11 December Monday

താളംതെറ്റുന്ന കാലാവസ്ഥയ്‌ക്ക്‌ പിന്നിൽ

ഡോ. ശംഭു കടുക്കശേരിUpdated: Sunday Aug 13, 2023

ആഗോള കാലാവസ്ഥാ താളക്രമങ്ങളെയും അന്തരീക്ഷ ശാസ്ത്രപ്രമാണങ്ങളെയും അതിസങ്കീർണമായ പഠനവിശകലന സ്ഥിതിയിലേക്ക്‌ നയിക്കുന്ന നാളുകളാണ്‌ ഇത്‌. മാറിമറിയുന്ന കാലാവസ്ഥാ സ്ഥിതിവിശേഷങ്ങൾ, അവ സൃഷ്ടിക്കുന്ന ദുരന്തങ്ങൾ തുടങ്ങിയവ കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ട്‌. ശീതോഷ്ണ മേഖലാപ്രദേശങ്ങളിൽ അടുത്തിടെ ഉണ്ടായ അതിശൈത്യ തരംഗവും അതികഠിന  ഉഷ്ണതരംഗവും ഇന്ത്യയിൽ അവിടവിടെ ഉണ്ടാകുന്ന അതിതീവ്ര വർഷപാതവും ചുഴലിക്കാറ്റുകളുടെ അസ്വാഭാവികതയും കേരളത്തിൽ ഇപ്പോഴ (ഇടവപ്പാതിക്കാലം)ത്തെ  മഴത്തളർച്ചയുമെല്ലാം ഇവയ്‌ക്ക്‌  ഉദാഹരണമാണ്‌. ആഗോളതാപനമെന്ന പ്രതിഭാസം ലോക കാലാവസ്ഥയെ തകിടംമറിക്കുകയാണ്‌. അതിന്‌ അനുബന്ധമായി ഉണ്ടാകാവുന്ന പ്രതിസന്ധികൾ മുൻകൂട്ടി കാണേണ്ടതുണ്ട്‌.

കാലവർഷത്തിലെ മാറ്റങ്ങൾ

ജൂൺ മുതൽ സെപ്‌തംബർവരെയാണ്‌ ഇന്ത്യൻ തെക്കുപടിഞ്ഞാറൻ കാലവർഷക്കാലം. ഇക്കുറി ജൂലൈ  രണ്ടോടെ കാലവർഷം ഇന്ത്യ മുഴുവൻ വ്യാപിച്ചു. ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും രാജ്യത്ത്‌ ഇതുവരെ സാധാരണ രീതിയിലുള്ള മഴ കൂടുതൽ ലഭിച്ചു. എന്നാൽ, മഴക്കണക്കുകളിൽ ഏറെ പ്രദേശ വ്യത്യാസം ഇത്തവണ മൺസൂണിൽ കാണാം. ഇടവപ്പാതി മഴ ലഭ്യമാക്കുന്ന അന്തരീക്ഷ അവസ്ഥാ വിശേഷങ്ങൾ മാത്രമല്ല,  ഇത്തവണ മൺസൂണിനെ ഇതുവരെ സ്വാധീനിച്ചത്. ഈ മൺസൂൺ കാലത്ത് രൂപംകൊണ്ട "ബിപർജോയ്’ ചുഴലിക്കാറ്റും  ഇടവപ്പാതിക്കാലത്ത് ഇന്ത്യൻ അക്ഷാംശ മേഖലകളിൽനിന്ന്‌ അപ്രത്യക്ഷമാകുന്ന പടിഞ്ഞാറൻ ക്ഷോഭ (Western Disturbances)മെന്ന കലുഷിത അന്തരീക്ഷ പ്രതിഭാസവും മഴക്കണക്കുകളെ  മാറ്റിമറിച്ചു.

