19 April Friday

വാക്കിന്റെ വഴികൾ...സുനിൽ പി ഇളയിടത്തിന്റെ പംക്തി മൂന്നാം ഭാഗം

സുനിൽ പി ഇളയിടംUpdated: Friday Oct 8, 2021

‘ദ ഗ്രേറ്റ്‌ ഡിക്ടേറ്ററി’ൽ ചാർലി ചാപ്ലിൻ

പ്രസംഗം എന്നെ പലയിടങ്ങളിലേക്കും കൊണ്ടുപോയി. നാട്ടിലെ വഴിവക്കുകൾ മുതൽ മുംബൈയിലെ ഏഷ്യാറ്റിക് സൊസൈറ്റിയുടെ പ്രൗഢപ്രതാപം നിറഞ്ഞ ഹാൾ വരെ. വീട്ടിനരികിലെ പള്ളി മുറ്റം മുതൽ ലണ്ടനിലെയും സൂറിച്ചിലെയും അലംകൃതഹാളുകൾ വരെ. ജീവിതത്തിന്റെ രണ്ടറ്റങ്ങളിലൂടെയുള്ള യാത്രകളായിരുന്നു  അത്-...ദേശാഭിമാനി വാരികയിൽ ആരംഭിച്ച പംക്തി മൂന്നാം  ഭാഗം

ഒന്ന്

കൗതുകകരമായ കാര്യമാണ്. പ്രസംഗവേദിയിൽ എന്നെ ഏറ്റവുമധികം ആകർഷിച്ചത് യഥാർത്ഥ പ്രസംഗമല്ല; ഒരഭിനയമാണ്. ഷേക്സ്പിയറുടെ ജൂലിയസ് സീസർ എന്ന നാടകത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ മാർക്ക് ആന്റണിയായി അഭിനയിച്ച ചാൾട്ടൺ ഹെസ്റ്റൺ നടത്തിയ ചരമോപചാരപ്രസംഗം. 1970‐ൽ സ്റ്റുവർട്ട് ബർജിന്റെ സംവിധാനത്തിൽ പുറത്തുവന്ന ജൂലിയസ് സീസറിലാണ് മാർക്ക് ആന്റണിയായി ഹെസ്റ്റൺ അരങ്ങുവാണത്. ‘സ്നേഹിതരേ, റോമാക്കാരേ, നാട്ടുകാരേ എനിക്ക് ചെവിതരൂ’  (Friensd, Romans, Countrymen lend me your ears) എന്ന് വിനീതമായി തുടങ്ങി, ‘ഞാൻ വന്നത് സീസറെ സ്തുതിക്കാനല്ല; അദ്ദേഹത്തെ മറവുചെയ്യാനാണ്’ (I come to bury Ceaser; not to praise him) എന്ന് ശാന്തമായി മുന്നേറുന്ന ഭാഷണം. പതിയെപ്പതിയെ വികാരങ്ങളുടെ കടലിരമ്പം അതിൽ ഉരുണ്ടുകൂടുന്നു. വാക്കിന്റെ ആഭിചാരത്തിലൂടെ പ്രത്യക്ഷാർഥങ്ങളെ മുഴുവൻ അട്ടിമറിക്കുന്ന പദകോശം ആ പ്രസംഗത്തിൽ ഇതൾവിടർന്നു വരുന്നു. ‘ബ്രൂട്ടസ് ഒരു ബഹുമാന്യവ്യക്തിയാണ്‌ ’ ( Brutus is an honourable man) എന്ന് മാർക്ക് ആന്റണി പറയുന്നത് നാം ആദ്യം കേൾക്കുമ്പോൾ, ആ വാക്യത്തിന് അതുതന്നെയാണ് അർഥം. മൂന്നോ നാലോ വാക്യങ്ങൾക്കുശേഷം അതേ വാചകം വീണ്ടും വരുന്നു. വാക്കുകൾക്ക് അർഥം മാറുന്നു. ഹെസ്റ്റന്റെ ശബ്ദത്തിന്റെ ഉയർച്ചതാഴ്ചകൾക്കിടയിലൂടെ ആ വാക്യം പിന്നെ പലവട്ടം നാം കേൾക്കുന്നു. ഓരോ തവണയും ഓരോ തരത്തിൽ; ഓരോ അർഥത്തിൽ. ഒടുവിൽ ‘ബ്രൂട്ടസ് ഒരു ബഹുമാന്യവ്യക്തിയാണ്’ എന്ന് മാർക്ക് ആന്റണി പറയുമ്പോൾ ബ്രൂട്ടസ് വഞ്ചകനും കൊലപാതകിയുമാണെന്ന് കേൾക്കുന്നവർക്കെല്ലാം വ്യക്തമാകുന്നു. ബ്രൂട്ടസിനെ തോളിലേറ്റിയ പുരുഷാരം ബ്രൂട്ടസിനെതിരെ രോഷാകുലമായി പൊട്ടിച്ചീറുന്നു.

 വാക്കിന്റെ ആഭിചാരത്തിന് ഇതുപോലൊരു ആവിഷ്കാരം ഞാൻ മറ്റെവിടെയും കണ്ടിട്ടില്ല. എം എ പഠനമൊക്കെ കഴിഞ്ഞകാലത്തെപ്പോഴോ ആണ് ജൂലിയസ് സീസർ കാണാനിടവന്നത്. ബിരുദപഠനത്തിന്റെ കാലത്ത് ഞാൻ ആ നാടകം വായിച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾക്ക് പഠിക്കാനുണ്ടായിരുന്നത് മാക്ബത്ത് ആയിരുന്നു. മാക്‌ബത്തിന്റെ ഇരുണ്ട ആത്മഗതത്തിന്റെ മായികതയാണ് ഷേക്‌സ്പിയറുടെ ദുരന്തനാടകങ്ങൾ വായിക്കാൻ പ്രേരണയായത്. മാർക്ക് ആന്റണിയുടെ പ്രസംഗത്തിന്റെ ചടുലതയും മൂർച്ചയും ആദ്യവായനയിൽത്തന്നെ മനസ്സിൽ പതിഞ്ഞതാണ്.

‘മാർക്ക്‌ ആന്റണി’യായി മർലോൺ ബ്രാന്റോ

‘മാർക്ക്‌ ആന്റണി’യായി മർലോൺ ബ്രാന്റോ

ഒരൊറ്റ വാക്യത്തിന്റെ ആവർത്തനത്തിലൂടെ പല പല സൂചനകളിലേക്ക് അതിനെ കൊണ്ടുപോകുന്ന മാന്ത്രികത. പക്ഷേ, ചാൾട്ടൻ ഹെസ്റ്റന്റെ അഭിനയത്തികവിൽ അത് സമാനതകളില്ലാത്ത ഒന്നായി മാറി. പിന്നീട് മർലൻ ബ്രാന്റോയുടെ മാർക്ക് ആന്റണിയെയും കാണാൻ കഴിഞ്ഞു. 1953‐ ൽ ജോസഫ് മൻകിവിക്സ് സംവിധാനം ചെയ്ത ജൂലിയസ് സീസറിൽ മാർക്ക് ആന്റണിയായി വന്നത് ബ്രാന്റോയാണ്. കറുപ്പിലും വെളുപ്പിലുമായി നിർമ്മിച്ച ആ ചിത്രത്തിൽ ബ്രാന്റോയുടെ മാർക്ക് ആന്റണി ഒരു പ്രാചീന യവനശില്പം പോലെ തിളങ്ങി. ബ്രാന്റോയുടെ പ്രസംഗം കൂടുതൽ രോഷാകുലവും ബലിഷ്ഠവുമായിരുന്നു.

അയാൾ വികാരത്തിന്റെ കൊടുമുടികളിലൂടെ കുതിരപ്പുറത്തു പായുകയായിരുന്നു. ഹെസ്റ്റൺ വ്യത്യസ്തമായാണ് ആ രംഗത്തുവരുന്നത്. ഭാഷണകലയുടെ ലക്ഷണത്തികവെന്ന് ( Icon of rheoteric) വാഴ്ത്തപ്പെട്ട ആ പ്രസംഗത്തിന്റെ അവതരണത്തിൽ വികാരങ്ങൾ ഹെസ്റ്റണെ നയിക്കുന്നില്ല. വികാരരക്ഷസ്സിന്റെ കുതിരപ്പുറത്ത് അയാൾ സ്വച്ഛന്ദം നീങ്ങി. ചിലപ്പോൾ മന്ദമായി. ചിലപ്പോൾ കൊടുങ്കാറ്റായി. ഭാഷണകലയ്ക്ക് കൈവരാവുന്ന പരമാവധി മികവിനെ, സഹസ്രാബ്ദങ്ങൾക്കു മുമ്പുള്ള കൊട്ടാരമുറ്റത്തെ ആൾക്കൂട്ടത്തിനു മുന്നിൽ, ഷേക്സ്പിയറുടെ അതുല്യമായ വാക്കുകളിൽ, ഹെസ്റ്റൺ വരച്ചിട്ടു.

ചാൾട്ടൺ ഹെസ്‌റ്റൺ ,  ദറിദ

ചാൾട്ടൺ ഹെസ്‌റ്റൺ , ദറിദ

പിൽക്കാലത്ത് എത്രയോ പ്രഭാഷണങ്ങൾ കേട്ടു. ചാപ്ലിന്റെ ഗ്രേറ്റ് ഡിക്റ്റേറ്ററുടെ അവസാന രംഗം കണ്ണുനിറഞ്ഞിരുന്ന് കാണുകയും കേൾക്കുകയും ചെയ്തു. മനുഷ്യവംശമഹത്വം ചിറകുവച്ചുപറന്ന വാക്കുകളായിരുന്നു അവ. യുട്യൂബും മറ്റും വന്നതോടെ പ്രഭാഷണകലയിലെ മഹാപ്രതാപികളെയെല്ലാം കേൾക്കാൻ ഇടവന്നു. മാർട്ടിൻ ലൂഥറുടെ സ്വപ്നം, നെഹ്റുവിന്റെ വിധിയുമായുള്ള സമാഗമം, ഗാന്ധിജിയുടെ വിനീതപദങ്ങൾ, ചർച്ചിലിന്റെ യുദ്ധവീര്യം, വിവേകാനന്ദന്റെ ‘പ്രിയസഹോദരീസഹോദരന്മാരെ’  എന്ന മുഴക്കം... പ്രഭാഷണവേദിയിൽ അതെല്ലാമുണ്ടായിരുന്നു. വാക്കിന്റെ പെരുംകടലിൽ തോണിയിറക്കി, കടൽക്കോളുകൾക്ക് കുറുകെ തുഴഞ്ഞ് അവർ മറുകരയെത്തി. അപ്പോഴും വാക്കിന്റെ കടലിരമ്പുന്നുണ്ടായിരുന്നു. അതിന്റെ തീരത്താണ് ഞങ്ങൾ അശരണരായി നിലയുറപ്പിച്ചത്!

