19 April Friday
നിർമാണത്തൊഴിലാളിയുടെ മകൾക്ക്‌ സിവിൽ സർവീസ്‌ റാങ്ക്‌

കനവ്‌ കണ്ട പെൺകുട്ടി; കൂട്ടിരുന്ന അച്ഛൻ

അജില പുഴയ്ക്കൽUpdated: Saturday Sep 25, 2021

എസ്‌ അശ്വതി കുടംബാംഗങ്ങൾക്കൊപ്പം


തിരുവനന്തപുരം>  പതിനഞ്ചു വർഷമായി ഒരേ കനവ്‌ കണ്ട പെൺകുട്ടി. അതിന്‌ കൂട്ടിരുന്ന നിർമാണത്തൊഴിലാളിയായ അച്ഛൻ. കരിക്കകം സരോവരം വീട്ടിൽ  എസ്‌ അശ്വതിയുടെയും അച്ഛൻ പി പ്രേമകുമാറിന്റെയും ആഗ്രഹസാഫല്യമാണ്‌ ഇത്തവണത്തെ സിവിൽ സർവീസ്‌ പരീക്ഷാഫലം. അശ്വതിക്ക്‌ 481–-ാമത്‌ റാങ്കാണ്‌ ലഭിച്ചത്‌. നാലുതവണ പരീക്ഷയെഴുതിയെങ്കിലും ആദ്യമായി പ്രിലിംസ്‌ വിജയിച്ചത്‌ ഈ വർഷമാണ്‌.

യുപി ക്ലാസിൽ പഠിക്കുമ്പോൾ ഹിന്ദി അധ്യാപിക ഷീല ഒരു ഡയറി നൽകിയതിൽനിന്നാണ്‌ തുടക്കം. തന്മാത്ര സിനിമയിലേതുപോലെ സമകാലീന സംഭവങ്ങൾ എഴുതിവയ്ക്കാനായി നൽകിയ ആ ഡയറിയാണ്‌ അശ്വതിയിൽ സിവിൽ സർവീസ്‌ മോഹത്തിന്റെ വിത്തുപാകിയത്‌.

 എട്ടാം ക്ലാസുമുതൽ അതിനായി പഠനം ആരംഭിച്ചു. എല്ലാത്തിനും പിന്തുണയുമായി കുടുംബവും നിന്നു. ബാർട്ടൺ ഹിൽ എൻജിനിയറിങ്‌ കോളേജിൽ പഠനം പൂർത്തിയാക്കി സ്വകാര്യ കമ്പനിയിൽ ജോലി  ചെയ്‌തു. എന്നാൽ, രണ്ടു വർഷംമുമ്പ്‌ രാജിവച്ച്‌ പൂർണമായും സിവിൽ സർവീസ്‌ പഠനത്തിലേക്ക്‌ തിരിഞ്ഞു. കോവിഡ്‌ കാലത്ത്‌ സാമ്പത്തികമുൾപ്പെടെ പ്രതിസന്ധി  ഏറെയായിരുന്നു. ഓരോ പ്രതിസന്ധിയിലും പൗലോ കൊയ്‌ലോയുടെ നേരം വെളുക്കുന്നതിനു മുമ്പുള്ള ഇരുട്ടിന്‌ കനം കൂടുതലാണെന്ന വാക്യമാണ്‌ മുന്നോട്ടുനയിച്ചതെന്ന്‌ അശ്വതി പറഞ്ഞു.

ഐഎഎസ്‌ ലഭിക്കാനുള്ള സാധ്യത കുറവായതിനാൽ വീണ്ടും പരീക്ഷയെഴുതാനാണ്‌ അശ്വതിയുടെ തീരുമാനം. മകൾ ഐഎഎസുകാരിയായാലും നിർമാണത്തൊഴിൽ തുടരുമെന്നാണ്‌ പ്രേമകുമാർ പറയുന്നത്‌.  

കരിക്കകം ഗവ. ഹൈസ്‌കൂളിൽ മലയാളം മീഡിയത്തിലായിരുന്നു അശ്വതി പഠിച്ചത്‌. പിന്നീട്‌  കോട്ടൺഹിൽ സ്‌കൂളിലും  ബാർട്ടൺഹിൽ എൻജിനിയറിങ്‌ കോളേജിലും പഠിച്ചു. സംസ്ഥാന സിവിൽ സർവീസ്‌ അക്കാദമിയിലും വിവിധ സ്വകാര്യ അക്കാദമികളിലുമായാണ്‌ സിവിൽ സർവീസ്‌ പഠനം പൂർത്തിയാക്കിയത്‌. പി ശ്രീലതയാണ്‌ അമ്മ. സഹോദരൻ പി അരുൺ ടെക്‌നോപാർക്ക്‌ ജീവനക്കാരനാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top