22 September Friday

മതദേശീയതയുടെ ദൃശ്യഭാവനകൾ- ഹിംസാത്മകതയുടെ പുനർ നിർമ്മിതികളെക്കുറിച്ച് ചന്ദ്രൻ ടി വി എഴുതുന്നു

ചന്ദ്രൻ ടി വിUpdated: Monday May 22, 2023

പാർലമെന്റിന്‌ മുകളിൽ സ്ഥാപിച്ച പുതിയ രൂപത്തിലുള്ള അശോകസ്‌തംഭം

ചന്ദ്രൻ ടി വി

ചന്ദ്രൻ ടി വി

അമൂർത്തവും അലങ്കാരപ്രധാനവുമായ ശൈലീവൽക്കരണമാണ് പഴയ അശോകസ്തംഭത്തിലുള്ളത്. അതിന്റെ സൗന്ദര്യലോകത്തോട് പൂർണമായും പുറംതിരിഞ്ഞുനിൽക്കുന്നതാണ് പുതിയ ഭാഷ്യം. മജ്ജയും മാംസവുമുള്ള, തിന്നുകൊഴുത്ത് പേശീബലം കാണിക്കുന്ന, അക്രമാസക്തരായി വർധിതവീര്യത്തോടെ ഉയർന്നുനിൽക്കുന്നതാണ് പുതിയ ദേശീയമുദ്രയിലെ സിംഹങ്ങളിൽ വന്ന പ്രകടമായ ഭാവമാറ്റം.

പഴയ സങ്കല്പങ്ങളിൽനിന്ന് പലതും കൈയൊഴിഞ്ഞും കൂട്ടിച്ചേർത്തുമാണ് ഭൂതകാലം വർത്തമാന ജീവിതപരിസരത്ത് സജീവമാകുന്നത്. ഓരോ സംസ്‌കാരവും ഓരോ കാലഘട്ടത്തിൽ പുതുക്കിപ്പണിയുന്ന അതിന്റെ ആശയലോകത്തെ പ്രസരണം ചെയ്യുവാനുള്ള പല ഉപാധികളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭൂതകാല സങ്കല്പങ്ങൾ. ചരിത്രവും പുരാവൃത്തവും ദൈവസങ്കല്പവുമെല്ലാം അതിലുൾപ്പെടും. വസ്തുതകളെ അടിസ്ഥാനമാക്കി രചിക്കപ്പെടുന്ന ചരിത്രംപോലും ചരിത്രകാരന്റെ നിലപാടിലൂന്നിനിന്നുള്ള ആഖ്യാനമാണ് എന്നിരിക്കേ, ചരിത്രത്തിലുടനീളം ദൈവസങ്കല്പം പാറപോലെ ഉറച്ചുനിൽക്കുകയായിരുന്നു എന്ന് കരുതുന്നതുതന്നെ സാമാന്യയുക്തിയുമായി പൊരുത്തപ്പെടുന്നതല്ല.

ചരിത്രം പുനർവ്യാഖ്യാനം ചെയ്യപ്പെടുന്നതുപോലെ ദൈവസങ്കല്പവും മാറ്റിമറിക്കപ്പെടുന്നതിന്‌ കാലം സാക്ഷിയാകുന്നുണ്ട്. മാറിവരുന്ന ദൈവസങ്കല്പങ്ങളെയും അവയുടെ ബിംബകല്പനകളെയും അടയാളപ്പെടുത്തുന്നതിലൂടെയാണ് കലാചരിത്രവും മുന്നോട്ടുപോയിട്ടുള്ളത്, അതിനെ ആ രീതിയിൽ വിശദീകരിക്കുവാൻ കലാചരിത്രം ഏറെയൊന്നും ശ്രദ്ധവെക്കാറില്ലെങ്കിലും.

നീണ്ടുവളർന്ന മുടിയും മീശയും താടിയും ചേർന്ന് അലസപ്രകൃതമാർന്ന ഒരു രൂപമാണ് ക്രിസ്തുദേവനെക്കുറിച്ചുള്ള നമ്മുടെ ദൃശ്യബോധം. എന്നാൽ, ക്രിസ്തീയലോകത്ത് എല്ലാക്കാലത്തും ഈ രൂപത്തിലായിരുന്നില്ല ക്രിസ്തു പ്രത്യക്ഷപ്പെട്ടിരുന്നത്. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായി ആദ്യകാലങ്ങളിൽ ക്രിസ്തുവിനെ സങ്കല്പിച്ചിരുന്നില്ല. താടിയും മീശയുമില്ലാത്ത, ഒതുക്കിവച്ച തലമുടിയും മിനുമിനുത്ത മുഖവുമുള്ള യുവകോമളനായാണ് ക്രിസ്തു ആദ്യകാലങ്ങളിൽ ചിത്രീകരിക്കപ്പെട്ടത്. റോമാസാമ്രാജ്യത്തിലുടനീളം ചിത്രങ്ങളിലും ശില്പങ്ങളിലും അഞ്ചാം നൂറ്റാണ്ടുവരെ ക്രിസ്തുവിന്റെ പ്രത്യക്ഷം ഈ വിധം മാറ്റമില്ലാതെ തുടർന്നുപോന്നിരുന്നു. അതിനൊരു കാരണമുണ്ട്. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയവനായും നല്ല ആട്ടിടയനായും ക്രിസ്തുവിനെ സങ്കല്പിച്ച ആ കാലത്തിന്റെ കാഴ്ചയായിരുന്നു അത്. അത്ഭുതകൃത്യങ്ങൾ ചെയ്തുവരുന്ന ദിവ്യവ്യക്തി (miracle performer)എന്ന ക്രിസ്തുവിനെക്കുറിച്ചുള്ള ഈ സങ്കല്പം പിന്നീട് ശിക്ഷകനായ ദൈവത്തിലേക്ക് ചുവടുമാറുന്നുണ്ട്.

കുരിശുയുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ യുദ്ധോത്സുകരായ ക്രിസ്തീയ ലോകത്തിലാണ് തീപാറുന്ന കണ്ണുകളോടെ യേശു ക്ഷുഭിതനായി പ്രത്യക്ഷപ്പെടുന്നത്. മാത്രവുമല്ല, പാപികളനുഭവിക്കുന്ന നരകയാതനയുടെ നടുക്കുന്ന ദൃശ്യങ്ങളാണ് അക്കാലത്തെ പള്ളിച്ചുമരുകളിൽ ഏറെയും പ്രത്യക്ഷപ്പെട്ടത്. ശിക്ഷകനായ യേശു, രക്ഷകനും കരുണാനിധിയും പരിത്യാഗിയുമായി കടന്നുവരുന്നത് നവോത്ഥാനകാലത്താണ്. പീഡനങ്ങൾ സ്വയം ഏറ്റുവാങ്ങി, ലോകത്തിനുവേണ്ടി വെന്തുരുകിയ ദിവ്യാത്ഭുതമായി യേശുവിനെ കണ്ടെത്തുന്ന നവോത്ഥാന കാലമാണ് ക്രിസ്തുവിന്റെ ക്രൂശിതരൂപം മുന്നോട്ടുവച്ചത്. കുരിശിൽ തെളിയുന്നത് ക്രിസ്തു മാത്രമല്ല, ആത്മത്യാഗത്തിന്റെയും    സ്‌നേഹത്തിന്റെയും പ്രതീകം കൂടിയാണ്.

മതവും വിശ്വാസവും ഒന്നാകുമ്പോഴും അതിനുള്ളിൽ ദൈവം സങ്കല്പം മാറിമാറി വരുന്നുണ്ട് എന്ന് എളുപ്പം ബോധ്യമാകുന്ന ഒരുദാഹരണം എന്ന നിലയിലാണ് ഇതിവിടെ സൂചിപ്പിച്ചത്. എന്നാൽ മതബാഹ്യമായ പല കാരണങ്ങളാലാണ് ദൈവസങ്കല്പം പുനർനിർവചിക്കപ്പെടുന്നത് എന്ന വസ്തുതയാണ് അതിൽ ഏറെ ശ്രദ്ധേയമാകുന്നത്. ചരിത്രത്തിന്റെയും മതത്തിന്റെയും അർഥലോകത്തെ പുതിയ ബിംബകല്പനകളിലൂടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം എങ്ങനെയാണ് പുനരാവിഷ്‌കരിക്കുന്നത് എന്ന പ്രമേയമായിരിക്കും അത്തരമൊരന്വേഷണത്തെ രസകരമാക്കുന്ന ഒന്ന്. ആ ദിശയിൽ, ഇന്ത്യയുടെ സമീപകാല സന്ദർഭങ്ങളിൽനിന്ന് തുടങ്ങി അതിന്റെ ചില ചരിത്രവഴികളിലേക്ക് കടന്നുചെല്ലുവാനാണ് ഇവിടെ ശ്രമിക്കുന്നത്.