 രണ്ട്-

വാക്കിന്റെ കലയെ താത്വികമായി ആദ്യം പരിചയപ്പെട്ടത് വിജയൻ മാഷിലൂടെയാണ്. മൂന്നുപതിറ്റാണ്ടിനപ്പുറം, പുരോഗമന കലാസാഹിത്യസംഘം പാലക്കാട് വച്ചു നടത്തിയ വിമർശനക്യാമ്പിൽ പ്രൊഫ. എം എൻ വിജയൻ സംസാരിക്കാനുണ്ടായിരുന്നു. സമകാലിക വിമർശനസമീക്ഷകളെക്കുറിച്ചുള്ള പ്രബന്ധാവതരണങ്ങളും ചർച്ചയും എന്ന നിലയിലാണ് ആ ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. ഇ എം എസും പിജിയും ഉൾപ്പെടെ വലിയൊരു നിര അണിനിരന്ന ക്യാമ്പായിരുന്നു അത്. തന്റെ പതിവു രീതിയിൽ അസാധാരണമായ ഒരു വാക്യത്തോടെയാണ് വിജയൻ മാഷ് പ്രഭാഷണം ആരംഭിച്ചത്. 'പ്രബന്ധം എഴുതിക്കൊണ്ടുവന്നിട്ടില്ല; അത് ദറിദയോടുള്ള ബഹുമാനക്കുറവുകൊണ്ടല്ല!'
ദറിദയുടെ ചിന്താലോകം അന്ന് കേരളത്തിൽ പരിചിതമായിത്തുടങ്ങുന്നതേയുള്ളൂ. 1990‐കളുടെ ആരംഭകാലം. ഉത്തരാധുനികചിന്തകൾ കേരളീയ ബൗദ്ധികജീവിതത്തിൽ ഇടംപിടിച്ച കാലം. ദറിദ അവതരിപ്പിച്ച 'സാന്നിധ്യത്തിന്റെ അതിഭൗതികം' ( Metaphysisc of Presence) എന്ന സങ്കല്പനം മലയാളത്തിൽ അത്രയൊന്നും വേരുപിടിച്ചിട്ടില്ല. എങ്കിലും വിജയൻമാഷ് ആദ്യവാചകത്തിൽത്തന്നെ അതിലേക്ക് ചെന്നു.
പറയപ്പെട്ട വാക്കിൽ നാമെപ്പോഴും പറഞ്ഞ ആളെ കാണുന്നു. പ്രഭാഷണത്തിൽ എപ്പോഴും പ്രഭാഷകർ സന്നിഹിതമായിരിക്കുന്നു. വാക്കിൽ സന്നിഹിതമാവുന്ന സാന്നിധ്യത്തിന്റെ അതിഭൗതികം. എഴുതപ്പെട്ട വാക്കിലുള്ളതിനെക്കാൾ എത്രയോ അധികം അത് പറയപ്പെട്ട വാക്കിലുണ്ട്. അതുകൊണ്ട് എഴുതപ്പെട്ട വാക്ക് പറയപ്പെട്ട വാക്കിനേക്കാൾ തുറന്നു കിടക്കുന്നു. ആ നിലയിൽ എഴുത്ത് പ്രസംഗത്തേക്കാൾ ജനാധിപത്യപരവും സംവാദാത്മകവുമായിരിക്കുന്നു. പ്രഭാഷണത്തെക്കുറിച്ചുള്ള തത്വശാസ്ത്രപരമായ വിശകലനം ദറിദയുടെ താൽപര്യമായിരുന്നില്ല. പാശ്ചാത്യചിന്തയുടെ ചരിത്രത്തിലെ അതിഭൗതികതയുടെ ആധാരശ്രുതികളെ വിശകലനം ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ആദിയിൽ വചനമുണ്ടാവുകയും വചനം ദൈവമായിരിക്കുകയും, വചനം ദൈവത്തോടൊപ്പമാവുകയും ചെയ്യുന്നതിന്റെ തത്വശാസ്ത്രപരവും രാഷ്ട്രീയവുമായ ധ്വനികളിലേക്കാണ് ദറിദയുടെ ആലോചനകൾ ചെന്നത്. വചനകേന്ദ്രവാദം (logocentrsim) എന്ന് വിശേഷിപ്പിക്കാവുന്ന പടിഞ്ഞാറൻ വിചാരരീതിയുടെ ഹൃദയതത്വത്തെ അഴിച്ചുകാണിക്കാനുള്ള, അപനിർമ്മിക്കാനുള്ള ശ്രമം. എങ്കിലും അതിൽനിന്ന് വാക്കിന്റെ വിനിമയരൂപങ്ങളെക്കുറിച്ചും ചിലത് കണ്ടെത്താൻ കഴിയുമായിരുന്നു. എഴുതപ്പെട്ട വാക്കും പറയപ്പെട്ട വാക്കും യാഥാർത്ഥ്യത്തെ എങ്ങനെ അഭിസംബോധന ചെയ്യുന്നു എന്നതിനെക്കുറിച്ച്. തന്റെ ആദ്യവാചകത്തിലൂടെ വിജയൻമാഷ് അവിടേക്കാണ് കടന്നു നിന്നത്.

 

 പ്രഭാഷണം മനുഷ്യവംശചരിത്രത്തിലുടനീളമുണ്ടായിരുന്നു. ചരിത്രത്തോടൊപ്പം വലിയ പ്രഭാഷകരും സഞ്ചരിച്ചു. വലിയ മതങ്ങളുടെ അടിസ്ഥാനങ്ങളായിത്തീർന്ന പലതും പ്രഭാഷണങ്ങളായാണ് ആവിഷ്കരിക്കപ്പെട്ടത്.

 

പ്രഭാഷണം മനുഷ്യവംശചരിത്രത്തിലുടനീളമുണ്ടായിരുന്നു. ചരിത്രത്തോടൊപ്പം വലിയ പ്രഭാഷകരും സഞ്ചരിച്ചു. വലിയ മതങ്ങളുടെ അടിസ്ഥാനങ്ങളായിത്തീർന്ന പലതും പ്രഭാഷണങ്ങളായാണ് ആവിഷ്കരിക്കപ്പെട്ടത്. ബുദ്ധന്റെ ചെറിയ വാക്യങ്ങൾ, ക്രിസ്തുവിന്റെ ഗിരിപ്രഭാഷണം, നബിയുടെ വെളിപാടുകൾ, വിവേകാനന്ദന്റെ ഇടിമുഴക്കംപോലുള്ള വാക്കുകൾ. ഇവരാരും കാര്യമായി എഴുതിയില്ല. അവർ മിക്കവാറും പറയുക മാത്രം ചെയ്തു. പറയപ്പെട്ട വാക്ക് ചരിത്രത്തിൽ പ്രവേശിച്ചു. ‘ഇപ്പോഴൊന്നും എഴുതുന്നില്ലല്ലോ?’ എന്നു ചോദിച്ച പത്രപ്രവർത്തകനോട് ‘ബുദ്ധനും ക്രിസ്തുവും പ്രസംഗിച്ചിട്ടേയുള്ളൂ; എഴുതിയിട്ടില്ല’ എന്നു പറഞ്ഞ് വിജയൻ മാഷ് ചിരിച്ചു.

എങ്കിലും നാമിന്നറിയുന്ന പ്രഭാഷണം ഏറിയ പങ്കും ആധുനികമായ ഒരു ആവിഷ്കാരക്രമമാണെന്നു പറയാം. പഴയകാലത്തെ പ്രഭാഷണങ്ങളിൽ നിന്ന് ആധുനികമായ പ്രഭാഷണസന്ദർഭങ്ങൾക്ക് അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. പഴയ പ്രഭാഷകർ പൊതുസമൂഹത്തിലെ സംവാദസ്ഥാനങ്ങളായല്ല നിലകൊണ്ടിരുന്നത്. അവർ മാർക്ക് ആന്റണിയെപ്പോലെ അധികാരത്തിന്റെ പടവുകളിലൂടെ നടക്കുന്നവരോ, ബുദ്ധനെയും ക്രിസ്തുവിനെയും പോലെ മതപ്രവാചകരോ ആയിരുന്നു. സംവാദപരം എന്നതിനെ ക്കാൾ ഉദ്ബോധനപരമോ അധികാരപരമോ ആയിരുന്നു അവരുടെ വാക്കുകൾ. അതിൽ വെളിപാടുകളും പ്രഖ്യാപനങ്ങളും നിറഞ്ഞുനിന്നു. കേട്ടവർ അത് ഉൾക്കൊള്ളുകയും പിൻപറ്റുകയും മാത്രം ചെയ്തു. കേൾവിക്കാർ അനുയായികളും വിശ്വാസികളുമായി.

