19 January Tuesday

ബ്രെക്‌സിറ്റ് കാലത്തെ വര്‍ഗതാല്പര്യം

തോമസ്‌ പുത്തിരിUpdated: Monday Jan 11, 2021

2020 ന്റെ അവസാനത്തില്‍ , കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 16ന്, ബ്രിട്ടനെ നാണം കെടുത്തുന്ന ഒരു വാര്‍ത്ത  പാശ്ചാത്യമാധ്യമങ്ങള്‍  പുറത്തുവിട്ടു.  '70 വർഷത്തെ ചരിത്രത്തിൽ ആദ്യമായി യുകെയിലെ വിശക്കുന്ന കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനായി യുഎൻ    ഏജൻസിയായ യൂനിസെഫ് 700,000 ഡോളറിലധികം അടിയന്തര ധനസഹായം നൽകുന്നു. ഇതാദ്യമായാണ് യുണിസെഫ് യുകെയിൽ പട്ടിണി നിവാരണ അടിയന്തിര പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.'  

തികച്ചും അവാസ്തവവും അവിശ്വസനീയവും  എന്ന് തോന്നുമെങ്കിലും ആ വാര്‍ത്തയും വാര്‍ത്തക്ക് പിറകിലെ യാഥാർഥ്യവും ഏതൊരു മനുഷന്റെയും കരളലിയിപ്പിക്കുന്നതാണ്.  സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു  ടെവോണ്‍  ചാരിറ്റി  സ്ഥാപനത്തിന്   നല്‍കുന്ന വേളയില്‍  UNICEF പ്രതിനിധി അന്ന കേറ്റ്ലി പറഞ്ഞത് "ബ്രിട്ടനിലെ അഞ്ചില്‍ ഒന്ന് കുടുംബത്തിലെ കുട്ടികള്‍ പട്ടിണിയിലാണ്  ജീവിക്കുന്നത്"  എന്നാണ്.  ബ്രിട്ടനിലെ ഫുഡ്   ഫൌണ്ടേഷനു വേണ്ടി പ്രമുഖ സര്‍വ്വേ സ്ഥാപനമായ യൂഗോവ് കഴിഞ്ഞ മെയ്‌ മാസത്തില്‍ നടത്തിയ സര്‍വേയില്‍ 24 ലക്ഷം  കുട്ടികൾ ഭക്ഷ്യ സുരക്ഷിതമല്ലാത്ത വീടുകളിൽ  കഴിയുന്നതായി  കണ്ടെത്തി.   

ഈ വാര്‍ത്തയോട് ലേബര്‍ പാര്‍ടിയുടെ ഡെപ്യുട്ടി ലീഡര്‍  ഏഞ്ചെല റെയ്‌നർ പ്രതികരിച്ചത് ഇങ്ങനെയാണ്:    “നമ്മുടെ രാജ്യത്തെ വിശക്കുന്ന കുട്ടികളെ പോറ്റാൻ യൂണിസെഫ് കാലെടുത്തുവയ്ക്കുന്നത് അപമാനകരമാണ്,  പ്രധാനമന്ത്രി  ബോറിസ് ജോൺസണും സാമ്പത്തിക മന്ത്രി സുനാക്കും ലജ്ജിക്കണം".പക്ഷെ ബ്രിട്ടന്റെ അധികാര  കേന്ദ്രങ്ങളില്‍ ഇരിക്കുന്നവര്‍ ഇത് കേട്ടു ഞെട്ടിയില്ല, കാരണം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജനക്ഷേമ പദ്ധതികള്‍ ഒന്നൊന്നായി ഇല്ലാതാക്കിയത് അവര്‍ തന്നെയാണ്. തൊഴിലില്ലായ്മ വേതനം വെട്ടിക്കുറച്ചും സമയത്ത് നല്‍കാതെയും പതിനായിരങ്ങളെ ടോറി സര്‍ക്കാര്‍ വഴിയാധാരമാക്കി.

