01 April Saturday

ഛത്തീസ്‌ഗഢില്‍നിന്ന് കേള്‍ക്കുന്നത്-ഡോ. സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നു

ഡോ. സെബാസ്റ്റ്യന്‍ പോള്‍Updated: Thursday Jan 5, 2023

ബേത്‌ലെ‌‌ഹെമിലെ ആദ്യത്തെ ക്രിസ്‌മസ് രാത്രിയില്‍ നല്‍കപ്പെട്ടത് സന്മനസിന്റെയും സമാധാനത്തിന്റെയും സദ്വാര്‍ത്തയായിരുന്നു. എന്നാല്‍ സമകാലികമായി നമുക്ക് ലഭിക്കുന്നത് നല്ല വാര്‍ത്തകളല്ല. വര്‍ഗീയമായ വിശ്ലേഷണത്തിന്റെ വിനാശകരമായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ സംശ്ലേഷണത്തിന്റെ സന്ദേശം മറക്കുമ്പോള്‍ ഇതരര്‍ അപകടകരമായി അന്യവല്‍ക്കരിക്കപ്പെടുന്നു. രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര ഡല്‍ഹിയിലെത്തിയപ്പോഴാണ് അദ്ദേഹത്തിെന്‍റ പാര്‍ട്ടി ഭരിക്കുന്ന ഛത്തീസ്ഗഢില്‍നിന്ന് ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയാതെ ക്രിസ്ത്യാനികള്‍ സുരക്ഷിതമേഖലകളിലേക്ക് പലായനം ചെയ്യുന്ന വാര്‍ത്ത കേട്ടത്.

കൂട്ടായ പ്രാര്‍ത്ഥനയ്ക്കുവേണ്ടിയുള്ള സമ്മേളനങ്ങളെയും ധ്യാനക്കൂട്ടായ്മകളെയും മതപരിവര്‍ത്തനത്തിനുള്ള ശ്രമമായിക്കണ്ട് കേസെടുക്കുന്നതില്‍ ഉത്തര്‍പ്രദേശിലെ ബിജെപി മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുകയാണ് ഛത്തീസ്‌ഗഢിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി.

2008ല്‍ ഒഡീഷയിലെ കാന്ധമാലില്‍ നടന്ന ക്രൈസ്തവവേട്ടയ്ക്ക് സമാനമാണ് ബസ്തറിലെ സംഭവങ്ങളെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആരോപിക്കുന്നത് അതിശയോക്തിയായി തള്ളാനാവില്ല. ഫോറത്തിന്റെ കണക്കനുസരിച്ച് 2021ല്‍ 478 ആക്രമണം ക്രൈസ്തവര്‍ക്കുനേരേ ഉണ്ടായതില്‍ 99 എണ്ണം ഉത്തര്‍പ്രദേശിലും 89 എണ്ണം ഛത്തീസ്ഗഢിലുമായിരുന്നു.

ഈ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കേരളത്തിലെ ക്രൈസ്തവസമൂഹത്തിനു കഴിയാതെപോയത് കൂടുതല്‍ സങ്കീര്‍ണവും അപലപനീയവുമായ അവസ്ഥയില്‍ അവര്‍ സ്വയം അകപ്പെട്ടുപോയതുകൊണ്ടാവാം. ഇതരസംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി കേരളത്തില്‍ തങ്ങള്‍ സുരക്ഷിതരാണെന്ന ബോധ്യത്തിലാവാം അവര്‍ ഛിദ്രം എന്ന അശ്ളീലത്തില്‍ മുഴുകിയിരിക്കുന്നത്.

ദിവ്യബലി അര്‍പ്പിക്കുന്ന അള്‍ത്താര അലങ്കോലമാക്കുകയും ബസിലിക്കതന്നെ ബന്ധനത്തിലാക്കുകയും ചെയ്യുന്ന കയ്യാങ്കളികള്‍ വിശ്വാസികളുടെ ഭാഗത്തുനിന്നുതന്നെ ഉണ്ടാകുമ്പോള്‍ ബാഹ്യമായ ആക്രമണങ്ങളെ ചെറുക്കുന്നതിനുള്ള കെല്‍പ് കുറയും.

