25 April Thursday
ദേശാഭിമാനി 80–ാംപിറന്നാൾ ആഘോഷിക്കുമ്പോൾ ചോരയുണങ്ങാത്ത പാലിയം പോരാട്ടചരിത്രത്തിന്‌ 75 തികയും

പാലിയത്ത്‌ സമരപതാക ഉയർത്തിയ പോരാളികളുടെ പത്രം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 6, 2022


കൊച്ചി
പാലിയം ക്ഷേത്രവഴി അയിത്തജാതിക്കാർക്ക്‌ തുറന്നുകൊടുത്താൽ അന്തപ്പുരസ്‌ത്രീകളുടെ അന്തസ്സും ആഭിജാത്യവും ഇടിയുമെന്ന്‌ വിധിയെഴുതിയത്‌ കേരളത്തിലെ ഒരു കോടതിയാണ്‌. അയിത്താചരണത്തിനെതിരെയും വഴിനടപ്പവകാശത്തിനുമായി നടന്ന സമരത്തെ കമ്യൂണിസ്‌റ്റ്‌ അതിക്രമമെന്ന്‌ വിശേഷിപ്പിച്ചത്‌ ദീനബന്ധു, മലബാർ മെയിൽ എന്നീ പത്രങ്ങൾ. മറ്റു മുഖ്യധാരാ മാധ്യമങ്ങൾ അന്ന്‌ സമരവാർത്തകൾ മുക്കി പാലിയം കൊട്ടാരത്തിന്‌ സേവ ചെയ്‌തു. ഇതിനെയെല്ലാം നേരിട്ട്‌ നൂറുനാൾ നീണ്ട പാലിയം സമരത്തെ വിജയവഴിയിലേക്ക്‌ നയിച്ചത്‌ കമ്യൂണിസ്‌റ്റ്‌ പാർടിയും ദേശാഭിമാനി എന്ന പോരാളികളുടെ പത്രവുമാണ്‌. ദേശാഭിമാനി 80–-ാംപിറന്നാൾ ആഘോഷിക്കുമ്പോൾ, ചോരയുണങ്ങാത്ത പാലിയം പോരാട്ടചരിത്രത്തിന്‌ 75 തികയും.

സ്വാതന്ത്ര്യലബ്‌ധിക്കുശേഷവും കിട്ടാത്ത വഴിനടപ്പവകാശത്തിനായാണ്‌ പറവൂർ പാലിയംപ്രദേശത്ത്‌ ഐതിഹാസികപ്രക്ഷോഭം അരങ്ങേറിയത്‌.  1947 ഒടുവിൽ ആരംഭിച്ച്‌ 1948 മാർച്ചുവരെ അതു നീണ്ടു. പഴയ കൊച്ചി രാജ്യം അസ്‌തമിച്ചിട്ടില്ല. മന്ത്രിസ്ഥാനം പോയിട്ടും പാലിയത്തച്ചന്റെ അധികാരം ചോർന്നിട്ടില്ല.  പക്ഷേ, നാട്‌ മാറുകയായിരുന്നു. ഗുരുവായൂരും വൈക്കത്തും ക്ഷേത്രപ്രവേശനമായി. കൊച്ചിയിൽ ഉത്തരവാദഭരണ പ്രക്ഷോഭച്ചൂട്‌. പാലിയം ക്ഷേത്രവഴി നടപ്പവകാശത്തിനായി മാറ്റപ്പാടത്ത്‌ കൊടി ഉയരുമ്പോൾ എസ്‌എൻഡിപി ഉൾപ്പെടെ സമുദായസംഘടനകളും കോൺഗ്രസ്‌ ഉൾപ്പെടെ രാഷ്‌ട്രീയപാർടികളും ഒപ്പമുണ്ടായിരുന്നു. പാലിയത്തെ കൂലിക്കാരും പൊലീസും കൊടിയ ആക്രമണം തുടങ്ങിയതോടെ സമരപ്പന്തലിൽ കമ്യൂണിസ്‌റ്റ്‌ പാർടി ഒറ്റയ്‌ക്കായി. ദീനബന്ധുവും മലബാർ മെയിലും സമരത്തെ അധിക്ഷേപിച്ച്‌ വാർത്തകൾ എഴുതി. കൊച്ചിയിലെ അനുകൂല കോടതിവിധി പൊക്കിപ്പിടിച്ചായിരുന്നു പാലിയത്തിന്റെ പോർവിളി.

ഇതിനിടയിലും, വിജയംവരെ സമരമെന്ന്‌ കമ്യൂണിസ്‌റ്റ്‌ പാർടി പ്രഖ്യാപിച്ചു. പാർടിക്കും പ്രക്ഷോഭകർക്കുമൊപ്പം ദേശാഭിമാനിമാത്രം. ജി എം നെന്മേലി എന്ന നെന്മേലി ഗോപാലമേനോനാണ്‌ സമരവാർത്തകളും പൊലീസ്‌ അതിക്രമവും ദേശാഭിമാനിക്കുവേണ്ടി റിപ്പോർട്ട്‌ ചെയ്‌തത്‌. മുഴുവൻസമയം സമരരംഗത്ത്‌ തുടർന്നാണ്‌ വാർത്തകൾ കോഴിക്കോട്ടെ പ്രസിലേക്ക്‌ അയച്ചിരുന്നത്‌. കർമസമിതി രൂപീകരണംമുതൽ വാർത്തകളുണ്ട്‌. സമരം കൊടുമ്പിരിക്കൊണ്ട 1948 മാർച്ചിൽ പാലിയത്തെ ഓരോ ചലനവും വാർത്തയാക്കി. എ കെ ജിയുടെ വരവും കൊച്ചി, കൊടുങ്ങല്ലൂർ കോവിലകങ്ങളിലെ തമ്പുരാന്മാർക്ക്‌ മർദനമേറ്റതും വാർത്തയായി. സമരത്തെ ചോരയിൽ മുക്കിയ മാർച്ച്‌ ഒമ്പതിലെ വാർത്ത പൊലീസ്‌ ആക്രമണങ്ങളെയാകെ തുറന്നുകാട്ടി. ചേന്ദമംഗലത്തെ നരവേട്ട എന്നാണ്‌ 12ലെ തലക്കെട്ട്‌. പൊലീസ്‌ മർദനമേറ്റ്‌ രക്തസാക്ഷിയായ എ ജി വേലായുധന്റെ അവസാനസന്ദേശവും സമരമുഖത്തുനിന്ന്‌  വാർത്തയാക്കി. എ ജിക്കൊപ്പം കൊടും മർദനമേറ്റ കാളിയുടെ വിവരണം മറ്റൊരു വാർത്ത. 13ലെ ദേശാഭിമാനി വാർത്തയ്‌ക്കൊപ്പം നെന്മേലിയുടെ കമ്പി എന്ന്‌ ബൈലൈനുണ്ട്‌. മലയാളത്തിലാദ്യമായി വാർത്തയ്‌ക്കൊപ്പം ലേഖകന്റെ പേര്‌ ചേർത്തത്‌ അന്ന്‌. 1993ൽ നെന്മേലി അന്തരിച്ചു. പാലിയം സമരം അവസാനിച്ച്‌ ഒരുമാസത്തിനുശേഷം 1948 ഏപ്രിൽ 12ന്‌ മദിരാശിയിലെ കോൺഗ്രസ്‌ സർക്കാർ ദേശാഭിമാനി നിരോധിച്ചതും ചരിത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top