ആധുനികകാലത്തെ പ്രഭാഷണങ്ങൾക്ക് ഇതിൽനിന്ന് വ്യത്യാസമുണ്ട്. ആധുനികതയോടൊപ്പം പിറവിയെടുത്ത പൊതുമണ്ഡലത്തിന്റെ ഭാഗമായിരുന്നു അവ. അതുകൊണ്ട് പുതിയ പ്രഭാഷണങ്ങൾ പലപ്പോഴും സംവാദവേദികളായാണ് നിലനിന്നത്. പ്രഭാഷണവേദികളിൽ ചർച്ചകളും സംവാദങ്ങളും നടന്നു എന്ന അർഥത്തിലല്ല ഇങ്ങനെ പറയുന്നത്. ചിലപ്പോഴൊക്കെ അങ്ങനെയും നടന്നിരുന്നു. എന്നാൽ, പുതിയ പ്രഭാഷണവേദികൾ അനുയായികളാലോ വിശ്വാസിസമൂഹത്താലോ മാത്രം നിറഞ്ഞതായിരുന്നില്ല എന്നതാണ് പ്രധാനം. പറയപ്പെട്ട വാക്കുകളും ആശയങ്ങളും അതേപടി സ്വീകരിക്കപ്പെടുകയോ വിശ്വസിക്കപ്പെടുകയോ ചെയ്തില്ല. അവ ആലോചനകളുടെയും വിശകലനങ്ങളുടെയും വിമർശനങ്ങളുടെയും വിഷയമായി. പറഞ്ഞതിനെല്ലാം എതിർവാദങ്ങളുണ്ടായി. എതിർവാദങ്ങൾ ഉടനടി ഉന്നയിക്കപ്പെട്ടാലും ഇല്ലെങ്കിലും പറയപ്പെട്ട ആശയങ്ങൾ അതേപടി സ്വീകരിക്കപ്പെട്ടില്ല എന്നതാണ് പ്രധാനം. അവ സംവാദങ്ങളായി വളരുകയും വഴിമാറുകയും ചെയ്തു.

പ്രഭാഷകരെയും അവരുടെ ആശയങ്ങളെയും കേൾവിക്കാർ തിരുത്തിക്കൊണ്ടിരുന്നു; പ്രത്യക്ഷമായും പരോക്ഷമായും. ഈ നിലയിൽ, ആധുനികമായ പ്രഭാഷണവേദികൾ അതിഭൗതികമായ വെളിപാടുകളിൽനിന്നും അധികാരികളുടെ പ്രഘോഷണങ്ങളിൽ നിന്നും നിത്യജീവിതത്തിന്റെ സംവാദാത്മകതയിലേക്കുള്ള പ്രഭാഷണത്തിന്റെ വഴിമാറ്റത്തെക്കൂടി ഉൾക്കൊള്ളുന്നുണ്ട്.  പുതിയ ഒരു സങ്കല്പനം ഉപയോഗിച്ചു പറഞ്ഞാൽ പ്രഭാഷണത്തിന്റെ ചരിത്രത്തിലെ ഒരു വിചാരമാതൃകാവ്യതിയാനം (paradigm shift) അതിലുണ്ട്. ഒരർഥത്തിൽ പ്രഭാഷണത്തിന്റെ ജനാധിപത്യവൽകരണംകൂടി അവിടെ നടക്കുന്നുണ്ട്. പറയുന്ന ‘ഞാൻ’  മാത്രമല്ല; കേൾക്കുന്ന ‘നീയും’  പ്രധാനമായി. പറയുന്ന സ്ഥാനവും കേൾക്കുന്ന സ്ഥാനവും തമ്മിലുള്ള ശ്രേണീപരമായ അകലം കുറഞ്ഞു. നിസ്സംഗരായ സ്വീകർത്താക്കൾ എന്നതിൽനിന്ന് സക്രിയരും സംവാദസന്നദ്ധരുമായ ശ്രോതാക്കൾ എന്ന നിലയിലേക്ക് കേൾവിസമൂഹം മാറി. വക്താവിന് മാത്രമല്ല ശ്രോതാവിനും നിർവാഹകത്വം (agency) ഉണ്ടെന്നു വന്നു. അയാൾ കേട്ടുമടങ്ങുന്ന ഒരാളല്ലാതായി.

പ്രഭാഷണവേദിയുടെ ഈ ജനാധിപത്യവൽക്കരണത്തിന്റെ അടയാളമായി അതിന്റെ വ്യാപനത്തെ കാണാം. ആധുനികലോകത്തോടൊപ്പം നാടെമ്പാടുമായി ചെറുതും വലുതുമായ പ്രഭാഷണവേദികൾ ഉയർന്നുവന്നു. രാഷ്ട്രീയവേദികൾ മുതൽ സാഹിത്യ‐ സാംസ്കാരിക വേദികൾ വരെയുള്ള പലതരം പ്രഭാഷണസ്ഥാനങ്ങൾ ഓരോ ഗ്രാമത്തിലും ചെറുചെറുനഗരങ്ങളിലും നിത്യേന രൂപപ്പെട്ടു. പ്രഭാഷണങ്ങൾ ആധുനിക ജീവിതത്തിന്റെ സ്വാഭാവിക അനുബന്ധങ്ങളിലൊന്നായി. എല്ലാ തെരുവുകളിലും ഇടയ്ക്കിടെ അരങ്ങേറുന്ന പൊതുയോഗങ്ങളും പ്രസംഗങ്ങളും. പ്രഭാഷകരുടെ അപ്രമാദിത്വത്തിന് അവിടെ വലിയ സ്ഥാനമൊന്നും ഉണ്ടായിരുന്നില്ല. അവർ ദിവ്യപുരുഷന്മാരോ അധികാരികളോ മഹാനായകരോ ഒന്നുമായിരുന്നില്ല. സാധാരണക്കാരായ നാട്ടുമനുഷ്യർ തങ്ങളെപ്പോലുള്ള നാട്ടുമനുഷ്യരോട് പ്രസംഗവേദികളിൽ നിന്ന് സംസാരിക്കാൻ തുടങ്ങി. വലിയ പ്രഭാഷകരും വലിയ വേദികളും തീർത്തും ഇല്ലാതായി എന്നല്ല. പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന മട്ടിൽ അവ ഇപ്പോഴും തുടരുന്നുണ്ട്. വിശ്വാസികൾ ഒത്തുകൂടി നിശ്ശബ്ദം കേട്ടുപിരിയുന്ന മതപ്രഭാഷണങ്ങളും മറ്റും ഇപ്പോഴുമുണ്ട്. എങ്കിലും ആധുനികലോകത്തെ പ്രഭാഷകത്വത്തിന്റെ യാഥാർത്ഥ്യം അത്തരം വേദികളിലല്ല സന്നിഹിതമായിരിക്കുന്നത്. ജീവിതത്തിന്റെ ദൈനംദിനത്വത്തിലേക്ക് ചുവടൂന്നിയ പുതിയ വേദികളാണ് പുതിയ പ്രഭാഷകത്വത്തെ നിർവഹിച്ചത്. മഹാരഥികൾ പ്രസംഗിച്ചപ്പോഴും അവ സംവാദരഹിതമോ നിശ്ചലമോ ആയിരുന്നില്ല.

ചാർലി ചാപ്ലിന്റെ 'ഗ്രേറ്റ് ഡിക്ടേറ്റർ' എന്ന വിഖ്യാതസിനിമയുടെ അവസാനരംഗത്തിലെ പ്രസംഗം ഈ പുതിയ പ്രഭാഷകത്വത്തിന്റെ ഏറ്റവും വലിയ പ്രതീകസംഗ്രഹങ്ങളിലൊന്നാണെന്ന് പറയാം. അതിസാധാരണനായ ഒരു മനുഷ്യൻ; രൂപസാദൃശ്യം കൊണ്ട് ദുരധികാരത്തിന്റെ പിടിയിലകപ്പെട്ട് പരമാധികാരിയുടെ വേഷം അഭിനയിക്കേണ്ടിവന്ന ഒരു പാവം മനുഷ്യൻ മനുഷ്യവംശത്തോടാകെ സംസാരിക്കാൻ തുടങ്ങുന്നത് നാമിവിടെ കാണുന്നു. ജീവിതത്തെയും സ്നേഹത്തെയും മനുഷ്യാന്തസ്സിനെയും സ്വാതന്ത്ര്യത്തെയും കുറിച്ച് അയാൾ അത്രമേൽ സാധാരണമായ വാക്കുകളിൽ വികാരനിർഭരമായി സംസാരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ മനുഷ്യമഹത്വത്തെക്കുറിച്ച് ഉയർന്നുകേട്ട ഏറ്റവും മഹത്വപൂർണമായ വാചകങ്ങളിൽ ചിലത് അയാളുടേതായിരുന്നു. ‘ക്ഷമിക്കണം, ഞാനൊരു ചക്രവർത്തിയാകാൻ ആഗ്രഹിക്കുന്നില്ല’  (I am sorry, but I don’t want to be an emperor)  എന്നു തുടങ്ങിയ അതുല്യമായ ആത്മഭാഷണം. സീസറും മാർക്ക് ആന്റണിയും ചർച്ചിലും സ്റ്റാലിനും നെഹ്റുവും മാർട്ടിൻ ലൂഥർ കിങ്ങും  മറ്റും നടത്തിയ മഹാപ്രഭാഷണങ്ങളുടെ സ്ഥാനത്ത്, അജ്ഞാതനും നിസ്വനുമായ ഒരുവന്റെ ചിതറിയ സ്വരം ഉയർന്നുവന്നു. കൊടുങ്കാറ്റുപോലെ ദുരധികാരത്തിനെതിരെ ഇരമ്പിക്കയറി. ആധുനികത ജന്മം നൽകിയ പ്രഭാഷകത്വത്തിന്റെ ആകെത്തുകയായിരുന്നു അത്.

മൂന്ന്

പൊതുവേദിയിൽ ഞാൻ ആദ്യം പ്രസംഗിച്ചത് ഹെസ്കൂൾ കാലത്താണ്. അന്ന് ചെറായിയിലെ രാമവർമ്മ യൂണിയൻ ഹെസ്കൂളിൽ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ബാലവേദി സജീവമായി പ്രവർത്തിക്കുന്നുണ്ട്. സ്കൂളിലെ പല വിദ്യാർഥികൾക്കുമൊപ്പം ഞാനും അതിൽ സജീവമായിരുന്നു.