ഇന്ത്യ മുഴുവൻ ഇടവപ്പാതി മഴയുടെ കുടക്കീഴിൽ വന്നുകഴിയുമ്പോൾ ബംഗാൾ ഉൾക്കടൽ മുതൽ ഇന്ത്യാ ഉപഭൂഖണ്ഡംവഴി പാകിസ്ഥാൻ മേഖലകളിലൂടെ പശ്ചിമേഷ്യൻ പ്രവിശ്യകളിലേക്ക്‌ നീണ്ടുകിടക്കുന്ന ഒരു ഭൗമോപരിതല ന്യൂനമർദപ്പാത്തി സംജാതമാകും. മൺസൂൺ പാത്തി (monsoon  trough) എന്നറിയപ്പെടുന്ന ഈ ന്യൂനമർദപ്പാത്തിയുമായി ബന്ധപ്പെട്ട്  താഴ്‌ന്ന അന്തരീക്ഷമണ്ഡലത്തിൽ ഏതാണ്ട് അഞ്ചു കിലോമീറ്റർവരെ അനവധി ചക്രവാത അന്തരീക്ഷച്ചുഴി (ഉത്തരാർധ ഗോളത്തിൽ ഘടികാരദിശയ്ക്കു വിപരീതമായി ചുറ്റുന്ന കാറ്റിന്റെ വ്യൂഹം)കളും  കാറ്റിന്റെ തരംഗ സമാനമായ ഒഴുക്കിൽ ഉണ്ടാകുന്ന ഉയർന്ന അക്ഷാംശങ്ങളിലേക്ക്‌ താഴ്‌ന്ന അക്ഷാംശങ്ങളിൽനിന്നും വിപരീതദിശയിൽ വീശുന്നതുമായ കാറ്റിലെ ന്യൂനപ്പാത്തികളും മോശം കാലാവസ്ഥയ്ക്കു കാരണമാകും.

ഈ ചക്രവാതച്ചുഴികളുടെ വിന്യാസം, വിസ്താരം, കിടപ്പ് എന്നിവയും ചുഴിക്കാറ്റുകളിലൂടെ വന്നണയുന്ന സാന്ദ്രതാ വ്യത്യാസമുള്ള വായുപിണ്ഡങ്ങളുടെ കൂടിക്കലർപ്പും ഇടവപ്പാതിയുടെ മഴതീവ്രതയെ ബാധിക്കുന്നു. നാലോ അഞ്ചോ ചക്രവാതച്ചുഴികൾ ഇന്ത്യാ ഉപഭൂഖണ്ഡ മൺസൂൺ പാത്തീവിന്യാസത്തിനു മുകളിൽ ചങ്ങലയായി കാണാറുണ്ട്. ജൂലൈ ഒമ്പതിനും 10നും ഉത്തരാഖണ്ഡ്‌, ഡൽഹി, മധ്യ കിഴക്കൻ രാജസ്ഥാൻ, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌, വടക്കുപടിഞ്ഞാറൻ കശ്മീർ എന്നിവിടങ്ങൾക്കു മുകളിൽ വിന്യസിച്ചിരുന്ന നാല്‌ ചക്രവാതച്ചുഴികളാണ്‌ ഡൽഹിയിൽ ശക്തമായ മഴയ്ക്കു കാരണമായത്. ജൂലൈ  ഒമ്പതിന് 153 മില്ലി മിറ്ററും 10ന് 107.3 മില്ലി മിറ്ററും മഴ ലഭിച്ചു. അതുപോലെ ഉത്തരാഖണ്ഡിൽ ഉണ്ടായ ശക്തമായ മഴയും ഹിമപാളികളുടെ ഉരുകലും യമുനാ നദിയിൽ വെള്ളപ്പൊക്കത്തിന്‌ കാരണങ്ങളായി. അറബിക്കടലിൽനിന്നും ഈ ചക്രവാതച്ചുഴിയിലേക്ക് ആവാഹിക്കപ്പെട്ട വർധിച്ച ആർദ്രതയും ചക്രവാതച്ചുഴികളുടെ വടക്കുപടിഞ്ഞാറും വടക്കുകിഴക്കുമായി നിലകൊണ്ട 5‐6 കിലോമീറ്റർ ഉയരത്തിലുണ്ടായ പ്രതിചക്രവാതച്ചുഴി (ചക്രവാതച്ചുഴിയുടെ വിപരീതമായി)കൾ ചക്രവാതച്ചുഴികളുടെ ചലനത്തെ തടസ്സപ്പെടുത്തുകയും അതുമൂലം ഒമ്പതും 10ഉം ഇടമുറിയാത്ത മഴദിനങ്ങളാകുകയും ചെയ്തു. കശ്മീരിനു മുകളിൽ പടിഞ്ഞാറൻ ക്ഷോഭത്തിന്റെ സ്വാധീനവും ചെറിയൊരളവുവരെ വടക്കൻമേഖലകളിലെ കനത്ത മഴയ്ക്കു കാരണമായി. 11 ദിവസം  നിലകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ്‌ ബിപർജോയ്‌ ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ അസ്വഭാവികതയായി കാണണം.