വെറുപ്പിന്റെ വിപണിയില്‍ സ്നേഹത്തിന്റെ കട തുറക്കാനിറങ്ങിയ  രാഹുല്‍ ഗാന്ധിയുടെ കച്ചവടം മെച്ചപ്പെടാത്തത് ആദായവില്പനയില്‍ ജനങ്ങള്‍ ആകൃഷ്ടരാകാത്തതുകൊണ്ടാണ്. മൃദുഹിന്ദുത്വംകൊണ്ട് മതനിരപേക്ഷതയുടെ ഗ്രേഡ് ഉയര്‍ത്താനാവില്ല. കട കാലിയാക്കി കച്ചവടം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതനായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ മതനിരപേക്ഷതയുടെ മൂലധനമിറക്കാന്‍ പ്രാപ്തിയുള്ള പങ്കാളികളെ അദ്ദേഹത്തിനു കണ്ടെത്തേണ്ടിവരും. പൊളിയുന്ന കടയില്‍ മുതലിറക്കാന്‍ ആരെയെങ്കിലും കിട്ടുമോ എന്ന് കണ്ടറിയണം.

സ്വന്തം വിപരീതബുദ്ധിയാണ് ഈ വിനാശത്തിനു കാരണമെന്ന് കോണ്‍ഗ്രസ് അറിയണം. മതപരിവര്‍ത്തനം നിരോധിക്കുന്ന കാര്യത്തില്‍ മുന്നേ ഗമിച്ചത് കോണ്‍ഗ്രസാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിന് ഭരണഘടനാപരമായ സ്വാതന്ത്ര്യം ഉണ്ടായിരുന്നിട്ടും മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ ഉപജ്ഞാതാക്കളാകാന്‍ കോണ്‍ഗ്രസിനു മടിയുണ്ടായില്ല.

ആ പരമ്പരയില്‍ ഏറ്റവും പുതിയതാണ് ക്രിസ്മസിന്റെ തലേന്ന് ഉത്തരാഖണ്ഡില്‍ ഒപ്പുവയ്ക്കപ്പെട്ട 2022ലെ മതസ്വാതന്ത്ര്യ (ഭേദഗതി) ബില്‍. ഈ നിയമം അനുസരിച്ചും ഇതരസംസ്ഥാനങ്ങളിലെ സമാനമായ നിയമം അനുസരിച്ചും മതം മാറുന്നത് പത്തു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അര ലക്ഷം രൂപ പിഴയും ഈടാക്കാം.

വിശ്വാസം വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. രാഷ്ട്രീയവിശ്വാസംപോലെതന്നെ മാറ്റത്തിനു വിധേയമാണ് മതവിശ്വാസം. നിലപാടുകള്‍ മാറ്റിയെടുത്ത് സ്വന്തം പാര്‍ട്ടിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഈ ഒഴുക്ക് അസാധ്യമാക്കിയാല്‍ ജനാധിപത്യമില്ല. മതപരിവര്‍ത്തനത്തിനു പിന്നാലെ രാഷ്ട്രീയ പരിവര്‍ത്തനവും നിരോധിക്കപ്പെടാം. രാഷ്ട്രീയപ്രവര്‍ത്തനം വിലക്കിക്കൊണ്ടാണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ നടപ്പാക്കിയത്. അതേസമയം അവരുടെ പക്ഷത്തേക്കും പാര്‍ട്ടിയിലേക്കും മാറുന്നതിന് തടസമില്ലായിരുന്നു.

