18 April Thursday

ദ്യേഗോ... ഇതാ നിന്റെ അർജന്റീന

വെബ് ഡെസ്‌ക്‌Updated: Sunday Jul 11, 2021

റിയോ
ലയണൽ മെസിയുടെയും അർജന്റീനയുടെയും കാത്തിരിപ്പിന്‌ അവസാനം. കോപ അമേരിക്ക ഫുട്‌ബോൾ കിരീടത്തിലും ഒടുവിൽ മെസിയുടെ കൈയൊപ്പ്‌. ചരിത്ര ഫൈനൽ എന്ന്‌ വിശേഷിപ്പിച്ച പോരിന്‌ എയ്‌ഞ്ചൽ ഡി മരിയ തൊടുത്ത സുന്ദരഗോളിൽ തീർപ്പായി. ആ ഗോളിൽ ബ്രസീലിനെ കീഴടക്കി അർജന്റീന 28 വർഷം നീണ്ട കിരീടവരൾച്ചയ്‌ക്ക്‌ അന്ത്യംകുറിച്ചു. ഒപ്പം മെസിക്ക്‌ ദേശീയകുപ്പായത്തിൽ ആദ്യകിരീടവും. ഫൈനലിൽ നിറംമങ്ങിയെങ്കിലും മെസിയായിരുന്നു കോപയുടെ താരം. നാല്‌ ഗോളടിച്ച മുപ്പത്തിനാലുകാരൻ അഞ്ചെണ്ണത്തിന്‌ അവസരവുമൊരുക്കി. ടൂർണമെന്റിലെ താരവും ടോപ്‌ സ്‌കോററും മറ്റാരുമായിരുന്നില്ല.

കളിയുടെ 22–-ാം മിനിറ്റിലായിരുന്നു അർജന്റീനയുടെ സുവർണനിമിഷം. റോഡ്രിഗോ ഡി പോൾ ഉയർത്തിവിട്ട പന്ത്‌ കാലിൽ കൊരുത്ത്‌ ബ്രസീൽ ഗോൾ കീപ്പർ എഡേഴ്‌സന്റെ തലയ്‌ക്കുമീതെ കോരിയിട്ടപ്പോൾ ചരിത്രനിമിഷം അവിടെ പിറന്നു. അവസാനഘട്ടത്തിൽ ഗോൾ തൊടുത്ത്‌ ആഘോഷിക്കാൻ മെസിക്ക്‌ സുവർണാവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. ‘നിറയെ സന്തോഷം’ എന്നായിരുന്നു മത്സരശേഷം മെസിയുടെ പ്രതികരണം.2018 ലോകകപ്പിലെ പ്രീ ക്വാർട്ടർ തോൽവിക്കുശേഷം ടീമിന്റെ ചുമതലയേറ്റ പരിശീലകൻ ലയണൽ സ്‌കലോണിയുടെ ജയംകൂടിയാണ് ഇത്‌. ഫൈനലിൽ നിർണായക മാറ്റങ്ങൾ വരുത്തി കരുത്തരായ ബ്രസീലിനെ ഞെട്ടിക്കാൻ സ്‌കലോണിക്ക്‌ കഴിഞ്ഞു.

2019ലെ ചാമ്പ്യന്മാരായ ബ്രസീലിന്‌ സ്വന്തം തട്ടകമായ മാരക്കാനയിൽ തിളങ്ങാനായില്ല. അർജന്റീനയുടെ പ്രതിരോധത്തെ ഭേദിക്കാൻ നെയ്‌മർക്കും കൂട്ടർക്കും കഴിഞ്ഞില്ല. അവസാന നിമിഷങ്ങളിൽ റിച്ചാർലിസണും ഗബ്രിയേൽ ബാർബോസയും അടി തൊടുത്തെങ്കിലും അർജന്റീന ഗോൾ കീപ്പർ എമിലിയാനോ മാർടിനെസ്‌ കൃത്യമായി തടഞ്ഞു. മത്സരശേഷം കണ്ണീരോടെയാണ്‌ നെയ്‌മർ കളംവിട്ടത്‌.

1993ലാണ്‌ അർജന്റീന അവസാനമായി കോപ കിരീടം നേടിയത്‌. ശേഷം കോപയിൽ നാല്‌ ഫൈനലുകളിൽ തോറ്റു. 2014 ലോകകപ്പ്‌ ഫൈനലിൽ ജർമനിയോട്‌ കീഴടങ്ങി. മെസി ഇതിനുമുമ്പ്‌ കളിച്ച നാല്‌ ഫൈനലുകളിലും തോൽവിയായിരുന്നു ഫലം. അടുത്തവർഷം ഖത്തറിൽ നടക്കുന്ന ലോകകപ്പാണ്‌ മെസിയുടെ ലക്ഷ്യം. ദ്യേഗോ മാറഡോണയെന്ന ഇതിഹാസതാരം 1986ൽ നൽകിയ ലോകകപ്പാണ്‌ അവസാനത്തേത്‌. കഴിഞ്ഞവർഷം നവംബറിൽ പൊലിഞ്ഞ മാറഡോണയ്‌ക്കുള്ള സമർപ്പണംകൂടിയാണ്‌ അർജന്റീനയുടെ ഈ കോപ കിരീടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top