അപ്പോഴും ടോറി സര്‍ക്കാര്‍   പറഞ്ഞു കൊണ്ടിരുന്നു, " ബ്രെക്‌സിറ്റ് ബ്രിട്ടനില്‍ പാലും തേനും ഒഴുക്കുമെന്നു". പക്ഷെ ബ്രിട്ടന്റെ തെരുവുകളില്‍ വീണത്‌ അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ വിയർപ്പ്‌ മാത്രം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തല ചായ്ക്കാന്‍ കിടപ്പാടമില്ലാതെ ബ്രിട്ടന്റെ തെരുവുകളിലേക്ക് തള്ളപ്പെട്ടവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരികയാണ്.  വീടില്ലാത്തവരെ സഹായിക്കുന്ന ചാരിറ്റി സ്ഥാപനമായ ഷെല്‍ട്ടര്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം 2019ല്‍   ഇംഗ്ലണ്ടില്‍ മാത്രം 280,000  പേര്‍ ഭവനരഹിതരായി റോഡുകളിലും ടെന്ടുകളിലും നരകജീവിതം നയിക്കുന്നുണ്ട്‌. ബ്രിട്ടന്റെ തെരുവുകളിലൂടെ നടക്കുമ്പോള്‍  മരവിപ്പിക്കുന്ന തണുപ്പില്‍ കിടപ്പാടം ഇല്ലാതെ കടത്തിണ്ണകള്‍ക്കരികെ  ഒരു    പുതപ്പും വിരിച്ചു ഇരിക്കുന്ന നിരവധി പേരെ കാണാന്‍ കഴിയും.  ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യത്ത്, ഇവര്‍ക്ക് വീട്  നല്‍കാന്‍ പണം ഇല്ലാഞ്ഞിട്ടല്ല, പക്ഷെ സര്‍ക്കാരിന്റെ ജനവിരുദ്ധ  നയങ്ങള്‍    ഇവരെ സാധാരണ  ജീവിതത്തിന്റെ പരിധിക്കു പുറത്താക്കി.

അതുകൊണ്ടാണ്  ലേബർ എംപി റിച്ചാർഡ് ബർഗൺ പറഞ്ഞത് : “ ബ്രിട്ടനിലെ ദാരിദ്ര്യം ഒരു രാഷ്ട്രീയ നിര്‍മ്മിതിയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് ബ്രിട്ടൻ.  അതിസമ്പന്നർക്ക് ന്യായമായ നികുതി ചുമത്തിക്കൊണ്ട്    യു  കെയിലെ ദാരിദ്ര്യം അവസാനിപ്പിക്കാൻ സർക്കാരിന് കഴിയും.  പക്ഷെ സര്‍ക്കാരിത് ചെയ്യുന്നില്ല".

ഇത്തരം പ്രശ്നങ്ങള്‍ ശ്വാശ്വതമായി പരഹരിക്കുന്നതിനു കഴിഞ്ഞ 10 വര്‍ഷമായി രാജ്യം ഭരിക്കുന്ന ടോറി സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ല. മറിച്ച് ജനങ്ങളെ ബ്രെക്സിന്റെ മറവില്‍ തമ്മിലടിപ്പിച്ചു തങ്ങളുടെ രാജ്യത്ത് സമ്പന്നര്‍ക്ക് കൂടുതല്‍ സമ്പത്തു കേന്ദ്രീകരിക്കുന്നതിനുള്ള നിയമങ്ങള്‍ ഒന്നൊന്നായി കൊണ്ടുവന്നു. ബ്രെക്‌സിറ്റ് കരാറിലും ബ്രിട്ടീഷ്‌ ജനതയുടെ അടിസ്ഥാന പ്രശ്നങ്ങള്‍, മൌലീകാവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കരാര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് ബ്രിട്ടനിലെയും യൂറോപ്പിലെയും കുത്തക കമ്പനികള്‍ക്ക് എങ്ങനെ തടസ്സമില്ലാതെ വ്യാപാരം നടത്താം എന്നതാണ്.

 700 ബില്ല്യന്‍ പൗണ്ട് വരുന്ന വാര്‍ഷിക വ്യാപാരത്തിന് ബ്രെക്‌സിറ്റ് കരാറിലൂടെ ഏകദേശ ധാരണ ആയെങ്കിലും ബ്രിട്ടനിലെ സാധാരണക്കാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള  ഒരു വ്യവസ്ഥയും ഈ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടാണ് ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ അതിനെതിരെ    ലേബർ പാർട്ടിയുടെ  മുന്‍ നേ താവും  കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും കൂടി ആയിരുന്ന   ജെറിമി  കോർബിൻ രൂക്ഷമായി പ്രതികരിച്ചത്.

" ബോറിസ് ജോൺസന്റെ ബ്രെക്‌സിറ്റ്   ഉടമ്പടിയില്‍  എനിക്ക്  വോട്ടുചെയ്യാൻ കഴിയില്ല, ഇത്   ബ്രിട്ടനിലെ സാധാരണക്കാരുടെ  അവകാശങ്ങളും പരിരക്ഷകളും ഇല്ലാതാക്കും.    പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം  അതിവേഗത്തിലാക്കുന്നതിനും ഈ കരാര്‍  സർക്കാർ ഉപയോഗിക്കും. സുപ്രധാനമായ ബ്രെക്‌സിറ്റ്   നിയമനിർമ്മാണത്തിൽ ഭേദഗതി വരുത്താനോ സൂക്ഷ്മപരിശോധന നടത്താനോ അവസരം നല്‍കാതെയാണ്  പ്രധാനമന്ത്രി  പാർലമെന്റിൽ ബ്രെക്‌സിറ്റ് കരാര്‍ അവതരിപ്പിച്ചത്.  ഇതാദ്യമായിട്ടല്ല അദ്ദേഹം ജനാധിപത്യ ഉത്തരവാദിത്തത്തെ പുച്ഛത്തോടെ സമീപിക്കുന്നത്.
   
