29 March Friday

‘കണ്ണിമുറിക്കാൻ’ 12 ഇന മാർഗനിർദേശം

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

തിരുവനന്തപുരം
കേരളത്തിലെ 45 ലക്ഷം കുടുംബത്തിലെ കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളുടെ മേൽനോട്ടം കുടുംബശ്രീക്ക്‌. താഴ്‌ന്ന വരുമാനക്കാരായ 70 ശതമാനം കുടുംബത്തിൽ ഭൂരിപക്ഷവും കുടുംബശ്രീയിലെ കണ്ണികളാണ്. ഇവരെ കോർത്തിണക്കിയ കോവിഡ്‌ പ്രതിരോധ കർമപദ്ധതിയാണ്‌ ലക്ഷ്യം. ‘കണ്ണിമുറിക്കൽ’ പ്രസ്ഥാനത്തിൽ കുടുംബശ്രീ സംവിധാനമാകെ ഉപയോഗിക്കും.

ആദ്യഘട്ടത്തിൽ 44,91,834 കുടുംബത്തിൽ ആരോഗ്യസന്ദേശമെത്തും. 2,99,297 കുടുംബശ്രീ യൂണിറ്റ്‌ യോഗംചേർന്ന്‌ ദൗത്യപ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ നിർദേശിച്ചു. ഇനി ചേരുന്ന യൂണിറ്റ് യോഗത്തിനായുള്ള നടപടിക്രമവും ധനമന്ത്രി നിർദേശിച്ചു.   അംഗങ്ങളെല്ലാം കൈകൾ സോപ്പുപയോഗിച്ച് കഴുകണം. ഇതിന്‌ ആരോഗ്യപ്രവർത്തകയുടെ സേവനവും ലഭ്യമാക്കണം.   കോവിഡ് –-19ന്റെ അപകടങ്ങളെയും മുൻകരുതലുകളെയുംകുറിച്ച്‌ കുടുംബശ്രീ മിഷന്റെ കുറിപ്പ് ചർച്ച ചെയ്യണം. ഇതിന് ഒരു റിസോഴ്സ് പേഴ്സനെ ക്ഷണിക്കണം.   രോഗലക്ഷണങ്ങൾ ഉള്ളവരുടെ പേര്, വിലാസം, ഫോൺ, സ്ത്രീ/ പുരുഷൻ, പ്രായം വിവരങ്ങളുടെ പട്ടിക തയ്യാറാക്കണം. ഇതിന്റെ പകർപ്പ്‌ ആശാപ്രവർത്തകയ്ക്കും സിഡിഎസിലും എത്തിക്കണം.

പട്ടിക പതിവായി പുതുക്കുകയും അവർ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.   സമീപകാലത്ത് വിദേശത്തുനിന്ന്‌ എത്തിയവരുടെ വിവരങ്ങളും ശേഖരിക്കണം.   വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ സാമൂഹ്യമായി ഒറ്റപ്പെടുത്തരുതെന്ന്‌ അയൽക്കാരെ ബോധ്യപ്പെടുത്തണം. നിയന്ത്രണലംഘനങ്ങളും അറിയിക്കണം.   ചെറിയ സംഘമായി മുഴുവൻ വയോജനങ്ങളെയും സന്ദർശിച്ച്‌ മുൻകരുതലുകളെക്കുറിച്ച് ഉപദേശം നൽകണം.   അയൽപ്രദേശങ്ങളിലെ വിശേഷങ്ങൾക്കോ, സാമൂഹ്യ കൂട്ടായ്മകൾക്കോ, മത ചടങ്ങുകൾക്കോ അമ്പതിലേറെപ്പേർ ചേരുന്നത് നിരുത്സാഹപ്പെടുത്തണം.

കുടുംബാംഗങ്ങൾ സോപ്പുപയോഗിച്ച് കൈയും മുഖവും കഴുകിയിട്ടേ വീട്ടിൽ കയറൂവെന്നത്‌ നിർബന്ധിതമാക്കണം. അംഗങ്ങളുടെ വീട്ടിലെ വിശേഷങ്ങളിൽ സാനിറ്റൈസർ  ലഭ്യമാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top