പൊതുവേദിയിൽ ഞാൻ ആദ്യം പ്രസംഗിച്ചത് ഹെസ്കൂൾ കാലത്താണ്. അന്ന് ചെറായിയിലെ രാമവർമ്മ യൂണിയൻ ഹെസ്കൂളിൽ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ബാലവേദി സജീവമായി പ്രവർത്തിക്കുന്നുണ്ട്. സ്കൂളിലെ പല വിദ്യാർഥികൾക്കുമൊപ്പം ഞാനും അതിൽ സജീവമായിരുന്നു. പഠനക്ലാസുകൾ, പാട്ടുകൾ, യാത്രകൾ... അങ്ങനെ പലതും സജീവമായി ഉണ്ടായിരുന്നു. പാരിസ്ഥിതിക രാഷ്ട്രീയം, വിഭവസമത്വം, സ്ത്രീനീതി, ജനാധിപത്യം... ഇങ്ങനെ എത്രയോ പ്രമേയങ്ങൾ പരിഷത്തിന്റെ പാട്ടുകളും നാടകങ്ങളും വഴിയാണ് മനസ്സിൽ വേരുപിടിച്ചത്. അതൊന്നും വെറും അറിവുകളായല്ല അവശേഷിച്ചതും. ജീവിതത്തെ ആഴത്തിൽ നിർണയിച്ച അനുഭൂതിലോകങ്ങളായി അവ കൂടെക്കൂടി.

 ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലത്ത് പരിഷത്തിന്റെ ശാസ്ത്രകലാജാഥയുടെ സമാപനം ചെറായിലാണ് നടന്നത്. അതിന്റെ ഭാഗമായി ധാരാളം പ്രചരണപരിപാടികൾ ഉണ്ടായിരുന്നു. ഞങ്ങൾ സ്കൂൾവിദ്യാർഥികളുടെ നേതൃത്വത്തിൽ ഒരു പ്രചരണജാഥയോ മറ്റോ നടന്നു. വൈകുന്നേരം ചെറായി ജങ്‌ഷനിൽ കുട്ടികളുടെ പാട്ടുകളും പ്രസംഗങ്ങളും ലഘുനാടകങ്ങളും മറ്റുമായി ഒരു സമ്മേളനം. പലരുമതിൽ പങ്കെടുത്തു. കൂട്ടത്തിൽ ഞാനും. അഞ്ചു മിനിറ്റോ മറ്റോ നീളുന്ന ഒരു പ്രസംഗം. നല്ല പരിഭ്രമം തോന്നിയത് ഇപ്പോഴും ഓർമ്മയുണ്ട്. സ്കൂളിൽ ഞാൻ പ്രസംഗമത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. അതുകൊണ്ട് പേടിതോന്നില്ല എന്നായിരുന്നു എന്റെ വിശ്വാസം. എങ്കിലും സംഭവിച്ചത് അതല്ല. റോഡരികിലെ വേദിയിൽ നിന്ന് ചുറ്റുമുള്ള കുട്ടികളെയും കൂടെയുള്ള പരിഷത്ത് പ്രവർത്തകരെയും നോക്കിയപ്പോൾ ഏതൊക്കെയോ പരിഭ്രാന്തികൾ ഒരുമിച്ചുവന്നു. എങ്കിലും പഠിച്ചുവച്ചത് എങ്ങനെയോ പറഞ്ഞുപൂർത്തിയാക്കി. തലചുറ്റലോ ബോധം കെടലോ ഇല്ലാതെ ആദ്യപ്രസംഗം അവസാനിച്ചു!

സ്കൂൾ വിദ്യാഭ്യാസകാലത്ത് ഞാൻ പ്രസംഗമത്സരങ്ങളിൽ ധാരാളം പങ്കെടുത്തിട്ടുണ്ട്. കോളേജിലെത്തിയപ്പോഴും അതു തുടർന്നു. മത്സരവേദിയിലെ പ്രസംഗം മിക്കവാറും കൃത്രിമമാണ് എന്നാണ് പിന്നീട് എനിക്ക് തോന്നിയിട്ടുള്ളത്. അഞ്ചുമിനിറ്റിലെ ഒരു കെട്ടുകാഴ്ച. മുൻകൂറായി ഒരുക്കിയ ശൈലികളും പ്രയോഗങ്ങളും ചേർത്ത്, ശബ്ദവിന്യാസത്തിന്റെയും ആംഗ്യങ്ങളുടെയും അകമ്പടിയോടെയുള്ള പ്രകടനമാണത്. ഒരു പ്രഭാഷകയുടെ/പ്രഭാഷകന്റെ സഹജപ്രകൃതത്തിന് ഇതൾവിരിഞ്ഞു വരുവാനുള്ള സാവകാശമൊന്നും അവിടെ കാണില്ല. ലോകയുദ്ധമായാലും പക്ഷിനിരീക്ഷണമായാലും അഞ്ചുമിനിറ്റിൽ കഴിയണം. അവിടെ ഒരാൾക്ക് അയാളെയോ ഒരാശയത്തെയോ ആവിഷ്കരിക്കാൻ ഏറെയൊന്നും കഴിയുമെന്ന് തോന്നുന്നില്ല.

വിദ്യാർഥിജീവിതകാലത്തെ സംഘടനാപ്രവർത്തനമാണ് എന്നെ പ്രസംഗകനാക്കിയത്. കോളെജിലെ ക്ലാസ് മുറികളിൽ, ഒട്ടൊക്കെ അശ്രദ്ധരായിരിക്കുന്ന ഒരുകൂട്ടം കുട്ടികളോടായിരിക്കും സംസാരിക്കേണ്ടത്. അവരുടെ ശ്രദ്ധയെ ആകർഷിക്കാനും അതിനിടയിൽ കാര്യങ്ങൾ പറയാനുമുള്ള ശ്രമം വിജയകരമായി പൂർത്തിയാക്കുക എളുപ്പമല്ല. എന്റെ പരിശീലനവേദി അതായിരുന്നു. മാല്യങ്കര എസ് എൻ എം  കോളേജിലെയും മഹാരാജാസ് കോളേജിലെയും ക്ലാസ്‌മുറികൾ. ഏഴുവർഷത്തെ കോളെജ് വിദ്യാഭ്യാസകാലത്ത് ആറുവർഷവും ഞാൻ പ്രസംഗിച്ചു. അതൊരു വലിയ ഈടുവയ്പായിരുന്നു.
കോളെജിൽ പ്രസംഗത്തോടൊപ്പം കവിത ചൊല്ലലുമുണ്ടായിരുന്നു. കോളെജ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാനപ്പെട്ട ഇനങ്ങളിലൊന്ന് അതാണ്. എൺപതുകൾ കവിതാപാരായണത്തിന്റെ നല്ലകാലമാണ്. കടമ്മനിട്ടയും ബാലചന്ദ്രൻ ചുള്ളിക്കാടുമൊക്കെ വാക്കിന്റെ ധ്വനികളെ പ്രകാശിപ്പിക്കുന്നതിനുള്ള ഉപാധികളാക്കി കവിതാപാരായണത്തെ മാറ്റിയിരുന്ന കാലം.

ചൊല്ലിയാൽ മാത്രം പൂർണമാവുന്ന കവിതകളായിരുന്നു കടമ്മനിട്ടയുടേത്. കാമ്പില്ലാത്ത പദച്ചേരുവകളെ പാട്ടുകൊണ്ട് മൂടിപ്പൊതിയുന്ന പണി കവിതാപാരായണത്തിൽ അന്ന് വേരുപിടിച്ചിരുന്നില്ല.

ചൊല്ലിയാൽ മാത്രം പൂർണമാവുന്ന കവിതകളായിരുന്നു കടമ്മനിട്ടയുടേത്. കാമ്പില്ലാത്ത പദച്ചേരുവകളെ പാട്ടുകൊണ്ട് മൂടിപ്പൊതിയുന്ന പണി കവിതാപാരായണത്തിൽ അന്ന് വേരുപിടിച്ചിരുന്നില്ല. കോളെജിലെ ക്ലാസ്മുറികളിൽ കടമ്മനിട്ടയുടെയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും ഒ എൻ വിയുടെയും അയ്യപ്പപണിക്കരുടെയും കവിതകൾ ഞാൻ ചൊല്ലുമായിരുന്നു. കവിത ചൊല്ലുന്നതിനുമുമ്പ് അതിനെക്കുറിച്ച് കുറെയൊക്കെ പറയും. അതുമൊരു പരിശീലനമായി മാറി. പിൽക്കാലത്ത് പ്രസംഗവേദിയിൽ കവിതകൾ ധാരാളമായി ഉദ്ധരിച്ച് സംസാരിക്കാൻ അത് പ്രേരണയായി.