കൺസർവേറ്റീവ് അജണ്ടയുടെ അർത്ഥമെന്താണെന്ന് ഞങ്ങൾക്കറിയാം - തൊഴിലാളികളെയും നമ്മുടെ പരിസ്ഥിതിയെയും ചൂഷണം ചെയ്യാനുള്ള അവസരം കൂടുതല്‍ ശക്തമാക്കാനുള്ള അവസരം  സൃഷ്ടിക്കുകയാണ് ഈ കരാറിലൂടെ അവര്‍ ചെയ്തത്".
   
ബ്രെക്‌സിറ്റ് കരാര്‍   എങ്ങനെയാണ്‌ ബ്രിട്ടനിലെ തൊഴിലാളി വര്‍ഗത്തെ പ്രതികൂലമായി ബാധിക്കുന്നത്? ബ്രിട്ടനില്‍ ഇപ്പോള്‍ നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ക്കു പ്രധാനമായും രണ്ടു ഘടകങ്ങള്‍ ഉണ്ട്. 1 ബ്രിട്ടനില്‍ തന്നെ ഉത്ഭവിച്ചു ബ്രിട്ടീഷ്‌ പാര്‍ലമെന്‍റ്   പാസ്സാക്കിയ നിയമങ്ങള്‍. 2 യൂറോപ്യന്‍ യൂണിയന്‍  നിയമങ്ങളുടെ ഭാഗമായി    ബ്രിട്ടന്‍ നടപ്പിലാക്കിയ  തൊഴില്‍ നിയമങ്ങള്‍.  കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തിനിടയില്‍ ഒരുപാട് നിയമങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായതിനാല്‍ ബ്രിട്ടന്   നടപ്പാലാക്കേണ്ടി വന്നിട്ടുണ്ട്.

Coutesy: wikipedia

Coutesy: wikipedia

ജാതി മത , പ്രായ ലിംഗ ഭേദമെന്യ എല്ലാവര്‍ക്കും തുല്യാവസരം നല്‍കുന്ന  2010ല്‍ പാസ്സാക്കിയ  ഇക്വാളിട്ടി ആക്ട്‌. പ്രസവാവധി, രക്ഷാകർതൃ അവധി എന്നിവ സംരക്ഷിക്കുന്ന  മെട്ടെണിറ്റി ആന്‍ഡ്‌ പേരന്റല്‍   റെഗുലെഷന്‍സ് 1999.  തൊഴില്‍ സമയത്ത് കൃത്യമായി വിശ്രമിക്കാനുള്ള സൗകര്യവും സമയവും, വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞത്‌   4 ആഴ്ചത്തെ വേതനത്തോടു കൂടിയുള്ള വാര്‍ഷികാവധി,  തൊഴിലാളികളുടെ അനുവാദമില്ലാതെ  ആഴ്ചയില്‍ 48  മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യിക്കാന്‍ പാടില്ല തുടങ്ങിയ അവകാശങ്ങള്‍ നടപ്പില്‍ വരുത്തിയ വര്‍കിംഗ് ടൈം   റെഗുലെഷന്‍സ് 1998  ആന്‍ഡ്‌  ദ എംപ്ലോയ്മെന്റ് ആക്റ്റ് 1996. സ്ഥാപനങ്ങളുടെ ആധുനീകരണത്തിന്റെയോ അല്ലാതെയോ ജോലി നഷ്ടപ്പെടുന്നവര്‍ക്കു നിശ്ചിത നഷ്ടപരിഹാരം നല്‍കുന്ന എംപ്ലോയ്മെന്റ് റൈറ്റ് ആക്റ്റ് 1996.

യൂറോപ്യന്‍ യൂണിയന്റെ ഭാഗമായതിനാല്‍ ബ്രിട്ടന്‍ നടപ്പിലാക്കിയ ചില തൊഴിലാവകാശ നിയമങ്ങളാണ് മുകളില്‍ പറഞ്ഞത്. ഇതുപോലെ നൂറു കണക്കിന് മനുഷ്യാവകാശ / തൊഴില്‍  നിയമങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ പ്രത്യക്ഷമായും പരോക്ഷമായും ഉള്ള ഇടപെടലുകളാല്‍ ബ്രിട്ടന്‍ നടപ്പാക്കിയിട്ടുണ്ട്. ബ്രെക്‌സിറ്റ് നടപ്പായതോടെ ബ്രിട്ടനിലെ തൊഴിലാളികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വഴിയുള്ള എല്ലാ സംരക്ഷണവും ഇല്ലാതാകും.