ഹിന്ദുമതത്തില്‍നിന്നുള്ള പരിവര്‍ത്തനം കുറ്റകരമാക്കുന്നവര്‍ ഹിന്ദുമതത്തിലേക്കുള്ള പരിവര്‍ത്തനത്തെ സ്വാഗതം ചെയ്യുന്നു. അത് അവര്‍ക്ക് ഘര്‍ വാപസിയാണ്. ഹിന്ദുമതത്തിലേക്ക് നിര്‍ബന്ധിത പരിവര്‍ത്തനം നടക്കുന്നു എന്നതിന് സര്‍ക്കാരിന്റെ ഗസറ്റ് തെളിവാണ്. ആര്യസമാജത്തിെന്‍റ ശുദ്ധി ശരിയും ക്രിസ്ത്യാനികളുടെ ജ്ഞാനസ്നാനം തെറ്റും ആകുന്നു. സംവരണം തുടങ്ങിയ ആനുകൂല്യങ്ങളുടെ പേരിലും പൊതുവായ സുരക്ഷിതത്വത്തിന്റെ പേരിലും ഹിന്ദുമതം സ്വീകരിക്കുന്നതിന് നിര്‍ബന്ധിതരാകുന്ന ഇതരമതസ്ഥരുടെ എണ്ണം അത്ര കുറവല്ല.

സാമ്പത്തികമോ സാമൂഹികമോ ആയ ഉന്നമനത്തിെന്‍റ പേരിലോ അല്ലാതെയോ ഒരാള്‍ക്ക് മതം മാറണമെന്നു തോന്നിയാല്‍ അത് തടയുന്നതിനുള്ള ഭരണകൂടത്തിന്റെ ഇടപെടല്‍ ഭരണഘടനാപരമായി സാധൂകരിക്കപ്പെടുന്നതെങ്ങനെ? പണം ഉള്‍പ്പെടെയുള്ള പ്രലോഭനവും സമ്മര്‍ദവും വോട്ടറെ സ്വാധീനിക്കുകയോ കീഴ്പെടുത്തുകയോ ചെയ്യരുതെന്ന് നിയമത്തിനു നിര്‍ബന്ധമുള്ളതുപോലെ മാത്രം മാറുന്നതും നിര്‍ബന്ധത്തിനു വഴങ്ങിയാകരുത്.

മധ്യപ്രദേശിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ ഫാദര്‍ സ്റ്റാനിസ്ളാവോസ് നല്‍കിയ കേസില്‍ സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ പ്രേരണ, പ്രലോഭനം തുടങ്ങിയ വാക്കുകള്‍ക്ക് സംശയാതീതമായ നിര്‍വചനം നല്‍കാന്‍ നിയമത്തിനോ കോടതിക്കോ കഴിഞ്ഞിട്ടില്ല.

സംഘപരിവാറിന്റെ കുടക്കീഴില്‍ ഒത്തുചേര്‍ന്നവരും പുറത്തുനില്‍ക്കുന്ന സമാനമനസ്കരും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഭിന്നിപ്പ് റിപ്പബ്ളിക്കിന്റെ അസ്തിവാരമിളക്കും. റിപ്പബ്ളിക് മതനിരപേക്ഷമായിരിക്കുമ്പോഴും രാഷ്ട്രം മതനിരപേക്ഷമല്ല. എല്ലാ മതങ്ങള്‍ക്കും ഇവിടെ പ്രവര്‍ത്തനസ്വാതന്ത്ര്യമുണ്ട്. മനഃസാക്ഷിക്കനുസൃതമായി ഏത് വിശ്വാസവുമാകാം. പൊതുസമൂഹത്തിന് ഹാനികരമല്ലെങ്കില്‍ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും വിലക്കില്ല. സ്വന്തം വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കിയിട്ടുണ്ട്.

ഭൂമിയുടെ അതിര്‍ത്തികള്‍വരെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുകയെന്ന പ്രേഷിതദൗത്യത്തിന്റെ അടിസ്ഥാനത്തിലാണ് ക്രിസ്ത്യാനികളുടെ മതപ്രചാരണം നടക്കുന്നത്. വാക്കുകള്‍ ശ്രോതാക്കളെ പരിവര്‍ത്തനത്തിനു പ്രേരിപ്പിക്കും. യേശുവിന്റെ പ്രബോധനങ്ങളിലും മാര്‍ക്സിന്റെ സിദ്ധാന്തങ്ങളിലും ജനങ്ങള്‍ ആകൃഷ്ടരാകുന്നത് അങ്ങനെയാണ്. വ്യത്യസ്തമായ ആശയങ്ങളുടെ പ്രചാരത്തില്‍ ആരും അസ്വസ്ഥരാകരുതെന്ന് ഭരണഘടന ഓര്‍മിപ്പിക്കുന്നു.