ദേശീയചിഹ്നത്തിലെ പുതിയ സിംഹഗർജനം

പുതിയ പാർലമെന്റ് മന്ദിരത്തിന്‌ മുകളിൽ അടുത്തിടെ പ്രതിഷ്ഠിച്ച പടുകൂറ്റൻ ദേശീയ ചിഹ്നം വിവാദമായ പശ്ചാത്തലത്തിൽനിന്ന്‌ തുടങ്ങാം. ബുദ്ധമത പ്രചരണാർഥം തന്റെ സാമ്രാജ്യത്തിലുടനീളം അശോകൻ ശിലാസ്തംഭങ്ങൾ സ്ഥാപിച്ചിരുന്നു. ആന, സിംഹം, കാള എന്നിങ്ങനെ വ്യത്യസ്തങ്ങളായ ശില്പരൂപങ്ങളാണ് ഒറ്റക്കല്ലിൽ പണിതീർത്ത ഓരോ അശോകസ്തംഭത്തിന്റേയും മുകൾഭാഗം അലങ്കരിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ സാരാനാഥിൽനിന്ന് കണ്ടെടുത്ത ശിലാസ്തംഭത്തിന്റെ മുകൾഭാഗദൃശ്യമാണ് ‘അശോകസ്തംഭം' എന്നറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയചിഹ്നം. പരസ്പരം പുറംതിരിഞ്ഞ് നാലുദിശകളിലേക്ക് ജാഗ്രതയോടെ നോക്കിനിൽക്കുന്ന സിംഹങ്ങളാണ് അതിലെ പ്രധാന ദൃശ്യബിംബം.

സാരാനാഥിലെ അശോകസ്‌തംഭം

സാരാനാഥിലെ അശോകസ്‌തംഭം

സിംഹം കുലചിഹ്നമാക്കിയ ശാക്യവംശത്തിൽ പിറന്ന ബുദ്ധനെ പലപ്പോഴും സിംഹമായും (ശാക്യമുനി) അദ്ദേഹത്തിന്റെ വാക്കുകളെ സിംഹഗർജനമായും (സിംഹഗോഷ) വിശേഷിപ്പിക്കാറുണ്ട്. ബൗദ്ധദർശനങ്ങളുടെ ഔന്നത്യത്തെയും വ്യാപനശേഷിയെയുമാണ് അതുവഴി അശോകസ്തംഭത്തിലെ സിംഹങ്ങൾ പ്രതീകവൽക്കരിക്കുന്നത്. ബുദ്ധൻ തന്റെ ദർശനം ആദ്യമായി നാലു ശിഷ്യന്മാർക്ക് പകർന്നുനൽകിയത് സാരനാഥിൽവച്ചായിരുന്നു. അതിലൂടെ ബുദ്ധധർമം പ്രവർത്തനക്ഷമമാക്കിയതിന്റെ അടയാളം എന്ന നിലയിലാണ് സിംഹരൂപങ്ങൾക്കുകീഴെ ‘ധർമ്മചക്രം' പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഇത്തരം അർഥധ്വനികൾ സ്വീകരിക്കുവാൻ അവ പ്രാപ്തമാകുന്നത് ദൃശ്യാവിഷ്‌കാരത്തിലെ ചില സവിശേഷതകളിലൂടെയാണ്.

കാട്ടിലെ രാജാവിന്റെ ശൗര്യവും ശക്തിയുമുൾക്കൊള്ളുന്ന അജയ്യതയിലാണ് ശില്പം അർഥം തേടുന്നതെങ്കിലും, സിംഹഗർജനത്തിന്റെ വന്യതയും ഘോരതയും യഥാവിധം അതിൽ മുഴങ്ങുന്നില്ല. യഥാതഥമായ സിംഹത്തിന്റെ തനിപ്പകർപ്പല്ല അത്. ശക്തിയും ശൗര്യവും ദ്യോതിപ്പിക്കുന്ന യഥാർഥ കാഴ്ചയേക്കാൾ സൗന്ദര്യമാർന്ന, കലയുടെ അസാധാരണ കാഴ്ചയാണ് സാരാനാഥ് സിംഹത്തിൽ തെളിയുന്നത്. ശാരീരിക സവിശേഷതകളെ ലളിതവൽക്കരിച്ചും, എന്നാൽ, സടയും രോമരാജികളും അലങ്കാരപ്രധാനവുമാക്കി പ്രത്യക്ഷപ്പെടുന്ന അവയുടെ നിൽപ്പും നിലയും രാജകീയ പ്രൗഢി വിളിച്ചോതുന്നുണ്ട്.

ബുദ്ധന്റെ വെളിച്ചത്തിൽ തെളിയുന്ന അശോകൻ, രണ്ടും അതിലുണ്ട്. എന്തായാലും, അശോകസ്തംഭത്തിലെ ദൃശ്യരൂപങ്ങളെ എല്ലാ വിശദാംശങ്ങളോടെയും അതേപടി പകർത്തുമ്പോഴും അവയിലടങ്ങിയ അർഥതലങ്ങൾ ദേശീയചിഹ്നത്തിൽ മാറാതെ നിൽക്കുന്നില്ല. രാജ്യം അഭിമാനംകൊള്ളുന്ന ഒരു ഗതകാല പ്രൗഢിയുടെ ചരിത്രസ്മരണ എന്ന നിലയിലാണത് ദേശീയ ചിഹ്നമായി സ്ഥാനം മാറുന്നത്.

സമാധാനത്തിന്റെയും സൗമനസ്യത്തിന്റെയും ആശയലോകം പുനർനിർവചിച്ച ഒരു കാലത്തിന്റെയും സംസ്‌കാരത്തിന്റെയും സ്മരണ. മതത്തിനും ചരിത്രത്തിനുമപ്പുറം വ്യാപനശേഷിയുള്ള, എന്നും അഭികാമ്യമായി നോക്കിക്കാണുന്ന ഒരു സമഭാവനയുടെ ലോകമാണ് ആ മുദ്രയിൽ പതിഞ്ഞുകിടക്കുന്നത്. (ദേശീയ ചിഹ്നത്തെക്കുറിച്ചുള്ള തന്റെ വിശദീകരണത്തിൽ നെഹ്‌റു അത് വിശദമാക്കുന്നുണ്ട്: Address to the Constituent Assembly, 22 July 1947)  ഒപ്പം മതേതര ഭാരതം എന്ന വിശാല സങ്കല്പവും അതിൽ ചേർന്നുകിടപ്പുണ്ട്. എന്നാൽ ആറര മീറ്റർ ഉയരവും പതിനായിരം കിലോഗ്രാം തൂക്കവുമുള്ള അതിഗംഭീരമായ ദേശീയചിഹ്നത്തിന്റെ പുതിയ വെങ്കലമാതൃകയിൽനിന്ന് ഈ അർഥഗാംഭീര്യങ്ങളെല്ലാം പൊടുന്നനെ അപ്രത്യക്ഷമാകുന്നത് കാണാം. അതൊരു യാദൃച്ഛികതയല്ല എന്നതാണ് നമ്മെ അസ്വസ്ഥമാക്കുന്ന യാഥാർഥ്യം. സാരാനാഥിലെ യഥാർഥ സ്തംഭത്തിൽനിന്നും ഒട്ടും വ്യതിചലിച്ചിട്ടില്ല, സൂക്ഷ്മവിശദാംശങ്ങൾപോലും അതീവ ശ്രദ്ധയോടെ പകർത്തുകയാണുണ്ടായത് എന്നൊക്കെയാണ് ശില്പികൾ അവകാശപ്പെട്ടത്.

വലുതായി നിർമിച്ച് ഏറെ ഉയരത്തിൽ പ്രതിഷ്ഠിച്ചതിലൂടെ വന്നുചേർന്ന അപ്രതീക്ഷിതമായ അഭംഗിയാണ് വിവാദങ്ങൾക്കിടയാക്കിയത് എന്നും അവർ കൂട്ടിച്ചേർക്കുകയുണ്ടായി. എന്നാൽ, യാഥാർഥ്യം മറ്റൊന്നാണ്. എല്ലാ ദൃശ്യാംശങ്ങളിൽനിന്നും പരമാവധി വ്യതിചലിക്കുവാനാണ് ഏറെ ശ്രദ്ധവച്ചതെന്ന് ദൃഷ്ടിദോഷമില്ലാത്ത ആർക്കും എളുപ്പം ബോധ്യമാകും. അമൂർത്തവും അലങ്കാരപ്രധാനവുമായ ശൈലീവൽക്കരണമാണ് പഴയ അശോകസ്തംഭത്തിലുള്ളത്.

അതിന്റെ സൗന്ദര്യലോകത്തോട് പൂർണമായും പുറംതിരിഞ്ഞുനിൽക്കുന്നതാണ് പുതിയ ഭാഷ്യം. മജ്ജയും മാംസവുമുള്ള, തിന്നുകൊഴുത്ത് പേശീബലം കാണിക്കുന്ന, അക്രമാസക്തരായി വർധിതവീര്യത്തോടെ ഉയർന്നുനിൽക്കുന്നതാണ് പുതിയ ദേശീയമുദ്രയിലെ സിംഹങ്ങളിൽ വന്ന പ്രകടമായ ഭാവമാറ്റം. അത് അവിചാരിതമായി വന്നുപോയതല്ല, അങ്ങനെ കരുതാനാണ്‌ പലർക്കും താല്പര്യമെങ്കിലും. അതേസമയം മറ്റൊരു വസ്തുത കൂടിയുണ്ട്. ആ ഭാവമാറ്റം യഥാവിധം തിരിച്ചറിയുകയും അതിനെ സാധൂകരിക്കുകയും ചെയ്യുന്ന പ്രവണതയും പ്രബലമാണ്. അതാണ് പ്രശ്‌നത്തെ കൂടുതൽ ഗൗരവമാക്കുന്നത്.

