19 April Friday

കാത്തുവയ്ക്കുന്നത് കാലത്തിനായുള്ള വിത്തുകൾ

പി ഒ ഷീജ niranjansheeja@gmail.comUpdated: Sunday Mar 19, 2023

ചെറുവയൽ രാമൻ

വൈക്കോൽ മേഞ്ഞ കൊച്ചുവീട്ടിൽ, ചാണകവും കരിയുംകൊണ്ട് മെഴുകിയ തറയിലിരുന്ന് ചെറുവയൽ രാമൻ കഥ പറയുകയാണ്. കാട്ടുവിത്തെറിഞ്ഞ് പത്തായപ്പുര നിറച്ച സ്വയംപര്യാപ്ത കാർഷികസംസ്‌കൃതിയുടെ കഥ. കഥയ്ക്ക് പശ്ചാത്തലമൊരുക്കി വയനാടൻ കാറ്റ്‌ താളംപിടിച്ചു.

വെട്ടാനും പരൽമീനുകളും ഉൾപ്പുളകത്തോടെ രാമന്റെ വിയർപ്പണിഞ്ഞ പാടത്ത് നീന്തിത്തുടിച്ചു. നാൽപ്പതിലധികം പരമ്പരാഗത നെൽവിത്തുകൾ സംരക്ഷിച്ചും കൃഷിചെയ്‌തും മണ്ണിൽ നന്മ വിതയ്‌ക്കുന്ന ഈ കർഷകൻ ഇന്ന്‌ വെറും രാമനല്ല, പത്മശ്രീ ചെറുവയൽ രാമൻ. പാരമ്പര്യ കൃഷി അറിവുകൾ കണ്ണിലെ കൃഷ്‌ണമണിപോലെ സംരക്ഷിക്കുന്നതിനാണ്‌ വയനാട്‌ കമ്മനഗ്രാമത്തിലെ ഈ ആദിവാസി കർഷകനെ രാജ്യം പരമോന്നത ബഹുമതി നൽകി ആദരിച്ചത്‌. തനിക്ക്‌ ലഭിച്ച അംഗീകാരം അതിജീവനത്തിനായി പൊരുതുന്ന രാജ്യത്തെ മുഴുവൻ കർഷകർക്ക്‌ സമർപ്പിച്ചും അദ്ദേഹം വേറിട്ട പാത തീർക്കുന്നു.

പൂർവിക വിശ്വാസങ്ങളും അറിവുകളും ഇളമുറക്കാർക്ക് പകർന്നുനൽകുന്ന സ്നേഹത്തിന്റെയും പ്രതിരോധത്തിന്റെയും പാരമ്പര്യത്തിന്റെയും വിത്തുകളാണ് രാമന്റെ വയലിൽ മുളപൊട്ടുന്നത്. ഉൽപ്പാദനമികവിന് ജനിതകവിത്തുകൾ പ്രയോഗിച്ച് ചതിക്കുഴിയിലായ കർഷകർക്ക് മുന്നിൽ, അതിജീവനത്തിന് പ്രകൃതി കനിഞ്ഞരുളിയ വിത്തുകൾ കൃഷിചെയ്തും സംരക്ഷിച്ചും രാമൻ മാതൃകയാകുന്നു. ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഈ കാലഘട്ടത്തിലാണ് ജീവിക്കാനുള്ള അന്നം ഉൽപ്പാദിപ്പിച്ചും അവ ഭാവിതലമുറയ്ക്ക് കൈമാറിയും  കാർഷിക പൈതൃകം കാത്തുസൂക്ഷിക്കുന്നത്.

അപൂർവം, അനന്യം ഈ ശേഖരം

പത്തുവയസ്സിൽ ആരംഭിച്ച കൃഷി 73ലും രാമൻ പിന്തുടരുന്നു. ചെന്നെല്ല്, കണ്ണി ചെന്നെല്ല്, വെളിയൻ, ചേറ്റ് വെളിയൻ, മരതൊണ്ടി, ചെന്നൽതൊണ്ടി, ചെമ്പകം, ചെന്തൊണ്ടി, ചെന്താടി, മുണ്ടകൻ, ചോമാല, പാൽ വെളിയൻ, അടുക്കൻ, കോതാണ്ടൻ, വെളുമ്പാല, കരിമ്പാലൻ, വെള്ളിമുത്ത്, കുറുമ്പാളി, ഗന്ധകശാല, ജീരകശാല, കയമ, ഉരുണി കയമ, കുറുവ, കറുത്തൻ, തവളക്കണ്ണൻ, കൊടുവെളിയൻ, ഓണമൊട്ടൻ, ഓണ ചണ്ണ, പാൽ തൊണ്ടി മട്ട, പാൽ തൊണ്ടിവെള്ള, ഒമ്പതാം തൊണ്ടി, ഒമ്പതാം പുഞ്ച, കല്ലടിയാരൻ, ഓക്കൻ പുഞ്ച തുടങ്ങിയ നാൽപ്പതിലധികം പാരമ്പര്യ നെൽവിത്തുകൾ രാമന്റെ ശേഖരത്തിലുണ്ട്. രാജ്യത്ത്‌ ഇത്രയധികം നെൽവിത്തുകൾ സംരക്ഷിക്കുന്ന മറ്റൊരു കർഷകനില്ല.