കേരളത്തിൽ 42 ശതമാനം മഴക്കുറവ്‌

കേരളത്തിലെ കാലവർഷമഴയിലും  ഇക്കുറി അസ്വാഭാവികത കാണാം. മൗറീഷ്യസ്  ഭാഗത്തെ നിമ്ന മർദത്തളർച്ച, ദക്ഷിണാർധഗോള ന്യൂനമർദപ്രദേശ അന്തരീക്ഷച്ചുഴികളുടെ ഉത്തരാർധഗോളത്തിലേക്കുള്ള തള്ളിക്കയറ്റം, തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ വടക്കൻമധ്യ അറബിക്കടൽ ഭാഗത്തേക്കുള്ള വിസ്ഥാപനം, അതുമൂലമുള്ള അറബിക്കടൽ നിമ്ന മർദപ്രദേശവുമെല്ലാം കേരളത്തിലെ ഇടവപ്പാതി മഴയ്ക്കു പ്രതികൂല ഘടകങ്ങളാണ്. ഈ ഇടവപ്പാതിയിൽ ഇതുവരെ കേരളത്തിൽ മൊത്തം  42 ശതമാനം മഴക്കുറവ്‌ രേഖപ്പെടുത്തി. എല്ലാ ജില്ലയിലും മഴ കുറഞ്ഞു. ഇടുക്കിയിൽ 59ഉം വയനാട്ടിൽ 54ഉം കോഴിക്കോട്ട്‌ 52ഉം പാലക്കാട്ട്‌ 48  ശതമാനവും മഴ കുറഞ്ഞു. നിലവിൽ പലയിടത്തും അന്തരീക്ഷ താപനില ഉയർന്നിട്ടുമുണ്ട്‌.

ആഗോളതാപനം

ഭൗമോപരിതലത്തിലും അന്തരീക്ഷ താഴ് മണ്ഡലമായ ട്രോപോസ്ഫിയറിൽ ഉണ്ടാകുന്ന ആഗോള ചൂടാകൽ പ്രതിഭാസമാണ് ആഗോളതാപനം. മനുഷ്യ പ്രവർത്തനങ്ങളുണ്ടാക്കുന്ന കാർബൺ ഡൈയോക്സൈഡ്, മീഥേൻ, നൈട്രസ്ഓക്സൈഡ്, ജലബാഷ്പം, ഫ്ലൂറിൽ വാതകങ്ങൾ എന്നിവ സൂര്യാതപത്തെ ആഗിരണംചെയ്ത്അന്തരീക്ഷത്തെ അനിയന്ത്രിതമായി ചൂടാക്കുകയും കാലാവസ്ഥയെ സ്ഥലകാല വ്യത്യാസമില്ലാതെ അസ്ഥിരമാക്കുകയും അത്യധികം ആപൽക്കരമായ കാലാവസ്ഥാ പ്രതിഭാസങ്ങളുണ്ടാക്കുകയും ചെയ്യുന്നതാണ് ആഗോളതാപനം. ഇതുമൂലം 2022ൽ ഭൗമോഷ്മാവ് ശരാശരിയിൽനിന്ന് 1.06 ഡിഗ്രി സെൽഷ്യസ്‌ ഉയർന്നു. 2050 ഇത് 1.5 ഡിഗ്രി സെൽഷ്യസും 2100 ഓടെ 2-4 ഡിഗ്രി സെൽഷ്യസുംവരെ ഉയരാനും സാധ്യതയുണ്ട്.  
സാധാരണയായി  ശരാശരി ഭൗമോഷ്മാവ് ഏറ്റവും  ഏറിനിൽക്കുന്ന മാസമാണ് ജൂലൈ. 2023 ജൂലൈയിൽ ആഗോളതാപനംമൂലം ശരാശരിയിൽനിന്നും ഭൗമോഷ്മാവ് 1.5 ഡിഗ്രി സെൽഷ്യസ്‌  ഉയർന്നത് കഴിഞ്ഞ 12 ലക്ഷം വർഷങ്ങളിലെ റെക്കോർഡാണ്‌. ഇതുമൂലം അമേരിക്ക, മെക്സിക്കോ, തെക്കൻ യൂറോപ്പ്, ചൈന ഇവിടങ്ങളിൽ ജൂലൈയിൽ അന്തരീക്ഷ താപനില സർവകാല റെക്കോർഡായി. പലയിടത്തും താപതരംഗവും. ഉയർന്ന ദിനോഷ്മാവ് 40 ഡിഗ്രി  സെൽഷ്യസ്‌  മുതൽ 55  ഡിഗ്രി  സെൽഷ്യസ്‌ വരെ പലയിടത്തും അനുഭവപ്പെടുകയും ദിനശരാശരിയിൽനിന്ന് 10 ഡിഗ്രി  സെൽഷ്യസ്‌ വരെ ഉയർന്നതായും രേഖപ്പെടുത്തി. ജൂലൈ 16ന്  അമേരിക്കയിലെ ഡെത്ത്‌ വാലിയിലും വടക്കുപടിഞ്ഞാറൻ ചൈനയിലും 54 ഡിഗ്രി  സെൽഷ്യസിനുപരിയും യൂറോപ്പിലെ സിറാക്കസിൽ 48.8 ഡിഗ്രി  സെൽഷ്യസും താപം രേഖപ്പെടുത്തിയെന്ന്‌  പഠനങ്ങൾ പറയുന്നു.

