26 April Friday

20 വർഷം നിശ്ചലാവസ്ഥയിൽ; ഏപ്രിൽ ബ്യൂറൽ വീണ്ടും ഉണർന്നു ജീവിതത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

മേരിലാൻഡ് > നിരന്തരമായ ചികിത്സകൾക്കൊടുവിൽ 20 വർഷത്തെ നിശ്ചലാവസ്ഥയിൽ നിന്നും ഏപ്രിൽ ബ്യൂറൽ തിരികെ ജിവിതത്തിലേക്ക്. ചുറ്റുപാടുകളെകുറിച്ച് ഒരു തരത്തിലും ബോധമില്ലാതെയിരുന്ന അവസ്ഥയിൽ നിന്നും ഏപ്രിൽ തിരികെ ജീവിതത്തിലേക്ക് നടന്നു കഴിഞ്ഞു. തലച്ചോറിനെ ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോ​ഗത്തിനെതിരെ നടത്തിയ ചികിത്സകൾക്കൊടുവിലാണ് ഏപ്രിലിന് പുതുജീവൻ ലഭിച്ചത്.

തന്റെ 21 ാം വയസിലാണ് ​ഗുരുതരമായ ഷിസോഫ്രീനിയ ബാധിച്ചതിനെ തുടർന്ന് ഏപ്രിൽ അബോധാവസ്ഥയിലാകുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് മേരിലാൻഡിലെ അക്കൗണ്ടിങ് വിദ്യാർഥിയായിരുന്നു ബാൾട്ടിമോർ സ്വദേശിയായ ഏപ്രിൽ.കോളേജിലെ വോളിബോൾ താരവും. 1995ലാണ് ഏപ്രിൽ ആശുപത്രിയിലാകുന്നത്. എതാനും മാസങ്ങൾക്കു ശേഷം ഏപ്രിലിന് ഷിസോഫ്രീനിയ സ്ഥിരീകരിച്ചു.

രോ​ഗാവസ്ഥയിലായതിനെ തുടർന്ന് ആശയവിനിമയം നടത്താനോ ചുറ്റുപാടുകളുമായി ഇടപഴകാനോ സാധിക്കാതെ ഏക​ദേശം 23 വർഷത്തോളം ഏപ്രിൽ കടന്നുപോയി. 2018 ൽ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പ്രിസിഷൻ സൈക്യാട്രി ഡയറക്‌ടർ സാണ്ടർ മാർക്‌സും സഹപ്രവർത്തകരും ഏപ്രിലിന്റെ കേസ് ശ്രദ്ധിച്ചതോടെയാണ് ഈ രം​ഗത്തെ ശ്രദ്ധേയമായ ഒരു കണ്ടെത്തലിന് തുടക്കമായത്.

ന്യൂറോ സൈക്യാട്രിസ്റ്റുകളും ന്യൂറോ ഇമ്മ്യൂണോളജിസ്റ്റുകളും റുമാറ്റോളജിസ്റ്റുകളും ഉൾപ്പെടുന്ന വിദ​ഗ്ധ സംഘം ഷിസോഫ്രീനിയയ്‌ക്ക് പുറമെ ഏപ്രിലിന് ഓട്ടോ ഇമ്മ്യൂൺ അവസ്ഥയായ ലൂപ്പസും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. തുടരന്വേഷണങ്ങളിൽ ഏപ്രിലിന്റെ രോ​ഗപ്രതിരോധ സംവിധാനം തലച്ചോറിനെയും വിശേഷിച്ച് ഷിസോഫ്രീനിയയുമായി ബന്ധപ്പെട്ട ടെമ്പറൽ ലോബുകളെയും ആക്രമിക്കുന്ന ആന്റിബോഡികൾ ഉദ്പാദിപ്പിക്കുന്നുവെന്ന് കണ്ടെത്തി. ഈ കണ്ടുപിടിത്തത്തോടെയാണ് ഏപ്രിലിന്റെ രോ​ഗാവസ്ഥയെക്കുറിച്ചുള്ള പരമ്പരാ​ഗത ധാരണകൾ മാറുന്നത്. തുടർന്ന് ഇമ്മ്യൂണോ തെറാപ്പി ചികിത്സകൾ ആരംഭിച്ചു.

സ്റ്റാൻഡേർഡ് കോ​ഗ്നിറ്റീവ് ടെസ്റ്റ് പ്രകാരമുള്ള ക്ലോക്കിന്റെ ചിത്രം വരച്ച് രോ​ഗിയുടെ അവസ്ഥയും പുരോ​ഗതിയും വിലയിരുത്തുന്ന രീതിയായിരുന്നു ഏപ്രിലിലും പരീക്ഷിച്ചത്. ചികിത്സയുടെ ആദ്യ രണ്ടുഘട്ടങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ഏപ്രിൽ ക്ലോക്കിന്റെ പകുതി വരയ്‌ക്കുകയും മൂന്നാം ഘട്ടത്തിൽ പൂർണമായ ചിത്രം വരയ്‌ക്കുകയും ചെയ്‌തു.

ചികിത്സകൾക്കൊടുവിൽ ഏപ്രിൽ തന്റെ പഴയ കാര്യങ്ങൾ ഓർത്തെടുത്തു. കുടുംബാം​ഗങ്ങളെയും ചുറ്റുപാടുകളെയും തിരിച്ചറിഞ്ഞ ഏപ്രിൽ ഇരുപതിലധികം വർഷത്തെ ആശുപത്രി വാസത്തിന്  ശേഷം തിരികെ ജീവിതത്തിലേക്ക് മടങ്ങി.

ഏപ്രിലിനു പുറമെ ഇത്തരത്തിലുള്ള നിരവധിപേരെ മെഡിക്കൽ സംഘം കണ്ടെത്തി ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ ശ്രമിക്കുകയാണ്. ഏപ്രിലിന്റെ ചികിത്സയും പുനരുജ്ജീവനവും മെഡിക്കൽ രം​ഗത്തിന് പുത്തൻ ഉണർവാണെന്നും രോ​ഗങ്ങളെയും ചികിത്സയേയും കുറിച്ചുള്ള പരമ്പരാ​ഗത ധാരണകളെ മാറ്റാൻ ഏപ്രിലിന്റെ തിരിച്ചുവരവിലൂടെ കഴിയുമെന്നുമാണ് ഡോക്‌ടർമാരുടെ അഭിപ്രായം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top