സംസ്‌കൃതിയുടെ കൈമാറ്റം

ആവശ്യക്കാർക്ക്‌ രാമൻ സൗജന്യമായി വിത്തുകൾ കൈമാറും. ഒറ്റ ആവശ്യംമാത്രം. വിളവിൽ കുറച്ച് വിത്തായി മടക്കിക്കിട്ടണം. ഇങ്ങനെ പറയുന്നതിനു പിന്നിൽ മൂന്ന് ലക്ഷ്യമുണ്ട്‌. കൃഷിചെയ്യാൻ പ്രേരിപ്പിക്കുക, കൃഷിയിലൂടെ ബന്ധം നിലനിർത്തുക, വാക്കുപാലിച്ച് വിശ്വാസ്യത ഉറപ്പുവരുത്തുക.

പ്രകൃതിയുടെ വിത്ത് സംരക്ഷിക്കേണ്ട ബാധ്യത പ്രകൃതിക്കാണ്. അതാണ് തനതുവിത്തുകൾ കാലാവസ്ഥയെ പ്രതിരോധിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. ഏഴുദിവസം വെയിലും മഞ്ഞും കൊള്ളിച്ചുണക്കിയ വിത്തുകൾ മുളയും വൈക്കോലും ചേർത്ത് മെടഞ്ഞെടുത്ത വല്ലം എന്നുവിളിക്കുന്ന കൂടകളിൽ കോറത്തുണിയിലാണ് സൂക്ഷിക്കുന്നത്.

അതിഥിസൽക്കാരത്തിലും സംസ്കാരത്തിന്റെ രുചിക്കൂട്ട്

കൃഷി അറിവുകൾ തേടി സമൂഹത്തിന്റെ നനാതുറയിൽപ്പെട്ടവർ രാമന്റെ വീട്ടിലെത്തും. സന്ദർശകരെ വിശിഷ്ടാതിഥികളായി രാമൻ സ്വീകരിക്കും. മരത്തൊണ്ടി അരിയുടെ ചോറും സുഗന്ധം വമിക്കുന്ന ഗന്ധകശാല അരിയുടെ പായസവും ഞവരയരിക്കഞ്ഞിയും വിളമ്പുന്ന രാമന്റെ അതിഥിസൽക്കാരത്തിലും നിറയും സംസ്കാരത്തിന്റെ രുചിക്കൂട്ട്.

അംഗീകാരം, പുരസ്‌കാരം

ജൈവസമ്പത്ത് സംരക്ഷിക്കാൻ നടത്തുന്ന ഇടപെടലുകൾക്ക് നിരവധി പുരസ്കാരം രാമനെ തേടിയെത്തി. പാരമ്പര്യവിത്തുകളുടെ സംരക്ഷണത്തിന് ജൈവവൈവിധ്യ ബോർഡിന്റെ സംസ്ഥാന അവാർഡ്, 2012ലെ പി വി തമ്പി അവാർഡ് രാമന് ലഭിച്ചു. വിവിധ രാജ്യങ്ങളിൽ നടന്ന അന്തരാഷ്‌ട്ര കാർഷികസമ്മേളനങ്ങളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യുകയുംചെയ്‌തു. 2018ൽ ബ്രസീലിൽ നടന്ന ആദിവാസി കർഷകരുടെ സമ്മേളനത്തിൽ പങ്കെടുത്ത രാമൻ യുഎഇയും സന്ദർശിച്ചിട്ടുണ്ട്‌.

എന്നും ഹൃദയപക്ഷം

1979ൽ എടവക പഞ്ചായത്ത് അംഗമായി ഭരണരംഗത്തും സാന്നിധ്യമറിയിച്ചു. നല്ലൂർനാട് സഹകരണബാങ്ക് ഡയറക്ടർ, പട്ടികജാതി, പട്ടികവർഗ ലേബർ കോൺട്രാക്ടിങ് സൊസൈറ്റി ഡയറക്ടർ, ഗിരിജൻ സഹകരണസംഘം സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. പുരോഗമന രാഷ്ട്രീയത്തോട്‌ പ്രതിബദ്ധതയുള്ള രാമൻ കർഷക തൊഴിലാളി യൂണിയൻ, കർഷകസംഘം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. 

