28 March Thursday

സൂര്യ കളങ്കം നിസ്സാരമല്ല

സാബു ജോസ്‌Updated: Sunday Apr 17, 2022


സൂര്യനിൽനിന്ന്‌ ഉത്സർജിക്കുന്ന സൗരവാതങ്ങളുടെയും പ്ലാസ്മയുടെയും കാന്തികവലയങ്ങളുടെയും കൂട്ടമാണ് കൊറോണൽ മാസ് ഇജക്‌ഷൻ. ഇവ സൂര്യന്റെ  ഉപരിതലത്തിലുള്ള സൂര്യകളങ്കങ്ങളിലാണ് (സൺ സ്പോട്ട്) രൂപപ്പെടുന്നത്.  സൂര്യന്റെ പ്രഭാമണ്ഡലത്തിൽ താപനില കുറഞ്ഞതും തന്മൂലം പ്രകാശതീവ്രത കുറഞ്ഞ് ക്രമരഹിതമായി കാണപ്പെടുന്നതുമായ മേഖലകളാണ് സൗരകളങ്കങ്ങൾ.

സൂര്യന്റെ  അന്തരീക്ഷത്തിൽനിന്ന്‌ ഉൽഭവിക്കുന്ന ചാർജുള്ള കണികകളുടെ പ്രവാഹമാണ് സൗരവാതം. ഊർജനില ഏകദേശം 1 KeV ഉള്ള ഈ പ്രവാഹത്തിൽ കൂടുതലായും ഇലക്ട്രോണുകളും പ്രോട്ടോണുകളുമാണ്‌ ഉള്ളത്. ചില സമയത്ത് സൂര്യനിൽനിന്ന് വലിയ അളവിൽ പ്ലാസ്മ പുറന്തള്ളപ്പെടും. സൂര്യന്റെ  ഫോട്ടോസ്ഫിയറിലുള്ള എആർ 2987 എന്ന സൺസ്പോട്ടാണ് എപ്രിൽ 11ന് പൊട്ടിത്തെറിച്ച് സി- ക്ലാസ് സോളാർ ഫ്‌ളെയർ അഥവാ സൗരദീപ്തി പുറത്തുവിട്ട്‌ തുടങ്ങിയത്.  കഴിഞ്ഞവർഷം അവസാനം എആർ 2936 എന്ന ഭാഗത്തുനിന്ന്‌ വലിയതോതിലുള്ള ഊർജപ്രവാഹമുണ്ടായി. കഴിഞ്ഞമാസം 28ന്‌ എആർ 12975, എആർ 12976 എന്നീ മേഖലകളിൽനിന്നുണ്ടായ  കൊറോണാ മാസ്‌ ഇജക്‌ഷൻ വലിയ വാർത്തയായിരുന്നു. 17 തവണ ഈ മേഖലകളിൽ പൊട്ടിതെറി ഉണ്ടായതായി കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസ്‌ എഡ്യൂക്കേഷൻ ആൻഡ്‌ റിസർച്ചിലെ ശാസ്‌ത്രജ്ഞർ കണ്ടെത്തി.

മാഗ്നറ്റിക് റീ കണക്‌ഷൻ എന്ന പ്രതിഭാസമാണ്‌ കോറോണൽ മാസ് ഇജക്‌ഷന്‌ കാരണമെന്ന് ഗവേഷകർ പറയുന്നു. മാഗ്നറ്റിക് റീ കണക്‌ഷൻ എന്നത്‌ രണ്ടു വിപരീതദിശയിലുള്ള കാന്തികക്ഷേത്രങ്ങൾ അടുത്തുവരുമ്പോൾ കാന്തികക്ഷേത്രങ്ങളുടെ വിന്യാസം മാറുന്ന പ്രക്രിയയാണ്. ഇതിൽ കാന്തികക്ഷേത്രങ്ങളിൽ ശേഖരിച്ചുവച്ചിക്കുന്ന ഊർജം പുറത്തേക്ക് പ്രവഹിക്കുന്നു.

ഇത്‌ ഭൂമിയുടെ കാന്തികവലയത്തിൽ പതിക്കുമ്പോൾ ചാർജുള്ള കണികകൾ ഉത്തര,- ദക്ഷിണ ധ്രുവങ്ങളിലെ കാന്തികവലയങ്ങളുമായി സമ്പർക്കത്തിൽ വരികയും ഫോട്ടോണിന്റെ രൂപത്തിൽ ഊർജം പുറന്തള്ളുകയും ചെയ്യും. ഇത് ധ്രുവദീപ്തി അഥവാ അറോറ എന്ന പ്രതിഭാസത്തിനു കാരണമാകും.

ഇത്തരം പ്രവാഹങ്ങൾ ഭൗമ കാന്തിക കൊടുങ്കാറ്റിന് വഴിയൊരുക്കും. ഇതുമൂലം ബഹിരാകാശപേടകങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ  തടസ്സപ്പെടുകയും ചെയ്യും. 1989ൽ സൗരവാതകപ്രവാഹത്തിന്റെ ഫലമായി കാനഡയിലെ ക്യൂ ബെക്കിൽ ഒമ്പത്‌ മണിക്കൂറോളം വൈദ്യുതി മുടങ്ങിയിരുന്നു. വൈറ്റ് - ലൈറ്റ് കോറോണ ഗ്രാഫ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ കൊറോണ മാസ്‌ ഇജക്‌ഷനെ നിരീക്ഷിക്കാം. സൂര്യനിലെ പ്രതിഭാസങ്ങളെപ്പറ്റി കൂടുതൽ അറിയാനുള്ള ഗവേഷണ നിരീക്ഷണങ്ങൾ ശാസ്‌ത്രലോകം തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top