ബാലചന്ദ്രൻ ചുള്ളിക്കാട്

ബാലചന്ദ്രൻ ചുള്ളിക്കാട്

ബിരുദ വിദ്യാഭ്യാസകാലം പൂർത്തിയായപ്പോൾ മുതൽ ഞാൻ പൊതുവേദികളിൽ സംസാരിച്ചു തുടങ്ങി. എൺപതുകളുടെ അവസാനം. എങ്കിലും മഹാരാജാസ് കോളെജിലെ ബിരുദാനന്തര ബിരുദക്കാലമാണ് എന്നെ പൊതുപ്രസംഗകനാക്കിയത്. കോളെജിൽനിന്നും പോയി മടങ്ങാവുന്ന ദൂരങ്ങളിലൊക്കെ അന്ന് പ്രഭാഷണങ്ങൾക്കായി പോയി. നാട്ടിൻപുറത്തെ ക്ലബ്ബുകളുടെ സാംസ്കാരികസമ്മേളനങ്ങൾ, സെമിനാറുകൾ, പഠനക്ലാസ്സുകൾ, കോളെജുകളിലെ യൂണിയൻ പരിപാടികൾ... വ്യത്യസ്ത ആവശ്യങ്ങൾ മുൻനിർത്തി പലതരം വേദികളിൽ പ്രസംഗിച്ചു. പൊതുതെരഞ്ഞെടുപ്പുകളുടെ കാലത്ത് ധാരാളം രാഷ്ട്രീയയോഗങ്ങളിൽ പ്രസംഗിച്ചു. നിരന്തരമായി പ്രസംഗിക്കുന്നു എന്നുപറഞ്ഞുകൂടെങ്കിലും 1990‐കൾ മുതൽ ഞാൻ പ്രസംഗവേദിയിലുണ്ട്. 1998 മുതലുള്ള അധ്യാപകജീവിതം പ്രസംഗത്തെ രണ്ടുനിലകളിൽ സ്വാധീനിച്ചിട്ടുണ്ട്. അതിന് കൂടുതൽ അക്കാദമികസ്വഭാവം കൈവന്നു എന്നതാണ് ഒരുകാര്യം. വസ്തുതകൾക്ക് ഊന്നൽ നൽകുന്ന ഒരു അവതരണരീതിയിലേക്ക് നീങ്ങി. വിഷയത്തെ സൈദ്ധാന്തികമായി അഭിസംബോധന ചെയ്യാൻ ശ്രമിച്ചു എന്നതാണ് രണ്ടാമത്തെ കാര്യം. ഇത് പ്രസംഗത്തെ വിരസമോ ദുർഗ്രഹമോ ആക്കിയിരുന്നു. ദീർഘകാലം കൊണ്ടാണ് അതിൽനിന്ന് ഞാൻ പുറത്തുകടന്നത്; ഇപ്പോഴത് ഒട്ടൊക്കെ പരിഹരിക്കപ്പെട്ടു എന്നു തോന്നുന്നു.

പ്രൊഫ. എം എൻ വിജയന്റെ ശൈലിയും ആശയപ്രപഞ്ചവും എന്റെ പ്രഭാഷണ ജീവിതത്തിലെ വലിയ സ്വാധീനമായിരുന്നു. ഏറെക്കാലം മാഷിന്റെ പ്രഭാഷണമാന്ത്രികതയുടെ നിഴലിൽനിന്നാണ് ഞാൻ സംസാരിച്ചത്. അതിന്റെ അടയാളങ്ങൾ എന്റെ പ്രസംഗത്തിൽ പ്രകടമായിക്കാണുമായിരുന്നു. പ്രത്യക്ഷമായ അത്തരം അടയാളങ്ങൾ ഇപ്പോൾ കുറെയൊക്കെ മാഞ്ഞുപോയിട്ടുണ്ട്. എങ്കിലും വിചാരരീതിയുടെയും ആശയരൂപീകരണത്തിന്റെയും ഉള്ളടരിൽ വിജയൻ മാഷ് ഇപ്പോഴും തുടരുന്നുണ്ട്. ബോധപൂർവം മാഷിനെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ലാത്തതുപോലെ, ബോധപൂർവം ആ സ്വാധീനം ഇല്ലാതാക്കാനും ഞാൻ ശ്രമിച്ചില്ല.

വലിയ പ്രഭാഷകരെ ധാരാളം കേട്ടപ്പോൾ മനസ്സിലായ ഒരു കാര്യമുണ്ട്. അവരൊന്നും ഉറക്കെ പറയുന്നവരല്ല. പതിഞ്ഞ ശബ്ദത്തിൽ, ശാന്തമായി, വ്യക്തതയോടെയാണ് അവരൊക്കെ സംസാരിച്ചിരുന്നത്. പിന്നീട് അവരുടെ ശബ്ദം സന്ദർഭാനുസൃതം ഉയർന്നുതാഴും. എങ്കിലും ഒരിക്കലുമത് ശബ്ദഘോഷമാകില്ല. നമ്മുടെ പല പ്രസംഗകരും ഇത് മനസ്സിലാക്കിയിട്ടില്ല. ‘സ്വരരാക്ഷസം’ എന്ന് കെ ജി എസ് എഴുതിയതുപോലെയാണ് അവർ സംസാരിക്കുക.

കെ ജി ശങ്കരപ്പിള്ള

കെ ജി ശങ്കരപ്പിള്ള

അത്തരം അട്ടഹാസങ്ങൾ അധികനേരം കേട്ടുനിൽക്കാനാവില്ല. അലോസരപ്പെടുത്താത്ത ശബ്ദത്തോടൊപ്പമേ മനുഷ്യർക്ക് ഏറെ നേരം സഞ്ചരിക്കാ നാവൂ. സുകുമാർ അഴീക്കോട്‌ എത്ര ഉച്ചത്തിൽ പ്രസംഗിക്കണം എന്നതിന് അഴീക്കോട് മാഷ് നൽകിയ വിശദീകരണമാണ് ഏറ്റവും ഹൃദ്യമായി എനിക്ക് തോന്നിയിട്ടുള്ളത്. സദസ്സിലെ അവസാനത്തെ ആൾ ശ്രദ്ധാപൂർവം ചെവികൂർപ്പിച്ചാൽ കേൾക്കാവുന്നത്ര ശബ്ദത്തിൽ മാത്രം. ‘ശ്രദ്ധ ഇവിടേക്കാണ്, ഒച്ച അവിടേക്കല്ല എത്തേണ്ടതെന്ന്’ മാഷ് പറയുമായിരുന്നു. അതൊരു വലിയ പാഠമാണ്. പരിശീലിക്കാൻ പ്രയാസമുള്ള ഒന്നാണത്. പക്ഷേ, നല്ല പ്രസംഗത്തിന്റെ അടിസ്ഥാനഗുണങ്ങളിലൊന്ന് അതുതന്നെയാണ്.

സൗമ്യമായ ശബ്ദമെന്നപോലെ, കവിതകളും പ്രഭാഷണത്തിന് വലിയ തുണയാണ്. അനവധി വാക്യങ്ങൾകൊണ്ട് പടുത്തുയർത്താൻ ശ്രമിക്കുന്ന ഒരാശയം അതിനെക്കാൾ എത്രയോ ശക്തമായി കേൾക്കുന്നവരിൽ എത്തിക്കാൻ കവിതയ്ക്ക് കഴിയും. ചരിത്രത്തിൽ പ്രവർത്തിച്ച് അനുഭവമായി പരിണമിച്ച വാക്കാണ് കവിതയിലുള്ളത്. അത് അർഥത്തെ അനുഭവമാക്കി മാറ്റുന്നു. പ്രസംഗത്തെ അത് കേവലമായ ആശയങ്ങളുടെ ലോകത്തുനിന്നും ഗാഢമായ അനുഭൂതികളുടെ ലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി.എൺപതുകളുടെ അവസാനം മുതൽ വലിയ പ്രഭാഷകരെ കേൾക്കുന്നുണ്ടായിരുന്നു. സുകുമാർ അഴീക്കോടിന്റെ പ്രഭാഷണം,

സുകുമാർ അഴീക്കോട്‌

സുകുമാർ അഴീക്കോട്‌

ചിലപ്പോൾ സാഗരഗർജ്ജനം പോലെയും ചിലപ്പോഴൊക്കെ സാഗരഗീതം പോലെയും ഉയർന്നുതാണു. ചിലപ്പോഴത് വികാരസാന്ദ്രവും ക്ഷോഭാകുലവുമായിരുന്നു. മറ്റു ചിലപ്പോൾ മസൃണവും സ്നേഹപൂരിതവും. എം എൻ വിജയൻ പ്രഭാഷണവേദിയിലെ ധ്യാനബുദ്ധനായിരുന്നു. ആശയങ്ങളുടെ പലപല അടരുകൾ അദ്ദേഹത്തിന്റെ വാക്കുകളിൽ ഒളിഞ്ഞും തെളിഞ്ഞും വന്നുപോയ്ക്കൊണ്ടിരുന്നു. ഒരാശയത്തെ ക്രമത്തിൽ പിന്തുടർന്നു ചെല്ലുന്ന, യുക്തിവിചാരത്തിന്റെ നേർവരയിലൂടെ സഞ്ചരിക്കുന്ന, ഒന്നല്ലായിരുന്നു വിജയൻ മാഷിന്റെ പ്രഭാഷണം. അത് ഒരേസമയം പലയിടങ്ങളിലേക്ക് തുറന്നുകിടന്നു. അന്തിമമായ ഒരാശയലോകമല്ല വിജയൻമാഷ് പ്രഭാഷണവേദിയിൽ അവതരിപ്പിച്ചത്. അതിന്റെ തുറസ്സ് പലരെയും അലോസരപ്പെടുത്തിയിരുന്നു. ആശയങ്ങളുടെ നേർവരയിലൂടെ നടന്നുശീലിച്ചവർക്ക് വിജയൻമാഷ് കാലുഷ്യം കലർന്ന ചിന്തകനായി അനുഭവപ്പെട്ടത് അങ്ങനെയാണ്. പണ്ട് മുണ്ടശ്ശേരിയെ എന്നപോലെ, പുതിയകാലത്തെ ബുദ്ധിജീവികളെയും വിജയൻ മാഷ് അസ്വസ്ഥനാക്കി.

പ്രഭാഷണവേദിയിലെ സൗമ്യവും പ്രൗഢവുമായ സാന്നിധ്യം സാനുമാഷാണ്. ആധുനികതാവാദം എന്ന പേരിൽ ഉയർന്നുവന്ന ഭാവു-കത്വത്തെ ഏറ്റവുമധികം ഉൾക്കൊണ്ട പ്രഭാഷകരിലൊരാളും സാനുമാഷായിരുന്നു. സ്വച്ഛവും പ്രശാന്തവുമായ ആശയങ്ങളുടെ ലോകം സാനുമാഷിന്റെ പ്രഭാഷണവേദികളിൽ ചൈതന്യപൂർവം നിലകൊണ്ടു.