പ്രസിദ്ധ ഹിന്ദി ചലച്ചിത്രതാരം അനുപം ഖേറിന്റെ വാക്കുകൾ ശ്രദ്ധിക്കുക ‘‘സിംഹത്തിന് പല്ലുണ്ടെങ്കിൽ തീർച്ചയായും അത് പുറത്തുകാണിക്കും. സ്വതന്ത്ര ഇന്ത്യയുടെ സിംഹമാണിത്. ആവശ്യമെങ്കിൽ അത് കടിക്കുകയും ചെയ്യും

''. കാശ്മീർ ഫയൽസ് എന്ന ചിത്രത്തിലൂടെ ഈയിടെ പ്രശസ്തനായ അതിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ ഫേസ്ബുക്ക് പ്രതികരണം ഇങ്ങനെ: ‘‘പുതിയ ദേശീയചിഹ്നം ഒരു കാര്യം തെളിയിച്ചു. അതായത്, അർബൻ നക്‌സലുകൾക്ക് വേണ്ടിയിരുന്നത് പല്ലുകൊഴിഞ്ഞ് നിശ്ശബ്ദനായ ഒരു സിംഹമായിരുന്നുവെന്ന്. അങ്ങനെയെങ്കിൽ അവർക്കതിനെ ഒരു വളർത്തുമൃഗമായി ഉപയോഗിക്കാം''

''. കാശ്മീർ ഫയൽസ് എന്ന ചിത്രത്തിലൂടെ ഈയിടെ പ്രശസ്തനായ അതിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ ഫേസ്ബുക്ക് പ്രതികരണം ഇങ്ങനെ: ‘‘പുതിയ ദേശീയചിഹ്നം ഒരു കാര്യം തെളിയിച്ചു. അതായത്, അർബൻ നക്‌സലുകൾക്ക് വേണ്ടിയിരുന്നത് പല്ലുകൊഴിഞ്ഞ് നിശ്ശബ്ദനായ ഒരു സിംഹമായിരുന്നുവെന്ന്. അങ്ങനെയെങ്കിൽ അവർക്കതിനെ ഒരു വളർത്തുമൃഗമായി ഉപയോഗിക്കാം''. ഹിംസാത്മകതയെ ആശ്ലേഷിക്കുന്ന മനസ്സ് പുതിയ ദേശീയചിഹ്നം നോക്കി ആത്മപുളകം കൊള്ളുന്ന കാഴ്ചയാണിത്.

ശില്പിയുടെ നോട്ടപ്പിശകോ വീക്ഷണകോണിൽ സ്വാഭാവികമായി വന്നുചേർന്ന ഒഴിവാക്കാനാകാത്ത വക്രതയോ  (distortion)  ആയിരുന്നു യഥാർഥ കാരണമെങ്കിൽ അതിനെ ഈ വിധം വിശേഷിപ്പിക്കേണ്ടതില്ലല്ലോ. മറ്റൊന്നുകൂടിയുണ്ട്; ശില്പിയുടെ നോട്ടപ്പിശകിൽ നിന്നുണ്ടായ രൂപവ്യതിയാനത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിയുടെ ചുമലിൽ കെട്ടിവയ്േക്കണ്ടതില്ലായിരുന്നു എന്നാണ് ഒരു ബിജെപി വക്താവിന്റെ പ്രതികരണം. അത് ശരിയാണെന്ന് തോന്നാം. പക്ഷേ, അതേക്കുറിച്ച് വിവാദങ്ങൾ ഉയർന്നപ്പോഴും അദ്ദേഹം സദാസമയം മൗനം പാലിക്കുകയായിരുന്നു എന്നത് ശ്രദ്ധേയമാണ്. മൗനം അതിനു ലഭിക്കുന്ന ഉള്ളാലെയുള്ള അംഗീകാരമാണ്. മുകളിൽ ഉദ്ധരിച്ച വാക്കുകൾ അതിന്റെ മാറ്റൊലികളായിരുന്നു. ‘സ്വതന്ത്ര ഇന്ത്യയുടെ പുതിയ സിംഹങ്ങൾ'ക്കും അവയുടെ കാഴ്ചാനുഭവത്തിനും ഒരേ മട്ടും ഭാവവും.

യഥാർഥത്തിൽ,

അക്രമണോത്സുകതയുടെ മട്ടും ഭാവവും പുതിയ ദേശീയ ചിഹ്നത്തിൽ മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. കഴിഞ്ഞ മൂന്നു ദശകങ്ങളിലേറെയായി നമ്മുടെ ദൃശ്യസംസ്‌കാരത്തിൽ മാറിവരുന്ന ഭാവുകത്വത്തെ അത് നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട്. അതിനെ അടയാളപ്പെടുത്തുന്ന നല്ലൊരുദാഹരണമായി ചാണക്യൻ എന്ന ടെലിവിഷൻ പരമ്പരയെക്കുറിച്ച് റൊമിലാ ഥാപ്പർ സൂചിപ്പിക്കുന്നുണ്ട്.

അക്രമണോത്സുകതയുടെ മട്ടും ഭാവവും പുതിയ ദേശീയ ചിഹ്നത്തിൽ മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. കഴിഞ്ഞ മൂന്നു ദശകങ്ങളിലേറെയായി നമ്മുടെ ദൃശ്യസംസ്‌കാരത്തിൽ മാറിവരുന്ന ഭാവുകത്വത്തെ അത് നന്നായി പ്രതിഫലിപ്പിക്കുന്നുണ്ട്. അതിനെ അടയാളപ്പെടുത്തുന്ന നല്ലൊരുദാഹരണമായി ചാണക്യൻ എന്ന ടെലിവിഷൻ പരമ്പരയെക്കുറിച്ച് റൊമിലാ ഥാപ്പർ സൂചിപ്പിക്കുന്നുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ദൂരദർശനിൽ ചാണക്യൻ സംപ്രേഷണം ചെയ്യപ്പെടുന്നത്.

മൗര്യ സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ് കഥയുടെ ചുരുളഴിയുന്നത്. ചന്ദ്രഗുപ്തനുകീഴിൽ വളർന്നുവന്ന ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യമായിരുന്നല്ലോ മൗര്യസാമ്രാജ്യം. എന്നാൽ, ‘ഏറെക്കുറെ ഇന്ത്യാ ഉപഭൂഖണ്ഡം മുഴുവനുമായി വ്യാപിച്ചുകിടക്കുന്ന വിധത്തിൽ സാമ്രാജ്യത്തെ വികസിപ്പിച്ചത് അശോകചക്രവർത്തിയായിരുന്നു (269‐232 ബിസി). മാത്രവുമല്ല, അഹിംസയിലടിയുറച്ച ബുദ്ധമത പ്രചാരണത്തിനായി തന്റെ സാമ്രാജ്യത്തിലുടനീളം സ്ഥാപിച്ച, ഇന്നും നിലനിൽക്കുന്ന, ശിലാസ്തംഭങ്ങളിലൂടെയും ശിലാഫലകങ്ങളിലൂടെയും അശോകൻ ഒരു ചരിത്രനായകനായി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നുണ്ട്.

എങ്കിലും ദൂരദർശൻ പരമ്പര ഊന്നൽ നൽകിയത് ചരിത്രഗതി തിരിച്ചുവിട്ട മഹാനായ അശോകനിലല്ല, ചന്ദ്രഗുപ്തന്റെയും ബിംബിസാരന്റെയും ഉപദേശിയായ ചാണക്യനിലാണ്''. വെറും നിഷ്‌കളങ്കമല്ല ഈ മാറ്റം, നിഷ്‌കളങ്കമായി ഒന്നുമില്ല.

‘‘നിഷ്‌കളങ്കത'' ഭാഷയിലെ കെട്ടുകഥയല്ലാതെ മറ്റൊന്നുമല്ല. മാറ്റം, യഥാർഥത്തിൽ ഇവിടെ മറ്റൊന്നാണ്. ബൗദ്ധധർമത്തിനും അഹിംസയ്ക്കുംവേണ്ടി നിലകൊണ്ട അശോകനിൽ നിന്ന് ഭരണകാര്യത്തിനായി കുടിലതന്ത്രങ്ങൾ ഉപദേശിക്കുന്ന കൗടില്യനിലേക്ക് (ചാണക്യൻ), ബൗദ്ധനിൽനിന്ന് ബ്രാഹ്മണനിലേക്ക് ചരിത്രത്തിന്റെ ശ്രദ്ധാകേന്ദ്രം നമുക്കുമുന്നിൽ മാറിവരുന്നത് ശ്രദ്ധിക്കുക.

അതിന് സവിശേഷ കാരണങ്ങളുണ്ട്. അതിന്റെ പ്രത്യയശാസ്ത്ര വിവക്ഷകളെ സൂചിപ്പിച്ചുകൊണ്ട് ഥാപ്പർ ഇങ്ങനെ തുടരുന്നു: ‘‘ചരിത്രത്തിൽനിന്ന് ചില ഘടകങ്ങളും അവയുടെ പ്രതീകാർഥങ്ങളും സ്വീകരിക്കുകയും മറ്റുള്ളവ തിരസ്‌കരിക്കുകയും ചെയ്യുന്നതിലൂടെ പുതിയൊരു ദേശീയസംസ്‌കാരം നിർവചിക്കപ്പെടുകയാണ്. പുതിയ ദേശീയതാവാദത്തിന്‌ അതനിവാര്യമാണ്''. അതിന്റെ അന്തർഹിതങ്ങളെ അറിഞ്ഞോ അറിയാതെയോ സംതൃപ്തമാക്കാനുള്ള ഉൾപ്രേരണയാണ് ചാണക്യൻ എന്ന ചരിത്രപരമ്പരയിലുള്ളത്.