ഹിന്ദുത്വരാഷ്ട്രവും അതിനുവേണ്ടി ഹിന്ദുത്വ ഭരണഘടനയും നിര്‍മിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവര്‍ക്ക് മതനിരപേക്ഷവ്യവസ്ഥയുടെ മൂല്യങ്ങള്‍ മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ കഴിയില്ല.
രണ്ടായിരം വര്‍ഷത്തെ ക്രൈസ്തവസാന്നിധ്യമുള്ള രാജ്യമാണ് ഇന്ത്യ. നൂറ്റാണ്ടുകള്‍ യൂറോപ്പിലെ ക്രൈസ്തവരാഷ്ട്രങ്ങളുടെ നിയന്ത്രണത്തിലായിരുന്നിട്ടും ഇന്ത്യയിലെ ക്രൈസ്തവരുടെ എണ്ണം ജനസംഖ്യയുടെ 2.3 ശതമാനം മാത്രമാണ്. ഇത് ഓരോ വര്‍ഷവും കുറഞ്ഞുവരുന്നതിനാല്‍ ക്രിസ്ത്യാനികളുടെ പേരില്‍ ആരും ആശങ്കപ്പെടേണ്ടതില്ല. എന്നിട്ടും എന്തുകൊണ്ടാണ് മതപരിവര്‍ത്തനം എന്ന ആക്ഷേപം മുന്‍നിര്‍ത്തി ആക്രമണങ്ങള്‍ ഉണ്ടാകുന്നത്? മദര്‍ തെരേസയ്ക്കെതിരെയും ഈ ആരോപണം ഉണ്ടായിട്ടുണ്ട്.

ഹിന്ദുമതം അപകടത്തിലാകുന്നുവെന്ന ആശങ്കയിലല്ല അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നത്. ലോകമതങ്ങളുടെ കൂട്ടത്തില്‍ സമാദരണീയമായ പ്രാമുഖ്യത്തോടെ ഹിന്ദുമതം നിലനില്‍ക്കുന്നത് സംഘികളുടെ സഹായത്താലല്ല. ഫാസിസം എന്ന് സൗകര്യപൂര്‍വം അറിയപ്പെടുന്ന വലതുപക്ഷ തീവ്രവാദം വേരോടുന്നത് സ്പര്‍ദ്ധയുടെ വളക്കൂറുള്ള മണ്ണിലാണ്. സ്പര്‍ദ്ധ വളര്‍ത്തുന്നതിന് മതത്തേക്കാള്‍ മെച്ചപ്പെട്ട മറ്റൊന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല.

വംശീയമായ ഉന്മൂലനം അവരുടെ അജന്‍ഡയാണ്. ഹിറ്റ്‌ലര്‍‌ക്ക് അത് ജൂതനിഗ്രഹമായിരുന്നു. നാസിസത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ സംഘികള്‍ സെമറ്റിക് മതങ്ങളെയും വിശ്വാസികളെയും അപകടകാരികളായി കാണുന്നു. ചാതുര്‍വര്‍ണ്യത്തിലേക്കുള്ള തിരിച്ചുപോക്കില്‍ അവശേഷിക്കേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമായ വര്‍ണങ്ങള്‍ നാലു മാത്രമാണ്. അവയില്‍പ്പെട്ടവര്‍തന്നെ അതിനെ അഭികാമ്യമായി കാണുന്നില്ലെന്നതാണ് പ്രഖ്യാപിതമായ ഇന്ത്യന്‍ മതനിരപേക്ഷതയുടെ വിജയരഹസ്യം.

(ചിന്ത വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top