എം കെ സാനു

എം കെ സാനു

സാനുമാഷ്- വേദിയിൽ രോഷാകുലനായില്ല. അദ്ദേഹത്തിന്റെ ആശയങ്ങൾ ആരെയും സംശയത്തിലാഴ്-ത്തിയതുമില്ല. യവന ദുരന്തനാടകങ്ങളുമായുള്ള ഗാഢപരിചയം സാനുമാഷിന്റെ പ്രഭാഷണങ്ങൾക്ക് മായികമായ ഒരു ഭംഗി നൽകുന്നതായി എനിക്കുതോന്നിയിട്ടുണ്ട്-. നവോത്ഥാന മാനവികതയുടെ മൂല്യബോധവും പ്രസാദാത്മകതയും തന്റെ ആശയപ്രപഞ്ചത്തിന്റെ അടിസ്ഥാനമായി നിലനിർത്തുമ്പോൾത്തന്നെ, മനുഷ്യാവസ്ഥയിൽ നിലീനമായ ദുരന്തശോഭയെ സാനുമാഷിന്റെ വാക്കുകൾ എപ്പോഴും അഭിസംബോധന ചെയ്-തുകൊണ്ടിരിക്കുന്നു.

എൺപതുകളിൽ, കോളെജ് വിദ്യാർഥിയായിരുന്ന കാലത്ത് പഴയ തലമുറയിലെ വലിയ പ്രഭാഷകരെക്കുറിച്ച് പലരും പറഞ്ഞുകേട്ടിരുന്നു. പ്രസംഗവേദിയിൽ ഗോഥിക് ഗോപുരംപോലെ നിലകൊണ്ട മുണ്ടശ്ശേരിയെക്കുറിച്ച് കെ പി അപ്പൻ എഴുതിയിട്ടുണ്ട്. ജി  ശങ്കരക്കുറുപ്പിന്റെ വാക്കുകളുടെ അനർഗളതയെക്കുറിച്ച് എറണാകുളത്ത് പലർക്കും ഓർമ്മകളുണ്ടായിരുന്നു. പനമ്പിള്ളിയുടെയും കെ ബാലകൃഷ്ണന്റെയും വൈക്കം ചന്ദ്രശേഖരൻ നായരുടെയും എം പി മന്മഥന്റെയും പ്രസംഗങ്ങളുടെ മഹിമയെക്കുറിച്ച് അക്കാലത്ത് ധാരാളം വായിക്കാനിടയായി. പ്രഭാഷകത്വത്തിന്റെ പ്രത്യക്ഷചാരുതകളൊന്നുമില്ലാത്ത ഇ എം എസിന്റെ പ്രസംഗം കേൾക്കാൻ പതിനായിരങ്ങൾ ഒത്തുകൂടുന്ന യോഗങ്ങളിൽ പലതവണ ഞാനും ചെന്നുനിന്നിട്ടുണ്ട്. ആശയങ്ങളുടെ കൃത്യതയും വാക്കുകളുടെ കണിശതയും കൊണ്ട് ഇ എം എസ് തന്റെ പ്രസംഗത്തെ അനാർഭാടമായ സൗന്ദര്യത്തിലേക്ക് ചേർത്തുനിർത്തി.മഹാരാജാസിലെ വിദ്യാഭ്യാസകാലത്ത് എന്നെ ഗാഢമായി സ്വാധീനിച്ച പ്രഭാഷണരീതി കെ ജി ശങ്കരപ്പിള്ളയുടേതാണ്.

കെ ജി എസ് ഞങ്ങളുടെ അധ്യാപകനായിരുന്നു. അദ്ദേഹം പൊതുപ്രഭാഷണവേദികളിൽ ഒരിക്കലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ കെ ജി എസ് എപ്പോഴും ക്ലാസ്സിലുണ്ടായിരുന്നു. പല വിഷയങ്ങളിലേക്കും പല ദിശകളിലേക്കും സഞ്ചരിക്കുന്ന കാവ്യാത്മകവും ഗഹനവുമായ വാക്കുകൾ. വാക്കിന്റെ സൂക്ഷ്മശ്രുതി. ഭാഷയുടെ രാഷ്ട്രീയവും സാംസ്കാരികവുമായ വിനിയോഗത്തെക്കുറിച്ച് ഏറെ ബോധ്യമുളവാക്കിയ ക്ലാസ്സുകളായിരുന്നു കെ ജി എസ്സിന്റേത്. ഭാഷയുടെ കാവ്യാത്മകതയെന്നത് നിരർഥകമായി ഒഴുകിപ്പരക്കുന്ന വാക്കല്ല എന്നദ്ദേഹം ബോധ്യപ്പെടുത്തി. അർഥലോപം വരാത്ത മുനകൂർത്ത കല്പനകൾ കൊണ്ട്, ആശയങ്ങളുടെ അതുല്യലോകങ്ങളാണ് കെ ജി എസ് ക്ലാസ്മുറിയിൽ പണിതെടുത്തുകൊണ്ടിരുന്നത്. വാക്കിന്റെ സൂക്ഷ്മധ്വനികളെക്കുറിച്ചുള്ള ഏറ്റവും നല്ല മാതൃകയായി എനിക്ക് തോന്നിയിട്ടുള്ളത് കെ ജി എസ്സിന്റെ ക്ലാസ്സുകളായിരുന്നു. എപ്പോഴും അതൊരു മാനദണ്ഡമായി ഞാൻ കരുതിപ്പോന്നു; എനിക്കാ മാനദണ്ഡത്തിനടുത്തേക്ക് ഒരിക്കലും എത്തിപ്പെടാനായിട്ടില്ലെങ്കിലും.

ഇങ്ങനെ, എത്രയോ പ്രഭാഷകരെ അക്കാലത്ത് കേട്ടു. ജീവിതമെന്നപോലെ, ബഹുമുഖമായും ബഹുസ്വരമായും നിലകൊള്ളുന്ന പ്രഭാഷണ ലോകവുമായുള്ള പരിചയം വിദ്യാർഥിജീവിതകാലത്തുതന്നെ ഞങ്ങൾക്കു കൈവന്നിരുന്നു. മികച്ച രാഷ്ട്രീയപ്രസംഗകരും അന്നുണ്ടായിരുന്നു. പലപ്പോഴും രാഷ്ട്രീയപ്രസംഗങ്ങൾ ഏവർക്കുമറിയുന്ന കാര്യങ്ങൾ ഉച്ചത്തിൽ പറഞ്ഞ് കേൾക്കുന്നവരെ അലോസരപ്പെടുത്താൻ പോന്ന ശബ്ദപ്രഘോഷണങ്ങൾ മാത്രമായി മാറാറുണ്ട്; അന്നും ഇന്നും. ഇതിൽനിന്ന് ഏറെ വ്യത്യസ്തമായി, ശാന്തവും ഗാഢവുമായി, വിഷയത്തിന്റെ ആഴത്തിലേക്ക് പടിപടിയായി കടന്നുചെന്ന് വളരെ ഗഹനമായ വിഷയത്തിന്റെ ഉള്ളറകളെ അനാവരണം ചെയ്യുന്ന പ്രഭാഷണങ്ങൾ.

ഇ എം എസ്‌ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

ഇ എം എസ്‌ ജനങ്ങളെ അഭിസംബോധന ചെയ്യുന്നു

 

കെ എൻ രവീന്ദ്രനാഥ്‌

കെ എൻ രവീന്ദ്രനാഥ്‌

തൊഴിലാളിപ്രസ്ഥാനത്തിന്റെ വലിയ നേതാവായ സഖാവ് കെ എൻ  രവീന്ദ്രനാഥിന്റെ പ്രസംഗങ്ങൾക്ക്- അത്തരമൊരു കൃത്യതയും സ്വച്ഛതയുമുണ്ടായിരുന്നു. തെരുവിലെ ഒരു മൈക്കിന് മുന്നിൽ നിന്ന് പ്രസംഗപീഠം പോലുമില്ലാതെ മണിക്കൂറുകളോളം സംസാരിക്കുകയും ഗഹനമായ തത്വശാസ്ത്രപ്രശ്നങ്ങളിലേക്ക് അയത്നലളിതമായി കടന്നുപോവുകയും ചെയ്യുന്ന കെ വേണു ഒരത്ഭുതമായിരുന്നു. വാക്കുകളെ പിടിച്ചുനിർത്തിയും കെട്ടഴിച്ചുവിട്ടും ആശയങ്ങളുടെ മഹാഗോപുരങ്ങളും സ്വച്ഛപ്രവാഹങ്ങളും സമുദ്രവിശാലതയും പണിതെടുത്ത വലിയ പ്രഭാഷകർ അന്ന് ഞങ്ങൾക്ക് ചുറ്റുമുണ്ടായിരുന്നു. അക്കാലത്തെ സാമൂഹ്യ ജീവിതത്തെയും സാംസ്-കാരികാന്തരീക്ഷത്തെയും ഏറെ ചലനാത്മകമാക്കിയത് അവരാണ്. അവരുടെ വാക്കുകൾക്കൊപ്പമാണ് ഞങ്ങൾ യുവാക്കളായത്.