ആ ആശയധാരക്കൊപ്പം ചേർന്നുനിൽക്കുന്നതാണ് ദേശീയ ചിഹ്നത്തിന്റെ പുതിയ പ്രത്യക്ഷം എന്നുകാണാൻ ഇപ്പോൾ ബുദ്ധിമുട്ടുണ്ടാകില്ല. ബുദ്ധന്റെയും അശോകന്റെയും ചരിത്രധ്വനികളുള്ള, അഹിംസയുടെ പ്രതീകബന്ധമുള്ള അതിന്റെ ചരിത്രമാനങ്ങളിൽനിന്നും പൊടുന്നനെ സടകുടഞ്ഞെഴുന്നേൽക്കുന്നതാണ് പുതിയ ദേശീയ (ചിഹ്ന) സിംഹങ്ങൾ എന്ന് കൂടുതൽ ബോധ്യമാകാൻ അതിന്റെ പ്രതിഷ്ഠാപന ചടങ്ങ് അരങ്ങേറിയത് എങ്ങനെയാണെന്ന് നോക്കിയാൽ മതിയാകും. 2022 ജൂലൈ 11 ന് നിർവഹിച്ച പ്രതിഷ്ഠാപനം വിപുലമായ ഹൈന്ദവ അനുഷ്ഠാനങ്ങളിലൂടെയുമാണ് ആഘോഷിക്കപ്പെട്ടത്. മതേതര ഇന്ത്യ മതാത്മക മൂല്യങ്ങളിൽ ചുവടുറപ്പിക്കുന്നതിന്റെ ഒരു നേർക്കാഴ്ച കൂടിയാണത്.

അതിന്റെ നടുക്കുന്ന മറ്റൊരു ഖണ്ഡമാണ് സന്യാസികളുടെ ഭാവമാറ്റം. സമൂഹം ജീവിതയോഗ്യമല്ലെന്ന് കണ്ട് എല്ലാം പരിത്യജിച്ച് സമൂഹത്തിനുവെളിയിൽ (കാട്ടിൽ) കഴിഞ്ഞ ഋഷിമാരുടെ ആർഷഭാരതത്തെ ഓർക്കുക. ആ സങ്കല്പങ്ങൾക്ക്‌ വിരുദ്ധമായി, വാളും ഗദയും കൈയിലേന്തി അട്ടഹസിച്ച് അക്രമണോത്സുകരായാണ് സന്യാസികളും സാധുക്കളും നമുക്കു മുന്നിൽ ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. അവരുടെ ലൗകികവിരക്തി അതിമോഹങ്ങൾക്കും, അഹിംസ ഹിംസാത്മകതയ്ക്കും, ശാന്തി അശാന്തിക്കും വഴിമാറുന്നു. ചരിത്രത്തിൽ ചിലപ്പോഴൊക്കെ ഇങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിലും, കഴിഞ്ഞ കുറച്ചു ദശകങ്ങളായി നിരന്തരം കണ്ടുവരുന്ന അവരുടെ ഭാവമാറ്റവും നിഷ്‌കളങ്കമല്ല.

ദേശത്തെയും ദേശീയതയെയും സങ്കല്പിക്കുന്നതിൽ വന്നുചേർന്ന കാതലായ മാറ്റങ്ങളെയാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. അവയിൽ ഒടുവിലുള്ള ഒരുദാഹരണം മാത്രമാണ് പുതിയ ദേശീയ ചിഹ്നത്തിലെ ‘സിംഹഭാഗം'.
ദേശീയോദ്ഗ്രഥനത്തിന്റെ സങ്കല്പങ്ങൾ പ്രകാശിപ്പിക്കുന്ന കലണ്ടർചിത്രങ്ങളിലെ ആശയലോകവുമായി ഈ സിംഹഭാഗത്തിന് നല്ല ഒത്തിണക്കമുണ്ട്. 1960കളിലും എഴുപതുകളിലും പ്രചാരത്തിലുണ്ടായ അത്തരം ചിത്രങ്ങളിൽ പലപ്പോഴും ആവർത്തിക്കപ്പെട്ട ഒന്ന് സിംഹാരൂഢയായ ദുർഗ, ഭാരതാംബയായി പ്രത്യക്ഷപ്പെടുന്നതാണ്. പരിപോഷണത്തിന്റെ മാതൃകയായി ഭാരതത്തെ സങ്കല്പിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ ഗോമാതാവിന്റെ പ്രതീകത്തിൽനിന്ന് യുദ്ധദേവതയായി പരിണമിക്കുന്ന പുതിയ ഭാരതാംബയുടെ സിംഹഗർജനമാണ് പുതിയ ദേശീയചിഹ്നത്തിൽ മാറ്റൊലി കൊള്ളുന്നത്.

‘വിശുദ്ധപശു': ദേശവും ഭാവനയും

ഗോസംരക്ഷണ വാദവും അതേത്തുടർന്നുള്ള ആൾക്കൂട്ട കൊലപാതകങ്ങളും അടുത്തിടെ ഇന്ത്യയിലെ രാഷ്ട്രീയസാമൂഹ്യ ജീവിതം പിടിച്ചുകുലുക്കുകയുണ്ടായല്ലോ. 2010നും 2017നുമിടയിൽ രാജ്യത്തിന്റെ പലയിടങ്ങളിൽ അത്തരം 67 ആക്രമണ പരമ്പരകൾ അരങ്ങേറുകയുണ്ടായി (ഇന്ത്യാസ്‌പെൻഡ്: ഡാറ്റാ ജേർണലിസം ഇനീഷ്യേറ്റീവ്, മുംബൈ). ഹിന്ദുത്വശക്തികൾ ഭരണസാരഥ്യം ഏറ്റെടുത്തതിനുശേഷമാണ് അത്തരം സംഘർഷങ്ങൾ അനുദിനം പെരുകിവന്നത് എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. എങ്കിലും പശുവിന്റെ വിശുദ്ധിയെ ചൊല്ലിയുള്ള തർക്കങ്ങളും സംഘർഷങ്ങളും ഏറ്റവും കലുഷിതമായിരിക്കുന്ന ചരിത്രസന്ദർഭമല്ലയിത്.

യജ്ഞങ്ങൾക്കും ശ്രാദ്ധങ്ങൾക്കും ഭക്ഷണങ്ങൾക്കും മറ്റുമായി ഋഷിമാരും സന്യാസികളും ബ്രാഹ്മണരും ഗോവധം നടത്തിയിരുന്നതിന് വേദകാലം മുതൽ നിരവധി തെളിവുകളുണ്ട്. എന്നാൽ, മൃഗങ്ങളെ ബലിയർപ്പിക്കുന്ന ‘പുണ്യകർമ'ത്തിന്റെ നിരർഥകതയെക്കുറിച്ച് പിന്നീട് ചിന്തിക്കുന്നുണ്ട്. അതിന്റെ പ്രതിഫലനങ്ങൾ ഉപനിഷത്തുകളിൽ തെളിയുന്നുണ്ട്. അഹിംസാവാദത്തിലേക്ക്‌ വളർന്നുവരുന്ന ആ ആശയലോകമാണ് പിന്നീട് ജൈനബുദ്ധമതങ്ങളുടെ അടിത്തറയായി മാറിയത്. ഗോവധത്തെയും, മൃഗബലിയെ പൊതുവായും അപലപിച്ച് അഹിംസയിലൂന്നി നിന്ന ബുദ്ധമതത്തെ ഇന്ത്യ പെട്ടെന്ന് ആശ്ലേഷിച്ചപ്പോൾ, തങ്ങളുടെ അധികാരവും ഔന്നത്യവും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മാംസഭോജികളായ ബ്രാഹ്മണർ, തങ്ങളെ സസ്യഭോജികളായി സ്വയം പരിവർത്തിപ്പിച്ചത്. നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഈ പരിണാമഘട്ടത്തെക്കുറിച്ച്

റൊമിലാ ഥാപ്പർ

റൊമിലാ ഥാപ്പർ

റൊമിലാ ഥാപ്പറും അംബേദ്കറും ദീർഘമായി വിശദീകരിക്കുന്നുണ്ട്.

ബ്രാഹ്മണവധം അഥവാ ‘ബ്രഹ്മഹത്യ' ആയിരുന്നു തുടക്കത്തിൽ ഏറ്റവും വലിയ കുറ്റകൃത്യമായി ശിക്ഷാവിധികളിൽ കണ്ടിരുന്നത്. പിന്നീട്, ഗോവധവും തുല്യ അളവിലുള്ള ‘മഹാപാതക'മായി കണക്കാക്കപ്പെടുന്നുണ്ട്. ബ്രാഹ്മണമതത്തിന്റെ രക്ഷാധികാരികളായി നിലകൊണ്ട ഗുപ്തരാജാക്കന്മാർ ഇതു സംബന്ധിച്ച ശാസനങ്ങൾ പുറപ്പെടുവിക്കുന്നുണ്ട് (Copper Plate: 465 AD, Skandagupta Inscription: 412 AD, Railing of Sanchi Stupa, Chandragupta II). ഭക്ഷണത്തിന്റെ ഇഷ്ടാനിഷ്ടങ്ങളിൽ നിന്നല്ല, മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അധികാര പരിസരത്തുനിന്നാണ് മാംസാഹാരം സസ്യാഹാരത്തിലേക്കും സസ്യാഹാരം പരിശുദ്ധിയുടെ പ്രതീകത്തിലേക്കും സഞ്ചരിച്ചത് എന്നാണ് ഈ ചരിത്രപശ്ചാത്തലം നമ്മെ ബോധ്യപ്പെടുത്തുന്നത്.