തൊഴിലാളികളുടെ നിലവിലുള്ള അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതില്‍ ടോറി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരുപാട് നിമയങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. അതില്‍ പലതും സംരക്ഷിക്കുന്നതിനുവേണ്ടി ബ്രിട്ടന് പുറത്തു  യൂറോപ്യന്‍ കോടതിയെ ബ്രിട്ടനിലെ തൊഴിലാളി യൂണിയനുകള്‍ സമീപിച്ചിട്ടുണ്ട്.   ബ്രെക്‌സിറ്റ് നടപ്പായതോടെ ഈ അവകാശവും ബ്രിട്ടനിലെ തൊഴിലാളികള്‍ക്ക് നഷ്ട്ടപെട്ടു.

ബ്രിട്ടനിലെ തൊഴിലിടങ്ങളില്‍ നീതി നിഷേധിക്കപ്പെടുന്നവരുടെ ആശ്രയമാണ് എമ്പ്ലോയ്മെന്റ് ട്രിബ്യൂണല്‍ കോടതികള്‍ . ഇത്തരം കോടതികളില്‍ കേസുകള്‍ നടത്തുന്നതിനു 2013 വരെ യാതൊരുവിധ ഫീസും ഈടാക്കിയിരുന്നില്ല. ഡേവിഡ്  കാമറൂണ്‍ പ്രധാനമന്ത്രിയായ ടോറി സര്‍ക്കാര്‍   എമ്പ്ലോയ്മെന്റ് ട്രിബ്യൂണലില്‍   കേസ്സുകള്‍ നല്‍കുന്നതിനു ഫീസുകള്‍ ഏര്‍പ്പെടുത്തി. അതോടു കൂടി ഫീസുകള്‍ താങ്ങുവാന്‍ ആകാതെ ഒരുപാട് തൊഴിലാളികള്‍ക്ക് കേസുകള്‍ ഫയല്‍ ചെയ്യാന്‍ കഴിയാതെ വന്നു, സ്വാഭാവികമായും ലഭിക്കേണ്ട നീതിയും നിഷേധിക്കപ്പെട്ടു. നാല് വർഷം കൊണ്ട് 32 മില്യന്‍ പൗണ്ട് (320 കോടി രൂപ)   ഫീസിനത്തില്‍ മാത്രം ടോറി സര്‍ക്കാര്‍ ഈടാക്കി.

ബ്രിട്ടനിലെ ട്രേഡ് യൂണിയനുകള്‍   വര്‍ഷങ്ങളോളം നടത്തിയ  നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ്  ബ്രിട്ടനിലെ സുപ്രീം കോര്‍ട്ട് ഈ ഫീസ്‌ റദ്ദുചെയ്തത്.  വിവിധ കേസുകളിലായി സര്‍ക്കാര്‍ ശേഖരിച്ച മുഴുവന്‍ തുകയും തിരിച്ചു നല്‍കാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. പക്ഷെ ഈ കാലയളവില്‍ ബ്രിട്ടനില്‍ തൊഴിലിടങ്ങളിലെ നീതിനിഷേധം അതിന്റെ പാരമ്യത്തില്‍ എത്തി. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് യു കെ യില്‍ ആമസോണ്‍ കമ്പനിയുടെ സ്റ്റോറുകളില്‍ നടന്ന തൊഴില്‍ ചൂഷണം.  ബ്രിട്ടനിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണിന്റെ സ്റ്റോറുകളില്‍  കഠിനമായ ജോലി താങ്ങാനാകാതെ തളര്‍ന്നു വീഴുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്.  2016 മുതലുള്ള മൂന്നു വര്‍ഷങ്ങളില്‍  മാത്രം അവശരായ തൊഴിലാളികളെ ചികിത്സിക്കുന്നതിനായി 600 തവണ അത്യാഹിത ആംബുലന്‍സ് സര്‍വീസിനെ വിളിക്കേണ്ടി വന്നു.

(തൊഴില്‍ രംഗത്തു മാത്രമല്ല വിദ്യാഭ്യാസമേഖലയിലും രാജ്യസുരക്ഷയിലും   ഈ കരാര്‍ ബ്രിട്ടനെ പ്രതികൂലമായി ബാധിക്കും. എങ്ങനെ? തുടരും...)

ഒന്നാംഭാഗം ഇവിടെ വായിക്കാം:

ബ്രിട്ടന്‍ യൂറോപ്പില്‍ നിന്നും 'സ്വാതന്ത്ര്യം' നേടുമ്പോൾ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top