നാല്

1990‐ കൾ, ഒരർഥത്തിൽ, പ്രഭാഷണത്തിന്റെ സംക്രമണദശകൂടിയാണ്. തൊണ്ണൂറുകളിൽ നടപ്പിലായ ഉദാരവൽകരണവും ആഗോളവൽകരണവും ഒരു ദൃശ്യവിപ്ലവത്തെയും ഒപ്പം കൊണ്ടുവന്നു. പറയപ്പെട്ട വാക്കിനു മുകളിൽ അത് കാഴ്ചയുടെ പ്രവാഹത്തെ പ്രതിഷ്ഠിച്ചു. നൂറുകണക്കിന് ചാനലുകൾ; അവയിലെ മായികമായ ദൃശ്യപ്രപഞ്ചം വാക്കിനുമേൽ അവ പ്രാബല്യം നേടി. എൺപതുകളുടെ അവസാനംവരെ ഈ ദൃശ്യപ്രപഞ്ചം കേരളത്തിൽ അതിപ്രാബല്യം കൈവരിച്ചിരുന്നില്ല. ദൂരദർശൻ മാത്രമായിരുന്നു അന്നത്തെ ദൃശ്യലോകം. അതിന്റെ ഔദ്യോഗികമായ കാഴ്ചപ്പുറങ്ങൾ വരാനിരിക്കുന്ന ദൃശ്യമഹാവിപ്ലവത്തെ ഒരുനിലയ്ക്കും മുൻകൂട്ടി കണ്ടിരുന്നില്ല. അതുകൊണ്ട് പ്രഭാഷണവേദികൾ അപ്പോഴും പ്രബലമായ സംവാദവേദികളും ആശയവിനിമയത്തിന്റെ ഇടങ്ങളുമായി തുടരുന്നുണ്ടായിരുന്നു. തൊണ്ണൂറുകൾക്കുശേഷവും പ്രഭാഷണം ഇല്ലാതായില്ല. എന്നുമാത്രമല്ല, പ്രഭാഷണവേദികൾ എണ്ണത്തിൽ കൂടുകയും ചെയ്തു. എങ്കിലും പ്രഭാഷണവേദിയുടെ ഉള്ളടക്കത്തിൽ കാര്യമായ മാറ്റമുണ്ടായി. 1990‐കൾ ആധുനികമായ ജീവിതക്രമത്തിന്റെ ആധാരതത്വങ്ങൾ പുനർനിർവചിക്കപ്പെട്ടുതുടങ്ങിയ കാലമായിരുന്നു. ആധുനികതയുടെ സംവാദസ്ഥാനങ്ങളിലൊന്നായ പ്രഭാഷണങ്ങൾക്കും ഇതിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാവുമായിരുന്നില്ല.

പ്രഭാഷണത്തെ നിർണയിക്കുകയും നിർവചിക്കുകയും ചെയ്തുപോന്ന സാഹിതീയതയുടെ മണ്ഡലം ദുർബലമായി എന്നതാണ് 1990‐ കളിലുണ്ടായ പ്രധാന മാറ്റം. കേസരി ബാലകൃഷ്ണപിള്ളയുടെ വാക്കുകളിൽ, ‘കേരളീയ കലാമണ്ഡലത്തിലെ മുതലാളിമാരായിരുന്ന’  സാഹിത്യകാരന്മാരുടെ അപ്രമാദിത്വം പതിയെപ്പതിയെ പിൻവാങ്ങാൻ തുടങ്ങി. ചിത്രകലയും സിനിമയും സംഗീതവും ഉൾപ്പെടെയുള്ള ഇതരകലകളുടെ ലോകം സാംസ്കാരികജീവിതത്തിലേക്ക് കൂടുതൽ കൂടുതൽ കടന്നുകയറി. പൊതുമാനവികതയെ മുൻനിർത്തിയുള്ള സംഭാഷണങ്ങൾക്കു പകരം അരികുജീവിതപ്രശ്നങ്ങൾ സംവാദത്തിന്റെ പ്രമേയങ്ങളായി. അറിവിന്റെ വിശേഷമേഖലകൾക്ക് കൂടുതൽ പ്രാധാന്യം കൈവന്നു. പൊതുമണ്ഡലം കൂടുതൽ വിജ്ഞാനോന്മുഖമായി എന്നു പറയാനാവില്ലെങ്കിലും പഴയ ഏകമാനവലോകം അസംഗതമാവുകയായിരുന്നു. ആ ലോകത്തുതന്നെ നിലയുറപ്പിച്ചുകൊണ്ടുള്ള സംവാദങ്ങളും സംഭാഷണങ്ങളും ഉള്ളുപൊള്ളയായ ഒരു ലോകത്തിന്റെ മുഴക്കങ്ങളായി അനുഭവപ്പെടാൻ തുടങ്ങി. പഴയ പ്രഭാഷണമികവുകൾ അപ്രസക്തമോ അസംഗതമോ ആയി മാറുകയായിരുന്നു.

ആധുനികമായ മനുഷ്യസങ്കല്പത്തിന്റെ പരിമിതികളിൽ പലതും നമ്മുടെ പ്രഭാഷണവേദികളെയും വലയം ചെയ്തിട്ടുണ്ട്. നവോത്ഥാനത്തിന്റെ പ്രഭാവത്താൽ ഒട്ടൊക്കെ മതനിരപേക്ഷമായി മാറാൻ അതിന് കഴിഞ്ഞെങ്കിലും ആണധികാരത്തിന്റെ പിടിമുറുക്കത്തിൽ നിന്ന് അതൊരിക്കലും പുറത്തുകടന്നിട്ടില്ല. പുരുഷാധികാരത്തിന്റെ വാങ്മയങ്ങളാണ് നമ്മുടെ പ്രഭാഷണവേദികളിൽ നിറഞ്ഞുനിൽക്കുന്നത്. അപവാദങ്ങൾ ഉണ്ടായിട്ടുണ്ടാവാം. അവ പക്ഷേ, അവയെപ്പോഴും ഒറ്റതിരിഞ്ഞ അപവാദങ്ങളായിരുന്നു. പുരുഷാധികാരമെന്നപോലെ മധ്യവർഗപരവും സവർണവുമായ  ആശയമണ്ഡലവും മലയാളത്തിലെ പ്രഭാഷകവേദിയെ ചൂഴ്ന്നുനിൽക്കുന്നുണ്ട്. അളവിലും അനുപാതത്തിലും വ്യത്യാസമുണ്ടാവുമെങ്കിലും ഇപ്പോഴും തുടരുന്ന ഒരു അതിർവരമ്പാണത്. ഒട്ടൊക്കെ ചരിത്രപരമായ ഒന്നാണത്. എങ്കിലും നമ്മുടെ മാനവികബോധത്തിന്റെ പരിമിതികളെയും പരിധികളെയും കുറിച്ച് പുകഴ്പെറ്റ പ്രഭാഷണവേദികളും പരോക്ഷമായി പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അതിനെയും മറികടക്കുമ്പോഴേ ആധുനിക പ്രഭാഷണവേദികളുടെ ജന്മഹേതുവായ ജനാധിപത്യം കൂടുതൽ അർഥപൂർണമാകൂ. ജനാധിപത്യവൽക്കരണം എന്നത് അവസാനിക്കാത്ത ഒരു പ്രക്രിയയാണ്. നാം നമ്മോടുതന്നെ നടത്തുന്ന സമരങ്ങൾ കൂടിയാണത്. പ്രഭാഷണവേദിയും അതാവശ്യപ്പെടുന്നുണ്ട്.

 

കെ പി അപ്പന്റെ പഴയൊരു പ്രയോഗം കടമെടുത്താൽ നമ്മുടെ പ്രസംഗങ്ങൾ മിക്കവാറും ഉത്തമപുരുഷ ഏകവചനത്തിന്റെ കലയാണ്. അതിലൊരു സംവാദാത്മകതയില്ല. ചില പ്രഭാഷണങ്ങൾക്കുശേഷം ചോദ്യോത്തരങ്ങളുടെയും ചർച്ചയുടെയും സന്ദർഭങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും അടിസ്ഥാനപരമായി പ്രസംഗം ഏകഭാഷണമാണ്. താനൊരാൾ ഒറ്റയ്ക്ക് ലോകത്തോട് പറയുന്ന വാക്കാണത്.

 

കെ പി അപ്പന്റെ പഴയൊരു പ്രയോഗം കടമെടുത്താൽ നമ്മുടെ പ്രസംഗങ്ങൾ മിക്കവാറും ഉത്തമപുരുഷ ഏകവചനത്തിന്റെ കലയാണ്. അതിലൊരു സംവാദാത്മകതയില്ല. ചില പ്രഭാഷണങ്ങൾക്കുശേഷം ചോദ്യോത്തരങ്ങളുടെയും ചർച്ചയുടെയും സന്ദർഭങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും അടിസ്ഥാനപരമായി പ്രസംഗം ഏകഭാഷണമാണ്. താനൊരാൾ ഒറ്റയ്ക്ക് ലോകത്തോട് പറയുന്ന വാക്കാണത്. തനിക്കും സദസ്സിനും മുകളിൽ സർവാധികാരവും കയ്യാളുന്ന ഒരാളവിടെയുണ്ട്. ഈ സർവാധികാരത്തെ കുടഞ്ഞുകളയുന്നതാണ് പ്രസംഗത്തെ വിജയിപ്പിക്കുന്ന ഘടകം എന്നെനിക്ക് തോന്നിയിട്ടുണ്ട്. ആ നിലയിൽ പ്രഭാഷണത്തിന് ഒരു വൈരുധ്യാത്മകപ്രകൃതമുണ്ട്. ഒരുഭാഗത്ത് പ്രസംഗവേദി നൽകുന്ന ഘടനാപരമായ ഏകഭാഷകത്വം. മറുഭാഗത്ത് അതിനുള്ളിൽ നിലയുറപ്പിച്ചുകൊണ്ട്, പ്രഭാഷകർ വികസിപ്പിച്ചെടുക്കേണ്ട സംവാദാത്മകത്വം. ആ നിലയിൽ പ്രഭാഷണം അകമേയുള്ള ഒരു കെട്ടഴിയലാണ്. തന്നിൽ നിന്ന് തനിക്കപ്പുറമുള്ളവരിലേക്കുള്ള അനുഭൂതിപരമായ കൂടുമാറ്റം. അങ്ങനെയല്ലാതുള്ള പ്രസംഗങ്ങൾ പൊതുവെ വാചാടോപങ്ങളോ, പാണ്ഡിത്യപ്രഘോഷണമോ ആയി അവസാനിക്കും. വലിയൊരു വിഭാഗം പ്രസംഗകരും ഇതറിയുന്നതായി തോന്നിയിട്ടില്ല. തങ്ങളുടെ അധൃഷ്യതയിൽ അഭിരമിച്ച് അവർ വാക്കിന്റെ ഗോപുരങ്ങൾ പടുക്കുന്നു. നിർഭാഗ്യവശാൽ അത് ശൂന്യഗോപുരങ്ങളായിത്തീരുന്നു.