ഗുപ്തകാലഘട്ടത്തോടെ പുനരുദ്ധരിക്കപ്പെടുന്ന ബ്രാഹ്മണമതത്തിന്റെ (Neo-brahmanism)  തുടർന്നുള്ള നാൾവഴികളിലാണ് പശുവിൽ വിശുദ്ധിയുടെയും പശുമാംസത്തിൽ അശുദ്ധിയുടെയും അർഥതലങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയത്. അപ്പോഴും ബ്രാഹ്മണേതര ജാതികൾ ഗോമാംസം കഴിക്കാറുണ്ടെങ്കിലും, ചത്തതിനെയല്ലാതെ പശുവിനെ കൊന്നുതിന്നുന്ന പതിവില്ലാതിരുന്നതിനാൽ അതാരെയും അലോസരപ്പെടുത്തിയില്ല. നൂറ്റാണ്ടുകളായി ആ അവസ്ഥ തുടർന്നുവന്നു. പതിമൂന്നാം നൂറ്റാണ്ടോടുകൂടി തുടങ്ങുന്ന മുസ്ലിം ആധിപത്യം ഗോസംരക്ഷണവും ഗോവധവും തമ്മിലുള്ള സംഘർഷങ്ങൾക്ക്‌ വേദിയാവുകയുണ്ടായി.

കീഴ്‌പ്പെടുത്തിയതിന്റെയും കീഴ്‌പ്പെട്ടതിന്റെയും ആനന്ദവും ആത്മരോഷവും അവയിൽ മറഞ്ഞുനിന്ന പ്രചോദനമായിരുന്നു. എന്തായാലും, ഭരണതന്ത്രജ്ഞതയുടെ ഭാഗമായി മുസ്ലിം രാജാക്കന്മാർ നിയമം വഴി ഗോവധം ഒരുപരിധിവരെ നിയന്ത്രിക്കുവാൻ ശ്രമിച്ചിരുന്നു. എന്നാൽ, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ എല്ലാ നിയമങ്ങളുടെയും, നിയന്ത്രണങ്ങളുടെയും കെട്ടഴിഞ്ഞുപോവുകയുണ്ടായി. ഇതേ കാലയളവിൽ ഇന്ത്യയിൽ ഉദയം ചെയ്ത ജനപ്രിയ ദൃശ്യസംസ്‌കാരത്തിലെ ചില ഏടുകൾ ആ പ്രക്ഷുബ്ധതയ്ക്ക് ആക്കം കൂട്ടുകയുണ്ടായി.

മുസ്ലിം ആധിപത്യത്തിന്റെ അന്ത്യത്തോടെ ഗോവധത്തിൽ കുറവു വന്നതായാണ് പൊതുവെ വിലയിരുത്തപ്പെടുന്നതെങ്കിലും, ബ്രിട്ടീഷാധിപത്യം ശക്തിപ്രാപിക്കുന്നതോടെ വീണ്ടും ഗോവധം കൂടി വരുന്നുണ്ട്. ഗോമാംസം നിത്യാഹാരമായി സ്വീകരിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെയും പട്ടാളക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തങ്ങളുടെ ഭരണനിയന്ത്രണങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ബ്രിട്ടീഷുകാർ അറവുശാലകൾ തുറന്നിരുന്നു. സിഖുമതത്തിലെ ശുദ്ധീകരണ വാദികളായ കൂകാസ് (Namdhari Sikhs) അതിനെതിരെ തിരിയുകയുണ്ടായി. 1872ൽ അവർ അമൃത്‌സറിലെ അത്തരം അറവുശാലകൾ ആക്രമിച്ച് മുസ്ലിങ്ങളായ അറവുകാരെ വധിക്കുകയുണ്ടായി.

അതിനുത്തരവാദികളായ സിഖുകാരെ (Kukas) വെടിവച്ചും തൂക്കിലേറ്റിയും കൊല്ലുകയുണ്ടായി. തുടർന്ന് ഗോവധ വിരുദ്ധ പ്രചാരണങ്ങൾ ഇന്ത്യയിൽ പല ഭാഗങ്ങളിലും സന്യാസിമാരുടെ നേതൃത്വത്തിൽ രൂപംകൊള്ളുകയുണ്ടായി. ഈയൊരു സന്ദർഭത്തിലാണ് ദയാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ ആര്യസമാജം ഗോസംരക്ഷണ പ്രസ്ഥാനത്തിൽ സജീവമാകുന്നത്. പശുവിന്റെ വിശുദ്ധിയും കാർഷിക സമ്പദ് വ്യവസ്ഥയിൽ പശുവിനും കാളയ്ക്കുമുള്ള പ്രാധാന്യവും വിശദമാക്കുന്ന ഗോകരുണാനിധി എന്ന പുസ്തകം 1880ൽ പ്രസിദ്ധീകരിച്ച ദയാനന്ദ സരസ്വതി, ‘ഗോസംരക്ഷിണി സഭ'യ്ക്ക് രൂപം നൽകുന്നുണ്ട്. ചന്തയിലേക്കും അറവുശാലയിലേക്കും കൊണ്ടുപോകുന്ന പശുക്കളെ കണ്ടെത്തി അവയ്ക്ക് സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച പ്രസ്തുത സഭ ഉത്തരേന്ത്യയിൽ എല്ലായിടത്തും വ്യാപിച്ചിരുന്നു, വിശേഷിച്ചും ഗോവധ നിരോധ പ്രക്ഷോഭങ്ങൾ ഉയർന്നുവന്ന പഞ്ചാബിലും ഉത്തർപ്രദേശിലും ബീഹാറിലും.

1880കളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ആയിരുന്നു ഗോവധ വിരുദ്ധ പ്രക്ഷോഭങ്ങൾ ഉത്തരേന്ത്യയെ ഏറ്റവും കൂടുതൽ പിടിച്ചുകുലുക്കിയത്. അച്ചടിച്ചിത്രങ്ങളും ലഘുലേഖകളുമായിരുന്നു അവയുടെ ആശയപ്രചാരണങ്ങൾക്കായി ഏറെയും ഉപയോഗിക്കപ്പെട്ടത്. അച്ചടിശാലകളിൽനിന്ന് തീവണ്ടിമാർഗം രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കായി ടൺകണക്കിന് ചിത്രങ്ങളാണ് കയറ്റി അയച്ചിരുന്നത്.

1880കളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ആയിരുന്നു ഗോവധ വിരുദ്ധ പ്രക്ഷോഭങ്ങൾ ഉത്തരേന്ത്യയെ ഏറ്റവും കൂടുതൽ പിടിച്ചുകുലുക്കിയത്. അച്ചടിച്ചിത്രങ്ങളും ലഘുലേഖകളുമായിരുന്നു അവയുടെ ആശയപ്രചാരണങ്ങൾക്കായി ഏറെയും ഉപയോഗിക്കപ്പെട്ടത്. അച്ചടിശാലകളിൽനിന്ന് തീവണ്ടിമാർഗം രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കായി ടൺകണക്കിന് ചിത്രങ്ങളാണ് കയറ്റി അയച്ചിരുന്നത്. പശുവിന്റെ ചിത്രമുള്ള ഒരു പോസ്റ്ററായിരുന്നു അവയിൽ ഏറ്റവും കൂടുതൽ വിതരണം ചെയ്യപ്പെട്ടത്. പക്ഷേ, അതൊരു സാധാരണ പശുവല്ല. ചിത്രീകരണത്തിന്റെ സവിശേഷതകൊണ്ട് അസാധാരണ സ്വഭാവമുള്ള ആ പശുവാണ് കലാപങ്ങൾക്ക് പലപ്പോഴും കാരണമായത് എന്നാണ് ചരിത്രവസ്തുത.

എന്തെങ്കിലും തിന്നുകയോ കുടിക്കുകയോ ചെയ്യുന്ന, അലസമായി എവിടേക്കെങ്കിലും നോക്കി നിൽക്കുന്ന സാധാരണ കാഴ്ചയല്ല ആ പശുവിൽ കാണുന്നത്. മൃഗാവസ്ഥയെ അതിവർത്തിക്കുന്ന ഒരു ദിവ്യരൂപം എന്ന നിലയിലാണത് സവിശേഷമായിരിക്കുന്നത്. ഹൈന്ദവ ദേവതകളും ഋഷിമാരും സ്ഥാനം പിടിച്ച അതിന്റെ ശരീരം സ്വയമത് വ്യക്തമാക്കുന്നുണ്ട്. അകിടിൽനിന്ന് കറന്നെടുത്ത പാൽ പലരും പങ്കുപറ്റുന്നതും കാണാം. പാഴ്‌സിയും സിഖും ഹിന്ദുവും ക്രിസ്ത്യാനിയും വിദേശിയും മുസൽമാനും ആ കൂട്ടത്തിലുണ്ട്.