എൽ നിനോ സാന്നിധ്യം

ആഗോളതാപനം തുടർപ്രക്രിയയാണ്‌ എന്നിരിക്കെ, ഭൗമ കാലാവസ്ഥയെ ഭൂഖണ്ഡപരമായി സ്വാധീനിക്കുന്ന പ്രകൃത്യായുള്ള സമുദ്ര അന്തരീക്ഷ പ്രതിഭാസമാണ് എൽ നിനോ (El Nino). കിഴക്കൻ ശാന്തസമുദ്ര ചൂടാകലും അതുമായി ബന്ധപ്പെട്ട് കാറ്റിലും അന്തരീക്ഷമർദത്തിലും ഉണ്ടാക്കുന്ന ആന്ദോളനവുമാണ്‌ ഇത്‌. ഈ പ്രതിഭാസം രണ്ടുമുതൽ ഏഴു വർഷ കാല വ്യത്യാസത്തിലുണ്ടാകുകയും  ഉണ്ടായാൽ ഒമ്പതുമുതൽ 18 മാസംവരെ നീണ്ടുനിൽക്കുകയും  ചെയ്യാറുണ്ട്‌.
എൽ നിനോ ആഗോള താപനത്തിന്‌ ആക്കം കൂട്ടുന്നതായും പഠനങ്ങളിൽ കാണാം.  ഇപ്പോൾ കിഴക്കൻ ശാന്തസമുദ്രം ചൂടായിത്തുടങ്ങിയതും കിഴക്കൻ -മധ്യശാന്ത സമുദ്ര ഊഷ്മാവ് 1991-–- 2020ലെ ശരാശരിയിൽനിന്ന്‌ 1.172 °സെൽഷ്യസ്‌  ഉയർന്നുനിൽക്കുന്നതും ഊഷ്മാവ്‌ വീണ്ടും ഉയരുന്ന പ്രവണത കാട്ടുന്നതും എൽനിനോയുടെ സാന്നിധ്യമാണ്‌ കാണിക്കുന്നത്‌.
എൽ നിനോയുടെ വരവുമൂലം ഇടവപ്പാതിയുടെ രണ്ടാം പകുതിയിൽ മഴക്കുറവ് പ്രവചിക്കപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന ചൂടേറിയ തണുപ്പുകാല (ഡിസംബർ–- -ഫെബ്രുവരി)വും ഉഷ്ണകാലത്ത് (ഏപ്രിൽ–-മേയ്)എൽ നിനോ ഉച്ചസ്ഥായിയിൽ എത്താനുള്ള സാധ്യതമൂലം 2024ൽ തീവ്ര ഉഷ്ണകാല താപ തരംഗദിനങ്ങൾ ഇന്ത്യയിൽ പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top