നു. ഇവർക്ക്‌ പകർച്ച വ്യാധികൾ ഇല്ലെന്ന്‌ പരിശോധനയിൽ തെളിഞ്ഞാൽ മാത്രം അകത്തേക്ക്‌ പ്രവേശനം. ജയിൽ ഡോക്ടറായിരുന്നു രോഗമില്ലെന്ന സർട്ടിഫിക്കറ്റ്‌ നൽകണ്ടത്‌. അല്ലാത്തപക്ഷം തടവുകാർ ക്വാറന്റൈനിൽ തന്നെ. രോഗം മൂർച്ഛിച്ചാൽ ആശുപത്രിയിലും.

വർഷങ്ങൾക്കുമുമ്പ്‌ സംസ്ഥാനത്ത്‌ വസൂരി, കോളറ തുടങ്ങിയ പകർച്ചവ്യാധികൾ പടർന്ന സമയത്തായിരുന്നു ഈ ക്രമീകരണം. ജയിലിനു പുറത്ത്‌ സെല്ലുകൾ സജ്ജമാക്കിയ പ്രത്യേക ബ്ലോക്കുണ്ടാകും. കാലം മാറി, പകർച്ചവ്യാധി ഇല്ലാതായപ്പോൾ ഈ ബ്ലോക്ക്‌ അടച്ചു. പകരം ജയിലിനകത്ത്‌ പ്രത്യേക നിരീക്ഷണത്തിന്‌ അഡ്‌മിഷൻ ബ്ലോക്കും സെല്ലും നിലവിൽവന്നു. പുതിയ തടവുകാരെ ഇവിടെ പാർപ്പിച്ചശേഷമാകും അതത്‌ ബ്ലോക്കിലേക്ക്‌ മാറ്റുകയെന്നും ജയിൽ ആസ്ഥാനം ഡിഐജി എസ്‌ സന്തോഷ്‌ പറഞ്ഞു. നിലവിൽ എല്ലാ ജയിലിലും ഈ സംവിധാനമുണ്ട്‌.

പൂജപ്പുരയിലെ ക്വാറന്റൈൻ ബ്ലോക്ക്‌ കുറെക്കാലം അലക്കുപുരയായി ഉപയോഗിച്ചു. വിയ്യൂരിൽ ഗാർഡ്‌റൂമിനും സ്‌റ്റാഫ്‌ മെസിനും അടുത്തായിരുന്നു ഇത്‌. ഇവയാകട്ടെ ഇന്ന്‌ വിറകുപുരയാണ്‌. കണ്ണൂരിൽ റോഡരികിലുള്ള ഇരുനിലക്കെട്ടിടമായിരുന്നു ക്വാറന്റൈൻ ബ്ലോക്ക്‌. 60 പേരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ ഇവിടെ സൗകര്യമുണ്ടായിരുന്നു.  ഈ കെട്ടിടം ജയിൽ മ്യൂസിയമാക്കാനുള്ള പദ്ധതിയിലാണ്‌ ജയിൽ വകുപ്പ്‌. ക്വാറന്റൈൻ പണ്ടേ ഫലപ്രദമായതിനാലാണ്‌ ജയിലുകളിൽ ആളുകൾ തിങ്ങിപ്പാർത്തിട്ടും പകർച്ചവ്യാധികൾ പിടികൂടാത്തത്‌. രോഗപ്രതിരോധം ലക്ഷ്യംവച്ചാണ്‌ പ്രധാന ജയിലുകൾ നല്ല കാറ്റും വെളിച്ചവും കിട്ടുന്നിടത്ത്‌ പണിയുന്നതെന്നും ഡിഐജി സന്തോഷ്‌ പറഞ്ഞു. കൊറോണയുടെ പശ്‌ചാത്തലത്തിൽ ഇതിനുപുറമെ ഐസലേഷൻ സെല്ലു കൂടി സജ്ജമാക്കിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top