പശുവിനെ വിശുദ്ധമൃഗമായി ചിത്രീകരിച്ച്‌ ഇന്ത്യയിൽ പ്രചരിച്ച ഒരു ആദ്യകാല പോസ്‌റ്റർ

പശുവിനെ വിശുദ്ധമൃഗമായി ചിത്രീകരിച്ച്‌ ഇന്ത്യയിൽ പ്രചരിച്ച ഒരു ആദ്യകാല പോസ്‌റ്റർ

വാളുയർത്തിപ്പിടിച്ച വലിയൊരു ബീഭത്സരൂപം വലതു ഭാഗത്തുണ്ട്. പശുവിനെ വധിക്കാൻ പാഞ്ഞടുക്കുന്ന ആ ഭീകര സത്വത്തിന് ‘കലിയുഗ്' എന്ന് നാമകരണം ചെയ്തിട്ടുണ്ട്. നിരായുധനായി കൈയുയർത്തി നിൽക്കുന്ന മഞ്ഞ വസ്ത്രമണിഞ്ഞ 'ധർമ്മരാജ്', ഭീകരസത്വത്തിന്റെ അക്രമണോത്സുകതയെ പ്രതിരോധിക്കുവാനുള്ള ശ്രമത്തിലാണ്. നന്മതിന്മകളുടെ വിപരീത ദ്വന്ദ്വങ്ങളിലൂടെ കൂടുതൽ അർഥവിവക്ഷകൾ ഉൾക്കൊള്ളുന്നതാണ് ഈ രണ്ട് രൂപങ്ങളും. അതിങ്ങനെയാണ്.

സഭ്യവും ആകർഷകവുമായ രീതിയിൽ വസ്ത്രം ധരിച്ച ‘ധർമ്മരാജ്' നിരായുധനാണ്. ‘‘പശുവിനെ കൊല്ലരുത്. അതെല്ലാവരുടെയും ജീവനാണ്'' എന്ന (അദ്ദേഹത്തിന്റെ വാക്കുകളായി തൊട്ടടുത്ത് എഴുതിച്ചേർത്ത) തന്റെ ഉപദേശത്തിലൂടെ ‘ധർമ്മരാജ്' വളരെ സൗമ്യതയോടെയാണ് ഘാതകനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത്. കറുത്ത് തടിച്ച, ഏറെക്കുറെ നഗ്നമായ ശരീരവും, ജടപിടിച്ച് കനംതൂങ്ങി നിൽക്കുന്ന നീണ്ട മുടിയും, വാള് കൈയിലേന്തിയുള്ള മുന്നോട്ടുള്ള കുതിപ്പും എല്ലാം ചേർന്ന് ‘കലിയുഗ്'നെ ‘ധർമ്മരാജ്'ന്റെ എതിർദിശയിൽ പ്രതിഷ്ഠിക്കുവാനാണ് ശ്രമിക്കുന്നത്.

പരിഷ്‌കൃതം/അപരിഷ്‌കൃതം, ഉൽകൃഷ്ടം/ അപകൃഷ്ടം, സംസ്‌കാരം/കാടത്തം എന്നിങ്ങനെയുള്ള എതിർ ദ്വന്ദ്വങ്ങളിലാണ് ആ രണ്ട് രൂപങ്ങളും ഊന്നിനിൽക്കുന്നത്. എങ്കിലും കാടത്തത്തിന്റെ അർഥബിന്ദുവിലാണത് കൂടുതൽ ശ്രദ്ധവയ്ക്കുന്നത്. കാട്ടുപന്നിയുടെ മുഖം നൽകി ‘കലിയുഗ്'നെ രാക്ഷസവൽക്കരിക്കുവാൻ ശ്രമിച്ചതിലൂടെ അത് കൂടുതൽ വ്യക്തമാകുന്നുണ്ട്. ഈ ‘കാട്ടുപന്നി' യാണ് മാംസഭോജിയായി അവതരിപ്പിക്കപ്പെടുന്നത്. ‘‘ഹേ മനുഷ്യാ, കലിയുഗത്തിലെ മാംസാഹാരിയായ ജീവികളെ നോക്കൂ'' എന്ന് രാക്ഷസരൂപത്തിന്റെ തൊട്ടടുത്ത് എഴുതിച്ചേർത്തതിലൂടെ അതിനെ ഒരു മതവിഭാഗത്തിന്റെ പ്രതിനിധിയായി ചിത്രീകരിക്കുകയാണെന്ന് കാണാൻ പ്രയാസമില്ല.

ഹൈന്ദവ ദേവതകളെ വെടിപ്പോടെ വരച്ചുചേർത്തതിലൂടെ പശുവിന്റെ നാൽക്കാലിരൂപം ഒരു പുണ്യശരീരമാകുന്നു. ‘‘പശുവിനെ കൊല്ലരുത്, അത് സർവരുടേയും ജീവനാണ്'' എന്നും ‘‘പശു നമ്മുടെ മാതാവാണ്'' എന്നും ചിത്രത്തിൽ എഴുതിവച്ചതിലൂടെ എഴുത്തും ദൃശ്യവും കൂടുതൽ അർഥസമ്പുഷ്ടമാകുന്നുണ്ട്. മാതാവായ പശു മാതൃഭൂമിയായും, മാതൃഭൂമി ഹൈന്ദവരുടെ പുണ്യഭൂമിയായ ഭാരതമായും, ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് വളർന്ന് വികസിക്കുന്ന മതാധിഷ്ഠിത രാഷ്ട്രസങ്കല്പത്തെ അത് ഉള്ളടക്കം ചെയ്യുന്നുണ്ട്.

‘ഗോമാംസത്തിനുവേണ്ടി വാപിളർന്ന് ഓടിവരുന്ന ഒരു ‘കാട്ടുപന്നി’യാണ് ആ സങ്കല്പത്തിന് മുറിവേല്പിക്കുന്നത് ജുഗുപ്‌സാവഹവും ഭയങ്കരവുമായ ഒരു രാക്ഷസൻ. ഭക്ഷണത്തിനുവേണ്ടി പശുക്കളെ കൊന്നുതള്ളുന്ന മുസ്ലിമിനെ രാക്ഷസവൽക്കരിക്കുന്ന യുക്തിയാണ് അതിൽ തെളിയുന്നത്. അതിലെ അർഥതലം ആ വിധംതന്നെ നോക്കിക്കണ്ടിരുന്നു എന്നതിന് നിരവധി രേഖകളുണ്ട്.

അടിക്കടി വർഗീയ ലഹളകൾ ഇക്കാലത്ത് പൊട്ടിപ്പുറപ്പെടുന്നതിന്റെ കാരണമന്വേഷിച്ച ഏൾ ഓഫ് കിംബർലിയുടെ ചോദ്യത്തിന് 1888‐94 കാലയളവിൽ ഇന്ത്യയിലെ വൈസ്രോയി ആയിരുന്ന ലോഡ് ലാൻസ്‌ഡോനെ നൽകിയ മറുപടി ഇതായിരുന്നു:

ഹിന്ദുക്കളുടെ സമ്മേളനങ്ങളിൽ നടത്തിയ പ്രകോപനപരമായ ശബ്ദഘോഷങ്ങൾ നിറഞ്ഞ പ്രഭാഷണങ്ങൾ കൂടാതെ, സഞ്ചാരികളായ സന്യാസിമാർ, ജനങ്ങളുടെ മതവികാരത്തെ ശക്തമായി സ്വാധീനിക്കുവാൻ കണക്കുകൂട്ടിക്കൊണ്ട്, രാജ്യത്തുടനീളം പശുവിന്റെ ചിത്രങ്ങൾ വിതരണം ചെയ്തിരുന്നു. അതിലൊന്ന്, ഉദാഹരണത്തിന്‌, മൂന്ന് മുഹമ്മദീയരാൽ കശാപ്പു ചെയ്യപ്പെടുന്ന പശുവിന്റേതാണ്; ‘വർത്തമാനകാല അവസ്ഥ’ എന്ന് അതിന് ശീർഷകം നൽകിയിട്ടുണ്ട്. ശരീരം മുഴുവൻ ഹൈന്ദവ ദേവതകളെ പ്രത്യക്ഷീകരിക്കുന്ന ഒരു പശുവിനുനേരെ ഊരിയ വാളുമായി ആക്രമിക്കുവാൻ പാഞ്ഞടുക്കുന്ന ഒരു ഭീകരസത്വത്തിന്റേതാണ് മറ്റൊന്ന്. പക്ഷേ അത്, മുഹമ്മദീയരെയാണ് പ്രതിനിധീകരിക്കുന്നത് എന്ന നിലയിലാണ് ഏറെയും മനസ്സിലാക്കപ്പെടുന്നത്.

വിശദാംശങ്ങളിലുള്ള നേരിയ വ്യത്യാസങ്ങൾ ഒഴിച്ചുനിർത്തിയാൽ സമാനമായ ചിത്രങ്ങൾ പ്രചരിച്ചതിന്റെയും അവ സൃഷ്ടിച്ച പ്രകോപനങ്ങളുടെയും നിരവധി പരാമർശങ്ങൾ അടങ്ങിയ രേഖകൾ ബ്രിട്ടീഷ് സർക്കാരിന്റെ പുരാവസ്തു ശേഖരത്തിലുണ്ട്. രാജ്യത്ത് നിരന്തരം പൊട്ടിപ്പുറപ്പെടുന്ന കലാപങ്ങളുടെ പ്രഭവകേന്ദ്രം അത്തരം ചിത്രങ്ങളായിരുന്നു എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ നിരീക്ഷണങ്ങളാണ് അവയിലെല്ലാമുള്ള പ്രധാന ഉള്ളടക്കം എന്നാണ് ക്രിസ്റ്റഫർ പിന്നി ചൂണ്ടിക്കാണിക്കുന്നത്.