കൃഷി മാറി, കർഷകനും

പഴയ വയനാടല്ല ഇപ്പോഴത്തെ വയനാടെന്ന്‌ രാമൻ. കാലാവസ്ഥ മാറി. സംസ്‌കാരം മാറി. അന്നൊക്കെ ആറുതരം മഴയുണ്ടായിരുന്നു. നാലുതരം കാറ്റും. ബ്രഹ്മഗിരി മലനിരകൾ തഴുകിവരുന്ന വടക്കൻ കാറ്റ്‌, കിഴക്ക്‌ കന്നാരം പുഴയോരം പുൽകിവരുന്ന കിഴക്കൻ കാറ്റ്‌, ഇടിമിന്നലും മഴയുമായി ചെമ്പ്രമല താണ്ടിയെത്തുന്ന തെക്കൻ കാറ്റ്‌, തുള്ളിക്കൊരു കുടം പേമാരിയുമായി ബാണാസുരമല താണ്ടിയെത്തുന്ന പടിഞ്ഞാറൻ കാറ്റ്‌.

കുറിച്യ സമുദായത്തിൽപ്പെട്ട ഞങ്ങളുടേത്‌ കൂട്ടുകൃഷിയാണ്‌. ഇടമുറിയാതെ പെയ്യുന്ന ഇടവപ്പാതി. കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന്‌ വയലിലിറങ്ങും. കൃഷിപ്പാട്ടുകൾ പാടും.

ഇന്ന്‌ കൃഷി ഒട്ടും സുരക്ഷിതമായ തൊഴിലല്ല. കാലാവസ്ഥാ വ്യതിയാനം വലിയ വില്ലനാണ്‌. കാർഷിക കലണ്ടർ ആകെ താളംതെറ്റി. സമയത്തിന്‌ മഴയും വെയിലും മഞ്ഞും കിട്ടുന്നില്ല. കൃഷിച്ചെലവ്‌ കൂടി. ഉൽപ്പന്നങ്ങൾക്ക്‌ ആനുപാതിക വില കിട്ടുന്നില്ല. പ്രകൃതിയുടെ വിത്തുകൾക്ക്‌ പകരം സങ്കരയിനം വിത്തുകൾ വന്നു. അവയ്‌ക്ക്‌ അധികം ആയുസ്സില്ല. ഒരു വർഷംമാത്രം മുളയ്‌ക്കും. പഴയവിത്തുകൾ പ്രകൃതി തന്നതാണ്‌. അത്‌ എത്രകാലം വേണമെങ്കിലും സൂക്ഷിക്കാൻ കഴിയും.

പണ്ടുകാലത്ത്‌ കലപ്പ ഉപയോഗിച്ചാണ്‌ ഉഴുതുമറിക്കൽ. മണ്ണിന്‌ ഏറ്റവും ആവശ്യമുള്ള മണ്ണിര ഉൾപ്പെടെയുള്ള ജൈവലോകത്തിന്‌ ഒരു പോറലുമേൽപ്പിക്കില്ല. ഇന്ന്‌ ടില്ലറാണ്‌. മണ്ണിരകളെല്ലാം ചത്തൊടുങ്ങുന്നു. വീട്ടിൽ വളർത്തുന്ന കന്നുകാലികളുടെ ചാണകവും പച്ചിലയുമൊക്കെയാണ്‌ അന്ന്‌ വളം. ഇപ്പോൾ രാസവളങ്ങളാണ്‌. അവ മണ്ണിന്റെ ഘടന മാറ്റി.  ജീവാണുക്കളെ നശിപ്പിച്ചു.

കർഷകന്‌ ശമ്പളം കൊടുക്കണം

കൃഷി ചെയ്‌തിട്ട്‌ എന്ത്‌ പ്രയോജനമെന്നാണ്‌ ഇപ്പോൾ ആളുകൾ ചോദിക്കുന്നത്‌. ഇപ്പോൾ 60–-70 വയസ്സുള്ളവരുടെ കാലം കഴിഞ്ഞാൽ കൃഷി പൂർണമായും ഇല്ലാതാകും. അതിന്‌ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. യുവാക്കളെ കൃഷിയിലേക്ക്‌ ആകർഷിക്കാൻ പദ്ധതി വേണം. കർഷകന്‌ ശമ്പളം കൊടുക്കണം. കർഷകരുടെ മക്കൾക്ക്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്വോട്ട അനുവദിക്കണം. മക്കൾക്ക്‌ വിദ്യാഭ്യാസ ആനുകൂല്യം, വിവാഹ ധനസഹായം എന്നിവ നൽകണം. കുടുംബത്തെ ഇൻഷുർ ചെയ്യണം. അവരെ കാണുമ്പോൾ എഴുന്നേറ്റ്‌ ബഹുമാനിക്കണം. ‘ഒരു കൈയിലറിവിന്റെ പുസ്‌തകമേന്തണം, മറുകൈയിലേന്തണം പണിയായുധം’ എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം –-രാമൻ പറഞ്ഞുനിർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top