 ഒരു പ്രഭാഷണത്തെ മികവുറ്റതാക്കുന്നത് മൂന്ന് ഘടകങ്ങളാണ്. ആദ്യത്തേത് വിഷയധാരണയാണ്. വിഷയധാരണ അവതരണത്തിലെ ലാളിത്യമായാണ് പലപ്പോഴും ആവിഷ്കൃതമാവുക. സുഗ്രഹതയാണ് സദസ്സിനെ അതിലേക്ക് കൂട്ടിയിണക്കുന്നതും. വിഷയധാരണയാണ് പ്രഭാഷണഭാഷയെ രൂപപ്പെടുത്തുന്നത്. പാണ്ഡിത്യത്തിന്റെ ശബ്ദഘോഷങ്ങൾ പലപ്പോഴും വിഷയധാരണയുടെ അഭാവം കൊണ്ടുകൂടിയാണ് ഉണ്ടാകുന്നത്. എത്രയും വേഗം പരാജയപ്പെടുന്ന ഒരു തന്ത്രമാണത്. കേൾവിക്കാർ ബുദ്ധികുറഞ്ഞവരാണെന്ന ധാരണ ആ തന്ത്രത്തിലുണ്ട്. രണ്ടാമത്തെ ഘടകം ശബ്ദവിന്യാസമാണ്. കേൾക്കാൻ കഴിയുന്ന ശബ്ദത്തിൽ മാത്രം പറയുക എന്നത് പ്രധാനമാണ്. അതിൽ കുറവോ കൂടുതലോ ആകാതെ. വിഷയധാരണയെ അവതരണപരമായി സുഭദമാക്കുന്നതിൽ ഈ ഘടകത്തിന് വലിയ പങ്കുണ്ട്. ഒരൊറ്റ സ്ഥായിയിൽ അനന്തമായി സംസാരിക്കുന്നവരുണ്ട്. പ്രസംഗവേദിയിലെന്നല്ല, നിത്യജീവിതസംഭാഷണത്തിൽത്തന്നെ അരോചകമായ ഒന്നാണത്. ജീവിതം പോലെ ഉയർന്നും താണും ഇടറിയും ഒഴുകിയും നീളുന്ന ഒരു സ്വച്ഛപ്രവാഹമാകുന്ന പ്രഭാഷണത്തിനേ ഹൃദ്യതയുണ്ടാവൂ. ചില മുഹൂർത്തങ്ങളിൽ അത് വികാരതീവ്രമാകാം. ചില മുഹൂർത്തങ്ങളിലെ അതാകാവൂ എന്ന വിവേകം പ്രധാനമാണ്.

പ്രഭാഷണങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ ഘടകം അതു പുലർത്തുന്ന സംവാദാത്മകതയാണ്. സദസ്സിന് മുകളിൽ അധികാരിയായി ചമയാതിരിക്കാനും കേൾവിക്കാരെ ബഹുമാനപൂർവം അഭിമുഖീകരിക്കാനും പ്രഭാഷകർക്ക് കഴിയണം. പലപ്പോഴും നമ്മുടെ പ്രഭാഷണങ്ങൾ, പ്രത്യേകിച്ചും അക്കാദമിക പ്രഭാഷണങ്ങൾ, സദസ്സിന് മേലുള്ള അധികാരപ്രയോഗമായി എനിക്കു തോന്നിയിട്ടുണ്ട്. സർവകലാശാലകളിലെയും ഔദ്യോഗികസന്ദർഭങ്ങളിലെയും നിർബന്ധിതസദസ്യർ അത് വകവച്ചുതരും. അതവർക്കു മുന്നിൽ വേറെ മാർഗങ്ങളില്ലാത്തതുകൊണ്ടാണ്. പൊതുവേദികളിലെ പ്രഭാഷണങ്ങൾ അങ്ങനെയല്ല. തന്നെ മാനിക്കാത്ത ഒരാളാണ് സംസാരിക്കുന്നതെന്ന് തോന്നിയാൽ കേൾവിക്കാർ കയ്യൊഴിയും. തന്നോടുകൂടിയാണ് പ്രഭാഷക/പ്രഭാഷകൻ സംസാരിക്കുന്നതെന്നു കേൾവിക്കാർക്കുടനീളം അനുഭവവേദ്യമാകണം.

പ്രഭാഷണവേദിയിൽ പതിയെ പ്രസംഗം തുടങ്ങുന്ന ഒരാളാണ് ഞാൻ. മിക്കവാറും പഴയ രീതിയിലും ഔപചാരികമായും. തീർത്തും വ്യത്യസ്തമായ തുടക്കം കണ്ടിട്ടുള്ളത് വിജയൻ മാഷിലാണ്. ‘സുഹൃത്തുക്കളെ’ എന്ന അഭിസംബോധനയ്ക്കുശേഷം വിഷയത്തിന്റെ ഹൃദയത്തിലേക്ക് നേരിട്ടുകടന്നുകയറുന്ന അപ്രതീക്ഷിതമായ ഒരു വാക്യമായിരിക്കും മാഷിന്റെ പ്രാരംഭസ്ഥാനം. അവിടെ നിന്ന് ആശയങ്ങളുടെ അപ്രതീക്ഷിതലോകങ്ങളിലേക്ക് മാഷ് നിരന്തരം തെന്നിമാറും. പിൻപറ്റാനാവാത്ത ഒന്നാണത്. പടിപടിയായി ആശയങ്ങൾ വിന്യസിക്കുന്ന രീതിയാണ് ഞാൻ പൊതുവെ സ്വീകരിച്ചിട്ടുള്ളത്. ശാഖാചംക്രമണങ്ങളും അനുബന്ധ കഥകളും മറ്റുമായി പലയിടങ്ങളിലേക്കും സഞ്ചരിച്ച്, അടിസ്ഥാനപ്രമേയത്തിലേക്ക് മടങ്ങിയെത്തുന്ന രീതി. അതുവഴി ഒരു പ്രസംഗം തന്നെ പലരും പലതായി കേൾക്കുന്നു. പലവിധത്തിൽ അതിനോട് സംവദിക്കുന്നു. ആദ്യകാലത്തൊക്കെ കേന്ദ്രപ്രശ്നത്തിലേക്ക് മടങ്ങിവരാനാകാതെ പ്രഭാഷണം പലപ്പോഴും ചിതറിപ്പോവുമായിരുന്നു. ഇന്ന് ഒട്ടൊക്കെ അത് പരിഹരിക്കപ്പെട്ടു എന്നാണെന്റെ വിശ്വാസം.

സുനിൽ പി ഇളയിടം

സുനിൽ പി ഇളയിടം

മൂന്ന് പതിറ്റാണ്ടായി മിക്കവാറും പ്രഭാഷണവേദിയിലുണ്ട്. പലകാലങ്ങളിൽ പലപല പ്രമേയങ്ങളെ മുൻനിർത്തി സംസാരിച്ചു. ആദ്യകാലത്തൊക്കെ അക്കാദമിക പ്രഭാഷണങ്ങളായിരുന്നു ഏറെയും. അതിനൊരു അതാര്യതയുണ്ടായിരുന്നു. പിന്നീട് പൊതുജീവിതത്തിലെ മൂർത്തമായ പ്രശ്നങ്ങൾ പ്രഭാഷണകേന്ദ്രത്തിലെത്തി. നാരായണഗുരു, ദേശീയത, ശബരിമല, പൗരത്വസമരം, മഹാഭാരതം, നവോത്ഥാനം... ഇങ്ങനെ പലതും. അടിയന്തരസ്വഭാവമുള്ള രാഷ്ട്രീയപ്രമേയങ്ങളായിരുന്നു അവയിൽ പലതും. അത് പ്രഭാഷണത്തിന്റെ ഭാഷയെയും സ്വരൂപത്തെയും വലിയതോതിൽ പുതുക്കിപ്പണിതു. പ്രഭാഷണങ്ങൾ പലതും മണിക്കൂറുകൾ നീളുന്നതായി. മഹാഭാരതപ്രഭാഷണത്തിന്റെയും മാർക്സിന്റെ ഇരുനൂറാം ജന്മവാർഷികം മുൻനിർത്തിയുള്ള പ്രഭാഷണപരമ്പരയുടെയും സന്ദർഭത്തിൽ മൂന്നര മണിക്കൂറോളം പ്രഭാഷണങ്ങൾ നീണ്ടുപോയിട്ടുണ്ട്. ഭാഷയിലും അവതരണരീതിയിലും അപ്പോഴേക്കും കൈവന്ന സുതാര്യത മൂലമാവണം ആളുകൾ അത്ര നേരമൊക്കെ അവ കേട്ടിരുന്നത്.

പ്രസംഗം എന്നെ പലയിടങ്ങളിലേക്കും കൊണ്ടുപോയി. നാട്ടിലെ വഴിവക്കുകൾ മുതൽ മുംബൈയിലെ ഏഷ്യാറ്റിക് സൊസൈറ്റിയുടെ പ്രൗഢപ്രതാപം നിറഞ്ഞ ഹാൾ വരെ. വീട്ടിനരികിലെ പള്ളിമുറ്റം മുതൽ ലണ്ടനിലെയും സൂറിച്ചിലെയും അലംകൃതഹാളുകൾ വരെ. ജീവിതത്തിന്റെ രണ്ടറ്റങ്ങളിലൂടെയുള്ള യാത്രകളായിരുന്നു അത്. എണ്ണമറ്റ സുഹൃത്തുക്കളെയും അത്രതന്നെ ശത്രുക്കളെയും അതു സമ്മാനിക്കുകയും ചെയ്തു. അതിനു നടുവിലൂടെയാണ് കഴിഞ്ഞ കുറെക്കാലമായി ഞാൻ കടന്നുപോകുന്നത്. ജീവിതമെന്നപോലെ, ബഹുരൂപിയായും ബഹുസ്വരമായും പ്രഭാഷണങ്ങൾ എന്നെ വലയം ചെയ്തിരിക്കുന്നു. ഒരുപക്ഷേ, ഇനിയങ്ങോട്ടുള്ള കാലം ആ അദൃശ്യവലയം ജീവിതത്തെ ചൂഴ്ന്നുനിന്നേക്കാം എന്നു തോന്നുന്നു. അതിന്റെ ആഹ്ലാദവിഷാദങ്ങളും  .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top