1893ൽ ഗോവധ വിരുദ്ധ കലാപങ്ങൾ ബ്രിട്ടീഷ് സർക്കാർ അടിച്ചമർത്തി. എങ്കിലും ഹിന്ദുമുസ്ലിം കലാപങ്ങൾ പലയിടങ്ങളിലും പലപ്പോഴായി പൊങ്ങിവന്നു. അവയിലെല്ലാം ഗോവധ വിരുദ്ധ വികാരം ഒളിഞ്ഞും തെളിഞ്ഞും കിടപ്പുണ്ടായിരുന്നു. ഒപ്പം ഗാന്ധിജിയും തിലകനുമടക്കം മുൻനിര ദേശീയ നേതാക്കൾ പലരും ഗോസംരക്ഷണവാദം ഉയർത്തിപ്പിടിച്ചിരുന്നു. ഗോമാതാവ് (ഇീം ങീവേലൃ) മാതൃരാജ്യമായി (ങീവേലൃ കിറശമ) വികസിക്കുന്ന ഈ രാഷ്ട്രീയ ഭൂമികയിൽ ഗോമാതാവിന്റെ പുണ്യശരീരം വിവരിക്കുന്ന, മുകളിൽ പ്രതിപാദിച്ച, ചിത്രങ്ങൾ തുടർന്നും രാജ്യത്തുടനീളം പ്രചരിക്കുന്നുണ്ടായിരുന്നു.

1966ൽ ഗോവധ നിരോധനമാവശ്യപ്പെട്ട് സാധുക്കളും ജനസംഘവും ചേർന്ന് ഡൽഹിയിൽ നടത്തിയ കലാപത്തിന്റെ പശ്ചാത്തലത്തിൽ അത്തരം ചിത്രങ്ങൾ ചെറിയ മാറ്റങ്ങളോടെ വീണ്ടും പ്രചരിച്ചിരുന്നു. കലാപം നിലച്ചുപോയ സന്ദർഭങ്ങളിലും ഒരു കലാപബാധിതമായ മനസ്സ് മതരാഷ്ട്ര സങ്കല്പത്തിന്റെ പേരിൽ സജീവമായിരുന്നു എന്നാണ് ഇത് കാണിക്കുന്നത്. എന്നാൽ 1970കളിൽ പഞ്ചാബിൽ പ്രചരിച്ച 'പുണ്യപശു' മറ്റൊന്നായിരുന്നു.

പശുവിന്റെ നില്പും നിലയും പഴയ മട്ടിൽ തന്നെയാണെങ്കിലും, അതിന്റെ പുണ്യശരീരത്തിൽ അധിവസിക്കുന്നത് സിക്ക് ഗുരുവര്യന്മാരും സന്യാസികളും രക്തസാക്ഷികളും പുണ്യഗ്രന്ഥവും മറ്റുമാണ്. ഇന്ത്യയെ പുണ്യഭൂമിയായി ഹൈന്ദവവൽക്കരിക്കുന്ന ഒരു പ്രതീകത്തിനുള്ളിലേക്ക് സിഖുമതത്തെ തിരുകിക്കയറ്റുന്നതിന്റെ അർഥസാംഗത്യം എളുപ്പം നമുക്ക് മനസ്സിലാകില്ല എന്നുവരാം. എന്നാൽ ഗോവധ വിരുദ്ധ കലാപങ്ങൾക്ക് തുടക്കമിട്ട സിഖ് ഗുരു ബാബാ രാംസിങ്ങിന്റെയും അദ്ദേഹത്തിന്റെ മതനവീകരണവാദികളായ കൂകാസിന്റെയും (നാംധാരി സിഖ്) ഗോസ്മരണ അതിൽ സന്നിഹിതമാകുന്നുണ്ട്.

കൂടാതെ, ഗോവധ വിരുദ്ധത പിന്തുടരുന്ന യാഥാസ്ഥിക സിഖുമതസ്ഥരെ പ്രീതിപ്പെടുത്താനും അതുതകും. അതിലൂടെ, രണ്ടു മതങ്ങൾക്കും ഒരു പൊതുശത്രുവുണ്ടെന്ന പരോക്ഷ പ്രഖ്യാപനമാണ് അത് നടത്തുന്നത്. ന്യൂനപക്ഷ ഹിന്ദുമതത്തിന്റെ കുടക്കീഴിലേക്ക് അങ്ങനെ ഒരു പൊതുശത്രുവിന്റെ പേരുപറഞ്ഞ് അടുപ്പിച്ചുനിർത്താം. ഗുരു ഗോബിന്ദ് സിങ്ങിനെ ഗോസംരക്ഷകനായി അവതരിപ്പിക്കുന്ന ലഘുലേഖകൾ അടുത്തകാലത്ത് പഞ്ചാബിൽ പ്രചരിക്കുന്നുണ്ട്. അതിനെതിരെയുള്ള വിമർശനങ്ങളും ശക്തമാകുന്നുണ്ട്. പട്രീഷ്യ ഉബറോയി നടത്തിയ അത്തരം പഠനങ്ങൾ ചേർത്തുവയ്ക്കുമ്പോൾ ‘സിഖുപശു'വിന്റെ അർഥലോകം കൂടുതൽ വ്യക്തമാകും.

എന്തായാലും, ദേശവും രാഷ്ട്രവുമായി ബന്ധപ്പെട്ട സ്ഥലസങ്കല്പമാണ് ‘പുണ്യപശു'ക്കളിൽ തെളിയുന്ന ഒരു പ്രധാന ആശയതലം. എന്നാൽ 1980കളോടുകൂടി ‘പുണ്യപശു'ക്കളും ‘കശാപ്പുകാര'ന്റെ രാക്ഷസരൂപവും നമ്മുടെ ദൃശ്യസംസ്‌കാരത്തിൽനിന്ന് അപ്രത്യക്ഷമായി. പകരം പുതിയ ദൃശ്യബിംബങ്ങൾ ഉയർന്നുവന്നു. പക്ഷേ, പഴയ അർഥവിവക്ഷകൾ പിൻമടങ്ങിയില്ല.

രണോത്സുകരായ ഹിന്ദുദേവതകൾ

ഹൈന്ദവ ദേവതകളുടെ പ്രതിരൂപങ്ങൾ എൺപതുകളുടെ അന്ത്യത്തോടെ പ്രത്യക്ഷപ്പെടുന്നത് വേറിട്ടൊരു രീതിയിലാണ്. കലണ്ടർച്ചിത്രങ്ങളിലും പോസ്റ്ററുകളിലും സ്റ്റിക്കറുകളിലും പുസ്തകത്തിന്റെ പുറംചട്ടകളിലും ഗ്രീറ്റിങ് കാർഡുകളിലും പേജ്മാർക്കറുകളിലും മറ്റുമായി ശിവനും വിഷ്ണുവും ശ്രീകൃഷ്ണനും ശ്രീരാമനുമെല്ലാം യുദ്ധോത്സുകതയോടെയാണ് പ്രത്യക്ഷപ്പെടുന്നത്.

രണോത്സുകമായ ദൈവഭാവം

രണോത്സുകമായ ദൈവഭാവം

ഹൈന്ദവ ദേവതകളുടെ പ്രതിരൂപങ്ങൾ എൺപതുകളുടെ അന്ത്യത്തോടെ പ്രത്യക്ഷപ്പെടുന്നത് വേറിട്ടൊരു രീതിയിലാണ്. കലണ്ടർച്ചിത്രങ്ങളിലും പോസ്റ്ററുകളിലും സ്റ്റിക്കറുകളിലും പുസ്തകത്തിന്റെ പുറംചട്ടകളിലും ഗ്രീറ്റിങ് കാർഡുകളിലും പേജ്മാർക്കറുകളിലും മറ്റുമായി ശിവനും വിഷ്ണുവും ശ്രീകൃഷ്ണനും ശ്രീരാമനുമെല്ലാം യുദ്ധോത്സുകതയോടെയാണ് പ്രത്യക്ഷപ്പെടുന്നത്. കൈലാസത്തിൽ ധ്യാനനിരതനായും, ചിലപ്പോൾ, ഉമാമഹേശ്വരനായും പ്രത്യക്ഷപ്പെട്ട ശിവൻ, ധൃതിയിൽ എഴുന്നേറ്റുനിന്ന്, ആരെയും എതിരിടാൻ തയ്യാറായി നിൽക്കുന്ന ഒരുദ്വേഗ മുഹൂർത്തത്തിലാണ് ഇപ്പോൾ കൂടുതലും കണ്ടുവരുന്നത്.

