20 April Saturday

കോട്ടയം ടൗണിലെ പണി പാളിയ റൗണ്ടാനകൊണ്ട്‌ ഉപകാരമുണ്ടായി; ശ്രദ്ധേയമായി ഫോട്ടോഷൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 24, 2020

ഫോട്ടോ: ആന്റോ വർഗീസ്‌

കോട്ടയം > കോട്ടയം നഗരം ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക്‌ വരുന്ന ഒന്നാണ്‌ പ്രധാന ജങ്‌ഷനിലുള്ള റൗണ്ടും അവിടെ ആകാശത്ത്‌ പണിത്‌ വച്ചിരിക്കുന്ന ഇരുമ്പുകൂടും. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡിന്‌ ഇരു വശങ്ങളിലേക്കും പോകാനായി നിർമിക്കുന്ന ആകാശപ്പാതയുടെ നിർമാണം അനന്തമായി നീളുകയാണ്. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ മന്ത്രിയായിരിക്കെ പണിത്‌ വച്ചതാണ്‌ ഈ റൗണ്ടാന.

ഫോട്ടോ: ആന്റോ വർഗീസ്‌

ഫോട്ടോ: ആന്റോ വർഗീസ്‌

എന്നാൽ പണിപാളിക്കിടക്കുന്ന റൗണ്ടാനകൊണ്ട്‌ ഒരു കിടിലൻ പണി ഒപ്പിച്ചിട്ടുണ്ട്‌ ആന്റോ വർഗീസെന്ന കോട്ടയംകാരൻ ഫ്രീലാൻസ് ഫോട്ടോഗ്രഫർ. മെഡിക്കൽ ഷോപ്പിൽനിന്ന് മരുന്നു വാങ്ങിക്കാൻ എത്തിയ ആന്റോ റൗണ്ടാനയിൽ കണ്ടത്‌ മികച്ചൊരു ഫ്രെയിമാണ്‌. ട്രോളന്മാരുടെ സ്വന്തം റൗണ്ടാന ഒരു രാത്രിയിലേക്ക്‌ അങ്ങനെ മോഡൽ ഫോട്ടോഷൂട്ടിനുള്ള വേദിയായി. രണ്ടു മാസത്തോളം നീണ്ട പ്ലാനിങ്, മോഡൽ കോസ്ററ്യൂം ലൈറ്റ്സ് എല്ലാം റെഡിയായി. ടീന എസ് മാത്യൂസായിരുന്നു മോഡൽ.

ചുവന്ന സാരിയും തൊപ്പിയും വച്ച മോഡൽ റെഡി. പക്ഷേ പാതിരാത്രിയിലും നഗരത്തിൽ തിരക്കുകൾക്ക് ഒഴിവില്ല, വണ്ടികളുടെ ബഹളം ഇല്ലാത്തൊരു ഫ്രെയിം കിട്ടാൻ രണ്ടര മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ വെളുപ്പിന് രണ്ടു മണിക്കാണ് ഷൂട്ട് നടത്തിയത്. വെളിച്ചം തീരെ കുറവായതുകൊണ്ട് രണ്ട് ഫ്ലാഷ് ലൈറ്റിൽ നീല ജെൽ ഉപയോഗിച്ചാണ് ആകാശപ്പാത ലൈറ്റ് അപ് ചെയ്‌തത്.

ഗതാഗത നിയന്ത്രണത്തിനു മറ്റു നഗരങ്ങളിൽപോലും മതിയായ സംവിധാനം ഇല്ലാതിരുന്ന കാലത്താണ് കോട്ടയത്ത് ശാസ്ത്രി റോഡിന്റെ തുടക്കത്തിൽ മറ്റു റോഡുകൾ സംഗമിക്കുന്നിടത്തായി ശീമാട്ടി റൗണ്ടാന പണിതത്. ഇതോടെ വാഹന ഗതാഗതം സുഗമമായി. ആകാശപ്പാത സ്ഥാപിക്കുന്നതിനായി ഇത് പൊളിച്ചു മാറ്റി കമ്പകൾ നാട്ടിയെങ്കിലും അതിനപ്പുറം പണിയൊന്നും നടന്നില്ല. അതോടെ ട്രോളന്മാർ ഇതേറ്റെടുത്തു. എന്തായാലും ആന്റോയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ കോട്ടയംകാരെ ഞെട്ടിച്ചിരിക്കുകയാണ്. ഇതുകൊണ്ട് ഇങ്ങനെയെങ്കിലും ഒരു ഗുണമുണ്ടായല്ലോ എന്നാണ് കമന്റുകൾ.

ദേശാഭിമാനി പത്രത്തിൽ ഫോട്ടോഗ്രഫർ ആയിരുന്ന ആന്റോ വെഡ്ഡിങ് ഫോട്ടോഗ്രഫിയിൽ സജീവമായി തുടങ്ങിയ സമയത്താണ് കോവിഡ്‌ വില്ലനായി എത്തുന്നത്. വർക്കുകൾ കുറഞ്ഞതും വ്യത്യസ്‌തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയുമാണ് ഇത്തരമൊരു ഷൂട്ടിലേക്ക് എത്തിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top