അനന്തശയനനായ വിഷ്ണുവാകട്ടെ ഹിരണ്യകശിപുവിന്റെ കുടൽ പിളർക്കുന്ന നരസിംഹമൂർത്തിയായി അവതാരമാറ്റം നടത്തുന്നു. ഓടക്കുഴലൂതുന്ന മുരളീകൃഷ്ണൻ ഇപ്പോൾ ഗോക്കളുടെയോ രാധയുടെയോ സാന്നിധ്യത്തിൽ കാണാറേയില്ല; യുദ്ധക്കളത്തിൽ ശംഖഭേരി മുഴക്കുന്ന കൃഷ്ണനെയാണ് കൂടുതലും കണ്ടുവരുന്നത്. ഇവയ്ക്ക് സമാനമാണ് ശ്രീരാമന്റെ പ്രത്യക്ഷവും. ഈ കാലയളവിൽ ഏറ്റവും കൂടുതൽ പുനരുല്പാദിപ്പിച്ചതും ശ്രീരാമന്റെ പ്രതിബിംബങ്ങളായിരുന്നു എന്ന വസ്തുതയ്ക്ക് ഇവിടെ സവിശേഷ പ്രാധാന്യമുണ്ട്. 

ഇടതുകൈയിൽ വില്ലും വലതുകൈയിൽ അമ്പുമായി, ഏതു നിമിഷവും അത് തൊടുക്കാൻ തയ്യാറായി നിൽക്കുന്ന രാമനെയാണ് നമുക്കു ചുറ്റും ഇപ്പോൾ പതിവായി കണ്ടുവരുന്നത്. ദർശനം നൽകുവാൻ തന്റെ ഭക്തനെ/ഭക്തയെ മുഖാമുഖം നോക്കിനിൽക്കുന്ന രൂപങ്ങളിൽനിന്ന് രാമനും ഏറെ മാറിനിൽക്കുന്നുണ്ട്.

ഇടതുകൈയിൽ വില്ലും വലതുകൈയിൽ അമ്പുമായി, ഏതു നിമിഷവും അത് തൊടുക്കാൻ തയ്യാറായി നിൽക്കുന്ന രാമനെയാണ് നമുക്കു ചുറ്റും ഇപ്പോൾ പതിവായി കണ്ടുവരുന്നത്. ദർശനം നൽകുവാൻ തന്റെ ഭക്തനെ/ഭക്തയെ മുഖാമുഖം നോക്കിനിൽക്കുന്ന രൂപങ്ങളിൽനിന്ന് രാമനും ഏറെ മാറിനിൽക്കുന്നുണ്ട്. ചിത്രീകരിക്കപ്പെട്ട സ്ഥലരാശിക്ക്‌ വെളിയിൽ ദൂരെയൊരിടത്ത് സൂക്ഷ്മമായി കണ്ണുപതിപ്പിച്ചാണ് രാമൻ ഇപ്പോൾ തന്റെ നിലയുറപ്പിച്ച് നിൽക്കുന്നത്, മുഖം വളരെ ഗൗരവഭാവത്തിലും.

അലറിയടുക്കുന്ന തിരമാലകൾക്കെതിരെ, അമ്പും വില്ലുമേന്തി ക്ഷുഭിതനായി തീരത്ത് നിലയുറപ്പിച്ചുനിൽക്കുന്ന രാമനാണ് എൺപതുകളിൽ പ്രചരിച്ചിരുന്നത്. അതിൽനിന്ന്

അമ്പും വില്ലുമേന്തി രണോത്സുകനായ രാമൻ ചിത്രകാരന്റെ ഭാവനയിൽ

അമ്പും വില്ലുമേന്തി രണോത്സുകനായ രാമൻ ചിത്രകാരന്റെ ഭാവനയിൽ

പരിണമിച്ചുണ്ടായ മറ്റൊരു രാമനാണ് തൊണ്ണൂറുകൾ മുതൽ ഇപ്പോഴും ഇന്ത്യയിൽ ഉടനീളം പ്രചരിച്ചുവരുന്നത്. മാർച്ചട്ടയും ഷൂസും ധരിച്ച്, നിലത്ത് ശക്തമായി കാലുറപ്പിച്ച് സമരോദ്യുക്തനായാണ് ഈ പുതിയ രാമൻ പ്രത്യക്ഷപ്പെടുന്നതെന്ന് അനുരാധാ കപൂർ നിരീക്ഷിച്ചിട്ടുണ്ട്. മറ്റു നിരവധി രൂപസംവിധാനങ്ങൾ സാധ്യമായിരുന്നിട്ടും, അക്രമണോത്സുകത പ്രതിഫലിക്കുന്ന നിൽപ്പും നിലയും രാമന്റെ ചിത്രങ്ങളിൽ ആവർത്തിക്കപ്പെടുന്നത് എന്തുകൊണ്ടായിരിക്കാം?

ഗൗരവഭാവംപൂണ്ട് സമരോദ്യുക്തനായി രാമൻ പ്രത്യക്ഷപ്പെടുന്നത് അയോധ്യയിൽ വിഭാവനം ചെയ്ത രാമക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാണ്. തന്റെ ജന്മംകൊണ്ട് പവിത്രമായ അയോധ്യയുടെ പരിസരത്തുനിന്ന് അകലേക്ക് തുരത്തിയോടിച്ച ശത്രുവിന്റെ നേർക്കാണ് തുടുത്ത പേശികൾ പ്രദർശിപ്പിച്ച് എന്തിനും തയ്യാറായി രാമൻ നിൽക്കുന്നത്. വിജയിച്ച യുദ്ധങ്ങളുടെ കണക്കുപറഞ്ഞ് രാമന്റെ അജയ്യത പ്രഖ്യാപിക്കുന്നതാണ് ഇക്കാലത്തിറങ്ങിയ ഒരു പേജ്മാർക്കറിന്റെ ഉള്ളടക്കം. അതിലും രാമന്റെ പ്രത്യക്ഷം മറ്റൊന്നല്ല.

പുതിയ കാലത്തെ ഹനുമാൻ ചിത്രകാരന്റെ ഭാവനയിൽ

പുതിയ കാലത്തെ ഹനുമാൻ ചിത്രകാരന്റെ ഭാവനയിൽ

ഭക്തനും വിനീതദാസനുമായി രാമന്റെ പാദപൂജ ചെയ്തിരുന്ന പഴയ ഹനുമാൻ, രാമൻ സമരോദ്യുക്തനായി മാറുമ്പോൾ അതിലേറെ സമരോദ്യുക്തനാകുന്നുണ്ട് ഇപ്പോൾ. ശ്രീരാമനും ഹനുമാനും ഗാഢാശ്ലേഷബദ്ധരാകുന്ന അപൂർവദൃശ്യം ഇക്കാലത്ത് വളരെയേറെ പ്രചരിച്ചുവരുന്നുണ്ട്. ഹനുമാൻ ഒരു പ്രതീകമാണെന്ന് തിരിച്ചറിയുമ്പോഴാണ് അത് കൂടുതൽ അർഥോൽപ്പന്നപരമാകുന്നത്. രാമനെ ഗാഢാശ്ലേഷം ചെയ്യുന്ന മതദേശീയതയുടെ പകരംവെപ്പാണ് രാമഭക്തിയിൽ മനസ്സും ശരീരവും അർപ്പിക്കുന്ന ഹനുമാന്റെ ചിത്രം. രാമഭക്തിയിൽ രാജ്യം പ്രക്ഷുബ്ധമായ അന്തരീക്ഷത്തിൽനിന്നാണ് കൈയിൽ ഗദയേന്തി അക്രമണോത്സുകനായി ഹനുമാൻ പറന്നെത്തുന്നത്.

മുമ്പ്‌ പ്രതിപാദിച്ച പത്തൊമ്പതാം നൂറ്റാണ്ടുമുതൽ പ്രചരിച്ച ഗോവധ വിരുദ്ധ പോസ്റ്ററുകളിൽ ഹിന്ദുമതത്തിന്റെ പ്രതീകമായി 'ധർമ്മരാജ്' നിലകൊള്ളുന്നത് താരതമ്യേന ചെറിയ രൂപത്തിലാണ്. നിരായുധനായ 'ധർമ്മരാജ്' എന്ന ആ ചെറിയ സമാധാനപ്രിയനാണ് തൊണ്ണൂറുകളിൽ അക്രമണോത്സുകനായ വലിയ രാമനായി ചിത്രതലം മുഴുവൻ നിറഞ്ഞുനിൽക്കുന്നത്. മറ്റൊരു യാഥാർഥ്യത്തിന്റെ അർഥധ്വനിയുണ്ടതിന്. ദേശമാകുന്ന പുണ്യാത്മാവിനെ (ഗോമാതാവ്) കശാപ്പുചെയ്യാൻ പാഞ്ഞടുക്കുന്ന പഴയ മാംസഭോജിയായ ‘കാട്ടുപന്നി'യെ രാമന്റെ പുണ്യഭൂവിൽനിന്നും പൂർണമായും പുറന്തള്ളിയിരിക്കുന്നു. കാഴ്ചയിൽ അറപ്പുളവാക്കുന്ന ആ ജന്തുവിനെ കാഴ്ചവട്ടത്തിൽപ്പെടാത്ത അകലത്തേക്കാണ് തുരത്തിയോടിച്ചിരിക്കുന്നത്. അധികനേരമായില്ല അതു സംഭവിച്ചിട്ട്. അകലെ നിന്ന് ദൃഷ്ടി മാറ്റാതെ നിൽക്കുന്ന രാമന് ശത്രു വീണ്ടും തിരിച്ചുവന്നേക്കാം എന്ന സംശയം ബാക്കിയുണ്ട്, ആയുധം താഴെവയ്ക്കാൻ സമയമായില്ല, ഇനിയും.

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top